Cover Page

Cover Page

Monday, February 15, 2016

124. The Finest Hours (2016)

ദി ഫൈനസ്റ്റ് ഹൗർസ് (2016)




Language : English
Genre : Action | Drama | History
Director : Craig Gillespie
IMDB : 7.1

The Finest Hours Theatrical Trailer


ക്രേഗ് ഗില്ലസ്പി എനിക്കിഷ്ടപ്പെട്ട ഒരു സംവിധായകൻ ആണ്. അദ്ദേഹത്തിന്റെ മില്ലിയൻ ഡോളർ ആം ഫ്രൈറ്റ് നൈറ്റ് ഒക്കെ ഇഷ്ടപ്പെട്ട ചിത്രങ്ങളില ഒന്നാണ്. അദ്ദേഹവും വാൾട്ട് ഡിസ്നിയും ഒരുമിച്ചു ചേർന്ന് ഒരു ചരിത്രപ്രധാനമായ ഒരു അപകടകഥയെ ആസ്പദമാക്കി ചെയ്ത ചിത്രമാണ് ദി ഫൈനസ്റ്റ് ഹൗർസ്. മൈക്കിൾ ജെ. റ്റൗഗിയാസും കേസി ഷേർമാനും ചേർന്ന് രചിച്ച The Finest Hours: The True Story of the U.S. Coast Guard's Most Daring Sea Rescue എന്ന പുസ്തകത്തെ ആസ്പദമാക്കി എറിക് ജോൺസനും സ്കോട്ട് സിൽവറും പോൾ ടാമസേയും ഒരുമിച്ചു ചേർന്ന് തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്. ക്രിസ് പൈൻ, എറിക് ബാന, കേസി അഫ്ലക്, ബെൻ ഫൊസ്റ്റർ എന്നാ നിരവധി പരിചിത മുഖങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1952ൽ മസാച്ചുസെറ്റ്സ് പട്ടണത്തിലെ ചതാം എന്ന   ഒരു തീരദേശത്തെ ചുങ്കകാവൽക്കാരൻ (coast -guard) ആണ് ബേർണി. ബേർണി മിരിയം എന്ന പെൺകുട്ടിയുമായി സ്നേഹത്തിലാകുന്നു. മിരിയം ഏപ്രിൽ 16നു തന്നെ വിവാഹം കഴിക്കണം എന്ന് ബേർണിയോട് ആവശ്യപ്പെടുന്നു. പക്ഷെ, തങ്ങളുടെ നിയമം അനുസരിച്ച് തങ്ങളുടെ മേലധികാരിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ അവിടുത്തെ കാവൽക്കാർക്കു കല്യാണം കഴിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ, ബേർണി തന്റെ മേലധികാരിയോടു അടുത്തു അതെ പറ്റി സംസാരിക്കുവാൻ ചെല്ലുമ്പോൾ തങ്ങളുടെ തീരത്ത്‌ നിന്നും 10 മൈൽ അകലെ ഒരു എണ്ണവാഹിനി കപ്പൽ തകരുകയും, ആ കപ്പലിലുള്ള ജീവനക്കാരെ രക്ഷിക്കുക എന്ന ദൗത്യം ഏൽപ്പിക്കുന്നു. പ്രക്ശോപിതമായ കടലിലൂടെ അവർ നാല് പേർ പ്രയാണം തുടങ്ങുന്നു. വെറും 12 പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 32 പേരെ രക്ഷിക്കണം എന്നാ ദൌത്യമാണ് അവർ ഏറ്റെടുക്കുന്നത്. ശേഷം സ്ക്രീനിൽ.

ഒരു സംഭവകഥയെ അതിന്റെ കാര്യഗൌരവം കണക്കിലെടുത്ത്, ക്രൈഗ് ഗില്ലസ്പി ഈ ചിത്രം അനിയിചോരുക്കിയിട്ടുണ്ട്. സ്ക്രീൻപ്ലേ മികവുറ്റതാക്കിയത് കൊണ്ട് തന്നെ ഒരു പ്രേക്ഷകനെ പിടിച്ചിരുത്താനും കഴിയുന്നുണ്ട്. പശ്ചാത്തല സംഗീതം വേറിട്ട്‌ നിന്നിരുന്നുവെങ്കിലും മിക്സിംഗ് വളരെ മോശം എന്നെ പറയേണ്ടൂ. ഡയലോഗുകൾക്ക് വ്യക്തത തീരെ ഇലായിരുന്നു. അത് ചിത്രത്തിൻറെ ചില ഘട്ടങ്ങളിൽ പിന്നോക്കം വലിയ്ക്കുന്നുണ്ട്‌. പ്രണയരംഗങ്ങൾക്ക് പ്രസക്തി ഉണ്ടായിരുന്നു അത് നന്നാക്കുകയും ചെയ്തു സംവിധായകൻ. ഗ്രാഫിക്സ് വളരെ മികച്ച ക്രൂ തന്നെയായിരുന്നു എന്ന് തിരശീലയിൽ നിന്നും തന്നെ മനസിലാക്കാം. കടലിൽ ഉള്ള സീനുകളും അവരുടെ യാത്രകളും, കപ്പലിലുള്ള സീനുകളും ശ്രദ്ധേയം തന്നെയാണ്. പാതി മാത്രമുള്ള കപ്പൽ കൊണ്ടുള്ള പ്രയാണം അതിലെ ജോലിക്കാർ എങ്ങിനെ അഭിമുഖീകരിക്കുന്നു എന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അധികം വലിച്ചു നീട്ടാതെ മിതമായരീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. അവസാന ക്രെഡിറ്റുകളിൽ അൻപതുകളിൽ എടുത്ത ചിത്രങ്ങൾ ഒക്കെ കാണിക്കുന്നതും ചിത്രത്തിന് മിഴിവ് കൂട്ടുന്നു. 

മുഖ്യ കഥാപാത്രമായ ക്രിസ് പൈൻ വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അദ്ദേഹം എല്ലാ രീതിയിലും ഒരു മുതിർന്ന നടൻറെ സ്വാഭാവിക പ്രകടനം ആണ് നടത്തിയത്. ബെൻ ആഫ്ലക്കിന്റെ സഹോദരനും ഹോളിവുഡിലെ നല്ല ഒരു നടനെന്നും വിശേഷിപ്പിക്കുന്ന കേസി ആഫ്ലക്ക് കപ്പലിന്റെ കപ്പിത്താൻ എന്നാ കഥാപാത്രം അനായാസേന ചെയ്തു. അവസാന നിമിഷങ്ങളിൽ റ്റൈറ്റാനിക്കിലെ കപ്പിത്താനെ അദ്ദേഹം ഓർമ്മിപ്പിച്ചു. എറിക് ബാന ചെറുതെങ്കിലും നല്ല ഒരു റോൾ കൈകാര്യം ചെയ്തു. ബെന് ഫൊസ്റ്റർ ക്രിസ് പൈനിന്റെ സഹചാരി എന്ന റോളും പ്രശംസനാവഹം ആയിരുന്നു. നായകനായ ക്രിസിന്റെ പ്രേമഭാജനം എന്ന റോളിൽ ബൊർജിയ സീരിസിലൂടെ പ്രശസ്തയായ ഹോളിഡെ ഗ്രഞ്ചെർ നന്നായി ചെയ്തു. വികാരവതിയായി തന്റെ പ്രണയത്തെ കാത്തു നില്ക്കുന്ന സീനുകളിൽ വളരെ നന്നായിരുന്നു. ചെറു റോളുകൾ ചെയ്ത കലാകാരന്മാർ നന്നായിരുന്നു.

കഥാപാത്രവികസനത്തിന് ഇത്തിരി സമയം എടുത്തു, സൌണ്ട് മിക്സിങ്ങിലെ പോരായ്മകൾ ഒഴിച്ച് നിർത്തിയാൽ ഒരു തവണ യാതൊരു മടിയുമില്ലാതെ ആസ്വദിക്കാൻ പറ്റിയ ഒരു പരമാർത്ഥ ത്രില്ലർ.

എൻറെ റേറ്റിംഗ് 7.1 ഓൺ 10  


Saturday, February 6, 2016

123. Eetti (2015)

ഈട്ടി (2015)



Language : Tamil
Genre : Action | Comedy | Drama | Sports
Director : Raviarasu
IMDB : 6.7


Eetti Theatrical Trailer


രവി അരസു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു അഥർവയും ശ്രീദിവ്യയും ഒരുമിച്ചഭിനയിച്ച ഈട്ടി എന്നാ ചിത്രം ആകസ്മികമായാണ് കാണാൻ സാധിച്ചത്. ജിവി പ്രകാശ് കുമാറിന്റെ സംഗീതവും നല്ല ആക്ഷൻ രംഗങ്ങളും ഉള്ള ഒരു നല്ല കൊച്ചു ചിത്രമാണ് ഈട്ടി 

Glanzmann's thrombasthenia എന്ന വിരളമായ ഒരു രോഗത്തിനടിമയാണ്‌ പുകഴേന്തി സുബ്രമണ്യം. ചെറിയ ഒരു മുറിവിൽ പോലും നിർത്താതെ ചോര ഒഴുകുന്ന രോഗമാണ് Glanzmann's Thrombasthenia. പക്ഷെ, കായികമേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള ചെന്നൈയിൽ നടക്കുന്ന നാഷണൽ മീറ്റിൽ മത്സരിക്കാൻ തയാറെടുക്കുകയാണ്. അതിനിടയിൽ ഒരു ഫോൺ കോളിലൂടെ പരിചയപ്പെട്ട ഗായത്രി എന്ന പെൺകുട്ടിയുമായി പ്രത്തിലുമാകുന്നു. ചെന്നൈയിൽ എത്തിയ പുകഴേന്തി, ഗായത്രിയെ കാണാൻ പോകുന്ന വഴിയില ആകസ്മികമായി വില്ലന്മാരുമായി സംഘട്ടനത്തിലേർപ്പെടുന്നു. തന്റെ ശരീരത്തിൽ ഒരു പോറൽ പോലും എല്ക്കാതിരിക്കാൻ വേണ്ടിയുള്ള സംഘട്ടനത്തിൽ വില്ലന്മാർ അപ്പടെയും നിലം പരിശാക്കുന്നു. സ്ഥലത്തെ പ്രധാന കള്ളനോട്ടടി സംഘത്തിന്റെ നോട്ടപ്പുള്ളിയാകുന്ന പുകഴേന്തി, പിന്നീടെങ്ങിനെ അവരി നിന്നും രക്ഷപെടും, നാഷണൽ ചാമ്പ്യൻഷിപ്പിൽ വിജയിക്കുമോ എന്നുള്ളതാണ് കഥയിൽ പിന്നീട്.

