തങ്കമകൻ (2015)
Language : Tamil
Genre : Comedy | Drama | Romance
Director : Velraj
IMDB : 6.5
Thanga Makan Theatrical Trailer
വേല ഇല്ലാ പട്ടധാരി എല്ലാവർക്കുംസുപരിചിതമായ ഒരു ചിത്രമാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയഹിറ്റുകളിലും ഒന്നായിരുന്നു. അതെ ടീം സംവിധായകൻ -നായകൻ-സംഗീത സംവിധായകൻ ഒരുമിച്ച ചിത്രമാണ് തങ്കമകൻ. ധനുഷ് നായകനായും അമി ജാക്സണ്‍, സാമന്ത രുത് പ്രഭുവും നായികമാരായും അഭിനയിച്ച ഈ ചിത്രത്തിൽ സതീഷ്, ആദിത് അരുണ്‍, പൂർത്തി പ്രവീണ്‍, സംവിധായകൻ കെ.എസ്. രവികുമാർ, രാധികാ ശരത്ത്കുമാർ, ജയപ്രകാശ് എന്നിവർ അഭിനയിച്ചിരിക്കുന്നു.
തമിഴ് എന്ന ചെറുപ്പക്കാരൻറെ ജീവിതത്തിലൂടെ കടന്നു പോകുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്. ആദ്യ പകുതിയിൽ തമിഴ് തന്റെ കൂട്ടുകാരായ കുമരൻ, അരവിന്ദ്, പിന്നെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നത്. തന്റെ കൗമാര കാലത്ത് ഹേമ എന്നാ പെണ്‍കുട്ടിയെ കണ്ടുമുട്ടുകയും പ്രണയത്തിലാകുകയും ചെയ്യുന്നു. പിന്നീട് അത് തകരുകയും മുതിർന്ന ഒരു യുവാവ് ആകുമ്പോൾ യമുന എന്ന സുന്ദരിയായ പെണ്‍കുട്ടിയെ കല്യാണം കഴിക്കുകയും ചെയുന്നു. അപ്രതീക്ഷിതമായി തൻറെ പിതാവിൻറെ ആത്മഹത്യ ആ കുടുംബത്തെ മുഴുവനായും ഒരു തകർച്ചയിലേക്ക് നയിക്കുന്നു. പിന്നീട്, തമിഴ് തന്റെ അച്ഛൻ മരിയ്ക്കാൻ ഉണ്ടാകുന്ന കാരണത്തെ കുറിച്ച് അന്യേഷിച്ചിറങ്ങുകയും തൻറെ അച്ഛൻറെ ചീത്തപ്പേരു മാറ്റുവാനുള്ള ശ്രമം നടത്തുകയും ചെയ്യുന്നു. അതിൽ തമിഴിനു വിജയിക്കാൻ കഴിയുമോ എന്നുള്ളത് പിന്നീട്...
ആദ്യ പകുതി, വളരെയധികം രസകരമായി തന്നെയാണ് ചിത്രീകരിച്ചത്. പ്രത്യേകിച്ച്, കൂട്ടുകാരുടെ കുസൃതികളും, ഹേമ എന്നാ പെണ്‍കുട്ടിയുടെ പുറകെയുള്ള തമിഴിൻറെ നടത്തവും സമന്തയുമായുള്ള കല്യാണം, അവരുടെ വീട്ടിലെ അന്തരീക്ഷം ഒക്കെ മനോഹരമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. നല്ല ക്യാമറവർക്ക് ആയിരുന്നു. ഓരോ ഫ്രെമുകളും നന്നായി തന്നെ എടുത്തിട്ടുണ്ട്. രണ്ടാം പകുതി, തന്റെ അച്ഛൻറെ മരണകാരണവും, അതിനെ ചുറ്റിപ്പറ്റിയുള്ള മകനായ തമിഴിന്റെ അന്യെഷണവും ഒക്കെ ഒരു മെലോഡ്രാമ ആകുകയും, ഒരു സിനിമ എന്നാ രീതിയിൽ പ്രേക്ഷകനെ ഒരു തരത്തിലും