Cover Page

Cover Page

Tuesday, October 9, 2018

284. Varathan (2018)

വരത്തൻ (2018)


Language: Malayalam
Genre : Action | Crime | Thriller
Director : Amal Neerad
IMDB : 8.0 


Varathan Theatrical Trailer



അബിയും പ്രിയയും പ്രവാസിദമ്പതികൾ ആണ്. അബിയുടെ ജോലി ഒരു സുപ്രഭാതത്തിൽ നഷ്ടമാവുമ്പോൾ പ്രിയയെയും കൊണ്ട് അവളുടെ നാട്ടിലെ ബംഗ്ളാവിൽ അവധിക്കാലം ചിലവിടാനെത്തുന്നു. എന്നാൽ സദാചാര പോലീസുകാരുടെ ചിന്താഗതിയുള്ള നാട്ടുകാരും പ്രിയയുടെ സൗന്ദര്യത്തിൽ കാമമുദിച്ച ചിലവരും അവരുടെ ജീവിതം ദുസ്സഹമാക്കുന്നു. എങ്ങിനെ  ആക്രമണത്തിൽ നിന്നും തരണം ചെയ്യുന്നുവെന്ന് വരത്തനിലൂടെ അമൽ നീരദ് പറയുന്നു.

സി.ഐ.എ എന്ന ദുരന്ത ചിത്രത്തിന്  (എന്നെ സംബന്ധിച്ചിടത്തോളം) ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് വരത്തൻ. സുഹാസ് - ഷർഫു എന്നിവരാണ് ചിത്രം രചിച്ചിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും രെജിസ്റ്റർ ചെയ്യുവാൻ വേണ്ടിയും അവരുടെ വ്യാപ്തി കൊടുക്കുവാൻ വേണ്ടിയും വളരെ സാവധാനമാണ് കഥ പറഞ്ഞു പോകുന്നത്.അല്പം വിത്യസ്ത ശൈലി ഉപയോഗിച്ച് എന്ന് പറയാം. അതൊരു കൊടുങ്കാറ്റിന് മുന്നിലുള്ള ഒരു ശാന്തത ആണെന്ന് അവസാന മുപ്പതു മിനുട്ട് കണ്ടാൽ മനസിലാകും. ഒരു ത്രില്ലറിന് വേണ്ട യഥാർത്ഥ മുന്നൊരുക്കം സംവിധായകൻ അമൽ നീരദും തിരക്കഥാകൃത്തുക്കളും നടത്തിയിരിക്കുന്നു എന്ന് നിസംശയം പറയാം. അത് തന്നെയാണ് ഒരു യഥാർത്ഥ ക്രൈം ത്രില്ലർ ഡ്രാമയുടെ സൗന്ദര്യവും. സീനുകളിൽ കാട്ടാതെ അതായത് പ്രേക്ഷകനെ പല കാഴ്ചകളും കാട്ടാതെ തന്നെ പല കാര്യങ്ങളും പറഞ്ഞു പോകുന്നുണ്ട്, അതുമെനിക്ക് ഇഷ്ടമായി.

ലിറ്റിൽ സ്വയമ്പിൻറെ ക്യാമറാ വർക്ക് എടുത്തു പറയേണ്ട ഒന്നാണ്, ഇടുക്കി / വാകത്താനം ഏരിയയുടെ സൗന്ദര്യം പകർത്തുന്നതിലും, സിനിമയുടെ മൂഡ് ക്രിയേറ്റ് ചെയ്യുന്നതിലും നല്ല പങ്കു വഹിച്ചു. അത് പോലെ തന്നെ എടുത്തു പറയേണ്ടത് ഇന്റീരിയർ ലൈറ്റിങ്. പ്രത്യേകിച്ചും ക്ളൈമാക്സിനോടനുബന്ധിച്ചുള്ള ഇന്റീരിയർ സീനുകളിൽ ഉപയോഗിച്ച ലൈറ്റിങ് ഒക്കെ മികച്ചു നിന്നു.

