Cover Page

Cover Page

Tuesday, April 10, 2018

264. A Quiet Place (2018)

എ ക്വൈറ്റ് പ്ലേസ് (2018)



Language : English
Genre : Drama | Horror | Thriller
Director : John Krasinski
IMDB : 8.2

A Quiet Place Theatrical Trailer


​​ഭൂമിയിൽ അവശേഷിക്കുന്ന അപൂർവ്വം ചിലരിൽ മാത്രമാണു ഞങ്ങൾ. പേരറിയാത്ത കാഴ്ചശക്തിയില്ലാത്ത എന്നാൽ അപാര കേൾവിശക്തിയുള്ള ഭീകരജീവികൾ ഭൂമിയിൽ വാഴാൻ തുടങ്ങിയിട്ടു ഇന്നേക്ക്‌ 89 ദിവസം കഴിയുന്നു. ഞാൻ എവ്ലിൻ അബോട്ട് എൻ്റെ ഭർത്താവും മൂന്നു മക്കളും കൂടി ഹൈപർ മാർക്കറ്റിൽ മരുന്നുകൾക്കും മറ്റു കാര്യങ്ങൾക്കുമായി വന്നു മടങ്ങിപ്പോകെ ഞങ്ങളുടെ ഏറ്റവും ഇളയ മകനെ ആ ജീവി കണ്മുന്നിൽ നിന്നും പിടിച്ചെടുത്തു കൊണ്ട് പോയത്. നോക്കി നിൽക്കാൻ മാത്രമേ ഞങ്ങൾക്ക് കഴിഞ്ഞുള്ളു..  ഒന്നുറക്കെ കരയാൻ പോലും എനിക്ക് അല്ല ഞങ്ങൾക്ക് കഴിഞ്ഞില്ല. എത്ര നേർത്ത ശബ്ദം വന്നാലും അതേതു ദിക്കിലാണെങ്കിലും നിമിഷ നേരത്തിനുള്ളിൽ എത്തി ഇരയെ വക വരുത്തുന്ന നികൃഷ്ട ജീവികളിൽ നിന്നും രക്ഷപെടാനായി പല വഴികളും ചെയ്തു വെച്ചിട്ടുണ്ട്‌. ദുർബലമായ ഒന്നും അവരിൽ ഇല്ല എന്നത് കൊണ്ട് ചെറുത്തു നിൽക്കാനും കഴിയുകയില്ല. ഇനി അടുത്ത ആര്? ഇനി എത്ര നാൾ? എന്ന ചോദ്യം മാത്രം.

ഒറ്റ വാക്കിൽ പറഞ്ഞു തുടങ്ങുകയാണെങ്കിൽ അതിമനോഹരം. ഇതൊരു സ്ഥിരം ഫോർമുലയിൽ ഉള്ള ഒരു ഹൊറർ ത്രില്ലർ ആയി കണക്കാക്കാൻ കഴിയുകയില്ല, മറിച്ചു വികാര വേലിയേറ്റങ്ങളും കുടുംബ ബന്ധങ്ങളും ഇഴ ചേർത്തു നിർത്തി, ക്ളീഷേകളും ജമ്പ് സ്കേറുകളും പരമാവധി ഒഴിവാക്കി സിനിമ തുടങ്ങുന്ന ആദ്യ നിമിഷം മുതൽ തീരുന്നതു വരെയും പ്രേക്ഷകനെ ആവേശത്തിൻ്റെയും ഭയത്തിൻറെയും മുൾമുനയിൽ നിർത്തുന്ന ഒരു മികച്ച സിനിമ. ക്ളീഷേകൾ പരമാവധി ഒഴിവാക്കിയെങ്കിലും അല്പം ക്ളീഷേകൾ ഉണ്ട് എന്നിരുന്നാലും അപ്രതീക്ഷിത സീനുകൾ നിരവധിയാണ്.

ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ആകർഷണം ഇതിന്‍റെ സംവിധാനം തന്നെയാണ്. അമേരിക്കൻ നടനായ ജോൺ ക്രാസിൻസ്കി ആണ് സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹം തന്നെയാണ് നായക കഥാപാത്രവും തിരക്കഥയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്. തുടക്കം മുതൽ തന്നെ ടെൻഷൻ ഉളവാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. അല്പം സ്ലോ നോട്ടിൽ തുടങ്ങുന്നുവെങ്കിലും കഥാപാത്രങ്ങളെയും ചുറ്റുപാടും പ്രേക്ഷകൻറെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. നമ്മളറിയാതെ കഥാപാത്രം അനുഭവിക്കുന്ന വികാരങ്ങളെല്ലാം നമ്മുടേതെന്നാക്കാനും കഴിഞ്ഞു. അതിനാൽ, ചിത്രം കാണുന്നതിലുപരി അനുഭവിക്കുക എന്ന പ്രതീതി ലഭിക്കും. കഥാപാത്രത്തിന്റെ ഭയം നമ്മുടെ ഭയമാണ് വിഷമങ്ങളും സന്തോഷങ്ങളും നമ്മുടേതാണെന്ന പ്രതീതി മൊത്തത്തില്‍ വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ജോണ്‍ ക്രാസിന്‍സ്കി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് എ ക്വൈറ്റ് പ്ലേസ്. വേറെ ഒരു പ്രത്യേകത എടുത്തു പറയുകയാണെങ്കില്‍ 
അധിക സംഭാഷണങ്ങള്‍ നിരവധി ഇല്ല, കൂടുതലും ആശയവിനിമയം നടത്തുന്നത് ആംഗ്യ ഭാഷയില്‍ കൂടിയാണ്. അതൊരിക്കലും ആസ്വാദനത്തിനെ ബാധിക്കുകയുമില്ല.

ചിത്രത്തിന്‍റെ technical വശങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മനസിലാകും, എന്ത് മാത്രം അണിയറയിൽ ഹോം വർക്ക് ചെയ്തിട്ടുണ്ട് എന്നു . ക്യാമറ, ലൊക്കേഷൻ, ലൊക്കേഷൻ സെറ്റ്  വർക്ക്, ലൈറ്റിങ്ങ്, സൗണ്ട് ഡിസൈൻ എന്നിവയിൽ എല്ലാം മുന്നിട്ട് നിൽക്കുന്നുണ്ട് ഈ ചിത്രം. ഭയം പ്രേക്ഷകനിൽ എത്തിക്കാൻ മാർക്കോ ബെൽട്രാമിക്ക് കഴിഞ്ഞിട്ടുണ്ട്. ലോഗൻ, സ്നോപിയേഴ്‌സർ, വാം ബോഡീസ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് സംഗീതം നൽകിയ അദ്ദേഹത്തിൻ്റെ  കഴിവ് എടുത്തു പറയേണ്ട ആവശ്യമില്ല എന്ന് തോന്നുന്നു. ചിത്രത്തിൻറെ ആഖ്യാനത്തിനു ഇഴ ചേർന്ന് നിന്ന് പശ്ചാത്തല സംഗീതം. ഇത് ശരിക്കും ആസ്വദിക്കണമെങ്കിൽ തീയറ്ററിൽ തന്നെ പോകണം.