രസിപ്പിക്കാൻ കഴിയാത്തതുമായി മാറുന്നു. പിന്നീട് അച്ഛൻറെ മരണകാരണം തീരെ വിശ്വാസയോഗ്യമല്ലാത്തതുമായിരുന്നു (രണ്ടാം പകുതി അല്ലു അർജുൻ നായകനായ സണ്‍ ഓഫ് സത്യമൂർത്തിയുദെ കഥയുമായി സാമ്യം തോന്നിയാൽ തീർത്തും അവിചാരിതമാനെന്നു സംവിധായകൻ വേൽരാജ് പറഞ്ഞേക്കാം, അപ്പോൾ നമ്മൾ വിചാരിക്കണം പുള്ളി വെറുതെ ഒന്ന് ഇൻസ്പൈർ ചെയ്തതാണെന്ന്). രണ്ടാം ഭാഗത്ത് വരുന്ന ഫൈറ്റ് സീനുകൾ അനാവശ്യമായിരുന്നു, ഒരു മാസ് പരിവേഷം നൽകാനായിരുന്നുവെങ്കിലും അതിൻറെ ആവശ്യം ഒട്ടും തോന്നിയില്ല. ശരിക്കും പറഞ്ഞാൽ രണ്ടാം പകുതി സംവിധായകൻറെ കയ്യിൽ നിന്നും വിട്ടു പോകുന്നതാണ് കാണാൻ കഴിഞ്ഞത്. നല്ല ഒരു തിരക്കഥയുടെ കുറവ് കാണാമായിരുന്നു. അനാവശ്യമായ മെലോഡ്രാമ ആണ് ഏറ്റവും മോശമായ ഒരു ബോറൻ സിനിമയാക്കി മാറ്റിയതെന്ന് കാണുന്ന ഏതൊരു പ്രേക്ഷകനും പറയാൻ കഴിയും.
ധനുഷ് തന്റെ റോൾ വൃത്തിയായിട്ടും വെടിപ്പായിട്ടും ചെയ്തു. പാകമായ അഭിനയം തന്നെയായിരുന്നു. അമി ജാക്സണ്‍ തരക്കേടില്ലാത്ത അഭിനയം കാഴ്ച വെച്ച്. ലിപ് സിങ്ക് കുറച്ചു കൂടി മെച്ചപ്പെടുത്താമെന്ന് തോന്നി. ആണ്ട്രിയ കൊടുത്ത സ്വരം കൂടി ഇല്ലായിരുന്നുവെങ്കിൽ അമി ശരിക്കും ബോറായ് മാറിയേനെ. സമന്ത വളരെയധികം സുന്ദരിയായി കാണപ്പെട്ടു, നല്ല അഭിനയവും നന്നായിരുന്നു, പ്രത്യേകിച്ച് റൊമാൻസും സെന്റിമെന്റൽ സീനുകളിലും. കെ.എസ്. രവികുമാർ നല്ല പ്രകടനമായിരുന്നു. രാധികയും മോശമാക്കിയില്ല, സതീഷിന്റെ കോമഡി നന്നായിട്ടുണ്ട്.
പാട്ടുകൾ ശരാശരിക്കു താഴെയായിരുന്നു. അനിരുധിൻറെ നിലവാരം താഴോട്ടു പോയ്ക്കൊണ്ടിരിക്കുകയാനെന്നു തോന്നിപ്പോവും ഇതിലെ പാട്ടും പശ്ചാത്തല സംഗീതവും കേട്ടാൽ. എന്നാ സൊല്ല എന്നാ പാട്ട് മാത്രം ഇത്തിരി ഇമ്പമുള്ളതായി തോന്നി.
രജിനികാന്തിന്റെ കരീറിലെ ഒരു വലിയ സൂപർഹിറ്റായ തങ്കമകൻ, അതെ പേരില് തന്നെ ധനുഷ് റിലീസ് ചെയ്യുമ്പോൾ ഹിറ്റിൽ കുറഞ്ഞൊന്നും ഉദ്ദേശിച്ചിട്ടുണ്ടാവില്ല, എന്നാൽ തീയറ്റർ കളക്ഷൻ വെച്ച് നോക്കുമ്പോൾ വിഐപി ശ്രിഷ്ടിച്ച കളക്ഷന്റെ ഏഴയലത്ത് വരില്ല എന്നുറപ്പാണ്.
ഒരേ ഒരു പകുതിയ്ക്ക് വേണ്ടി കാണാവുന്ന ഒരു പടം, നിങ്ങളുടെ സമയം വിലപ്പെട്ടതാണെങ്കിൽ ഇത് ഒഴിവാക്കുന്നതിലും തെറ്റില്ല.
എന്റെ റേറ്റിംഗ് 4.7 ഓണ്‍ 10
No comments:
Post a Comment