Cover Page

Cover Page

Monday, October 1, 2018

281. Ranam (2018)

രണം (2018)




Language : Malayalam
Genre : Action | Crime | Drama
Director : Nirmal Sahadev
IMDB: 7.6


Ranam Theatrical Trailer


ഇത് ഡീട്രോയിറ്റിൻ്റെ  കഥയാണ്. എൻ്റെ കഥയാണ്. ഒരിക്കൽ പ്രൗഢിയോടെ തല ഉയർത്തി നിന്നിരുന്ന ഡിട്രോയിറ്റിൻറെ കഥ. ദിശയറിയാതെയുള്ള ജീവിതത്തിൽ പുതിയൊരു ദിശയിലേക്ക് സഞ്ചരിക്കാൻ ഞാൻ പോരാടിയ രണത്തിൻറെ കഥ. ഞാൻ ആദി, വളരെക്കാലമായി ദാമോദർ രത്നത്തിൻറെ  കീഴിൽ RED-X എന്ന മയക്കുമരുന്ന് വിൽപന  ആണ് ജോലി. ഒരു വലിയ കട ബാധ്യത ഭാസ്കരൻ ചേട്ടൻ വരുത്തി വെച്ചത് മൂലം ഗത്യന്തരം ഇല്ലാതെയാണ് രത്നത്തിൻറെ കൂടെ ജോലി ചെയ്യേണ്ട അവസ്ഥ വന്നത്. മാഫിയ എന്നത് ഒരു ചക്രവ്യൂഹം ആണെന്ന് എനിക്ക് നന്നായി അറിയാം. പക്ഷെ അവിടെ നിന്നും എങ്ങിനെയും പുറത്തു കടക്കണം എന്ന ലക്ഷ്യമാണ് എനിക്ക് മുന്നിലുള്ളത്. ദാമോദർ രത്നം, ചക്രവ്യൂഹത്തിൻ്റെ  കവചങ്ങളുടെ ശക്തി കൂട്ടുമെന്നുമറിയാം. എന്നന്നേക്കുമായി ഇവിടം വിട്ടു നല്ല ഒരു ജീവിതം നയിക്കണം. ഭാസ്കരൻ ചേട്ടനെയും കുടുംബത്തിന്റെയും സുരക്ഷിതമായ താവളത്തിലെത്തിക്കണം. ഡീട്രോയിട് നഗരത്തിൻറെ underworld തൻ്റെയും തൻ്റെ അനുജൻറെയും കാൽക്കീഴിൽ കൊണ്ട് വരണമെന്ന് ദൃഢനിശ്ചയത്തോടെ കരുക്കൾ നീക്കുന്ന ദാമോദർ രത്നം, മറു വശത്തു ഏകയായ സീമയും ഭാസ്കരേട്ടനും കുടുംബവും. 

ആദ്യ ചിത്രം സംവിധാനം ചെയ്യുന്നു എന്ന യാതൊരു സങ്കോചവും ഇല്ലാതെ തന്നെ നിർമൽ സഹദേവ് അണിയിച്ചൊരുക്കിയ ചിത്രം. ഗാങ്സ്റ്റർ ക്രൈം ഡ്രാമകൾ എനിക്കെന്നും ഇഷ്ടമുള്ള ഒരു ജോൺറെ ആണ്, എന്നാൽ അതിൽ ഒരു വികാരപരമായ ട്രീറ്റ്മെൻറ്  ആണ് നിർമൽ ഈ സിനിമക്ക് നൽകിയിരിക്കുന്നത്. ഓരോ കഥാപാത്രങ്ങൾക്കും വ്യക്തമായ ഐഡൻറിറ്റി  കൊടുത്താണ് നിർമൽ സഹദേവ് രചിച്ചിരിക്കുന്നത്. നായകൻ, സഹനായകൻ, നായിക, വില്ലൻ, സഹനടൻ, നടി , എല്ലാവരുടെയും കഥകൾ നല്ല രീതിയിൽ തന്നെ വരച്ചു കാട്ടിയിട്ടുണ്ട്. കഥാപാത്രങ്ങൾ രജിസ്റ്റർ ചെയ്തെടുക്കാം അല്പം സമയമെടുത്തു. ഒരു സമ്പൂർണ ആക്ഷൻ ചിത്രമെന്നതിലുപരി വൈകാരിക തലങ്ങളെ ആണ് ഈ സിനിമ കൂടുതലും അളക്കാൻ ഉപയോഗിച്ചിരിക്കുന്നു. പല വട്ടം പല ഭാഷകൾ കണ്ട കഥ തന്നെ പൊടി തട്ടി പുതിയ രൂപത്തിൽ വരുമ്പോൾ  സിനിമയുടെ മേക്കിങ്, ക്യാമറ കൊണ്ട് നമ്മെ പിടിച്ചിരുത്തും. മികവുറ്റ മേക്കിങ്, മലയാള സിനിമയിൽ ഒരു നാഴികക്കല്ലായി മാറാൻ അധികം താമസം വേണ്ട.

