ജിൽ ജങ്ങ് ജക്ക് (2016)
Language : Tamil
Genre : Action | Comedy | Crime
Director : Deeraj Vaidy
IMDB : 7.1
Jil Jung Juk Theatrical Trailer
തമിഴിലെ പുതിയൊരു പരീക്ഷണ ചിത്രം. ധീരജ് വൈദിയും മോഹൻ രാമകൃഷ്ണനും ഒരുമിച്ചു എഴുതിയ കഥ ധീരജ് തന്നെ സംവിധാനം നിർവഹിച്ചിരിക്കുന്നു. സിദ്ധാർത് ആണ് നിർമിച്ചിരിക്കുന്നത്. വിശാൽ ചന്ദ്രശേഖർ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നു. നായികമാരില്ലാത്ത ഈ ചിത്രത്തിൽ സിദ്ധാർത്, സനന്ത് റെഡ്ഡി, അവിനാശ് രഘുദേവൻ, രാധാ രവി, അമരെന്ദ്രൻ, നാസർ തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. ജാസ്മിൻ ഭാസിൻ (വാനം ഫെയിം, ആകെയുള്ള ഒരു സ്ത്രീ വേഷം) ഒരു കാമിയൊ റോളിൽ പ്രത്യക്ഷപ്പെടുന്നു.
2020ൽ നടക്കുന്ന കഥയിൽ, നാഞ്ചിൽ ശിവജി എന്നാ ജിൽ (സിദ്ധാർത്), ജംഗുലിംഗം എന്നാ ജങ്ങ് (അവിനാഷ്), ജാഗ്വർ ജഗൻ (സനന്ത്) എന്ന ജക്ക് ഇവരാണ് ചിത്രത്തിൻറെ മുഖ്യ കഥാപാത്രങ്ങൾ. മൂന്നു പേരും ദേവനായകം എന്ന അധോലോകനായകന് വേണ്ടി കൊക്കൈൻ ഒരു വിൻറെജ് കാറിൽ (കാറ് തന്നെയാണ് ചരക്കു) കടത്തുവാൻ ശ്രമിയ്ക്കുന്നു. റോളെക്സ് റാവുത്തർ എന്ന വേറൊരു ഡോണുമായി പകയുളള ദേവനായകം, അയാളിൽ നിന്നും പോലീസിൽ നിന്നും രക്ഷപെടാനായി ആണ് അധോലോകാവുമായി യാതൊരു പരിചയമില്ലാത്ത മൂവരെയും ഉപയോഗിക്കുന്നത്. അവർ കാറും കൊണ്ട് ആന്ധ്ര ബോർഡറിലേക്കുള്ള യാത്രയും അതിനിടയിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളുമാണ് കഥയുടെ ഇതിവൃത്തം.
സിനിമയിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും തകർത്ത് വാരി എന്ന് തന്നെ പറയാം. പ്രത്യേകിച്ച് സിദ്ധാർത്, തന്റെ ചേഷ്ടകളും ഡയലോഗ് ഡെലിവറിയുമായി മികച്ചു നിന്നു. സനന്ത്, അവിനാശ് സിദ്ധാർത്തിനു വേണ്ടത്ത്ര പിന്തുണ നൽകുകയും ചെയ്തു. വളരെക്കാലത്തിനു ശേഷമാണ് രാധാ രവിയെ ഞാൻ ഒരു സിനിമയിൽ കാണുന്നത്. അദ്ദേഹത്തിന്റെ റൌഡി റാവുത്തർ എന്നാ കഥാപാത്രം രസകരം ആയിരുന്നു (അത്രയ്ക്ക് കോമഡി ആ കഥാപാത്രത്തിൽ ഇല്ലെങ്കിലും). നാസർ, ബാലാജി എന്നിവർ ചെറിയതാണെങ്കിലും ചെയ്തത് അത്രയും ഗംഭീരം. ഭഗവതി പെരുമാൾ, നഗമാസി തമിഴനല്ല എങ്കിലും പുള്ളിയുടെ റോൾ തകർത്തു, സായി ധീന, അമരേന്ദ്രൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയായി ചെയ്തു.
ഗയ് റിച്ചി, ഖ്വേന്റിൻ ടരന്റീനോ എന്നിവരുടെ ചിത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടു തന്നെയാവണം സംവിധായകൻ ആയ ധീരജ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ, വയലൻസും, ഡാർക്ക് കോമഡിയും, ഒക്കെ വളരെ നല്ല രീതിയിൽ മിക്സ് ചെയ്തിരിക്കുന്നു. ഒരു രീതിയിലും പ്രേക്ഷകനെ ബോറടിപ്പിക്കുകയില്ലെന്നു മാത്രമല്ല ഓരോ നിമിഷവും ബോറടിപ്പിക്കുന്ന ഡയലോഗുകളും അത്യന്തം രസകരമായ സീനുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്നു ജിൽ ജങ്ങ് ജക്ക്. ഡയലോഗുകൾ ഇല്ലാത്ത സീനുകളും രസകരമുലവാക്കുന്നതായിരുന്നു. അതിനു ധീരജിനും മോഹനും പ്രത്യേക പ്രോത്സാഹനം നല്കുന്നു. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്. പുതുമുഖ ക്യാമറമാനായ ശ്രേയസ് കൃഷണ തന്റെ ജോലി ഭംഗിയാക്കി തന്നെ ചെയ്തു. ഒരു വെസ്റ്റേൺ സിനിമയ്ക്ക് വേണ്ട രീതിയിൽ തന്നെ ലൈറ്റിങ്ങും ക്യാമറയും അദ്ദേഹം ക്രമീകരിച്ചു. സിനിമയുടെ ജീവൻ, മേൽപ്പറഞ്ഞ ആളുകൾ തന്നെയാണെന്ന് യാതൊരു സംശയവും കൂടാതെ തന്നെ പറയാൻ കഴിയും.
രണ്ടാം പകുതിയുടെ നീളം അല്പം കുറചിരുന്നുവെങ്കിൽ കുറച്ചു കൂടി ആസ്വാദ്യകരമായേനെ എന്നൊരു തോന്നൽ.
ഗയ് റിച്ചി തരം ബ്ലാക്ക് ആക്ഷൻ കോമഡി നിങ്ങൾ ആസ്വദിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കിത് വളരെയേറെ ഇഷ്ടപ്പെടും. ചിത്രം ബോക്സോഫീസിൽ ഒരു പരാജയം ആയിരുന്നുവെങ്കിലും, ഭാവിയിൽ ഒരു കൾട്ട് ആകാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല.
എന്റെ റേറ്റിംഗ് : 8.3 ഓൺ 10
വാൽക്കഷ്ണം : മലയാളത്തിൽ ഇറങ്ങിയ ഡബിൾ ബാരൽ ഒരു തരത്തിൽ പോലും ഈ ചിത്രവുമായി താരതമ്യപ്പെടുത്തുവാൻ കഴിയില്ല. ഒരു പരീക്ഷണ ചിത്രം ആയിരുന്നുവെങ്കിലും, ഒരു തരത്തിൽ പോലും സഹിയ്ക്കാൻ കഴിയുമായിരുന്നില്ല ഡബിൾ ബാരൽ.
No comments:
Post a Comment