Cover Page

Cover Page

Sunday, March 27, 2016

140. Maheshinte Prathikaram (2016)

മഹേഷിൻറെ പ്രതികാരം (2016)




Language : Malayalam
Genre : Comedy | Drama | Family
Director : Dileesh Pothen
IMDB : 8.1

Maheshinte Prathikaram Theatrical Trailer



ആദ്യമേ തന്നെ ദിലീഷ് പോത്തരണ്ടു മണിക്കൂർ സ്വയം മറന്നു ഇരുന്നു കാണുവാനുള്ള അവസരം ഒരുക്കി തന്നതിന് നന്ദി പറയുന്നു. വളരെ വൈകിയാണെങ്കിലും ചിത്രം കാണാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അല്ലെങ്കിലും, പ്രവാസി മലയാളികളുടെ ശാപം ആണ് വൈഡ് റിലീസ് ഇല്ലാത്ത മലയാളം ചിത്രങ്ങൾ. എല്ലാം കഴിഞ്ഞു അവസാനം മാത്രമാണ് ഒരു നല്ല മലയാള ചിത്രം കാണാൻ കഴിയുക.

മഹേഷ്‌, ഇടുക്കിയിൽ പ്രകാശ്സിറ്റി എന്ന ചെറിയ ഗ്രാമത്തിൽ ഒരു സ്റ്റുഡിയോ നടത്തുന്നു. അവിടെ നടക്കുന്ന ഒരു പ്രത്യേക സംഭവത്തിൽ ഒരു പ്രതിജ്ഞ എടുക്കുന്നു, താൻ ആ കാര്യം നടത്തിയതിനു ശേഷം മാത്രമേ ചെരുപ്പ് ധരിക്കുകയുള്ളൂ.. ഈ ഒരു ചെറിയ സംഭവകഥ ആണ് ഒരു മൊത്തം ചിത്രത്തിൻറെ അച്ചുതണ്ട് എന്ന് പറയാം.

ഒരു സിനിമ സംവിധാനം ചെയ്യാൻ വലിയ ബ്രഹ്മാണ്ടകഥ വേണ്ട പകരം നല്ല ഒരു തിരക്കഥ മതി എന്ന് തെളിയിച്ച ചിത്രം ആണ് മഹേഷിന്റെ പ്രതികാരം. നല്ല സരസമായ സംഭാഷണ ശകലങ്ങളും, നല്ല അഭിനയ മുഹൂർത്തങ്ങളും ഒക്കെ കൊണ്ട് നിറഞ്ഞ ഒരു കൊച്ചു നല്ല ചിത്രം. ഈ ചിത്രം കാണുമ്പോൾ, എനിക്കൊരു സിനിമ കാണുന്നതായി തോന്നിയതേയില്ല, എൻറെ ഗ്രാമത്തിൽ ചെന്നു അവിടുത്തെ ആൾക്കാരുമായിട്ട് സംവദിക്കുകയും അവിടുത്തെ സംഭവങ്ങൾ ഒക്കെ നേരിൽ കാണുന്നത് പോലെയുമാണ് തോന്നിയത്. പല കഥാപാത്രങ്ങളും, ഞങ്ങളുടെ കൊച്ചു നാട്ടിൻപുറത്തെ ആൾക്കാരുമായി എനിക്ക് വളരെ എളുപ്പത്തിൽ തന്നെ താരതമ്യം ചെയ്യാൻ കഴിഞ്ഞു. 

ഫഹദ് ഫാസിൽ, ഒരിക്കൽ മോശം നടൻ എന്ന് പേര് സമ്പാദിക്കുകയും, പിന്നീട് ഒരു വനവാസം കഴിഞ്ഞു മലയാള സിനിമയിൽ  തൻറെതായ ഇരിപ്പിടം ഉണ്ടാക്കിയ നടൻ. അദ്ദേഹം മഹേഷ്‌ ആയിട്ട് അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയാണ് എന്ന് തോന്നിപ്പോയി. ഡയലോഗ് ഡെലിവറി മുഖത്തു വരുന്ന വികാരങ്ങ, വാചാലമാവുന്ന കണ്ണുകൾ കൊണ്ട് ഒക്കെ അദ്ദേഹം കുറ്റമറ്റ പ്രകടനം. അപർണ ബാലമുരളി, തന്റെ കന്നിചിത്രം (അല്ല, നായികയായി) ഒരു രീതിയിൽ പോലും മോശമാക്കിയില്ല. ഗ്രാമീണ സൌന്ദര്യം ഉള്ള തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിയായി ആണ് എനിക്ക് തോന്നിയത്. ക്രിസ്പിൻ പെട്ടെന്ന് അങ്ങിനെയാ വന്നത് സൌബിൻ ഷഹീർ, അലൻസിയർ ലെ രണ്ടു പേരും മിന്നുന്ന പ്രകടനം ആണ് കാഴ്ച വെച്ചത്. അതിൽ മികച്ചു നിന്നത് അലൻസിയർ (അദ്ദേഹത്തെ എവിടെയോ കണ്ടിട്ടുണ്ട്, ഓർമ്മ കിട്ടുന്നില്ല, അത്ര പരിചിതം) ആണ്. ശരിക്കും സ്കോർ ചെയ്തു. അനുശ്രീ തന്റെ റോൾ ഭംഗിയായി ചെയ്തു, അവർ പിന്നെ പ്പോഴും അങ്ങിനെ തന്നെയാണല്ലോ. ചെറുതും വലുതുമായ കഥാപാത്രങ്ങൾ നിരവധി ചിത്രത്തിലുണ്ട്, ഒരാൾ പോലും മോശമാക്കിയില്ല എന്നതാണ് ഈ ചിത്രത്തിൻറെ മുതൽക്കൂട്ട്. പലരും ഇടുക്കിയിൽ നിന്ന് തന്നെ കണ്ടെടുത്തതാണെന്നു രു ഇന്റർവ്യൂവിൽ പറയുന്നത് വെച്ച് നോക്കുമ്പോൾ മാറ്റ് കൂടുതൽ തന്നെയാണ്.
മേക് അപ് ഈ ചിത്രത്തിൽ ആരും ഉപയോഗിച്ചില്ല എന്ന് കേട്ടിട്ടുണ്ട് അതു കൊണ്ട് തന്നെ എല്ലാവരും നമുക്ക് പരിചിതർ എന്നാ പോലെ തോന്നും.

