Cover Page

Cover Page

Friday, January 29, 2016

120. Iruthi Sutru (2016)

ഇരുതി സുട്ട്രു (2016)


Language : Tamil 
Genre : Drama | Sports | Thriller
Director : Sudha Kongara
IMDB : 8.4

Iruthi Sutru Theatrical Trailer

പലപ്പോഴും ഹോളിവുഡ് കായിക പ്രചോടനദായകമായ ചിത്രങ്ങൾ കാണുമ്പോൾ, ഇത്രയേറെ കായിക ഇനങ്ങളുള്ള നമ്മുടെ ഭാരതത്തിൽ എന്ത് കൊണ്ട് ഇങ്ങനെ ഒരു ചിത്രം വരുന്നില്ല എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അതിനൊക്കെ മറുപടിയായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ചക്ദേ ഇന്ത്യ, ഇഖ്‌ബാൽ, ഭാഗ് മിൽഖാ ഭാഗ്, പാൻ സിംഗ് റ്റൊമർ എന്നു വിരലിലെണ്ണാവുന്നതു മാത്രമേ നല്ല ചിത്രങ്ങളിൽ സ്ഥാനം നേടിയിട്ടുള്ളൂ. എന്നാൽ നല്ല ചിത്രങ്ങളുടെ സ്ഥാനത്തേക്ക് ചേർത്തു വെയ്ക്കാൻ പറ്റിയ ഒരു മനോഹര ചിത്രമാണ് സുധ കൊങ്കാര സംവിധാനം ചെയ്തു ആർ. മാധവനും രാജ് കുമാർ ഹിറാനിയും ചേർന്ന് നിർമ്മിച്ച സാലാ ഖദൂസ് അല്ലെങ്കിൽ തമിഴിൽ ഇരുതി സുട്രു. 

ഞാൻ ഈ സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ മനസ്സിൽ ഉറപ്പിച്ചതാ തീയറ്ററിൽ തന്നെ കാണും എന്ന്, അതും തമിഴിൽ തന്നെ. അതിനു വ്യക്തമായ കാരണം ഉണ്ട്, മാഡി എന്ന് ചെല്ലപ്പേരുള്ള ആർ. മാധവൻ നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്നത് കൊണ്ടും, പാതി തമിഴ് നാട്ടിലാണ് കഥ നടക്കുന്നത് കൊണ്ടും. എന്തായാലും വളരെ പ്രതീക്ഷയോടെ പോയ എനിയ്ക്ക്, ഒരു രീതിയിൽ വിഷമം വന്നില്ല എന്നത് സത്യം.

കായികസമിതിയിൽ ഉള്ള രാഷ്ട്രീയ ചരടുവലിയിൽ ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടുന്ന കർക്കശക്കാരനും ധിക്കാരിയുമായ പ്രഭു സെൽവരാജ് എന്ന ബോക്സിംഗ് കോച്ചിനു അവിടെ നിന്നും ഒരു വനിതാ ബോക്സറെ കണ്ടു പിടിച്ചു പരിശീലിപ്പിക്കുക എന്ന വളരെ പ്രയാസകരമായ കൃത്യം നിർവഹിക്കേണ്ടി വരുന്നു. യാതൊരു വിധ സൗകര്യം ഇല്ലാത്ത ചെന്നൈയിൽ, അങ്ങിനെ ഒരു ജോലി   വളരെ പ്രയാസകരമായിരുന്നു. അവിടെ മതി എന്നാ ഒരു മീൻകാരി പെൺകുട്ടിയെ കണ്ടു മുട്ടുന്നു. അവളിൽ നല്ല ഒരു ബോക്സർ ഉണ്ട് എന്ന് മനസിലാക്കുന്ന പ്രഭു അവളെ പരിശീലിപ്പിച്ചു ഇന്ത്യയുടെ കുപ്പായം അണിയിച്ചു വിജയത്തിലേക്ക് നയിക്കുന്നു. 

പ്രവചിക്കാവുന്ന കഥ (അത് പിന്നെ അല്ലേലും കായിക സിനിമകൾ ഏറെക്കുറെ നമുക്കൂഹിക്കാൻ കഴിയുമല്ലോ) അതിത്ര ആസ്വാദ്യകരമായി തോന്നിയത് സുധ കൊങ്കാരയുടെ സംവിധാനം തന്നെയാണ്. രണ്ടര മണിക്കൂർ നീളമുള്ള സിനിമയിൽ ഒരു പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് അത്ര ചില്ലറ കാര്യമല്ല, അവർ കഥ പറഞ്ഞ ശൈലി അല്ലെങ്കിൽ വിവരണം, വേഗതയാർന്ന  തിരക്കഥ, തകർപ്പൻ ഡയലോഗുകൾ, അതിനൊത്ത അഭിനേതാക്കളുടെ പ്രകടനം, സന്തോഷ്‌ നാരായണന്റെ സംഗീതം, ഒക്കെ ചിത്രത്തിൻറെ മാറ്റ് കൂട്ടി. ഒരു നിമിഷം പോലും നമുക്ക് ബോറടിക്കില്ല എന്നത് വേറെ കാര്യം.

ആർ. മാധവൻ, നാല് വർഷങ്ങൾക്കു ശേഷം തമിഴിലേക്കുള്ള മടങ്ങി വരവ്. ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. ആ കഥാപാത്രത്തിന് ചേർന്ന രീതിയിലുള്ള അഭിനയം, വാക്കിലും നോക്കിലും എന്തിനു ശരീരഘടനയിൽ കൂടി അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഭാവം കാണിച്ചു തന്നു. കണ്ണുകളിലൂടെ ആശയവിനിമയം നടത്തുന്നതൊക്കെ കാണുമ്പോൾ തന്നെ ഒരു കൊരിത്തരിപ്പാ.. 
റിതിക സിംഗ്, പ്രൊഫഷനലി ഒരു ബോക്സർ ആയ ഈ പെൺകുട്ടിയുടെ ആദ്യ ചിത്രം ആണെന്ന് ഒരിക്കലും തോന്നുകേല. മതി എന്ന കഥാപാത്രത്തിൽ ജീവിക്കുകയായിരുന്നു തോന്നിപ്പോവും. അഭിനയം, ഹോ!!! ഒരു രക്ഷയുമില്ല.. she stole the show.. സുധ കൊങ്കാരയ്ക്ക് തന്നെയാണ് എന്റെ സല്യൂട്ട്. ഇത്രയും നല്ല ഒരു അഭിനേതാവിനെ കണ്ടു പിടിച്ചല്ലോ. ആ കുട്ടിയ്ക്ക് നല്ല ഭാവി ഉണ്ടാവും അത് തീർച്ച.
സക്കീർ ഹുസൈൻ, സ്ത്രീ ലമ്പടനായ പരിശീലകൻ, ഈ ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു, അദ്ദേഹത്തെ കാണുമ്പോഴേ നമുക്കീർഷ്യ തോന്നും എങ്കിൽ  അഭിനയത്തിന്റെ മികവു തന്നെ.
മുംതാസ് സോർക്കർ, മതിയുടെ  ചേച്ചിയും,ബോക്സർ ആയ ലക്ഷ്മി ആയും അഭിനയിക്കുന്നു. നാസർ , ജൂനിയർ കോച്ചായി നല്ല അഭിനയം ആയിരുന്നു. രാധാ രവി, വളരെ ചെറിയ ഒരു റോളിലാണ് വന്നതെങ്കിലും .
മോശമാക്കിയില്ല. സഹ-അഭിനേതാക്കൾ ആരും മോശമാക്കിയില്ല. 

സന്തോഷ്‌ നാരായണന്റെ സംഗീതം (പശ്ചാത്തലവും ഗാനങ്ങളും) ചെറുതൊന്നുമല്ല മൈലേജ് കൂട്ടിയത്. ഒരു അന്താരാഷ്‌ട്ര തലത്തിലുള്ള സൌണ്ട്ട്രാക്ക് ആണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്. സണ്ടക്കാര എന്ന പാട്ട് വളരെ മികച്ചതും നല്ല ഒരു ഫീൽ തരുന്നതുമാണ്. 

വിടിയും മുൻ എന്നാ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ശിവകുമാർ വിജയൻ ആണ് ഈ ചിത്രത്തിൻറെ ക്യാമറ. ഓരോ ഷോട്ടും അദ്ദേഹം മികച്ചതാക്കി.

 സുധ കൊങ്കാര എന്നാ സംവിധായികയ്ക്കാണ് ഞാനീ ചിത്രത്തിൻറെ ക്രെഡിറ്റ് കൊടുക്കുന്നത്. അവരുടെ സിനിമയോടുള്ള സമീപനം തന്നെയാണ് ചിത്രത്തെ മികവുറ്റതാക്കിയത്. അടുത്തത്‌ എന്ത് സംഭവിക്കും എന്ന് കൃത്യമായ ബോധമുള്ള ഒരു പ്രേക്ഷകനെ അടുത്തതെന്ത് നടക്കും എന്ന് ചിന്തിപ്പിക്കാൻ കഴിയണമെങ്കിൽ അത് കഥയും തിരക്കഥയും എഴുതിയ അവരുടെ കഴിവ് തന്നെയാണ്. 

ഇനിയും ഇതേ ജോണറിളുള്ള ചിത്രങ്ങൾ പുറത്തിറങ്ങട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.

എൻറെ റേറ്റിംഗ് 9.1 ഓൺ 10 (റേറ്റിംഗ് തികച്ചും വ്യക്തിഗതം)





  

Tuesday, January 26, 2016

119. Airlift (2016)

എയർലിഫ്റ്റ്‌ (2016)



Language : Hindi
Genre : Drama | History | Thriller | War
Director : Raja Krishna Menon
IMDB : 9.5


Airlift Theatrical Trailer


1990ൽ ഗൾഫുനാടിനെ നടുക്കിയ ഒരു സംഭവം ആയിരുന്നു പണവും എണ്ണയും മോഹിച്ചു സദ്ദാം ഹുസൈൻറെ ഇറാഖ് കുവൈത്തിനെ ആക്രമിയ്ക്കുന്നത്. ഈ ആക്രമണത്തിൽ നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു. ഒന്നര ലക്ഷത്തിൽ  പരം ഇന്ത്യക്കാർ കൃത്യമായി പറഞ്ഞാൽ 1,70,000 ആൾക്കാർ (പക്ഷെ ഇതിലും മേലെ ഉണ്ടായിരുന്നു എന്നാണ് തിട്ടപ്പെടുത്താത്ത കണക്ക്) സമ്പാദ്യവും ജോലിയും എല്ലാം നഷ്ടപ്പെട്ടു കുവൈത്ത് എന്ന ചെറു രാജ്യത്ത് കുടുങ്ങിക്കിടന്നത്. അന്നു ഇന്ത്യൻ ഭരണകൂടവും എയർ ഇന്ത്യയും ഇന്ത്യൻ എക്സ്പ്രസ്സും കൂടി നടത്തിയ ഒരു സംയുക്ത കുടിയൊഴിപ്പിക്കലിനെ ആധാരമാക്കി രാജാ കൃഷ്ണ മേനോൻ എന്ന മലയാളി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് എയർലിഫ്റ്റ്‌. 

