Cover Page

Cover Page

Thursday, March 24, 2016

138. Batman V. Superman : Dawn Of Justice (2016)

ബാറ്റ്മാൻ v സൂപർമാൻ : ഡോൺ ഓഫ് ജസ്റ്റീസ് (2016)



Language : English
Genre : Action | Adventure | Drama
Director : Zack Snyder
IMDB : 8.2*

Batman V Superman: Dawn of Justice Theatrical Trailer


എൺപതുകളിലും ആദ്യ തൊണ്ണൂറുകളിലും ബോളിവുഡിലും നമ്മുടെ മലയാളത്തിലും ഇറങ്ങുന്ന ചിത്രങ്ങളുടെ രീതി ഒന്ന് തന്നെയായിരുന്നു. രണ്ടു മക്കൾ, ലോകത്തെവിടെയോ പിരിഞ്ഞു താമസിക്കുന്നു. അവർ തമ്മിൽ ആദ്യം അങ്ങോട്ടുമിങ്ങോട്ടും ഉരസുകയും വില്ലൻ അവരെ തമ്മിലടിപ്പിക്കാനുള്ള വഴിയും നോക്കുന്നു. ക്ലൈമാക്സിനും തൊട്ടു മുൻപ് വരെ നല്ല വൈരാഗ്യത്തിൽ ഇരിക്കുന്നവർ, ഒരു ദുർബലമായ കാരണം കൊണ്ട് തങ്ങള് സഹോദരങ്ങൾ ആണെന്ന് മനസിലാക്കുകയും വില്ലനെ തറ പറ്റിയ്ക്കുകയും ചെയ്യുന്നതോടെ സിനിമയ്ക്ക് ശുഭാന്ത്യം. അല്ലെങ്കിൽ ആരെങ്കിലും ഒരാൾ മരിയ്ക്കുകയും ചെയ്യുന്നു. (ചിത്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്കെല്ലാവർക്കും ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാകും. ഒരു ക്ലൂ തരാം.. ."മാർത്ത")
2016ലെ ഏറ്റവും കൂടുതൽ പേർ കാത്തിരുന്ന സൂപർഹ്യൂമൻ ചിത്രങ്ങളിൽ ഒന്ന് കൂടി പുറത്തിറങ്ങി. അതാദ്യ ഷോ തന്നെ കാണണമെന്ന നിർബന്ധമുള്ളതിനാൽ ഒരു കടുത്ത ബാറ്റ്മാൻ ഫാൻ (ക്രിസ്റ്റഫർ നോലൻ ചെയ്തതിനു ശേഷം) ആയ ഞാൻ ഈ ചിത്രത്തിന് കയറിയത്.  അതും എന്റെ വിലപ്പെട്ട ഉറക്കം കളഞ്ഞു അർദ്ധരാത്രിയുടെ ഷോയ്ക്ക് തന്നെ. സാക്ക് സ്നൈടർ എന്ന സംവിധായകനിൽ വിശ്വാസം തീരെ ഉണ്ടായിരുന്നില്ലയെങ്കിലും ഡേവിഡ് എസ്. ഗോയർ (ഡാർക്ക് സിറ്റി, ബാറ്റ്മാൻ ബിഗിൻസ്, ഡാർക്ക് നൈറ്റ്, ഡാവിഞ്ചിസ് ഡീമൻസ്) ക്രിസ് റ്റെരിയൊ (ആർഗൊ) എന്ന എഴുത്തുകാരിലുള്ള വിശ്വാസവും എന്നെ തീയറ്ററിൽ എത്തിച്ചു. പതിവ് പോലെ നല്ല രീതിയൽ തന്നെ ടൈറ്റിൽ കാർഡുകൾ വന്നു.

