കണിതൻ (2016)
Language : Tamil
Genre : Action | Suspense | Thriller
Director: T.N. Santhosh
IMDB : 6.9
Kanithan Theatrical Trailer
കണിതൻ എന്ന ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ ഇത് കണക്കു കൂട്ടലുകളുടെ കഥയാണ്. നായകനും വില്ലനും തമ്മിലുള്ള കണക്കുകൂട്ടൽ ആണ് സിനിമയുടെ ഇതിവൃത്തം. കാക്ക കാക്ക, തുപ്പാക്കി, സച്ചിൻ, തോട്ടി ജയ എന്ന് തുടങ്ങി അനേകം ചിത്രങ്ങൾ നിർമ്മിച്ച കലൈപ്പുലി എസ്. താണു ആണ് ഈ ചിത്രത്തിൻറെയും നിർമ്മാണം.ഇപ്പോൾ കബാലിയും തെറിയും നിർമ്മിച്ച് കൊണ്ടും ഇരിക്കുന്നു.
ഗൗതം എഞ്ചിനീയറിംഗ് ഡിഗ്രീ തീർത്ത് ബിബിസിയിലെ റിപ്പോർട്ടർ ആകണമെന്ന ലക്ഷ്യവുമായി സ്ഥലത്തെ ഒരു ലോക്കൽ ചാനലിൽ റിപ്പോർട്ടർ ആയി ജോലി ചെയ്യുന്നു. തങ്ങളുടെ കമ്പനിയിലെ എംഡിയുടെ മകളായ അനുവുമായി പ്രണയത്തിലുമാണ്. അങ്ങിനെ ബിബിസിയിലെ ഇന്റർവ്യൂ കഴിഞ്ഞു ഒരു ദിവസം, ഗൗതമിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു. കള്ള ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കി ബാങ്കുകളെ കബളിപ്പിച്ചു കാശ് തട്ടിയെടുത്തു എന്നതായിരുന്നു ആരോപണം.ജാമ്യത്തിൽ ഇറങ്ങുന്ന ഗൗതം തന്റെ അച്ഛന്റെ കൂട്ടുകാരനായ പോലീസ് കോൺസ്റ്റബിളും കൂട്ടുകാരുമായി ചേർന്ന് ഈ കള്ളക്കേസിനു പിറകിൽ പ്രവർത്തിചിരിക്കുന്നവരെ കണ്ടു പിടിയ്ക്കാനായുള്ള അന്വേഷണം തുടങ്ങുന്നു. തുടർന്ന് വില്ലനും നായകനുമായുള്ള ബുദ്ധിയുടെ കളികളാണ് നമുക്ക് കാണാൻ കഴിയുന്നത്.
പടം തുടങ്ങി ആദ്യ അരമണിക്കൂർ ഒരു സാദാ പ്രേക്ഷകൻറെ ക്ഷമ പരീക്ഷിക്കുന്ന ഒന്നായി തോന്നുകയും പിന്നീട് ചിത്രത്തിൻറെ ഗിയർ മാറ്റുകയും ചെയ്തു സംവിധായകൻ. ചില സീനുകൾ ഒക്കെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട്. വില്ലനും നായകനും തമ്മിലുള്ള ബുദ്ധി കൊണ്ടുള്ള പോരാട്ടം ചിലതൊക്കെ അവിശ്വസനീയം ആയിരുന്നുവെങ്കിലും നിലവാരം ഉണ്ടായിരുന്നു. ആക്ഷൻ രംഗങ്ങൾ തരക്കെടില്ലാരുന്നു, സ്ഥിരം ഫോർമാറ്റ് തന്നെയായിരുന്നു. ഗാനങ്ങൾ ഒന്നും തന്നെ അവസരത്തിനൊത്തുയർന്നില്ല എന്ന് മാത്രമല്ല സന്ദർഭോചിതവും അല്ലായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ അനാവശ്യമായ കുറച്ചു സീനുകളും ഒരു പാട്ടും വെറുപ്പുളവാക്കുന്ന തരത്തിലായിരുന്നു (ആ സീൻ, ഒരു പരസ്യത്തിന്റെ തീം അടിച്ചു മാറ്റി തന്നെ) ശിവമണി അറിയാവുന്ന ജോലി (ഡ്രമ്മർ) ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി. പശ്ചാത്തല സംഗീതം തീരെ നിലവാരം പുലർത്തിയുമില്ല. കാസ്റ്റിങ്ങ് വളരെ മികച്ചു നിന്നു. പക്ഷെ, സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങൾ (ദേഷ്യക്കാരനും സ്നേഹവുമുള്ള അച്ഛൻ, മകന് ഇപ്പോഴും താങ്ങായിട്ടുള്ള അമ്മ, കൂട്ടുകാരൻ, അതിനിടെ കണ്ടു മുട്ടുന്ന നായിക ഒക്കെ ഇപ്പോൾ ശരിക്കും ബോറായി തുടങ്ങിയിരിക്കുന്നു).