Charlotte Bruus Christensenൻറെ ക്യാമറവർക്ക് എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. കഥാപാത്രങ്ങളുടെ കൂടെയുള്ള പ്രേക്ഷകൻറെ  യാത്രയിൽ ചുക്കാൻ പിടിച്ചത് അദ്ദേഹം തന്നെയാണ്. 

സംവിധായകൻ തന്നെ മുഖ്യ കഥാപാത്രമായ ലീ അബോട്ടിനെ അവതരിപ്പിച്ചിരിക്കുന്നു. ഒരു കുറവും എടുത്തു പറയാനാകാത്ത കഥാപാത്രം. ഒരു നല്ല പിതാവായും, ഒരു രക്ഷകനായും നന്നായി തന്നെ അദ്ദേഹം അവതരിപ്പിച്ചു. ഭാര്യാ കഥാപാത്രമായ എവ്ലിനെ ജോൺ  കറാസിൻസ്കിയുടെ ജീവിതത്തിലെ ഭാര്യയായ എമിലി ബ്ലണ്ട് അവതരിപ്പിച്ചു. മികച്ച കഥാപാത്രം ആയിരുന്നു അവരുടേത്. കുട്ടികളുടെ കഥാപാത്രങ്ങൾ ഒക്കെ അഭിനയത്തിൽ വളരെ അധികം മികച്ചു നിന്നു. ഒരു വിഎഫ്എക്സ് ചിത്രത്തിൽ അഭിനയിക്കുക എന്നത് വളരെ ശ്രമകരമായ പണിയാണ്. ഇല്ലാത്ത വസ്തു ഉണ്ടെന്നു സങ്കൽപ്പിച്ചു, അതും ഭയ രസം മുഖത്തു വരുത്തുക എന്ന് പറഞ്ഞാൽ അതിലും പാടേറിയ ഒന്നാണ്. അതൊരു സങ്കോചവും കൂടാതെ അവർ ചെയ്തു. അവിടെ സംവിധായകനായ ജോണിൻറെ പങ്കു വളരെ വലുതുമാണ്. 


മൊത്തത്തിൽ പറഞ്ഞാൽ തുടക്കം മുതൽ അവസാനം വരെയും പ്രേക്ഷകനെ ഭയത്തിൻറെ മുൾമുനയിൽ നിർത്തുന്ന ഒരു ഇമോഷണൽ ഹൊറർ ത്രില്ലർ ആണ് A Quiet Place.

A must watch in this genre and horror loving fans.

My Rating 8.9 on 10 (Dont Bite off your nails, coz you need that later)

ചിത്രത്തിലെ രണ്ടു മൂന്നു സിറ്റുവേഷനുകള്‍ എനിക്ക് കല്ല്‌ കടിയായി ഭവിച്ചു, പ്രത്യേകിച്ച് നായിക ശബ്ദമൊന്നും ഉണ്ടാകാന്‍ പാടില്ല എന്ന ചുറ്റുപാടില്‍ ജീവിക്കുമ്പോള്‍ ഗര്‍ഭിണിയാവുന്നത്.  Logically and Practically ചിന്തിക്കുകയാണെങ്കില്‍ അങ്ങിനെ ഒരു അബദ്ധം ഒരു normal human being ചെയ്യുകയില്ല. പക്ഷെ അങ്ങിനെ ഒരു സിറ്റുവേഷന്‍ അവതരിപ്പിച്ചത് കൊണ്ട്, കുറച്ചു കിടിലന്‍ ഭയം ഉളവാക്കുന്ന സീനുകള്‍ അനുഭവിക്കാന്‍ കഴിഞ്ഞു.





Saturday, April 7, 2018

263. Mounam Sammadham (1990)

മൗനം സമ്മതം (1990)



Language : Tamil
Genre : Crime | Drama | Mystery | Suspense | Thriller
Director : K. Madhu
IMDB : 7.5


"കല്യാണ തേൻ നിലാ" എന്ന നിത്യ ഹരിത ഗാനം മൂളാത്ത സംഗീതപ്രേമികൾ വിരളമായിരിക്കും. മമ്മൂട്ടിയെന്ന അനുഗ്രഹീത നടൻ തമിഴിൽ അരങ്ങേറ്റം കുറിച്ച മൗനം സമ്മതം എന്ന ചിത്രത്തിലെ ഗാനമാണു. KJ യേശുദാസ്‌, KS ചിത്ര എന്നിവർ ആലപിച്ച ഗാനത്തിനു സംഗീതം നൽകിയത്‌ ഇസൈജ്ഞാനി ഇളയരാജയും രചിച്ചത്‌ പുലമൈ പിത്തനുമാണു.

തന്റെ അനുജന്റെ ഭാര്യയെ കൊലപ്പെടുത്തിയതിനു അന്നു രാവിലെ സുന്ദരത്തിനെ കോടതി തൂക്കുമരണം വിധിച്ചു. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന സുന്ദരം അല്ല ചെയ്തതെന്നു ഉറച്ചു വിശ്വസിക്കുന്ന കുടുമ്പത്തിനു ഒന്നും ചെയ്യാനാവാതെ പകച്ചു നിൽക്കുന്നു. ഹൈക്കോടതിയിൽ അപ്പീൽ പോകണമെങ്കിലും കുടുമ്പ വക്കീലായ ശേഖറിനു ആത്മവിശ്വാസം തീരെ പോര താനും. ആയിടയ്ക്കാണു ശേഖറിന്റെ സുഹ്രുത്തായ രാജ നാട്ടിൽ ഒരു കോൺഫറൻസിനെത്തുന്നത്‌. രാജയോടു ഈ കേസ്‌ വാദിക്കണമെന്നും സുന്ദരം നിരപരാധിയാണു എന്നൊക്കെ ശേഖർ അപേക്ഷിക്കുമെങ്കിലും രാജ അതു ചെവി കൊടുക്കുന്നില്ല. അടുത്ത ദിവസം ഡൽഹിക്ക്‌ പോകാനായി തയാറെടുക്കുന്ന രാജ അവിചാരിതമായി ഒരു പത്രം കാണുന്നു. ആ പത്രത്തിൽ താൻ പണ്ടിഷ്ടപ്പെട്ടിരുന്ന ഹേമ സുന്ദരത്തിന്റെ കൂടെ നിൽക്കുന്ന ഫോട്ടോ കാണുകയും ഹേമ സുന്ദരത്തിന്റെ സഹോദരി ആണെന്നു മനസിലാക്കുകയും രാജ തന്റെ ഡൽഹി യാത്ര കാൻസലാക്കി താൻ ഈ കേസ്‌ വാദിക്കാം എന്നു ശേഖറിനെ അറിയിക്കുന്നു. പിന്നീട്‌ തെളിവുകൾ എതിരായിട്ടും, രാജ ശേഖറിന്റെ സഹായത്തോടെ കേസ്‌ അന്യേഷിക്കുകയും വാദിക്കുകയും ചെയ്യുന്നു.. കേസ്‌ ആരു ജയിക്കും എന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ലെങ്കിലും ആരാവും കുറ്റവാളി എന്ന ചോദ്യം അവസാന നിമിഷം വരെയും നിലനിർത്തുന്നു.