ബാറ്റ്മാൻറെ കുട്ടിക്കാലം കാണിച്ചുള്ള തുടക്കം. പിന്നീട് മാൻ ഓഫ് സ്റ്റീലിൽ സോഡുമായുള്ള യുദ്ധത്തിലുണ്ടാകുന്ന ബ്രൂസ് വെയിനിന്റെ നഷ്ടങ്ങൾ സൂപർമാനിൽ അദേഹത്തിന് വൈരം  ഉണ്ടാകുന്നു. അവിടെ നിന്നും സൂപർമാനെ എങ്ങിനെയും തകർക്കണം ലക്ഷ്യത്തോടെ മുൻപോട്ടു പോകുന്നു. സൂപർമാനെ എങ്ങിനെയെങ്കിലും തകർക്കണം എന്നാ ലക്ഷ്യവുമായി നടക്കുന്ന ലെക്സ് ലൂതർ എന്ന ബിസിനസുകാരൻ.   അതിനായി ബാറ്റ്മാന്റെ ഉള്ളിലുള്ള പക ഒരു ആയുധമായി  ഉപയോഗിയ്ക്കുന്നു.പിന്നീട് ഇരുട്ടിനെ എങ്ങിനെ സൂപർമാനും ബാട്മാനും കൂടി എങ്ങിനെ ചെറുത്തു തോൽപ്പിക്കുന്നു എന്നതാണ് ചിത്രത്തിൻറെ ശേഷഭാഗം.

ശരിക്കും പറഞ്ഞാഒരു തട്ടിക്കൂട്ടു കഥയിൽ ക്ലിഷേകളുടെ തൃശ്ശൂര് പൂരവും ചേർത്തു വെച്ചാണ് സംവിധായകൻ സാക്ക് സ്നൈടർ വന്നിരിക്കുന്നത്. വളരെ ദുർബലമായ തിരക്കഥയും സംഭാഷണവും ചിത്രത്തിൻറെ മാറ്റ് നന്നായി കുറയ്ക്കുന്നുണ്ട്. നോലൻ ബാറ്റ്മാനിൽ കൊണ്ട് വന്ന ഡാർക്ക് സമ്പ്രദായം പിന്തുടരാൻ ശ്രമിച്ചതിനാലാണ് ഈ ചിത്രത്തിന് സംഭവിച്ച ഏറ്റവും വലിയ പിഴവ്. ചില ആക്ഷൻ സീനുകൾ മികച്ചു നിന്നു എന്നതൊഴിച്ചാൽ ഒരു പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന യാതൊന്നും ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല, നല്ല ലാഗ് അനുഭവപ്പെടുകയും ചെയ്തു. നമ്മളൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ബാറ്റ്മാൻറെ രൂപം ഈ ചിത്രത്തിൽ പ്രത്യക്ഷമായി. ക്രൂരനും മൃഗീയമായ പക നിറഞ്ഞ ഒരു ബാറ്റ്മാൻ. അത് ബെൻ ആഫ്ലക് തകർത്ത് വാരി. ഒരു വലിയ അജാനുഭാഹു ആയ ബാറ്റ്മാൻ ആകാൻ ബെൻ ചെറുതോന്നുമല്ലായിരിക്കും കഷ്ടപ്പെട്ടത്. ഹെൻറി കാവിൽ തന്റെ റോളും ഭംഗിയായി അവതരിപ്പിച്ചു. എന്നിരുന്നാലും സ്ക്രീൻ പ്രസൻസിൽ ബെൻ തന്നെ മുൻപൻ. അമി സ്മാർട്ട് ക്ലാർക്ക് കെൻറ് / സൂപർമാൻറെ പ്രേമഭാജനം തരക്കേടില്ലാതെ പ്രകടനം കാഴ്ച വെച്ചു. ജെറെമി അയൺസ് ആൽഫ്രെഡ് പെന്നിവർത് എന്ന ബാറ്റ്മാന്റെ സഹായി എന്ന റോൾ മൈക്കൽ കൈൻ എന്ന അനുഗ്രഹീത നടൻ ചെയ്തു ഫലിപ്പിച്ചതിന്റെ പാതി പോലും എത്താൻ കഴിഞ്ഞില്ല. ഗാൽ ഗടോറ്റ് വണ്ടർ വുമണ്ടെ വേഷം ചെയ്തു.. പക്ഷെ മുങ്ങി പോയ ഈ കപ്പൽ കര കയറ്റാൻ അവരെ കൊണ്ട് കഴിഞ്ഞില്ല എന്നത് സത്യം. ചിത്രത്തിലെ പ്രധാന വില്ലൻ ലെക്സ് ലൂതറിനെ അവതരിപ്പിച്ച ജെസ് ഐസൻബർഗ് തരക്കേടില്ലായിരുന്നു. പല മുഹൂർത്തങ്ങളിലും എനിക്ക് കിംഗ്‌ ഖാനെ (ഷാരൂഖ് ഖാൻ) ഓർമ്മിപ്പിച്ചു (ചിലപ്പോൾ എൻറെ മാത്രം തോന്നലാവാം). സംസാര ശൈലിയും, മുഖത്തെ ഭാവങ്ങളും ഒക്കെ തൊണ്ണൂറുകളിലുള്ള ഷാരൂഖ് ഖാനെ ആണ് എനിക്ക് കാട്ടി തന്നത്. ലോറൻസ് ഫിശബെൻ ഒരു ചെറിയ റോളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒന്നും ചെയ്യാനായി ഉണ്ടായിരുന്നില്ല.

