Cover Page

Cover Page

Saturday, September 1, 2018

276. Ghilli (2004)

ഗില്ലി (2014)



Language : Tamil
Genre : Action | Comedy | Drama | Romance
Director : Dharani
IMDB : 7.7

Ghilli Theatrical Trailer


This is not a review!!!

എഞ്ചിനീയറിംഗ്‌ രണ്ടാം വർഷം നാലാം സെമസ്‌റ്റർ പരീക്ഷയുടെ അവധി ദിനങ്ങളിൽ ആണു ഗില്ലിയുടെ റിലീസ്‌. പാട്ടുകൾ എല്ലാം അന്നേ ഹിറ്റും, ഹോസ്റ്റലിന്റെ സ്പീക്കറുകളിൽ എല്ലാ ദിവസവും ചായ സമയത്ത്‌ മുഴങ്ങി കേൾക്കുന്നത്‌ കൊണ്ടും ഹൃദ്യവും കാണാപാഠവും, പോരാത്തതിനു ഇളയദളപതി നായകനായി അഭിനയിക്കുന്ന ചിത്രവും. ഞങ്ങളുടെ പരീക്ഷ ആരംഭിക്കാൻ മൂന്നു ദിവസം ബാക്കിയുള്ളപ്പോൾ ആണു ചിത്രം റിലീസാവുന്നത്‌. ആദ്യ ദിനം തന്നെ കാണണമെന്നു തന്നെ ഞങ്ങൾ സെകണ്ട്‌ ഇയർസ്സ്‌ തീരുമാനിച്ചു രാവിലേ തന്നെ ഹോസ്റ്റൽ വിട്ടിറങ്ങി. കോളജിൽ നിന്നും പത്തു പന്ത്രണ്ട്‌ കിലോമീറ്ററുകൾ ഉണ്ടായിരുന്നു തീയറ്ററിലേക്ക്‌.. ആദ്യ ഷോ 10:30ക്ക്‌. തീയറ്ററിനു മുന്നിൽ ഞങ്ങൾ ഒരു 25 പേർ രാവിലെ ഒൻപത്‌ മണിക്ക്‌ തന്നെ കുറ്റിയടിച്ചു നിൽപാണു..നിമിഷങ്ങൾ കഴിയുമ്പോഴേക്കും ഇരുപത്തിയഞ്ചു അൻപതായി പിന്നെ നൂറായി ആളുകൾ കൂടിക്കോണ്ടേയിരുന്നു. കണക്കെടുക്കാൻ കഴിഞ്ഞില്ല. ഇരട്ട തീയറ്ററുള്ള കോമ്പ്ലക്‌സിനു മുന്നിൽ ഒരു പൂരത്തിനുള്ള ആളായി.. ഇത്തിരി നേരം കഴിഞ്ഞപ്പോൾ രണ്ടു ജീപ്പ്‌ പോലീസും. സമയം പത്തരയായിട്ടും പെട്ടി എത്തിയില്ല... വെയിലിൽ കാത്തു നിന്നിരുന്ന ഞങ്ങളുടെയെല്ലാം ക്ഷമ നശിച്ചു കൊണ്ടേയിരുന്നു. എന്നാലും വിജയുടെ പടം എന്ന ചിന്ത ഞങ്ങളുടെ ഉള്ളിൽ ഉത്തേജനമായിരുന്നു. തമിഴ്‌നാട്ടിലെ ആ പൊള്ളുന്ന വെയിൽ അറിയാല്ലൊ, ആ ചിന്ത അതിനിടയിലും റെഡ്‌ ബുള്ളിന്റെ എഫക്റ്റ്‌ ഉള്ളിൽ നുരഞ്ഞു പൊങ്ങിക്കൊണ്ടേയിരുന്നു. കോമ്പ്ലക്സിന്റെ ഗേറ്റ്‌ ഇതു വരെയും തുറന്നിട്ടില്ല, ടിക്കറ്റും കൊടുത്തു തുടങ്ങിയിട്ടില്ല.. 11:30 ആയി, നോ രക്ഷ. ഫാൻസ്‌ ടീമുകൾ പാലഭിഷേകത്തിനു കൊണ്ടു വന്ന പാൽ മൊത്തം പിരിഞ്ഞു തൈരായി എന്നു തൊന്നുന്നു. ഇന്നിനി പടമുണ്ടാകുമോ എന്നു തന്നെ സംശയമായി. പരൂക്ഷക്ക്‌ നാലക്ഷരം പഠിച്ചു റാങ്ക്‌ വാങ്ങുന്നതിനു പകരം തീയറ്ററിൽ വന്നു കാവലിരിക്കുന്നു.. വീട്ടിലെങ്ങാനും അറിഞ്ഞാൽ.. ഭലേ ഭേഷ്‌..!!!
