Cover Page

Cover Page

Sunday, March 27, 2016

140. Maheshinte Prathikaram (2016)

മഹേഷിൻറെ പ്രതികാരം (2016)




Language : Malayalam
Genre : Comedy | Drama | Family
Director : Dileesh Pothen
IMDB : 8.1

Maheshinte Prathikaram Theatrical Trailer



ആദ്യമേ തന്നെ ദിലീഷ് പോത്തരണ്ടു മണിക്കൂർ സ്വയം മറന്നു ഇരുന്നു കാണുവാനുള്ള അവസരം ഒരുക്കി തന്നതിന് നന്ദി പറയുന്നു. വളരെ വൈകിയാണെങ്കിലും ചിത്രം കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അല്ലെങ്കിലും, പ്രവാസി മലയാളികളുടെ ശാപം ആണ് വൈഡ് റിലീസ് ഇല്ലാത്ത മലയാളം ചിത്രങ്ങൾ. എല്ലാം കഴിഞ്ഞു അവസാനം മാത്രമാണ് ഒരു നല്ല മലയാള ചിത്രം കാണാൻ കഴിയുക.

മഹേഷ്‌, ഇടുക്കിയിൽ പ്രകാശ്സിറ്റി എന്ന ചെറിയ ഗ്രാമത്തിൽ ഒരു സ്റ്റുഡിയോ നടത്തുന്നു. അവിടെ നടക്കുന്ന ഒരു പ്രത്യേക സംഭവത്തിൽ ഒരു പ്രതിജ്ഞ എടുക്കുന്നു, താൻ ആ കാര്യം നടത്തിയതിനു ശേഷം മാത്രമേ ചെരുപ്പ് ധരിക്കുകയുള്ളൂ.. ഈ ഒരു ചെറിയ സംഭവകഥ ആണ് ഒരു മൊത്തം ചിത്രത്തിൻറെ അച്ചുതണ്ട് എന്ന് പറയാം.

ഒരു സിനിമ സംവിധാനം ചെയ്യാൻ വലിയ ബ്രഹ്മാണ്ടകഥ വേണ്ട പകരം നല്ല ഒരു തിരക്കഥ മതി എന്ന് തെളിയിച്ച ചിത്രം ആണ് മഹേഷിന്റെ പ്രതികാരം. നല്ല സരസമായ സംഭാഷണ ശകലങ്ങളും, നല്ല അഭിനയ മുഹൂർത്തങ്ങളും ഒക്കെ കൊണ്ട് നിറഞ്ഞ ഒരു കൊച്ചു നല്ല ചിത്രം. ഈ ചിത്രം കാണുമ്പോൾ, എനിക്കൊരു സിനിമ കാണുന്നതായി തോന്നിയതേയില്ല, എൻറെ ഗ്രാമത്തിൽ ചെന്നു അവിടുത്തെ ആൾക്കാരുമായിട്ട് സംവദിക്കുകയും അവിടുത്തെ സംഭവങ്ങൾ ഒക്കെ നേരിൽ കാണുന്നത് പോലെയുമാണ് തോന്നിയത്. പല കഥാപാത്രങ്ങളും, ഞങ്ങളുടെ കൊച്ചു നാട്ടിൻപുറത്തെ ആൾക്കാരുമായി എനിക്ക് വളരെ എളുപ്പത്തിൽ തന്നെ താരതമ്യം ചെയ്യാൻ കഴിഞ്ഞു. 