SN സ്വാമി രചിച്ച ഈ ചിത്രം സംവിധാനം ചെയ്തത്‌ മലയാളിയായ K മധു ആണു. തലൈപ്പ്‌ സെയ്തികൾക്ക്‌ ശേഷം കെ മധു തമിഴിൽ രണ്ടാമത്‌‌ ചെയ്ത ചിത്ര കൂടിയാണു മൗനം സമ്മതം. SN സ്വാമിയുടെ സ്ഥിരം ശൈലിയായ അന്ത്യ നിമിഷം വരെയും സസ്പെൻസ്‌ നിലനിർത്തുന്ന‌ ത്രില്ലർ പിന്തുടരുന്ന ഈ ചിത്രം ഒരു ഗംഭീര ഹിറ്റ്‌ കൂടിയാരുന്നു. കുറ്റവാളി ആരാണെന്ന ചോദ്യത്തിനുള്ള ക്ലൂ തുടക്കം മുതലേ പ്രേക്ഷകനു കൊടുക്കുന്നുമുണ്ട്‌. 1988ൽ പുറത്തിറങ്ങിയ അതേ റ്റീമിന്റെ ഒരു സിബിഐ ഡയറിക്കുറുപ്പിന്റെ സമാന കഥ തന്നെയാണു മൗനം സമ്മതം എന്ന ഈ ചിത്രത്തിലും. അൽപ സ്വൽപ കഥാപാത്രങ്ങളിൽ വരുത്തിയ മാറ്റം മാത്രം. എന്നിരുന്നാലും ബോറടിക്കാതെ തന്നെ ചിത്രം കണ്ടിരിക്കാനും കഴിയും. അതിനു ഇളയരാജയുടെ പശ്ചാത്തല സംഗീതം നൽകുന്ന മൈലേജ്‌ ചില്ലറയല്ല. ഫൈറ്റ്‌ സീനുകൾ അത്ര മികച്ചതല്ലെങ്കിലും തരക്കേടില്ലായിരുന്നു. അന്നത്തെ ചാർട്ട്‌ ബസ്റ്ററുകളായ ഗാനങ്ങളും ഒരു പ്രത്യേകത തന്നെയായിരുന്നു. കല്യാണ തേൻ നിലാ ഒരു കൾട്ട്‌ ആണെന്നുള്ളത്‌ ഞാൻ പ്രത്യേകിച്ച്‌ ഇങ്ങനെ എടുത്തു പറയേണ്ട ആവശ്യമില്ലല്ലൊ..

മമ്മൂട്ടി തന്റെ ആദ്യ തമിഴ്‌ ചിത്രമാണെന്നുള്ള സങ്കോചമില്ലാതെ അഭിനയിച്ചു. ഡയലോഗ് ഡെലിവറിയൊക്കെ മികച്ചു നിന്നു. അമല സുന്ദരിയായി തോന്നിയെങ്കിലും അത്ര മികച്ച റൊൾ എന്നൊന്നും പറയാൻ കഴിയുകയില്ല. വൈ.ജി. മഹേന്ദ്രൻ, ചാർളി എന്നിവരുടെ പ്രകടനവും മോശമല്ലായിരുന്നു. നാഗേഷ്‌ വില്ലനായി നന്നായി, എന്നാൽ MS ത്രിപ്പൂണിത്തുറയുമായി ഉള്ള കോമഡി ശരിക്കും അലോസരമുണ്ടാക്കുന്നതായിരുന്നു. ആ പഴയ കാല ബോറിംഗ്‌ കോമഡി ട്രാക്ക്‌. തമിഴ്‌ സ്റ്റാർ ശരത്‌കുമാർ ഒരു ചെറിയ വേഷം ഈ ചിത്രത്തിൽ ചെയ്തിട്ടുണ്ട്‌. സുകുമാരി, പ്രതാപചന്ദ്രൻ, ശ്രീജ, കൊച്ചിൻ ഹനീഫ തുടങ്ങിയ നിരവധി മലയാളികലാകാരന്മാർ ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്‌ എന്നതൊരു പ്രത്യേകത തന്നെയാണു.

ആവർത്തനം അൽപമുണ്ടെങ്കിലും വിരസതയില്ലാതെ ആസ്വദിച്ചു കാണാവുന്ന typical SN സ്വാമി ത്രില്ലർ

എന്റെ റേറ്റിംഗ്‌ : 7.8 ഓൺ 10

Monday, February 19, 2018

262. Hush (2016)

ഹഷ് (2016)



Language : English
Genre : Horror | Thriller
Director : Michael Flanagan
IMDB : 6.6


Hush Theatrical Trailer



മരണവും തന്നെ കൊല്ലാന്‍ വരുന്നവന്‍റെ യഥാര്‍ത്ഥ ആഗാമാനോദേശ്യവും മുന്നില്‍ കണ്ടു കഴിഞ്ഞാല്‍ നമ്മള്‍ എന്താവും ചെയ്യുക. അതിജീവനത്തിനുള്ള വഴികള്‍ തേടും. പക്ഷെ, കൊലയാളിക്ക്

വളരെയധികം പോസിറ്റീവ് റിവ്യുകള്‍ വായിച്ചറിഞ്ഞത്തിനു ശേഷം പ്രതീക്ഷയുടെ ചിറകില്‍ ഹഷ് എന്ന ചിത്രം കാണാന്‍ ആരംഭിച്ചു.

പതിമൂന്നാം വയസിൽ ഒരു അസുഖം മൂലം കേൾവിശക്തിയും സംസാരശേഷിയും നഷ്ടപ്പെട്ട ഒരു യുവ സാഹിത്യകാരി ആണ് മാഡി. മരങ്ങൾക്കിടയിലുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് മാഡിയുടെ താമസം. അവരുടെ കൂട്ടുകാരിയും അയൽക്കാരിയും ആയ സാറാ മാഡിയുടെ ഒരു പുസ്തകം തിരിച്ചു കൊടുത്ത് പോരും വഴി ഒരു കൊലയാളിയുടെ കയ്യിലകപ്പെടുകയും, സഹായത്തിനായി മാഡിയെ അവൾ അലമുറയിട്ടു വിളിച്ചുവെങ്കിലും, അവൾ കേൾക്കുന്നില്ല. മാഡി ബധിരയും മൂകയുമാണെന്നു കൊലയാളി മനസിലാക്കുകയും അവന്റെ അടുത്ത ഇര മാഡി ആണെന്നും നിശ്ചയിക്കുന്നു. പിന്നീട് നടക്കുന്നതു ഒരു
cat 'n' mouse game ആണ്. നിരാലമ്പയും ബധിരയും മൂകയും ആയ അവൾക്കെന്തു ചെയ്യാൻ കഴിയും?

