Cover Page

Cover Page

Tuesday, November 29, 2016

210. Arrival (2016)

അറൈവൽ (2016)




Language : English
Genre : Drama | Mystery | Sci-Fi
Director : Denis Villeneuve
IMDB : 8.4

Arrival Theatrical Trailer



ഒറ്റ വാക്കിൽ പറഞ്ഞാൽ "മനോഹരം".അതെ, അത്ര മനോഹരമായിട്ടാണ് സംവിധായകൻ ഡെന്നിസ് വിൽയുനോവ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഒരു സൈഫൈ ചിത്രം എന്നതിലുപരി വൈകാരികമായ ഡ്രാമ ആയിട്ടാണ് ഞാനീ ചിത്രത്തെ കാണുന്നത്. 

ഭൂമിയിൽ പന്ത്രണ്ടു ഇടങ്ങളിലായി ബഹിരാകാശപേടകം പ്രത്യക്ഷമായതോടെ കേണൽ വെബർ ഭാഷാ പണ്ഡിതയായ ലൂയിസ് ബാങ്ക്സിനെ സമീപിക്കുന്നു. പേടകത്തിലെ അന്യഗ്രഹ ജീവികളോട് സംസാരിച്ചു (അവരുടെ ഭാഷ മനസിലാക്കി) ആഗമനോദ്ദേശ്യം മനസിലാക്കുക എന്ന ദൗത്യം ശാസ്ത്രജ്ഞനായ ഇയാൻറെ കൂടെ നിർവഹിക്കുക. ദിവസങ്ങൾ പിന്നിടുന്തോറും വന്നിറങ്ങിയ എല്ലാ രാജ്യങ്ങളുടെയും ക്ഷമ നശിക്കുകയും ആ പേടകങ്ങൾക്കെതിരെ ആക്രമണം അഴിച്ചു വിടാൻ ഒരുങ്ങുന്നു. ഒരു ദുരന്തം ഒഴിവാക്കുക എന്ന കടമ്പ കൂടി ലൂയിസിന്റെ ചുമലിലേക്ക് ആകുന്നു. പിന്നീടെന്തു സംഭവിക്കുന്നു എന്നതാണ് കഥയുടെ ഇതിവൃത്തം.

അറൈവൽ എന്ന ചിത്രത്തിൽ പ്രധാനമായും മൂന്നു കഥാപാത്രങ്ങൾ ആണുള്ളത്. എന്നാൽ, അതിൽ സ്‌ക്രീൻസ്‌പേസ് കൂടുതൽ ഉള്ളത് അമി ആഡംസ് അവതരിപ്പിച്ച ലൂയിസ് എന്ന ഭാഷപണ്ഡിതയ്ക്കാണ്. അമി നല്ല കയ്യടക്കത്തോടും പക്വതയോടും അവതരിപ്പിച്ചു. വികാരങ്ങൾ എല്ലാം തന്നെ ഭംഗിയായി അവർ സ്‌ക്രീനിൽ വരച്ചു കാട്ടി. ഈ വർഷത്തെ മികച്ച നടിക്കുള്ള ഓസ്കാർ നോമിനേഷൻ ഈ നടിയ്ക്ക് ലഭിക്കും എന്നാണു എൻറെ ഒരു ഊഹം. അല്ല, ഓസ്കാർ കിട്ടണം എന്ന് തന്നെയാണ് ആഗ്രഹവും. സാധാരണ ജാതിയിലുള്ള അവതരണം ആയിരുന്നില്ല ഈ സിനിമയിലെ നായികയ്ക്ക്.
ജെറെമി റെന്നെർ ഒരു നല്ല നടനാണ്. ഇയാൻ ഡോണല്ലി എന്ന കഥാപാത്രം അദ്ദേഹത്തിൻറെ കയ്യിൽ സുരക്ഷിതമായിരുന്നു. പക്ഷെ, അമിയുടെ പ്രകടനത്തിന് താങ്ങായി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു ജെറീമിക്ക്. ഫോറസ്ററ് വിറ്റേക്കർ, ചെറുതാണെങ്കിലും പ്രാധാന്യമുള്ള റോൾ അവതരിപ്പിച്ചു. പിന്നുള്ള അഭിനേതാക്കൾക്ക് അധികം പ്രാധാന്യം ഒന്നുമില്ലായിരുന്നുവെങ്കിലും, അവരുടെ റോളുകൾ ഭംഗിയായി തന്നെ ചെയ്തു തീർത്തു.

ഡെന്നിസ് വിൽയുനോവ് എന്ന സംവിധായകൻ ഇന്നുമെന്റെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഒരു ചിത്രം ആദ്യമായി കണ്ടത് പ്രിസണർസ് ആയിരുന്നു. അന്നു കണ്ടത് മുതൽ ഇന്ന് കണ്ടത് വരെ മികവിന് അദ്ദേഹം കോട്ടം വരുത്തിയിട്ടുമില്ല. ആ ഒരൊറ്റ പ്രതീക്ഷയിൽ ആണ് അറൈവൽ കാണാൻ തീയറ്ററിനുള്ളിൽ കയറിയതും. എൻറെ പ്രതീക്ഷ അല്പം പോലും കളങ്കപ്പെടുത്തിയില്ല എന്നതാണ് പരമമായ സത്യം. ലൈറ്റ്‌സ് ഔട്ട്, ദി തിങ് (2011) എന്നീ ചിത്രങ്ങൾ എഴുതിയ എറിക്ക് ഹൈസ്‌റെർ ആണീ ചിത്രത്തിൻറെ കഥയും തിരക്കഥയും എഴുതിയിരിയ്ക്കുന്നത്. ഒരു സൈഫൈ ചിത്രം അതും അന്യഗ്രഹജീവികൾ ഉൾപ്പെടുന്ന ചിത്രത്തിന്റെ കഥ മറ്റുള്ള പല കഥയെയും വെല്ലുന്ന രീതിയിൽ തന്നെയായിരുന്നു. അതിനു മികച്ച വിഷ്വലുകളും അതിലേറെ വൃത്തിയായി ചിട്ടപ്പെടുത്തി തിരശീലയ്ക്കു മുൻപിൽ കൊണ്ട് വന്ന ടെന്നിസിനാണ് പ്രശംസ.. കഥയാണ് ഈ ചിത്രത്തിൻറെ നായകൻ എങ്കിൽ, സംവിധായകൻ ആണ് ഉപനായകൻ. നായികയെ മേലെ പരാമർശിച്ചു കഴിഞ്ഞല്ലോ..

വിഎഫ്എക്സ് നന്നായിരുന്നു. ഒരു ചേലൊക്കെ ഉണ്ടായിരുന്നു കാണുവാൻ. ഒരു extravagant അനുഭവം എന്നൊന്നും പറയാൻ കഴിയില്ലെങ്കിലും, അറൈവൽ എന്ന ചിത്രത്തിൻറെ ഒഴിവാക്കാത്ത ഘടകം വളരെ മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചു.

ബ്രാഡ്ഫോർഡ് യങ്ങിന്റെ ക്യാമറ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അധികം ബജറ്റില്ലാത്ത ചിത്രം എന്ന തോന്നൽ ഒരു നിമിഷം പോലും തോന്നില്ല.. അത്രയ്ക്ക് മികച്ച വിഷ്വലുകൾ ആണ് അദ്ദേഹം പകർത്തിയത്. എഡിറ്റിങ്ങും എടുത്തു പറയേണ്ടത് തന്നെയാണ്. ജോ വോക്കർ ആണ് എഡിറ്റർ.
ജൊഹാൻ ജോഹാൻസണിന്റ സംഗീതം ചിത്രത്തിൻറെ ആസ്വാദനതലത്തിനു തെല്ലൊന്നുമല്ല ആവേശം കൂട്ടിയത്. വേണ്ട സമയത്തു നിശബ്ദത ഉപയോഗിച്ചും, മൃദുവായും, എന്നാൽ ഘോരമായും ഉപയോഗിച്ച് ഉദ്യോഗനിമിഷങ്ങൾക്കു ആക്കം കൂട്ടി.

എൻറെ അഭിപ്രായത്തിൽ ഒരു നെഗറ്റീവ് പോലും പറയാൻ കഴിയാത്ത മികച്ച ട്വിസ്റ്റുകളും കഥാസന്ദർഭവും അഭിനയപ്രാധാന്യവും വികാരങ്ങളുടെ വേലിയേറ്റവുമുള്ള ഒരു സമ്പൂർണ ചിത്രം.

ഞാൻ കൊടുക്കുന്ന മാർക്ക് 10 ഓൺ 10.


Monday, November 28, 2016

209. Allied (2016)

അലൈഡ് (2016)


Language : English
Genre : Action | Drama | Romance | War
Director : Robert Zemeckis
IMDB : 7.2

Allied Theatrical Trailer



ഹോട്ടലാണെന്നു കയറി ബാർബർഷോപ്പിൽ കയറിയ അവസ്ഥ ആയിരുന്നു എന്റേത് ബ്രാഡ് പിറ്റും മരിയോൻ കൊട്ടിലാർഡും ചേർന്നഭിനയിച്ച അലൈഡ് എന്ന ചിത്രത്തിന് കയറുമ്പോൾ. കാരണം മറ്റൊന്നുമല്ല നല്ല കിടിലൻ ട്രെയിലറും അതിനൊത്ത പശ്ചാത്തല സംഗീതവും പിന്നെ സിനിമാ സംവിധാന രംഗത്തെ അതികായരിൽ ഒരാളായ റോബർട്ട് സെമെക്കിസ് എന്ന സംവിധായകനും എന്നിൽ ഒരു ആക്ഷൻ ചിത്രം ആണെന്നുള്ള പ്രതീതി ഉണർത്തി. അങ്ങിനെ റിലീസിന്റെ രണ്ടാം ദിവസം ആക്ഷൻ ത്രില്ലർ ആണെന്ന് വിചാരിച്ചു തീയറ്ററിനുള്ളിൽ കയറിയ എനിക്ക് ലഭിച്ചത് ഒരു ശരാശരിക്കു തൊട്ടു മുകളിൽ നിൽക്കുന്ന പ്രണയകഥയും.

രണ്ടാം ലോകമഹായുദ്ധത്തിനു മുൻപുള്ള ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ജർമ്മൻ അംബാസഡറെ മൊറോക്കോയിൽ വെച്ച് വധിക്കുക എന്ന ലക്‌ഷ്യം പൂർത്തീകരിക്കാൻ വേണ്ടി കനേഡിയൻ ആയ മാക്‌സും ഫ്രഞ്ച് ആയ മരിയോനും ഒന്നിക്കുന്നു. അവിടെ വെച്ച് രണ്ടു പേരും പ്രണയത്തിലാകുന്നു. പിന്നീട് വിവാഹം കഴിച്ചു അന്ന എന്ന പെൺകുഞ്ഞുമായി സന്തോഷമായി ജീവിക്കുന്നു. പക്ഷെ അവരുടെ സന്തോഷം അധിക കാലം നീണ്ടു നിൽക്കുന്നില്ല. ഒരു സുപ്രഭാതത്തിൽ മാക്സ് അറിയുന്നത് താൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന ഭാര്യ ഒരു ജർമ്മൻ രഹസ്യ ദൂത ആണെന്ന്. കറയറ്റ രാജ്യസ്നേഹവും ഭാര്യയോടുള്ള സ്നേഹവും തുലാസിലാടുന്നതാണ് പ്രമേയം. ആരെ തിരഞ്ഞെടുക്കും എന്ന ചിന്ത നായകനെ പോലെ തന്നെ പ്രേക്ഷകന്റെ മനസിലും തിര തല്ലുന്നു. 

