ഡെഡ്പൂൾ (2016)
Language : English
Genre : Action | Comedy | Crime | Mystery
Director : Tim Miller
IMDB : 8.6
Deadpool Theatrical Trailer
എത്രയോ സൂപർ ഹീറോകൾക്ക് ജന്മം നൽകിയിട്ടുള്ള മാർവൽ സ്റ്റുഡിയോസ് തങ്ങളുടെ പതിവ് സൂപർ ഹീറോ ശൈലിയിൽ നിന്നും മാറി നിർമിച്ച ചിത്രമാണ് ഡെഡ്പൂൾ. റ്റീസർ മുതൽ തന്നെ എന്നിൽ പ്രതീക്ഷയുണർത്തിയ ചിത്രം അത് കൊണ്ട് തന്നെ റിലീസ് ദിവസം തന്നെ കാണണം എന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു. അത്യധികം രസകരമായ ഈ വയലൻറ് കോമഡിയിൽ റയൻ റെയ്നോൾഡ്സ് ഡെഡ്പൂളായി വേഷമിടുന്നു.നവാഗതനായ ടിം മില്ലർ ആണ് സംവിധാനം.
വേഡ് വിത്സൺ, അതാണ് നമ്മുടെ നായകൻറെ പേര്. മിലിട്ടറിയിൽ ജോലിയുണ്ടായിരുന്ന വേഡ് അതിൽ നിന്നും വിരമിച്ചു ന്യൂ യോർക്കിൽ ഒരു വാടകയ്ക്ക് ജോലി ചെയ്യുന്നവൻ ആയി ജീവിക്കുന്നു. ഒരു രാത്രി വനീസ എന്ന പെൺകുട്ടിയെ കണ്ടുമുട്ടി പ്രണയത്തിലാകുന്നു. വിവാഹം കഴിയ്ക്കാനുള്ള തയാറെടുപ്പിനിടയിൽ തനിക്കു കാൻസർ ആണെന്ന് മനസിലാക്കുന്ന വേഡ് വിത്സൺ വനീസയെ ഉപേക്ഷിച്ചു തന്റെ അടുത്തു വന്ന ഒരു രഹസ്യസംഘത്തിൻറെ പ്രലോഭനത്തിൽ വഴങ്ങി പോകുന്നു. അവിടെ വെച്ച് വേഡിനു അമാനുഷിക ശക്തി നൽകി അതിലൂടെ കാൻസർ എന്ന രോഗവും ചികിത്സിച്ചു ഭേദമാക്കാം എന്നു പറയുന്നത് കൊണ്ട് അതിനായുള്ള പ്രക്രിയയിൽ ഏർപ്പെടുന്നു. എന്നാൽ, അതിവിരൂപനായി മാറുന്ന വേഡ് തന്നെ ഈ ഒരു കോലത്തിലാക്കിയവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നു.. അതെങ്ങിനെ ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ഹൈലൈറ്റ്.
വേഡ് വിത്സൺ എന്ന ഡെഡ്പൂൾ ആയി സ്ക്രീനും പ്രേക്ഷകനെയും ഒരു പോലെ കയ്യിലെടുത്ത റയൻ റെയ്നോൾഡ്സ് തന്നെയാണ് താരം. റയൻ തന്റെ one-liner ഡയലോഗുകളും സെൽഫ് ട്രോളുകളും ആക്ഷനും ഒക്കെ കൊണ്ട് വേറെ ലെവലിൽ തന്നെ പോയി.. ശരിക്കും പറഞ്ഞാൽ ഷോ-സ്റ്റീലർ. ഓരോ സീനും റയൻ തകർത്ത് വാരി. ചില ഘട്ടങ്ങളിൽ ഒക്കെ ജിം കാരിയെ ഓർമ്മിപ്പിച്ചു. വനീസയെ അവതരിപ്പിച്ച മൊറീനയും ടോപിന്ദർ എന്ന ഇന്ത്യക്കാരൻ ടാക്സി ഡ്രൈവർ ആയി അഭിനയിച്ച കരൻ സോണിയും സുഹൃത്തായ വീസൽ ആയ ടി.ജെ. മില്ലറും നെഗസോണിക് ആയ ബ്രിന്നയും നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. വില്ലനായി വന്ന എഡ് സ്ക്രീൻ കഴിയുന്നത്ര റയനു മുൻപിൽ പിടിച്ചു നില്ക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വില്ലനെ നിഷ്പ്രഭമാക്കിക്കളഞ്ഞു എന്ന് തന്നെ പറയാം. ജീന കരാനോ ഏഞ്ചൽ ഡസ്റ്റ് എന്ന അമാനുഷിക കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു.