ആരോടും ഒട്ടും അനുകമ്പയില്ലാത്ത കുവൈത്തിലെ ഒരു ബിസിനസുകാരൻ ആണ് രഞ്ജിത്  കട്യാൽ. പുതിയ ഒരു ബിസിനസ് കരാർ ലഭിച്ചതിന്റെ അടുത്ത ദിവസം, ഇറാഖി പട്ടാളക്കാർ കുവൈത്തിനെ ആക്രമിച്ചു കയ്യടക്കുന്നു. സ്വദേശികളെയെല്ലാം  ഇറാഖികൾ രഞ്ജിത്തിനെ പിടിച്ചു കൊണ്ട് പോയി ഇറാഖി മേജർ ഖലഫ് ബിൻ സായദിന്റെ അടുത്തെത്തിക്കുന്നു. അയാൾ രഞ്ജിത്തിനും കുടുംബത്തിനും രക്ഷപെടണമെങ്കിൽ ആൾക്ക് ഒരു ലക്ഷം ഡോളർ വെച്ച് കൊടുക്കണമെന്നും മൊത്തത്തിൽ മൂന്നു ലക്ഷം കൊടുത്താൽ മാത്രം അവർക്ക് രാജ്യം വിട്ടു  പോകാമെന്നും  പറയുന്നു. ആദ്യം സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന രഞ്ജിത്ത് പിന്നീട് തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്വവും പിന്നീട് 1,70,000 ഇന്ത്യക്കാരുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. എങ്ങിനെയും ഇവരെയെല്ലാം  ജന്മനാട്ടിലേക്ക് തിരിചെത്തിക്കണം എന്ന ധൃഢനിശ്ചയത്തോട് കൂടി മുൻപോട്ടു പോകുന്നു.

ഈ ദൌത്യത്തിന് നേതൃത്വം നൽകിയ മലയാളിയായ സണ്ണി മാത്യുസിനെയും ഹർഭജൻ സിംഗ് വേദിയെയും പ്രതിനിധാനം ചെയ്ത രഞ്ജിത്ത് കട്യാൽ എന്ന സാങ്കൽപ്പിക കഥാപാത്രമായി അക്ഷയ് കുമാർ തിളങ്ങി. അക്ഷയ് കുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പ്രകടനവും, ഒരു നാഴികക്കല്ലുമാണ് ഈ റോൾ. അദ്ദേഹത്തിന്റെ സീനുകളിലുള്ള നിയന്ത്രണം സമ്മതിക്കണം.
ലഞ്ച്ബോക്സ് എന്നാ ചിത്രത്തിലെ നായിക ആയിരുന്ന നിമ്രിത് കൌർ രഞ്ജിത്തിന്റെ ഭാര്യയായി നല്ല പ്രകടനം കാഴ്ച വെച്ചു. തുടക്കത്തിൽ രഞ്ജിത്തിന്റെ ഉദ്യമത്തിൽ നിരുൽസാഹപ്പെടുത്തിയിരുന്നുവെങ്കിലും, പിന്നീട് തന്റെ പിന്തുണ പ്രഖ്യാപിക്കുകയും നല്ലൊരു പ്രകടനം രണ്ടാം പകുതിയിൽ നടത്തുകയും ചെയ്തു. ഒരു സൈഡ് നായികയായി മാത്രം ഒതുങ്ങിയില്ല എന്നതും മേന്മ പുലർത്തുന്നു. ഈ പ്രായത്തിലും അവരുടെ സൌന്ദര്യം സ്തുതിക്കുന്നതിലും തെറ്റില്ല.
നഷ്ടപ്പെട്ടു പോയ തൻറെ ഭാര്യയെ അന്യേഷിച്ചു നടക്കുന്ന ഇബ്രാഹിം ദുറാനി എന്ന കഥാപാത്രത്തെ മുൻ വി ചാനൽ വിജെ ആയിരുന്ന പുരാബ് കോഹ്ലി അനശ്വരമാക്കി. നല്ല അച്ചടക്കത്തോടെയുള്ള അഭിനയം. നല്ല നല്ല റോളുകൾ അദേഹത്തിന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ജോർജ് എന്നാ മലയാളി കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബെലവാടി തികച്ചും വിശ്വാസകരമായ പ്രകടനം ആണ് കാഴ്ച വെച്ചത്. ഒരു മലയാള ചിത്രത്തിൽ കൂടി ഇത് വരെ അഭിനയിക്കാത്ത ആ റോൾ അസാധ്യമാക്കി. കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും അധെഹത്തോടുള്ള വെറുപ്പ്‌ കൂട്ടിയെങ്കിൽ, അത് അദ്ധേഹത്തിന്റെ കഴിവ് തന്നെയാണ്. മലയാളികളുടെ സ്വതസിദ്ധമായ ഈ ചൊറിയൻ സ്വഭാവത്തിന് മലയാളിയായ സംവിധായകാൻ ഒരു ഒളിയമ്പ് എയ്തു എന്നുള്ളത് സത്യം. ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണി നോക്കരുത് എന്നാണു പ്രമാണം, മലയാളി അതും എണ്ണി നോക്കും എന്നതിന്റെ ഒരുദാഹരണം. അതായിരുന്നു ജോർജ്. മലയാളത്തിലെ ലെന അത്യാവശ്യം കഴമ്പുള്ള റോൾ, അവരതു നല്ല രീതിയിൽ വൃത്തിയായും വെടിപ്പായും തന്നെ ചെയ്തു.
അധികം സിനിമകളിൽ കണ്ടിട്ടില്ലെങ്കിലും കുമുദ് മിശ്ര ചെയ്ത സഞ്ജീവ് കോഹ്ലി എന്ന കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ റോൾ ഹൃദ്യമായി. എവിടെയോ ഉള്ളവർക്ക് തന്റെ വിലപ്പെട്ട സമയം ചിലവാക്കി, അവസാനം ആ കഷ്ടപ്പാടിന്റെ മധുരഫലം ഒരൊറ്റ പുഞ്ചിരിയിലൂടെ നമ്മുടെ മനസിലേക്ക് ഒരു പ്രത്യേക ഇരിപ്പിടം ഉണ്ടാക്കി.
ഇറാഖി മേജർ ആയി അഭിനയിച്ച ഇനാമുൾ ഹഖ് വളരെ മികച്ച പ്രകടനം ആണ് നടത്തിയത്. പ്രേക്ഷകനെ ശരിക്കും പ്രകോപിപ്പിക്കുന്ന ഒരു കഥാപാത്രം, അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

സംവിധായകൻ ആയ രാജാകൃഷ്ണമേനോൻ വളരെയധികം ഗവേഷണം നടത്തിയെന്നാണ് തോന്നുന്നത്.ഒരു സംഭവകഥയെ പ്രേക്ഷകന് രസിക്കുന്ന വിധം സങ്കൽപവുമായി ഇട കലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ ഉദ്യമത്തിൽ അദ്ദേഹം നൂറു മേനി വിജയവും കണ്ടു. ഹോളിവുഡ് സിനിമയായ ആർഗോ എന്ന ചിത്രം ചിലപ്പോൾ അദേഹത്തിന് പ്രചോദനമായിട്ടുണ്ടാവാം. അധികം കഥ വലിച്ചു നീട്ടാതെ തന്നെ ആദ്യത്തെ 10-15 മിനുട്ടിനുള്ളിൽ തന്നെ അദ്ദേഹം നായക കഥാപാത്രത്തിനെ വികസിപ്പിച്ചെടുത്തു. 15 മിനുട്ടിന് ശേഷം പ്രേകഷകനെ ആവേശവും മാനസിക പിരിമുറുക്കവും സമ്മാനിച്ചു. ഒരു സംഭവ കഥ ആയതു കൊണ്ട് തന്നെ, പ്രവചനീയമായിരുന്നുവെങ്കിലും, അവസാന നിമിഷം വരെ അത് കാത്തു സൂക്ഷിക്കാനും കഴിഞ്ഞു എന്നതാണ് സംവിധായകന്റെ വിജയം. ഡയലോഗുകൾ എല്ലാം തന്നെ കിടിലം, .
പശ്ചാത്തല സംഗീതം നിർവഹിച്ച അരിജിത് ദത്തയുടെ സംഭാവന ചെറുതൊന്നുമല്ല. പാട്ടുകൾ മുഴുവനുമായി സിനിമയിൽ ഇട്ടു രസം കളയാതെ ബിറ്റ് ബിറ്റായി സിനിമക്കുള്ളിൽ ഇട്ടതു കൊണ്ട് വളരെയധികം വ്യത്യാസം ഉണ്ടായിരുന്നു കണ്ടിരിക്കാൻ. സാധാരണ എത്ര നല്ല പാട്ടായാലും അനവസരത്തിൽ വരുമ്പോൾ രസംകൊല്ലിയാകുമല്ലോ. അത് പൂർണമായും ഒഴിവാക്കി. അമാൽ മാലിക്കിന്റെയും അങ്കിത് തിവാരിയുടെയും പാട്ടുകൾ വളരെ നല്ലതായിരുന്നു.

ചിത്രത്തിൻറെ അവസാനം ഭാരതത്തിന്റെ ദേശീയപതാക ഉയരുമ്പോൾ ഉള്ള ഒരു രോമാഞ്ചം അത് പറഞ്ഞറിയിക്കാൻ .കഴിയില്ല.

വളരെ മികച്ച തിരക്കഥയും അതിനു മേലെയുള്ള മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ശരിയായ മിശ്രിതം ചെയ്ത ഒരു ത്രില്ലർ . അതാണ്‌ എയർലിഫ്റ്റ്‌

എൻറെ റേറ്റിംഗ് 8.5 ഓൺ 10

Monday, January 25, 2016

118. Urumbukal Urangarilla (2015)

ഉറുമ്പുകൾ ഉറങ്ങാറില്ല (2015)



Language : Malayalam
Genre : Comedy | Crime | Drama
Director : Jiju Asokan
IMDB : 6.3 

Urumbukal Urangarilla Theatrical Trailer

മാഫിയകൾ അരങ്ങു വാണ രാജ്യമായ സിസിലിയെ ഒരു പഴഞ്ചൊല്ലാണ് "The revenge is a dish best served cold". അതായത് പ്രതികാരം എന്ന വിഭവം തണുത്തിരിക്കുമ്പോഴാണ്‌ കൂടുതൽ രുചിയേറുന്നതു എന്ന് പറയുന്നതിനോട് നൂറു ശതമാനം നീതി പുലർത്തിയ വിശ്വാസയോഗ്യമായ ഒരു ട്വിസ്റ്റുമുള്ള ഒരു കുഞ്ഞു ത്രില്ലർ ആണ് ഉറുമ്പുകൾ ഉറങ്ങാറില്ല

