Cover Page

Cover Page

Sunday, September 9, 2018

277. Death Wish (2018)

ഡെത്ത് വിഷ് (2018)



Language : English
Genre : Action | Crime | Drama
Director : Eli Roth
IMDB : 6.4


"നമ്മളുടെ സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും പോലീസിനെ ആശ്രയിക്കും. അവിടെയാണ് യഥാര്‍ത്ഥ പ്രശ്നവും. എന്തെങ്കിലും അപകടം അല്ലെങ്കില്‍ കുറ്റകൃത്യം നടന്നതിനു ശേഷമാവും പോലീസ് അവിടെ എത്തുക. കോഴിക്കൂട്ടില്‍ നിന്നും ഇറങ്ങി വരുന്ന ചെന്നായയെ നമ്മള്‍ കുടുക്കാന്‍ നില്‍ക്കുന്നതിനു സമാനമാണ് അത്. ഒരു മനുഷ്യനു അയാളുടേത് എന്തും സംരക്ഷിക്കണമെങ്കില്‍ അയാള്‍ തന്നെ അയാള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാകൂ."

എനിക്ക് ഈ അടുത്തു കണ്ട സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സംഭാഷണ ശകലം ആണ്. അമ്മായി അച്ഛന്‍ തന്‍റെ മരുമകനോട്‌ പറയുന്നതാണ് സന്ദര്‍ഭം. എലി റൊത് സംവിധാനം ചെയ്ത ഡെത്ത് വിഷ് എന്ന ചിത്രത്തിന്‍റെ വഴിത്തിരിവ് സംഭവിക്കുന്നതും ഈ ഒരു സംഭാഷണ ശകലങ്ങളില്‍ നിന്നുമാണ്. ഒത്തിരി ആലോചിച്ചപ്പോഴും ഒരു ഏതു രാജ്യം എന്നില്ല, എല്ലായിടത്തും നമ്മുടെ സുരക്ഷയ്ക്ക് നമ്മൾ തന്നെ ഉത്തരവാദികൾ ആകുന്നു. കുറ്റകൃത്യം നടക്കുന്നതിനു മുൻപ് അത് പ്രതിരോധിക്കാൻ പൊലീസുകാരെ കൊണ്ട് 99  ശതമാനവും കഴിയുകയില്ല എന്ന നഗ്നമായ സത്യം നമ്മൾ അംഗീകരിച്ചേ മതിയാകൂ.

ഒരു കാലത്തെൻറെ  ഇഷ്ട നടന്മാർ ആയിരുന്നു നിക്കോളാസ് കേജ്‌, ബ്രൂസ് വില്ലിസ് എന്ന ഹോളിവുഡ് നടന്മാർ. അവരുടെ ചിത്രങ്ങൾ അത് ആക്ഷൻ ആകട്ടെ ഡ്രാമ ആകട്ടെ, അവരുടെ പ്രകടനങ്ങൾ കാണാൻ രസമാണ്. പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി  നല്ല അറുബോറൻ സിനിമകളിൽ തല വെച്ച് കരിയർ നശിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങിനെ ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെയാണ് ഈ സിനിമ കാണാന്‍ തുടങ്ങിയത്.

ഡോക്ടര്‍ പോള്‍ കേഴ്സി, ഭാര്യ ലൂസി, ഒരേയൊരു മകള്‍ ജോര്‍ദന്‍ അടങ്ങിയ ഷിക്കാഗോ സിറ്റിയിലെ ഒരു സന്തുഷ്ട കുടുമ്പം. പക്ഷെ, ആ രാത്രി ഡോക്ടറിനു എല്ലാം നഷ്ടപ്പെട്ടു. സ്നേഹമയിയായ ഭാര്യയെ എവിടെ നിന്നോ വന്ന മൂന്നു മോഷ്ടാക്കള്‍ നിഷ്കരുണം വധിച്ചിരിക്കുന്നു. ന്യൂ യോര്‍ക്കിലേക്ക് ഉപരി പഠനത്തിനു പോകാന്‍ ത്രില്ലടിച്ചിരുന്ന മകള്‍ ഒന്നും സംസാരിക്കാന്‍ കഴിയാതെ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടടിയ്ക്കുന്നു. നിയമങ്ങളും എല്ലാം അനുസരിച്ചിരുന്ന ഒരു നല്ല അമേരിക്കന്‍ പൌരനായ തനിക്കീ ഗതി വന്നതോര്‍ത്ത് ഓരോ നിമിഷവും നീറി നീറി ജീവിക്കുകയാണ്. പോലീസ് അന്യേഷണവും എങ്ങുമെത്തുന്നില്ല. ഒരു തെളിവ് പോലും ഇല്ലാതെ അവര്‍ ആരാണെന്ന് മനസിലാക്കാന്‍ കഴിയാതെ നടുക്കടലില്‍ ഉഴലുന്ന പോലീസിനെ കണ്ടപ്പോള്‍ നിയമം കയ്യിലെടുക്കാന്‍ ഡോക്ടര്‍ തയാറാകുകയാണ്. പ്രതികാരാഗ്നി ഉള്ളില്‍ പടര്‍ന്നു കൊണ്ടേയിരിക്കുന്നു. പക്ഷെ എവിടെ തുടങ്ങും?? എങ്ങിനെ തുടങ്ങും?? എന്നാ ചോദ്യങ്ങള്‍... സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ തട്ടി കേള്‍ക്കാന്‍ തുടങ്ങുകയാണ് ഡോക്ടര്‍ കേഴ്സി. മാധ്യമങ്ങളില്‍ എല്ലാം അദ്ദേഹത്തിനു ഒരു നായക പരിവേഷം തന്നെ ചാര്‍ത്തി കൊടുക്കുമ്പോള്‍, അദ്ദേഹത്തിനു അതെല്ലാം ഒരു ലഹരിയായി മാറി. അപ്പോഴും ഒരേയൊരു ചിന്ത, തന്‍റെ കുടുംബം ചിന്നഭിന്നമാക്കിയവരെ കണ്ടു പിടിക്കാന്‍ കഴിയുമോ????