ദിലീഷ് പോത്തൻ തന്നെയാണ് ഈ ചിത്രത്തിൻറെ താരം. തൻറെ കിടയറ്റ മേകിംഗിലൂടെ ഈ ഒരു ചെറുകഥയെ അഭ്രപാളിയിൽ എത്തിച്ചതിനു എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. ഒരു നിമിഷം പോലും പ്രേക്ഷകനെ മുഷിയ്പ്പിക്കുന്നില്ല ഈ രണ്ടു മണിക്കൂർ ചിത്രം. ആരുടേയും ശൈലി അദ്ദേഹം പിന്തുടരാതെ തന്റേതായ രീതിയിൽ കൊണ്ട് വന്നതാണ് മഹത്തായ കാര്യം. തിരക്കഥയും സംഭാഷണങ്ങളും രചിച്ച ശ്യാം പുഷ്ക്കരൻ ഉത്തമ ജോലി തന്നെയാണ് ചെയ്തത്.
ഷൈജു ഖാലിദ് തന്റെ മനം മയക്കുന്ന ഫ്രേമുകളിലൂടെ സംവിധായകനു നല്ല പിന്തുണ നൽകി. ഇടുക്കിയുടെ മനോഹാരിത പ്രകൃതി ദ്രിശ്യങ്ങൾ ഒരു മടിയും കൂടാതെ സെല്ലുലോയിഡിൽ അദ്ദേഹം പകർത്തി. ക്യാമറ ഉപയോഗിച്ചിരുന്ന ആംഗിളുകൾ വരെ വ്യത്യസ്തം. ബിജിബാലിന്റെ സംഗീതവും പശ്ചാത്തല സംഗീതവും മികച്ചു തന്നെ നിന്നു. വളരെ നീളമുള്ള പാട്ടുകൾ കുത്തിത്തിരുകാതെ സന്ദർഭോചിതമായി ഉപയോഗിച്ചത് ആരുടെ ബുദ്ധിയാണെന്നറിയില്ല, അയാൾക്കൊരു കൂപ്പുകൈ. പലപ്പോഴും രസം കൊല്ലി ആകുന്നതു ചില സമയത്ത് പാട്ടുകൾ ആണല്ലോ. എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം.

ഒരു തെറ്റ് പോലും കണ്ടു പിടിയ്ക്കാനില്ലാത്ത ഒരു മനോഹര ചിത്രം. വീണ്ടും ഞാൻ ദിലീഷ് പോത്തൻ എന്നാ സംവിധായകനും ഈ ചിത്രം നിർമ്മിച്ചു തന്റെ ശിഷ്യന് മുഖ്യധാരാ ചിത്രത്തിലേക്ക് ഒരു വഴി കാണിച്ചു കൊടുക്കുകയും ചെയ്ത ആഷിഖ് അബുവിനും ഒരു നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു. ദിലീഷ് പോത്തൻ വളരെയധികം ഉയരത്തിൽ എത്തട്ടെ എന്ന് ആശംസിക്കുകയും സർവേശ്വരൻ അതിനുള്ള കഴിവും ആരോഗ്യവും കൊടുക്കട്ടെയെന്നാശംസിക്കുന്നു.

എന്റെ റേറ്റിംഗ് 9.5 ഓൺ 10 

Saturday, March 26, 2016

139. The Wave (Bolgen) (2015)

ദി വേവ് (ബൊൽഗെൻ) (2015)



Language : Norwegian
Genre : Action | Drama | Thriller
Director : Roar Uthaug
IMDB : 6.7

The Wave (Bolgen) Theatrical Trailer


പ്രകൃതിദുരന്ത കഥകൾ നമ്മൾ പലതു കണ്ടിട്ടുണ്ടാവും. പക്ഷെ മാനുഷികവൈകാരികത ഇടകലർത്തി ഇത്ര ആർദ്രതയോടെ നിർമ്മിച്ചിട്ടുള്ള ചിത്രങ്ങൾ വിരളം ആകും. റോർ ഉതൊഗ് സംവിധാനം ചെയ്ത ഈ നോർവീജ്യൻ ചിത്രം നോർവേയിൽ 2015ലെ ഏറ്റവും കൂടുതൽ ഗ്രോസ് നേടിയ ചിത്രമാണ്. ഇത് തന്നെയായിരുന്നു അവരുടെ ഓസ്കാർ എന്ട്രിയെങ്കിലും പക്ഷെ തിരഞ്ഞെടുക്കപ്പെട്ടില്ല.  നോർവേയിൽ നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമിച്ചിട്ടുള്ളത്.