 മനോജ്‌ എന്ന ഒരു ചെറുപ്പക്കാരൻ ഒരു മധ്യവയസ്കന്റെ ബാഗ് ബസിനുള്ളിൽ നിന്നും തട്ടിയെടുത്തു ഓടാൻ തുടങ്ങുമ്പോൾ പിടിക്കപ്പെടുകയും, അതിനു ശേഷം ആ വൃദ്ധൻ (ആശാൻ) അവനു ആശയുണ്ടെങ്കിൽ മോഷണം പഠിപ്പിക്കാമെന്ന് പറയുന്നു. മോഷണം ഒരു ശാസ്ത്രമാണെന്ന് വിശ്വസിക്കുന്ന ആശാൻ മനോജിന്റെ തന്റെ ശിഷ്യനായ ബെന്നിയുടെ കയ്യിലേൽപ്പിക്കുന്നു. പിന്നീട് ഇരുവരും ചേർന്ന് നടത്തുന്ന മോഷണങ്ങൾ തമാശ രൂപേണ അവതരിപ്പിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ താരങ്ങൾ എന്ന് പറയുന്നത് ചെമ്പൻ വിനോദും, സുധീർ കരമനയുമാണ്. ചെമ്പൻ വിനോദ് തന്റെ സ്വതസിദ്ധമായ ഭാഷയിലും ഉച്ചാരണത്തിലും നമുക്ക് ചിരിയ്ക്കാനുള്ള എല്ലാ വകകളും നൽകുന്നുണ്ട്. സുധീർ കരമന അച്ഛനെ പോലെ തന്നെ, കിട്ടുന്ന എല്ലാ വേഷങ്ങളും തന്റേതായ രീതിയിൽ അവതരിപ്പിച്ചു പ്രേക്ഷകന്റെ മനസ്സിൽ ഇരിപ്പിടമുണ്ടാക്കും. വിനയ് ഫോർട്ട്‌ തന്റെ റോൾ കൈകാര്യം ചെയ്തു. എടുത്തു പറയേണ്ട ഒരു പ്രകടനം ഏതാണ് എന്ന് വെച്ചാൽ പണ്ട് ഒരു കൊമേഡിയൻ ആയി സിനിമയിൽ വന്നു ദ്രിശ്യത്തിലൂടെ ഒരു വേഷപ്പകർച്ച നൽകിയ കലാഭവൻ ഷാജോൺ ആണ്. കണ്ണുകളിലൂടെ തന്നെ ഷാജോന്റെ കഥാപാത്രത്തിൻറെ ക്രൂരത പ്രേക്ഷകനെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ ഒരു കഴിവ് തന്നെയാണ്. അദ്ദേഹത്തിൻറെ റേഞ്ച് മനസിലാക്കി ഇനിയും നല്ല റോളുകൾ സംവിധായകർ കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു. അനന്യയും അജു വർഗീസും മുസ്തഫയും തങ്ങളുടെ റോൾ ഭംഗിയായി ചെയ്തു.

ഷേക്സ്പിയർ എം.. മലയാളം, ലാസ്റ്റ് ബെഞ്ച്‌ എന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത ജിജു അശോകൻ ആണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ ഒരു കഥ അതായത് കള്ളന്മാരുടെ ജീവിതം ജിജു ശരിക്കും ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. ചോരപുരാണം എന്നൊക്കെ ഉണ്ടോ എന്ന് വരെ തോന്നിപ്പോയി.

ആദ്യത്തെ പകുതി വളരെയേറെ ചിരിയ്ക്കാനുള്ള വക നല്കുന്നുണ്ട്, രണ്ടാം പകുതി, തമാശയിൽ നിന്നും പെട്ടെന്ന് ഒരു ത്രില്ലർ മൂടിലേക്ക് പ്രേക്ഷകനെ എത്തിയ്ക്കുന്നു. ഇടയ്ക്ക് ഒരു സ്പീഡ്ബ്രേക്കർ ഉണ്ടെങ്കിലും വീണ്ടും അത് ശരിയായ പാതയിലേക്ക് മാറി ഒരു പ്രതികാര കഥ ആകുന്നു. കോമഡിയിൽ ഒത്തിരി പുതിയ നമ്പറുകൾ ഉള്ളത് കൊണ്ട് യാതൊരു വിധ ബോറടിയുണ്ടായില്ല എന്നത് വേറൊരു പരമാർത്ഥം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ശരിക്കും പടത്തിനു ഗുണമായിട്ടുണ്ട്. പാട്ടുകളും മോശമായില്ല..

നല്ല ഒരു എന്റർറ്റയിനർ എന്ന നിലയ്ക്കും എനിക്ക് നല്ല രീതിയിൽ ബോധിച്ചതും മൂലം എന്റെ റേറ്റിംഗ് 7.1 ഓൺ 10.
   

Saturday, January 23, 2016

117. Gethu (2016)

ഗെത്ത് (2016)






Language : Tamil
Genre : Action | Drama
Director : Thirukumaran
IMDB Rating : 4.5

Gethu Theatrical Trailer


എല്ലാവർക്കും സിനിമ കാണാൻ ഓരോരോ കാരണങ്ങൾ ഉണ്ട്, ചിലർക്ക് നായകന് വേണ്ടിയും, ചിലർ നായികയ്ക്ക് വേണ്ടിയും, ചിലർ സംവിധായകന് വേണ്ടിയും, എന്നാൽ മറ്റു ചിലര് സംഗീതത്തിന് വേണ്ടിയുമാണ്. എന്നാൽ, ഇതൊന്നുമായിരുന്നില്ല ഞാൻ ഈ സിനിമ കാണാൻ കാരണം, ഒന്ന്, ഇതിലെ വില്ലൻ വിക്രാന്തും രണ്ടാമത് സത്യരാജ് എന്ന നടനുമാണ്‌. ഇവരുടെ പ്രകടനം കാണാനും പ്രത്യേകം താല്പര്യം വരാൻ കാരണം, ഇരുവരുടെയും സമീപ കാലത്തുള്ള ചിത്രങ്ങളിലുള്ള പ്രകടനം ആണ്.

അബ്ദുൾ കമാൽ (അബ്ദുൾ കലാം എന്നാരും വായിക്കരുത് എന്നപേക്ഷ) എന്ന സീനിയർ ഗവേഷകൻ ISROയിൽ മുപ്പതു ദിവസത്തിനുള്ളിൽ കൊല ചെയ്യണം എന്ന് ക്രൈഗ് (വിക്രാന്ത്) എന്ന വാടകക്കൊലയാളിയോടു കരാർ വെയ്ക്കുന്നു. ഇതിനായി ഒരു വൻ തുക പാരിതോഷികമായും പറയുന്നു, ക്രൈഗ് കരാർ ഏറ്റെടുക്കുന്നു. 

കംബത്തിലെ ഒരു സ്കൂളിലെ പീടീ  ടീച്ചറായ തുളസി രാമന്റെ മകനാണ് സേതു ഒരു ലോക്കൽ ലൈബ്രറിയിൽ ജോലി ചെയ്യുന്നു. സന്തുഷ്ട കുടുംബമായ അവരുടെ ജീവിതത്തിൽ സ്ഥലത്തെ ലോക്കൽ ബാറുടമയുടെ കൊലപാതകം തകിടം മറിയ്ക്കുന്നു. കൊലപാതക കേസിന് ജയിലിലാവുന്ന തുളസിരാമനെ രക്ഷിക്കാനായി മകനായ സേതുവും ആ സ്ഥലത്തെ ലോകൽ കൊൺസ്റ്റബിൾ ആയ കരുണാകരനെയും (സിനിമയിലെ പേരോർക്കുന്നില്ല) കൂട്ട് പിടിച്ചു അന്യേഷണത്തിനിറങ്ങുന്നു . അതിൽ അവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു കാത്തിരുന്നത്. ഇതിനിടയിൽ നന്ദിനി എന്ന ഒരു പെൺകുട്ടിയുമായി പ്രനയത്തിലുമാകുന്നു. ഒരു സൈഡായി അതും നടന്നു പോകുന്നു.

പ്രതീക്ഷിച്ച പോലെ ഒരു ചിത്രം ആയിരുന്നു ഗെത്ത്.മാൻകരാട്ടെ സംവിധാനം ചെയ്ത തിരുകുമരനിൽ നിന്നും പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കേണ്ട ആവശ്യമില്ലല്ലോ. കഥയില്ലായ്മ ആണ് ഈ ചിത്രത്തിൻറെ പ്രധാന പ്രശ്നം. പക്ഷെ, അതിനെ മറികടക്കാൻ കുറെയൊക്കെ തിരുകുമരൻ തിരക്കഥയിലൂടെ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു സാധാരണ പ്രേക്ഷകനെ മുഴുനീളമായി പിടിച്ചിരുത്താൻ കഴിയുന്നില്ല. അനാവശ്യമായി കയറി വരുന്ന പാട്ടുകളും ചിത്രത്തിൻറെ വേഗത തകർക്കുന്നുണ്ട്. കോമഡി തരക്കെടില്ലാരുന്നു, പക്ഷെ മൊത്തത്തിൽ ശരാശരിയും. ക്യാമറവർക്ക് ശരാശരി എന്നെ പറയാൻ കഴിയുന്നുള്ളൂ. ത്രില്ലർ ചിത്രം ആണെങ്കിലും ഒരു സാധാരണ ചിത്രമായി പോകുന്നു പലപ്പോഴും. സംഘട്ടന രംഗങ്ങൾ എല്ലാം മികവു പുലർത്തി. പക്ഷെ ഇപ്പോഴും നായകൻ നൂറു പേരെ അടിച്ചു വീഴ്ത്തുന്ന സീനും, നായകൻറെ അടി വാങ്ങാൻ വേണ്ടി മാത്രം തയാറായ ഗുണ്ടകളെയുമാണ്‌ ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക.

ഹാരിസ് ജയരാജിന്റെ പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തുന്നു. ചിത്രത്തിൽ അനവസരത്തിൽ വരുന്നതു കൊണ്ടായിരിക്കും, പാട്ടുകൾ ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. അതിനുള്ള മരുന്നും ഇല്ലായിരുന്നു എന്ന് പറയാം.

പുതിയ ഒരു ഉദയനിധി സ്റ്റാലിനെ ആണ് ചിത്രത്തിൽ കാണാൻ കഴിയുക. അഭിനയത്തിലും സംഘട്ടനത്തിലും ഇത്തിരി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഡാൻസിൽ ശരാശരി നിലവാരം മാത്രമേ പുലർത്തുന്നുള്ളൂ. വിക്രാന്ത് ആണ് പ്രധാന വില്ലനെങ്കിലും ഒരു അതിഥി കതാപാത്രമായെ തോന്നിയുള്ളൂ (എന്നെ നിരാശനാക്കിയതും ഇതേ കാരണം തന്നെ).. ഉള്ളതിൽ കലിപ്പ് ലുക്ക്‌ തന്നെ. സത്യരാജ് നായകൻറെ അച്ഛനായി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. നായകൻറെ കൂട്ടുകാരനായ കരുണാകരൻ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്, അദ്ദേഹത്തിന്റെ സ്ഥിരമുള്ള റോളിൽ നിന്നും വ്യത്യസ്തം.  അമി ജാക്സാൻ പതിവ് പോലെ ആടാനും പാടാനും ഉള്ള റോൾ. പക്ഷെ ഭേദം.

മൊത്തത്തിൽ ചില സ്ഥലങ്ങളിൽ സ്കോർ ചെയ്യുന്നുണ്ടെങ്കിലും, ഒരു ശരാശരി ചിത്രമായി മാത്രമേ ഇതിനെ കാണാൻ കഴിയുന്നുള്ളൂ.

