അപ്പു (1990)
Language : Malayalam
Genre : Action | Comedy | Drama | Thriller
Director : Dennis Joseph
IMDB : 6.7
ആ ഗ്രാമത്തിലെ ഏറ്റവും നിഷ്കളങ്കനായ ചെറുപ്പക്കാരനാണ് അപ്പു. കൊല്ലപ്പണിയാണ് തൊഴില്‍. അനാഥനായ അപ്പു അന്ന് രാവിലെ തന്‍റെ ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയില്‍ ചാണ്ടിക്കുഞ്ഞാശാന്‍റെ കീഴില്‍ ഡ്രൈവിംഗ് അഭ്യസിക്കാന്‍ ചാണ്ടീസ് ഡ്രൈവിംഗ് സ്കൂളില്‍ ചേര്‍ന്നു.. ആദ്യ ദിവസം തന്നെ ചാണ്ടിയാശാനെ വെള്ളത്തില്‍ മുക്കി. സരോജിനിയെന്ന പെണ്‍കുട്ടിയുമായി അപ്പു പ്രണയത്തിലുമാണ്. അലമേലു നടത്തുന്ന ബാലെ ട്രൂപ്പില്‍ വന്ന സുഗന്ധി എന്നാ നൃത്തക്കാരി ആ നാട്ടില്‍ വന്നു. അപ്പു, ഗള്‍ഫില്‍ പോകാനുള്ള തയാറെടുപ്പിലായിരുന്ന സമയത്താണ് സുഗന്ധി മാനഭംഗത്തിനിരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നത്. സാഹചര്യത്തെളിവുകള്‍ അപ്പുവിനെതിരായിരുന്നു. എന്ത് ചെയ്യാം. കേസില്‍ നിന്നും രക്ഷിക്കാം എന്നു പറഞ്ഞു അപ്പുവിനെ ഗോപന്‍ അറസ്റ്റ് ചെയ്യുന്നു. ഗോപന്‍റെ അമ്മായിഅമ്മ ഏര്‍പ്പാടാക്കിയ പ്രഭാകരന്‍ എന്ന വക്കീല്‍ അപ്പുവിന്‍റെ രക്ഷയ്ക്കെത്തുന്നു. തന്നെ ജ്യേഷ്ഠനെ പോലെ കരുതിയിരുന്ന ഗോപന്‍ സാര്‍ ചതിച്ചു എന്ന സത്യം പ്രഭാകരന്‍ വക്കീലില്‍ നിന്നും മനസിലാക്കുന്നു. ജെയിലില്‍ വെച്ച് പരിചയപ്പെട്ട വര്‍മയുടെ സഹായത്തോടെ ജയില്‍ ചാടുന്നു. ജയിലില്‍ നിന്നും നേരെ പോയത് തന്‍റെ പ്രണയിനിയായ സരോജിനിയുടെ വീട്ടിലേക്കാണ്. അവിടെ തനിക്കെതിരെ മൊഴി നല്‍കിയ അവളുടെ സഹോദരനായ രാമന്‍കുട്ടിയെ കാണാന്‍ ആയിരുന്നു, പിന്നീട് ചാണ്ടിക്കുഞ്ഞിന്‍റെയും വക്കീല്‍ പ്രഭാകരന്‍റെയും സഹായത്തോടെ യഥാര്‍ത്ഥ പ്രതികളെ കണ്ടു പിടിക്കുന്നതോടെ അപ്പു എന്നാ മനോഹര ചിത്രം തീരുന്നു.
ആദ്യത്തെ പകുതി ചിരിച്ചുല്ലസിക്കാന്‍ ഉതകുന്ന നര്‍മ മുഹൂര്‍ത്തങ്ങളും നാട്ടിന്‍പുറത്തെ നന്മകളും ഒക്കെ നിറഞ്ഞു നിന്നുവെങ്കിലും സുഗന്ധിയുടെ കൊലപാതകത്തോട് കൂടി അപ്പുവെന്ന ചിത്രം സീരിയസ് മൂഡിലേക്ക് മാറുന്നു. പിന്നീട് പിരിമുറുക്കം നിറഞ്ഞ സന്ദര്‍ഭങ്ങളും ആക്ഷനുമായി ചിത്രം മുന്‍പോട്ടു പോകുന്നു. വിരസത ഉണ്ടാക്കുന്ന സീനുകള്‍ ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല.