പടിഞ്ഞാറൻ നോർവേയിലെ മനോഹരവും ശാന്തവും ആയ പർവത നിരകൾക്കും ഇടയിലുള്ള ഒരു ചെറുപട്ടണം ആണ് ഗൈരാഞ്ചർ. എന്നാൽ അവിടെയുള്ള മനുഷ്യർ സന്തോഷത്തോടെ ആണെങ്കിലും ഉള്ളിൽ ഒരു പേടിയോടെ തന്നെയാണ് കഴിയുന്നത്‌. കാരണം മറ്റൊന്നുമല്ല തങ്ങളെ ചുറ്റി ഇരിക്കുന്ന എപ്പോൾ വേണമെങ്കിലും ഉരുൾപൊട്ടൽ അല്ലെങ്കിൽ ഹിമപ്രവാഹം ഉണ്ടാകാം എന്നാ അവസ്ഥയിലുള്ള അസ്ഥിരമായ പർവതങ്ങളാണ്. 
 
ഭാര്യയും രണ്ടു കുട്ടികളുമുള്ള ക്രിസ്റ്റ്യൻ എന്ന ഭൂവിജ്ഞൻ ഗൈരാഞ്ചറിൽ ഉള്ള ജോലി മതിയാക്കി പട്ടണത്തിലേക്ക് കുടിയേറാനുള്ള ശ്രമത്തിലാണ്. എന്നാൽ ഒരു പ്രത്യേക കാരണത്താൽ സവാരി മുടങ്ങുന്നു. പർവതത്തിന്റെ മാറ്റത്തിൽ ഉണ്ടായ ദുരൂഹത ആണ് കാരണം. അന്ന് രാത്രി സ്വന്തം പട്ടണത്തിൽ തന്നെ വസിക്കാം, എന്ന് കരുതിയ ക്രിസ്ത്യനും അന്നാട്ടിലെ ജനങ്ങൾക്കും നേരിടേണ്ടി വരുന്നത് കടുത്ത പ്രകൃതി ക്ഷോഭം ആണ്.  
 
വലിയ രീതിയിലുള്ള ഹിമപാതം ഉണ്ടാകുകയും അത് മൂലം ഏകദേശം 80-100 മീറ്റർ ഉയരമുള്ള സുനാമി ഉണ്ടാകുകയും ആ ചെറുപട്ടണത്തെ വിഴുങ്ങാൻ അത് മാത്രം മതിയാകും. താഴ്വാരത്ത് വസിക്കുന്ന ജനങ്ങൾക്ക്‌ തങ്ങളുടെ ജീവൻ രക്ഷിക്കണമെങ്കിൽ പത്തു മിനിട്ട് സമയം കൊണ്ട് ഏറ്റവും ഉയർന്ന പട്ടണത്തിൽ എത്തിയെ മതിയാകൂ. അവരുടെ രക്ഷപെടുമോ ഇല്ലയോ എന്നതാണ് സിനിമയുടെ രത്നചുരുക്കം.

ഒരു പ്രകൃതിദുരന്ത ചിത്രങ്ങളിൽ ആവശ്യമുള്ള എല്ലാ ഘടകങ്ങളും ഈ ചിത്രത്തിലുണ്ട്. അതിൽ നിന്നും ഒട്ടും വ്യതിചലിക്കാതെ തന്നെ സംവിധായകൻ തിരശീലയിൽ എത്തിചിട്ടുമുണ്ട്. ക്ലിഷേകൾ അല്ലെങ്കിൽ നമുക്ക് പ്രവചിക്കാൻ കഴിയുന്ന ഒരു പാട് സീനുകൾ ഉണ്ടെങ്കിലും ചിലതൊക്കെ ശ്വാസം അടക്കിപിടിച്ചിരുന്നു കണ്ടേ മതിയാകൂ.. അത്ര നല്ല മേക്കിംഗ് ആണ് ചിത്രത്തിന്.  മാനുഷിക വൈകാരികത ശരിക്കും ഉൾക്കൊണ്ട ചിത്രം തന്നെയാണ് ഇത്. നല്ല രീതിയൽ നമുക്കിടയിലെക്കും അത് കൊണ്ട് വരാൻ സംവിധായകന് സാധിച്ചു. അഭിനയിച്ചവർ എല്ലാവരും തന്നെ മികച്ചു നിന്നു. അതിൽ നായകൻ ആയ ക്രിസ്ടഫർ ജൊനർ നായിക ആൻ ദാൽ ഡ്രോപ്പ് നടത്തിയ പ്രകടനങ്ങൾ എടുത്തു പറയേണ്ടതാണ്.