 നവാഗതനായ രവിയരശു സംവിധാനത്തിൽ അല്പം വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, വിവരണത്തിൽ (narration) ഒരു വേഗം കണ്ടെത്താൻ കഴിഞ്ഞില്ല എന്നുള്ളതാണ് ഒരു പോരായ്മ. കഥ അല്പം പുതുമ ഉണ്ടെങ്കിലും, ഈ പോരായ്മ കഥയിൽ ഉടനീളം നമുക്കനുഭവപ്പെടും. ആക്ഷൻ സീനുകൾ എല്ലാം നന്നായിട്ടുണ്ട്. ക്യാമറ ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്ത ശരവണൻ അഭിമന്യു നല്ല രീതിയിൽ ഗ്രാഫിക്സും ഷോട്ട്സും തന്നെ സമന്വയിപ്പിച്ചിട്ടുണ്ട്. ജിവി പ്രകാശ് കുമാറിൻറെ പശ്ചാത്തല സംഗീതം ചിത്രത്തിന് വളരെ കുറച്ചൊന്നുമല്ല ഗുണം ചെയ്തത്. പാട്ടുകൾ നല്ലതായിരുന്നാലും, കൂടുതലും ചിത്രത്തിൽ വരുന്നതിനാൽ ആസ്വാദനരീതിയിലെ ചെറിയ രീതിയിൽ കുറവ് വരുത്തി. അച്ഛൻ-മകൻ , ഗുരു-ശിഷ്യൻ, ഗായത്രി-പുകഴേന്തി ബന്ധം നല്ല അവതരണത്തിലൂടെ മികവു പുലർത്തി. കോമഡി തരക്കെടില്ലായിരുന്നുവെങ്കിലും, കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.

അഥർവ മികച്ച പ്രകടനം കാഴ്ച വെച്ചു (ഞാൻ ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ഒരു ചിത്രം കാണുന്നത്). ആക്ഷൻ സീനുകളും ണ്ണിംഗ്   മികവു പുലർത്തി. വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തം. അഭിനയവും നല്ലതാണ്, കുറച്ചു കൂടി കിണഞ്ഞു പരിശ്രമിക്കുകയാണെങ്കിൽ തന്റേതായ ഇരിപ്പിടം  കോളിവുടിൽ ഉണ്ടാക്കാൻ അദേഹത്തിന് കഴിയും. ശ്രീദിവ്യ, പതിവ് പോലെ തന്നെ വളരെ സുന്ദരിയായിരിക്കുന്നു, അഭിനയവും മോശമല്ല, തരക്കേടില്ലാത്ത റോൾ ആണ് ആ കുട്ടിയ്ക്ക് ഈ ചിത്രത്തിൽ ഉള്ളത്. കോച്ചായി അഭിനയിച്ച ആടുകളം നരൻ, ശ്രീദിവ്യയുടെ സഹോദരൻ ആയി അഭിനയിച്ച തിരുകുമുരൻ, അഥർവയുടെ അച്ഛനായി അഭിനയിച്ച ജയപ്രകാശ്( ചെറിയ റോൾ ആണ്) വില്ലന്മാരായി വന്ന അവരുടെ പേര് അറിയില്ല (രണ്ടു പേരും) വളരെ നല്ല പ്രകടനം തന്നെ കാഴ്ച വെച്ച്. 

എനിക്ക് ചിത്രം ഇഷ്ടപ്പെട്ടു, ഒരു തവണ ധൈര്യമായി കാണാൻ പറ്റുന്ന ഒരു കൊച്ചു ചിത്രം.

എന്റെ റേറ്റിംഗ് 7.5 ഓൺ 10


 

Tuesday, February 2, 2016

122. Black Mass (2015)

ബ്ലാക്ക് മാസ് (2015)



Language : English
Genre : Crime | Biography | Drama | Thriller
Director : Scott Cooper
IMDB : 7.1

Black Mass Theatrical Trailer


52 വയസുള്ള ജോണി ഡെപ് അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ള റോളുകൾ ധാരാളം. അതില് ചേർത്തു വെയ്ക്കാൻ പറ്റിയ അവിസ്മരണീയ പ്രകടനം ആണ് ബ്ലാക്ക് മാസിലെ ജേംസ് വൈറ്റി ബൾജർ  എന്ന കഥാപാത്രം. ഡിക്ക് ലെർ ഗെറാർട് എന്നിവർ ഒരുമിചെഴുതിയ Black Mass: The True Story of an Unholy Alliance Between the FBI and the Irish Mob എന്ന പുസ്തകത്തെ ആസ്പദമാക്കി സ്കോട്ട് കൂപ്പർ സംവിധാനം ചെയ്ത ഈ ബയോഗ്രഫി വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റുകയും അതോടൊപ്പം ഒരു ബോക്സോഫീസ് വിജയവും ആയിരുന്നു. ഏവർക്കും ജോണി ഡെപ്പ് എന്ന നടന്റെ പ്രകടനം തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്. 

എഴുപതുകളുടെ അവസാനവും ആദ്യ എൺപതുകളിലെ അമേരിക്കയിലെ ബോസ്റ്റൺ അടക്കി വാണിരുന്ന ഒരു ക്രിമിനൽ ആയിരുന്നു ജെയിംസ്‌ വൈറ്റി ബൾജർ.   ഭാര്യയും ഒരു ചെറിയ കുട്ടിയുമുള്ള വൈറ്റിയ്ക്ക് കൂട്ടായി അയാൾക്ക്‌ വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത സ്റ്റീഫൻ ഫ്ലമ്മി, കെവിൻ വീക്സ്, വാടകകൊലയാളി ആയ  ജോണി മാർട്ടൊരാനൊ എന്നിവരും ഉണ്ടായിരുന്നു. പക്ഷെ വൈറ്റിയ്ക്ക് ഒരു എതിരാളി ഉണ്ടായിരുന്നത് ആൻഗ്വിലോ സഹോദരന്മാർ ആയിരുന്നു. അവരെ ഉന്മൂലനം ചെയ്യാൻ തൻറെ കളിക്കൂട്ടുകാരനായ FBI എജൻറ്റ് ജോൺ കൊണലിയെ കൂട്ട് പിടിയ്ക്കുന്നു. ജോണിന് FBIയിൽ പേരെടുക്കാൻ ആൻഗ്വിലോ സഹോദരന്മാരെ കീഴടക്കുക എന്നതും അനിവാര്യമായിരുന്നു. അതിനായി വൈറ്റി ഒരു informant (ചാരൻ) ആകുന്നു. വൈറ്റി ശരിക്കും ജോണിൻറെയും FBIയുടെയും സഹായം ശരിക്കും മുതലെടുക്കുകയായിരുന്നു. അവിടെ മുതൽ ജെയിംസ്‌ വൈറ്റി ബർഗ്ലർ അറസ്റ്റിലാകുന്നത് വരെയാണ് സിനിമ ചെയ്തിരിക്കുന്നത്.

സംവിധായകൻ ആയ സ്കോട്ട് അക്ഷരാർഥത്തിൽ മിന്നിച്ചു കളഞ്ഞു. ഒരു തീവ്രമായ മാഫിയ പശ്ചാത്തലത്തിൽ ഒരു മികച്ച ഡ്രാമ അതും എല്ലാം കലർത്തി നല്ല കിടയറ്റ ചിത്രം തന്നെ കാഴ്ച വെച്ചു. ഏതു തരാം പ്രേക്ഷകനെയും ആകർഷിക്കാവുന്ന തരത്തിൽ നല്ല തീവ്രത തിരക്കഥയ്ക്ക് കൊടുത്തിട്ടുണ്ട്. പശ്ചാത്തല സംഗീതം അത്ര സംഭവം അല്ലെങ്കിലും, സന്ദർഭോചിതമായി. ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് തന്നെയാണ്. ഞാൻ ചിത്രത്തിന് ശേഷം, ഓരോ കഥാപാത്രത്തിനെയും ഗൂഗിളിൽ തിരഞ്ഞു, അതിൽ അഭിനയിചിരിക്കുന്നവർ എല്ലാവരും ജീവിച്ചിരിക്കുന്നവർ/ മരിച്ചവർ (ബ്ലാക്ക് മാസ് മൂലകഥാപാത്രങ്ങൾ) ആയിട്ടും നല്ല സാദ്രിശ്യം ഉണ്ടെന്നുള്ളതാണ്. 