ടൈറ്റിൽ കാർഡ് മുതൽ വ്യത്യസ്ത പുലർത്തിയ ഡെഡ്പൂൾ ചിത്രം ഒരു സാധാരണ പ്രേക്ഷകൻറെ ഇത് വരെ വന്നിട്ടുള്ള സൂപർഹീറോ ചിത്രങ്ങളിലുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിയ്ക്കുന്ന ഒന്ന് തന്നെയാണ്. 3D എഫക്ടിൽ ഉള്ള ടൈറ്റിൽ കാർഡ് കാണാൻ തന്നെ രസമാണ്. തുടർന്നുള്ള ആക്ഷൻ സീനുകൾ ഈ അടുത്തു കണ്ടതിൽ വെച്ചേറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാം. ഇത്രയും വയലൻസും അശ്ലീലവാദിയായ ഒരു സൂപർ ഹീറോയെ ആരും ഇത് വരെ കണ്ടിട്ട് കൂടിയുണ്ടാവില്ല. ഈ ചിത്രത്തിൻറെ സംഭാഷണങ്ങൾ രചിച്ച റെറ്റ് റീസും പോൾ വെർനിക്കും അസാമാന്യ പ്രതിഭകൾ തന്നെ, ഇത്ര രസകരമായി അവർ സംഭാഷണം എഴുതിയിരിക്കുന്നു. ഓരോ ഡയലോഗുകൾ ചിരികളുടെ അലകൾ ഉണർത്തുന്നു. ക്യാമറ കൈകാര്യം ചെയ്ത കെൻ സെങും കത്രിക ഉപയോഗിച്ച ജൂലിയൻ ക്ലാർക്കും ഒരു പ്രത്യേക പ്രശംസ അർഹിക്കുന്നു, കാരണം അവരില്ലെങ്കിൽ ഈ ഇടിവെട്ട് പടം ആസ്വാദ്യകരമാവില്ലായിരുന്നു. പശ്ചാത്തല സംഗീതവും വളരെ മികച്ചതായിരുന്നു. ഡി.എം.എക്സ് (DMX) എന്ന റാപ്പറുടെ X Gonna Give It To You ഗാനം തീയറ്ററിൽ ചില്ലറ അലയോന്നുമല്ല തീർത്തത്.
ഒരിക്കലും ഇത് ഒരു സംവിധായകന്റെ പ്രഥമ ചിത്രം എന്നാ ഒരു തോന്നൽ ഒരു പ്രേക്ഷകനും തോന്നിപ്പിക്കാത്ത വിധം തകർത്ത് വാരി. തോർ എന്നാ ചിത്രത്തിൻറെ രണ്ടാമത് യൂനിറ്റ് ഡയറക്ടർ മാത്രമായ ടിം മില്ലർ ഒട്ടും സങ്കോചം ഇല്ലാതെ വളരെ ഭദ്രമായി തന്നെ സംവിധാനം ചെയ്തു. അതിനധേഹത്തെ അനുമോദിച്ചേ മതിയാവൂ..
കണ്ടിട്ടില്ലാത്തവർ കണ്ടേ മതിയാവൂ.. ഈ ന്യൂ ജെൻ സൂപ്പർ ഹീറോ ചിത്രം.
Theatre watch is must.. Don't go for DvD or CAM print you may lose the Hilarious, Action-Packed, Foul Mouth & Gore DEADPOOL..
എൻറെ റേറ്റിംഗ് 9 ഓൺ 10
No comments:
Post a Comment