ഈസ്റ്റേൺ പ്രോമിസസ്, ലോക്കെ തൂങ്ങിയ ചിത്രങ്ങൾ എഴുതിയ തിരക്കഥാകൃത്ത് സ്റ്റീവൻ നൈറ്റ് ആണ് ഈ ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. തരക്കേടില്ലാത്ത കഥയാണെങ്കിലും, തിരക്കഥയ്ക്ക് ഒരു ഒഴുക്ക് ലഭിച്ചില്ല എന്നതാണ് ഒരു പ്രശ്നം. അത് നമുക്ക് പെട്ടെന്ന് തന്നെ മനസിലാക്കുകയും ചെയ്യും. സംവിധാനം മികവുറ്റതാണെന്നും പറയാൻ കഴിയില്ല. തുടക്കത്തിൽ ഒരു ഉടനീള ആക്ഷൻ ഡ്രാമ ചിത്രമെന്ന് തോന്നിപ്പിച്ചെങ്കിലും പക്ഷെ പതിയെ അതൊരു പ്രണയ ചിത്രമായി മാറും. വളരെ മികച്ച സീനുകൾ അണിനിരത്തിയിട്ടുണ്ട് സെമെക്കിസിലെ ടെക്‌നീഷ്യൻ. ഒരു സീൻ, എടുത്തു പറയുകയാണെങ്കിൽ യുദ്ധഭൂമിക്കു നടുവിൽ ഗർഭിണിയായ മരിയൻ അന്ന എന്ന പെൺകുഞ്ഞിനെ പ്രസവിക്കതു. വളരെയധികം വിശ്വാസയോഗ്യമായ ഒരു സീൻ ആയിരുന്നു. ചില ഘട്ടത്തിൽ ഒരു സാധാരണ പ്രേക്ഷകന്റെ മനസ്സിൽ അൽപം ജിജ്ഞാസ ജനിപ്പിക്കാനുമായി.

അലൻ സിൽവസ്ട്രി ആയിരുന്നു സംഗീതം. വളരെ മികച്ച രീതിയിൽ തന്നെ പശ്ചാത്തല സംഗീതം നൽകി. സൗണ്ട് ഡിസൈനും നന്നായിരുന്നു. ഗ്രാഫിക്സ്, ലോക്കെഷൻ, കാലഘട്ടത്തിനു സമാനമായ അന്തരീക്ഷം എല്ലാം മികച്ചു നിന്നു.

ബ്രാഡ് പിറ്റ്, തന്റെ റോൾ മികച്ചതാക്കി. വൈകാരിക സീനുകളിൽ അദ്ദേഹത്തിൻറെ കഴിവിന്റെ പരമാവധി ചൂഷണം വിജയം കൈവരിക്കാൻ കഴിഞ്ഞു സംവിധായകന്. മാറിയാണ് കൊട്ടിലാർഡ് മോഷമൊന്നുമല്ലായിരുന്നു. ബ്രാഡിന്റെ അതേ അളവിൽ തന്നെ പ്രകടനം നടത്തി. കാണാനും സുന്ദരിയായിരുന്നു. അവരുടെ കഥാപാത്രത്തിന്റെ ആഴം അറിഞ്ഞു തന്നെ അത് തിരശീലയിൽ കൊണ്ട് വന്നു. കണ്ടിരിക്കുന്ന പ്രേക്ഷകന് പലപ്പോഴും മരിയൻ എന്ന സ്ത്രീയെ മനസിലാക്കാൻ പ്രയാസപ്പെടേണ്ടി തന്നെ വരും.

മൊത്തത്തിൽ മികച്ച ചിത്രത്തിന്റെ പട്ടികയിൽ ഒന്നും ഇടം പിടിക്കില്ലായെങ്കിലും, ഒരു ശരാശരിയ്ക്ക് മുകളിൽ നിൽക്കുന്ന ഒരു പ്രണയകഥ.

എന്റെ ആസ്വാദനനിലവാരം പരിഗണിച്ചു ഞാൻ കൊടുക്കുന്നത് 6.9 ഓൺ 10

Friday, November 25, 2016

208. True Memoirs of an International Assassin (2016)

ട്രൂ മെമ്മോയിർസ് ഓഫ് ആൻ ഇന്റർനാഷണൽ അസാസിൻ (2016)


Language : English | Spanish
Genre : Action | Comedy
Director : Jeff Wadlow
IMDB : 6.0

True Memoirs of an International Assassin Theatrical Trailer


കെവിൻ ജെയിംസ് നായകൻ ആയി അഭിനയിച്ച ചിത്രം സംവിധാനം ചെയ്തത് ജെഫ് വാഡ്‌ലോ ആണ്. ജെഫ് മോറിസ് എഴുതിയ കഥ പുനരെഴുതി തിരക്കഥ രചിച്ചതും ജെഫ് വാഡ്‌ലോ ആണ്. ആൻഡി ഗാർസിയ, റോബ് റിഗ്ഗിൾ, സുലെ ഹെണാവോ എന്നിവരും അഭിനയിച്ചു.

ഒരു സാധാരണ അൽകൗണ്ടന്റും ഒരു ചെറു എഴുത്തുകാരനുമായ സാം ലാർസൺ, തന്റെ ആദ്യ കഥ പ്രസിദ്ധീകരിക്കുന്നത് മൂലം ലോകം മുഴുവൻ അയാൾ ഗോസ്റ്റ് എന്ന വാടകകൊലയാളി എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന. ഇത് മൂലം അയാൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ സരസമായും ആക്ഷൻ കലർത്തിയും അവതരിപ്പിച്ചിരിക്കുന്നു.

ക്രിട്ടിക്കുകൾ എല്ലാം എഴുതി തള്ളിയ ഈ ചിത്രം തരക്കേടില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രമാണ്. തമാശകൾ നിരവധി ഉണ്ടെങ്കിലും ആസ്വദിക്കാൻ കഴിയുന്ന ചില നർമ മുഹൂർത്തങ്ങൾ മാത്രമേ ഉള്ളൂ. ആക്ഷൻ ഒക്കെ കാണാൻ നന്നായിരുന്നു, പ്രത്യേകിച്ചും കെവിൻ ജെയിംസ് എന്ന തടിച്ചിട്ടുള്ള നടൻ അനായാസമായി അവതരിപ്പിച്ചത് എടുത്തു പറയേണ്ടത് തന്നെയാണ്. കഥയും കഥാപാത്രങ്ങളും തരക്കേടില്ലാതെ തന്നെ ചിത്രത്തിൽ ആഖ്യാനിച്ചിട്ടുണ്ട്. വിഷ്വൽസും നന്നായിരുന്നു.

കെവിൻ ജെയിംസ് തന്റെ റോൾ നന്നായി തന്നെ ചെയ്തിട്ടുണ്ട്. അഭിനയിച്ചു ഫലിപ്പിക്കാൻ ഉതകുന്നതായിട്ടൊന്നുമില്ലയെങ്കിലും തരക്കേടില്ലാരുന്നു. ആക്ഷൻ സീനുകളിൽ എല്ലാം അദ്ദേഹം വളരെ മികച്ച രീതിയിൽ ചെയ്തു. വിശ്വസനീയവുമായിരുന്നു. ആൻഡി ഗാർസിയ തന്റെ കഥാപാത്രത്തെ രസകരമായി അവതരിപ്പിച്ചു. ഇപ്പോഴുണ് ഗ്ളാമറിന് ഒരു കുറവുമില്ല. വളരെ ചുരുക്കം ഹോളിവുഡ് സിനിമകളിൽ തല കാണിച്ചിട്ടുള്ള സുലെ ഹെണാവോ ആണ് നായിക. കുഴപ്പമില്ല, അതിനപ്പുറത്തേക്ക് ഒന്നും തോന്നിയില്ല..

പ്രകീർത്തിച്ചു പറയേണ്ട ഒന്നുമില്ലയെങ്കിലും, ചുമ്മാ ഒരു നേരമ്പോക്കിന് അത് ഒരു തവണ മാത്രം കാണാൻ കഴിയുന്ന ഒരു കോമഡി സിനിമ.

എൻറെ റേറ്റിംഗ് 5.5 ഓൺ 10

കെവിൻ ജെയിംസിനെ ഇഷ്ടപ്പെടുന്നവർക്ക് ചിലപ്പോൾ ഇതൊരു നല്ല സിനിമയായി മാറാനും സാധ്യതയുണ്ട്

Sunday, November 20, 2016

207. Time Renegades (Siganitalja) (2016)

ടൈം റെനെഗേഡ്സ് (സിഗാനിറ്റൽജ) (2016)




Language : Korean
Genre : Action | Drama | Fantasy | Romance | Thriller
Director : Jae-Yong Kwak
IMDB : 6.9

Time Renegades Theatrical Trailer



ടൈം ട്രാവലും പ്രണയവും ഫാന്റസിയും മിസ്റ്ററിയും ആക്ഷനും ക്രൈമും എല്ലാം ഒത്തു ചേർന്ന ഒരു  മികച്ച ത്രില്ലർ ആണ് ടൈം റെനഗേഡ്സ്. കൊറിയയിലെ ഈ വർഷത്തെ മികച്ച ബ്ലോക്ക്ബസ്റ്റർ ആയി മാറിയ ഈ  ചിത്രം സംവിധാനം ചെയ്തത് ക്വേക് ജെ യോങ്.

കഥ ഒറ്റ വരിയിൽ പറഞ്ഞൊതുക്കാൻ സാധിക്കുമോ എന്നറിയില്ല.. എന്നിരുന്നാലും ഒന്ന് ശ്രമിച്ചു നോക്കാം. 1983ലെ ബാക്ക് ജി വാൻ എന്ന സ്‌കൂൾ ടീച്ചറും 2015ലെ ഗുൺ വൂ എന്ന ഡിറ്റക്ടീവും ഒരേ സമയം തങ്ങൾ പ്രേമിക്കുന്ന പെൺകുട്ടിയെ ഒരു സീരിയൽ കില്ലറിന്റെ പിടിയിൽ നിന്നും രക്ഷിക്കാൻ ഉള്ള ഉദ്യമം ആണ് ചിത്രത്തിൻറെ ഇതിവൃത്തം. (കഥ മുഴുവൻ ആയി പറഞ്ഞാൽ ഈ ചിത്രത്തിൻറെ ത്രിൽ പോകും എന്നത് കൊണ്ടും കൂടിയാണ്).

