മിരുതൻ (2016)
Language : Tamil
Genre : Action | Drama | Horror | Thriller
Director : Shakthi Soundar Rajan
IMDB : 7.6
Miruthan Theatrical Trailer
ദക്ഷിണേന്ത്യയിലെ ആദ്യത്തെ സോമ്പി ചിത്രം എന്ന വിശേഷണത്തിന് സ്വന്തം, അതാണ് മിറുതൻ. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നല്ല അഭിപ്രായങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെയാണ് നാണയം, നായ്ക്കൾ ജാഗിരതൈ എന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത ശക്തി സൌന്ദർ രാജൻറെ ചിത്രം കാണാൻ തീയറ്ററിൽ ചെന്നത്. സ്വാഭാവികമായും പുതിയ ഒരു ചിത്രത്തിനുണ്ടാകുന്ന തിരക്ക് അവിടെ അനുഭവപ്പെട്ടു. പ്രതീക്ഷകൾ ഞാൻ അധികം വെയ്ക്കാഞ്ഞതിനു കാരണങ്ങൾ ഉണ്ട്, അതിലൊന്ന് ഇതൊരു ഇന്ത്യൻ ചിത്രം ആണെന്നുള്ളത് തന്നെയാണ്. വളരെ പരിമിതമായ ബജറ്റിൽ ചെയ്യുന്ന ചിത്രങ്ങൾ ഒരിക്കലും ഹോളിവുഡ് ചിത്രങ്ങളുമായി കിട പിടിയ്ക്കാൻ കഴിയില്ല എന്നതാണ് മുഖ്യ കാരണം.
ഊട്ടിയിലെ ട്രാഫിക് ഡിപ്പാർട്ട്മെൻറിൽ എസ്.ഐ. ആണ് കാർത്തിക്. അയാൾക്ക് സ്വന്തം എന്ന് പറയാൻ വിദ്യ എന്നാ ഒരു അനിയത്തി മാത്രമേ ഉള്ളൂ. ജീവിതകാലം അവൾക്കു തുണയായി ജീവിക്കണം എന്നതാണ് കാർത്തിക്കിന്റെ മനസിലുള്ള ഒരേയൊരു വികാരം. ഒരു പുലർച്ചെ തൻറെ അനിയത്തിയെ കാണാതാകുന്നതോടെയാണ് കഥ വികസിക്കുന്നത്. കാർത്തിക് തൻറെ സുഹൃത്തും ചേർന്ന് വിദ്യ തിരക്കി ഇറങ്ങുന്നു. ഒരു രാസ ദ്രാവകം നിർഗളിച്ചത് മൂലം അന്നാട്ടിലെ മനുഷ്യർ സോംബികളായി മാറുന്നു. ഇതിനെതിരെ ഒരു മരുന്ന് കണ്ടുപിടിയ്ക്കാനായി ഡോക്ടർ രേണുകയും കുറച്ചു ഡോക്ടർമാരും ശ്രമിയ്ക്കുന്നു. എന്നാൽ അവർക്ക് കോയമ്പത്തൂർ ഉള്ള ആശുപത്രിയിൽ എത്തിയെ മതിയാകൂ. അവരെ സഹായിക്കാനായി നായകനായ കാർത്തിക്കും കൂടെ സുഹൃത്തും കൂടി യാത്ര തിരിയ്ക്കുന്നു. കോയമ്പത്തൂരിൽ അവരെ കാത്തിരുന്നത് ഭയാനകമായ അവസ്ഥ ആയിരുന്നു.
പതിവിലും വിപരീതമായി, സാധാരണ മനുഷ്യർ സോമ്പികളാകാനുതകുന്ന കാരണത്തോടെ തുടക്കം. അധികം താമസിപ്പിക്കാതെ തന്നെ കഥാപാത്രവർണ്ണനം സംവിധായകൻ നടത്തിയതിലൂടെ അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കി. പക്ഷെ, പിന്നീടങ്ങോട്ട് ഒരു ലക്കും ലഗാനും ഇല്ലാത്ത പോക്കായിരുന്നു. പറക്കുന്ന സൊംബികൾ, വെറും ട്രാഫിക് പോലീസുകാരന്റെ ആവനാഴിയിലെ തീരാത്ത ഉണ്ടകൾ, അനുസരണയുള്ള സോമ്പികൾ, അടി കൊള്ളാനായിട്ടു ഓരോരുത്തരായി മുൻപോട്ടു വരുന്ന സോമ്പികൾ ഒറ്റ രാത്രി കൊണ്ട് ഇത് വരെ ഇന്ത്യയിൽ വന്നിട്ടില്ലാത്ത രോഗത്തിനു മരുന്ന് കണ്ടുപിടിക്കൽ എന്നിങ്ങനെ പോരായ്മകൾ ധാരാളമായിരുന്നു. ഇത് പോരാഞ്ഞിട്ട്, തമിഴ് സിനിമയിൽ കാലാകാലങ്ങളായി കണ്ടു വരുന്ന ക്ളിഷേകളുടെ ഒളിമ്പിക്സ്.