ജോണി ഡെപ്പ് തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ഓരോ കാലഘട്ടത്തിലുള്ള വൈറ്റിനെ അവതരിപ്പിച്ച ജോണി വളരെ അധികം നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. ജോയൽ എട്ഗാർടൻ, ബെനെടിക്റ്റ് കുംബെർബറ്റ്ച്, കൊറേ സ്റോൾ എന്നിവര് വളരെ മികച്ച അഭിനയം തന്നെയായിരുന്നു. അഭിനയിക്കുക ആണെന്ന് തോന്നുകയില്ല. കെവിൻ ബെക്കൻ ചെറുതെങ്കിലും മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. സുന്ദരിയായ ദകൊറ്റ ജോൺസൻ ഡെപ്പിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ചു. ചെറുതെങ്കിലും നല്ല ഒരു റോൾ തന്നെയായിരുന്നു. ദകോറ്റയുടെ റോൾ ചെറുതായി പോയി എന്ന് മാത്രമേ വിഷമം ഉണ്ടായിരുന്നുള്ളൂ.

എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടത് കൊണ്ട് ഞാൻ കൊടുക്കുന്ന മാർക്ക് 8.2 ഓൺ 10 ആണ്.

121. Assassination (Amsal) (2015)

അസാസിനേഷൻ (അംസാൽ) (2015)



Language : Korean
Genre : Action | Drama | History | War
Director : Choi Dong-Hoon
IMDB : 7.2

Assassination (Amsal) Theatrical Trailer


2015ലെ ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു നിരവധി പ്രമുഖ നേതാക്കൾ അണി നിരന്ന അസാസിനേഷ, കൊറിയൻ ഭാഷയിൽ അംസാൽ. 2012ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ തീവ്സ് (ടോടെക്ദ്യുൾ) സംവിധാനം ചെയ്ത ചൊയി ഡോങ്ങ് ഹൂൻ ആണ് ഈ ചിത്രത്തിൻറെ സംവിധാനം. കൊറിയൻ സൂപർസ്റ്റാറുകൾ ആയ ഹാ ജുങ്ങ് വൂ, ലീ ജങ്ങ് ജെ, ചൊ ജിൻ വൂങ്ങ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായികയായി സുന്ദരിയായ ജുൻ ഹി ജ്യൂനും കൂടെയുണ്ട്.

മുപ്പതുകളിൽ ജപ്പാൻ അധിനിവേശ കൊറിയയിൽ നടക്കുന്ന സംഭവങ്ങൾ ആണ് അസാസിനേഷൻറെ ഇതിവൃത്തം. കൊറിയൻ പ്രതിരോധ സംഘത്തിനു ഗ്യൊങ്ങ്സ്യോങ്ങിലുള്ള കവഗച്ചി എന്ന ജാപ്പനീസ് ഗവർണറെയും അയാളുടെ കൂട്ടാളി അല്ലെങ്കിൽ ജപ്പാൻകാർക്ക് ഫണ്ട് ചെയ്യുന്ന പ്രമുഖ കൊറിയൻ വ്യവസായിയെയും വധിക്കാൻ നിർദേശം ലഭിക്കുന്നു. ഇതിനായി യ്യൊം സിക്ക് ജയിലിൽ വെവ്വേറെ കുറ്റങ്ങൾക്ക് തടവ്‌ ശിക്ഷ അനുഭവിക്കുന്ന മൂന്നു പേരെ തിരഞ്ഞെടുക്കുന്നു. അതെ സമയം, അവരെ വധിയ്ക്കാനായി ഹവായി പിസ്റ്റ എന്നാ വാടകക്കൊലയാളിയെയും ഏൽപ്പിക്കുന്നു. ഇതിൽ ആര് ആരെ വധിയ്ക്കും എന്നതിനും അവരുടെ ഉദ്യമം വിജയിക്കുമോ എന്നതിൻറെ ഉത്തരമാണ് ഈ ഉദ്യോഗജനകമായ ഈ ചിത്രം പറയുന്നത്.

ഒരു പഴയ കാലഘട്ടത്തിലാണ് കഥ പറഞ്ഞു പോകുന്നതെങ്കിലും നല്ല മികവുറ്റ നിർമ്മാണം തന്നെയാണ് ചിത്രത്തിനുള്ളത്. ഒരു നിമിഷം പോലും ബോറടിപ്പിക്കുന്നില്ല എന്നാൽ ഓരോ പ്രേക്ഷകനെയും ആവേശത്തിന്റെയും ജിജ്ഞാസയുടെയും മുൾമുനയിൽ നിർത്തുന്നു. സംവിധായകന്റെ മികവു ഇവിടെ എടുത്തു പറയാം. അദ്ദേഹത്തിന്റെ മേകിംഗ് അക്ഷരാർഥത്തിൽ മികച്ചു നിൽക്കുന്നു. കോമഡിയും, സസ്പൻസും, ആക്ഷനും ഇടകലർത്തിയാണ് ചെയ്തിരിക്കുന്നത്. അദ്ധേഹത്തിന്റെ മുൻപ് പുറത്തു വന്നിരുന്ന തീവ്സ് കണ്ടവർക്ക് ശരിക്കും മനസിലാകും, ദൊങ്ങ്-ഹൂൻറെ പ്രതിഭ. ക്ലൈമാക്സിനോടനുബന്ധിച്ചുള്ള gunfight ഒക്കെ വളരെ അച്ചടക്കത്തോടെയും മാത്രമല്ല നല്ല നിലവാരവും പുലർത്തി പശ്ചാത്തലസംഗീതവും ഗംഭീരം.

 ഹാ ജൂങ്ങ് വൂ ബിഗ്‌ ഗൺ എന്ന വാടകക്കൊലയാളിയായി തകർത്തു. അദ്ദേഹത്തിന്റെ സഹായിയായി ചോയി ട്യോക് മൂണും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നായികയായ ജുൻ, ചൊ ജിൻ വൂങ്ങ്, വില്ലനായ ലീ എന്നിവർ എല്ലാം തകർത്ത് വാരി. 

മൊത്തത്തിൽ പറഞ്ഞാൽ, കൊറിയൻ ചിത്രാരാധാകാർക്ക് ആഘോഷിക്കാൻ വേണ്ടി ഒരു ചിത്രം. 

എന്റെ റേറ്റിംഗ് 9 ഓൺ 10


Friday, January 29, 2016

120. Iruthi Sutru (2016)

ഇരുതി സുട്ട്രു (2016)


Language : Tamil 
Genre : Drama | Sports | Thriller
Director : Sudha Kongara
IMDB : 8.4

Iruthi Sutru Theatrical Trailer

പലപ്പോഴും ഹോളിവുഡ് കായിക പ്രചോടനദായകമായ ചിത്രങ്ങൾ കാണുമ്പോൾ, ഇത്രയേറെ കായിക ഇനങ്ങളുള്ള നമ്മുടെ ഭാരതത്തിൽ എന്ത് കൊണ്ട് ഇങ്ങനെ ഒരു ചിത്രം വരുന്നില്ല എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അതിനൊക്കെ മറുപടിയായി നിരവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ചക്ദേ ഇന്ത്യ, ഇഖ്‌ബാൽ, ഭാഗ് മിൽഖാ ഭാഗ്, പാൻ സിംഗ് റ്റൊമർ എന്നു വിരലിലെണ്ണാവുന്നതു മാത്രമേ നല്ല ചിത്രങ്ങളിൽ സ്ഥാനം നേടിയിട്ടുള്ളൂ. എന്നാൽ നല്ല ചിത്രങ്ങളുടെ സ്ഥാനത്തേക്ക് ചേർത്തു വെയ്ക്കാൻ പറ്റിയ ഒരു മനോഹര ചിത്രമാണ് സുധ കൊങ്കാര സംവിധാനം ചെയ്തു ആർ. മാധവനും രാജ് കുമാർ ഹിറാനിയും ചേർന്ന് നിർമ്മിച്ച സാലാ ഖദൂസ് അല്ലെങ്കിൽ തമിഴിൽ ഇരുതി സുട്രു. 

ഞാൻ ഈ സിനിമയുടെ ട്രെയിലർ കണ്ടപ്പോഴേ മനസ്സിൽ ഉറപ്പിച്ചതാ തീയറ്ററിൽ തന്നെ കാണും എന്ന്, അതും തമിഴിൽ തന്നെ. അതിനു വ്യക്തമായ കാരണം ഉണ്ട്, മാഡി എന്ന് ചെല്ലപ്പേരുള്ള ആർ. മാധവൻ നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം തമിഴിൽ അഭിനയിക്കുന്ന ചിത്രം എന്നത് കൊണ്ടും, പാതി തമിഴ് നാട്ടിലാണ് കഥ നടക്കുന്നത് കൊണ്ടും. എന്തായാലും വളരെ പ്രതീക്ഷയോടെ പോയ എനിയ്ക്ക്, ഒരു രീതിയിൽ വിഷമം വന്നില്ല എന്നത് സത്യം.