ടൈം ട്രാവലിൻറെ പുതിയ ഒരു പതിപ്പ് ആണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കണ്ടു പഴകിയ ടൈം മെഷീനും ഒക്കെ ഈ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട് എന്നാൽ ഭൂത കാലത്തുണ്ടാക്കുന്ന മാറ്റങ്ങൾ ഭാവിയിൽ മാറുന്നതും ഒക്കെ കൃത്യമായി കാണിക്കുന്നുമുണ്ട്. ചിലപ്പോഴൊക്കെ ഇൻസെപ്ഷൻ എന്ന നോളൻ ചിത്രത്തിൻറെ ആശയം ഇതിൽ കടമെടുത്തിട്ടുണ്ട്. കാരണം, ഇവിടെ അവർ ഭൂതകാലത്തിലേക്കും മറിച്ചുമുള്ള സഞ്ചാരം സ്വപ്നത്തിലൂടെയാണ് നടത്തുന്നത്. അത് കൊണ്ട് തന്നെ മറ്റുള്ള ഇതര ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാവുന്നു. കഥയും സംവിധാനവും ചിത്രത്തിൻറെ ആഖ്യാനവും മികച്ചു നിൽക്കുന്നു. ഒരു നിമിഷം പോലും രസചരട് പൊട്ടിക്കാതെ സസ്‌പെൻസും റൊമാന്സും ആക്ഷനും ഫാന്റസിയും കലർന്ന ഈ ചിത്രത്തിൽ ക്വേക് ജെ യോങ് തന്റെ കൃത്യം ഭംഗിയായി നിർവഹിച്ചിരിക്കുന്നു. 

ചിത്രത്തിൻറെ വിഷ്വലുകൾ മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. 80കളുടെ കാലഘട്ടം orange warm ഫിൽറ്റർ ആണെങ്കിൽ 2015 കാലഘട്ടം blue cold ഫിൽട്ടറും ഉപയോഗിച്ചിരിക്കുന്നത് കൊണ്ട് ഒരു പ്രേക്ഷകനെ അധികം കുഴയ്ക്കാതെ തന്നെ കാലഘട്ടങ്ങൾ മനസിലാക്കി കൊടുക്കുന്നു. ക്യാമറവർക്, ലൈറ്റിംഗ് ഒക്കെ മികച്ച രീതിയിൽ തന്നെ 
ചെയ്തിട്ടുണ്ട്. അൽപ സ്വല്പം കുറവുകൾ ചിത്രത്തിൽ ഉണ്ടെങ്കിലും, അതൊക്കെ മറന്നു കളയാൻ പാകത്തിൽ നമ്മെ ഈ ചിത്രം മുന്നോട്ടു കൊണ്ട് പോകാൻ സഹായിക്കും. അത് കഥയും അതിൻറെ ആഖ്യാനവും ആണെന്നുള്ളത് എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.
മികച്ച രീതിയിൽ തന്നെ സംഗീതം ഈ ചിത്രത്തിന് നൽകിയിട്ടുണ്ട്. ആരാണ് സംഗീതജ്ഞൻ എന്നറിയാത്തതു  പേര് പരാമർശിക്കുന്നില്ല. 

രണ്ടു നായകനും ഒരു നായികയും ഉള്ള ചിത്രത്തിൽ, 1983ലെ നായകൻ ആയ  ജോ ജംഗ് സുക്, ഇരട്ട കാലഘട്ടത്തിലെ നായിക സൂ ജുങ്, 2015 le നായകൻ കിം ഗുൻ വൂ എന്നിവർ അവതരിപ്പിച്ചിരിക്കുന്നു. മൂവരും തങ്ങളുടെ കഥാപാത്രങ്ങൾ പ്രേക്ഷകന്റെ മനസ്സിൽ പതിയുന്ന രീതിയിൽ തന്നെ അവർ അഭ്രപാളിയിൽ അവതരിപ്പിച്ചു. മറ്റൊരു പ്രധാന കഥാപാത്രത്തെ  അവതരിപ്പിച്ച ജിൻ യാങ് ജങ് നല്ല പ്രകടനം കാഴ്ച വെച്ചു.

കുറച്ചൊക്കെ കുറവുകൾ ഉണ്ടെങ്കിലും ശരിക്കും ആസ്വദിച്ചു കാണാൻ പറ്റുന്ന ഒരു ടൈം ട്രാവലിംഗ് ചിത്രം. 

എന്നെ ഈ ചിത്രം പൂർണമായും തൃപ്തിപ്പെടുത്തിയത് കൊണ്ട് ഞാൻ നൽകുന്ന മാർക്  8.3 ഓൺ 10.

കൊറിയയിലെ ഈ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററിൽ ഒന്നാണ് ഈ ചിത്രം. 

Wednesday, November 16, 2016

206. Hacksaw Ridge (2016)

ഹാക്ക്സോ റിഡ്‌ജ് (2016)



Language : English
Genre : Action | Biography | Drama | History | War
Director : Mel Gibson
IMDB : 8.7

Hacksaw Bridge Theatrical Trailer


 
ഡെസ്മണ്ട് ഡോസ് - ഈ പേര് ഈ ചിത്രം ഇറങ്ങുന്നത് വരെയും അന്യം നിന്ന ഒന്നായിരുന്നു. ഇദ്ദേഹം ആരാണെന്നു പോലും എനിക്കറിയില്ലായിരുന്നു. മേൽ ഗിബ്‌സൺ എന്ന സംവിധായകനിൽ അർപ്പിച്ച പ്രതീക്ഷ എന്നെ ഡെസ്മണ്ട് ഡോസ് എന്ന ധീരനായ ഒരു പട്ടാളക്കാരനെ പരിചയപ്പെടുത്തി.ഒരു തോക്കു പോലും  ഏന്താതെ അമേരിക്കയ്ക്ക് വേണ്ടി യുദ്ധത്തിൽ പങ്കെടുത്തു 75 മുറിവേറ്റ പട്ടാളക്കാരെ രക്ഷപെടുത്തി ധീരനായ പോരാളി.

ഒരു സുപ്രധാന നിമിഷത്തെ അബദ്ധം മൂലം, താനിനി തോക്കു കൈ കൊണ്ട് തൊടില്ലയെന്നും അത് മൂലം ഒരാളുടെ ജീവൻ അപഹരിക്കില്ല എന്നും പ്രതിജ്ഞയെടുത്ത ഡെസ്മണ്ട് ഡോസ് രണ്ടാം ലോക മഹായുദ്ധ സമയത്തു എങ്ങിനെയും രാജ്യത്തെ സേവിക്കണം എന്ന ലക്ഷ്യത്തോടെ പട്ടാളത്തിൽ ചേരുന്നു. അവിടെ പല യാതനകൾ അനുഭവിക്കേണ്ടി വന്നെങ്കിലും തന്റെ ദൃഢനിശ്ചയത്തിൽ അദ്ദേഹം ഉറച്ചു നിന്നു. ജപ്പാനിലെ യോകിനാവായിൽ Maeda Escarpment (ഹാക്ക്സൊ റിഡ്ജ് എന്നു അമേരിക്കൻ പടയാളികൾ വിളിക്കുന്ന ഒരു പർവത ശ്രിംഖല) എന്ന സ്ഥലത്തു നടക്കുന്ന യുദ്ധത്തിലേക്ക് ഡോസിനെ ഒരു മെഡിക്ക് ആയി അയക്കുന്നു. പിന്നീട് നടക്കുന്നതെല്ലാം ഒരു കോരിത്തരിപ്പോടു കൂടി മാത്രമേ നമുക്ക് കണ്ടിരിക്കാനാകൂ..

എന്ത് പറയാൻ ആണ് ഈ ചിത്രത്തെ പറ്റി. ഒറ്റ വാക്കിൽ പറഞ്ഞാൽ അത്യുഗ്രൻ. ആദ്യ പകുതിയിൽ ഒരു കുടുംബചിത്രം മാതിരി ഡോസിന്റെ വളർന്ന കാലഘട്ടവും പ്രണയവും കുടുംബവും പട്ടാളത്തിലുള്ള ട്രെയിനിങ്ങുമാണ് എങ്കിൽ രണ്ടാം പകുതി അത്യധികം ആവേശഭരിതമായതും അതിഘോരവുമായ യുദ്ധത്തിലുള്ള ഡോസിന്റെ ജീവിതവുമാണ് കാട്ടുന്നത്. യുദ്ധം കൊണ്ട് മനുഷ്യർക്കുണ്ടാകുന്ന പ്രത്യേകിച്ചു പ്റട്ടാളക്കാർക്കുണ്ടാകുന്ന കഷ്ടപ്പാടുകളും മറ്റുമാണ് ചിത്രം അനാവരണം ചെയ്യുന്നത്. രണ്ടു പകുതികളും നമുക്ക് വളരെയധികം ഇഷ്ടപ്പെടും. ആദ്യ പകുതി മധുരമേറിയതും രണ്ടാം പകുതി വളരെ ഘോര വയലൻസും നിറഞ്ഞ ഒരു സമ്പൂർണ ചിത്രം എന്നും വിശേഷിപ്പിക്കാം.

ആൻഡ്രൂ നൈറ്റും റോബർട്ട് ഷെങ്കനും എഴുതിയ കഥ മെൽ ഗിബ്‌സൺ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിൻറെ സംവിധാന മികവ് ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാമല്ലോ. അദ്ദേഹത്തിൻറെ സംവിധാന മികവ് അറിയണമെങ്കിൽ ബ്രേവ്ഹാർട്ട്, അപോകലിപ്റ്റോ, പാഷൻ ഓഫ് ദി ക്രൈസ്ട് എന്നീ വിഖ്യാത ചിത്രങ്ങൾ മാത്രം കണ്ടാൽ മതിയാവും. മികവുറ്റ സംവിധാനം ആണ് ചിത്രത്തിൻറെ മുതൽകൂട്ട്. ഒരു നിമിഷം പോലും നമ്മെ വേറെ ഒരു കാര്യവും ചിന്തിക്കാൻ വിടാത്ത രീതിയിലുള്ള ആഖ്യാനവും തിരക്കഥയും. ഈ രണ്ടു വിഭാഗങ്ങളിലുപരി ചിത്രത്തിൻറെ കാസ്റ്റിംഗ് പെർഫെക്ട് എന്നു വിശേഷിപ്പിക്കാം. ഓരോ കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ പതിയുന്ന ഒന്നായി മാറ്റാൻ കാസ്റ്റിംഗ് ഡയറക്ടറിന് കഴിഞ്ഞു. അവരെ തിരഞ്ഞെടുത്തത് കൊണ്ടാണല്ലോ, ആ കഥാപാത്രങ്ങൾക്ക് നമ്മുടെ മനസ്സിൽ ഇടം നേടാൻ കഴിഞ്ഞത്.

