റേഡിയസ് (2017)
Language : English
Genre : Mystery | Sci-Fi | Thriller
Director : Caroline Labrèche & Steeve Léonard
IMDB : 6.2
Radius Theatrical Trailer
അന്ന് പുലർച്ചെ ഒരു ഉറക്കം ഉറങ്ങി എഴുന്നേൽക്കുന്നത് മാതിരിയായിരുന്നു. എല്ലുകൾ മുഴുവൻ നുറുങ്ങിയ പോൽ, ദേഹമാസകലം മുറിവേറ്റ പോലെ വേദന എന്നെ കാർന്നു തിന്നു കൊണ്ടേയിരുന്നു. തകർന്ന കാറിനുള്ളിൽ നിന്നും ഞാനിറങ്ങുമ്പോൾ മാത്രമാണ് ഞാൻ ഒരു അപകടത്തിൽ പെട്ടു എന്നു മനസിലായത്. ഞാൻ ഇറങ്ങി നടന്നു, ആരെയും വഴിയിൽ കണ്ടില്ല. അപ്പൊഴാണ് ഒരു കാർ എതിരെ വരുന്നത് കണ്ടത്. ഞാൻ ഒരു ലിഫ്റ്റിനായി കൈ കാട്ടി. അത് നിയന്ത്രണം വിട്ടു വരുന്നത് പോലെ തോന്നി പക്ഷെ എന്റെ മുൻപിൽ വന്നു നിന്നു.ഓടി കയറാൻ നോക്കിയപ്പോൾ, അതിൽ ഉണ്ടായിരുന്ന ആൾ മരിച്ചിരുന്നു. എങ്ങിനെ ??? എങ്ങിനെ ?? ഞാൻ മൊബൈൽ ഫോണിൽ 911 ഡയൽ ചെയ്തു ആക്സിഡൻറ് റിപ്പോർട് ചെയ്യാൻ ശ്രമിക്കവേ അവർ എന്നോട് എൻ്റെ നാമം ചോദിച്ചു. എൻറെ പേർ എന്താണ്??? അത് കൂടി ഞാൻ മറന്നു പോയിരിക്കുന്നു. ഞാൻ ആരാണെന്നു പോലും എനിക്കറിയില്ല?? എനിക്കെന്തു സംഭവിച്ചു എന്നും അറിയില്ല??? എൻറെ ഓർമ്മശക്തി നഷ്ടപ്പെട്ടുവോ?? ഞാൻ വീണ്ടും നടന്നു, ഞാൻ പോകുന്ന വഴികളിൽ പല ജീവികളും മനുഷ്യരും മരിച്ചു കിടക്കുന്നത് ഞാൻ കണ്ടു. ഇനി ഈ നാട് മുഴുവൻ ഒരു സോംബി സിനിമകളിലും ഒക്കെ കാണുന്നത് പോലെ വൈറസ് ബാധ മൂലം ഉണ്ടായതാണോ? അറിയില്ല? കണ്ടു പിടിക്കേണ്ടിയിരിക്കുന്നു.
അത്യന്തം ഉദ്യോഗജനകമായ ഒരു കഥാസാരം അതും അധികം ആരും പറഞ്ഞിട്ടില്ലാത്ത കഥ അതിവിദഗ്ധമായ രീതിയിൽ തന്നെ കഥ പറഞ്ഞിരിക്കുന്നു. Caroline Labrèche, Steeve Léonard കഥയെഴുതി സംവിധാനം ചെയ്ത ഈ സൈഫൈ ചിത്രം ഒരു മികച്ച ത്രില്ലർ ഗണത്തിൽ പെടുത്താൻ നിസംശയം കഴിയും. തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരു ഡാർക് മോഡ്, അവസാനം വരെയും പ്രേക്ഷകരെ മുഷിപ്പിക്കാതെയും, എന്നാൽ അത്യാവശ്യം നല്ല രീതിയിൽ ഉത്കണ്ഠാകുലർ ആക്കി തന്നെയാണ് കഥ മുൻപോട്ടു കുതിക്കുന്നത്. ട്വിസ്റ്റുകൾ കൃത്യമായ ഇടവേളകളിൽ പ്രേക്ഷകരിൽ ഒരു സ്വാധീനം ചെലുത്തുകയും ക്ളൈമാക്സിൽ ഒരിക്കൽ പോലും ചിന്തിക്കാത്ത രീതിയിൽ ട്വിസ്റ്റ് നൽകി പ്രേക്ഷകനെ ഞെട്ടിപ്പിക്കുകയും ചെയ്യുന്നു. വെറും രണ്ടു പ്രധാന കഥാപാത്രങ്ങളെ മാത്രം അണി നിരത്തി ഇത്രയും മികച്ച രീതിയിൽ കഥ പറഞ്ഞ സംവിധായകരെ അനുമോദിച്ചില്ലെങ്കിൽ അത് ഒരു കുറച്ചിൽ ആകും.
രണ്ടു പ്രധാന കഥാപാത്രങ്ങളും പിന്നെ അധികം സ്ക്രീൻസ്പേസ് ഇല്ലാത്തത കുറച്ചു കഥാപാത്രങ്ങളും മാത്രമാണ് ചിത്രത്തിലുള്ളത്. ഡീഗോ ക്ലട്ടൻഹോഫ്, ഷാർലറ്റ് സുള്ളിവൻ ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. രണ്ടു പേരും പ്രകടനത്തിൽ മികച്ചു നിന്നു. നായകൻ ആയി അഭിനയിച്ച ഡീഗോ ഓരോ അർത്ഥത്തിലും സീനുകളിലും നിറഞ്ഞു നിന്നു.
ചിത്രത്തിൻറെ ആഖ്യാനത്തിൽ പ്രധാന പങ്കു വഹിച്ച മൂന്നു ഘടകങ്ങൾ ഉണ്ടായിരുന്നു. ചിത്രസംയോജനം, ഛായാഗ്രാഹണം പിന്നെ പശ്ചാത്തല സംഗീതം. മൂന്നു ഡിപ്പാർട്ട്മെന്റും മികവുറ്റതാക്കാൻ സംവിധായകൻ സ്റ്റീവ് ലിയോണാർഡ് നിർവഹിച്ച എഡിറ്റിംഗും, സൈമൺ വില്ലേന്യൂവിന്റെ ക്യാമറയ്ക്കും ബെൻവോ ഷാറസ്റ്റിൻറെ സംഗീതത്തിനും കഴിഞ്ഞു.
മൊത്തത്തിൽ ഒരു ആസ്വാദകൻ എന്ന നിലയ്ക്ക് എന്നെ പൂർണമായും ത്രിപ്ത്തിപ്പെടുത്താൻ കഴിഞ്ഞ ചിത്രമാണ് റേഡിയസ്. ഒരു സൈഫൈ ത്രില്ലർ പ്രേമിയാണ് നിങ്ങളെങ്കിൽ, നിങ്ങളും എന്റെ ചേരിയിൽ വരുമെന്ന് ഉറപ്പാണ്.
കാണൂ, അഭിപ്രായം പറയുക.
എൻറെ റേറ്റിങ് 8.3 ഓൺ 10