Cover Page

Cover Page

Tuesday, January 26, 2016

119. Airlift (2016)

എയർലിഫ്റ്റ്‌ (2016)



Language : Hindi
Genre : Drama | History | Thriller | War
Director : Raja Krishna Menon
IMDB : 9.5


Airlift Theatrical Trailer


1990ൽ ഗൾഫുനാടിനെ നടുക്കിയ ഒരു സംഭവം ആയിരുന്നു പണവും എണ്ണയും മോഹിച്ചു സദ്ദാം ഹുസൈൻറെ ഇറാഖ് കുവൈത്തിനെ ആക്രമിയ്ക്കുന്നത്. ഈ ആക്രമണത്തിൽ നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു. ഒന്നര ലക്ഷത്തിൽ  പരം ഇന്ത്യക്കാർ കൃത്യമായി പറഞ്ഞാൽ 1,70,000 ആൾക്കാർ (പക്ഷെ ഇതിലും മേലെ ഉണ്ടായിരുന്നു എന്നാണ് തിട്ടപ്പെടുത്താത്ത കണക്ക്) സമ്പാദ്യവും ജോലിയും എല്ലാം നഷ്ടപ്പെട്ടു കുവൈത്ത് എന്ന ചെറു രാജ്യത്ത് കുടുങ്ങിക്കിടന്നത്. അന്നു ഇന്ത്യൻ ഭരണകൂടവും എയർ ഇന്ത്യയും ഇന്ത്യൻ എക്സ്പ്രസ്സും കൂടി നടത്തിയ ഒരു സംയുക്ത കുടിയൊഴിപ്പിക്കലിനെ ആധാരമാക്കി രാജാ കൃഷ്ണ മേനോൻ എന്ന മലയാളി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് എയർലിഫ്റ്റ്‌. 

ആരോടും ഒട്ടും അനുകമ്പയില്ലാത്ത കുവൈത്തിലെ ഒരു ബിസിനസുകാരൻ ആണ് രഞ്ജിത്  കട്യാൽ. പുതിയ ഒരു ബിസിനസ് കരാർ ലഭിച്ചതിന്റെ അടുത്ത ദിവസം, ഇറാഖി പട്ടാളക്കാർ കുവൈത്തിനെ ആക്രമിച്ചു കയ്യടക്കുന്നു. സ്വദേശികളെയെല്ലാം  ഇറാഖികൾ രഞ്ജിത്തിനെ പിടിച്ചു കൊണ്ട് പോയി ഇറാഖി മേജർ ഖലഫ് ബിൻ സായദിന്റെ അടുത്തെത്തിക്കുന്നു. അയാൾ രഞ്ജിത്തിനും കുടുംബത്തിനും രക്ഷപെടണമെങ്കിൽ ആൾക്ക് ഒരു ലക്ഷം ഡോളർ വെച്ച് കൊടുക്കണമെന്നും മൊത്തത്തിൽ മൂന്നു ലക്ഷം കൊടുത്താൽ മാത്രം അവർക്ക് രാജ്യം വിട്ടു  പോകാമെന്നും  പറയുന്നു. ആദ്യം സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന രഞ്ജിത്ത് പിന്നീട് തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്വവും പിന്നീട് 1,70,000 ഇന്ത്യക്കാരുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. എങ്ങിനെയും ഇവരെയെല്ലാം  ജന്മനാട്ടിലേക്ക് തിരിചെത്തിക്കണം എന്ന ധൃഢനിശ്ചയത്തോട് കൂടി മുൻപോട്ടു പോകുന്നു.