ഫഹദ് ഫാസിൽ, ഒരിക്കൽ മോശം നടൻ എന്ന് പേര് സമ്പാദിക്കുകയും, പിന്നീട് ഒരു വനവാസം കഴിഞ്ഞു മലയാള സിനിമയിൽ  തൻറെതായ ഇരിപ്പിടം ഉണ്ടാക്കിയ നടൻ. അദ്ദേഹം മഹേഷ്‌ ആയിട്ട് അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയാണ് എന്ന് തോന്നിപ്പോയി. ഡയലോഗ് ഡെലിവറി മുഖത്തു വരുന്ന വികാരങ്ങ, വാചാലമാവുന്ന കണ്ണുകൾ കൊണ്ട് ഒക്കെ അദ്ദേഹം കുറ്റമറ്റ പ്രകടനം. അപർണ ബാലമുരളി, തന്റെ കന്നിചിത്രം (അല്ല, നായികയായി) ഒരു രീതിയിൽ പോലും മോശമാക്കിയില്ല. ഗ്രാമീണ സൌന്ദര്യം ഉള്ള തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയായി ആണ് എനിക്ക് തോന്നിയത്. ക്രിസ്പിൻ പെട്ടെന്ന് അങ്ങിനെയാ വന്നത് സൌബിൻ ഷഹീർ, അലൻസിയർ ലെ രണ്ടു പേരും മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. അതിൽ മികച്ചു നിന്നത് അലൻസിയർ (അദ്ദേഹത്തെ എവിടെയോ കണ്ടിട്ടുണ്ട്, ഓർമ്മ കിട്ടുന്നില്ല, അത്ര പരിചിതം) ആണ്. ശരിക്കും സ്കോർ ചെയ്തു. അനുശ്രീ തന്റെ റോൾ ഭംഗിയായി ചെയ്തു, അവർ പിന്നെ പ്പോഴും അങ്ങിനെ തന്നെയാണല്ലോ. ചെറുതും വലുതുമായ കഥാപാത്രങ്ങൾ നിരവധി ചിത്രത്തിലുണ്ട്, ഒരാൾ പോലും മോശമാക്കിയില്ല എന്നതാണ് ഈ ചിത്രത്തിൻറെ മുതൽക്കൂട്ട്. പലരും ഇടുക്കിയിൽ നിന്ന് തന്നെ കണ്ടെടുത്തതാണെന്നു രു ഇന്റർവ്യൂവിൽ പറയുന്നത് വെച്ച് നോക്കുമ്പോൾ മാറ്റ് കൂടുതൽ തന്നെയാണ്.
മേക് അപ് ഈ ചിത്രത്തിൽ ആരും ഉപയോഗിച്ചില്ല എന്ന് കേട്ടിട്ടുണ്ട് അതു കൊണ്ട് തന്നെ എല്ലാവരും നമുക്ക് പരിചിതർ എന്നാ പോലെ തോന്നും.

ദിലീഷ് പോത്തൻ തന്നെയാണ് ഈ ചിത്രത്തിൻറെ താരം. തൻറെ കിടയറ്റ മേകിംഗിലൂടെ ഈ ഒരു ചെറുകഥയെ അഭ്രപാളിയിൽ എത്തിച്ചതിനു എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിയ്പ്പിക്കുന്നില്ല ഈ രണ്ടു മണിക്കൂർ ചിത്രം. ആരുടേയും ശൈലി അദ്ദേഹം പിന്തുടരാതെ തന്റേതായ രീതിയിൽ കൊണ്ട് വന്നതാണ് മഹത്തായ കാര്യം. തിരക്കഥയും സംഭാഷണങ്ങളും രചിച്ച ശ്യാം പുഷ്ക്കരൻ ഉത്തമ ജോലി തന്നെയാണ് ചെയ്തത്.
ഷൈജു ഖാലിദ് തന്റെ മനം മയക്കുന്ന ഫ്രേമുകളിലൂടെ സംവിധായകനു നല്ല പിന്തുണ നൽകി. ഇടുക്കിയുടെ മനോഹാരിത പ്രകൃതി ദ്രിശ്യങ്ങൾ ഒരു മടിയും കൂടാതെ സെല്ലുലോയിഡിൽ അദ്ദേഹം പകർത്തി. ക്യാമറ ഉപയോഗിച്ചിരുന്ന ആംഗിളുകൾ വരെ വ്യത്യസ്തം. ബിജിബാലിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചു തന്നെ നിന്നു. വളരെ നീളമുള്ള പാട്ടുകൾ കുത്തിത്തിരുകാതെ സന്ദർഭോചിതമായി ഉപയോഗിച്ചത് ആരുടെ ബുദ്ധിയാണെന്നറിയില്ല, അയാൾക്കൊരു കൂപ്പുകൈ. പലപ്പോഴും രസം കൊല്ലി ആകുന്നതു ചില സമയത്ത് പാട്ടുകൾ ആണല്ലോ. എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.

ഒരു തെറ്റ് പോലും കണ്ടു പിടിയ്ക്കാനില്ലാത്ത ഒരു മനോഹര ചിത്രം. വീണ്ടും ഞാൻ ദിലീഷ് പോത്തൻ എന്നാ സംവിധായകനും ഈ ചിത്രം നിർമ്മിച്ചു തന്റെ ശിഷ്യന് മുഖ്യധാരാ ചിത്രത്തിലേക്ക് ഒരു വഴി കാണിച്ചു കൊടുക്കുകയും ചെയ്ത ആഷിഖ് അബുവിനും ഒരു നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ദിലീഷ് പോത്തൻ വളരെയധികം ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുകയും സർവേശ്വരൻ അതിനുള്ള കഴിവും ആരോഗ്യവും കൊടുക്കട്ടെയെന്നാശംസിക്കുന്നു.

എന്റെ റേറ്റിംഗ് 9.5 ഓൺ 10 

No comments:

Post a Comment