അതിഘോര വയലൻസ് ആണ് രണ്ടാം പകുതിയിൽ കാണാൻ കഴിയുന്നത്. ശക്തിയില്ലാത്ത മനസുമായി കണ്ടാൽ ചിലപ്പോൾ.. ദഹിക്കാൻ ഇത്തിരി ബുദ്ധിമുട്ടുണ്ടാകും. മേൽ ഗിബ്സന്റെ മുൻപുള്ള ചിത്രങ്ങൾ ഇഷ്ടപ്പെട്ടിട്ടുള്ളവർക്കു ധൈര്യമായി മുഴുവനും കാണാൻ സാധിക്കും.

സംഗീതവും വളരെ മികച്ചതായിരുന്നു, ഒരു യുദ്ധ ചിത്രത്തിന് വേണ്ട രീതിയിൽ തന്നെ സംഗീതം തയാറാക്കിയിട്ടുണ്ട്. പുതുമ ഉള്ള സംഗീതം അല്ലായെങ്കിലും തന്നെ ഏല്പിച്ച ചുമതല റുപേർട് ഗ്രെഗ്‌സൺ വില്യംസ് വൃത്തിയായി നിർവഹിച്ചിട്ടുണ്ട്.

ക്യാമറാമാനായ സൈമൺ ദുഗ്ഗന്റെ നാലാമത്തെ ചിത്രമാണിത്. മുൻപ് വാർക്റാഫ്റ്റ്‌, ദി ഗ്രേറ്റ് ഗാറ്സ്ബി, 300 ഭാഗം 2  എന്നീ ചിത്രങ്ങൾക്കാണ് അദ്ദേഹം ക്യാമറ ചലിപ്പിച്ചത്. അദ്ദേഹത്തിൻറെ ക്യാമറവർക്കും മോശം പറയേണ്ട ഒന്നായി തോന്നിയില്ല.

പോരായ്മ തോന്നിയ ഒരു കാര്യം പറയുക ആണെങ്കിൽ ചിത്രത്തിൻറെ ഗ്രാഫിക്‌സും ഒക്കെ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഒരു മികച്ച ചിത്രമായി വിശേഷിപ്പിക്കാൻ കഴിയുമായിരുന്നു. വിഎഫ്എക്‌സിൽ ചെറിയ തോതിൽ ഒരു പാളിച്ച ഉണ്ടായി. പക്ഷെ ചിത്രത്തിൻറെ പൂർണതയും ഉദ്ദേശിച്ച കാര്യം നടത്തിയതും ബജറ്റും വെച്ച് നോക്കുക ആണെങ്കിൽ നമുക്കതു ക്ഷമിക്കാവുന്ന കാര്യം മാത്രമാകുന്നു.

മുൻ സ്പൈഡർമാനെ അവതരിപ്പിച്ച ആൻഡ്രൂ ഗാർഫീൽഡ് ആണ് ചിത്രത്തിൽ ഡെസ്മണ്ട് ഡോസിനെ അവതരിപ്പിച്ചത്. ഒരു ചെറിയ പേടി എന്റെ മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും, ചിത്രം കണ്ടു കഴിഞ്ഞപ്പോൾ ഒന്നെഴുന്നേറ്റു നിന്നു കൈയ്യടിക്കണം എന്നു തോന്നിപ്പോയി. എന്ത് ഭംഗിയായി ആണ് അദ്ദേഹം ഡോസിനെ തിരശീലയിൽ ആടിത്തകർത്തത്. ഒരിക്കൽ പോലും ഇത് സ്‌പൈഡർമാൻ ആണ് എന്ന തോന്നൽ മനസ്സിൽ ഉണ്ടായില്ല. അമ്മാതിരി സ്‌ക്രീൻ പ്രസൻസ് ആയിരുന്നു. വളരെ മികച്ച ഒരു റോൾ തന്നെയാണ്. ഒരു അവാർഡിനുള്ള നോമിനേഷനും ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.

സാം വർത്തിങ്ങ്ടൻ, അവതാറിന്‌ ശേഷം മനസ്സിൽ താങ്ങി നിൽക്കുന്ന ഒരു വേഷം ചെയ്തു. ക്യാപ്റ്റൻ ഗ്ലോവർ ആയി മികച്ച പ്രകടനം കാഴ്ച വെച്ചു. കൊമേഡിയൻ ആയ വിൻസ് വോൻ സെർജെന്റ് ഹോവാൾ ആയി നല്ല അഭിനയം ആണ് നടത്തിയത്. ലുക്ക് ബ്രെസി സ്‌മിറ്റി റൈക്കാർ എന്ന പട്ടാളക്കാരന്റെ റോൾ തന്മയത്വത്തോടെ ചെയ്തു. എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രത്തിലൊന്നുമായി മാറി. മാട്രിക്സ് വില്ലൻ എന്നു പറഞ്ഞാൽ എല്ലാവർക്കുമറിയുന്ന ഹ്യൂഗോ വീവിങ് മദ്യപനായ ഡോസിന്റെ അച്ഛനായി അസാധാരണ പ്രകടനം കാഴ്ച വെച്ചു. വളരെ മികച്ച റോൾ തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. സ്‌ക്രീൻ സ്‌പേസ് കുറവായിരുന്നുവെങ്കിലും തെരേസ പാമർ വളരെ മികച്ചതാക്കി. ഒരു ഗ്രാമീണ സുന്ദരിയായി തോന്നി. നിരവധി പേർ ഉൾപ്പെട്ട ചിത്രത്തിൽ ഓരോ കലാകാരന്മാരും അവരവരുടെ റോൾ മികച്ചതാക്കി. മേൽ ഗിബ്‌സൺ എന്ന സംവിധായകന്റെ മിടുക്കും ഇവിടെ പരാമർശിച്ചേ മതിയാകൂ..

ഡിവിഡി/ബ്ലൂറേ ഒക്കെ ഇറങ്ങുന്നത് വരെ കാത്തു നിൽക്കാതെ തീയറ്ററിൽ കാണണേണ്ട ഒരു ചിത്രമാണ് ഹാക്ക്സോ റിഡ്ജ്.. യുദ്ധ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഒഴിവാക്കാൻ കഴിയാത്ത ഒരു ചിത്രം.

എന്റെ റേറ്റിംഗ് 9.4  ഓൺ 10

ചിത്രം ഒരു ബ്ലോക്ക്ബസ്റ്റർ ആകുമോ എന്നു സംശയമുണ്ട്, എന്നിരുന്നാലും word of mouthലൂടെ കളക്ഷനിൽ വർദ്ധനവ് ഉണ്ടാകുന്നുണ്ട്. വിജയം സുനിശ്ചിതം. ഈ വർഷത്തെ ഓസ്കാറിൽ നിരവധി അവാർഡുകൾ വാരിക്കൂട്ടാൻ സാധ്യത ഉള്ള ചിത്രം എന്നാണെന്റെ മുൻവിധി.

Monday, November 14, 2016

205. Doctor Strange (2016)

ഡോക്ടർ സ്‌ട്രേഞ്ച് (2016)


 
Language: English
Genre : Action | Adventure | Fantasy
Director : Scott Derrickson
IMDB : 8.0

Doctor Strange Theatrical Trailer




വളരെക്കാലമായി മാർവലിന്റെ ഡോക്ടർ സ്‌ട്രേഞ്ച് എന്ന ചിത്രത്തിന് വേണ്ടിയിട്ടുള്ള കാത്തിരിപ്പു ഞാൻ തുടങ്ങിയിട്ട്, കാരണം മറ്റൊന്നുമല്ല ഡെഡ്പൂൾ പോലെ ഒരു വ്യത്യസ്തമായ സൂപ്പർ ഹീറോ ആണ് സ്വഭാവത്തിലും വിചിത്രത വെച്ച് പുലർത്തുന്ന ഡോക്ടർ സ്‌ട്രേഞ്ച്. ട്രേയിൽ കണ്ടപ്പോഴും ഞാൻ ഒട്ടും നിരാശനായില്ല കാരണം തീയറ്ററിൽ നിന്നും ഈ ചിത്രം കാണുന്ന ഒരുവന് കൊടുക്കാവുന്നതിന്റെ പരമാവധി ദൃശ്യാനുഭവം കൊടുക്കാനുതകുന്ന ഒന്ന് തന്നെയാണ് പ്രതീക്ഷിച്ചു. അതിനാൽ റിലീസായത്തിന്റെ മൂന്നാമത്തെ ദിവസം തന്നെ കാണുവാൻ തീയറ്ററിൽ കയറി. എന്റെ പ്രതീക്ഷകൾക്ക് വിപരീത ഫലം ഒന്നും നൽകാതെ ഒരു മികച്ച ദൃശ്യാനുഭവം ആക്കി തീർത്തു ഈ ചിത്രം.

സിറ്റിയിലെ ഏറ്റവും മികച്ച ഒരു ന്യൂറോ സർജൻ ആണ് ഡോക്ടർ സ്റ്റീഫൻ സ്‌ട്രേഞ്ച്. എന്നാൽ ഒരു നിമിഷത്തെ തന്റെ ശ്രദ്ധക്കുറവ് മൂലം സംഭവിക്കുന്ന ഒരു ദാരുണ അപകടത്തിൽ അദ്ദേഹത്തിൻറെ കൈകൾക്കുള്ള പൂർണശേഷി നഷ്ടപ്പെടുന്നു. തന്റെ നഷ്ടപ്പെട്ട കഴിവ് തിരിച്ചെടുക്കുവാൻ വേണ്ടി നേപ്പാളിലുള്ള കമർ താജിലേക്കു അദ്ദേഹം പോകുന്നു. പക്ഷെ, അവിടെ അയാൾ പ്രതീക്ഷിച്ചതിനുമപ്പുറമുള്ള ലോകം ആണ് കാണാൻ കഴിയുന്നത്. അവിടെ ഏൻഷ്യന്റ് വൺ എന്ന് വിളിപ്പേരുള്ള ഒരു യോഗി അദ്ദേഹത്തെ തങ്ങളുടെ മായാജാലം പഠിപ്പിക്കുന്നു. സ്‌ട്രേഞ്ചിന്റെ ഈഗോ മാറ്റി വെച്ച്, തങ്ങളുടെ ലോകത്തെ ഇരുട്ടിന്റെ മറവു വരുത്താൻ വരുന്ന മറ്റുള്ള ലോകത്തിൽ നിന്നുള്ള ദുഷ്ട ശക്തികളെ നിഗ്രഹിച്ചു ഭൂമിയെ രക്ഷയ്ക്കുക എന്ന കർത്തവ്യം ഏറ്റെടുക്കുന്നു.

