Cover Page

Cover Page

Thursday, October 18, 2018

285. Andhadhun (2018)

അന്ധാധുൻ  (2018)


Language: Hindi
Genre : Action | Crime | Drama | Thriller
Director : Sreeram Raghavan
IMDB: 9.1


ആകാശ്, അന്ധനായ ഒരു പിയാനിസ്റ്റ് ആണ്. മികച്ച ഒരു സംഗീതജ്ഞൻ ആകണം എന്ന അഭിലാഷത്തോട് ജീവിക്കുന്ന  ആകാശിൻറെ ജീവിതത്തിലേക്ക് സോഫി എത്തുന്നു. എന്നാൽ ആ സന്തോഷം അധിക കാലം നീണ്ടു നിന്നില്ല. ഒരു കൊലപാതകം, ആകാശിന്റെ ജീവിതം എന്നന്നേക്കുമായി കീഴ്മേൽ മറിക്കുന്നു. ശ്രീരാം രാഘവൻറെ അന്ധാധുൻ, ആകാശിനെയും ആകാശിനെ ചുറ്റിപ്പറ്റിയുള്ള രഹസ്യങ്ങളുടെ ചുരുളഴിയ്ക്കുന്നു.

ജോണി ഗദ്ദർ, ബദ്‌ലാപൂർ, ഏക് ഹസീന ഥി, തുടങ്ങിയ ഡാർക്ക് ഷേഡ് ഉള്ള ചിത്രങ്ങൾ സംവിധാനം ചെയ്തു ബോളിവുഡിൻറെ പ്രിയങ്കരനായി മാറിയ ഒരു സംവിധായകൻ ആണ് ശ്രീരാം രാഘവൻ.  ക്വാളിറ്റി സിനിമകൾ മാത്രം കൈമുതലുള്ള ശ്രീറാമിൻറെ ചിത്രം എന്ന ഒരൊറ്റ ലേബലിൽ ആണ് ഈ സിനിമ തീയറ്ററിൽ കണ്ടത്. മിനിമം ക്വാളിറ്റി പ്രതീക്ഷിച്ച എനിക്ക് കിട്ടിയത് ഒരു കിടുക്കാച്ചി ബ്ലാക്ക് കോമഡി ത്രില്ലർ ആണ്. L'Accordeur (The Piano Tuner) എന്ന സ്പാനിഷ് ഷോർട് ഫിലിമിനെ ആസ്പദമാക്കി ശ്രീറാം രാഘവനും ഹേമന്ത് റാവുവും മറ്റു മൂന്നു പേരും കൂടിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
അടുത്ത നിമിഷം എന്ത് സംഭവിക്കും എന്ന് യാതൊരു ക്ലൂവും പ്രേക്ഷകന് കൊടുക്കാത്ത ബുദ്ധിപൂർവമായ എഴുത്ത്.തുടക്കം മുതൽ അവസാനം വരെയും നിഗൂഢതകൾ നിറച്ചു മുന്നേറിയ ചിത്രം ഒരു ഘട്ടത്തിൽ പോലും പ്രേക്ഷകരെ ബോറടിപ്പിക്കുന്നില്ല. അളന്നു കുറിച്ചുള്ള സംഭാഷണ ശകലങ്ങൾ, വ്യക്തമായ പ്ലാനിങ്ങോട് കൂടിയുള്ള തിരക്കഥയും അതിന്റെ ആഖ്യാനവും ഈ ചിത്രത്തെ ബോളിവുഡിൽ ഇന്ന് വരെ ഇറങ്ങിയ ത്രില്ലറുകളിൽ ഏറ്റവും മുന്തിയ സ്ഥാനത്തിന് അർഹതയുള്ളതാക്കുന്നു. കടുത്ത ഒരു ബ്രില്യൻറ്  ആയ ത്രില്ലർ ആണെങ്കിലും നർമം മികച്ച രീതിയിൽ തന്നെ ചാലിച്ച് ചേർത്തിട്ടുണ്ട്. പൊട്ടിച്ചിരിക്കാനുതകുന്ന ഡയലോഗുകൾ, സീനുകൾ എല്ലാം ഒരു മികച്ച ഡാർക് / ബ്ലാക്ക് കോമഡി ആക്കി ഈ ചിത്രത്തെ മാറ്റുന്നു.

പയ്യന്നൂരിൽ നിന്നുമുള്ള K.U. മോഹനൻ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.  മനോഹരമായ ഫ്രേമുകൾ, ഡാർക്ക് ഫ്രേമുകൾ, കഥാപാത്രത്തിനോടൊത്തു തന്നെ ചലിക്കുന്ന ക്യാമറക്കണ്ണുകൾ പ്രേക്ഷകന് സിനിമയോടുള്ള അടുപ്പം കൂട്ടുകയും കഥയോട് ഇഴുകി ചേരുകയും ചെയ്യുന്നു. അമിത് ത്രിവേദി, റഫ്താർ, ഗിരീഷ് നാകോഡ് എന്നിവർ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. അമിത് ത്രിവേദി തന്നെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾ എല്ലാം തന്നെ സിനിമയോട് ചേർന്നു തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്, ആയതിനാൽ ആസ്വാദനത്തിനു ഇടയിൽ ഉള്ള കല്ലുകടി ആയി ഭവിക്കുന്നില്ല. പശ്ചാത്തല സംഗീതം യഥാർത്ഥത്തിൽ ചിത്രത്തിൻറെ ജോൺറെ വെച്ച് നോക്കുകയാണെങ്കിൽ ഒരു വലിയ പ്ലസ് പോയിന്റാണ്.