നോർവേ, എന്നാ രാജ്യത്തിലെ കൊച്ചു പട്ടണത്തിൻറെ മനോഹാരിത വളരെ മികച്ചതായി തന്നെ ഒപ്പിയെടുത്തു ക്യാമറ കൈകാര്യം ചെയ്ത മൂന്നു വ്യക്തികൾ. വവ് (Wow) ഫാക്ടർ നിരവധി ഉള്ള ഫ്രേംസ്. ഒന്നെടുത്തു പറയണം എന്നുള്ളത് കാറിൽ സുനാമി അടിക്കുന്ന ഒരു സീനും, അതിനുള്ളിൽ ഉള്ള സീൻ ഒന്ന് കാണേണ്ടത് തന്നെയാണ്. എത്ര ഭീകരം ആണ് പ്രകൃതി ക്ഷോഭം എന്ന് മനസിലാക്കി തരുന്ന ഒന്ന്. ഗ്രാഫിക്സും ക്യാമറയും പശ്ചാത്തലസംഗീതവും മികച്ചു തന്നെ നിന്നു. ഹാൻസ് സിമ്മർ മോഡൽ സംഗീതം ആയിരുന്നു മാഗ്നസ് ബെറ്റ് കൊടുത്തത്. ഒരു ചിത്രത്തിൻറെ സ്വഭാവം അറിഞ്ഞു കൊണ്ട് തന്നെ അദ്ദേഹം സംഗീതം നൽകിയതിൽ അഭിമാനിയ്ക്കാം.

ചിത്രം പ്രകൃതിദുരന്തത്തിനെ പ്രതിപാദിച്ചാണെങ്കിലും ഒരു നല്ല കുടുംബ ചിത്രവും ആയി തോന്നി എനിക്ക് ബൊൽഗൻ.

എന്റെ റേറ്റിംഗ് 7.6 ഓൺ 10

Thursday, March 24, 2016

138. Batman V. Superman : Dawn Of Justice (2016)

ബാറ്റ്മാൻ v സൂപർമാൻ : ഡോൺ ഓഫ് ജസ്റ്റീസ് (2016)



Language : English
Genre : Action | Adventure | Drama
Director : Zack Snyder
IMDB : 8.2*

Batman V Superman: Dawn of Justice Theatrical Trailer


എൺപതുകളിലും ആദ്യ തൊണ്ണൂറുകളിലും ബോളിവുഡിലും നമ്മുടെ മലയാളത്തിലും ഇറങ്ങുന്ന ചിത്രങ്ങളുടെ രീതി ഒന്ന് തന്നെയായിരുന്നു. രണ്ടു മക്കൾ, ലോകത്തെവിടെയോ പിരിഞ്ഞു താമസിക്കുന്നു. അവർ തമ്മിൽ ആദ്യം അങ്ങോട്ടുമിങ്ങോട്ടും ഉരസുകയും വില്ലൻ അവരെ തമ്മിലടിപ്പിക്കാനുള്ള വഴിയും നോക്കുന്നു. ക്ലൈമാക്സിനും തൊട്ടു മുൻപ് വരെ നല്ല വൈരാഗ്യത്തിൽ ഇരിക്കുന്നവർ, ഒരു ദുർബലമായ കാരണം കൊണ്ട് തങ്ങള് സഹോദരങ്ങൾ ആണെന്ന് മനസിലാക്കുകയും വില്ലനെ തറ പറ്റിയ്ക്കുകയും ചെയ്യുന്നതോടെ സിനിമയ്ക്ക് ശുഭാന്ത്യം. അല്ലെങ്കിൽ ആരെങ്കിലും ഒരാൾ മരിയ്ക്കുകയും ചെയ്യുന്നു. (ചിത്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്കെല്ലാവർക്കും ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാകും. ഒരു ക്ലൂ തരാം.. ."മാർത്ത")
2016ലെ ഏറ്റവും കൂടുതൽ പേർ കാത്തിരുന്ന സൂപർഹ്യൂമൻ ചിത്രങ്ങളിൽ ഒന്ന് കൂടി പുറത്തിറങ്ങി. അതാദ്യ ഷോ തന്നെ കാണണമെന്ന നിർബന്ധമുള്ളതിനാൽ ഒരു കടുത്ത ബാറ്റ്മാൻ ഫാൻ (ക്രിസ്റ്റഫർ നോലൻ ചെയ്തതിനു ശേഷം) ആയ ഞാൻ ഈ ചിത്രത്തിന് കയറിയത്.  അതും എന്റെ വിലപ്പെട്ട ഉറക്കം കളഞ്ഞു അർദ്ധരാത്രിയുടെ ഷോയ്ക്ക് തന്നെ. സാക്ക് സ്നൈടർ എന്ന സംവിധായകനിൽ വിശ്വാസം തീരെ ഉണ്ടായിരുന്നില്ലയെങ്കിലും ഡേവിഡ് എസ്. ഗോയർ (ഡാർക്ക് സിറ്റി, ബാറ്റ്മാൻ ബിഗിൻസ്, ഡാർക്ക് നൈറ്റ്, ഡാവിഞ്ചിസ് ഡീമൻസ്) ക്രിസ് റ്റെരിയൊ (ആർഗൊ) എന്ന എഴുത്തുകാരിലുള്ള വിശ്വാസവും എന്നെ തീയറ്ററിൽ എത്തിച്ചു. പതിവ് പോലെ നല്ല രീതിയൽ തന്നെ ടൈറ്റിൽ കാർഡുകൾ വന്നു.