ബെനഡിക്ട് കമ്പർബാച്, ഡോക്ടർ സ്‌ട്രേഞ്ച് ആയി വളരെ മികച്ച അഭിനയം കാഴ്ച വെച്ചു. ഒരേ സമയം തമാശയും സീരിയസ്നസും പതിവ് പോലെ അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചു. ആക്ഷനും നന്നായിരുന്നു (ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടുണ്ടാവും).
റേച്ചൽ മാക്ആഡംസ് സ്‌ട്രേഞ്ചിന്റെ പ്രേമഭാജനാവും ഡോക്ടറും ആയ ക്രിസ്റ്റീൻ പാൽമറെ അവതരിപ്പിച്ചു. അവർക്കധികം സ്‌ക്രീൻ സ്‌പേസ് കുറവായിരുന്നു. എന്നിരുന്നാലും നന്നായി തന്നെ അഭിനയിച്ചു.
ഏൻഷ്യന്റ് വൺ എന്ന ദുരൂഹത നിറഞ്ഞ യോഗിയായി നല്ല പ്രകടനം കാഴ്ച വെച്ചു റ്റിൽഡാ സ്വിണ്ടൺ. ശിവേട്ടാൽ എജിയോഫോ അവതരിപ്പിച്ച മോർഡോ, ബെനഡിക്ട് വോങ് അവതരിപ്പിച്ച വോങ്, മാഡ്‌സ് മിക്കേൽസാൻ അവതരിപ്പിച്ച നേഗറ്റീവ് കഥാപാത്രം കെസീലിയസ് ഒക്കെ തരക്കേടില്ലാത്ത പ്രകടനം ആയിരുന്നു.

ഒരു വിഷ്വൽ ട്രീറ്റ് എന്നതിലുപരി മറ്റൊന്നും വെച്ചു നീട്ടുന്നില്ല ഈ ചിത്രം. കഴമ്പില്ലാത്ത കഥയും, കഥാപാത്രങ്ങൾക്കൊന്നും ആഴവും ഇല്ലാത്ത ചിത്രത്തിന് സംവിധായകനായ സ്‌കോട്ട് ടെറിക്സൺ വിഷ്വൽ ട്രീറ്റ് എന്ന മൂടുപടം ഇടുകയാണ് ചെയ്തത്. കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിരുന്നാണ് ശെരിക്കും പറഞ്ഞാൽ ഡോക്ടർ സ്‌ട്രേഞ്ച്. കോമഡിയും ആക്ഷനും മികച്ച രീതിയിൽ സമന്വയിപ്പിച്ചിട്ടുള്ളത് കൊണ്ട് ഒരു സാധാ പ്രേക്ഷകന്റെ മനസ് മൂടിക്കെട്ടാൻ കഴിയും. പക്ഷെ കഥയില്ലായ്മ (ചിലപ്പോൾ ഡോക്ടർ സ്‌ട്രേഞ്ച് എന്ന മാർവൽ സൂപ്പർ ഹീറോയെ അവതരിപ്പിക്കാൻ വേണ്ടിയുള്ള ചവിട്ടു പടിയാകാം ഈ ചിത്രം).നല്ലൊരു പരിധി നമ്മുടെ ആസ്വാദനത്തിന്റെ നിറം കെടുത്തുന്നുണ്ട്. ഇൻസെപ്ഷ്യനൊക്കെ കണ്ടിട്ടുള്ളവർക്കു, നല്ല രീതിയിൽ അതിൽ നിന്നും ആശയം ഉൾക്കൊണ്ടിട്ടുണ്ടാകാം എന്ന് പെട്ടെന്ന് തന്നെ മനസിലാക്കി തരുന്നു. ക്യാമറവർക്കും ഗ്രാഫിക്‌സും ഉജ്വലം തന്നെ (ചിലപ്പോൾ ഗ്രാഫിക്സിനു ഒരു ഓസ്കാർ പ്രതീക്ഷിക്കാം). എന്റെ പ്രിയപ്പെട്ട സംഗീതജ്ഞനായ മൈക്കൽ ജിയാച്ചീനോ ചെയ്ത പശ്ചാത്തല സംഗീതം ചിത്രത്തിനോടിഴ ചേർന്നു നിന്നു. ചിത്രം മുന്നോട്ടു കൊണ്ട് പോകാൻ സംഗീതത്തിന് നല്ല രീതിയിൽ കഴിഞ്ഞു എന്നും പറയാം.

നിങ്ങളെ വിസ്മയിപ്പിക്കുന്ന ഒരു ത്രീഡി വിഷ്വൽ ട്രീറ്റ് കാണണമെന്നാഗ്രഹമുണ്ടെങ്കിൽ അടുത്തുള്ള തീയറ്ററിൽ നിന്നും തന്നെ കാണുക. (വേറെ സംഭവങ്ങൾ ഒന്നും പ്രതീക്ഷിക്കരുത്, ഇതൊരു സൂപ്പർ ഹീറോ ഫാന്റസി ചിത്രം മാത്രമെന്ന് മനസ്സിൽ വെയ്ക്കുക).

എന്റെ റേറ്റിംഗ് : 7.0 ഓൺ 10

മാർവൽ ഫ്രാഞ്ചൈസിയുടെ ലോഗോ ഒക്കെ പുതിയ രീതിയിൽ കൊണ്ട് വന്നു, അത് നന്നായി എനിക്കിഷ്ടപ്പെട്ടു.
ചിത്രം കഴിഞ്ഞു എൻഡ് ക്രെടിട്സ് കൂടെ
മാർവലിന്റെ  മികച്ച ചിത്രങ്ങളുടെ പട്ടികയിലൊന്നും ഈ ചിത്രം ഇടം പിടിക്കുകയില്ല.. എന്നാലും മോശം എന്നൊന്നും പറയാനും കഴിയില്ല.

Saturday, November 12, 2016

204. The Magnificent Seven (1960)

ദി മാഗ്നിഫിഷെൻറ് സെവൻ (1960)


Language : English
Genre : Action | Western
Director: Jim Sturges
IMDB : 7.8

The Magnificent Seven Theatrical Trailer



അകിര കുറൊസാവ എന്ന ഇതിഹാസ സംവിധായകൻറെ 1954ൽ ഇതിഹാസ ചലച്ചിത്രകാവ്യമായിരുന്നു സെവൻ സാമുറായി (ശിചിനിൻ നോ സാമുറായി). പ്രമേയം കൊണ്ടും അവതരണം കൊണ്ടും നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും പിടിച്ചു പറ്റിയ ഈ ജാപ്പനീസ് ചിത്രം ബോക്സോഫീസിലും ഒരു കോളിളക്കം സൃഷ്ടിച്ചു. നിരവധി അവാർഡുകളും വാരിക്കൂട്ടുകയും ചെയ്തു. ഈ ചിത്രം ലോകമെമ്പാടുമുള്ള സിനിമാ വ്യവസായത്തിന് ഒരു പുത്തൻ ഉണർവ് നൽകുകയും, പല ഭാഷകളിൽ ഇത് പുനർ നിർമ്മിക്കുകയും ഉണ്ടായി.

അപ്പോൾ പറഞ്ഞു വരുന്നത് മറ്റൊന്നുമല്ല പൂർണമായും സെവൻ സാമുറായിയുടെ റീമേക്ക് ആയിരുന്നു അറുപതിൻറെ തുടക്കത്തിൽ ഇറങ്ങിയ ജോണ് സ്റ്റർഗസ് സംവിധാനം ചെയ്ത ദി മാഗ്നിഫിസൻറ് സെവൻ. സെവൻ സാമുറായി വാളേന്തിയ യോദ്ധാക്കൾ ആയിരുന്നുവെങ്കിൽ ഈ ഹോളിവുഡ് ചിത്രത്തിൽ തോക്കുധാരികളായ വെസ്റ്റേൺ സ്വാധീനമുള്ള ആളുകൾ ആയിരുന്നു.

കൊള്ളക്കാരുടെ തലവനായ കാൽവേറെയും അയാളുടെ കാലാളുകളും നിരന്തരമായി കൃഷിക്കാർ മാത്രമുള്ള മെക്സിക്കൻ ഗ്രാമം നിരന്തരമായി കൊള്ളയടിച്ചു കൊണ്ടിരുന്നു. അവർ ക്രിസ് ആഡംസ് എന്ന തോക്കുധാരിയായ പോരാളിയെ ആ ഗ്രാമവാസികൾ കണ്ടു മുട്ടുകയും അയാളോട് തങ്ങൾക്കു സംഭവിച്ച കാര്യങ്ങൾ എല്ലാം തുറന്നു പറയുന്നു. ഇത് കേട്ട ഉടനെ, ക്രിസ് അവരോടു പറയുന്നു, നിങ്ങൾ കുറച്ചു പോരാളികളെ വാടയ്ക്കെടുത്തു കൊള്ളക്കാരോട് ഏറ്റുമുട്ടാൻ പറയുന്നു. ഗ്രാമവാസികൾ ക്രിസിനോട് തങ്ങളുടെ രക്ഷകൻ ആകാൻ കഴിയുമോ എന്ന് നിർബന്ധിക്കുന്നു. അങ്ങിനെ ക്രിസ് ആ ഗ്രാമത്തിനു രക്ഷകൻ ആകുന്നു. പിന്നീട് ആറു വ്യത്യസ്ത രീതികൾ അവലംബിക്കുന്ന യോദ്ധാക്കളെ ഈ കൃത്യത്തിനായി തന്റെ കൂടെ ചേർത്തു. അവർ കൊള്ളക്കാരുടെ വരവിനായി കാത്തിരിക്കുന്നു. ശേഷം സ്‌ക്രീനിൽ.

ഈ ചിത്രത്തിൽ ഏറ്റവും ആദ്യം പ്രശംസിക്കേണ്ടത് മുഖ്യവില്ലനെ അവതരിപ്പിച്ച ഏലി വല്ലാക്കിനെ ആണ്. അദ്ദേഹത്തിൻറെ കയ്യിൽ കാൽവെര എന്ന കഥാപാത്രം ഭദ്രമായിരുന്നു. വളരെ മികച്ച പ്രകടനം ആണ് അദ്ദേഹം കാഴ്ച വെച്ചത്. ഒരു മികവുറ്റ വില്ലനെ തന്നെ അദ്ദേഹം അവതരിപ്പിച്ചു. നോക്കിലും വാക്കിലും അദ്ദേഹത്തിൻറെ ഡയലോഗ് ഡെലിവറിയിൽ കൂടി പ്രതിഫലിച്ചു. അദ്ദേഹത്തിൻറെ അഭിനയം കാണാനും വേണ്ടി തന്നെ ഉണ്ട്. അത്ര മികവുറ്റ പ്രകടനം.
യൂൾ ബ്രൈന്നർ, ക്രിസ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചു. പൊതുവെ ശാന്ത സ്വഭാവം വെച്ച് പുലർത്തുന്ന വികാരങ്ങൾ ഒന്നും മുഖത്തു മിന്നി മറയാത്ത കഥാപാത്രം അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു എന്ന് പറയാം.
പഴയകാല നായക നടന്മാരിൽ എനിക്കേറ്റവും പ്രിയപ്പെട്ട സ്റ്റീവ് മക്വീൻ ഉപനായകനായ ക്രിസിനെ അവതരിപ്പിച്ചു. നല്ല രസമുണ്ടായിരുന്നു പുള്ളിയുടെ കഥാപാത്രം കാണുവാൻ. അതവതരിപ്പിച്ച രീതിയും നന്നായിരുന്നു.
ചാൾസ് ബ്രോൺസൺ മാഗ്നിഫൈസാൻറ് സെവനിലെ ഒരു നല്ല കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിനധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
മറ്റുള്ളവരെ ഒന്നും അധികം പരിചയമില്ലാത്ത കൊണ്ട് അധികം പ്രതിപാദിക്കുന്നില്ല. എന്നിരുന്നാലും എല്ലാ കലാകാരന്മാറാനും ചിത്രത്തിനാവശ്യമായ രീതിയിൽ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

നിരവധി ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് വേണ്ടി സംഗീതം പകർന്ന എൽമർ ബേൺസ്റ്റീൻ ആണ് ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചത്. വളരെ മികച്ചു തന്നെ നിന്നു.