പെട്ടിയെത്തീ!!! പെട്ടിയെത്തീ..!!! ചെണ്ടമേളം കേട്ട്‌ ഒരുത്തൻ അലറി കൂവി.. ആദ്യമായാണു ഒരു പെട്ടി ഇങ്ങനെ ആനയിച്ചു കൊണ്ടു വരുന്നത്‌ കാണുന്നത്‌.. അപ്പോഴുള്ള ആ എനർജി ശരിക്കും കിടിലൻ തന്നെ. കബഡി വേഷത്തിൽ നിൽക്കുന്ന വിജയുടെ കൂറ്റൻ ഫ്ലക്സിൽ തൈരാണൊ പാലാണൊ കമഴ്തിയതെന്നറിയില്ല.. എന്തോ കമഴ്തി.. വലിയ പൂമാലകൾ ചാർത്തി.. ആകെ ഒരു ഉത്സവത്തിന്റെ മയം..
ചെറിയ ഗേറ്റിലൂടെ പെട്ടി തീയറ്ററുകാർ അകത്തേക്ക്‌ കൊണ്ടു പോയി അഞ്ചു മിനിറ്റിനു ശേഷം ഗേറ്റ്‌ തുറന്നു. അണക്കെട്ടിന്റെ ഷട്ടർ തുറന്നു വിടുമ്പൊൾ വരുന്ന വെള്ളം മാതിരി ഞങ്ങളുൾപ്പടെ തീയറ്ററിനു വെളിയിൽ കാത്തു നിന്ന സിനിമാസ്വാദകർ തീയറ്ററിലേക്ക്‌ ഇരച്ചു കയറി. അന്നു ഓൺലൈൻ ബുക്കിംഗ്‌ ഇല്ലാല്ലൊ.. രണ്ടു പേർക്ക്‌ കഷ്ടിച്ച്‌ നിൽക്കാൻ പോലും കഴിയാത്ത ഇടനാഴിയിൽ നീണ്ട ക്യൂവിൽ നിന്നു വേണം റ്റിക്കറ്റെടുക്കാൻ. 25 പേർക്ക്‌ ഒരുമിച്ചവർ റ്റിക്കറ്റ്‌ കൊടുക്കില്ല. അതു മാത്രവുമല്ല, റ്റിക്കറ്റ്‌ എടുത്ത്‌ ആ നീണ്ട ഇടനാഴിയിലൂടെ നടന്ന് വേണം ഇരിപ്പിടങ്ങളിൽ എത്താൻ. അന്നൊന്നും, ഇന്നുള്ള പോലെ സീറ്റ്‌ നമ്പറുകൾ റ്റിക്കറ്റിൽ എഴുതാറില്ലായിരുന്നു. അതു കൊണ്ടു തന്നെ ആദ്യമെത്തിയാലേ നമുക്കിഷ്ടപ്പെട്ട ഇരിപ്പിടവും കിട്ടുകയുള്ളൂ. ഓട്ടം തന്നെ ഓട്ടം.
അതിനിടയ്ക്ക്‌ പോലീസ്‌ ലാത്തിചാർജ്ജ്‌ തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. തള്ള്‌ കൊണ്ടു ഞങ്ങളും തള്ള്‌ നിയന്ത്രിക്കാൻ പോലീസുകാർ നന്നേ പാടു പെടുന്നുണ്ടായിരുന്നു.. സൈഡിലുള്ള കമ്പികളിൽ ലാത്തി കൊണ്ടടിച്ചു പോലീസ്‌ നല്ല ഭരണിപ്പാട്ട്‌ വിളിച്ചു അടിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണു കമ്പിയിലുള്ള ഒരു അടി തെന്നി മാറി എന്റെ കാൽത്തുടയിൽ വന്നു പതിച്ചത്‌. ഹൗ!!! ആകാശത്തുള്ള എല്ലാ നക്ഷത്രങ്ങളും ഞാൻ ഒറ്റ നിമിഷത്തിൽ എണ്ണി. ശരീരം വേദനിച്ചാൽ എനിക്കും കണ്ണൊന്നും കാണുകയില്ല. അന്നെങ്ങാനും പ്രേമം ഇറങ്ങിയിരുന്നെങ്കിൽ കണ്ണു ചുവക്കണു പാട്ടൊക്കെ ബാക്ക്ഗ്രൗണ്ടിൽ ഇട്ട്‌ ആ പോലീസിനെ തല്ലുന്നത്‌ ഞാൻ സ്വപ്നം കണ്ടേനെ. വേദന കടിച്ചു പിടിച്ചു വീണ്ടും Qവിൽ നിന്നു. ഈ Qവിനൊരു അറുതിയില്ലേ ഭഗവാനേ. വല്ലച്ചാതി റ്റിക്കറ്റെടുത്തു അകത്തു കയറി ഇരുന്നിട്ട്‌ വേണം അടി കിട്ടിയ ഇടത്തിൽ തിരുമ്മാൻ..