ഒരു പാതി വെന്ത കഥയിൽ തട്ടിക്കൂട്ടി ഉണ്ടാക്കിയ മാതിരി ആയിട്ടാണ് എനിക്ക് മിറുതൻ തോന്നിയത്. കുറെയധികം ഹോളിവുഡ് സോംബീ ചിത്രങ്ങൾ അദ്ദേഹം ഇതിലേക്ക് മാറ്റിയെടുക്കപ്പെട്ടു. ഉദാഹരണത്തിന്, തുടക്കത്തിലെ രാസദ്രാവകചോർച്ച (ക്രേസീസ്) വാഹനത്തിനു മേലെ നിന്നും സോമ്പികളെ നേരിടുന്നത് (വോക്കിംഗ് ഡെഡ് സീരീസ്), മാൾ സീക്വൻസ് (ഡോൺ ഓഫ് ദി ഡെഡ്) അങ്ങിനെ തുടരുന്നു.
സോമ്പികൾ എന്നത് മനുഷ്യ കുലത്തിനു തന്നെ അന്യം നിൽക്കുന്ന ഒന്നാണെങ്കിലും, കുറച്ചു കൂടി സംവിധായകൻ കൃത്യത പാലിയ്ക്കാമായിരുന്നു. ഈ ചിത്രത്തിലെ ഏറ്റവും വലിയ പോരായ്മയും അദ്ദേഹം തന്നെ, കഥാവിവരണം, സംവിധാനം എന്ന വിഭാഗങ്ങളിൽ അദ്ദേഹം വൻ പരാജയം തന്നെയായിരുന്നു.
ഈ ചിത്രത്തിലെ നല്ല കാര്യങ്ങൾ എടുത്തു പറയുകയാണെങ്കിൽ അതിൽ മുൻപിൽ നിൽക്കുന്നത് നായകനായ ജയം രവി തന്നെയാണ്. അനിഘയും തന്റെ കഥാപാത്രം നന്നായി അവതരിപ്പിച്ചു. ജ്യേഷ്ഠൻ-അനുജത്തി കെമിസ്ട്രി നന്നായിരുന്നു. കോമഡി നന്നായിരുന്നു, കാളി വെങ്കട്ട് നല്ല പ്രകടനമായിരുന്നു. ചില നമ്പറുകൾ ഒക്കെ നല്ല ചിരി പകരുന്നതായിരുന്നു. എന്നാൽ ശ്രീമാൻ കോമഡി കാണിയ്ക്കുന്നതിൽ വൻ പരാജയമായി മാറി. ലക്ഷ്മി മേനോൻ സ്ഥിരം നായിക വേഷം. വലുതായി ഒന്നും എടുത്തു പറയാനില്ല. ജൂനിയർ ആർട്ടിസ്റ്റുകളുടെ എടുത്തു പറയേണ്ടത് തന്നെയാണ്.
ഡി ഇമ്മാൻറെ പശ്ചാത്തല സംഗീതം നന്നായിരുന്നു. ഗാനങ്ങളും കുഴപ്പമില്ല.. മുന്നാൽ കാതലി സ്ഥിരം ശൈലി ആണെങ്കിലും, മിറുതാ മിറുതാ എന്നാ ഗാനം നല്ല നിലവാരം പുലർത്തി. പക്ഷെ ചിത്രീകരണം മഹാ ബോറുമായിരുന്നു.
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ ഹിന്ദിയിൽ റിലീസ് ആയ ഗോ ഗോവ ഗോൺ എന്ന സോമ്പി ചിത്രത്തിൻറെ ഏഴയലത്ത് കൂടി ചിത്രത്തിൻറെ നിലവാരം എത്തിയില്ല.
അതിനാൽ ഞാൻ പത്തിൽ ഈ ചിത്രത്തിന് കൊടുക്കുന്നത് 4.5 ആണ്.
നീരജ എന്ന ചിത്രം കാണാമെന്നു ഞാൻ അപ്പോഴേ എൻറെ സുഹൃത്തിനോട് പറഞ്ഞതാണ്. അപ്പോൾ അവൻ പറഞ്ഞത് ഒരു ഫ്ലൈറ്റിനകത്തു മാത്രം നടക്കുന്ന കതയായോണ്ട് ബോറടിയ്ക്കും. ചിത്രം കഴിഞ്ഞപ്പോൾ അവന്റെ വായിൽ നാക്കുണ്ടോ എന്ന് തപ്പി നോക്കണം.
No comments:
Post a Comment