കായികസമിതിയിൽ ഉള്ള രാഷ്ട്രീയ ചരടുവലിയിൽ ചെന്നൈയിലേക്ക് സ്ഥലം മാറ്റം കിട്ടുന്ന കർക്കശക്കാരനും ധിക്കാരിയുമായ പ്രഭു സെൽവരാജ് എന്ന ബോക്സിംഗ് കോച്ചിനു അവിടെ നിന്നും ഒരു വനിതാ ബോക്സറെ കണ്ടു പിടിച്ചു പരിശീലിപ്പിക്കുക എന്ന വളരെ പ്രയാസകരമായ കൃത്യം നിർവഹിക്കേണ്ടി വരുന്നു. യാതൊരു വിധ സൗകര്യം ഇല്ലാത്ത ചെന്നൈയിൽ, അങ്ങിനെ ഒരു ജോലി   വളരെ പ്രയാസകരമായിരുന്നു. അവിടെ മതി എന്നാ ഒരു മീൻകാരി പെൺകുട്ടിയെ കണ്ടു മുട്ടുന്നു. അവളിൽ നല്ല ഒരു ബോക്സർ ഉണ്ട് എന്ന് മനസിലാക്കുന്ന പ്രഭു അവളെ പരിശീലിപ്പിച്ചു ഇന്ത്യയുടെ കുപ്പായം അണിയിച്ചു വിജയത്തിലേക്ക് നയിക്കുന്നു. 

പ്രവചിക്കാവുന്ന കഥ (അത് പിന്നെ അല്ലേലും കായിക സിനിമകൾ ഏറെക്കുറെ നമുക്കൂഹിക്കാൻ കഴിയുമല്ലോ) അതിത്ര ആസ്വാദ്യകരമായി തോന്നിയത് സുധ കൊങ്കാരയുടെ സംവിധാനം തന്നെയാണ്. രണ്ടര മണിക്കൂർ നീളമുള്ള സിനിമയിൽ ഒരു പ്രേക്ഷകനെ പിടിച്ചിരുത്തുന്നത് അത്ര ചില്ലറ കാര്യമല്ല, അവർ കഥ പറഞ്ഞ ശൈലി അല്ലെങ്കിൽ വിവരണം, വേഗതയാർന്ന  തിരക്കഥ, തകർപ്പൻ ഡയലോഗുകൾ, അതിനൊത്ത അഭിനേതാക്കളുടെ പ്രകടനം, സന്തോഷ്‌ നാരായണന്റെ സംഗീതം, ഒക്കെ ചിത്രത്തിൻറെ മാറ്റ് കൂട്ടി. ഒരു നിമിഷം പോലും നമുക്ക് ബോറടിക്കില്ല എന്നത് വേറെ കാര്യം.

ആർ. മാധവൻ, നാല് വർഷങ്ങൾക്കു ശേഷം തമിഴിലേക്കുള്ള മടങ്ങി വരവ്. ശരിക്കും ഒരു ആഘോഷം തന്നെയായിരുന്നു. ആ കഥാപാത്രത്തിന് ചേർന്ന രീതിയിലുള്ള അഭിനയം, വാക്കിലും നോക്കിലും എന്തിനു ശരീരഘടനയിൽ കൂടി അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഭാവം കാണിച്ചു തന്നു. കണ്ണുകളിലൂടെ ആശയവിനിമയം നടത്തുന്നതൊക്കെ കാണുമ്പോൾ തന്നെ ഒരു കൊരിത്തരിപ്പാ.. 
റിതിക സിംഗ്, പ്രൊഫഷനലി ഒരു ബോക്സർ ആയ ഈ പെൺകുട്ടിയുടെ ആദ്യ ചിത്രം ആണെന്ന് ഒരിക്കലും തോന്നുകേല. മതി എന്ന കഥാപാത്രത്തിൽ ജീവിക്കുകയായിരുന്നു തോന്നിപ്പോവും. അഭിനയം, ഹോ!!! ഒരു രക്ഷയുമില്ല.. she stole the show.. സുധ കൊങ്കാരയ്ക്ക് തന്നെയാണ് എന്റെ സല്യൂട്ട്. ഇത്രയും നല്ല ഒരു അഭിനേതാവിനെ കണ്ടു പിടിച്ചല്ലോ. ആ കുട്ടിയ്ക്ക് നല്ല ഭാവി ഉണ്ടാവും അത് തീർച്ച.
സക്കീർ ഹുസൈൻ, സ്ത്രീ ലമ്പടനായ പരിശീലകൻ, ഈ ചിത്രത്തിലെ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ചു, അദ്ദേഹത്തെ കാണുമ്പോഴേ നമുക്കീർഷ്യ തോന്നും എങ്കിൽ  അഭിനയത്തിന്റെ മികവു തന്നെ.
മുംതാസ് സോർക്കർ, മതിയുടെ  ചേച്ചിയും,ബോക്സർ ആയ ലക്ഷ്മി ആയും അഭിനയിക്കുന്നു. നാസർ , ജൂനിയർ കോച്ചായി നല്ല അഭിനയം ആയിരുന്നു. രാധാ രവി, വളരെ ചെറിയ ഒരു റോളിലാണ് വന്നതെങ്കിലും .
മോശമാക്കിയില്ല. സഹ-അഭിനേതാക്കൾ ആരും മോശമാക്കിയില്ല. 

സന്തോഷ്‌ നാരായണന്റെ സംഗീതം (പശ്ചാത്തലവും ഗാനങ്ങളും) ചെറുതൊന്നുമല്ല മൈലേജ് കൂട്ടിയത്. ഒരു അന്താരാഷ്‌ട്ര തലത്തിലുള്ള സൌണ്ട്ട്രാക്ക് ആണ് എനിക്ക് കേൾക്കാൻ കഴിഞ്ഞത്. സണ്ടക്കാര എന്ന പാട്ട് വളരെ മികച്ചതും നല്ല ഒരു ഫീൽ തരുന്നതുമാണ്. 

വിടിയും മുൻ എന്നാ ചിത്രത്തിന് ക്യാമറ ചലിപ്പിച്ച ശിവകുമാർ വിജയൻ ആണ് ഈ ചിത്രത്തിൻറെ ക്യാമറ. ഓരോ ഷോട്ടും അദ്ദേഹം മികച്ചതാക്കി.

 സുധ കൊങ്കാര എന്നാ സംവിധായികയ്ക്കാണ് ഞാനീ ചിത്രത്തിൻറെ ക്രെഡിറ്റ് കൊടുക്കുന്നത്. അവരുടെ സിനിമയോടുള്ള സമീപനം തന്നെയാണ് ചിത്രത്തെ മികവുറ്റതാക്കിയത്. അടുത്തത്‌ എന്ത് സംഭവിക്കും എന്ന് കൃത്യമായ ബോധമുള്ള ഒരു പ്രേക്ഷകനെ അടുത്തതെന്ത് നടക്കും എന്ന് ചിന്തിപ്പിക്കാൻ കഴിയണമെങ്കിൽ അത് കഥയും തിരക്കഥയും എഴുതിയ അവരുടെ കഴിവ് തന്നെയാണ്. 

ഇനിയും ഇതേ ജോണറിളുള്ള ചിത്രങ്ങൾ പുറത്തിറങ്ങട്ടെ എന്ന് പ്രതീക്ഷിച്ചു കൊണ്ട് നിർത്തുന്നു.

എൻറെ റേറ്റിംഗ് 9.1 ഓൺ 10 (റേറ്റിംഗ് തികച്ചും വ്യക്തിഗതം)





  

Tuesday, January 26, 2016

119. Airlift (2016)

എയർലിഫ്റ്റ്‌ (2016)



Language : Hindi
Genre : Drama | History | Thriller | War
Director : Raja Krishna Menon
IMDB : 9.5


Airlift Theatrical Trailer


1990ൽ ഗൾഫുനാടിനെ നടുക്കിയ ഒരു സംഭവം ആയിരുന്നു പണവും എണ്ണയും മോഹിച്ചു സദ്ദാം ഹുസൈൻറെ ഇറാഖ് കുവൈത്തിനെ ആക്രമിയ്ക്കുന്നത്. ഈ ആക്രമണത്തിൽ നിരവധി പേരുടെ ജീവനും സ്വത്തും നഷ്ടപ്പെട്ടു. ഒന്നര ലക്ഷത്തിൽ  പരം ഇന്ത്യക്കാർ കൃത്യമായി പറഞ്ഞാൽ 1,70,000 ആൾക്കാർ (പക്ഷെ ഇതിലും മേലെ ഉണ്ടായിരുന്നു എന്നാണ് തിട്ടപ്പെടുത്താത്ത കണക്ക്) സമ്പാദ്യവും ജോലിയും എല്ലാം നഷ്ടപ്പെട്ടു കുവൈത്ത് എന്ന ചെറു രാജ്യത്ത് കുടുങ്ങിക്കിടന്നത്. അന്നു ഇന്ത്യൻ ഭരണകൂടവും എയർ ഇന്ത്യയും ഇന്ത്യൻ എക്സ്പ്രസ്സും കൂടി നടത്തിയ ഒരു സംയുക്ത കുടിയൊഴിപ്പിക്കലിനെ ആധാരമാക്കി രാജാ കൃഷ്ണ മേനോൻ എന്ന മലയാളി എഴുതി സംവിധാനം ചെയ്ത ചിത്രമാണ് എയർലിഫ്റ്റ്‌. 

