Cover Page

Cover Page

Friday, September 21, 2018

280. Goli Soda 2 (2018)

 ഗോലി സോഡാ 2 (2018)



Language : Tamil
Genre : Action | Drama | Romance
Director: S.D. Vijay Milton
IMDB : 8.6

Goli Soda 2 Theatrical Trailer



ജീവിതത്തിൽ ഒന്നുമാകാൻ കഴിയാതെ പോയ ഒരു മധ്യവയസ്കന്റെ ഉപദേശങ്ങൾ കൊണ്ട് തങ്ങൾക്കു മുന്നേറാനായി ഒരു നല്ല ദിനം വരും എന്ന പ്രതീക്ഷയോടു ലക്ഷ്യത്തിലേക്കു നടന്നടുക്കുന്ന അപരിചിതരായ മൂന്നു യുവാക്കൾ ഒരു സുപ്രഭാതത്തിൽ മൂന്നു വില്ലന്മാരാൽ അവരുടെ സ്വപ്‌നങ്ങൾ ഹനിക്കപ്പെടുമ്പോഴുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.കുടിലിൽ ജനിച്ചു പോയീ എന്ന ഒറ്റ കാരണം കൊണ്ട് കുടിലിൽ തന്നെ ജീവിക്കണം എന്ന് കൊട്ടാരത്തിൽ കഴിയുന്നവർ ആജ്ഞാപിക്കുമ്പോൾ ഉണ്ടാവുന്ന അപകർഷതാബോധം. കൂലിപ്പണിക്കാരൻ്റെ മകൻ കൂലിപ്പണിക്കാരനായും ദരിദ്രൻറെ മകൻ ദരിദ്രനായും തന്നെ ജീവിക്കണം എന്ന ധനികൻറെ ചിന്താഗതി, സഹജീവികൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമല്ലേ നിർദാക്ഷിണ്യം തിരസ്കരിക്കപ്പെടുന്നത്. എന്താ??? അവർക്ക് ജീവിക്കാനുള്ള അവകാശമില്ലേ ഈ നാട്ടിൽ. കാലാകാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടു വരുന്ന വർണ്ണവിവേചനം ഇവിടെയുമുണ്ട്. അവിടെ നിറം ആണെങ്കിൽ, ഇവിടെ പാവപ്പെട്ടവർ / ധനികർ, ജാതി, മതം തുടങ്ങിയവ ആണ് വിവേചനത്തിനായി ഉപയോഗിക്കുന്നവ. ഇന്ത്യാ രാജ്യത്തല്ലാതെ വേറെ ഏതു രാജ്യത്തു കാണാൻ കഴിയും മതത്തിന്റെയും ജാതിയുടെയും പേരിൽ പാർട്ടികൾ. ഇവിടെ മാത്രമേ ഉണ്ടാവുകയുള്ളൂ. സ്വന്തം ജാതിയിൽ നിന്നും മാറി ഒരു കല്യാണം കഴിച്ചാൽ, അവിടെ തുടങ്ങും ലഹള. സ്വന്തം ജാതിയിലുള്ളവൻ തുണിയുടുത്തില്ലേലും ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുമ്പോഴൊന്നും ഈ ജാതി/മത സ്നേഹം കാണില്ല എന്നതാണ് ഒരു നഗ്നമായ സത്യം. ഇതേ പറ്റി എഴുതുക ആണെങ്കിൽ ഖണ്ഡങ്ങളോളം എഴുതാൻ കഴിയും. അല്പം വഴി മാറി സഞ്ചരിച്ചതിൽ ക്ഷമിക്കുക. സിനിമയിലേക്ക് തിരിച്ചു വരാം.

മാരൻ, ഒലി, ശിവ, മൂന്നു അപരിചിതർ, വിത്യസ്ത തുറകളിൽ ജോലി ചെയ്യുന്നവർ, വിത്യസ്ത സ്വഭാവം ഉള്ളവർ. 

മാരൻ, ചെന്നൈയിലെ തുറൈമുഖം തില്ലയുടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു. എന്നാൽ അവരുടെ നിയമവിരുദ്ധമല്ലാത്ത പ്രവൃത്തികൾ ഇഷ്ടമല്ലാത്ത സുന്ദരിയായ കാമുകി ഇൻബ, മാരനെ ആ ജോലി വേണ്ടാതാക്കാൻ നിർബന്ധിക്കുകയും, തില്ലയുടെ  ഗാംഗിൽ നിന്നും മാറി നല്ല തൊഴിൽ തേടി ഉള്ള അലച്ചിലിൽ ആണ്.

ഒലി, ഹോട്ടലിൽ സപ്ലയർ ആയി ജോലി നോക്കുന്നുവെങ്കിലും, ബാസ്‌ക്കറ്റ്ബോൾ  ജീവനാണ്. ടൂർണമെൻറ്റ്   ജയിച്ചു ഫാക്ടറിയിൽ ജോലി നേടണമെന്നതാണ് സ്വപ്നം. ഉന്നതകുല ജാതയായ മതിയുമായി പ്രണയത്തില്‍ ആകുന്നു. അവരുടെ പ്രണയം പലര്‍ക്കും തലവേദന സൃഷ്ടിക്കുന്നു.