ഈ ചിത്രത്തിന്റെ കപ്പിത്താൻ എന്നാണു ഞാനീ സിനിമയുടെ സംവിധായകനെ വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നത്. അകിരയുടെ സെവൻ സാമുറായി ഹോളിവുഡിലേക്ക് പറിച്ചു നടുമ്പോഴും, അതിന്റെ കലാമൂല്യം ഒട്ടും തന്നെ ചോർന്നു പോകാതെ ഒരു കൗപോയി രീതിയിലേക്ക് മാറ്റി, മികവുറ്റതാക്കി. നല്ല വേഗതയാർന്ന ആഖ്യാനവും കിടിലൻ ക്യാമറവർക്കും ചിത്രത്തെ ആ കാലഘട്ടത്തിലെ മികച്ച വെസ്‌റ്റേൺ ചിത്രങ്ങളിലൊന്നാക്കി മാറ്റി. പക്ഷെ അമേരിക്കയിൽ ഈ ചിത്രം ഒരു വലിയ ബ്ലോക്ബസ്റ്റർ ആയില്ല എന്നതാണ് വിഷമകരമായ അവസ്ഥ. ഇത്രയും വലിയ കാസ്റ്റും ചിത്രത്തിൻറെ ബജറ്റും പ്രതികൂല കാരണങ്ങളായി എന്നിരുന്നാലും യൂറോപ്പിയൻ രാജ്യങ്ങളിൽ ഈ ചിത്രം വലിയ വിജയവുമായി മാറി.
പിന്നീട് ഈ ചിത്രത്തിന് മൂന്നു ഭാഗങ്ങൾ വന്നെങ്കിലും എല്ലാം ആദ്യത്തേതിന്റെ അത്രയും പോലും വിജയിച്ചില്ല...

അറുപതുകളിൽ ഇറങ്ങിയ ചിത്രമാണെങ്കിലും അവസാന നിമിഷം വരെ നമ്മെ ആകാശയുടെയും ആവേശത്തിന്റെയും മുൾമുനയിൽ നിർത്തുന്ന ഒരു സാഹസിക ചിത്രം.

എന്റെ റേറ്റിങ് : 8.5  ഓൺ 10 

ഭാരതത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ വരുന്ന ഷോലെ പകർത്തിയെടുത്ത നാല് ചിത്രങ്ങളിലൊന്നാണ് ഈ ചിത്രം.

Tuesday, November 8, 2016

203. Pulimurugan (2016)

പുലിമുരുഗൻ (2016)

Language : Malayalam
Genre : Action | Drama | Thriller
Director : Vaishakh
IMDB : 8.3

Pulimurugan Theatrical Trailer


കേട്ടറിവിനേക്കാൾ വലുതാണ് മുരുഗൻ എന്ന സത്യം. സിനിമ ഇവിടെ ഗൾഫിൽ റിലീസ് ആകുന്നതിനു മുൻപ് താറടിക്കുന്ന റിവ്യൂ മുതൽ പുകഴ്ത്തി ഉള്ള റിവ്യൂ കണ്ടിട്ടുണ്ട്. അത് കൊണ്ട് കേട്ടറിഞ്ഞ (ഭൂരിഭാഗവും നെഗറ്റീവ് റിവ്യൂ) അഭിപ്രായങ്ങൾ മനസ്സിൽ ഉറപ്പിച്ചു കൊണ്ടാണ് ചിത്രം കാണാൻ ഇന്നലെ തീയറ്ററിൽ കയറിയത്. ഞാൻ താമസിക്കുന്നതിന് എതിർവശത്തായാണ് ഡീർഫീൽഡ്സ് മാൾ, അവിടെയും സിനി റോയൽ മൾട്ടിപ്ലെക്സിൽ ആണ് ഞാൻ സിനിമ കാണുന്നത്. ഒരു സാധാരണ സിറ്റിയിൽ നിന്നും വിട്ടു മാറി അറബികൾ കൂടുതൽ അധിവസിക്കുന്ന എന്റെ സ്ഥലത്തു ഒരു മലയാളം ചിത്രത്തിന് 60-70% ആളുകൾ (അതിൽ അറബികളും തമിഴന്മാരും ഉണ്ട്) നിറഞ്ഞിരിക്കുന്നത് കണ്ടു എനിക്ക് ശരിക്കും അത്ഭുതമായാണ് തോന്നിയത്. ഇതേ തീയറ്ററിൽ കലി എന്ന ചിത്രം കാണുമ്പോൾ വെറും അഞ്ചു പേർ മാത്രമാണുണ്ടായത്.

ചെറുപ്പ കാലത്തു സംഭവിച്ച ദുരന്തം മൂലം നരഭോജികളായ പുലികളോട് ഒരു പ്രത്യേക വൈരം  ആണ് മുരുഗൻ വെച്ച് പുലർത്തുന്നത്. പുലിയൂർ എന്ന ഗ്രാമത്തിനെ പലപ്പോഴായി മുരുഗൻ പുലിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുത്തിയിട്ടുമുണ്ട്. ഒരു തികഞ്ഞ യോദ്ധാവായ പുലിമുരുകന് കാടെല്ലാം ഒരു പാഠപുസ്തകം പോലെ കാണാപാഠമാണ്. തന്റെ അനുജന് പറ്റുന്ന ഒരു അത്യാഹിതവും അതിൻമൂലം ഉണ്ടാകുന്ന അനന്തരഫലം കാരണം പ്രതികാരത്തിനു മുരുകൻ ഇറങ്ങിത്തിരിക്കുന്നതാണ് കഥ.

പുലിമുരുഗൻ എന്ന സിനിമ മോഹൻലാൽ എന്ന നടന്റെ മാസ് പരിവേഷം പരിപൂർണമായി ഉപയോഗിച്ച സിനിമയാണ് പുലിമുരുഗൻ. മോഹൻലാൽ നിറഞ്ഞാടി എന്ന് പറയാം. അദ്ദേഹം ഈ പ്രായത്തിലും തന്റെ കഥാപാത്രത്തിനോട് കാണിക്കുന്ന അഭിനിവേശവും ആത്മാർത്ഥതയും ഒക്കെ ഇന്നത്തെ യുവജനങ്ങൾ കണ്ടു പേടിക്കേണ്ട ഒന്ന് തന്നെയാണ്. ആക്ഷൻ ഒക്കെ നല്ല വൃത്തിയായി തന്നെ ചെയ്തു. ആ മെയ്വഴക്കം പ്രശംസനീയം തന്നെയാണ്. (ചില ആക്ഷൻ സീനുകളിൽ ഡ്യൂപ് ഉപയോഗിച്ചിട്ടുണ്ട് എന്ന കാര്യം മറക്കുന്നില്ല). ചില ആക്ഷൻ സീനുകളിൽ എനിക്ക് വന്ന രോമാഞ്ചം..അത് പറഞ്ഞറിയിക്കാൻ കഴിയുന്നതല്ല.. മൊത്തത്തിൽ ഒരു മോഹൻലാൽ ഷോ തന്നെയായിരുന്നു പുലിമുരുഗൻ.
ഡി ഫോർ ഡാൻസ് ഫെയിം അജാസ് ചെയ്ത മുരുകന്റെ ചെറുപ്പ കാലം ഒരു മികച്ച കാസ്റ്റിംഗ് തന്നെയായിരുന്നു. അജാസ് തൻറെ കഥാപാത്രം നല്ല മികവോടെ തന്നെ അവതരിപ്പിച്ചു.

ലാൽ, ബലരാമൻ എന്ന അമ്മാവൻ കഥാപാത്രത്തിൽ ശരിക്കും നിറഞ്ഞാടി. നല്ല രസമുണ്ടായിരുന്നു അദ്ദേഹത്തിൻറെ റോൾ. കോമഡിയും നല്ല രീതിയിൽ കൈകാര്യം ചെയ്തു.ഈ സിനിമയിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു റോളിൽ ഒന്നാണ് ലാൽ ചെയ്ത ബലരാമൻ. ബലരാമന്റെ ചെറുപ്പ കാലം ചെയ്ത ആ യുവാവ്.. പേരറിയില്ല. അദ്ദേഹവും കുഴപ്പമില്ലാതെ തന്നെ കൈകാര്യം ചെയ്തു.

എറ്റവും വലിയ കാസ്റ്റിംഗ് അബദ്ധം ആയിരുന്നു ഈ സിനിമയിലെ മൈന എന്ന കഥാപാത്രം. വേട്ടൈയാട് വിളൈയാട് എന്ന ചിത്രത്തിൽ അഭിനയിച്ച കമാലിനി മുഖർജിയെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു. പക്ഷെ പുലിമുരുകനിലെ അവരുടെ പ്രകടനം കണ്ടു ശരിക്കും മനം മടുത്തു പോയി. ഭയങ്കര ബോർ തന്നെയായിരുന്നു. ഭാവപ്രകടനങ്ങൾ നടത്തുന്നതിലൊക്കെ വലിയ പരാജയവുമായിരുന്നു.

നമിതയുടെ റോൾ അനാവശ്യമായിരുന്നു. അവർക്കു പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വേഷവിധാനവും അല്പം പോരായിരുന്നു. കാടിനോടടുത്തു കിടക്കുന്ന ഒരു ഗ്രാമത്തിൽ ഇങ്ങനെയൊക്കെ വേഷം ചെയ്തു നടക്കുമോ എന്ന സംശയം ബാക്കി കിടക്കുന്നു.

സുരാജ് വെഞ്ഞാറമ്മൂടും നോബിയും കോമഡി കൈകാര്യം ചെയ്തുവെങ്കിലും, ചിരി വരുത്താൻ പാകത്തിനുള്ള മരുന്ന് രണ്ടു പേരുടെയും ഇടയിൽ അന്യം നിന്നിരുന്നു. അതിലും കൂടുതൽ കോമഡി ലാലിന്റെ കഥാപാത്രത്തിൽ നിന്നും ഉണ്ടായിരുന്നു.