ആരോടും ഒട്ടും അനുകമ്പയില്ലാത്ത കുവൈത്തിലെ ഒരു ബിസിനസുകാരൻ ആണ് രഞ്ജിത്  കട്യാൽ. പുതിയ ഒരു ബിസിനസ് കരാർ ലഭിച്ചതിന്റെ അടുത്ത ദിവസം, ഇറാഖി പട്ടാളക്കാർ കുവൈത്തിനെ ആക്രമിച്ചു കയ്യടക്കുന്നു. സ്വദേശികളെയെല്ലാം  ഇറാഖികൾ രഞ്ജിത്തിനെ പിടിച്ചു കൊണ്ട് പോയി ഇറാഖി മേജർ ഖലഫ് ബിൻ സായദിന്റെ അടുത്തെത്തിക്കുന്നു. അയാൾ രഞ്ജിത്തിനും കുടുംബത്തിനും രക്ഷപെടണമെങ്കിൽ ആൾക്ക് ഒരു ലക്ഷം ഡോളർ വെച്ച് കൊടുക്കണമെന്നും മൊത്തത്തിൽ മൂന്നു ലക്ഷം കൊടുത്താൽ മാത്രം അവർക്ക് രാജ്യം വിട്ടു  പോകാമെന്നും  പറയുന്നു. ആദ്യം സ്വന്തം കാര്യം മാത്രം ചിന്തിക്കുന്ന രഞ്ജിത്ത് പിന്നീട് തന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ ഉത്തരവാദിത്വവും പിന്നീട് 1,70,000 ഇന്ത്യക്കാരുടെ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു. എങ്ങിനെയും ഇവരെയെല്ലാം  ജന്മനാട്ടിലേക്ക് തിരിചെത്തിക്കണം എന്ന ധൃഢനിശ്ചയത്തോട് കൂടി മുൻപോട്ടു പോകുന്നു.

ഈ ദൌത്യത്തിന് നേതൃത്വം നൽകിയ മലയാളിയായ സണ്ണി മാത്യുസിനെയും ഹർഭജൻ സിംഗ് വേദിയെയും പ്രതിനിധാനം ചെയ്ത രഞ്ജിത്ത് കട്യാൽ എന്ന സാങ്കൽപ്പിക കഥാപാത്രമായി അക്ഷയ് കുമാർ തിളങ്ങി. അക്ഷയ് കുമാറിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും നല്ല പ്രകടനവും, ഒരു നാഴികക്കല്ലുമാണ് ഈ റോൾ. അദ്ദേഹത്തിന്റെ സീനുകളിലുള്ള നിയന്ത്രണം സമ്മതിക്കണം.
ലഞ്ച്ബോക്സ് എന്നാ ചിത്രത്തിലെ നായിക ആയിരുന്ന നിമ്രിത് കൌർ രഞ്ജിത്തിന്റെ ഭാര്യയായി നല്ല പ്രകടനം കാഴ്ച വെച്ചു. തുടക്കത്തിൽ രഞ്ജിത്തിന്റെ ഉദ്യമത്തിൽ നിരുൽസാഹപ്പെടുത്തിയിരുന്നുവെങ്കിലും, പിന്നീട് തന്റെ പിന്തുണ പ്രഖ്യാപിക്കുകയും നല്ലൊരു പ്രകടനം രണ്ടാം പകുതിയിൽ നടത്തുകയും ചെയ്തു. ഒരു സൈഡ് നായികയായി മാത്രം ഒതുങ്ങിയില്ല എന്നതും മേന്മ പുലർത്തുന്നു. ഈ പ്രായത്തിലും അവരുടെ സൌന്ദര്യം സ്തുതിക്കുന്നതിലും തെറ്റില്ല.
നഷ്ടപ്പെട്ടു പോയ തൻറെ ഭാര്യയെ അന്യേഷിച്ചു നടക്കുന്ന ഇബ്രാഹിം ദുറാനി എന്ന കഥാപാത്രത്തെ മുൻ വി ചാനൽ വിജെ ആയിരുന്ന പുരാബ് കോഹ്ലി അനശ്വരമാക്കി. നല്ല അച്ചടക്കത്തോടെയുള്ള അഭിനയം. നല്ല നല്ല റോളുകൾ അദേഹത്തിന് ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
ജോർജ് എന്നാ മലയാളി കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് ബെലവാടി തികച്ചും വിശ്വാസകരമായ പ്രകടനം ആണ് കാഴ്ച വെച്ചത്. ഒരു മലയാള ചിത്രത്തിൽ കൂടി ഇത് വരെ അഭിനയിക്കാത്ത ആ റോൾ അസാധ്യമാക്കി. കണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും അധെഹത്തോടുള്ള വെറുപ്പ്‌ കൂട്ടിയെങ്കിൽ, അത് അദ്ധേഹത്തിന്റെ കഴിവ് തന്നെയാണ്. മലയാളികളുടെ സ്വതസിദ്ധമായ ഈ ചൊറിയൻ സ്വഭാവത്തിന് മലയാളിയായ സംവിധായകാൻ ഒരു ഒളിയമ്പ് എയ്തു എന്നുള്ളത് സത്യം. ദാനം കിട്ടിയ പശുവിന്റെ പല്ലെണ്ണി നോക്കരുത് എന്നാണു പ്രമാണം, മലയാളി അതും എണ്ണി നോക്കും എന്നതിന്റെ ഒരുദാഹരണം. അതായിരുന്നു ജോർജ്. മലയാളത്തിലെ ലെന അത്യാവശ്യം കഴമ്പുള്ള റോൾ, അവരതു നല്ല രീതിയിൽ വൃത്തിയായും വെടിപ്പായും തന്നെ ചെയ്തു.
അധികം സിനിമകളിൽ കണ്ടിട്ടില്ലെങ്കിലും കുമുദ് മിശ്ര ചെയ്ത സഞ്ജീവ് കോഹ്ലി എന്ന കേന്ദ്ര ഗവണ്മെന്റ് ഉദ്യോഗസ്ഥന്റെ റോൾ ഹൃദ്യമായി. എവിടെയോ ഉള്ളവർക്ക് തന്റെ വിലപ്പെട്ട സമയം ചിലവാക്കി, അവസാനം ആ കഷ്ടപ്പാടിന്റെ മധുരഫലം ഒരൊറ്റ പുഞ്ചിരിയിലൂടെ നമ്മുടെ മനസിലേക്ക് ഒരു പ്രത്യേക ഇരിപ്പിടം ഉണ്ടാക്കി.
ഇറാഖി മേജർ ആയി അഭിനയിച്ച ഇനാമുൾ ഹഖ് വളരെ മികച്ച പ്രകടനം ആണ് നടത്തിയത്. പ്രേക്ഷകനെ ശരിക്കും പ്രകോപിപ്പിക്കുന്ന ഒരു കഥാപാത്രം, അതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.

സംവിധായകൻ ആയ രാജാകൃഷ്ണമേനോൻ വളരെയധികം ഗവേഷണം നടത്തിയെന്നാണ് തോന്നുന്നത്.ഒരു സംഭവകഥയെ പ്രേക്ഷകന് രസിക്കുന്ന വിധം സങ്കൽപവുമായി ഇട കലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ആ ഉദ്യമത്തിൽ അദ്ദേഹം നൂറു മേനി വിജയവും കണ്ടു. ഹോളിവുഡ് സിനിമയായ ആർഗോ എന്ന ചിത്രം ചിലപ്പോൾ അദേഹത്തിന് പ്രചോദനമായിട്ടുണ്ടാവാം. അധികം കഥ വലിച്ചു നീട്ടാതെ തന്നെ ആദ്യത്തെ 10-15 മിനുട്ടിനുള്ളിൽ തന്നെ അദ്ദേഹം നായക കഥാപാത്രത്തിനെ വികസിപ്പിച്ചെടുത്തു. 15 മിനുട്ടിന് ശേഷം പ്രേകഷകനെ ആവേശവും മാനസിക പിരിമുറുക്കവും സമ്മാനിച്ചു. ഒരു സംഭവ കഥ ആയതു കൊണ്ട് തന്നെ, പ്രവചനീയമായിരുന്നുവെങ്കിലും, അവസാന നിമിഷം വരെ അത് കാത്തു സൂക്ഷിക്കാനും കഴിഞ്ഞു എന്നതാണ് സംവിധായകന്റെ വിജയം. ഡയലോഗുകൾ എല്ലാം തന്നെ കിടിലം, .
പശ്ചാത്തല സംഗീതം നിർവഹിച്ച അരിജിത് ദത്തയുടെ സംഭാവന ചെറുതൊന്നുമല്ല. പാട്ടുകൾ മുഴുവനുമായി സിനിമയിൽ ഇട്ടു രസം കളയാതെ ബിറ്റ് ബിറ്റായി സിനിമക്കുള്ളിൽ ഇട്ടതു കൊണ്ട് വളരെയധികം വ്യത്യാസം ഉണ്ടായിരുന്നു കണ്ടിരിക്കാൻ. സാധാരണ എത്ര നല്ല പാട്ടായാലും അനവസരത്തിൽ വരുമ്പോൾ രസംകൊല്ലിയാകുമല്ലോ. അത് പൂർണമായും ഒഴിവാക്കി. അമാൽ മാലിക്കിന്റെയും അങ്കിത് തിവാരിയുടെയും പാട്ടുകൾ വളരെ നല്ലതായിരുന്നു.

ചിത്രത്തിൻറെ അവസാനം ഭാരതത്തിന്റെ ദേശീയപതാക ഉയരുമ്പോൾ ഉള്ള ഒരു രോമാഞ്ചം അത് പറഞ്ഞറിയിക്കാൻ .കഴിയില്ല.