എന്റെ റേറ്റിംഗ് : 5.3 ഓൺ 10

 

Thursday, January 21, 2016

116. Solace (2015)

സാലസ് (2015)




Language : English
Genre : Crime | Drama | Mystery | Neo-Noir | Thriller
Director : Afonso Poyart
IMDB : 6.4

Solace Theatrical Trailer


സാലസ് എന്നാൽ ആംഗലേയ ഭാഷയിൽ സാന്ത്വനം അല്ലെങ്കിൽ ആശ്വാസം എന്നാണ്. അപ്പോൾ, എന്നെ പോലെ തന്നെ എല്ലാവർക്കും വരുന്ന ഒരു സംശയം ആണ് ഒരു ത്രില്ലർ ചിത്രത്തിന് എന്തിനിങ്ങനെ നാമകരണം ചെയ്തു എന്നതാണ്. അതിന്റെ കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ വ്യത്യസ്ത പ്രമേയവുമായി ബ്രസീലിയൻ സംവിധായകാൻ അഫോന്സോ പൊയാർട്ട് സംവിധാനം ചെയ്ത ഈ ചിത്രം കണ്ടേ മതിയാകൂ. ഡേവിഡ്‌ ഫിഞ്ചർ സംവിധാനം ചെയ്ത സെവൻ (Se7en)  എന്നാ ചിത്രത്തിൻറെ തുടർച്ച എന്നോണം ആയിരുന്നു ഈ ചിത്രം അറിയപ്പെട്ടിരുന്നതെങ്കിലും പക്ഷെ രണ്ടു വർഷത്തോളം ഈ ചിത്രം വെളിച്ചം കണ്ടില്ല.

കഥയിലേക്ക്, ആറാമിന്ദ്രിയം പോലെ മുൻകൂട്ടി കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു ഡോക്ടർ ആണ് ജോൺ ക്ലാൻസി. അറ്റ്ലാന്റ നഗരത്തിൽ തുടരെ തുടരെ ഉണ്ടാകുന്ന കൊലപാതകം, അതും ഒരേ രീതിയിൽ കൊലപാതക പരമ്പര ഉണ്ടാവുമ്പോൾ സുഹൃത്തായ FBI എജൻടുമാരായ  ജോയും കാതറീനും ജോൺ ക്ലാൻസിയെ സമീപിക്കുന്നു. ആദ്യം  എന്നാലും പിന്നീട് അവരുടെ കൂടെ കൂട്ട് ചേരുന്നു.എന്നാൽ വീണ്ടും കൊലപാതകം അരങ്ങേറുമ്പോൾ ജോൺ ക്ലാൻസി മനസിലാക്കുന്നു, തന്റെ അതെ അല്ലെങ്കിൽ തന്നെക്കാളും കഴിവുള്ള ഒരാളാണ് ഈ കൊലയ്ക്കു പിന്നിൽ എന്ന്. ആരാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്യുന്നത്? എന്തിനാണ് ചെയ്യുന്നത്? എങ്ങിനെ തടയാം എന്നുള്ള ചോദ്യങ്ങള്ക്കുള്ള ഉത്തരമാണ് സാലസ്.

ഇനി പ്രകടനങ്ങളെ പറ്റി പറയാം, മുഖ്യമായും നാലു കഥാപാത്രങ്ങളുള്ള ചിത്രത്തിൽ ആന്തണി ഹോപ്കിൻസ്, കോളിൻ ഫാരൽ, ആബി കോർണിഷ്, ജെഫ്രി ഡോൺ മോർഗൻ എന്നിവർ അവതരിപ്പിച്ചിരിക്കുന്നു. പ്രായത്തിന് തന്റെ കഴിവുകൾക്ക് ഒരു ക്ഷതവും ഏൽപ്പിക്കാൻ കഴിയില്ല എന്നതിന് അരക്കെട്ടുറപ്പിക്കുന്ന പ്രകടനം ആണ് സർ ആന്തണി ഹോപ്കിൻസിന്റേത്. അക്ഷരാർഥത്തിൽ അദ്ദേഹം ഉള്ള ഓരോ സീനുകളിലും മിന്നിച്ചു കളഞ്ഞു. ആ അഭിനയപാടവത്തിനു പ്രണാമം. കോളിൻ ഫാരൽ, രണ്ടാം പകുതിയ്ക്കും ഇടയിൽ ആണ് ഒരു നീളൻ കഥാപാത്രമായി വരുന്നത്. അത് കിടുക്കി കളഞ്ഞു. ഉള്ള ആ റോൾ, പ്രശംസനീയമാം വിധം കോളിൻ നിറഞ്ഞാടി. ആബി കോർണിഷ് നല്ല രീതിയിൽ തൻറെ കഥാപാത്രത്തെ അവതരിപ്പിച്ചു, മറ്റുള്ള ചിത്രങ്ങളില നിന്നും വിത്യസ്തമായി നല്ല സുന്ദരിയായും തോന്നി. ജെഫ്രി ഡോൺ മോർഗന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ക്യാമറാവർക്കും ആക്ഷൻ (സ്ടണ്ട് അല്ല) സീനുകളും ഒരു കാർ ചേസും വളരെ നന്നായി എടുത്തിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ് ബ്രെണ്ടൻ ഗ്ലാവിൻറെ സംഭാവന കുറച്ചൊന്നുമല്ല ചിത്രത്തെ സഹായിച്ചത്. പശ്ചാത്തല സംഗീതവും നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. ഒരു പുതിയ ആശയത്തെ നില നിത്തിയുള്ള ചിത്രം സംവിധാനം ചെയ്ത സംവിധായകാൻ ഒരിക്കലും മോശമാക്കി എന്ന് പറയാൻ പറ്റില്ല.

ഒരു മികച്ച ത്രില്ലർ അല്ലെങ്കിൽ സെവെൻ എന്ന ചിത്രത്തോട് തട്ടിച്ചു നോക്കിയാൽ ശരാരിയ്ക്ക് മേലെ നിൽക്കുന്നു ഈ ചിത്രം.

എന്റെ റേറ്റിംഗ് : 6.3 ഓൺ 10

Wednesday, January 20, 2016

115. The Divine Move (Sin-ui Hansu) (2014)

ദി ഡിവൈൻ മൂവ് (സിൻ ഹുയി ഹൻസു ) (2014)



Language : Korean
Genre : Action | Crime| Drama | Neo-Noir | Thriller
Director : Jo Bom-gu
IMDB : 6.7

The Divine Move (Sin Hui Hansu) Thearical Trailer


കൊറിയൻ ചിത്രങ്ങൾ കാണുമ്പോൾ പലപ്പോഴും ഞാൻ വിസ്മയം കൊണ്ട് തരിച്ചു നിൽക്കാറുണ്ട്. അതിനു കാരണം, പുതുവിധ പ്രമേയങ്ങൾ, അവരുടെ വിഷയത്തോടുള്ള സമീപനം, ആഖ്യാനം എല്ലാം കണക്കിലെടുത്തു താരതമ്യം ചെയ്തു നോക്കിയാൽ ലോകത്തിലുള്ള ഏതൊരു സിനിമ ഇണ്ടസ്ട്രിക്കും മുൻപിൽ നിൽക്കും. ഏറ്റവും കൂടുതൽ കാശ് വാരിയെറിയുന്ന ഒരു സിനിമാ നിർമ്മാണ മേഖലയാണ് ഹോളിവുഡ്, അവരെക്കാളും ചിലപ്പോൾ ഒരു പടി മുൻപിൽ നിൽക്കാറുണ്ട് കൊറിയക്കാരുടെ ടെക്നിക്കൽ ബ്രില്ലിയൻസ്. പറഞ്ഞു വന്നത്, അതല്ല, ദി ഡിവൈൻ മൂവ്" എന്നാ ചിത്രം കണ്ടപ്പോൾ, വെറുമൊരു ബോർഡ്‌ ഗേം ആയ ബാടുക് അല്ലെങ്കിൽ ഗോ (ചെസ്സ് പോലെ ചൈനയിലുള്ള ഒരു ചതുരംഗക്കളിയാണ്) വെച്ച് അവർ ഒരു തകർപ്പൻ ആക്ഷൻ ത്രില്ലർ പറഞ്ഞത് തന്നെ അതിനുദാഹരണം ആണ്. ഇങ്ങനെ ഒരു രീതി ആരും പരീക്ഷിചിട്ടില്ലാത്തത് കൊണ്ട് തന്നെ അത് നിയോ-നൊയിർ ജോൺറെയിൽ ഉൾപ്പെടുന്നു.

ടെ സൂക് ഒരു പ്രൊഫഷനൽ ഗോ / ബാടുക് കളിക്കാരൻ ആണ്, പക്ഷെ ഒരു ഭീരുവുമാണ്. ഒരു ദിവസം, സൂക്കിന്റെ ചേട്ടൻ അവനോടു അയാൾക്ക്‌ വേണ്ടി കളിക്കാമോ എന്ന് ചോദിക്കുന്നു. ആദ്യം വിസമ്മതിക്കുന്ന സൂക്, പിന്നീട് മറഞ്ഞിരുന്നു അയാളുടെ ചേട്ടന് വേണ്ടി ഫോണിലൂടെ നിർദേശങ്ങൾ നൽകി കളിക്കുന്നു. അതൊരു വലിയ ദുരന്തത്തിനു വഴി വെയ്ക്കുകയായിരുന്നു. ഇതേ കളി വാതു വെയ്ക്കുന്ന ഭീകര സംഘവുമായിട്ടായിരുന്നു സൂക്കിന്റെ ചേട്ടന്റെ കളി. കളിയിൽ പാളിയപ്പോൾ സൂക്കിന്റെ ചേട്ടനെ കൊന്നു ആ കൊലപാതക കുറ്റം ടെ സൂക്കിന്റെ തലയികെട്ടി വെച്ച് അവനെ ജയിൽവാസത്തിനു അയയ്ക്കുന്നു. 
ജയിലിൽ വെച്ച്, സൂക് ഒരാളെ കണ്ടുമുട്ടി അയാളുമായി ഒരു കരാറിലേർപ്പെടുന്നു , അയാൾക്ക്‌ വേണ്ടി ജയിൽ സൂപ്രണ്ടുമായി ബാടുക് കളിയ്ക്കാമെന്നും പകരം സൂക്കിനെ പോരാടാൻ പഠിപ്പിക്കണമെന്നും പറയുന്നു. ജയിലിൽ അയാൾ ഒരു അദ്രിശ്യമായ ഒരാളുമായി കളിക്കുകയും, നല്ല ഒരു പോരാളിയായി മാറുകയും ചെയ്യുന്നു. ജയിലിൽ നിന്നു മോചിതനായ സൂക് പിന്നീട് കുറച്ചു പേരെ കൂട്ട് പിടിച്ചു തൻറെ ജ്യേഷ്ഠനെ കൊന്നു തൻറെ  ജീവിതം നശിപ്പിച്ചർക്കെതിരെ പക പോക്കാൻ ഇറങ്ങി തിരിക്കുന്നു. 

നായകനായി അഭിനയിച്ച ജ്യൊങ്ങ് അക്ഷരാർത്ഥത്തിൽ മിന്നിച്ചു. ഓരോ സീനും അദ്ദേഹം വളരെ അച്ചടക്കത്തോടെയും അതേ സമയം ഒരു മാസ് പരിവേഷം നില നിർത്തിക്കൊണ്ടുമാണ് ചെയ്തത്. ക്രൂരനായ വില്ലനായി വന്ന ലിയോ ബ്യൊം നായകൻറെ അതെ ലെവലിൽ തന്നെ നിന്നു. ഓരോ കഥാപാത്രങ്ങളായി അവതരിപ്പിച്ച കലാകാരന്മാർ എല്ലാവരും തന്നെ തങ്ങളുടെ ജോലി വൃത്തിയായി ചെയ്തത് കൊണ്ട് തന്നെ സിനിമ ആസ്വദിക്കാൻ ഒരു സാധാരണ പ്രേക്ഷകന് ബുദ്ധിമുട്ടുണ്ടാവില്ല.