ബാറ്റ്മാൻറെ കുട്ടിക്കാലം കാണിച്ചുള്ള തുടക്കം. പിന്നീട് മാൻ ഓഫ് സ്റ്റീലിൽ സോഡുമായുള്ള യുദ്ധത്തിലുണ്ടാകുന്ന ബ്രൂസ് വെയിനിന്റെ നഷ്ടങ്ങൾ സൂപർമാനിൽ അദേഹത്തിന് വൈരം  ഉണ്ടാകുന്നു. അവിടെ നിന്നും സൂപർമാനെ എങ്ങിനെയും തകർക്കണം ലക്ഷ്യത്തോടെ മുൻപോട്ടു പോകുന്നു. സൂപർമാനെ എങ്ങിനെയെങ്കിലും തകർക്കണം എന്നാ ലക്ഷ്യവുമായി നടക്കുന്ന ലെക്സ് ലൂതർ എന്ന ബിസിനസുകാരൻ.   അതിനായി ബാറ്റ്മാന്റെ ഉള്ളിലുള്ള പക ഒരു ആയുധമായി  ഉപയോഗിയ്ക്കുന്നു.പിന്നീട് ഇരുട്ടിനെ എങ്ങിനെ സൂപർമാനും ബാട്മാനും കൂടി എങ്ങിനെ ചെറുത്തു തോൽപ്പിക്കുന്നു എന്നതാണ് ചിത്രത്തിൻറെ ശേഷഭാഗം.

ശരിക്കും പറഞ്ഞാഒരു തട്ടിക്കൂട്ടു കഥയിൽ ക്ലിഷേകളുടെ തൃശ്ശൂര് പൂരവും ചേർത്തു വെച്ചാണ് സംവിധായകൻ സാക്ക് സ്നൈടർ വന്നിരിക്കുന്നത്. വളരെ ദുർബലമായ തിരക്കഥയും സംഭാഷണവും ചിത്രത്തിൻറെ മാറ്റ് നന്നായി കുറയ്ക്കുന്നുണ്ട്. നോലൻ ബാറ്റ്മാനിൽ കൊണ്ട് വന്ന ഡാർക്ക് സമ്പ്രദായം പിന്തുടരാൻ ശ്രമിച്ചതിനാലാണ് ഈ ചിത്രത്തിന് സംഭവിച്ച ഏറ്റവും വലിയ പിഴവ്. ചില ആക്ഷൻ സീനുകൾ മികച്ചു നിന്നു എന്നതൊഴിച്ചാൽ ഒരു പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന യാതൊന്നും ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല, നല്ല ലാഗ് അനുഭവപ്പെടുകയും ചെയ്തു. നമ്മളൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ബാറ്റ്മാൻറെ രൂപം ഈ ചിത്രത്തിൽ പ്രത്യക്ഷമായി. ക്രൂരനും മൃഗീയമായ പക നിറഞ്ഞ ഒരു ബാറ്റ്മാൻ. അത് ബെൻ ആഫ്ലക് തകർത്ത് വാരി. ഒരു വലിയ അജാനുഭാഹു ആയ ബാറ്റ്മാൻ ആകാൻ ബെൻ ചെറുതോന്നുമല്ലായിരിക്കും കഷ്ടപ്പെട്ടത്. ഹെൻറി കാവിൽ തന്റെ റോളും ഭംഗിയായി അവതരിപ്പിച്ചു. എന്നിരുന്നാലും സ്ക്രീൻ പ്രസൻസിൽ ബെൻ തന്നെ മുൻപൻ. അമി സ്മാർട്ട് ക്ലാർക്ക് കെൻറ് / സൂപർമാൻറെ പ്രേമഭാജനം തരക്കേടില്ലാതെ പ്രകടനം കാഴ്ച വെച്ചു. ജെറെമി അയൺസ് ആൽഫ്രെഡ് പെന്നിവർത് എന്ന ബാറ്റ്മാന്റെ സഹായി എന്ന റോൾ മൈക്കൽ കൈൻ എന്ന അനുഗ്രഹീത നടൻ ചെയ്തു ഫലിപ്പിച്ചതിന്റെ പാതി പോലും എത്താൻ കഴിഞ്ഞില്ല. ഗാൽ ഗടോറ്റ് വണ്ടർ വുമണ്ടെ വേഷം ചെയ്തു.. പക്ഷെ മുങ്ങി പോയ ഈ കപ്പൽ കര കയറ്റാൻ അവരെ കൊണ്ട് കഴിഞ്ഞില്ല എന്നത് സത്യം. ചിത്രത്തിലെ പ്രധാന വില്ലൻ ലെക്സ് ലൂതറിനെ അവതരിപ്പിച്ച ജെസ് ഐസൻബർഗ് തരക്കേടില്ലായിരുന്നു. പല മുഹൂർത്തങ്ങളിലും എനിക്ക് കിംഗ്‌ ഖാനെ (ഷാരൂഖ് ഖാൻ) ഓർമ്മിപ്പിച്ചു (ചിലപ്പോൾ എൻറെ മാത്രം തോന്നലാവാം). സംസാര ശൈലിയും, മുഖത്തെ ഭാവങ്ങളും ഒക്കെ തൊണ്ണൂറുകളിലുള്ള ഷാരൂഖ് ഖാനെ ആണ് എനിക്ക് കാട്ടി തന്നത്. ലോറൻസ് ഫിശബെൻ ഒരു ചെറിയ റോളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒന്നും ചെയ്യാനായി ഉണ്ടായിരുന്നില്ല.