നല്ല ഒരു പ്രമേയം ആയിരുന്നു സംവിധായകൻ കൊണ്ട് വന്നത്, ഇത് വരെ ആരും പറഞ്ഞിട്ടില്ലാത്ത ഒരു നിജാവസ്ഥ പക്ഷെ അദ്ദേഹത്തിന്റെ തന്റെ അവതരണത്തിൻറെ കുഴപ്പം കാരണം ചിത്രം ഒരു വെറും സാധാരണ ചിത്രത്തിലെക്കൊതുങ്ങിപ്പോയി. ഒരു നല്ല ത്രില്ലർ രീതിയിൽ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിൽ ചിത്രം വളരെ അധികം ആകാംഷയോട് കാണാൻ കഴിയുമായിരുന്നു. പക്ഷെ സ്ഥിരം തമിഴ്-തെലുങ്ക് ഫോർമാറ്റിൽ ചെയ്തത് മൂലം ഒരു നല്ല ത്രില്ലർ നിലവാരം ഉണ്ടായിരുന്നില്ല.
അഥർവ ചുരുങ്ങിയ കാലം കൊണ്ട് തൻറെ കഴിവ് തെളിയിച്ചതാണ്, അദ്ദേഹത്തിന്റെ ചിത്രം തിരഞ്ഞെടുക്കുന്ന കഴിവും പ്രശംസനീയമാണ്. ഈ ചിത്രം തനിക്കു കിട്ടിയ ജോലി അദ്ദേഹം ശരിക്കും ഭംഗിയാക്കി. കോട്ടയംകാരിയായ കാതറീൻ ത്രീസ ആണ് നായിക. ശരിക്കും പറഞ്ഞാൽ ഒരു അപ്സരസ്, ശരിക്കും മനം മയക്കി കളഞ്ഞു ഈ ചിത്രത്തിലൂടെ അവർ. പക്ഷെ, അവർക്ക് ചെയ്യാൻ ഒന്നും ഈ ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്നത് വളരെ ശോചനീയമായ അവസ്ഥ. സ്ഥിരം നായികമാരെ പോലെ തന്നെ പാട്ടിൽ മാത്രമായി ഒതുങ്ങി. മോഡലായ തരുൺ അറോറ തൻറെ വില്ലൻ വേഷം ഭംഗിയാക്കി. കരുണാകരൻ, ആടുകളം നരൻ, ഭാഗ്യരാജ് തങ്ങളുടെ വേഷം നന്നായി തന്നെ ചെയ്തു.
മൊത്തത്തിൽ പറഞ്ഞാൽ വളരെ മികച്ച രീതിയിൽ അഭ്രപാളിയിൽ എത്തിക്കേണ്ട പ്രമേയം സംവിധായകന്റെ പിടിപ്പുകേട് മൂലം ഒരു തവണ തരക്കേടില്ലാതെ കാണാവുന്ന ചിത്രം (ബോറിംഗ് ആകുന്ന നിരവധി ഖടകങ്ങൾ ഒഴിവാക്കി കണ്ടാൽ മാത്രം) ആയി മാറി.
എന്റെ റേറ്റിംഗ് 6.7 ഓൺ 10
No comments:
Post a Comment