ഒരു ഗേമിനെ ആസ്പദമാക്കിയുള്ള പടം എന്ന് വിചാരിച്ചു കാണാൻ തുടങ്ങിയതാണ്, എന്നാൽ എന്നെ അമ്പരപ്പിച്ചു കൊണ്ട് രക്തച്ചൊരിച്ചിലും  നിരവധിഫൈറ്റ് രംഗങ്ങളാൽ സമ്പുഷ്ടമായ ഒരു ആക്ഷൻ ത്രില്ലറാണ്. ചില ആക്ഷൻ / ഫൈറ്റ് സീനുകൾ കണ്ടിരിക്കുന്ന നമുക്ക് തന്നെ യഥാർത്ഥമായി തന്നെ ഫീൽ ചെയ്യും. പ്രത്യേകിച്ച് ഒരു ചെറിയ റെസ്ടോറൻറിൽ ഉള്ള ഒരു ചെറിയ ആക്ഷൻ സീൻ. ഹോ!!! എന്തോ ഒരു ഫീലിംഗ് ആയിരുന്നു. ആദ്യ പത്തു മിനുട്ട് കൊണ്ട് തന്നെ കഥയുടെ ഗതി മാറുന്നു എന്നതാണ് വേറൊരു ഹൈലൈറ്റ്. നല്ല വേഗതയാർന്ന കഥാഖ്യാനം ആയിരുന്നു സംവിധായകൻ ഇവിടെ അവലംബിച്ചത്, അത് മൂലം ഒരു തരത്തിലും ബോറടിയ്ക്കാതെ പിടിച്ചിരുത്താൻ പോന്ന രീതിയിലുള്ള അവതരണവും. പശ്ചാത്തലസംഗീതം ഓരോ സന്ദർഭത്തിലും മികച്ചു നിന്നു.

ഒരു കിടിലൻ ആക്ഷൻ ചിത്രം കാണണമെന്നു ആഗ്രഹമുള്ളവർ കാണാവുന്നതാണ്.

എന്റെ റേറ്റിംഗ് 7.3 ഓൺ 10

Monday, January 18, 2016

114. Kathakali (2016)

കഥകളി (2016)





Language : Tamil
Genre : Drama | Mystery | Thriller
Director : Pandiraj
IMDB : 7.6


Kathakali Theatrical Trailer


നാലു സിനിമകൾ ആണ് ഇത്തവണ തമിഴിൽ പൊങ്കലിനായി ഇറങ്ങിയത്‌. അതിലൊന്നാണ് കഥകളി. വിശാൽ നിർമിച്ചു പാണ്ടിരാജ് സംവിധാനം ചെയ്ത ചിത്രമാണ് കഥകളി. മലയാളിയായ കാതറീൻ ട്രീസ ആണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ഹിപ് ഹോപ്‌ തമിഴ സംഗീതം.

അമുതൻ അമേരിക്കയിൽ നിന്നും തന്റെ കല്യാണത്തിനായി കടലൂർ എത്തുന്നു.  ചെന്നൈയിലുള്ള തന്റെ പ്രണയിനിയെ പോകുന്ന സമയത്ത്, കടലൂരിലെ ഗുണ്ടാനേതാവായ തമ്പ കൊല്ലപ്പെടുന്നു. മുൻപ് തമ്പയോട് പകയുണ്ടായിരുന്ന അമുതനെ അവന്റെ കൂട്ടുകാരാൻ തന്നെ പോലീസിനു ഒറ്റിക്കൊടുക്കുന്നു. തന്റെ നിരപാരിധിത്വം തെളിയിക്കാൻ വേണ്ടി ഉള്ള ഓട്ടമാണ് പിന്നീട് ചിത്രം നിറയെ.

ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി തയാറാക്കിയ ചിത്രമാണ് കഥകളി. അത് ഒരു പരിധിയ്ക്ക് മേലെ മികച്ചതാക്കാൻ സംവിധായകാൻ പാണ്ടി രാജിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങൾ എടുത്തു നോക്കിയാൽ തന്നെ മനസിലാകും അദ്ദേഹത്തിന്റെ കഴിവ്. ആദ്യ 20-25 മിനുട്ട് കഴിയുമ്പോൾ കഥയുടെ ഗതി മാറി തുടങ്ങുന്നു. സാധാരണ ഒരു പൈങ്കിളി പ്രണയം ആാകുമൊ എന്ന് ഭയന്ന ഞാൻ, പിന്നീട് ഒരു ഉദ്യോഗജനകമായ ത്രില്ലറായി മാറുന്നു. അത് ഇടവേളയ്ക്കു മുൻപ് ഒരു വൻ അമിട്ടിനു തിരി കൊളുത്തി മുൻപോട്ടു പോകുന്നു. കിടിലൻ ക്യാമറവർക്കും ചിത്രസംയോജനയും ചിത്രത്തിനെ നല്ല ചടുലമായ ഒരു ത്രില്ലർ ആക്കി മാറ്റുന്നു. ഹിപ് ഹോപ്‌ തമിഴ പശ്ചാത്തല സംഗീതം കുറച്ചൊന്നുമല്ല ചിത്രത്തിൻറെ ഗതിയെ നിയന്ത്രിച്ചത്. ക്ലൈമാക്സിനോട് അടുത്തു ഒരു വിസിൽ സംഗീതം ഒരു രക്ഷയുമില്ല.. 
 ഈ ചിത്രത്തിലെ പ്രണയ രംഗങ്ങൾ ഒക്കെ ഇത്തിരി ബോറായി തോന്നി.

വിശാൽ, സാധാരണ ഇത്തരം ചിത്രങ്ങളിൽ കാണിക്കുന്ന എനർജി ഈ ചിത്രത്തിലുമുണ്ടായിരുന്നു. സംഘട്ടന സീനുകൾ നന്നായിരുന്നു. കോമഡിയ്ക്ക് അധികം പ്രാധാന്യം ഇല്ലാത്ത ചിത്രം ആയിരുന്നിട്ടും, കരുണാസിന്റെ കഥാപാത്രം നല്ല കൌണ്ടറും ഒറ്റവരി കോമഡിയുമായി മികച്ചു നിന്നു. സുന്ദരിയായ നായിക കാതറീൻ ട്രീസയ്ക്കു അധികം ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. തമ്പ ആയി അഭിനയിച്ച മധുസൂദന റാവുവും പോലീസ് ഇൻസ്പെക്ടർ ആയി ശ്രീജിത്ത് രവിയും നല്ല പ്രകടനം കാഴ്ച വെച്ചു. ശ്രീജിത്ത് നല്ല ഒരു നീണ്ട റോൾ ആണ് ലഭിച്ചത് എന്നത് നല്ല കാര്യം, അദ്ദേഹം അത് നല്ല രീതിയിൽ ഉപയോഗിക്കുകയും ചെയ്തു. ബാക്കി ഉള്ളവർ എല്ലാം അവരവരുടെ റോളുകൾ നന്നായി ചെയ്തു എന്ന് മാത്രം പറയാം, കാരണം അധികം സ്ക്രീൻസ്പേസ് കിട്ടിയവർ ചുരുക്കം.

ചിത്രം നല്ല ഒരു ത്രില്ലർ ആണെങ്കിലും ഒരു പോരായ്മ ആയി തോന്നിയത്, പലപ്പോഴും സുസീന്തിരൻ സംവിധാനം ചെയ്ത പാണ്ടിയനാടുമായി സാമ്യം തോന്നി. പാട്ടുകളും അത്ര പോരായിരുന്നു, വിശാൽ സിനിമകളിൽ കാണുന്ന അതെ ഫോർമാറ്റ്. 

ഒരു സാദാ പ്രേക്ഷകന് നന്നായി രസിപ്പിക്കാൻ പറ്റിയ ചേരുവകൾ എല്ലാം ഈ ചിത്രത്തിൽ അടങ്ങിയിട്ടുണ്ടെന്നതിനാലും, എനിക്ക് ചിത്രം ഇഷ്ടപ്പെട്ടതിനാലും ഞാൻ കൊടുക്കുന്ന മാർക്ക് 7.5 / 10

Sunday, January 17, 2016

113. Rajini Murugan (2016)

രജിനി മുരുഗൻ (2016)






Language : Tamil
Genre : Comedy | Drama | Romance
Director : Ponram
IMDB : 7.2

Rajini Murugan Theatrical Trailer


പൊൻറാമിനെ ആരും മറക്കാൻ ഇടയില്ല. പ്രേക്ഷക-നിരൂപണപ്രശംസകൾ പിടിച്ചു പറ്റിയ വരുത്തപ്പെടാത വാലിബർ സംഘം സംവിധാനം ചെയ്തത് അപ്പോൾ നവാഗതനായ പൊൻറാം ആണ്. സ്വാഭാവികമായും അദ്ദേഹം അതെ ടീമിനെയും വെച്ച് ഒരു പടം ചെയ്യുമ്പോൾ പ്രതീക്ഷകൾ കൂടുതലാണ്. ഈ ചിത്രവും അതിൽ നിന്നും ഒട്ടും വ്യത്യസ്തത ഉണ്ടാവുന്നില്ല, ഒരു ശിവകാർത്തികേയൻ ചിത്രം തന്നെയാണ് ഇതും. കഥയിൽ അധികം പുതുമയോ ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും വളരെയധികം ബോറടിക്കാൻ സാധ്യത ഉള്ളതും പ്രവചനാതീതവുമായ ചിത്രം ആണെങ്കിലും അത് താങ്ങി നിർത്തുന്നത് ശിവകാർത്തികേയൻ ഒരാള് മാത്രമാണ്. 

മധുരയിലെ ഒരു പ്രതാപി ആണ് അയ്യങ്കാള, അദ്ദേഹം തന്റെ മക്കളെയെല്ലാം പഠിപ്പിച്ചു നല്ല നിലയിലെത്തിച്ചു. എന്നാൽ, അദ്ദേഹത്തിന്റെ കൊച്ചുമകൻ ആയ രജിനിമുരുഗൻ ഒരു നല്ല നിലയിൽ എത്താത്തത് മൂലം, തൻറെ വലിയ വീട് വിൽക്കാൻ തയാറാകുന്നു. അതിനായി ഓഹരി ഉടമകളായ മക്കളെയെല്ലാം വിദേശത്തും നിന്നും വിളിച്ചു വരുത്തുന്നു. പക്ഷെ, കച്ചവടം നടക്കുന്ന സമയത്ത്, പണത്തിനു വേണ്ടി എന്തും ചെയ്യുന്ന ഏഴര മൂക്കൻ അയ്യങ്കാളയുടെ ചെറുമകൻ ആണെന്നവകാശപ്പെട്ടു സ്വത്തിന്റെ പങ്കു ചോദിച്ചു വരുന്നു. രജിനിമുരുഗൻ എങ്ങിനെ ഏഴരമൂക്കനെ പരാച്ചയപ്പെടുത്തുന്നത് എന്നത് ബാക്കിപത്രം.