ക്യാമറവർക്ക് ചില ഘട്ടങ്ങളിൽ നന്നായിരുന്നു. പക്ഷെ എന്നെ ഏറ്റവും അധികം നിരാഷനാക്കിയത് ഹാൻസ് സിമ്മർ എന്ന അനുഗ്രഹീത സംഗീത സംവിധായകൻ ആയിരുന്നു. ജങ്കി എക്സെലും (ഡെഡ്പൂൾ, മാഡ് മാക്സ്, ബ്ലാക്ക് മാസ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ സംഗീതം ഇദ്ദേഹം ആയിരുന്നു) കൂട്ട് ചേർന്ന് ഹാൻസ് സിമ്മർ സംഗീതം ഒരുക്കിയത് നിരാഷാവഹമായിരുന്നു. പലപ്പോഴും ഒരു കോലാഹലം മാതിരി ആയിരുന്നു തോന്നിയത്. ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്ന പശ്ചാത്തല സംഗീതം. എന്നാൽ ചില ഇടങ്ങളിൽ നന്നായിരുന്നു എന്നും പറയാം. പക്ഷെ മൊത്തത്തിൽ വളരെ മോശം. 
നോലൻറെ ത്രയത്തിലെ ബാറ്റ്മൊബീൽ എനിക്ക് വളരെയേറെ ഇഷ്ടമാക്കിയ ഒരു വാഹനം ആയിരുന്നു. അവിടെയും ഈ ചിത്രത്തിൽ നിരാശ ആയിരുന്നു ഫലം.

ഒരു മരണ മാസ് ആഗ്രഹിച്ചു കണ്ട ഈ ചിത്രം വളരെ അധികം നിരാശപ്പെടുത്തി. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഡിസി ഭ്രാന്തന്മാർ ഇതിന്റെ പേരും പറഞ്ഞു എന്റെ മേൽ പൊങ്കാലയിടാൻ വരണ്ട.

A loud, overcrowded, noisy movie built on a very narrow thread failed my expectations in every sense.
 
എന്റെ റേറ്റിംഗ് 5.5 ഓൺ 10 (ചില രംഗങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമായതിനാലും ബെൻ അഫ്ലെകിൻറെ പുതിയ ബാറ്റ്മാൻ അവതാരത്തിനും മാത്രം).

വാൽക്കഷ്ണം : ജസ്റ്റീസ് ലീഗ് വരുന്നുണ്ട്, അതിനുള്ള മരുന്ന് ഈ ചിത്രത്തിൽ ഇട്ടിട്ടുമുണ്ട്. ഇത്രയൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും ജസ്റ്റീസ് ലീഗിന് വേണ്ടിയുള്ള വിത്ത്‌ ഡിസി ഇതിൽ പാകിയിട്ടുണ്ട്. കാത്തിരിയ്ക്കാം. ഒരു പ്രകമ്പനം കൊള്ളിക്കുന്ന സിനിമയ്ക്ക് വേണ്ടി.

Tuesday, March 22, 2016

137. Detective K: Secret Of The Lost Island (Joseon Myeongtamjeong: Nobeui Ddal) (2015)

ഡിറ്റക്റ്റീവ് കെ: സീക്രട്ട് ഓഫ് ദി ലോസ്റ്റ്‌ ഐലണ്ട് (2015)



Language : Korean
Genre : Action | Adventure | Comedy | Drama | Thriller
Director : Kim Sok-yun
IMDB : 6.4

Detective K: The Secret Of The Lost Island Trailer


ആദ്യ ഭാഗത്തെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞാതാനല്ലോ. 2011ൽ റിലീസ് ആയ സീക്രട്ട് ഓഫ് ദി വെർച്വസ് വിഡോയുടെ തുടർച്ചയെന്നോണം ആണ് രണ്ടാം ഭാഗവും തയാറാക്കിയിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് കെയും കൂട്ടാളിയായ സ്യോ ഫിലും തന്നെയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കൂട്ടത്തിൽ ഹിസാകോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ലീയ്യോൻ ഹീ എന്നാ സുന്ദരിയുമുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ചിത്രത്തിൻറെ കഥയും നടക്കുന്നത്. കൊറിയൻ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകം ആണ് വെള്ളിക്കട്ടികൾ. എന്നാൽ വ്യാജ വെള്ളിക്കട്ടികൾ നഗരങ്ങളിൽ ധാരാളമായി ഉണ്ടെന്നതിനാൽ സമ്പദ്ഘടനയെ ചോദ്യം ചെയ്തു തുടങ്ങി. ഇത് കണ്ടു പിടിക്കാനായി കെയും സ്യോയും വ്യാജനുൽപാദിപ്പിക്കുന്നവരുടെ സംഘത്തിൽ വേഷപ്രച്ഛന്നരായി കൂടുന്നു. തങ്ങളുടെ രഹസ്യവേഷങ്ങൾ തിരിച്ചറിയുകയും അവരുടെ പദ്ധതികൾ വെളിച്ചത്തിലാവുകയും ചെയ്യുന്നു. എന്നാൽ, ആ സംഘത്തെ പിടികൂടുകയും ചെയ്യുന്നു. പക്ഷെ, അവരുടെ അധികാരത്തിലുള്ള സ്വാധീനത ഉപയോഗിച്ച് പെട്ടെന്ന് തന്നെ പുറത്തു വരികയും ചെയ്യുന്നു.