ഹൊറർ ത്രില്ലറുകൾ എടുക്കുന്നതിൽ പ്രാവീണ്യം നേടിയിട്ടുള്ള സംവിധായകൻ ആണ് മൈക്കൽ ഫ്ലാനഗൻ. അദ്ദേഹം സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഫീച്ചർ ഫിലിമാണ് ഹഷ്. അദ്ദേഹം തൻറെ ഭാര്യയും ഈ സിനിമയിലെ നായികയുമായ കേറ്റ് സീഗാളുമൊത്താണ് കഥ എഴുതിയിരിക്കുന്നത്. എടുത്തു പറയാൻ പ്രത്യേകിച്ചൊന്നുമില്ലാത്ത ഇതിവൃത്തം  ആണ് ചിത്രത്തിനെങ്കിലും നായികയുടെയും സംവിധായകൻ്റെയും കഴിവും പ്രകടനവും നമ്മെ പിടിച്ചിരുത്തുവാൻ സഹായിച്ചിരുന്നു. ഫ്ലാനഗൻ്റെ ആഖ്യാനവും ചിത്രത്തിന്റെ സംവിധാനവും മികച്ചു നിന്നു. അദ്ദേഹം തന്നെയായിരുന്നു ചിത്രസംയോജനവും നിർവഹിച്ചത്. ഒരു സംവിധായകൻ തന്നെ കത്രിക എടുത്തു കഴിഞ്ഞാൽ നമുക്കറിയാം, അതിന്റെ പരിണത ഫലം എത്രത്തോളം നന്നായി ഇരിക്കുമെന്ന്. ആ വിഭാഗത്തിലും ഒരിക്കലും നിരാശ സമ്മാനിച്ചില്ല അദ്ദേഹം. ടെൻഷൻ വലിഞ്ഞു മുറുകുന്ന സീനുകളും മാസ് സീനുകളും കൊണ്ട് സമ്പന്നമായിരുന്നുവെങ്കിലും പതിവ് ക്ളീഷേകളും നിരവധി ഉണ്ടായിരുന്നു. പണ്ട് സ്ക്രീം എന്ന ഒരു സീരിയൽ കില്ലർ ചിത്രം ഇറങ്ങിയിരുന്നു. പലർക്കും ഓർമ്മയുണ്ടാകാം. തുടക്കത്തിൽ വില്ലൻ്റെ introduction ഒക്കെ ആ സിനിമയെ ഓർമ്മിപ്പിച്ചു. പക്ഷെ പെട്ടെന്ന് തന്നെ ഉള്ള മാറ്റവും അമ്പരിപ്പിച്ചു. ഭയത്തോടൊപ്പം കുറച്ചു gore violence ഉണ്ടായിരുന്നത് നന്നായി.

കേറ്റ് സീഗൾ തന്റെ കഥാപാത്രം അവിസ്മരണീയമാക്കി. അവരുടെ അഭിനയം നമ്മെ ശരിക്കും ആ കഥാപാത്രത്തിൽ ലയിച്ചിരുന്നു കാണുന്ന പ്രതീതി ഉളവാക്കി. വില്ലനെ അവതരിപ്പിച്ച ജോൺ ഗലാഗർ ജൂനിയർ, തൻ്റെ കഥാപാത്രത്തിന് ഉതകുന്ന അഭിനയം കാഴ്ച വെച്ചു. രണ്ടു പേരുടെയും അഭിനയം നമ്മുടെ രക്തസമ്മർദ്ദം കൂട്ടുന്ന അവസ്ഥയുണ്ടാക്കി എന്നത് സമ്മതിച്ചു തരേണ്ട ഒരു വസ്തുത തന്നെയാണ്.

സിനിമയുടെ മൂഡിന് അനുസൃതമായി സംഗീതം നൽകിയത് ദി ന്യൂട്ടൻ ബ്രദർസ് ആണ്. അവരുടെ കൃത്യമായ അവസരത്തിൽ നൽകിയ പശ്ചാത്തല സംഗീതം ചിത്രത്തിന് നൽകുന്ന മൈലേജ് ചില്ലറയല്ല. ജെയിംസ് നീസ്റ്റ് ആണ് ക്യാമറ വിഭാഗം കൈകാര്യം ചെയ്തത്. ചടുലമായ ക്യാമറ വർക് ഒരു positive factor ആയിരുന്നു.

കുറച്ചൊക്കെ ക്ളീഷേകൾ ഉണ്ടായിരുന്നുവെങ്കിലും ആദ്യ കാഴ്ചയിൽ ഹഷ് അല്പം പോലും നിരാശ നൽകില്ല എന്ന് നൂറു ശതമാനം ഉറപ്പു. എന്നിരുന്നാലും ഓൺലൈൻ റിവ്യൂസ് ഒക്കെ കണ്ടു വളരെയധികം പ്രതീക്ഷ നല്കിയതിനാലാവാം, എനിക്ക് ശരാശരിക്കും മുകളിൽ നിൽക്കുന്ന ഒരു ഹൊറർ ചിത്രമായി മാറി.

എൻ്റെ റേറ്റിംഗ് 6.8 ഓൺ 10

വെറും ഒരു മില്യൺ മാത്രമായിരുന്നു ഈ ചിത്രത്തിൻറെ മുതൽ മുടക്കെന്ന് മനസിലാക്കാൻ കഴിഞ്ഞു. തീയറ്റർ റിലീസ് ഉണ്ടായിരുന്നുവെങ്കിൽ സ്‌കേറി സീനുകൾക്കു ഒരു effect ഉണ്ടായേനെ എന്ന് തോന്നിപ്പോയി.

Saturday, February 17, 2018

261. Aadhi (2018)

ആദി (2018)



Language : Malayalam
Genre : Action | Crime | Thriller
Director : Jeethu Joseph
IMDB : 7.7

Aadhi Theatrical Trailer


​​​​എല്ലാ തവണയും നാട്ടിലേക്ക്‌ വിമാനം കയറുമ്പോൾ പറ്റ്വാച്ചാ കുറേ മലയാള സിനിമകൾ റിലീസിന്റെ അന്നും അല്ലതെയും കാണണമെന്ന് ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ.. ഇതിനു മുൻപ്‌ ഞാൻ കേരളത്തിലെ തീയറ്ററിൽ നിന്നും കണ്ടത്‌ പ്രേതം മാത്രമാണു. ഇത്തവണ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേ കാണാൻ സാധിച്ചത്‌ പ്രണവ്‌ മോഹൻലാൽ ആദ്യമായി അഭിനയിച്ച ആദി ആണു.