വളരെ മികച്ച തിരക്കഥയും അതിനു മേലെയുള്ള മേക്കിങ്ങും അഭിനേതാക്കളുടെ പ്രകടനവും എല്ലാം ശരിയായ മിശ്രിതം ചെയ്ത ഒരു ത്രില്ലർ . അതാണ്‌ എയർലിഫ്റ്റ്‌

എൻറെ റേറ്റിംഗ് 8.5 ഓൺ 10

Monday, January 25, 2016

118. Urumbukal Urangarilla (2015)

ഉറുമ്പുകൾ ഉറങ്ങാറില്ല (2015)



Language : Malayalam
Genre : Comedy | Crime | Drama
Director : Jiju Asokan
IMDB : 6.3 

Urumbukal Urangarilla Theatrical Trailer

മാഫിയകൾ അരങ്ങു വാണ രാജ്യമായ സിസിലിയെ ഒരു പഴഞ്ചൊല്ലാണ് "The revenge is a dish best served cold". അതായത് പ്രതികാരം എന്ന വിഭവം തണുത്തിരിക്കുമ്പോഴാണ്‌ കൂടുതൽ രുചിയേറുന്നതു എന്ന് പറയുന്നതിനോട് നൂറു ശതമാനം നീതി പുലർത്തിയ വിശ്വാസയോഗ്യമായ ഒരു ട്വിസ്റ്റുമുള്ള ഒരു കുഞ്ഞു ത്രില്ലർ ആണ് ഉറുമ്പുകൾ ഉറങ്ങാറില്ല

 മനോജ്‌ എന്ന ഒരു ചെറുപ്പക്കാരൻ ഒരു മധ്യവയസ്കന്റെ ബാഗ് ബസിനുള്ളിൽ നിന്നും തട്ടിയെടുത്തു ഓടാൻ തുടങ്ങുമ്പോൾ പിടിക്കപ്പെടുകയും, അതിനു ശേഷം ആ വൃദ്ധൻ (ആശാൻ) അവനു ആശയുണ്ടെങ്കിൽ മോഷണം പഠിപ്പിക്കാമെന്ന് പറയുന്നു. മോഷണം ഒരു ശാസ്ത്രമാണെന്ന് വിശ്വസിക്കുന്ന ആശാൻ മനോജിന്റെ തന്റെ ശിഷ്യനായ ബെന്നിയുടെ കയ്യിലേൽപ്പിക്കുന്നു. പിന്നീട് ഇരുവരും ചേർന്ന് നടത്തുന്ന മോഷണങ്ങൾ തമാശ രൂപേണ അവതരിപ്പിച്ചിരിക്കുന്നു.

ഈ ചിത്രത്തിലെ താരങ്ങൾ എന്ന് പറയുന്നത് ചെമ്പൻ വിനോദും, സുധീർ കരമനയുമാണ്. ചെമ്പൻ വിനോദ് തന്റെ സ്വതസിദ്ധമായ ഭാഷയിലും ഉച്ചാരണത്തിലും നമുക്ക് ചിരിയ്ക്കാനുള്ള എല്ലാ വകകളും നൽകുന്നുണ്ട്. സുധീർ കരമന അച്ഛനെ പോലെ തന്നെ, കിട്ടുന്ന എല്ലാ വേഷങ്ങളും തന്റേതായ രീതിയിൽ അവതരിപ്പിച്ചു പ്രേക്ഷകന്റെ മനസ്സിൽ ഇരിപ്പിടമുണ്ടാക്കും. വിനയ് ഫോർട്ട്‌ തന്റെ റോൾ കൈകാര്യം ചെയ്തു. എടുത്തു പറയേണ്ട ഒരു പ്രകടനം ഏതാണ് എന്ന് വെച്ചാൽ പണ്ട് ഒരു കൊമേഡിയൻ ആയി സിനിമയിൽ വന്നു ദ്രിശ്യത്തിലൂടെ ഒരു വേഷപ്പകർച്ച നൽകിയ കലാഭവൻ ഷാജോൺ ആണ്. കണ്ണുകളിലൂടെ തന്നെ ഷാജോന്റെ കഥാപാത്രത്തിൻറെ ക്രൂരത പ്രേക്ഷകനെ അറിയിക്കുന്നത് അദ്ദേഹത്തിന്റെ ഒരു കഴിവ് തന്നെയാണ്. അദ്ദേഹത്തിൻറെ റേഞ്ച് മനസിലാക്കി ഇനിയും നല്ല റോളുകൾ സംവിധായകർ കൊടുക്കട്ടെ എന്ന് ആശംസിക്കുന്നു. അനന്യയും അജു വർഗീസും മുസ്തഫയും തങ്ങളുടെ റോൾ ഭംഗിയായി ചെയ്തു.

ഷേക്സ്പിയർ എം.. മലയാളം, ലാസ്റ്റ് ബെഞ്ച്‌ എന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത ജിജു അശോകൻ ആണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പുതിയ ഒരു കഥ അതായത് കള്ളന്മാരുടെ ജീവിതം ജിജു ശരിക്കും ചിത്രത്തിൽ പകർത്തിയിട്ടുണ്ട്. ചോരപുരാണം എന്നൊക്കെ ഉണ്ടോ എന്ന് വരെ തോന്നിപ്പോയി.

ആദ്യത്തെ പകുതി വളരെയേറെ ചിരിയ്ക്കാനുള്ള വക നല്കുന്നുണ്ട്, രണ്ടാം പകുതി, തമാശയിൽ നിന്നും പെട്ടെന്ന് ഒരു ത്രില്ലർ മൂടിലേക്ക് പ്രേക്ഷകനെ എത്തിയ്ക്കുന്നു. ഇടയ്ക്ക് ഒരു സ്പീഡ്ബ്രേക്കർ ഉണ്ടെങ്കിലും വീണ്ടും അത് ശരിയായ പാതയിലേക്ക് മാറി ഒരു പ്രതികാര കഥ ആകുന്നു. കോമഡിയിൽ ഒത്തിരി പുതിയ നമ്പറുകൾ ഉള്ളത് കൊണ്ട് യാതൊരു വിധ ബോറടിയുണ്ടായില്ല എന്നത് വേറൊരു പരമാർത്ഥം. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ശരിക്കും പടത്തിനു ഗുണമായിട്ടുണ്ട്. പാട്ടുകളും മോശമായില്ല..

നല്ല ഒരു എന്റർറ്റയിനർ എന്ന നിലയ്ക്കും എനിക്ക് നല്ല രീതിയിൽ ബോധിച്ചതും മൂലം എന്റെ റേറ്റിംഗ് 7.1 ഓൺ 10.
   

Saturday, January 23, 2016

117. Gethu (2016)

ഗെത്ത് (2016)






Language : Tamil
Genre : Action | Drama
Director : Thirukumaran
IMDB Rating : 4.5

Gethu Theatrical Trailer


എല്ലാവർക്കും സിനിമ കാണാൻ ഓരോരോ കാരണങ്ങൾ ഉണ്ട്, ചിലർക്ക് നായകന് വേണ്ടിയും, ചിലർ നായികയ്ക്ക് വേണ്ടിയും, ചിലർ സംവിധായകന് വേണ്ടിയും, എന്നാൽ മറ്റു ചിലര് സംഗീതത്തിന് വേണ്ടിയുമാണ്. എന്നാൽ, ഇതൊന്നുമായിരുന്നില്ല ഞാൻ ഈ സിനിമ കാണാൻ കാരണം, ഒന്ന്, ഇതിലെ വില്ലൻ വിക്രാന്തും രണ്ടാമത് സത്യരാജ് എന്ന നടനുമാണ്‌. ഇവരുടെ പ്രകടനം കാണാനും പ്രത്യേകം താല്പര്യം വരാൻ കാരണം, ഇരുവരുടെയും സമീപ കാലത്തുള്ള ചിത്രങ്ങളിലുള്ള പ്രകടനം ആണ്.

അബ്ദുൾ കമാൽ (അബ്ദുൾ കലാം എന്നാരും വായിക്കരുത് എന്നപേക്ഷ) എന്ന സീനിയർ ഗവേഷകൻ ISROയിൽ മുപ്പതു ദിവസത്തിനുള്ളിൽ കൊല ചെയ്യണം എന്ന് ക്രൈഗ് (വിക്രാന്ത്) എന്ന വാടകക്കൊലയാളിയോടു കരാർ വെയ്ക്കുന്നു. ഇതിനായി ഒരു വൻ തുക പാരിതോഷികമായും പറയുന്നു, ക്രൈഗ് കരാർ ഏറ്റെടുക്കുന്നു. 

കംബത്തിലെ ഒരു സ്കൂളിലെ പീടീ  ടീച്ചറായ തുളസി രാമന്റെ മകനാണ് സേതു ഒരു ലോക്കൽ ലൈബ്രറിയിൽ ജോലി ചെയ്യുന്നു. സന്തുഷ്ട കുടുംബമായ അവരുടെ ജീവിതത്തിൽ സ്ഥലത്തെ ലോക്കൽ ബാറുടമയുടെ കൊലപാതകം തകിടം മറിയ്ക്കുന്നു. കൊലപാതക കേസിന് ജയിലിലാവുന്ന തുളസിരാമനെ രക്ഷിക്കാനായി മകനായ സേതുവും ആ സ്ഥലത്തെ ലോകൽ കൊൺസ്റ്റബിൾ ആയ കരുണാകരനെയും (സിനിമയിലെ പേരോർക്കുന്നില്ല) കൂട്ട് പിടിച്ചു അന്യേഷണത്തിനിറങ്ങുന്നു . അതിൽ അവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ആയിരുന്നു കാത്തിരുന്നത്. ഇതിനിടയിൽ നന്ദിനി എന്ന ഒരു പെൺകുട്ടിയുമായി പ്രനയത്തിലുമാകുന്നു. ഒരു സൈഡായി അതും നടന്നു പോകുന്നു.