ജഗപതി ബാബു, കിഷോർ, സുധീർ കരമന, വിനു മോഹൻ, അഞ്ജലി അനീഷ്, എംഎസ് ഗോപകുമാർ, ബാല, തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിൽ ഉണ്ട്. ഇവരിലൊക്കെ അല്പമെങ്കിലും മനസ്സിൽ താങ്ങി നിൽക്കുന്ന കഥാപാത്രങ്ങൾ നന്ദു അവതരിപ്പിച്ച റേഞ്ചർ ദിവാകരനും, ബാല അവതരിപ്പിച്ച ശിവ എന്ന കഥാപാത്രവുമാണ്. വിനു മോഹൻ തന്റെ നിഷ്കളങ്ക റോൾ ചെയ്തു എന്ന് പറഞ്ഞാലും അല്പം ഓവർ ആയി പോയി.

അന്യഭാഷയിൽ നിന്നും നിരവധി പേര് ഈ ചിത്രത്തിൽ അഭിനയിച്ചത് ചിലപ്പോൾ പുലിമുരുകന്റെ ഡബ്ബിങ് വേര്ഷന് മൈലേജ് കൂട്ടാനാണെന്നുറപ്പ്.

മോഹൻലാൽ എന്ന നടനൊപ്പം എന്ന പോലെ അല്ലെങ്കിൽ ഈ സിനിമയ്ക്ക് മറ്റൊരു മുതൽക്കൂട്ടാകുന്നതു ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം തന്നെയാണ്. വളരെയധികം യോജിച്ചു നിൽക്കുന്നുണ്ടായിരുന്നു. തുടക്കം മുതൽ ഒരു മാസ് സിനിമയുടെ ഓളം നിലനിർത്താൻ അദ്ദേഹത്തിൻറെ സംഗീതത്തിന് കഴിഞ്ഞു. എന്നാൽ ഇടയിൽ അദ്ദേഹത്തിൻറെ തന്നെ സംഗീതത്തിന്റെ പിന്തുടർച്ച കേൾക്കാൻ കഴിഞ്ഞത് അല്പം അലോസരം ആയി.

പീറ്റർ ഹെയിൻറെ ആക്ഷൻ മികച്ചു നിന്നു. പുതുമയുള്ള കൊറിയോഗ്രാഫി ഒന്നുമല്ലെങ്കിലും മോഹൻലാൽ എന്ന നടൻ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് പുതുമ തോന്നിപ്പിച്ചു. കുറച്ചൊക്കെ അവിശ്വസനീയം ആയ ഫൈറ്റ് ഉണ്ടായിരുന്നെങ്കിലും ഫിനാലെ ആക്ഷനും കിഷോറുമായുള്ള ആക്ഷനും മികച്ചു നിന്നു.

ഗ്രാഫിക്സ് എല്ലാം മികച്ചു നിന്നു. ഇത്രയും ചെറിയ ബജറ്റിൽ ഇത്രയധികം പെർഫെക്ഷനോട് പുലിയെയും മറ്റും അവതരിപ്പിക്കാൻ കഴിഞ്ഞത്, ടെക്നിക്കൽ ക്രൂവിന്റെ മിടുക്കു തന്നെയാണ്. (ബ്രഹ്മാണ്ഡ പടമായ ബാഹുബലിയിലെ കാള എന്ത് പോരായിരുന്നു എന്ന് കണ്ടവർക്കെല്ലാം അറിയാമല്ലോ).

ക്യാമറവർക് വളരെയധികം മികച്ചു നിന്നു. കാടിന്റെയും ഗ്രാമത്തിന്റെയും മനോഹാരിത മികച്ച രീതിയിൽ ഒപ്പിയെടുത്തിട്ടുണ്ട്. ഒരു നിമിഷം മുരുഗൻ താമസിക്കുന്ന വീട്ടിൽ താമസിച്ചാൽ കൊള്ളാമെന്നൊരു ആശയുണ്ടായി എന്റെ മനസ്സിൽ.. ഷാജി കുമാർ ആയിരുന്നു ക്യാമറാമാൻ.

ചിത്രത്തിൻറെ ഏറ്റവും വലിയ പോരായ്മ എന്ന് പറഞ്ഞാൽ പൊള്ളയായ, കണ്ടു മടുത്ത കഥയാണ്. പിന്നെ ഒരു മാസ് ചിത്രത്തിന് വലിയ കഥ ഒന്നും ആവശ്യപ്പെടുന്നില്ലല്ലോ എന്ന ഒരു ആശ്വാസം ഉണ്ട്.
സ്ഥിരം പാറ്റേണിലുള്ള കഥ ഉദയകൃഷ്ണയുടേതാണ്. ഉദയകൃഷ്ണയ്ക്കു ഒരു കണക്കിന് പറഞ്ഞാൽ അഭിമാനിക്കാം, തന്റെ കഥ വെച്ച് മലയാളത്തിലെ സർവകാല റെക്കോർഡും ഈ ചിത്രം ഭേദിച്ചു എന്നതിൽ.
എഡിറ്റിങ് വളരെ മോശം ആയിരുന്നു പുലിമുരുഗന്റെതു. ജോൺകുട്ടിയുടെ എഡിറ്റിങ് പരിതാപകരമായിരുന്നു. നിരവധി സീനുകൾ ഒഴിവാക്കി ഒരു 25 മിനുട്ട് കുറച്ചിരുന്നുവെങ്കിൽ ചിത്രം ഇതിലും ആസ്വാദ്യകരമായേനെ. വിവേക് ഹർഷൻ, ശ്രീകാർപ്രസാദ് എന്നിവരെ ഈ അവസരത്തിൽ ഓർത്ത് പോകുന്നു. വളരെ അധികം നീല കൂടുതലും നല്ല ലാഗും തോന്നി ചിത്രത്തിന്.

ഒരു സാധാരണ സ്ക്രിപ്റ്റും കൊണ്ടാണ് ഇത്രയും വലിയ ബജറ്റിൽ സിനിമ സംവിധാനം ചെയ്യാനിറങ്ങിയ വൈശാഖിനെ ഞാൻ ആദ്യമേ തന്നെ അഭിനന്ദിക്കുന്നു. സ്ക്രിപ്റ്റിലെ പോരായ്മ, മോഹൻലാൽ എന്ന നായകനിൽ ഉള്ള വിശ്വാസം ആകാം ഇതിനു ചിലപ്പോൾ കാരണം. എന്നിരുന്നാലും വൈശാഖ് തന്നിൽ നിർമ്മാതാവ് ഏൽപ്പിച്ച ജോലി വളരെ ഭംഗിയായി ചെയ്തു എന്ന് പറയാൻ കഴിയും. സ്ക്രിപ്റ്റിലെ ന്യൂനതയും ചില ഭാഗങ്ങളിൽ നൽകുന്ന വിരസതയും ഒഴിച്ച് നിർത്തിയാൽ നല്ല ഒരു മാസ് ചിത്രം തന്നെ സൃഷ്ടിച്ചു വൈശാഖ്. ഒരു സംവിധായകൻ എന്ന നിലയ്ക്ക് വെറും ചില്ലറകാര്യവുമല്ല അത്.

സത്യം പറഞ്ഞാൽ ചിത്രം കണ്ടു കഴിഞ്ഞപ്പോൾ നൂറു കോടി ഒക്കെ ഈ പടത്തിനു അർഹമാണോ എന്ന ഒരു ചോദ്യം മനസിലുയർന്നു. പിന്നെ, ഇതിലും വളരെ മോശമായ പടങ്ങൾ തമിഴിലും തെലുങ്കിലും ഹിന്ദിയിലും ഒക്കെ 100 കോടിയുടെ മേൽ കിട്ടുന്നില്ലേ. അങ്ങിനെ വെച്ച് നോക്കിയാൽ അമ്മാതിരി പടങ്ങളിലും മേലെ നിൽക്കുന്നുണ്ട് നമ്മുടെ മലയാള സിനിമയുടെ പരിമിതിയിൽ നിന്നും പുറത്തു വന്ന പുലിമുരുഗൻ എന്ന ചിത്രം.

മലയാളത്തിന് അഭിമാനിക്കാം, നമ്മുടെ സിനിമാ വ്യവസായത്തിൽ നിന്നും ഒരു സിനിമ നൂറു കോടി ക്ലബ്ബിൽ കയറി എന്നത്.
ന്യൂനതകളും കുറവുകളും നിരവധി ഉണ്ടെങ്കിലും ഒരു തവണ അൽപസ്വല്പം വിരസത ഇടയ്ക്കു കയറി വരുമെങ്കിലും ആസ്വദിച്ചു കാണുവാൻ കഴിയുന്ന ഒരുത്സവകാല മാസ് ചിത്രം തന്നെയാണ് പുലിമുരുഗൻ. ഇത് ചിലപ്പോൾ ചെറിയ സ്‌ക്രീനിൽ കാണുമ്പോൾ ഒരിക്കലും ആ ഫീൽ തരികയുമില്ല...

എന്റെ റേറ്റിങ് 07.1 ഓൺ 10

ഇനിയും നല്ല ചിത്രങ്ങൾ വരട്ടെ, കാശ് മുടക്കി കാണുന്ന പ്രേക്ഷകനെ ആഹ്ലാദിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയുന്ന നല്ല കാമ്പുള്ള ചിത്രങ്ങൾ. ചിത്രങ്ങൾ നിർമ്മിച്ചാൽ മാത്രം പോരാ, അത് കൂടുതൽ ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞാലേ വിജയവും നേടാൻ കഴിയൂ. ഒരു സാധാരണ  കഥയുള്ള ചിത്രമായ പുലിമുരുകന് ബോക്സോഫീസ് കാൽക്കീഴിലാക്കാൻ കഴിയുമെങ്കിലും, നല്ല മാർക്കറ്റിങ് ഉണ്ടെങ്കിൽ, നല്ല ചിത്രങ്ങൾ വിജയം കൊയ്യാൻ കഴിയും.