ഒരു പ്രസിദ്ധ സംഗീതജ്ഞൻ ആകണം എന്ന ആഗ്രഹവും പേറി നടക്കുന്ന ഒരു യുവാവ്‌ ആണു ആദി. സുഹ്രുത്തിന്റെ സഹായപ്രകാരം ബെംഗലൂരുവിലെ ഒരു ക്ലബിൽ പാടുന്നതിനിടയ്ക്ക്‌ സംഭവിക്കുന്ന അത്യാഹിതം പ്രണവിന്റെ ജീവിതം തന്നെ മാറ്റി മറിയ്ക്കുന്നു. ഒരു കൂട്ടം ആളുകളുടെ ഇരയായി മാറിയ ആദി അവരിൽ നിന്നും എങ്ങിനെ രക്ഷ നേടുന്നുവെന്നതാണു ചിത്രത്തിന്റെ ഇതിവ്ര്യത്തം.

​തുടക്കക്കാരന്‍ എന്നാ യാതൊരു സങ്കോചവും കൂടാതെ തന്നെ പ്രണവ് മോഹന്‍ലാല്‍ തന്റെ റോള്‍ അനായാസം ചെയ്തു. പല റിവ്യുകളിലും കണ്ടിരുന്നു, പ്രണവ് അഭിനയ സീനുകളില്‍ എല്ലാം മോശമായിരുന്നു എന്ന്. പക്ഷെ എന്‍റെ കാഴ്ചപ്പാടില്‍ ഒരു തുടക്കക്കാരന്‍ എന്നാ നിലയിലും പ്രണവ് തന്‍റെ ജോലി നീതീകരിച്ചു. ആക്ഷന്‍ ഒക്കെ ഇത്ര അനായാസം ചെയ്യുന്നത് കണ്ടു, ഇദ്ദേഹം എന്ത് മാത്രം പരിശ്രമം ചെയ്തു എന്ന് മനസിലാക്കാന്‍ കഴിയും. പാര്‍കൂര്‍ ഒക്കെ മികച്ചു നിന്നു. ആ ഒരു പരിശ്രമത്തിനു എന്‍റെ ഒരു പ്രത്യേക അഭിനന്ദനം. അഭിനയം കുറച്ചു കൂടി മെച്ചപ്പെടുത്തിയാല്‍ ഒരു നല്ല നടന്‍ എന്നാ നിലയിലേക്ക് ഉയരാന്‍ കഴിയും. സ്ക്രീനില്‍ പല തവണ പ്രണവിനെ കാണുമ്പോള്‍ പഴയ ഒന്നാമനിലെ ആ കൊച്ചു പയ്യനെ തന്നെയാണ് ഓര്‍മ്മ വരിക. ഒരു നിഷ്കളങ്കതയാണ് ആ മുഖത്തെപ്പോഴും കാണാന്‍ സാധിക്കുന്നത്.

സിദ്ദിഖ്, ലെന ആദിയുടെ മാതാപിതാക്കളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. സിദ്ദിഖിനു ഈ റോള്‍ ഒക്കെ പുഷ്പം ഇറുക്കുന്ന ലാഘവത്തോടെ തന്നെ ചെയ്തു. ലെന, തുടക്കം ഒക്കെ നന്നായിരുന്നെങ്കിലും സെന്‍റിമെന്‍റല്‍ സീനുകള്‍ കുറച്ചൊക്കെ കയ്യടക്കത്തോടെ ചെയ്യാം എന്ന് തോന്നിപ്പോയി. അല്‍പം ഓവര്‍ തന്നെയായിരുന്നു. അനുശ്രീ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ ജയ എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചു. അവരുടെ കഥാപാത്രത്തിന് ഒരു grace ഉണ്ടായിരുന്നു .

എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍ ആയിരുന്നു സിജു വിത്സണ്‍, ഷറഫുദ്ദീന്‍ അവതരിപ്പിച്ച യഥാക്രമം ജയകൃഷ്ണന്‍, ശരത് എന്നാ കഥാപാത്രങ്ങള്‍. ഷറഫ് തന്റെ റോള്‍ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. സ്ഥിരം ചളിയടിയില്‍ നിന്നും മാറി സഞ്ചരിച്ചു ഒരു പക്വതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചു. സിജു വിത്സന്‍റെ അഭിനയത്തിലുള്ള മേക് ഓവര്‍ മികച്ചു നിന്നു. സ്ഥിരം ഫോര്‍മുലായിക് റോളില്‍ നിന്നും നെഗടീവ് ഷേഡ്‌​ ഉള്ള കഥാപാത്രം നന്നായി തന്നെ അവതരിപ്പിച്ചു. ഇവര്‍ക്ക് ആദി എന്നാ ചിത്രം കൊണ്ട് നല്ല റോളുകള്‍ തേടിയെത്താനുള്ള സാധ്യതകള്‍ കൂടുതല്‍ തന്നെയാണ്.

​മേഘനാഥന്‍​ എന്ന നടനെ വീണ്ടും തിരശീലയില്‍ കാണുമ്പോള്‍ ഒരു സന്തോഷം. അദ്ദേഹമോക്കെ നല്ല അഭിനേതാവായിട്ടും അവസരങ്ങള്‍ കുറയുന്നത് വലിയ കഷ്ടമാണ്. നമ്മുടെ സംവിധായകര്‍ നല്ല ആര്‍ട്ടിസ്റ്റുകളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്തുന്നതില്‍ വളരെ പിന്നോക്കം ആണ്.

ജഗപതി ബാബുവിന്‍റെ ആവശ്യകത ആ റോളിനുണ്ടോ എന്നതൊരു ചോദ്യം അവശേഷിക്കുന്നു. അദിതി തരക്കേടില്ലാ.. എവിടെയൊക്കെയോ നിവേദ തോമസിന്‍റെ ചായ കാചിയിട്ടുണ്ടോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ??

മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവരുടെ കാമിയോ റോളുകള്‍ ശരിക്കും അനാവശ്യമായി തോന്നി. പക്ഷെ മോഹന്‍ലാല്‍  ഇത്തിരി നേരം ഉണ്ടായിരുന്നുവെങ്കിലും നല്ല ഗ്ലാമറസ് തന്നെയാരുന്നു, . <3

ചിത്രത്തിന്‍റെ ഏറ്റവും വലിയ പോരായ്മ കെട്ടുറപ്പില്ലാത്ത തിരക്കഥ തന്നെയാണ്. ജീത്തു ജോസഫ് കൈകാര്യം ചെയ്ത ആ വകുപ്പ്, ഒരു സിനിമക്ക് വേണ്ടി താത്കാലിക കെട്ടിപ്പടുക്കല്‍ ആണോ എന്ന് തോന്നിപ്പോകും. സംവിധായകന്‍റെ മേലങ്കി ഒരു പരിധി വരെ ന്യായമായി കൈകാര്യം ചെയ്തു. എന്നിരുന്നാലും ലെന - സിദ്ദിഖ് കോമ്പോ ആയ വൈകാരിക സീനുകള്‍ അല്പം കൂടെ ചിട്ടയോടെ അവതരിപ്പിച്ചിരുന്നുവെങ്കില്‍ നന്നായേനെ.  എഡിറ്റിംഗ് കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു, എന്നാല്‍ മോശമല്ലായിരുന്നു താനും. Crisp Editingന്‍റെ കുറവ് ഉണ്ടായിരുന്നു.