പ്രതീക്ഷിച്ച പോലെ ഒരു ചിത്രം ആയിരുന്നു ഗെത്ത്.മാൻകരാട്ടെ സംവിധാനം ചെയ്ത തിരുകുമരനിൽ നിന്നും പ്രത്യേകിച്ചൊന്നും പ്രതീക്ഷിക്കേണ്ട ആവശ്യമില്ലല്ലോ. കഥയില്ലായ്മ ആണ് ഈ ചിത്രത്തിൻറെ പ്രധാന പ്രശ്നം. പക്ഷെ, അതിനെ മറികടക്കാൻ കുറെയൊക്കെ തിരുകുമരൻ തിരക്കഥയിലൂടെ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരു സാധാരണ പ്രേക്ഷകനെ മുഴുനീളമായി പിടിച്ചിരുത്താൻ കഴിയുന്നില്ല. അനാവശ്യമായി കയറി വരുന്ന പാട്ടുകളും ചിത്രത്തിൻറെ വേഗത തകർക്കുന്നുണ്ട്. കോമഡി തരക്കെടില്ലാരുന്നു, പക്ഷെ മൊത്തത്തിൽ ശരാശരിയും. ക്യാമറവർക്ക് ശരാശരി എന്നെ പറയാൻ കഴിയുന്നുള്ളൂ. ത്രില്ലർ ചിത്രം ആണെങ്കിലും ഒരു സാധാരണ ചിത്രമായി പോകുന്നു പലപ്പോഴും. സംഘട്ടന രംഗങ്ങൾ എല്ലാം മികവു പുലർത്തി. പക്ഷെ ഇപ്പോഴും നായകൻ നൂറു പേരെ അടിച്ചു വീഴ്ത്തുന്ന സീനും, നായകൻറെ അടി വാങ്ങാൻ വേണ്ടി മാത്രം തയാറായ ഗുണ്ടകളെയുമാണ്‌ ചിത്രത്തിൽ ഉടനീളം കാണാൻ കഴിയുക.

ഹാരിസ് ജയരാജിന്റെ പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തുന്നു. ചിത്രത്തിൽ അനവസരത്തിൽ വരുന്നതു കൊണ്ടായിരിക്കും, പാട്ടുകൾ ഒന്നും ആസ്വദിക്കാൻ കഴിഞ്ഞില്ല. അതിനുള്ള മരുന്നും ഇല്ലായിരുന്നു എന്ന് പറയാം.

പുതിയ ഒരു ഉദയനിധി സ്റ്റാലിനെ ആണ് ചിത്രത്തിൽ കാണാൻ കഴിയുക. അഭിനയത്തിലും സംഘട്ടനത്തിലും ഇത്തിരി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഡാൻസിൽ ശരാശരി നിലവാരം മാത്രമേ പുലർത്തുന്നുള്ളൂ. വിക്രാന്ത് ആണ് പ്രധാന വില്ലനെങ്കിലും ഒരു അതിഥി കതാപാത്രമായെ തോന്നിയുള്ളൂ (എന്നെ നിരാശനാക്കിയതും ഇതേ കാരണം തന്നെ).. ഉള്ളതിൽ കലിപ്പ് ലുക്ക്‌ തന്നെ. സത്യരാജ് നായകൻറെ അച്ഛനായി തകർപ്പൻ പ്രകടനം കാഴ്ച വെച്ചു. നായകൻറെ കൂട്ടുകാരനായ കരുണാകരൻ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്, അദ്ദേഹത്തിന്റെ സ്ഥിരമുള്ള റോളിൽ നിന്നും വ്യത്യസ്തം.  അമി ജാക്സാൻ പതിവ് പോലെ ആടാനും പാടാനും ഉള്ള റോൾ. പക്ഷെ ഭേദം.

മൊത്തത്തിൽ ചില സ്ഥലങ്ങളിൽ സ്കോർ ചെയ്യുന്നുണ്ടെങ്കിലും, ഒരു ശരാശരി ചിത്രമായി മാത്രമേ ഇതിനെ കാണാൻ കഴിയുന്നുള്ളൂ.

എന്റെ റേറ്റിംഗ് : 5.3 ഓൺ 10

 

Thursday, January 21, 2016

116. Solace (2015)

സാലസ് (2015)




Language : English
Genre : Crime | Drama | Mystery | Neo-Noir | Thriller
Director : Afonso Poyart
IMDB : 6.4

Solace Theatrical Trailer


സാലസ് എന്നാൽ ആംഗലേയ ഭാഷയിൽ സാന്ത്വനം അല്ലെങ്കിൽ ആശ്വാസം എന്നാണ്. അപ്പോൾ, എന്നെ പോലെ തന്നെ എല്ലാവർക്കും വരുന്ന ഒരു സംശയം ആണ് ഒരു ത്രില്ലർ ചിത്രത്തിന് എന്തിനിങ്ങനെ നാമകരണം ചെയ്തു എന്നതാണ്. അതിന്റെ കൃത്യമായ ഉത്തരം കിട്ടണമെങ്കിൽ വ്യത്യസ്ത പ്രമേയവുമായി ബ്രസീലിയൻ സംവിധായകാൻ അഫോന്സോ പൊയാർട്ട് സംവിധാനം ചെയ്ത ഈ ചിത്രം കണ്ടേ മതിയാകൂ. ഡേവിഡ്‌ ഫിഞ്ചർ സംവിധാനം ചെയ്ത സെവൻ (Se7en)  എന്നാ ചിത്രത്തിൻറെ തുടർച്ച എന്നോണം ആയിരുന്നു ഈ ചിത്രം അറിയപ്പെട്ടിരുന്നതെങ്കിലും പക്ഷെ രണ്ടു വർഷത്തോളം ഈ ചിത്രം വെളിച്ചം കണ്ടില്ല.

കഥയിലേക്ക്, ആറാമിന്ദ്രിയം പോലെ മുൻകൂട്ടി കാഴ്ചകൾ കാണാൻ കഴിയുന്ന ഒരു ഡോക്ടർ ആണ് ജോൺ ക്ലാൻസി. അറ്റ്ലാന്റ നഗരത്തിൽ തുടരെ തുടരെ ഉണ്ടാകുന്ന കൊലപാതകം, അതും ഒരേ രീതിയിൽ കൊലപാതക പരമ്പര ഉണ്ടാവുമ്പോൾ സുഹൃത്തായ FBI എജൻടുമാരായ  ജോയും കാതറീനും ജോൺ ക്ലാൻസിയെ സമീപിക്കുന്നു. ആദ്യം  എന്നാലും പിന്നീട് അവരുടെ കൂടെ കൂട്ട് ചേരുന്നു.എന്നാൽ വീണ്ടും കൊലപാതകം അരങ്ങേറുമ്പോൾ ജോൺ ക്ലാൻസി മനസിലാക്കുന്നു, തന്റെ അതെ അല്ലെങ്കിൽ തന്നെക്കാളും കഴിവുള്ള ഒരാളാണ് ഈ കൊലയ്ക്കു പിന്നിൽ എന്ന്. ആരാണ് ഈ കൊലപാതകങ്ങളെല്ലാം ചെയ്യുന്നത്? എന്തിനാണ് ചെയ്യുന്നത്? എങ്ങിനെ തടയാം എന്നുള്ള ചോദ്യങ്ങള്ക്കുള്ള ഉത്തരമാണ് സാലസ്.

ഇനി പ്രകടനങ്ങളെ പറ്റി പറയാം, മുഖ്യമായും നാലു കഥാപാത്രങ്ങളുള്ള ചിത്രത്തിൽ ആന്തണി ഹോപ്കിൻസ്, കോളിൻ ഫാരൽ, ആബി കോർണിഷ്, ജെഫ്രി ഡോൺ മോർഗൻ എന്നിവർ അവതരിപ്പിച്ചിരിക്കുന്നു. പ്രായത്തിന് തന്റെ കഴിവുകൾക്ക് ഒരു ക്ഷതവും ഏൽപ്പിക്കാൻ കഴിയില്ല എന്നതിന് അരക്കെട്ടുറപ്പിക്കുന്ന പ്രകടനം ആണ് സർ ആന്തണി ഹോപ്കിൻസിന്റേത്. അക്ഷരാർഥത്തിൽ അദ്ദേഹം ഉള്ള ഓരോ സീനുകളിലും മിന്നിച്ചു കളഞ്ഞു. ആ അഭിനയപാടവത്തിനു പ്രണാമം. കോളിൻ ഫാരൽ, രണ്ടാം പകുതിയ്ക്കും ഇടയിൽ ആണ് ഒരു നീളൻ കഥാപാത്രമായി വരുന്നത്. അത് കിടുക്കി കളഞ്ഞു. ഉള്ള ആ റോൾ, പ്രശംസനീയമാം വിധം കോളിൻ നിറഞ്ഞാടി. ആബി കോർണിഷ് നല്ല രീതിയിൽ തൻറെ കഥാപാത്രത്തെ അവതരിപ്പിച്ചു, മറ്റുള്ള ചിത്രങ്ങളില നിന്നും വിത്യസ്തമായി നല്ല സുന്ദരിയായും തോന്നി. ജെഫ്രി ഡോൺ മോർഗന് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

ക്യാമറാവർക്കും ആക്ഷൻ (സ്ടണ്ട് അല്ല) സീനുകളും ഒരു കാർ ചേസും വളരെ നന്നായി എടുത്തിട്ടുണ്ട്. ക്യാമറ കൈകാര്യം ചെയ് ബ്രെണ്ടൻ ഗ്ലാവിൻറെ സംഭാവന കുറച്ചൊന്നുമല്ല ചിത്രത്തെ സഹായിച്ചത്. പശ്ചാത്തല സംഗീതവും നല്ല രീതിയിൽ സഹായിച്ചിട്ടുണ്ട്. ഒരു പുതിയ ആശയത്തെ നില നിത്തിയുള്ള ചിത്രം സംവിധാനം ചെയ്ത സംവിധായകാൻ ഒരിക്കലും മോശമാക്കി എന്ന് പറയാൻ പറ്റില്ല.

