Cover Page

Cover Page

Friday, January 29, 2016

120. Iruthi Sutru (2016)

ഇരുതി സുട്ട്രു (2016)


Language : Tamil 
Genre : Drama | Sports | Thriller
Director : Sudha Kongara
IMDB : 8.4

Iruthi Sutru Theatrical Trailer

പലപ്പോഴും ഹോളിവുഡ് കായിക പ്രചോടനദായകമായ ചിത്രങ്ങൾ കാണുമ്പോൾ, ഇത്രയേറെ കായിക ഇനങ്ങളുള്ള നമ്മുടെ ഭാരതത്തിൽ എന്ത് കൊണ്ട് ഇങ്ങനെ ഒരു ചിത്രം വരുന്നില്ല എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അതിനൊക്കെ മറുപടിയായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ചക്ദേ ഇന്ത്യ, ഇഖ്‌ബാൽ, ഭാഗ് മിൽഖാ ഭാഗ്, പാൻ സിംഗ് റ്റൊമർ എന്നു വിരലിലെണ്ണാവുന്നതു മാത്രമേ നല്ല ചിത്രങ്ങളിൽ സ്ഥാനം നേടിയിട്ടുള്ളൂ. എന്നാൽ നല്ല ചിത്രങ്ങളുടെ സ്ഥാനത്തേക്ക് ചേർത്തു വെയ്ക്കാൻ പറ്റിയ ഒരു മനോഹര ചിത്രമാണ് സുധ കൊങ്കാര സംവിധാനം ചെയ്തു ആർ. മാധവനും രാജ് കുമാർ ഹിറാനിയും ചേർന്ന് നിർമ്മിച്ച സാലാ ഖദൂസ് അല്ലെങ്കിൽ തമിഴിൽ ഇരുതി സുട്രു. 

ഞാൻ ഈ സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ മനസ്സിൽ ഉറപ്പിച്ചതാ തീയറ്ററിൽ തന്നെ കാണും എന്ന്, അതും തമിഴിൽ തന്നെ. അതിനു വ്യക്തമായ കാരണം ഉണ്ട്, മാഡി എന്ന് ചെല്ലപ്പേരുള്ള ആർ. മാധവൻ നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്നത് കൊണ്ടും, പാതി തമിഴ് നാട്ടിലാണ് കഥ നടക്കുന്നത് കൊണ്ടും. എന്തായാലും വളരെ പ്രതീക്ഷയോടെ പോയ എനിയ്ക്ക്, ഒരു രീതിയിൽ വിഷമം വന്നില്ല എന്നത് സത്യം.

കായികസമിതിയിൽ ഉള്ള രാഷ്ട്രീയ ചരടുവലിയിൽ ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടുന്ന കർക്കശക്കാരനും ധിക്കാരിയുമായ പ്രഭു സെൽവരാജ് എന്ന ബോക്സിംഗ് കോച്ചിനു അവിടെ നിന്നും ഒരു വനിതാ ബോക്സറെ കണ്ടു പിടിച്ചു പരിശീലിപ്പിക്കുക എന്ന വളരെ പ്രയാസകരമായ കൃത്യം നിർവഹിക്കേണ്ടി വരുന്നു. യാതൊരു വിധ സൗകര്യം ഇല്ലാത്ത ചെന്നൈയിൽ, അങ്ങിനെ ഒരു ജോലി   വളരെ പ്രയാസകരമായിരുന്നു. അവിടെ മതി എന്നാ ഒരു മീൻകാരി പെൺകുട്ടിയെ കണ്ടു മുട്ടുന്നു. അവളിൽ നല്ല ഒരു ബോക്സർ ഉണ്ട് എന്ന് മനസിലാക്കുന്ന പ്രഭു അവളെ പരിശീലിപ്പിച്ചു ഇന്ത്യയുടെ കുപ്പായം അണിയിച്ചു വിജയത്തിലേക്ക് നയിക്കുന്നു. 

പ്രവചിക്കാവുന്ന കഥ (അത് പിന്നെ അല്ലേലും കായിക സിനിമകൾ ഏറെക്കുറെ നമുക്കൂഹിക്കാൻ കഴിയുമല്ലോ) അതിത്ര ആസ്വാദ്യകരമായി തോന്നിയത് സുധ കൊങ്കാരയുടെ സംവിധാനം തന്നെയാണ്. രണ്ടര മണിക്കൂർ നീളമുള്ള സിനിമയിൽ ഒരു പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് അത്ര ചില്ലറ കാര്യമല്ല, അവർ കഥ പറഞ്ഞ ശൈലി അല്ലെങ്കിൽ വിവരണം, വേഗതയാർന്ന  തിരക്കഥ, തകർപ്പൻ ഡയലോഗുകൾ, അതിനൊത്ത അഭിനേതാക്കളുടെ പ്രകടനം, സന്തോഷ്‌ നാരായണന്റെ സംഗീതം, ഒക്കെ ചിത്രത്തിൻറെ മാറ്റ് കൂട്ടി. ഒരു നിമിഷം പോലും നമുക്ക് ബോറടിക്കില്ല എന്നത് വേറെ കാര്യം.