ആക്ഷന്‍ സീക്വന്‍സുകള്‍ എല്ലാം തന്നെ നന്നായിരുന്നു, അല്‍പം സ്പോയിലര്‍ കലര്‍ത്തുകയാണെങ്കില്‍, ഗരാജില്‍ നിന്നും ഓടി രക്ഷപെട്ടു വരുന്ന ആദി ചെന്നെത്തുന്നത് ഒരു കോട്ടയില്‍ ആണ്, (ബാംഗളൂരില്‍ അങ്ങിനെ ഒരു കോട്ട ഞാനവിടെ ജോലി ചെയ്യുന്ന സമയത്തുണ്ടായിരുന്നില്ല എന്നതൊരു സത്യം, പുതുതായിട്ട്‌ വല്ലതും ഉണ്ടാക്കിയതാണോ.. പോക്കിരിയില്‍ മറ്റും കണ്ടിട്ടുണ്ട്).. ആ ലൊക്കേഷന്‍ ഒക്കെ സത്യം പറഞ്ഞാല്‍ പാര്‍ക്കൂര്‍ അഭ്യാസം കാട്ടാന്‍ വേണ്ടി മാത്രമാണെന്ന് തോന്നിപ്പോകും. പക്ഷെ എന്നിരുന്നാലും അത് ഒട്ടും ബോര്‍ ആക്കിയുമില്ല. റോപ് ഉപയോഗിച്ച സീനുകളില്‍ ഒന്നും തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകന് മനസിലാകില്ല എന്നതാണ്  

ക്യാമറാമാന്‍ ആണ് എന്‍റെ അഭിപ്രായത്തില്‍ ടെക്നിക്കലി മികച്ചു നിന്നത്. സതീഷ്‌ കുറുപ്പ് അനായാസേന കൈകാര്യം ചെയ്തു. ചേസ് സീനുകളിലും പാര്‍ക്കൂര്‍ അഭ്യാസം നിറഞ്ഞ സീനുകളിലും ഒക്കെ അദ്ദേഹത്തിന്‍റെ കരവിരുതും കഴിവും അറിയാന്‍ കഴിഞ്ഞു. മികച്ച ക്യാമറവര്‍ക്ക് എന്ന് നിസംശയം പറയാം.

അനില്‍ ജോണ്‍സണ്‍ സംഗീതം ചെയ്ത പാട്ടുകള്‍ നന്നായിരുന്നു. പ്രണവ് പാടിയഭിനയിച്ച ജിപ്സി വുമണ്‍ അസാധ്യമായിരുന്നു. ഗിറ്റാര്‍ കോര്‍ഡോക്കെ വായിക്കുന്നത് കണ്ടാല്‍ തന്നെ മനസിലാകും, പ്രണവിന്‍റെ സംഗീതത്തോടുള്ള ഒരഭിനിവേശം.പക്ഷെ, പശ്ചാത്തല സംഗീതം അത്ര ആസ്വാദ്യകരമായി തോന്നിയില്ല. ചേസിംഗ് സീനുകള്‍ക്കൊന്നും അത്ര effective impact ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ tension മുറുകുന്ന സീനുകള്‍ക്ക് ആവശ്യമായ സംഗീതവും നല്‍കുവാന്‍ കഴിഞ്ഞു. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു ആവറേജ് സ്കോര്‍.

ഒരു തരത്തില്‍ പറഞ്ഞാല്‍ അത്ര മികച്ച ചിത്രമെന്നോന്നും അവകാശപ്പെടാനില്ലാത്ത കഥയുമൊക്കെയാണെങ്കിലും, മോശമല്ലാത്ത ആദ്യ പകുതിയും, ത്രില്‍ ആവശ്യത്തിലധികം തരുന്ന രണ്ടാം പകുതിയും (പ്രണവിന്‍റെ പ്രകടനം എടുത്തു പറയേണ്ട ഒന്നാണ്) കൊണ്ട് തൃപ്തികരമായ ചിത്രമായി തോന്നി.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10

Sunday, January 7, 2018

260. The Outlaws (2017)

ദി  ഔട്ട്ലോസ് (2017)



Language : Korean | Cantonese
Genre : Action | Crime | Thriller
Director : Kang Yeun Sung
IMDB : 7.1

The Outlaws Theatrical Trailer


നിങ്ങൾക്ക് കൈവിരലിലെ നഖങ്ങൾ കടിക്കുന്ന സ്വഭാവമുണ്ടോ??

എങ്കിൽ, ഇതാ ഈ രണ്ടു മണിക്കൂർ ഉള്ള കൊറിയൻ ഗാങ്സ്റ്റർ സിനിമ കണ്ടു കഴിയുമ്പോഴേക്കും നിങ്ങളുടെ വിരലുകളിലെ നഖങ്ങൾമുഴുവൻ തീർന്നിട്ടുണ്ടാവും.

നവാഗതനായ കാങ് യു സങ് 2007ൽ നടന്ന സംഭവത്തെ ആസ്പദമാക്കി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ദി ഔട്ട്ലോസ്. മാ ഡോങ്സ്യോക് നായകനായ ചിത്രത്തിൽ യൂ കെയെ സങ് വില്ലനായി അഭിനയിച്ചിരിക്കുന്നു

സോൾ നഗരത്തിലെ ഗുരോ ജില്ലയിലെ ഗരുഡോങ് ഡോങ് എന്ന ദേശം അടക്കി വാണിരുന്നത് അവിടുത്തെ ലോക്കൽ ഗാങ്ങുകൾ ആയിരുന്നു.എന്നാൽ വളരെ സമാധാനപരമായ നഗരത്തിൽ ചൈനയിൽ നിന്നും വന്ന ഹയോക്‌സപ (Heuksapa)  ഗാങ് വന്നതോടെ എല്ലാം തകിടംമറിയുന്നു. അവിടുത്തെ ലോക്കൽ ഗാങിലെ തലവന്മാരെ ഉന്മൂലനം ചെയ്യുകയും മറ്റുള്ളവരെ ഭയപ്പെടുത്തി നിർത്തുകയും ചെയ്യുന്നു.നരാധമന്മാരായ അവർ മറ്റുള്ളവരെ ഭയപ്പെടുത്തി കാശ് പിരിക്കുകയും അവിടുത്തെ ലോക്കൽ ഗാങ്ങുകളുമായി രണകാഹളം മുഴക്കുകയുംചെയ്യുന്നു. അക്രമാസക്തമായ ആ പ്രദേശത്തിൽ സമാധാനം വിതയ്ക്കാനായി ഒരു കൂട്ടം പോലീസുകാർ നടത്തുന്ന പ്രയത്നമാണ് ദിഔട്ട്‍ലോസ്.