ജിഗ്മെ ടെൻസിങ് (ക്യാമറ), ശ്രീജിത്ത് സാരംഗ് (എഡിറ്റിങ്) അടങ്ങിയ ടെക്ക്നിക്കൽ ക്രൂ നല്ല ഔട്ട്പുട്ട് ആണ് നൽകിയത്. അടുത്ത കാലത്തു കണ്ട സിനിമകളിൽ ഏറ്റവും നല്ല സിങ്ക് സൗണ്ട് ഈ ചിത്രത്തിലാണെന്നു ഒരു സംശയം കൂടാതെയും പറയാൻ കഴിയും. മികച്ച ശബ്ദലേഖനമായിരുന്നു മൊത്തത്തിൽ.
പക്ഷെ, ഇവരിലെല്ലാം വിഭിന്നമായി സിനിമയുടെ നട്ടെല്ല് തന്നെയായി മാറിയത് സംഗീത സംവിധായകൻ ജേക്സ് ബിജോയ് ആയിരുന്നു. ഓരോ സീനിലും തൻ്റെ  വ്യക്തിമുദ്ര അദ്ദേഹം പതിപ്പിച്ചു എന്ന് നിസംശയം പറയാം. റിലീസിന് മുൻപേ ഹിറ്റായ "രണം" എന്ന ടൈറ്റിൽ സോങ് തന്നെ ഗാനങ്ങളിൽ ഹൈലൈറ്റ്. തുടക്കം മുതൽ സാഹചര്യത്തിനനുകൂലമായി തന്നെ പശ്ചാത്തലമൊരുക്കി സിനിമയുടെ ജീവവായു ആയി മാറി. "രണം" എന്ന നോട്ട് പല സ്കെയിലിലായി പല സ്ഥലത്തും ഉപയോഗിച്ചത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു.

പ്രിത്വിരാജിൻ്റെ ആദി എന്ന കഥാപാത്രം അദ്ദേഹം മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു. പക്ഷെ ചില സമയത്തെ ഭാവാഭിനയം നല്ല ബോറുമായിരുന്നു.
കുറേക്കാലമായി തന്നെ നന്ദു അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കെല്ലാം ഒരു ജീവൻ തോന്നിയിരുന്നു, രണത്തിലും വിത്യസ്തമായില്ല. പക്ഷെ അവസാനമൊക്കെ നാടകീയത പ്രിത്വിയുടെയും നന്ദുവിന്റേയും അഭിനയത്തിൽ പ്രതിഫലിച്ചു കണ്ടു. 

ഇഷ തൽവാർ, തൻറെ  കഥാപാത്രത്തെ നീതിപൂർവമായ തന്നെ അവതരിപ്പിച്ചു. കൂടുതൽ സുന്ദരിയായി സ്‌ക്രീനിൽ തോന്നി. 
റഹ്മാൻ , ശരിക്കും ഒരു അണ്ടർറേറ്റഡ് അഭിനേതാവായി എനിക്കെന്നും തോന്നാറ്. ഇവിടെയും അദ്ദേഹത്തിൻറെ പരമാവധി ഉപയോഗിക്കാൻ സംവിധായകൻ ശ്രമിച്ചില്ലായെന്നു തോന്നുന്നു. ആദ്യം ദാമോദർ രത്നം എന്ന കഥാപാത്രത്തെ സമ്പത് ആയിരുന്നു ചെയ്യേണ്ടിയിരുന്നതെന്നു കേട്ടിരുന്നു. തീരുമാനം മാറിയത് നന്നായി എന്ന് തോന്നുന്നു, സാമ്പത്തിനേക്കാളും മിതഭാഷിയായ എന്നാൽ subtle വില്ലൻ ആയി റഹ്‌മാൻ തിളങ്ങി.
അശ്വിൻ കുമാർ, പതിവ് രീതിയിലുള്ള റോൾ തന്നെ, പ്രത്യേകിച്ച് തകർത്താടാൻ ഉള്ള വേഷം ഉണ്ടായിരുന്നില്ല. എന്നാൽ, രോഷാകുലനായ ദാമോദർ രത്നത്തിന്റെ സഹോദരനായി കുഴപ്പമില്ലാതെ ചെയ്തു. മാത്യു അരുൺ (പുതുമുഖം) എന്തോ നല്ല ബോറിങ് അഭിനയമാണ് തോന്നി. സെലിൻ ജോസ് ദീപിക എന്ന കഥാപാത്രം ആയി പ്രീതിപ്പെടുത്തി.

ക്രൈം ഡ്രാമകളുടെ ആരാധകൻ ആണ് നിങ്ങളെങ്കിൽ ധൈര്യമായി കാണാം. മികച്ച മേക്കിങ്, ഇന്റർനാഷണൽ  ബാക്ഗ്രൗണ്ട് സ്‌കോർ എന്നിവയിൽ മികച്ചു നിൽക്കുന്ന ചിത്രം. പക്ഷെ എല്ലാ തരം  പ്രേക്ഷകർക്കും ഇഷ്ടപ്പെടുമോ എന്ന് ചോദിച്ചാൽ ഒരിക്കലും ഇല്ല.

എൻറെ  റേറ്റിംഗ് 7.5 ഓൺ 10

No comments:

Post a Comment