ഈ ദൌത്യത്തിന് നേതൃത്വം നൽകിയ മലയാളിയായ സണ്ണി മാത്യുസിനെയും ഹർഭജൻ സിംഗ് വേദിയെയും പ്രതിനിധാനം ചെയ്ത രഞ്ജിത്ത് കട്യാൽ എന്ന സാങ്കൽപ്പിക കഥാപാത്രമായി അക്ഷയ് കുമാർ തിളങ്ങി. അക്ഷയ് കുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പ്രകടനവും, ഒരു നാഴികക്കല്ലുമാണ് ഈ റോൾ. അദ്ദേഹത്തിന്റെ സീനുകളിലുള്ള നിയന്ത്രണം സമ്മതിക്കണം.
ലഞ്ച്ബോക്സ് എന്നാ ചിത്രത്തിലെ നായിക ആയിരുന്ന നിമ്രിത് കൌർ രഞ്ജിത്തിന്റെ ഭാര്യയായി നല്ല പ്രകടനം കാഴ്ച വെച്ചു. തുടക്കത്തിൽ രഞ്ജിത്തിന്റെ ഉദ്യമത്തിൽ നിരുൽസാഹപ്പെടുത്തിയിരുന്നുവെങ്കിലും, പിന്നീട് തന്റെ പിന്തുണ പ്രഖ്യാപിക്കുകയും നല്ലൊരു പ്രകടനം രണ്ടാം പകുതിയിൽ നടത്തുകയും ചെയ്തു. ഒരു സൈഡ് നായികയായി മാത്രം ഒതുങ്ങിയില്ല എന്നതും മേന്മ പുലർത്തുന്നു. ഈ പ്രായത്തിലും അവരുടെ സൌന്ദര്യം സ്തുതിക്കുന്നതിലും തെറ്റില്ല.
നഷ്ടപ്പെട്ടു പോയ തൻറെ ഭാര്യയെ അന്യേഷിച്ചു നടക്കുന്ന ഇബ്രാഹിം ദുറാനി എന്ന കഥാപാത്രത്തെ മുൻ വി ചാനൽ വിജെ ആയിരുന്ന പുരാബ് കോഹ്ലി അനശ്വരമാക്കി. നല്ല അച്ചടക്കത്തോടെയുള്ള അഭിനയം. നല്ല നല്ല റോളുകൾ അദേഹത്തിന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ജോർജ് എന്നാ മലയാളി കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബെലവാടി തികച്ചും വിശ്വാസകരമായ പ്രകടനം ആണ് കാഴ്ച വെച്ചത്. ഒരു മലയാള ചിത്രത്തിൽ കൂടി ഇത് വരെ അഭിനയിക്കാത്ത ആ റോൾ അസാധ്യമാക്കി. കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും അധെഹത്തോടുള്ള വെറുപ്പ്‌ കൂട്ടിയെങ്കിൽ, അത് അദ്ധേഹത്തിന്റെ കഴിവ് തന്നെയാണ്. മലയാളികളുടെ സ്വതസിദ്ധമായ ഈ ചൊറിയൻ സ്വഭാവത്തിന് മലയാളിയായ സംവിധായകാൻ ഒരു ഒളിയമ്പ് എയ്തു എന്നുള്ളത് സത്യം. ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണി നോക്കരുത് എന്നാണു പ്രമാണം, മലയാളി അതും എണ്ണി നോക്കും എന്നതിന്റെ ഒരുദാഹരണം. അതായിരുന്നു ജോർജ്. മലയാളത്തിലെ ലെന അത്യാവശ്യം കഴമ്പുള്ള റോൾ, അവരതു നല്ല രീതിയിൽ വൃത്തിയായും വെടിപ്പായും തന്നെ ചെയ്തു.
അധികം സിനിമകളിൽ കണ്ടിട്ടില്ലെങ്കിലും കുമുദ് മിശ്ര ചെയ്ത സഞ്ജീവ് കോഹ്ലി എന്ന കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ റോൾ ഹൃദ്യമായി. എവിടെയോ ഉള്ളവർക്ക് തന്റെ വിലപ്പെട്ട സമയം ചിലവാക്കി, അവസാനം ആ കഷ്ടപ്പാടിന്റെ മധുരഫലം ഒരൊറ്റ പുഞ്ചിരിയിലൂടെ നമ്മുടെ മനസിലേക്ക് ഒരു പ്രത്യേക ഇരിപ്പിടം ഉണ്ടാക്കി.
ഇറാഖി മേജർ ആയി അഭിനയിച്ച ഇനാമുൾ ഹഖ് വളരെ മികച്ച പ്രകടനം ആണ് നടത്തിയത്. പ്രേക്ഷകനെ ശരിക്കും പ്രകോപിപ്പിക്കുന്ന ഒരു കഥാപാത്രം, അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