കൊറിയൻ ഗാങ്സ്റ്റർ ചിത്രങ്ങൾ കാണുവാൻ ഒരു രസം തന്നെയാണ്. കാരണം, വയലൻസ് ഒക്കെ ഒട്ടും ഏച്ചുകേടില്ലാതെ സിമ്പിൾ ആയിഎന്നാൽ റിയലിസ്റ്റിക് ആയി കാട്ടുകയും ചെയ്യും. ആക്ഷൻ കൊറിയോഗ്രാഫി ചിത്രത്തിലുടനീളം മികച്ചു നിന്നു. അത് പോലെ ഗോർവയലൻസും, ചിത്രത്തിൽ നടക്കുന്ന പല സീനുകളും മനസ്സിൽ നന്നേ പതിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.

ക്ഷുഭിതനും എല്ലാം അല്പം നർമവും കലർന്ന പോലീസ് ഓഫീസർ ആയി മാ സൂക് ഡോ തകർത്തഭിനയിച്ച. കഴിഞ്ഞ വർഷം റിലീസായട്രെയിൻ റ്റു ബുസാനിലെ മാസ് പരിവേഷിത റോളിന് ശേഷം നാല് സിനിമകൾ ഇറങ്ങിയെങ്കിലും പിന്നീട് ഞാൻ കാണുന്ന ചിത്രം ഇതാണ്.അദ്ദേഹം തന്റെ റോൾ ശരിക്കും ഒരു മാസ് റോളിന് സമാനമായിരുന്നു. ഡയലോഗ് ഡെലിവെറിയെല്ലാം സൂപ്പർ. നർമം ചാലിച്ചസംഭാഷണങ്ങൾ ആണ് കൂടുതലെങ്കിലും വികാരങ്ങൾ എല്ലാം തന്നെ അദ്ദേഹത്തത്തിന്റെ മുഖത്തൂടെ മിന്നി മറഞ്ഞു. കൊറിയൻസിനിമകളിലെ നടന്മാരിൽ ഒരാൾ കൂടിഈ ചിത്രം കഴിഞ്ഞപ്പോൾ  എൻ്റെ മനസ്സിൽ ഇടം നേടി.

Coldblooded വില്ലനായി യൂൻ ക്യേസങ് നന്നായി അഭിനയിച്ചു. പക്ഷെ, വില്ലന് ഒരു ക്യൂട്ട് ലുക്ക് തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല,പക്ഷെ ചെയ്തികൾ എല്ലാം ഒരു രാക്ഷസനു സമാനമായതായിരുന്നു. ചിലപ്പോൾ സംവിധായകൻ മനസ്സിൽ വിചാരിച്ചതും അതാകാം. പക്ഷെഅയാളുടെ ഹെയർസ്റ്റൈൽ നല്ല ബോറായി തോന്നി. പക്ഷെ മൊത്തത്തിൽ കൊടൂരമായ വില്ലനായി നായകന് ഒരു നല്ല മത്സരം കാഴ്ച വെച്ചു.പക്ഷെ മുൻപുള്ള കൊറിയൻ ചിത്രങ്ങളിൽ കാണാറുള്ള സൈക്കോപാതിക് സാഡിസ്റ്റിക് വില്ലന്റെ ലെവലിലെത്താൻ കഴിഞ്ഞില്ല എന്ന്പറയാം. മറ്റുള്ളവരിൽ രണ്ടു പേരെ മാത്രമേ മുൻപുള്ള ചിത്രങ്ങളിൽ കണ്ടിട്ടുള്ളൂ.. അവർ എന്നാൽ ചെറിയ റോളിൽ ഒതുങ്ങി പോവുകയുംചെയ്യുന്നു. മറ്റുള്ള അഭിനേതാക്കൾ തങ്ങൾക്കു കിട്ടിയ അവസരം ഒട്ടും പാഴാക്കിയില്ല.

ദി ഔട്ടലോസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ഒരിക്കൽ പോലും ഇത് ഒരു പുതിയ സംവിധായകന്റെ ചിത്രമാണെന്ന് മനസ്സിൽ തോന്നുകയില്ല.അത്ര ഗംഭീരമായ ആഖ്യാനമായിരുന്നു. ലോക്കെഷനും സെറ്റപ്പും ഒക്കെ നന്നായി തന്നെ അണിയിച്ചൊരുക്കി. ഒരു fast paced action movie  ആക്കാൻ അദ്ദേഹത്തിന് നൂറു ശതമാനവും കഴിഞ്ഞിട്ടുണ്ട്. പ്രണയവും മെലോഡ്രാമകളും ഒഴിവാക്കിയത് തന്നെ വലിയ കാര്യം. കളർഫിൽറ്ററുകൾ ഉപയോഗിച്ചിരിക്കുന്നത് പ്രശംസ അർഹിക്കുന്നുണ്ട്.  പശ്ചാത്തല സംഗീതവും മികച്ചു നിൽക്കുന്നു.

നിരാശ ഒരു കണിക പോലും നൽകാത്ത ഒരു ഗാങ്സ്റ്റർ ചിത്രം

എൻ്റെ റേറ്റിംഗ് 8.5 ഓൺ 10 

Saturday, January 6, 2018

259. Appu (1990)

അപ്പു (1990)






Language : Malayalam
Genre : Action | Comedy | Drama | Thriller
Director : Dennis Joseph
IMDB : 6.7