ക്ലീഷേകളുടെ ഒരു കൂട്ടഓട്ടമാണ് ചിത്രം മുഴുവനും, അടുത്ത സെക്കണ്ടിൽ എന്ത് സംഭവിക്കുന്നു എന്നത് തികച്ചും മനസിലാക്കാമെന്നിരിക്കെ പ്രേക്ഷകന്റെ രസച്ചരട് പൊട്ടുന്നു. ഒരു നിലവാരമില്ലാത്ത സ്ക്രിപ്റ്റും കണ്ടു പഴകിയ പ്രണയകഥയും ഈ ചിത്രത്തിൻറെ പോരായ്മ ആണ്, എന്നിരുന്നാലും ശിവകാർത്തികേയാൻ എന്നാ ഒരു ഘടകം പലപ്പോഴും ഈ ചിത്രത്തിന് ഒരു രക്ഷാനുക ആകുന്നുണ്ട്. സൂരി, മിക്കവാറും എല്ലാ ചിത്രങ്ങളിലും കോമഡിയിൽ പരാജയമാകുമ്പോൾ, ഈ ചിത്രത്തിൽ സൂരി-ശിവ കൂട്ടുകെട്ട് പലപ്പോഴും ആശ്വാസത്തിനായി ചിരി സംമാനിക്കുന്നുണ്ട്. സൂരിയ്ക്ക് ശിവയില്ലാതെ ശോഭിക്കാൻ കഴിയില്ല എന്ന് വ്യക്തം. 

കീർത്തി സുരേഷ്, സാധാരണ മലയാളം പടത്തിൽ കാണുന്ന പോലല്ല, ഇതിലൽപം സുന്ദരിയായി തോന്നിച്ചു. അഭിനയിക്കാൻ വേണ്ടി അധികം റോൾ ഒന്നുമില്ലെങ്കിലും, ഉള്ളത് വൃത്തിയായി ചെയ്തിട്ടുണ്ട്. രാജ്കിരൺ ആയിരുന്നു മറ്റൊരു ഹൈലൈറ്റ്, അദ്ദേഹം കോമഡിയും സീരിയസും നന്നായി തന്നെ ചെയ്തിട്ടുണ്ട്. മറ്റുള്ളവർ ഒക്കെ പതിവ് പോലെ തന്നെ. സമുതിരക്കനി ഇപ്പോൾ ഒരേ മാതിരി ഉള്ള റോൾ ചെയ്തു വെറുപ്പിക്കുന്നുണ്ട്. അദ്ദേഹം ഇതേ മാതിരി തുടർന്ന് പോകുകയാണെങ്കിൽ, കുറച്ചു നാൾ കഴിയുമ്പോൾ വീട്ടിലിരിയ്ക്കാം, അങ്ങിനെ ആണല്ലോ പലരുടെയും അവസ്ഥകൾ സൂചിപ്പിക്കുന്നത്.

ഡി. ഇമ്മൻ, സ്ഥിരം കേട്ട് കേട്ട് പഴകിച്ച പശ്ചാത്തല സംഗീതം, ഇപ്പോൾ വളരെയധികം ബോർ ആയിക്കൊണ്ടിരിക്കുന്നു. അദ്ദേഹവും ആ ശൈലി മാറ്റിപ്പിടിക്കണം എന്ന് ആഗ്രഹം പ്രകടിപ്പിച്ചു കൊള്ളുന്നു.

മൊത്തത്തിൽ പറഞ്ഞാൽ ഒരു നിലവാര തകർച്ച ഉള്ള ഒരു പദത്തെ ശിവ മൂലം അല്പമെങ്കിലും കണ്ടു കൊണ്ടിരിക്കാൻ പ്രേക്ഷകന് 
കഴിയുന്നു.

എന്റെ റേറ്റിംഗ് : 5.1 ഓൺ 10

Friday, January 15, 2016

112. The Crazies (2010)

ദി ക്രേസീസ് (2010)



Language : English
Genre : Horror | Mystery | Thriller
Director : Breck Eisner
IMDB : 6.5

The Crazies Theatrical Trailer


1973ൽ ഇറങ്ങിയ ദി ക്രേസീസ്  എന്ന ചിത്രത്തിൻറെ അതേ പേരിലുള്ള റീമേക്ക് ആണ് ഈ ചിത്രം. ബ്രെക്ക് ലെസ്നർ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ തിമോത്തി ഒളിഫാന്റ്റ്, രാധ മിച്ചൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. ഹൊറർ പശ്ചാത്തലത്തിലുള്ള ഈ ചിത്രം നല്ല സാമ്പത്തിക വിജയം കൈവരിച്ചതുമാണ്.

ഇയോവയിലെ ഒരു ചെറു പട്ടണമായ ഒഗ്ടെൻ മാർഷിലെ ഒരു ഷെരീഫ് ആണ് ഡേവിഡ്. ഒരു ദിവസം ആ പട്ടണത്തിൽ ഒരു മിലിട്ടറി വിമാനം തകർന്നു വീഴുന്നത് മൂലം, അവിടെയുള്ള വെള്ളം എല്ലാം മലിനമാകുന്നു. എന്നാൽ അത് വളരെ മാരകമായ ഒരു ജൈവആയുധം വഹിച്ചു കൊണ്ട് പോയ വിമാനം ആയിരുന്നു. ഇത് മൂലം, അവിടെയുള്ള ജനങ്ങളെല്ലാം സാധാരണ മനുഷ്യരിൽ നിന്നും വ്യത്യസ്തമായി ഒരു വിചിത്രമായ സ്വഭാവം പുറപ്പെടുവിക്കുന്നു. വളരെ കുറച്ചു പേർ ഡേവിഡും ഭാര്യയായ ജൂഡിയും പിന്നെ ഹോസ്പിറ്റലിലെ അസിസ്റ്റന്റ് ആയ ബെക്കയും ചേർന്ന് അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്നു. ഇതേ സമയം, മിലിട്ടറി അവിടെയുള്ള നാട്ടുകാരെയുമെല്ലാം കൊന്നൊടുക്കുവാനും ശ്രമിക്കുന്നു. പുറംലോകവുമായുള്ള എല്ലാ വിധ ബന്ധങ്ങളും വിച്ചേദിചത് മൂലം ആർക്കും ഒന്നും ചെയ്യാൻ കഴിയുന്നില്ല. ഡേവിഡും കൂട്ടരും എങ്ങിനെ അവിടെ നിന്നും രക്ഷപെടും, രക്ഷപെടാൻ കഴിയുമോ എന്നുള്ളതാണ് സിനിമ.

നായകനായ തിമോത്തി ഒളിഫാൻറ്റ് വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ സ്ക്രീൻ പ്രസൻസ് പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും മികച്ചു നിൽക്കുന്നു. രാധാ മിച്ചലിന്റെ ജൂഡിയും  സോംബികളും വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചിരിക്കുന്നത്. 

ഒരു മികച്ച ഹൊറർ സിനിമകളിൽ ഇടം പിടിക്കില്ല എങ്കിലും വളരെ നല്ല സീനുകൾ ഉണ്ട് ഈ ചിത്രത്തിൽ. മറ്റുള്ള സോംബീ കഥകളിൽ നിന്നും അല്പം വ്യത്യസ്തത പുലര്ത്തുന്ന ഈ ചിത്രം മികച്ച സിനിമാറ്റോഗ്രഫിയും, സൌണ്ട് ഡിസൈനും കൊണ്ട് സമ്പന്നവുമാണ്. ഒരു ഹൊറർ കഥ എന്നതിലുപരി ഒരു അതിജീവന കഥ കൂടിയാണിത്. അഭിനേതാക്കളുടെ പ്രകടനവും ഈ ചിത്രത്തിൻറെ മാറ്റ് കൂട്ടുന്നു. സംവിധായകനായ ബ്രെക് ലെസ്നരുടെ സമീപനം ഒറിജിനൽ സിനിമയേക്കാൾ ഏറെ പടി മുന്നിലാക്കുന്നുണ്ട്. 

ഹൊറർ സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീര്ച്ചയായും കാണേണ്ട ഒരു ചിത്രമാണ് ഇത്. 

എൻറെ റേറ്റിംഗ് 7 ഓൺ 10 

Tuesday, January 12, 2016

111. Charlie (2015)

ചാർളീ (2015)


Language : Malayalam
Genre : Comedy | Drama | Romance
Director : Martin Prakkatt
IMDB : 7.5

Charlie Theatrical Trailer


ചാർലീ വളരെ വൈകിയാണെങ്കിലും കണ്ടു, സിനിമാപ്രേമികളായ ഞങ്ങൾ പ്രവാസികൾക്ക് മലയാളം പടം ഇപ്പോഴും ആറിക്കഴിഞ്ഞതിനു ശേഷം മാത്രമല്ലേ പാത്രത്തിലേക്കു കിട്ടുകയുള്ളൂ, പ്രത്യേകിച്ചും മലയാളം ചിത്രം. 

ഞാൻ ചാർളി എന്ന ചിത്രത്തിന് ടെസ്സയുടെ സാഹസികയാത്ര എന്നു പേരിടാനാണ് കൂടുതലും ഇഷ്ടപ്പെടുന്നത്. കാരണം ഇത് ചാർളിയുടെ ജീവിതത്തിലൂടെ ടെസ്സ എന്നാ പെൺകുട്ടിയുടെ യാത്രയാണല്ലോ.

ഈ ചിത്രത്തിൻറെ കഥ യാഥാർഥ്യത്തിൽ നിന്നും മാറി ചിന്തിച്ചു  ഒരു ഫാൻറസി (തികച്ചും ഫാന്റസി എന്നല്ല ഉദ്ദേശം) രീതിയിലാണ് കഥാകൃത്ത്  ഉണ്ണി ആർ. എഴുതിയിരിക്കുന്നത്. അങ്ങിനെ എഴുതാൻ കാരണമുണ്ട് എന്നാണു എന്റെ അനുമാനം, ജീവിതത്തിലെ സന്തോഷവും സന്താപവും എല്ലാം ഒരു ആഘോഷത്തോടെ തന്റെ ജീവിതത്തിലേക്ക് ആനയിക്കുന്ന ഒരു യുവാവിന്റെ കഥ പറയണമെങ്കിൽ കുറച്ചൊക്കെ യാഥാർഥ്യത്തിൽ നിന്നും വ്യതിച്ചലിച്ചേ മതിയാവൂ. അത് കൊണ്ട് തന്നെയാവാം, ടെസ്സ എന്നാ പെൺകുട്ടിയെ തന്നെ ചാർളിയുടെ മായികജീവിതത്തിലേക്ക് അന്യേഷണത്തിനു കഥാകൃത്ത്‌ പറഞ്ഞു വിടുന്നത്. സമൂഹവും കുടുംബവും ഒരു പെൺകുട്ടിയിൽ നിന്നെന്തു ആഗ്രഹിക്കുന്നുവോ, അതിൽ നിന്നും മാറി ചിന്തിച്ചു തന്റെ മനസ് എന്ത് ശരിയെന്നു പറയുന്നുവോ അതിനായി തന്റെ ജീവിതം ഉപയോഗിക്കുന്ന ഒരു പെൺകുട്ടി ആണല്ലോ ടെസ്സ. അത് പാർവതി വളരെ തന്മയത്വത്തോടെ തന്നെ തിരശ്ശീലയിൽ പകർത്തിയിട്ടുണ്ട്.