Gore Violence സിനിമകള്‍ ആയ ഹോസ്റല്‍ സീരീസ്, ഗ്രീന്‍ ഇന്‍ഫെര്‍ണോ, കാബിന്‍ ഫീവര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എലൈ റൊത് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. 1972ഇല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ബ്രയന്‍ ഗാര്‍ഫീല്‍ഡിന്‍റെ നോവലിനെ ആസ്പദമാക്കിയിറങ്ങിയ 1974 ചാള്‍സ് ബ്രോസ്നന്‍റെ സിനിമയുടെ റീമേക്ക് ആണ് ഇത്.

പണ്ട് മുതലേ കണ്ടു പഴകിയ പ്രതികാര കഥ തന്നെയാണ് ഡെത്ത് വിഷിന്‍റെയും, പക്ഷെ എലൈ റൊത് എന്ന സംവിധായകന്‍റെ ആഖ്യാനം, ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല. Its a complete mixture of fast paced narration, Gore Violence, Blood Shed and Action. ആക്ഷനും വയലന്റ്ക്യാ സീനുകളും ഒന്നിനൊന്നു മെച്ചം. ക്യാമറവര്‍ക്ക്, പശ്ചാത്തല സംഗീതം എല്ലാം മികച്ചു നിന്നു. 

മുഖ്യ കഥാപാത്രമായ ഡോക്ടറിനെ അവതരിപ്പിച്ച ബ്രൂസ് വില്ലിസ്, അക്ഷരാര്‍ഥത്തില്‍ മിന്നിച്ചു. ഫുള്‍ ആന്‍ഡ് ഫുള്‍ അദ്ദേഹത്തിന്‍റെ ആട്ടമായിരുന്നു. തെറ്റ് ചെയ്യുന്നവര്‍ എല്ലാം വില്ലന്മാര്‍ ആയതു കൊണ്ട്, എടുത്തു പറയാന്‍ പ്രത്യേകിച്ച് വില്ലന്മാര്‍ ഇല്ലെങ്കിലും, ഉള്ളവര്‍ എല്ലാം വിശ്വാസയോഗ്യമായ പ്രകടനം ആയിരുന്നു. എലിസബത്ത് ഷ്യൂ അല്‍പ നേരം മാത്രം സ്ക്രീനില്‍ ഉണ്ടായിരുന്നുള്ളൂ. ഈ പ്രായത്തിലും അവരേ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു. സ്ക്രീന്‍ സ്പേസ് കൂടുതലും ബ്രൂസിനു തന്നെയാരുന്നു. ഡീന്‍ നോറിസ് അവതരിപ്പിച്ച ഡിടക്റ്റീവ് കെവിന്‍ റെയിന്‍സ്, വിന്‍സന്റ്റ് ഡോണ്‍ഫോറിയോ അവതരിപ്പിച്ച സഹോദരനായ ഫ്രാങ്ക് കേഴ്സി, എന്നിവര്‍ക്കാണ് അല്പമെങ്കിലും നേരം കൂടുതല്‍ സ്ക്രീന്‍ സ്പേസ് ലഭിച്ചത്. അഭിനയിച്ച എല്ലാവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി തന്നെ കൈകാര്യം ചെയ്തു. 


മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു നല്ല പ്രതികാര കഥയും (ലോജിക്കുകള്‍ ശ്രെദ്ധിക്കേണ്ടതില്ല) കൊണ്ടാണ് ഇത്തവണ എലൈ റൊത് കൊണ്ട് വന്നിരിക്കുന്നത്. ഒരു നിമിഷം പോലും മുഷിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10 




No comments:

Post a Comment