ശ്രീകുമാരന്‍ തമ്പിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെയാണ് രചിച്ചിരിക്കുന്നത്. ഡെന്നിസ് ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്തത്. ശ്രീകുമാരന്‍ തമ്പി എഴുതിയ രണ്ടു മനോഹര ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് ഇളയരാജയുടെ അസിസ്റ്റന്റ് ആയിരുന്ന സുന്ദരരാജന്‍ ആണ്. അദ്ദേഹം എന്‍റെ അറിവില്‍ ഈ ഒരൊറ്റ സിനിമക്ക് മാത്രമേ സംഗീതം നല്‍കിയിട്ടുള്ളൂ എന്നത് വിഷമകരമായ കാര്യമാണ്. കൂത്തമ്പലത്തില്‍ വെച്ച് എന്നാ ഗാനവും ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നാ ഗാനവും ഒരു തവണ കേട്ട് കഴിഞ്ഞാല്‍ പിന്നീട് കേട്ട് കൊണ്ടേയിരിക്കാന്‍ തോന്നുന്ന തരത്തിലുള്ള പാട്ടുമാണ്. എം.ജി. ശ്രീകുമാറും സുജാത മോഹനും ആണ് പാട്ടുകള്‍ പാടിയിരിക്കുന്നത്. ബിജിഎം സ്പെഷ്യലിസ്റ്റ് എസ്.പി. വെങ്കടേഷ് പശ്ചാത്തലസംഗീതം നിര്‍വഹിച്ചിരിക്കുന്നത്. നല്ല തകര്‍പ്പന്‍ വര്‍ക്ക് തന്നെയായിരുന്നു അപ്പുവിനു വേണ്ടി അദ്ദേഹം കൊടുത്ത സംഗീതം.
മോഹന്‍ലാല്‍, അപ്പുവെന്ന കഥാപാത്രം അനായാസേന ചെയ്തു. നിഷ്കളങ്കത നിറഞ്ഞതും പ്രതികാരദാഹിയായ അപ്പുവായി അദ്ദേഹം തകര്‍പ്പന്‍ പ്രകടനം കാഴ്ച വെച്ചു. നെടുമുടി വേണു സ്വതസിദ്ധമായ ശൈലിയില്‍ ചാണ്ടിക്കുഞ്ഞെന്ന കഥാപാത്രത്തിലൂടെ കോമഡി അവതരിപ്പിച്ചു. പോയ കാലത്തെ പ്രിയങ്കരിയായ നടിയായ സുനിത സരോജിനി എന്നാ അപ്പുവിന്‍റെ പ്രണയഭാജനത്തെ അവതരിപ്പിച്ചു. ഗോപനെ മുരളിയും രാമന്‍കുട്ടിയെ വിജയരാഘവനും അമ്മയെ കെ ആര്‍ വിജയയും അലമേലുവിനെ കെപിഎസി ലളിതയും പ്രഭാകരന്‍ വക്കീലിനെ ലാലു അലക്സും അവതരിപ്പിച്ചു. സുഗന്ധിയെ അവതരിപ്പിച്ച പെണ്‍കുട്ടിയുടെ പേര്‍ അറിയില്ല. എന്തായാലും കാണാന്‍ നല്ല സുന്ദരിയായിരുന്നു. രാജന്‍ പി. ദേവ് വര്‍മ്മയെന്ന കഥാപാത്രത്തിലൂടെ ഒരു കാമിയോയും ചെയ്തിട്ടുണ്ട്. ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
ലാലേട്ടന്‍ എങ്ങിനെ കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി എന്നതിന്‍റെ തെളിവാണ് നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ എന്നാ നടന്‍റെ അപ്പുവെന്ന കഥാപാത്രം. എത്ര അനായാസമായാണ് 1990ല്‍ പുറത്തിറങ്ങിയ അപ്പു എന്നാ ഈ ചിത്രത്തിലെ അപ്പുവെന്ന കഥാപാത്രത്തിന്‍റെ നിഷ്കലങ്കതയുമൊക്കെ പ്രകടിപ്പിച്ചത്. ചിത്രത്തിലെ വിഷ്ണുവിനെ നമുക്കിടയ്ക്ക് കാണാന്‍ കഴിയും. ഇനി ഇങ്ങനെ ഒരു റോള്‍ അദ്ദേഹത്തില്‍ നിന്നും നമുക്ക് പ്രതീക്ഷിക്കാന്‍ പറ്റില്ലയെങ്കിലും , ആ കാലയളവില്‍ അവതരിപ്പിച്ചതൊക്കെ കാണാന്‍ ഒരു ചേല് തന്നെയായിരുന്നു.
എൻ്റെ റേറ്റിംഗ് 7 ഓൺ 10
No comments:
Post a Comment