സൂപ്പർ 8 (2011)
Language : English
Genre : Adventure | Drama | Sci-Fi | Thriller
Director : J.J. Abrams
IMDB : 7.1
Super 8 Theatrical Trailer
സൂപർ 8 എന്ന ചിത്രത്തിൻറെ ട്രെയിലർ കണ്ടപ്പോഴേ മനസ്സിൽ ഉറപ്പിച്ചതാണ്, തീയറ്ററിൽ തന്നെ ഞാൻ കാണും എന്നത്. അങ്ങിനെ 2011ൽ ചിത്രം റിലീസ് ആയപ്പോൾ തന്നെ അങ്ങിനെ ഐമാക്സിൽ കണ്ടു. വെറും 50 മില്ലിയൻ ഡോളർ മുതൽമുടക്കുള്ള ചിത്രം ഏകദേശം 300 മില്ലിയൻ ഡോളറുകളോളം കളക്റ്റ് ചെയ്തിരുന്നു. സ്റ്റാർ ട്രെക്ക്, മിഷൻ ഇമ്പോസിബിൾ 3, സ്റ്റാർ ട്രക്ക് ഇന്ടു ദി ഡാർക്ക്നസ് ഈയിടെ പുറത്തിറങ്ങിയ സ്റ്റാർ വാർസ് ഫോർസ് അവേകൻസ് സംവിധാനം ചെയ്ത ജെ ജെ അബ്രാംസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ കൂടെ ചേർന്ന് സ്റ്റീവൻ സ്പീൽബർഗ്, ബ്രയാൻ ബർക് എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്.
ഇനി കഥയിലേക്ക് വരാം. 1979ൽ ഓഹിയോ പട്ടണത്തിൽ ഒരു പറ്റം കുട്ടികൾ കടമെടുത്ത ക്യാമറ കൊണ്ട് മത്സരത്തിനു വേണ്ടി സോംബീ സിനിമ ഷൂട്ട് ചെയ്യാൻ പദ്ധതിയിടുന്നു. അന്ന് രാത്രിയിൽ, അടുത്തുള്ള റെയിൽവെ സ്റ്റേഷനിൽ ഒരു സീൻ എടുക്കാനായി അവർ എത്തുന്നു. തത്സമയം, അത് വഴി കടന്നു പോകുക ആയിരുന്ന എയർഫോർസിൻറെ ട്രെയിൻ പാളം തെറ്റി വലിയ അപകടം ഉണ്ടാവുന്നു. അതിൽ എന്തോ അമൂല്യമായ ഒന്ന് ഉണ്ടായിരുന്നു. അതിൽ നിന്നും രക്ഷപെട്ട ഒരാൾ ഇവിടെ നടന്നതൊന്നും പട്ടണത്തിലുള്ളവരോട് പറയരുത് എന്ന് മുന്നറിയിപ്പ് ആ കുട്ടികൾക്ക് നൽകുന്നു. ഈ സംഭവത്തിനു ശേഷം ആ ചെറിയ പട്ടണത്തിൽ ആളുകളെ കാണാതെ പോകുകയും, അമേരിക്കൻ മിലിട്ടറി വിന്യസിക്കുകയും ചെയ്യുന്നു. ദുരൂഹതയുടെ മൂടുപടം അവിടെ ഉറഞ്ഞു കൂടുന്നു. എന്തായിരിക്കും ആ ട്രെയിനിൽ ഉണ്ടാകുക? കുട്ടികൾക്കെന്തു സംഭവിക്കും എന്നുള്ളത് കണ്ടറിയേണ്ടത് തന്നെയാണ്.
സാങ്കേതികമായി ഈ ചിത്രം എല്ലാ മേന്മയും പുലർത്തുന്നുണ്ട്. അതിനു ഏറ്റവും വലിയ ഉദാഹരണം, സിനിമയുടെ മുഖ്യമായ ഒരു സീനായ ട്രെയിൻ അപകടം തന്നെയാണ്. പ്രേക്ഷകൻറെ മുന്നിൽ നടക്കുന്നതായി തന്നെ തോന്നിപ്പോവും. ജെ ജെ അബ്രാംസ് തന്റെ സംരംഭം ഒരു അസാധാരണമായ ചിത്രമാക്കി തന്നെ മാറ്റി എന്ന് നിസംശയം പറയാൻ കഴിയും. അത്രയ്ക്കും സാങ്കേതികമായി ചിത്രം മികച്ചു നിൽക്കുന്നു. ക്യാമറവർക്കും ചിത്രത്തിൻറെ കളർ ടോണും ഒരു ത്രില്ലർ മോഡ് ചിത്രം മുന്നിൽ കൊണ്ട് വന്നിട്ടുണ്ട്. ഇ.ടി. എന്ന സ്പീൽബർഗ് ചിത്രത്തെ ആദ്യം അനുസ്മരിപ്പിക്കുമെങ്കിലും പിന്നീട് വേഗതയാർന്ന ഒരു സൈഫൈ ത്രില്ലറിലേക്കു ചുവടു മാറ്റപ്പെടുന്നു. പശ്ചാത്തല സംഗീതം നിർവഹിച്ച മൈക്കൽ ജിയചീനൊ (സൂടോപിയ, ഇൻസൈഡ് ഔട്ട്, ജുറാസിക് വേൾഡ്) ചിത്രത്തിന് ചേർന്ന രീതിയിൽ തന്നെ പശ്ചാത്തല സംഗീതം നിർവഹിച്ചു. നല്ല ഒരു ഹോം തീയറ്റർ അല്ലെങ്കിൽ ഹെഡ് ഫോൺ വെച്ചീ സിനിമ കാണുന്നവർക്ക് മനസിലാകും.
കുട്ടികൾ എല്ലാവരും തന്നെ ഗംഭീര പ്രകടനമാണ് നടത്തിയത്. കുട്ടികളെ ചുറ്റിപ്പറ്റിയുള്ള സിനിമ ആണെങ്കിൽ കൂടിയും ഈ ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടാനുള്ള പ്രധാന കാരണവും അത് തന്നെ. എലെ ഫാനിംഗ് (ദകൊറ്റ ഫാനിങ്ങിന്റെ സഹോദരി), ജോയൽ മില്ലർ എന്നിവരും മികച്ച പ്രകടനം കാഴ്ച വെച്ചു.
ഈ ചിത്രം നിങ്ങൾ മിസ് ചെയ്യുന്നുവെങ്കിൽ ഒരു ഗംഭീര സൈഫൈ ചിത്രം നിങ്ങൾ മിസാക്കും. വളരെ കുറഞ്ഞ ചെലവിൽ (ഹോളിവുഡ് സൈഫൈ സിനിമകളുമായി താരതമ്യം ചെയ്യുമ്പോൾ) technically perfect എന്ന് തന്നെ വിശേഷിപ്പിക്കാം.
എന്റെ റേറ്റിംഗ് 9.6 ഓൺ 10
No comments:
Post a Comment