നാടുകടത്തപ്പെട്ട കെയും സ്യോയും ഒരു ദ്വീപിൽ താമസമാരംഭിക്കുന്നു (കാരണം വെളിവല്ല, ഇവിടെ ലോജിക് നഷ്ടപ്പെടുന്നുണ്ട്). അവിടെ കെ പരീക്ഷണവും ഒക്കെയായി കഴിഞ്ഞു കൂടുകയാണ് (ഒരു ചെറിയ ഡാവിഞ്ചി ഇവിടെ നമുക്ക് ദർശിക്കാൻ കഴിയും). ഒരു ദിവസം, ടെ ഹോ എന്ന ഒരു കൊച്ചു പെൺകുട്ടി കടൽ നീന്തിക്കടന്നു കെയെ കാണാൻ എത്തുന്നു. തൻറെ അനിയത്തിയെ കാണാതായി എന്നും, എങ്ങിനെയും കണ്ടു പിടിയ്ക്കണം എന്നായിരുന്നു അവളുടെ ആവശ്യം. ആ ആവശ്യം തിരസ്കരിക്കുന്ന കെ, അവളെ പറഞ്ഞയക്കുന്നു. ദിവസവും അവൾ അവിടെ വരാൻ തുടങ്ങി, കേയ്ക്കും സ്യോയ്ക്കും വളരെയധികം ഇഷ്ടമായിരുന്നു ആ പെൺകുട്ടിയെ, അവളുടെ ബുദ്ധിശക്തിയും കുലീനതയുമൊക്കെയായിരുന്നു കാരണം.പക്ഷെ, ഒരു ദിവസം അവൾ വരവ് നിന്ന്. അത് ഒരു കാരണം കൊണ്ടാവാം അവർ ആ ദ്വീപിൽ നിന്നും രക്ഷപെട്ടു സ്യോൾ നഗരത്തിൽ എത്തുന്നു. അവിടെ വെച്ച് കുറെയധികം കൊച്ചു പെൺകുട്ടികൾ മരിച്ച നിലയിൽ കടലിൽ കാനപീട്ടതിനെ തുടർന്ന് ശവങ്ങൾ സൂക്ഷിച്ചിരിക്കുന്ന അറയിൽ അവർ അന്യേഷിച്ചു ചെല്ലുന്നു. ആ കുട്ടികളുടെ മരണവും വെള്ളിക്കട്ടികളുടെ നിർമ്മാണവും ആയി എന്തോ സാമ്യമുണ്ടെന്ന് കെ മനസിലാക്കുന്നു. അതെ സമയം, നഗരത്തിലെ ഒരു ജാപ്പനീസ് നർത്തകി ആയ ഹിസാകോയിൽ സംശയവും അതെ സമയം പ്രണയവും തോന്നുന്ന കെ, അവരിലെക്കും അന്വേഷണം വ്യാപിപിക്കുന്നു. ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളുടെ ചുരുളുകൾ പതിയെ കെ അഴിച്ചു തുടങ്ങുന്നു..

സംവിധായകൻ കിം നിർത്തിയേടത്തു തന്നെ തുടങ്ങി. കോമഡിയും, ആക്ഷനും, കുറച്ചു അധികം വൈകാരികതയും പിന്നെ അല്പം ഫാൻറസിയും ഇട കലർത്തി നല്ല ഒരു ആസ്വാദ്യകരവും വേഗതയാർന്ന ചിത്രമാണ് സമ്മാനിച്ചത്‌. ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ചിത്രം നിർമ്മിച്ചത് കൊണ്ട് ഒരു രീതിയിൽ ബോറടിക്കാതെ ആസ്വദിച്ചു തന്നെ കണ്ടിരിക്കാം. ഗ്രാഫിക്സ് ഒക്കെ നല്ല രീതിയിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ആദ്യത്തേതിലെ പോലെ തന്നെ ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതം വളരെയധികം മികച്ചു നിൽക്കുന്നു. പ്രത്യേകിച്ച് സെൻറിമെൻറൽ സീനുകളിൽ, ആ വിഷാദം നമ്മുടെ ഉള്ളിലേക്കും കടന്നു വരും. പ്രത്യേകിച്ച് ഡെഹോയുടെ മരണം. ആ കുട്ടി അത്രയ്ക്ക് മികച്ച രീതിയിൽ അഭിനയിച്ചു. പ്രധാനമായും ആ കുട്ടിയുടെ അഭാവം നമ്മളിൽ ഒരു ആഘാതം സൃഷ്ടിക്കും. പ്രധാന കഥാപാത്രങ്ങൾ ആയ കിം മ്യുങ്ങ് മിന്നും ഓ ഡാൽ സ്യോവും മികച്ച പ്രകടനം കാഴ്ച വെച്ചു. ലീ ചെ യൂൻ എന്ന കൊച്ചു മിടുക്കി വളരെ ചെറിയ ഒരു റോൾ ആയിരുന്നുവെങ്കിലും അസാമാന്യ പ്രതിഭ തന്നെയെന്നു തെളിയിച്ചു. ലീ യോൻ ഹീ നായികാപ്രാധാന്യമുള്ള തന്റെ കഥാപാത്രം അവിസ്മരണീയമാക്കി. ഈ കൊറിയൻ പെൺകുട്ടികളുടെ മൊഞ്ചിൻറെ ഒരു ഉദാഹരണം കൂടി ആണവർ.

ഒന്നാം ഭാഗത്തെക്കാളും എന്നെ കൂടുതൽ രസിപ്പിച്ച ചിത്രം എന്ന നിലയ്ക്ക് ഞാൻ ഈ ചിത്രത്തിൽ 8.2 കൊടുക്കുന്നു (കുറെഏറെ ലോജിക്കുകളും, കഥകളുടെ കണ്ണികൾ വിട്ടു പോവുകയും ചെയ്തത് കൊണ്ട് മുഴുവനും കൊടുക്കുന്നില്ല).