ആർ. മാധവൻ, നാല് വർഷങ്ങൾക്കു ശേഷം തമിഴിലേക്കുള്ള മടങ്ങി വരവ്. ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. ആ കഥാപാത്രത്തിന് ചേർന്ന രീതിയിലുള്ള അഭിനയം, വാക്കിലും നോക്കിലും എന്തിനു ശരീരഘടനയിൽ കൂടി അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഭാവം കാണിച്ചു തന്നു. കണ്ണുകളിലൂടെ ആശയവിനിമയം നടത്തുന്നതൊക്കെ കാണുമ്പോൾ തന്നെ ഒരു കൊരിത്തരിപ്പാ.. 
റിതിക സിംഗ്, പ്രൊഫഷനലി ഒരു ബോക്സർ ആയ ഈ പെൺകുട്ടിയുടെ ആദ്യ ചിത്രം ആണെന്ന് ഒരിക്കലും തോന്നുകേല. മതി എന്ന കഥാപാത്രത്തിൽ ജീവിക്കുകയായിരുന്നു തോന്നിപ്പോവും. അഭിനയം, ഹോ!!! ഒരു രക്ഷയുമില്ല.. she stole the show.. സുധ കൊങ്കാരയ്ക്ക് തന്നെയാണ് എന്റെ സല്യൂട്ട്. ഇത്രയും നല്ല ഒരു അഭിനേതാവിനെ കണ്ടു പിടിച്ചല്ലോ. ആ കുട്ടിയ്ക്ക് നല്ല ഭാവി ഉണ്ടാവും അത് തീർച്ച.
സക്കീർ ഹുസൈൻ, സ്ത്രീ ലമ്പടനായ പരിശീലകൻ, ഈ ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു, അദ്ദേഹത്തെ കാണുമ്പോഴേ നമുക്കീർഷ്യ തോന്നും എങ്കിൽ  അഭിനയത്തിന്റെ മികവു തന്നെ.
മുംതാസ് സോർക്കർ, മതിയുടെ  ചേച്ചിയും,ബോക്സർ ആയ ലക്ഷ്മി ആയും അഭിനയിക്കുന്നു. നാസർ , ജൂനിയർ കോച്ചായി നല്ല അഭിനയം ആയിരുന്നു. രാധാ രവി, വളരെ ചെറിയ ഒരു റോളിലാണ് വന്നതെങ്കിലും .
മോശമാക്കിയില്ല. സഹ-അഭിനേതാക്കൾ ആരും മോശമാക്കിയില്ല. 

സന്തോഷ്‌ നാരായണന്റെ സംഗീതം (പശ്ചാത്തലവും ഗാനങ്ങളും) ചെറുതൊന്നുമല്ല മൈലേജ് കൂട്ടിയത്. ഒരു അന്താരാഷ്‌ട്ര തലത്തിലുള്ള സൌണ്ട്ട്രാക്ക് ആണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്. സണ്ടക്കാര എന്ന പാട്ട് വളരെ മികച്ചതും നല്ല ഒരു ഫീൽ തരുന്നതുമാണ്. 

വിടിയും മുൻ എന്നാ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ശിവകുമാർ വിജയൻ ആണ് ഈ ചിത്രത്തിൻറെ ക്യാമറ. ഓരോ ഷോട്ടും അദ്ദേഹം മികച്ചതാക്കി.

 സുധ കൊങ്കാര എന്നാ സംവിധായികയ്ക്കാണ് ഞാനീ ചിത്രത്തിൻറെ ക്രെഡിറ്റ് കൊടുക്കുന്നത്. അവരുടെ സിനിമയോടുള്ള സമീപനം തന്നെയാണ് ചിത്രത്തെ മികവുറ്റതാക്കിയത്. അടുത്തത്‌ എന്ത് സംഭവിക്കും എന്ന് കൃത്യമായ ബോധമുള്ള ഒരു പ്രേക്ഷകനെ അടുത്തതെന്ത് നടക്കും എന്ന് ചിന്തിപ്പിക്കാൻ കഴിയണമെങ്കിൽ അത് കഥയും തിരക്കഥയും എഴുതിയ അവരുടെ കഴിവ് തന്നെയാണ്. 

ഇനിയും ഇതേ ജോണറിളുള്ള ചിത്രങ്ങൾ പുറത്തിറങ്ങട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.

എൻറെ റേറ്റിംഗ് 9.1 ഓൺ 10 (റേറ്റിംഗ് തികച്ചും വ്യക്തിഗതം)





  

No comments:

Post a Comment