ശിവ, വളരെയധികം സ്വപ്‌നങ്ങള്‍ ഉള്ള ഒരു ഓട്ടോഡ്രൈവര്‍. സ്വന്തമായി കാബ് ഏജന്‍സി തുടങ്ങി നിരവധി പേരെ രക്ഷിക്കണം എന്ന് ആഗ്രഹമുള്ള അയാള്‍, പടക്ക കട തുടങ്ങാന്‍ വേണ്ടി പലിശക്കാരന്‍ ആയ കൌണ്‍സിലറിനു പണം നല്‍കുന്നു.
നടേശന്‍ എന്ന ഫാര്‍മസിക്കാരന്‍ ഇവര്‍ മൂന്നു പേര്‍ക്കും സഹായമായി എല്ലായ്പോഴും ഉണ്ട്.

ഈ മൂന്നു പേരുടെയും ജീവിതവും സ്വപ്നങ്ങളും മൂന്നു വിത്യസ്ത കാരണങ്ങളാല്‍ തന്നെ തകിടം മറിയുകയും അവര്‍ ആ ഘട്ടത്തില്‍ ഒരുമിച്ചു ചേരുകയും ചെയ്യുന്നു. വീണ്ടും അവര്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങള്‍ കരുപ്പിടിക്കാന്‍ കഴിയുമോ? അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ കഴിയുമോ?

ആദ്യ ഭാഗമായ സൂപര്‍ ഹിറ്റ്‌ ചിത്രം ഗോലി സോഡായുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ തന്നെ പ്രതീക്ഷ സാധാരണമായി വാനം മുട്ടെ ആയിരിക്കും. എന്നാല്‍ സംവിധായകന്‍ വിജയ്‌ മില്‍ട്ടന്‍ ആ പ്രതീക്ഷകള്‍ക്ക് തീര്‍ത്തും മങ്ങലേല്‍പ്പിക്കാതെ തന്നെ ഗോലി സോഡാ 2 ഒരുക്കിയിരിക്കുന്നു. ഒരേ തീം ആണ് രണ്ടിലും ഉപയോഗിചിരിക്കുന്നതെങ്കിലും, ആദ്യത്തെ സിനിമയില്‍ നായകര്‍ക്ക്  ഒരു പൊതു ശത്രു ആനുണ്ടായിരുന്നെങ്കില്‍, രണ്ടാം ഭാഗത്തില്‍ ഓരോ നായകനും ഓരോ ശത്രു എന്നാ അനുപാതം ആണ് ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഒരു മള്‍ട്ടിലിനിയര്‍ നറേഷന്‍ ആണ് ഇവിടെ വിജയ്‌ മില്‍ട്ടന്‍ ഉപയോഗിച്ചിരിക്കുന്നത്.

ആഖ്യാനം അസാമാന്യ വേഗത്തില്‍ തന്നെയായിരുന്നു മുന്‍പോട്ടു കുതിച്ചു കൊണ്ടിരുന്നത്. മൂന്നു പേരുടെയും വിത്യസ്ത ജീവിതവും പ്രണയ ജീവിതവും വില്ലന്മാരുടെ ജീവിതവും എല്ലാം അഭ്രപാളിയില്‍ വളരെ വേഗത്തില്‍ മിന്നി മറഞ്ഞു കൊണ്ടേ ഇരുന്നു. ദീപക് നിര്‍വഹിച്ച എഡിറ്റിംഗ് ജോലിക്ക് ഒരു പ്രത്യേക പരാമര്‍ശവും പ്രശംസയും അര്‍ഹിക്കുന്നു. 

അച്ചു രാജാമണി, ആദ്യ ചിത്രം മുതല്‍ക്കു തന്നെ എനിക്കിഷ്ടമുള്ള ഒരു സംഗീത സംവിധായകന്‍. അച്ഛന്‍ രാജാമണി ഒരു കാലത്ത് മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തില്‍ നെടുംതൂണ്‍ ആയിരുന്നു. മകന്‍ തമിഴിലെയും എന്ന് പറയേണ്ടി വരും ടെക്നിക്കലി റിച് ആയ പശ്ചാത്തല സംഗീതം. പ്രോഗ്രസീവ് ആയി ഓരോ ഘട്ടത്തിലും മുന്‍പോട്ടു പോകുന്ന സംഗീതത്തില്‍ ഗോലിസോഡ 2വിന്‍റെ തീം മ്യൂസിക് ഉപയോഗിക്കാന്‍ മറന്നില്ല. അത് ശരിക്കും പറഞ്ഞാല്‍ ഒരു പ്രത്യേക ഫീല്‍ തന്നെ സിനിമക്ക് നല്‍കി,