ആ ഗ്രാമത്തിലെ ഏറ്റവും നിഷ്കളങ്കനായ ചെറുപ്പക്കാരനാണ് അപ്പു. കൊല്ലപ്പണിയാണ് തൊഴില്‍. അനാഥനായ അപ്പു അന്ന് രാവിലെ തന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയില്‍ ചാണ്ടിക്കുഞ്ഞാശാന്‍റെ കീഴില്‍ ഡ്രൈവിംഗ് അഭ്യസിക്കാന്‍ ചാണ്ടീസ് ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു.. ആദ്യ ദിവസം തന്നെ ചാണ്ടിയാശാനെ വെള്ളത്തില്‍ മുക്കി. സരോജിനിയെന്ന പെണ്‍കുട്ടിയുമായി അപ്പു പ്രണയത്തിലുമാണ്‌. അലമേലു നടത്തുന്ന ബാലെ ട്രൂപ്പില്‍ വന്ന സുഗന്ധി എന്നാ നൃത്തക്കാരി ആ നാട്ടില്‍ വന്നു. അപ്പു, ഗള്‍ഫില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്ന സമയത്താണ് സുഗന്ധി മാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. സാഹചര്യത്തെളിവുകള്‍ അപ്പുവിനെതിരായിരുന്നു. എന്ത് ചെയ്യാം. കേസില്‍ നിന്നും രക്ഷിക്കാം എന്നു പറഞ്ഞു അപ്പുവിനെ ഗോപന്‍ അറസ്റ്റ് ചെയ്യുന്നു. ഗോപന്‍റെ അമ്മായിഅമ്മ ഏര്‍പ്പാടാക്കിയ പ്രഭാകരന്‍ എന്ന വക്കീല്‍ അപ്പുവിന്‍റെ രക്ഷയ്ക്കെത്തുന്നു. തന്നെ ജ്യേഷ്ഠനെ പോലെ കരുതിയിരുന്ന ഗോപന്‍ സാര്‍ ചതിച്ചു എന്ന സത്യം പ്രഭാകരന്‍ വക്കീലില്‍ നിന്നും മനസിലാക്കുന്നു. ജെയിലില്‍ വെച്ച് പരിചയപ്പെട്ട വര്‍മയുടെ സഹായത്തോടെ ജയില്‍ ചാടുന്നു. ജയിലില്‍ നിന്നും നേരെ പോയത് തന്‍റെ പ്രണയിനിയായ സരോജിനിയുടെ വീട്ടിലേക്കാണ്. അവിടെ തനിക്കെതിരെ മൊഴി നല്‍കിയ അവളുടെ സഹോദരനായ രാമന്‍കുട്ടിയെ കാണാന്‍ ആയിരുന്നു, പിന്നീട് ചാണ്ടിക്കുഞ്ഞിന്‍റെയും വക്കീല്‍ പ്രഭാകരന്‍റെയും സഹായത്തോടെ യഥാര്‍ത്ഥ പ്രതികളെ കണ്ടു പിടിക്കുന്നതോടെ അപ്പു എന്നാ മനോഹര ചിത്രം തീരുന്നു.

ആദ്യത്തെ പകുതി ചിരിച്ചുല്ലസിക്കാന്‍ ഉതകുന്ന നര്‍മ മുഹൂര്‍ത്തങ്ങളും നാട്ടിന്‍പുറത്തെ നന്മകളും ഒക്കെ നിറഞ്ഞു നിന്നുവെങ്കിലും സുഗന്ധിയുടെ കൊലപാതകത്തോട് കൂടി അപ്പുവെന്ന ചിത്രം സീരിയസ് മൂഡിലേക്ക് മാറുന്നു. പിന്നീട് പിരിമുറുക്കം നിറഞ്ഞ സന്ദര്‍ഭങ്ങളും ആക്ഷനുമായി ചിത്രം മുന്‍പോട്ടു പോകുന്നു. വിരസത ഉണ്ടാക്കുന്ന സീനുകള്‍ ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല.

ശ്രീകുമാരന്‍ തമ്പിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് രചിച്ചിരിക്കുന്നത്. ഡെന്നിസ് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ശ്രീകുമാരന്‍ തമ്പി എഴുതിയ രണ്ടു മനോഹര ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയുടെ അസിസ്റ്റന്റ് ആയിരുന്ന സുന്ദരരാജന്‍ ആണ്. അദ്ദേഹം എന്‍റെ അറിവില്‍ ഈ ഒരൊറ്റ സിനിമക്ക് മാത്രമേ സംഗീതം നല്‍കിയിട്ടുള്ളൂ എന്നത് വിഷമകരമായ കാര്യമാണ്. കൂത്തമ്പലത്തില്‍ വെച്ച് എന്നാ ഗാനവും ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നാ ഗാനവും ഒരു തവണ കേട്ട് കഴിഞ്ഞാല്‍ പിന്നീട് കേട്ട് കൊണ്ടേയിരിക്കാന്‍ തോന്നുന്ന തരത്തിലുള്ള പാട്ടുമാണ്‌. എം.ജി. ശ്രീകുമാറും സുജാത മോഹനും ആണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. ബിജിഎം സ്പെഷ്യലിസ്റ്റ് എസ്.പി. വെങ്കടേഷ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നല്ല തകര്‍പ്പന്‍ വര്‍ക്ക് തന്നെയായിരുന്നു അപ്പുവിനു വേണ്ടി അദ്ദേഹം കൊടുത്ത സംഗീതം.

മോഹന്‍ലാല്‍, അപ്പുവെന്ന കഥാപാത്രം അനായാസേന ചെയ്തു. നിഷ്കളങ്കത നിറഞ്ഞതും പ്രതികാരദാഹിയായ അപ്പുവായി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചു. നെടുമുടി വേണു സ്വതസിദ്ധമായ ശൈലിയില്‍ ചാണ്ടിക്കുഞ്ഞെന്ന കഥാപാത്രത്തിലൂടെ കോമഡി അവതരിപ്പിച്ചു. പോയ കാലത്തെ പ്രിയങ്കരിയായ നടിയായ സുനിത സരോജിനി എന്നാ അപ്പുവിന്‍റെ പ്രണയഭാജനത്തെ അവതരിപ്പിച്ചു. ഗോപനെ മുരളിയും രാമന്‍കുട്ടിയെ വിജയരാഘവനും അമ്മയെ കെ ആര്‍ വിജയയും അലമേലുവിനെ കെപിഎസി ലളിതയും പ്രഭാകരന്‍ വക്കീലിനെ ലാലു അലക്സും അവതരിപ്പിച്ചു. സുഗന്ധിയെ അവതരിപ്പിച്ച പെണ്‍കുട്ടിയുടെ പേര്‍ അറിയില്ല. എന്തായാലും കാണാന്‍ നല്ല സുന്ദരിയായിരുന്നു. രാജന്‍ പി. ദേവ് വര്‍മ്മയെന്ന കഥാപാത്രത്തിലൂടെ ഒരു കാമിയോയും ചെയ്തിട്ടുണ്ട്. ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ലാലേട്ടന്‍ എങ്ങിനെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി എന്നതിന്‍റെ തെളിവാണ് നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ എന്നാ നടന്‍റെ അപ്പുവെന്ന കഥാപാത്രം. എത്ര അനായാസമായാണ് 1990ല്‍ പുറത്തിറങ്ങിയ അപ്പു എന്നാ ഈ ചിത്രത്തിലെ അപ്പുവെന്ന കഥാപാത്രത്തിന്‍റെ നിഷ്കലങ്കതയുമൊക്കെ പ്രകടിപ്പിച്ചത്. ചിത്രത്തിലെ വിഷ്ണുവിനെ നമുക്കിടയ്ക്ക് കാണാന്‍ കഴിയും. ഇനി ഇങ്ങനെ ഒരു റോള്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാന്‍ പറ്റില്ലയെങ്കിലും , ആ കാലയളവില്‍ അവതരിപ്പിച്ചതൊക്കെ കാണാന്‍ ഒരു ചേല് തന്നെയായിരുന്നു.

എൻ്റെ റേറ്റിംഗ് 7 ഓൺ 10