Monday, November 7, 2016

202. Kraftidioten (In Order Of Disappearance) (2014)

ക്രാഫ്റ്റിഡയോടെൻ (ഇൻ ഓർഡർ ഓഫ് ഡിസപ്പിയറൻസ്) (2014)



Language : Norwegian
Genre : Action | Comedy | Crime | Thriller
Director : Hasn Petter Moland
IMDB : 7.2

In Order of Disappearance Theatrical Trailer


നീൽസ് ഡിക്ക്മാൻ, നോർവേയിൽ ഒരു ഗ്രാമത്തിലെ മഞ്ഞുകോരൽ ബിസിനസ് നടത്തുന്ന ഒരു വയോവൃദ്ധനാണ്.ഭാര്യയുമൊത്താണ് താമസം. തൻറെ സേവനത്തിനു രാജ്യ മികച്ച പൗരൻ എന്നുള്ള ബഹുമതി വരെ കൊടുത്ത് അദ്ദേഹത്തെ ആദരിച്ചു. ഒരു ദിവസം തൻറെ ഒരേയൊരു മകൻ കൊല്ലപ്പെട്ടതായി വിവരം ലഭിക്കുന്നു. അമിതമായി മയക്കുമരുന്നുപയോഗിച്ചതാണ് മരണകാരണമെന്ന് പോലീസ് ഭാഷ്യം. എന്നാൽ തൻറെ മകൻ മയക്കുമരുന്നുപയോഗിക്കില്ല എന്നുറപ്പുള്ള നിൽസ് ആകെ തകരുന്നു. മനോവിഷമം കാരണം ആത്മഹത്യയ്ക്ക് പോലും തയാറാകുന്ന നിൽസ് തൻറെ മകനെ ഒരു ഗാങ്ങ്സ്റ്റർ സംഘം ആണ് കൊലപ്പെടുത്തിയതെന്നും അറിയുന്നു. തൻറെ മകനെ വകവരുത്തിയവർക്കെതിരെ പ്രതികാരം ചെയ്യാനിറങ്ങുന്നതാണ് മൂല കഥ. തൻറെ പ്രതികാരം സഫലീകരിക്കാനാവുമോ എന്നാവരണം ചെയ്യുന്നതാണ് ഇൻ ഓർഡർ ഓഫ് ഡിസപ്പിയറൻസ് എന്ന് ആംഗലേയ നാമമുള്ള ഈ നോർവീജിയൻ ചിത്രം.

ക്ളീഷേകൾ നിരവധി ആണെങ്കിലും മികച്ച രീതിയിൽ തന്നെ ആണ് ചിത്രത്തിൻറെ ആഖ്യാനം. ബ്ളാക്ക് കോമഡി ത്രില്ലർ എന്ന ഗണത്തിൽ നല്ല ഒരു ഉദാഹരണം കൂടിയാണീ ചിത്രം. സീരിയസ് കഥാഖ്യാനം ആണെങ്കിലും ചിരിക്കാനുതകുന്ന കോമഡികൾ കൊണ്ട് സമ്പന്നമാണ്. ഒരു നിമിഷം പോലും നമുക്ക് മുഷിപ്പ് നേരിടേണ്ടി വരികയില്ല എന്നത് സാരം. കിം ഫ്യൂപ്സ് ആകേസൻ എഴുതിയ കഥ സംവിധാനം ചെയ്തിരിക്കുന്നത് ഹാൻസ് പീറ്റർ മോലാൻഡ് ആണ്. അദ്ദേഹം ഈ പ്രതികാര കഥയ്ക്ക് ഒരു കിൽബിൽ പിന്നെ ഫാർഗോ ശൈലിയിലുള്ള ട്രീറ്റ്മെന്റ് ആണ് നൽകിയിരിക്കുന്നത്. അതി കൊടൂരാമായ രക്തചിന്തലും ആക്ഷനും എല്ലാം സമന്വയിപ്പിച്ചെടുത്തിരിക്കുന്നതു. പ്രത്യേകം എടുത്തു പറയേണ്ട വിഭാഗങ്ങൾ സംഭാഷണ ശകലങ്ങൾ, ക്യാമറവർക്ക്, നല്ല പശ്ചാത്തല സംഗീതം. ഈ മൂന്നു വിഭാഗങ്ങൾ ചിത്രത്തിന് നൽകിയ സഹായം ചില്ലറയല്ല.

കേന്ദ്ര കഥാപാത്രമായ നിൽസ് ഡിക്കൻസനെ അവതരിപ്പിച്ച സ്റ്റെല്ലാർ സ്കാർസ്ഗാർഡ് പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. അദ്ദേഹം ഒരു പെർഫെക്ട് കാസ്റ് ആയി തോന്നി. അദ്ദേഹത്ത്തിന്റെ എപ്പോഴും ശാന്തത കൊണ്ടാടുന്ന അല്ലെങ്കിൽ മ്ലാനമായ മുഖം, ആ കഥാപാത്രത്തിന് ആവശ്യകത ഉള്ളതുമായിരുന്നു. വില്ലനായി അഭിനയിച്ച ആൾ (പാൽ  സ്വീർ ഹാകൻ) തരക്കേടില്ലായിരുന്നു. എല്ലാ നടീനടന്മാരും തങ്ങളുടെ ജോലി കിറുകൃത്യമായി തന്നെ ചെയ്തു.

എനിക്കിഷ്ടായി ഈ ഡാർക് കോമഡി റിവഞ്ച് ത്രില്ലർ. നിങ്ങളും ഒന്ന് കാണാൻ ശ്രമിച്ചു നോക്കണം.

എൻറെ റേറ്റിങ് 8.1 ഓൺ 10

Friday, November 4, 2016

201. The Accountant (2016)

ദി അക്കൗണ്ടൻറ് (2016)



Language : English
Genre : Action | Crime | Thriller
Director : Gavin O' Connor
IMDB : 7.7

The Accountant Theatrical Trailer


ക്രിസ്റ്റൻ വൂൾഫ്, ഓട്ടിസം ബാധിച്ച ഗണിതരാക്ഷസനാണ്. ഒരു മിലിട്ടറി കുടുംബത്തിൽ ജനിച്ചു വളർന്ന ക്രിസ്, ആയുധങ്ങളും അടിതടകളിലും അഗ്രഗണ്യൻ ആണ്. ഒരു സാധാരണ അക്കൗണ്ടൻറ് ആയി അദ്ദേഹം ഇല്ലിനോയിൽ ജോലി നോക്കുന്നു. എന്നാൽ വലിയ കമ്പനികളുടെ പണമിടപാടുകളിൽ ക്രമക്കേട് കണ്ടെത്തുമ്പോൾ ക്രിസിനെയാണ് കൂടുതലും അവർ ആശ്രയിക്കുക. ഒരു വാടകക്കൊലയാളി ആകാനും ക്രിസ്സിന് മടിയില്ല. ലിവിങ് റോബോട്ടിക്സ് എന്ന കമ്പനിയിലെ  ക്രമക്കേടുകൾ ഡാന എന്ന ജൂനിയർ അക്കൗണ്ടന്റ് കണ്ടു പിടിച്ചതിനെ തുടർന്ന് ക്രിസ്റ്റിനെ അവിടുത്തെ ഓഡിറ്റിന്റെ ചുമതലയേൽപ്പിക്കുന്നു.  കമ്പനിയുമായിട്ടു ബന്ധപ്പെട്ടവർ കൊല്ലപ്പെടുകയും രണ്ടു പേരുടെയും ജീവനും തന്നെ പ്രശ്‌നമാകുന്നു. 
ആരാണ് അവരെ കൊല്ലാൻ തുനിയുന്നത്? എങ്ങിനെയാണ് കമ്പനിയുടെ വരവ് ചെലവുകളിൽ ക്രമക്കേട് വരുന്നത്? ഇതിനൊക്കെ അറുതി ക്രിസ് എങ്ങിനെ വരുത്തും എന്നതിന് ചിത്രം തുടർന്ന് തന്നെ കാണുക വേണം.

എന്നെ സംബന്ധിച്ചിടത്തോളം പരിപൂർണ സംതൃപ്തി നൽകിയ ഒരു ചിത്രമാണ് ദി അക്കൗണ്ടന്റ്.  കഥ, തിരക്കഥ, സംവിധാനം, എഡിറ്റിങ്, ബാക്ക്ഗ്രൗണ്ട് സ്‌കോർ, ആക്ഷൻ കൊറിയോഗ്രാഫി എന്നീ നിലകളിൽ യാതൊരു കുറവും കണ്ടെത്താൻ കഴിഞ്ഞില്ല.വാരിയർ, മിറാക്കിൾ എന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത ഗവിൻ വളരെ മികച്ച രീതിയിലും നല്ല വേഗതയാർന്ന രീതിയിലും അവതരിപ്പിച്ചു. ബിൽ ടുബുക്ക് ആണ് കഥ എഴുതിയിരിക്കുന്നത്. നല്ല കിടിലൻ ആക്ഷൻ കൊറിയോ തന്നെയാണ് ഈ ചിത്രത്തിൻറെ ഹൈലൈറ്റ്. രക്തക്കചൊറിച്ചിലും അല്പം കൂടുതൽ തന്നെയായിരുന്നു. അൽപ സ്വല്പം ക്ളീഷേ ഉണ്ടെങ്കിലും, നമുക്കതു തോന്നാത്ത രീതിയിൽ തന്നെ അവതരിപ്പിച്ചു. 

ബെൻ അഫ്‌ളക്‌ തന്റെ കഥാപാത്രത്തോട് നീതി പുലർത്തി. എമ്മാതിരി  സ്‌ക്രീൻ പ്രസൻസ് ആണ് അദ്ദേഹത്തിന്. ആക്ഷനിലും അദ്ദേഹം മികച്ചു നിന്നു. ഡയലോഗ് പറയുന്നതും തന്റെ ശരീരഭാഷയും എല്ലാം ഒരു ഹൈ ലെവൽ ഓട്ടിസ്റ്റിക് രോഗിയുടെ പരിവേഷം നൽകി.
ജോൺ ബ്രെന്താൽ നല്ല ഒരു കിടിലൻ വേഷം അവതരിപ്പിച്ചു. അദ്ദേഹം നല്ല രീതിയിൽ ഒരു വാടകകൊലയാളിയുടെ വേഷം ചെയ്തു. ആക്ഷനിലുപരി അല്പം സെന്റിമെന്റ്സ് ആണ് അദ്ദേഹം നല്ല രീതിയിൽ ചെയ്തത് എന്ന് തോന്നി.
അന്ന കെൻഡ്രിക്, ഒരു സുപ്രധാന റോൾ അവതരിപ്പിച്ചെങ്കിലും സ്‌ക്രീൻ സ്‌പേസ് കുറവായിരുന്നു. എന്നാലും നന്നായി തന്നെ ചെയ്തു. എനിക്കിപ്പോഴും ആ പഴയ അന്ന കേന്ദ്രിക്കിനെ ആണിഷ്ടം. സൈസ് സീറോയിലേക്കുള്ള കുതിപ്പാണെന്നു തോന്നുന്നു. ആ മുഖത്തെ ഐശ്വര്യം അങ്ങ് കുറഞ്ഞ പോലെ തോന്നി.
ജെ.കെ. സിമൻസ് ഒരു സുപ്രധാന റോൾ തന്റേതായ രീതിയിൽ ചെയ്തു. 

മൊത്തത്തിൽ പറഞ്ഞാൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഈ ചിത്രം. നല്ല ഒരു ആക്ഷൻ ത്രില്ലർ.

എൻറെ റേറ്റിംഗ് 9.2 ഓൺ 10