സംവിധായകൻ ആയ രാജാകൃഷ്ണമേനോൻ വളരെയധികം ഗവേഷണം നടത്തിയെന്നാണ് തോന്നുന്നത്.ഒരു സംഭവകഥയെ പ്രേക്ഷകന് രസിക്കുന്ന വിധം സങ്കൽപവുമായി ഇട കലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ ഉദ്യമത്തിൽ അദ്ദേഹം നൂറു മേനി വിജയവും കണ്ടു. ഹോളിവുഡ് സിനിമയായ ആർഗോ എന്ന ചിത്രം ചിലപ്പോൾ അദേഹത്തിന് പ്രചോദനമായിട്ടുണ്ടാവാം. അധികം കഥ വലിച്ചു നീട്ടാതെ തന്നെ ആദ്യത്തെ 10-15 മിനുട്ടിനുള്ളിൽ തന്നെ അദ്ദേഹം നായക കഥാപാത്രത്തിനെ വികസിപ്പിച്ചെടുത്തു. 15 മിനുട്ടിന് ശേഷം പ്രേകഷകനെ ആവേശവും മാനസിക പിരിമുറുക്കവും സമ്മാനിച്ചു. ഒരു സംഭവ കഥ ആയതു കൊണ്ട് തന്നെ, പ്രവചനീയമായിരുന്നുവെങ്കിലും, അവസാന നിമിഷം വരെ അത് കാത്തു സൂക്ഷിക്കാനും കഴിഞ്ഞു എന്നതാണ് സംവിധായകന്റെ വിജയം. ഡയലോഗുകൾ എല്ലാം തന്നെ കിടിലം, .
പശ്ചാത്തല സംഗീതം നിർവഹിച്ച അരിജിത് ദത്തയുടെ സംഭാവന ചെറുതൊന്നുമല്ല. പാട്ടുകൾ മുഴുവനുമായി സിനിമയിൽ ഇട്ടു രസം കളയാതെ ബിറ്റ് ബിറ്റായി സിനിമക്കുള്ളിൽ ഇട്ടതു കൊണ്ട് വളരെയധികം വ്യത്യാസം ഉണ്ടായിരുന്നു കണ്ടിരിക്കാൻ. സാധാരണ എത്ര നല്ല പാട്ടായാലും അനവസരത്തിൽ വരുമ്പോൾ രസംകൊല്ലിയാകുമല്ലോ. അത് പൂർണമായും ഒഴിവാക്കി. അമാൽ മാലിക്കിന്റെയും അങ്കിത് തിവാരിയുടെയും പാട്ടുകൾ വളരെ നല്ലതായിരുന്നു.

ചിത്രത്തിൻറെ അവസാനം ഭാരതത്തിന്റെ ദേശീയപതാക ഉയരുമ്പോൾ ഉള്ള ഒരു രോമാഞ്ചം അത് പറഞ്ഞറിയിക്കാൻ .കഴിയില്ല.

വളരെ മികച്ച തിരക്കഥയും അതിനു മേലെയുള്ള മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ശരിയായ മിശ്രിതം ചെയ്ത ഒരു ത്രില്ലർ . അതാണ്‌ എയർലിഫ്റ്റ്‌

എൻറെ റേറ്റിംഗ് 8.5 ഓൺ 10

No comments:

Post a Comment