അവസാനം തള്ളിപ്പിടിച്ചു ആദ്യം നിൽക്കുന്നവർ 4 പേർ എല്ലാവരുടെയും റ്റിക്കറ്റെടുത്തു കൊണ്ട്‌ മുന്നോട്ടോടി. എല്ലാവരും ഓടിക്കയറി ഫസ്റ്റ്‌ ക്ലാസ്‌ സീറ്റിംഗിൽ കുറച്ചു പിറകിലായി ഞങ്ങൾക്ക്‌ സീറ്റ്‌ കിട്ടി എല്ലാവരും നിലയുറപ്പിച്ചു.. തീയറ്റർ അൽപ സമയം കൊണ്ടു ബാൽക്കണിയും ഫസ്റ്റ്‌ ക്ലാസും സെകണ്ട്‌ ക്ലാസും നിറഞ്ഞു. അൽപ സമയത്തിനുള്ളിൽ സിനിമ തുടങ്ങി.
തീയറ്റർ ഇളകി മറിയുന്ന ആഘോഷത്തിൽ സത്യം പറഞ്ഞാൽ അടി കിട്ടിയ ഭാഗം റബർ പന്തു പോലെ വീർക്കുന്നത്‌ ഞാൻ അറിഞ്ഞിരുന്നില്ല. നല്ല കോമഡിയും കിടിലൻ പാട്ടുകളും കുറച്ചു മാസ്‌ എലമന്റുകളും നിറഞ്ഞ ഫസ്റ്റ്‌ ഹാഫ്‌.ആശിഷ്‌ വിദ്യാർഥിയെ നല്ല ഒരു റോളിൽ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ കോമഡി ഡിപാർട്ട്മെന്റിലുള്ള പങ്കാളിത്തം എടുതു പറയേണ്ടതാണു. വിജയുടെ അമ്മയായി ജാനകി സബേഷും സഹോദരിയായി നാൻസി ജെന്നിഫറും തകർത്തു വാരി. പ്രകാശ്‌രാജിന്റെ ചെല്ലം വിളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണു സ്വീകരിച്ചത്‌. എനിക്കു തോന്നുന്നത്‌ അതിനു മുൻപ്‌ ആ കാലഘട്ടത്തിൽ വില്ലന്മാരെ തമിഴർ മുഴുഹൃദയത്തോട്‌ കൂടി സ്വീകരിച്ചത്‌ ധൂളിലെ സൊർണ്ണാക്കയെയും (തെലുങ്കാന ശകുന്തള) അവരുടെ സഹോദരൻ ആദിയെയും (പശുപതി) പിന്നെ സാമിയിലെ പെരുമാൾ പിച്ചെയെയും (കോട്ട ശ്രീനിവാസ റാവു) ആണെന്നു തോന്നുന്നു. വിജയുടെയും പ്രകാശ്‌രാജിന്റെയും ഏറ്റുമുട്ടലിലുണ്ടായ തീ പ്രേക്ഷകർക്ക്‌ പകർന്നു കൊടുത്ത ഊർജ്ജം ഒന്നു വേറെ തന്നെയാരുന്നു. നായികയുടെ കഴുത്തിൽ നായകൻ കത്തി വെച്ചിട്ടുള്ള മാസ്‌ ഡയലോഗും ആ സീനും അന്നത്തെ കാലത്ത്‌ പുതുമ ആയിരുന്നു. ഏറ്റവും മികച തമിഴ്‌ മാസ്‌ സീനുകളുടെ ലിസ്റ്റിൽ ഈ സീൻ ഉണ്ട്‌.
വിദ്യാസാഗറിന്റെ സംഗീതം ആയിരുന്നു മറ്റൊരു ഹൈലൈറ്റ്‌. സൗഹൃദവും പ്രണയവും ഒക്കെ നല്ല രീതിയിൽ സംവിധായകൻ ധരണി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്‌. ആക്ഷൻ സീൻസും അന്നു വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.
അന്നു ഒക്കഡു കണ്ടിട്ടില്ല, അതു കൊണ്ടു തന്നെ കഥയെ പറ്റി അത്ര ഗ്രാഹ്യമുണ്ടായിരുന്നില്ല. ഒരു താരതമ്യവും ഇല്ലാതെ തന്നെ തമിഴിലെ എക്കാലത്തെയും മികച്ച മാസ്‌ സിനിമ കണ്ട ചാരിതാർത്ഥ്യത്തോടെ തീയറ്ററിൽ നിന്നും ഇറങ്ങുമ്പോഴാണു എന്റെ നടത്തത്തിനു അൽപം മുടന്തും പിന്നെ വേദനയും ഞാൻ അറിഞ്ഞത്‌.

No comments:

Post a Comment