മാർട്ടിൻ പ്രക്കാട്ട് എന്ന  സംവിധായകൻറെ പ്രതിഭ മനസിലാക്കി തരുന്നുണ്ട് ചാർളി. ചാർലിയെന്ന എന്നാ യുവാവിന്റെ ജീവിതത്തിലെ ഓരോ ഏടും പതിയെ ആണ് റ്റെസ്സയെ കൊണ്ട് അടർത്തിയെടുത്തി പ്രേക്ഷകനും റെസ്സയ്ക്കും മനസിലാക്കി കൊടുക്കുന്നത്. ഒരു സാധാരണ കഥയെ ഇവിടെ വ്യത്യസ്തമാക്കുന്നതും ഇവിടെ തന്നെയാണ്. കൃത്യമായ ഇടവേളകളിൽ ഉള്ള നായകൻറെ രംഗപ്രവേശനവും, ഓരോ പുതിയ കഥാപാത്രങ്ങളും ഒക്കെ അതിന്റെ ഭാഗമാകുന്നു.

ജോമോൻ ടി ജോൺ എന്ന ക്യാമറാമാൻറെ കയ്യൊപ്പ് പതിഞ്ഞ ഒരു ചിത്രമാണ് ചാർളി. ഓരോ സീനും, ഓരോ ഫ്രേമും മനസ്സിൽ ആഴത്തിൽ സ്പർശിക്കുന്നു. സംവിധായകനെക്കാളും ഒരു പടി മുന്നിൽ നില്ക്കുന്നത് അദ്ദേഹത്തിന്റെ ആ കരവിരുത് തന്നെയാണ്. He was simply awesome in each and every frame in the movie. പാട്ടുകൾ ഒക്കെ വളരെയധികം ആകർഷകമായി വെള്ളിത്തിരയിൽ വന്നിട്ടുണ്ടെങ്കിൽ അത് ജോമോന്റെ കഴിവ് തന്നെയാണ്. 
ഉണ്ണി ആർ എഴുതിയ ഓരോ സംഭാഷണശകലവും മികച്ചു നിന്നു. പ്രത്യേകിച്ചും നായക കഥാപാത്രത്തിന്റെ സംഭാഷണങ്ങൾ. ഗോപി സുന്ദറിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും (കുറെയധികം കോപ്പി ഫീൽ തോന്നിയിരുന്നു) മികച്ചു നിന്നു. 
ദുൽഖർ സൽമാൻ സിനിമാ നിർമ്മാതാക്കൾ (കാശ് മുടക്കിയവരെയല്ല ഞാൻ ഉദ്ദേശിച്ചത്) എന്താഗ്രഹിച്ചുവോ, അതപ്രകാരം തന്നെ ചാർളി എന്നാ കഥാപാത്രത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ട്.  കൃത്യമായ ഇടവേളകളിൽ ആണ് അദ്ദേഹം വരുന്നതെങ്കിലും, വന്നു കഴിഞ്ഞാൽ ഒരാഘോഷമായി മാറും, എന്നാൽ പോകുമ്പോൾ പ്രേക്ഷകന്റെ മനസ്സിൽ ആകാംഷയും ചോദ്യങ്ങളും സമ്മാനിച്ചിട്ട് പോകുകയും ചെയ്യും. അധികം ചിത്രങ്ങൾ അദ്ദേഹം ചെയ്തിട്ടില്ല എങ്കിലും കഥാപാത്രത്തിന് മേൽ ഉള്ള കയ്യടക്കം പ്രശംസനീയം തന്നെ. ടോവിനോ തോമസ്‌,അപർണ ഗോപിനാഥ്, കൽപന (ഇവരുടെ കഴിവ് കുറച്ചു കൂടി ഇവിടെ ഉള്ളവർ ഉപയോഗിച്ചിരുന്നുവെങ്കിൽ എന്ന് തോന്നിപ്പോയി, She was extra ordinary), നെടുമുടി വേണു, നീരജ് മാധവ്,ചെമ്പൻ വിനോദ്, രമേശ്‌ പിഷാരടി, രെഞ്ചി പണിക്കർ, ജോയ് മാത്യു എന്നിവർ തങ്ങൾക്കു കിട്ടിയ കഥാപാത്രം നന്നായി തന്നെ ചെയ്തു. എല്ലാവരുടെയും കഥാപാത്രങ്ങൾ ലേഖനം ചെയ്തു എന്നുള്ളതാണ് ഹൈലൈറ്റ്. സൌബിൻ ഷഹീർ തനിക്കു കിട്ടിയ റോൾ തകർത്തു എന്ന് തന്നെ പറയാം. ഡയലോഗ് ഡെലിവറി ഒക്കെ അസാധ്യം. 

ഒരിക്കലും മാസ്സ് മസാല ഇഷ്ടപ്പെടുന്നവർക്കുള്ള ചിത്രമല്ല ഇത്. ശരാശരിയിൽ മാത്രം ഒതുങ്ങുന്ന ഒരു കഥയെ ഒരു നല്ല ചിത്രമാക്കി മാറ്റിയതിൽ ഒരു ടീം വർക്ക് തന്നെ ഉണ്ട്, അതിനെ ബഹുമാനിച്ചു തന്നെ പറയട്ടെ, ഇതൊരു നല്ല ചിത്രം തന്നെയാണ്. എല്ലാ വികാരങ്ങളും ഈ ചിത്രത്തിൽ ഉണ്ട്, പറയാതെ പറയുന്ന ഒരു പ്രണയമുണ്ട്, വിഷമമുണ്ട്, നൈരാശ്യമുണ്ട്, നഷ്ടപ്പെടലിന്റെ വേർപാടിന്റെ വേദനയുണ്ട്, ആഘോഷമുണ്ട്. 

a feel good movie with a hidden message for everyone (അത് മനസിലാക്കുന്നവർക്ക് ഈ ചിത്രം ഇഷ്ടപ്പെടും എന്ന് തീർച്ച)

എന്റെ റേറ്റിംഗ് 7.2 ഓൺ 10

110. The Maze Runner : Scorch Trials (2015)

ദി മേസ് റണ്ണർ : സ്കോർച് ട്രയൽസ് (2015)






Language: English
Genre: Action | Adventure | Sci-Fi | Thriller
Director: Wes Ball
IMDB: 6.4


The Maze Runner : Scorch Trial Trailer


എന്നിൽ ആദ്യ ചിത്രം നൽകിയ പരിണതഫലം, ഈ ചിത്രം കാണുന്നതിൽ നിന്നും പിന്തിരിപ്പിച്ചതാണ്. എന്നാൽ ട്രയിലർ കണ്ടപ്പോൾ അല്പം പ്രതീക്ഷ വന്നു, ഒരു നല്ല ആക്ഷൻ അഡ്വഞ്ചർ ചിത്രം പ്രതീക്ഷിച്ചു ഞാൻ കാണാൻ ആരംഭിച്ചു. ആദ്യ ഭാഗം നിർത്തിയിടത്തു നിന്നും സിനിമ ആരംഭിച്ചു. മേസിൽ നിന്നും രക്ഷപെട്ട തോമസിനെയും കൂട്ടുകാരെയും ഒരു ഹെലികോപ്റ്ററിൽ വേറൊരു സങ്കേതത്തിൽ എത്തിക്കുന്നു. അവിടെ അവർ സുരക്ഷിതരാണെന്ന് ആ യൂണിറ്റിന്റെ തലവൻ പറയുന്നു. എന്നാൽ തോമസിന് ഇതിൽ സംശയം തോന്നുകയും അവിടെ നിന്ന് തോമസും കൂട്ടുകാരും രക്ഷപെടാൻ ശ്രമിക്കുകയും ചെയ്യുന്നു, രക്ഷപെടുന്ന വഴിയിൽ പല രീതിയിലുള്ള ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്നു. അവർ ലക്ഷ്യസ്ഥാനത്തെത്തുന്നു, പിന്നെ WICKD എന്ന നിഘൂടസംഘവുമായി ഉള്ള തുറന്ന പോരാട്ടം ആരംഭിക്കുന്ന ഇടത്ത് സിനിമ അവസാനിക്കുന്നു.. മൂന്നാമത്തെ ഭാഗത്തിനായുള്ള തുടക്കം ഈ ചിത്രത്തിൽ കാണിക്കുന്നുമുണ്ട്.

ആദ്യ ഭാഗം ഒരു വിധത്തിൽ കണ്ടിരിക്കാമെങ്കിലും, ഈ ചിത്രം അത്യധികം ബോറടിപ്പിക്കും. കുറച്ചധികം ആക്ഷൻ സീനുകൾ ഉണ്ടെങ്കിലും  ഒരു ലക്കും ലഗാനും ഇല്ലാത്ത കഥ, അതിലുപരി സംഭാഷണങ്ങൾ എല്ലാം കൊണ്ട് അത് വെറുതെയായി പോകുന്നു. ഞാൻ ബുക്ക്‌ വായിച്ചിട്ടില്ല എങ്കിലും കുറെയധികം റിവ്യൂ വായിച്ചതിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്, പുസ്തകവുമായി യാതൊരു നീതിയും ചിത്രം പുലർത്തിയിട്ടില്ല എന്നുള്ളതാണ്. പ്രധാന നടന്മാരുടെ അഭിനയം ഒക്കെ നന്നായി, പക്ഷെ ഒരു ചിത്രം കണ്ടിരിക്കാൻ അത് മാത്രം പോരല്ലോ.. തിരക്കഥയ്ക്ക് നമ്മളെ പിടിച്ചിരുത്താൻ കഴിയണ്ടേ.. ഹംഗർ ഗേംസ് എനിക്കിഷ്ടമാല്ലയെങ്കിലും ഈ ചിത്രവും ഇൻസർജന്റ് സീരീസും ഒക്കെ കാണുമ്പോൾ അത് എത്ര മഹത്തരം ആണെന്ന് ..

എൻറെ റേറ്റിംഗ് 5.2 ഓൺ 10

Tuesday, January 5, 2016

109. Thanga Magan (2015)

തങ്കമകൻ (2015)




Language : Tamil
Genre : Comedy | Drama | Romance  
Director : Velraj
IMDB : 6.5

Thanga Makan Theatrical Trailer


വേല ഇല്ലാ പട്ടധാരി എല്ലാവർക്കുംസുപരിചിതമായ ഒരു ചിത്രമാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയഹിറ്റുകളിലും ഒന്നായിരുന്നു. അതെ ടീം സംവിധായകൻ -നായകൻ-സംഗീത സംവിധായകൻ ഒരുമിച്ച ചിത്രമാണ് തങ്കമകൻ. ധനുഷ് നായകനായും അമി ജാക്സണ്‍, സാമന്ത രുത് പ്രഭുവും നായികമാരായും അഭിനയിച്ച ഈ ചിത്രത്തിൽ സതീഷ്‌, ആദിത് അരുണ്‍, പൂർത്തി പ്രവീണ്‍, സംവിധായകൻ കെ.എസ്. രവികുമാർ, രാധികാ ശരത്ത്കുമാർ, ജയപ്രകാശ് എന്നിവർ അഭിനയിച്ചിരിക്കുന്നു.