ക്യാമറ കൈകാര്യം ചെയ്തത് സംവിധായകന്‍ തന്നെയാണ്. അദ്ദേഹത്തിന്‍റെ പ്രധാന ആയുധവും അത് തന്നെയാണല്ലോ. നല്ല അസാമാന്യ വര്‍ക്ക് തന്നെയായിരുന്നു അദ്ദേഹം നിര്‍വഹിച്ചത്. പക്ഷെ ആദ്യ പകുതിയില്‍ മികച്ച ആക്ഷന്‍ സീക്വന്‍സുകളും റിയല്‍ ടൈം ആയി തോന്നിയെങ്കിലും, രണ്ടാം പകുതിയില്‍ over the top - unrealistic-superhero ടൈപ് ആക്ഷന്‍ ആയിരുന്നു. അതോഴിവാക്കാം എന്ന് തോന്നിയിരുന്നു.

വില്ലന്മാരായി തില്ലയെ ചെമ്പന്‍ ജോസും, കൌണ്‍സിലറിനെ ശരവണ സുബ്ബയ്യയും പിന്നെ സീമൈരാജ എന്നാ ജാതി തലവന്‍ ആയി ആക്ഷന്‍ മാസ്ടര്‍ സ്റ്റണ്‍ ശിവയും അവതരിപ്പിച്ചു. മൂന്നു പേരില്‍ ചെമ്പന്‍ ജോസും സ്റ്റണ്‍ ശിവയും നല്ല പ്രകടനം ആണ് നടത്തിയതെങ്കിലും ഗോലി സോഡ ആദ്യ ഭാഗത്തില്‍ വില്ലനായി പ്രത്യക്ഷപ്പെട്ട മധുസൂദന റാവു അവതരിപ്പിച്ച നായിടുവുമായിട്ടു താരതമ്യം നടത്താന്‍ കഴിയില്ല. അത്രയ്ക്കും മികച്ചു നിന്ന് നായിഡു എന്ന ആ വില്ലന്‍. ചെമ്പന്‍ ജോസിന്‍റെ തില്ലയ്ക്ക് കൊടുത്ത ശബ്ദം നല്ല അറുബോറായിരുന്നു.
നടേശനെ അവതരിപ്പിച്ച സമുതിരക്കനി മികച്ച പെര്‍ഫോര്‍മന്‍സ് ആണ് കാഴ്ച വെച്ചത്. അദ്ദേഹത്തിനു വേണ്ടി എഴുതിയ കഥാപാത്രം എന്നു തോന്നും. ഗൌതം വാസുദേവ മേനോന്‍റെ ഇന്റ്രോ സീന്‍ നന്നായിരുന്നുവെങ്കിലും, പിന്നീട് ഒട്ടും സ്ക്രീന്‍ സ്പേസ് ലഭിക്കാതെ പോയി. ലുക്ക് ഒക്കെ extraordinary. സംവിധായകന്റെ സഹോദരന്‍ ആയ ഭരത് സീനി മാരനെയും, വിനോത് ശിവയും, ഇസക്കി ഭരത് ഒലിയെയും ഇവരുടെ പ്രണയിനികള്‍ ആയി യഥാക്രമം ഇന്‍ബവല്ലിയെ സുഭിക്ഷയും മതിയെ ക്രിഷ കുറുപ്പും അഭിനയയെ രക്ഷിതയും അവതരിപ്പിച്ചു. എല്ലാവരും തങ്ങളുടെ റോളുകള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു ഇതില്‍ കുറച്ചു പേര്‍ തുടക്കക്കാര്‍ ആയിരുന്നുവെങ്കില്‍ കൂടി അത് ഒരിക്കല്‍ പോലും തോന്നുകയില്ല. രോഹിണി, രേഖ തുടങ്ങിയ വെറ്ററന്‍ നടികള്‍ തങ്ങളുടെ  കഥാപാത്രങ്ങള്‍ ചെറുതെങ്കിലും ഗംഭീരമായി തന്നെ അവതരിപ്പിച്ചു.

മൊത്തത്തില്‍ പറഞ്ഞാല്‍, ഗംഭീര ആദ്യ പകുതിക്ക് ശേഷം അല്പം ഗ്യാസ് പോയ രണ്ടാം പകുതിയും കൊണ്ട് മികച്ച ചിത്രമായി ഗോലി സോഡാ. എന്നാല്‍ ഒരു നിമിഷം പോലും നമ്മുടെ ആസ്വാദന നിലവാരത്തെ ചോദ്യം ചെയ്യുകയുമില്ല.

എന്‍റെ റേറ്റിംഗ് 8.2 ഓണ്‍ 10

വിജയ്‌ മില്‍ട്ടന്‍ എന്‍റെ ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റില്‍ എന്തായാലും ഇടം നല്ല രീതിയില്‍ തന്നെ ഉറപ്പിച്ചു. Waiting for his next movie.

No comments:

Post a Comment