ഒരു ഭാഗത്തിന് കൂടി മരുന്നിട്ടിട്ടാണ് കിം ഈ ചിത്രം അവസാനിപ്പിച്ചത്. ആകാംഷയോടെ ഡിറ്റക്റ്റീവ് കെയുടെ പുതിയൊരു സാഹസത്തിനായി കാത്തിരിക്കുന്നു.

Monday, March 21, 2016

136. The Good Dinosaur (2015)

ദി ഗുഡ് ദിനോസർ (2015)




Language : English
Genre : Animation | Adventure | Comedy | Family
Director : Peter Sohn
IMDB : 6.8


The Good Dinosaur Theatrical Trailer



നിരവധി അനിമേഷൻ ഹിറ്റ്‌ സിനിമകളുടെ (ഫൈണ്ടിംഗ് നീമോ, ദി ഇൻക്രെഡിബിൾസ്, വോൾ ഈ, അപ്) പിന്നണിയിൽ പ്രവർത്തിച്ച ഒരു കലാകാരൻ ആണ് പീറ്റർ സോൻ. ഒരു മികച്ച അനിമേറ്റർ, സ്റ്റോറിബോർഡ് റൈറ്റർ എന്ന് പേരെടുത്ത അദ്ദേഹം  സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ദി ഗുഡ് ദിനോസർ. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.ഇൻസൈഡ് ഔട്ട്‌ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ഈ ചിത്രവും മികച്ച ഒരു വിജയം കണ്ടെത്തി.

ദിനോസറുകളുടെ ഉന്മൂലനത്തിനു കാരണമായ ഉൽക്ക ഭൂമിയിൽ പതിക്കാതെ ദിനോസറുകൾ എന്ന ജീവജാലങ്ങൾ ഭൂമിയിൽ വിഹരിക്കുന്നത് തുടർന്ന് കൊണ്ടേയിരുന്നു. പ്രാചീന കാലത്ത് മനുഷ്യർ എങ്ങിനെ ജീവിച്ചിരുന്നുവോ അതെ മാതിരി തന്നെ അവരും ഭൂമിയിൽ വാണു. ഈ ചിത്രത്തിൻറെ കഥ ഭീരുവായ ആർക്കോ എന്ന കുഞ്ഞു ദിനോസറിനെ ചുറ്റിപ്പറ്റി ഉള്ളതാണ്. 
കൃഷിക്കാരായ ഹെൻറിയ്ക്കും ഇടയ്ക്കും മൂന്നു മക്കൾ - ലിബി, ബക് പിന്നെ നമ്മുടെ സിനിമയിലെ നായകനായ ആർക്കോ. ലിബിയും ബക്കും പെട്ടെന്ന് തന്നെ ദൈനംദിന ജീവിതത്തിലേക്ക് അനുസൃതമായി ജീവിക്കാൻ തുടങ്ങിയെങ്കിലും ഇളയവനും ഭീരുവായ ആർക്കൊയ്ക്ക് അതിനു കഴിയാതെ വന്നു. ജീവിതം എങ്ങിനെഎന്ന് മനസിലാക്കി കൊടുക്കാൻ ആർക്കൊയെയും കൂട്ടി അച്ഛൻ ഹെൻറി ഒരു  യാത്ര പോകുന്നതിനിടയിൽ മരണപ്പെടുന്നു. വീട്ടിലേക്കുള്ള വഴി അറിയാതെ ഉഴലി നിന്ന ആർക്കൊയ്ക്കു കൂട്ടായി ഒരു മനുഷ്യക്കുട്ടി വരുന്നു. പിന്നീട് അവരുടെ സാഹസികമായ യാത്രയാണ് ചിത്രം പറയുന്നത്.

വളരെ നല്ല ഒരു കഥാതന്തു ചിത്രത്തിനുണ്ടായിരുന്നുവെങ്കിലും സ്ഥിരം അനിമേഷൻ ചിത്രങ്ങളിൽ കണ്ടു വരുന്ന കഥാഗതി ചിത്രത്തെ മടുപ്പുള്ള ഒരു സാധാരണ ചിത്രമായി മാറ്റി. എന്നാൽ ചില സീനുകൾ നമുക്ക് ചിരി പകരുകയും ചിലത് നമ്മുടെ ഹൃദയത്തിൽ തൊടാൻ കഴിയുന്ന രീതിയിലും ചെയ്തിട്ടുണ്ട്. മികച്ച രീതിയിലുള്ള പ്രകൃതി ദ്രിശ്യങ്ങൾ കണ്ണിനു കുളിർമ ഏകുന്ന തരത്തിലായിരുന്നു. അനിമേഷൻ ചെയ്തിരിക്കുന്നത് വളരെ നന്നായിരുന്നു. പിക്സാർ അല്ലെ, അവർ എന്തായാലും ആ കാര്യത്തിൽ നിരാശപ്പെടുത്തിയില്ല.. പശ്ചാത്തല സംഗീതം തരക്കേടില്ലായിരുന്നു. ആർക്കൊയെയും ആ കുട്ടിയേയും നമുക്ക് വല്ലാതങ്ങ് ഇഷ്ടപ്പെടും

ചെറിയൊരു കഥ തരക്കേടില്ലാത്ത രീതിയിൽ പറഞ്ഞിരിക്കുന്നു. ഇനി ഈ ചിത്രം കണ്ടില്ലെങ്കിലും വലുതായി ഒന്നും സംഭവിക്കാൻ പോകുന്നില്ല.

എന്റെ റേറ്റിംഗ് 5.3 ഓൺ 10