തമിഴ് എന്ന ചെറുപ്പക്കാരൻറെ ജീവിതത്തിലൂടെ കടന്നു പോകുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ തമിഴ് തന്റെ കൂട്ടുകാരായ കുമരൻ, അരവിന്ദ്, പിന്നെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നത്. തന്റെ കൗമാര കാലത്ത് ഹേമ എന്നാ പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. പിന്നീട് അത് തകരുകയും മുതിർന്ന ഒരു യുവാവ് ആകുമ്പോൾ യമുന എന്ന സുന്ദരിയായ പെണ്‍കുട്ടിയെ കല്യാണം കഴിക്കുകയും ചെയുന്നു. അപ്രതീക്ഷിതമായി തൻറെ പിതാവിൻറെ ആത്മഹത്യ ആ കുടുംബത്തെ മുഴുവനായും ഒരു തകർച്ചയിലേക്ക് നയിക്കുന്നു. പിന്നീട്, തമിഴ് തന്റെ അച്ഛൻ മരിയ്ക്കാൻ ഉണ്ടാകുന്ന കാരണത്തെ കുറിച്ച് അന്യേഷിച്ചിറങ്ങുകയും തൻറെ അച്ഛൻറെ ചീത്തപ്പേരു മാറ്റുവാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. അതിൽ തമിഴിനു വിജയിക്കാൻ കഴിയുമോ എന്നുള്ളത് പിന്നീട്...

ആദ്യ പകുതി, വളരെയധികം രസകരമായി തന്നെയാണ് ചിത്രീകരിച്ചത്. പ്രത്യേകിച്ച്, കൂട്ടുകാരുടെ കുസൃതികളും, ഹേമ എന്നാ പെണ്‍കുട്ടിയുടെ പുറകെയുള്ള തമിഴിൻറെ നടത്തവും സമന്തയുമായുള്ള കല്യാണം, അവരുടെ വീട്ടിലെ അന്തരീക്ഷം ഒക്കെ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. നല്ല ക്യാമറവർക്ക് ആയിരുന്നു. ഓരോ ഫ്രെമുകളും നന്നായി തന്നെ എടുത്തിട്ടുണ്ട്. രണ്ടാം പകുതി, തന്റെ അച്ഛൻറെ മരണകാരണവും, അതിനെ ചുറ്റിപ്പറ്റിയുള്ള മകനായ തമിഴിന്റെ അന്യെഷണവും ഒക്കെ ഒരു മെലോഡ്രാമ ആകുകയും, ഒരു സിനിമ എന്നാ രീതിയിൽ പ്രേക്ഷകനെ ഒരു തരത്തിലും രസിപ്പിക്കാൻ കഴിയാത്തതുമായി മാറുന്നു. പിന്നീട് അച്ഛൻറെ മരണകാരണം തീരെ വിശ്വാസയോഗ്യമല്ലാത്തതുമായിരുന്നു (രണ്ടാം പകുതി അല്ലു അർജുൻ നായകനായ സണ്‍ ഓഫ് സത്യമൂർത്തിയുദെ കഥയുമായി സാമ്യം തോന്നിയാൽ തീർത്തും അവിചാരിതമാനെന്നു സംവിധായകൻ വേൽരാജ് പറഞ്ഞേക്കാം, അപ്പോൾ നമ്മൾ വിചാരിക്കണം പുള്ളി വെറുതെ ഒന്ന് ഇൻസ്പൈർ ചെയ്തതാണെന്ന്). രണ്ടാം ഭാഗത്ത് വരുന്ന ഫൈറ്റ് സീനുകൾ അനാവശ്യമായിരുന്നു, ഒരു മാസ് പരിവേഷം നൽകാനായിരുന്നുവെങ്കിലും അതിൻറെ ആവശ്യം ഒട്ടും തോന്നിയില്ല. ശരിക്കും പറഞ്ഞാൽ രണ്ടാം പകുതി സംവിധായകൻറെ കയ്യിൽ നിന്നും വിട്ടു പോകുന്നതാണ് കാണാൻ കഴിഞ്ഞത്. നല്ല ഒരു തിരക്കഥയുടെ കുറവ് കാണാമായിരുന്നു. അനാവശ്യമായ മെലോഡ്രാമ ആണ് ഏറ്റവും മോശമായ ഒരു ബോറൻ സിനിമയാക്കി മാറ്റിയതെന്ന് കാണുന്ന ഏതൊരു പ്രേക്ഷകനും പറയാൻ കഴിയും.

ധനുഷ് തന്റെ റോൾ വൃത്തിയായിട്ടും വെടിപ്പായിട്ടും ചെയ്തു. പാകമായ അഭിനയം തന്നെയായിരുന്നു. അമി ജാക്സണ്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ച വെച്ച്. ലിപ് സിങ്ക് കുറച്ചു കൂടി മെച്ചപ്പെടുത്താമെന്ന് തോന്നി. ആണ്ട്രിയ കൊടുത്ത സ്വരം കൂടി ഇല്ലായിരുന്നുവെങ്കിൽ അമി ശരിക്കും ബോറായ് മാറിയേനെ. സമന്ത വളരെയധികം സുന്ദരിയായി കാണപ്പെട്ടു, നല്ല അഭിനയവും നന്നായിരുന്നു, പ്രത്യേകിച്ച് റൊമാൻസും സെന്റിമെന്റൽ സീനുകളിലും. കെ.എസ്. രവികുമാർ നല്ല പ്രകടനമായിരുന്നു. രാധികയും മോശമാക്കിയില്ല, സതീഷിന്റെ കോമഡി നന്നായിട്ടുണ്ട്.

പാട്ടുകൾ ശരാശരിക്കു താഴെയായിരുന്നു. അനിരുധിൻറെ നിലവാരം താഴോട്ടു പോയ്ക്കൊണ്ടിരിക്കുകയാനെന്നു തോന്നിപ്പോവും ഇതിലെ പാട്ടും പശ്ചാത്തല സംഗീതവും കേട്ടാൽ. എന്നാ സൊല്ല എന്നാ പാട്ട് മാത്രം ഇത്തിരി ഇമ്പമുള്ളതായി തോന്നി.

രജിനികാന്തിന്റെ കരീറിലെ ഒരു വലിയ സൂപർഹിറ്റായ തങ്കമകൻ, അതെ പേരില് തന്നെ ധനുഷ് റിലീസ് ചെയ്യുമ്പോൾ ഹിറ്റിൽ കുറഞ്ഞൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല, എന്നാൽ തീയറ്റർ കളക്ഷൻ  വെച്ച് നോക്കുമ്പോൾ വിഐപി ശ്രിഷ്ടിച്ച കളക്ഷന്റെ ഏഴയലത്ത് വരില്ല എന്നുറപ്പാണ്.

ഒരേ ഒരു പകുതിയ്ക്ക് വേണ്ടി കാണാവുന്ന ഒരു പടം, നിങ്ങളുടെ സമയം വിലപ്പെട്ടതാണെങ്കിൽ ഇത് ഒഴിവാക്കുന്നതിലും തെറ്റില്ല.

എന്റെ റേറ്റിംഗ് 4.7 ഓണ്‍ 10

Sunday, January 3, 2016

108. The Maze Runner (2014)

ദി മേസ് റണ്ണർ (2014)





Language : English
Genre : Action | Adventure | Drama | Mystery | Sci-Fi
Director : Wes Ball
IMDB : 

The Maze Runner Theatrical Trailer

വെസ് ബോൾ എന്ന സംവിധായകന്റെ പ്രഥമ ചിത്രമാണ് ദി മേസ് റണ്ണർ. ജെയിംസ്‌ ഡാഷ്നറി അതെ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഫോക്സ് സ്റ്റുഡിയോസ് നിർമ്മിച്ചിട്ടുള്ളത്. ഡൈവെർജൻറ് സീരീസ്, ഹംഗർ ഗേംസ് സീരീസ്, എന്ന ചിത്രങ്ങളുടെ ചുവടു പറ്റി തന്നെയാണ് ഈ ചിത്രത്തിൻറെയും കഥാഗതി. സമാന സ്വഭാവം എന്ന് തന്നെ പറയാം. 

തോമസ്‌ എന്ന കൌമാരക്കാരൻ പയ്യൻ ഒരു ദിവസം ഉറക്കം എഴുന്നേൽക്കുന്നത് ഒരു മേസിനുള്ളിൽ (maze) ആണ്, തന്റെ ഭൂതകാലത്തെ കുറിച്ച് യാതൊരു ഓർമ്മയും ഉണ്ടായിരുന്നില്ല. തന്റെ സ്വപ്നങ്ങളിൽ വരുന്ന WICKD എന്ന നിഗൂഡമായ കമ്പനിയെ കുറിച്ചുള്ള ചില ദ്രിശ്യങ്ങൾ മാത്രം. അതെ സമയം, താൻ മാത്രമല്ല നിരവധി കുട്ടികൾ ആ മേസിനുള്ളിൽ ഉണ്ടെങ്കിലും, അവർ രക്ഷപെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഓരോ തവണയും അവരുടെ ആ കടംകഥ മുറുകി വന്നു കൊണ്ടേയിരുന്നു. അതിനു പ്രധാന കാരണം, ഓരോ രാത്രിയും ആ മേസിൻറെ ഭാവം മാറും എന്നതാണ്. രാത്രിയ്ക്ക് മുൻപ് തിരിചെത്താത്തവർ ഒരിക്കലും അവരുടെ കൂട്ടത്തിലേക്ക് എത്തുന്നുമില്ല. ഈ ദൗത്യം തോമസും കൂട്ടരും ഏറ്റെടുക്കുന്നു, അങ്ങിനെ രഹസ്യങ്ങളുടെ ചുരുളഴിയുന്നു.

സത്യം പറഞ്ഞാൽ, ഈ ചിത്രത്തിൻറെ ട്രെയിലർ കണ്ടിട്ട് തീയറ്ററിൽ കാണണമെന്ന് മനസിനുള്ളിൽ ആഗ്രഹിച്ചതായിരുന്നു. പിന്നീട് ചെറിയ രീതിയിൽ ഒരു ഗവേഷണം നടത്തി നോക്കിയപ്പോൾ, ഇതേ മാതിരി ഉള്ള നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുള്ളതിനാൽ എനിക്കീ ചിത്രത്തിൽ അധികം പുതുമ തോന്നിയില്ല.. ക്ലീഷേകളും കുഴയ്ക്കുന്ന കഥാതന്തുക്കളും നിരവധിയാണ്. കുട്ടികളുടെ അല്ലെങ്കിൽ പ്രധാന അഭിനേതാക്കളുടെ പ്രകടനങ്ങൾ  എല്ലാം നന്നായിത്തന്നെയുണ്ടെങ്കിലും ഒരു നല്ല തിരക്കഥയുടെ അഭാവം ഉണ്ട് എന്ന് തന്നെ പറയാം. വെസ് ബോളിന്റെ അത്ര മികച്ചതും അല്ല. പശ്ചാത്തല സംഗീതം ഒരു രീതിയിലും നമ്മെ പിടിച്ചിരുത്താൻ ഉതകുന്നതുമല്ല. 

അവസാന വാക്ക്, വേണമെങ്കിൽ ഒന്ന് കണ്ടു നോക്കാം.. അല്ലെങ്കിൽ ഒഴിവാക്കാം. സമയം കളയാൻ ആഗ്രഹിക്കുന്നവർ ഈ ചിത്രം ഒഴിവാക്കുന്നതാണ്.

എന്റെ റേറ്റിംഗ്: 6.2 ഓണ്‍ 10