തിരക്കഥാകൃത്തുകളിൽ ഒരാൾ കൂടിയായ പൂജ ലഥ സുർത്തി ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. രണ്ടു മണിക്കൂറും ഇരുപതു മിനുട്ടു നീളമുള്ള ചിത്രത്തിൽ വ്യക്തമായ കാഴ്ചപ്പാടോടു കൂടി തന്നെ കത്രിക ചലിപ്പിച്ചിരിക്കുന്നു.

ആയുഷ്മാൻ ഖുറാന, അയൽവക്കത്തിലെ പയ്യൻ എന്ന ലേബലിൽ നിന്നും വളരെയേറെ കാതം സഞ്ചരിച്ചു തന്നെ ആണ് ആകാശിനെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കണിക പോലും തെറ്റ് ചൂണ്ടിക്കാണിക്കാൻ പറ്റാത്ത പ്രകടനം. രണ്ടു മാസം പിയാനോ ട്രെയിനിങ്ങിനു പോയിട്ടാണ് ഈ സിനിമ ചെയ്തത് എന്ന് വായിച്ചിരുന്നു. പക്ഷെ, പിയാനോ വായിക്കുന്നതിലൊക്കെ എന്ത് കൃത്യത ആണ്. ആദ്യഭാഗത്തും രണ്ടാം ഭാഗത്തും വ്യത്യസ്‍ത മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നത്.

നായകൻ ആയി ആയുഷ്മാൻ സൂപ്പർ പ്രകടനം ആയിരുന്നുവെങ്കിൽ, തബു ചെയ്ത സിമി എന്ന കഥാപാത്രത്തിൻറെ  പ്രകടനത്തിനെ എന്ത് പേരിട്ടു വിളിക്കും എന്നുള്ള കൺഫ്യൂഷനിലാണ് ഞാൻ.വയസു അമ്പതു ആകാറായി എന്നാലും ആ ഗ്രേസ്, സമ്മതിച്ചു കൊടുത്തേ മതിയാവൂ. പണ്ട് കുഞ്ഞിലേ കണ്ട കാലാപാനിയിലെ തബുവിൽ നിന്നും ഒരു അഞ്ചു വയസു ചിലപ്പോൾ കൂടിയിട്ടുണ്ടാവും. സ്വഭാവ നടിയായും യാതൊരു ദാക്ഷിണ്യവുമില്ലാത്ത വില്ലത്തിയായും തബു നിറഞ്ഞാടി.

രാധിക ആപ്‌തെ, തൻറെ സ്ഥിരം റോളുകളിൽ നിന്നും അൽപം വ്യത്യസ്തമായി ഒരു മോഡേൺ ഫൺലിവിങ് കഥാപാത്രത്തെ ആണ് അവതരിപ്പിച്ചത്.ആയുഷ്മാനുമായി നല്ല കെമിസ്ട്രി ഉണ്ടായിരുന്നു അവർക്ക്, അത് കൊണ്ട് തന്നെ രണ്ടു പേരും ഒരുമിച്ചുള്ള സീനുകൾ ഒക്കെ നന്നായിരുന്നു. ഒരു പ്രത്യേക രസം തന്നെയാണ് അവരുടെ അഭിനയം കാണുവാൻ.

മാനവ് വിജ്, ഇദ്ദേഹത്തെ ആദ്യമായാണ് ഞാൻ ശ്രദ്ധിക്കുന്നത്. നല്ല അഭിനയം ആയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യയായ രസികയെ അവതരിപ്പിച്ചത് അശ്വിനി കാൽശേഖർ ആണ്. രണ്ടു പേരുടെയും ഒരുമിച്ചുള്ള സീനുകൾ ഒക്കെ രസകരമായിരുന്നു.

വളരെ കുറച്ചു കേന്ദ്ര കഥാപാത്രങ്ങളിൽ കൂടി ആയിരുന്നു പ്രധാനമായും പറഞ്ഞു പോയത്. അനിൽ ധവാൻ, സക്കീർ ഹുസ്സൈൻ, ഛായാ കദം, ഗോപാൽ കെ. സിങ് തുടങ്ങിയവർ തങ്ങളുടെ റോളുകൾ ഭംഗിയായി തന്നെ അവതരിപ്പിച്ചു.

എൻഡിങ് സീൻ, പ്രേക്ഷകർക്ക് വിട്ടു കൊടുത്ത് കൊണ്ടാണ് ശ്രീറാം രാഘവൻ ഈ ചിത്രം അവതരിപ്പിക്കുന്നത്. അതിൽ തന്നെ ഒരു ബ്രില്യൻസ് കാട്ടിയിട്ടുമുണ്ട്.

One of the Best Hindi Thriller in the recent times.

ഒരിക്കലും പ്രതീക്ഷിക്കാത്ത സീനുകളും, ക്രൈം നടക്കുന്ന സമയത്തു തന്നെ ഉള്ള കോമഡി സീനുകളും, ഘോരമായ സീനുകളും, അതിഗംഭീരം പെർഫോമൻസും കൊണ്ട്  സമ്പന്നമായ ഒരു Intelligent Dark Comedy Thriller ആണ് അന്ധാധുൻ.

ഒരിക്കലും ഈ ചിത്രം നിങ്ങളെ നിരാശരാക്കില്ല.

എന്റെ റേറ്റിങ് 9.2 10

No comments:

Post a Comment