ക്യാമറവർക്ക് ചില ഘട്ടങ്ങളിൽ നന്നായിരുന്നു. പക്ഷെ എന്നെ ഏറ്റവും അധികം നിരാഷനാക്കിയത് ഹാൻസ് സിമ്മർ എന്ന അനുഗ്രഹീത സംഗീത സംവിധായകൻ ആയിരുന്നു. ജങ്കി എക്സെലും (ഡെഡ്പൂൾ, മാഡ് മാക്സ്, ബ്ലാക്ക് മാസ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ സംഗീതം ഇദ്ദേഹം ആയിരുന്നു) കൂട്ട് ചേർന്ന് ഹാൻസ് സിമ്മർ സംഗീതം ഒരുക്കിയത് നിരാഷാവഹമായിരുന്നു. പലപ്പോഴും ഒരു കോലാഹലം മാതിരി ആയിരുന്നു തോന്നിയത്. ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്ന പശ്ചാത്തല സംഗീതം. എന്നാൽ ചില ഇടങ്ങളിൽ നന്നായിരുന്നു എന്നും പറയാം. പക്ഷെ മൊത്തത്തിൽ വളരെ മോശം. 
നോലൻറെ ത്രയത്തിലെ ബാറ്റ്മൊബീൽ എനിക്ക് വളരെയേറെ ഇഷ്ടമാക്കിയ ഒരു വാഹനം ആയിരുന്നു. അവിടെയും ഈ ചിത്രത്തിൽ നിരാശ ആയിരുന്നു ഫലം.

ഒരു മരണ മാസ് ആഗ്രഹിച്ചു കണ്ട ഈ ചിത്രം വളരെ അധികം നിരാശപ്പെടുത്തി. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഡിസി ഭ്രാന്തന്മാർ ഇതിന്റെ പേരും പറഞ്ഞു എന്റെ മേൽ പൊങ്കാലയിടാൻ വരണ്ട.

A loud, overcrowded, noisy movie built on a very narrow thread failed my expectations in every sense.
 
എന്റെ റേറ്റിംഗ് 5.5 ഓൺ 10 (ചില രംഗങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമായതിനാലും ബെൻ അഫ്ലെകിൻറെ പുതിയ ബാറ്റ്മാൻ അവതാരത്തിനും മാത്രം).

വാൽക്കഷ്ണം : ജസ്റ്റീസ് ലീഗ് വരുന്നുണ്ട്, അതിനുള്ള മരുന്ന് ഈ ചിത്രത്തിൽ ഇട്ടിട്ടുമുണ്ട്. ഇത്രയൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും ജസ്റ്റീസ് ലീഗിന് വേണ്ടിയുള്ള വിത്ത്‌ ഡിസി ഇതിൽ പാകിയിട്ടുണ്ട്. കാത്തിരിയ്ക്കാം. ഒരു പ്രകമ്പനം കൊള്ളിക്കുന്ന സിനിമയ്ക്ക് വേണ്ടി.

No comments:

Post a Comment