സുഷിൻ ശ്യാം നിർവഹിച്ച പശ്ചാത്തല സംഗീതം നന്നായിരുന്നു. നല്ല മൂഡ് ക്രിയേറ്റ് ചെയ്യുന്നതിൽ സിംഹഭാഗവും സഹായിച്ചിട്ടുണ്ട്. പക്ഷെ, തുടക്കത്തിൽ ഒക്കെ അനാവശ്യമായി ജമ്പ് സ്കെയിറിനായി ഉപയോഗിച്ചതും, അനവസരത്തിലുള്ള ബിജിഎം ഉപയോഗം അത്ര ശരിയായില്ലായെന്നു തോന്നി. ഇടയ്ക്ക് യോഹാൻ യോഹാൻസണ്ണിൻറെ  അറൈവളിലെ ഹെപ്റ്റാപോഡ് തീം ഒക്കെ കേൾക്കാൻ കഴിഞ്ഞു (ടൈറ്റിൽ ക്രെഡിറ്റിൽ ഒറിജിനൽ സ്‌കോർ എന്ന് ലിഖിതപ്പെടുത്തിയിരുന്നു). 

ഏതു കഥാപാത്രവും കയ്യിൽ ലഭിച്ചാൽ അദ്ദേഹത്തിൻറെ ശൈലിയിലൂടെ അഭിനയിച്ചു വിജയിപ്പിക്കുന്നതിന് മിടുക്കൻ ആണല്ലോ ഫഹദ് ഫാസിൽ. തുടക്കത്തിൽ ഉള്ള അബി എന്ന കഥാപാത്രത്തിൽ നിന്നും ക്ളൈമാക്സിലുള്ള അബിയുമായുള്ള അന്തരം അത്ര മികച്ചതായി തന്നെ വെള്ളിത്തിരയിൽ ആടി.
ഐശ്വര്യ ലക്ഷ്മി, ഓരോ സിനിമ കഴിയുംതോറും തൻ്റെ കഥാപാത്രങ്ങൾക്കൊക്കെ ജീവൻ കൊടുക്കുന്നതിൽ പെർഫെക്ഷനിലേക്ക് നടന്നടുക്കുന്ന ഒരു നടി. മികച്ച പ്രകടനം തന്നെയായിരുന്നു.
ഷറഫുദ്ദീൻ, കണ്ടു മടുത്ത കഥാപാത്രങ്ങളിൽ നിന്നും ഒരു മികച്ച ട്രാൻസ്ഫോർമേഷൻ തന്നെയാണ് ജോസി. നോട്ടത്തിലും ഭാവത്തിലും ക്രൂരത കൊണ്ട് വരാൻ കഴിഞ്ഞ ഷറഫ് ഒരു നല്ല നടൻ ആയി മാറുമെന്നതിൽ തർക്കമില്ല.
ഹാസ്യതാരമായ അശോകൻറെ മകൻ അർജുൻ, ജോണിയെന്ന നെഗറ്റിവ് കഥാപാത്രത്തെ മികവുറ്റ രീതിയിൽ കൈകാര്യം ചെയ്തു.
വിജിലേഷ് കരയാട് അവതരിപ്പിച്ച കഥാപാത്രം കാണുന്ന പ്രേക്ഷകന് അറപ്പുണ്ടാക്കുന്നുണ്ടെങ്കിൽ അദ്ദേഹം ആ കഥാപാത്രം അവതരിപ്പിച്ചതിൽ വിജയിച്ചു എന്ന് പറയാം.
ദിലീഷ് പോത്തൻ, സാമാന്യം അദ്ദേഹത്തിൻ്റെ ശൈലിയിൽ തന്നെ ബെന്നി എന്ന കഥാപാത്രം അവതരിപ്പിച്ചു. ഷോബി തിലകൻ ചെയ്ത റോൾ നെഗറ്റീവ് ആയിരുന്നുവെങ്കിലും ക്ളൈമാക്സിലൊക്കെ അല്പം ചിരി പടർത്താൻ കഴിഞ്ഞു. ചേതൻ, പാർവതി, തുടങ്ങിയ എല്ലാ അഭിനേതാക്കളും തങ്ങളുടെ റോളുകൾ മികചാത്താക്കാൻ പരമാവധി ശ്രമിക്കുകയും, അതിലെല്ലാം നന്നായി വിജയിക്കുകയും ചെയ്തു.

അമൽ നീരദ് സംവിധാനം ചെയ്ത ചിത്രങ്ങളിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു ത്രില്ലർ സിനിമയായി മാറി വരത്തൻ. ഒന്ന് കൂടി തീയ്യറ്ററിൽ കണ്ടാലും ബോറടിക്കാൻ സാധ്യതയില്ലാത്ത ചുരുക്കം ചിത്രങ്ങളിൽ ഒന്ന്.

എൻ്റെ റേറ്റിങ് 8.6 ഓൺ 10

No comments:

Post a Comment