ഒരു മികച്ച ത്രില്ലർ അല്ലെങ്കിൽ സെവെൻ എന്ന ചിത്രത്തോട് തട്ടിച്ചു നോക്കിയാൽ ശരാരിയ്ക്ക് മേലെ നിൽക്കുന്നു ഈ ചിത്രം.

എന്റെ റേറ്റിംഗ് : 6.3 ഓൺ 10

Wednesday, January 20, 2016

115. The Divine Move (Sin-ui Hansu) (2014)

ദി ഡിവൈൻ മൂവ് (സിൻ ഹുയി ഹൻസു ) (2014)



Language : Korean
Genre : Action | Crime| Drama | Neo-Noir | Thriller
Director : Jo Bom-gu
IMDB : 6.7

The Divine Move (Sin Hui Hansu) Thearical Trailer


കൊറിയൻ ചിത്രങ്ങൾ കാണുമ്പോൾ പലപ്പോഴും ഞാൻ വിസ്മയം കൊണ്ട് തരിച്ചു നിൽക്കാറുണ്ട്. അതിനു കാരണം, പുതുവിധ പ്രമേയങ്ങൾ, അവരുടെ വിഷയത്തോടുള്ള സമീപനം, ആഖ്യാനം എല്ലാം കണക്കിലെടുത്തു താരതമ്യം ചെയ്തു നോക്കിയാൽ ലോകത്തിലുള്ള ഏതൊരു സിനിമ ഇണ്ടസ്ട്രിക്കും മുൻപിൽ നിൽക്കും. ഏറ്റവും കൂടുതൽ കാശ് വാരിയെറിയുന്ന ഒരു സിനിമാ നിർമ്മാണ മേഖലയാണ് ഹോളിവുഡ്, അവരെക്കാളും ചിലപ്പോൾ ഒരു പടി മുൻപിൽ നിൽക്കാറുണ്ട് കൊറിയക്കാരുടെ ടെക്നിക്കൽ ബ്രില്ലിയൻസ്. പറഞ്ഞു വന്നത്, അതല്ല, ദി ഡിവൈൻ മൂവ്" എന്നാ ചിത്രം കണ്ടപ്പോൾ, വെറുമൊരു ബോർഡ്‌ ഗേം ആയ ബാടുക് അല്ലെങ്കിൽ ഗോ (ചെസ്സ് പോലെ ചൈനയിലുള്ള ഒരു ചതുരംഗക്കളിയാണ്) വെച്ച് അവർ ഒരു തകർപ്പൻ ആക്ഷൻ ത്രില്ലർ പറഞ്ഞത് തന്നെ അതിനുദാഹരണം ആണ്. ഇങ്ങനെ ഒരു രീതി ആരും പരീക്ഷിചിട്ടില്ലാത്തത് കൊണ്ട് തന്നെ അത് നിയോ-നൊയിർ ജോൺറെയിൽ ഉൾപ്പെടുന്നു.

ടെ സൂക് ഒരു പ്രൊഫഷനൽ ഗോ / ബാടുക് കളിക്കാരൻ ആണ്, പക്ഷെ ഒരു ഭീരുവുമാണ്. ഒരു ദിവസം, സൂക്കിന്റെ ചേട്ടൻ അവനോടു അയാൾക്ക്‌ വേണ്ടി കളിക്കാമോ എന്ന് ചോദിക്കുന്നു. ആദ്യം വിസമ്മതിക്കുന്ന സൂക്, പിന്നീട് മറഞ്ഞിരുന്നു അയാളുടെ ചേട്ടന് വേണ്ടി ഫോണിലൂടെ നിർദേശങ്ങൾ നൽകി കളിക്കുന്നു. അതൊരു വലിയ ദുരന്തത്തിനു വഴി വെയ്ക്കുകയായിരുന്നു. ഇതേ കളി വാതു വെയ്ക്കുന്ന ഭീകര സംഘവുമായിട്ടായിരുന്നു സൂക്കിന്റെ ചേട്ടന്റെ കളി. കളിയിൽ പാളിയപ്പോൾ സൂക്കിന്റെ ചേട്ടനെ കൊന്നു ആ കൊലപാതക കുറ്റം ടെ സൂക്കിന്റെ തലയികെട്ടി വെച്ച് അവനെ ജയിൽവാസത്തിനു അയയ്ക്കുന്നു. 
ജയിലിൽ വെച്ച്, സൂക് ഒരാളെ കണ്ടുമുട്ടി അയാളുമായി ഒരു കരാറിലേർപ്പെടുന്നു , അയാൾക്ക്‌ വേണ്ടി ജയിൽ സൂപ്രണ്ടുമായി ബാടുക് കളിയ്ക്കാമെന്നും പകരം സൂക്കിനെ പോരാടാൻ പഠിപ്പിക്കണമെന്നും പറയുന്നു. ജയിലിൽ അയാൾ ഒരു അദ്രിശ്യമായ ഒരാളുമായി കളിക്കുകയും, നല്ല ഒരു പോരാളിയായി മാറുകയും ചെയ്യുന്നു. ജയിലിൽ നിന്നു മോചിതനായ സൂക് പിന്നീട് കുറച്ചു പേരെ കൂട്ട് പിടിച്ചു തൻറെ ജ്യേഷ്ഠനെ കൊന്നു തൻറെ  ജീവിതം നശിപ്പിച്ചർക്കെതിരെ പക പോക്കാൻ ഇറങ്ങി തിരിക്കുന്നു. 

നായകനായി അഭിനയിച്ച ജ്യൊങ്ങ് അക്ഷരാർത്ഥത്തിൽ മിന്നിച്ചു. ഓരോ സീനും അദ്ദേഹം വളരെ അച്ചടക്കത്തോടെയും അതേ സമയം ഒരു മാസ് പരിവേഷം നില നിർത്തിക്കൊണ്ടുമാണ് ചെയ്തത്. ക്രൂരനായ വില്ലനായി വന്ന ലിയോ ബ്യൊം നായകൻറെ അതെ ലെവലിൽ തന്നെ നിന്നു. ഓരോ കഥാപാത്രങ്ങളായി അവതരിപ്പിച്ച കലാകാരന്മാർ എല്ലാവരും തന്നെ തങ്ങളുടെ ജോലി വൃത്തിയായി ചെയ്തത് കൊണ്ട് തന്നെ സിനിമ ആസ്വദിക്കാൻ ഒരു സാധാരണ പ്രേക്ഷകന് ബുദ്ധിമുട്ടുണ്ടാവില്ല.

ഒരു ഗേമിനെ ആസ്പദമാക്കിയുള്ള പടം എന്ന് വിചാരിച്ചു കാണാൻ തുടങ്ങിയതാണ്, എന്നാൽ എന്നെ അമ്പരപ്പിച്ചു കൊണ്ട് രക്തച്ചൊരിച്ചിലും  നിരവധിഫൈറ്റ് രംഗങ്ങളാൽ സമ്പുഷ്ടമായ ഒരു ആക്ഷൻ ത്രില്ലറാണ്. ചില ആക്ഷൻ / ഫൈറ്റ് സീനുകൾ കണ്ടിരിക്കുന്ന നമുക്ക് തന്നെ യഥാർത്ഥമായി തന്നെ ഫീൽ ചെയ്യും. പ്രത്യേകിച്ച് ഒരു ചെറിയ റെസ്ടോറൻറിൽ ഉള്ള ഒരു ചെറിയ ആക്ഷൻ സീൻ. ഹോ!!! എന്തോ ഒരു ഫീലിംഗ് ആയിരുന്നു. ആദ്യ പത്തു മിനുട്ട് കൊണ്ട് തന്നെ കഥയുടെ ഗതി മാറുന്നു എന്നതാണ് വേറൊരു ഹൈലൈറ്റ്. നല്ല വേഗതയാർന്ന കഥാഖ്യാനം ആയിരുന്നു സംവിധായകൻ ഇവിടെ അവലംബിച്ചത്, അത് മൂലം ഒരു തരത്തിലും ബോറടിയ്ക്കാതെ പിടിച്ചിരുത്താൻ പോന്ന രീതിയിലുള്ള അവതരണവും. പശ്ചാത്തലസംഗീതം ഓരോ സന്ദർഭത്തിലും മികച്ചു നിന്നു.

ഒരു കിടിലൻ ആക്ഷൻ ചിത്രം കാണണമെന്നു ആഗ്രഹമുള്ളവർ കാണാവുന്നതാണ്.

എന്റെ റേറ്റിംഗ് 7.3 ഓൺ 10