Cover Page

Cover Page

Friday, September 21, 2018

280. Goli Soda 2 (2018)

 ഗോലി സോഡാ 2 (2018)



Language : Tamil
Genre : Action | Drama | Romance
Director: S.D. Vijay Milton
IMDB : 8.6

Goli Soda 2 Theatrical Trailer



ജീവിതത്തിൽ ഒന്നുമാകാൻ കഴിയാതെ പോയ ഒരു മധ്യവയസ്കന്റെ ഉപദേശങ്ങൾ കൊണ്ട് തങ്ങൾക്കു മുന്നേറാനായി ഒരു നല്ല ദിനം വരും എന്ന പ്രതീക്ഷയോടു ലക്ഷ്യത്തിലേക്കു നടന്നടുക്കുന്ന അപരിചിതരായ മൂന്നു യുവാക്കൾ ഒരു സുപ്രഭാതത്തിൽ മൂന്നു വില്ലന്മാരാൽ അവരുടെ സ്വപ്‌നങ്ങൾ ഹനിക്കപ്പെടുമ്പോഴുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്കിക്കേ.കുടിലിൽ ജനിച്ചു പോയീ എന്ന ഒറ്റ കാരണം കൊണ്ട് കുടിലിൽ തന്നെ ജീവിക്കണം എന്ന് കൊട്ടാരത്തിൽ കഴിയുന്നവർ ആജ്ഞാപിക്കുമ്പോൾ ഉണ്ടാവുന്ന അപകർഷതാബോധം. കൂലിപ്പണിക്കാരൻ്റെ മകൻ കൂലിപ്പണിക്കാരനായും ദരിദ്രൻറെ മകൻ ദരിദ്രനായും തന്നെ ജീവിക്കണം എന്ന ധനികൻറെ ചിന്താഗതി, സഹജീവികൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമല്ലേ നിർദാക്ഷിണ്യം തിരസ്കരിക്കപ്പെടുന്നത്. എന്താ??? അവർക്ക് ജീവിക്കാനുള്ള അവകാശമില്ലേ ഈ നാട്ടിൽ. കാലാകാലങ്ങളായി പാശ്ചാത്യ രാജ്യങ്ങളിൽ കണ്ടു വരുന്ന വർണ്ണവിവേചനം ഇവിടെയുമുണ്ട്. അവിടെ നിറം ആണെങ്കിൽ, ഇവിടെ പാവപ്പെട്ടവർ / ധനികർ, ജാതി, മതം തുടങ്ങിയവ ആണ് വിവേചനത്തിനായി ഉപയോഗിക്കുന്നവ. ഇന്ത്യാ രാജ്യത്തല്ലാതെ വേറെ ഏതു രാജ്യത്തു കാണാൻ കഴിയും മതത്തിന്റെയും ജാതിയുടെയും പേരിൽ പാർട്ടികൾ. ഇവിടെ മാത്രമേ ഉണ്ടാവുകയുള്ളൂ. സ്വന്തം ജാതിയിൽ നിന്നും മാറി ഒരു കല്യാണം കഴിച്ചാൽ, അവിടെ തുടങ്ങും ലഹള. സ്വന്തം ജാതിയിലുള്ളവൻ തുണിയുടുത്തില്ലേലും ഒരു നേരത്തെ ഭക്ഷണം ലഭിക്കാതെ കഷ്ടപ്പെടുമ്പോഴൊന്നും ഈ ജാതി/മത സ്നേഹം കാണില്ല എന്നതാണ് ഒരു നഗ്നമായ സത്യം. ഇതേ പറ്റി എഴുതുക ആണെങ്കിൽ ഖണ്ഡങ്ങളോളം എഴുതാൻ കഴിയും. അല്പം വഴി മാറി സഞ്ചരിച്ചതിൽ ക്ഷമിക്കുക. സിനിമയിലേക്ക് തിരിച്ചു വരാം.

മാരൻ, ഒലി, ശിവ, മൂന്നു അപരിചിതർ, വിത്യസ്ത തുറകളിൽ ജോലി ചെയ്യുന്നവർ, വിത്യസ്ത സ്വഭാവം ഉള്ളവർ. 

മാരൻ, ചെന്നൈയിലെ തുറൈമുഖം തില്ലയുടെ ഡ്രൈവർ ആയിട്ട് ജോലി ചെയ്യുന്നു. എന്നാൽ അവരുടെ നിയമവിരുദ്ധമല്ലാത്ത പ്രവൃത്തികൾ ഇഷ്ടമല്ലാത്ത സുന്ദരിയായ കാമുകി ഇൻബ, മാരനെ ആ ജോലി വേണ്ടാതാക്കാൻ നിർബന്ധിക്കുകയും, തില്ലയുടെ  ഗാംഗിൽ നിന്നും മാറി നല്ല തൊഴിൽ തേടി ഉള്ള അലച്ചിലിൽ ആണ്.

ഒലി, ഹോട്ടലിൽ സപ്ലയർ ആയി ജോലി നോക്കുന്നുവെങ്കിലും, ബാസ്‌ക്കറ്റ്ബോൾ  ജീവനാണ്. ടൂർണമെൻറ്റ്   ജയിച്ചു ഫാക്ടറിയിൽ ജോലി നേടണമെന്നതാണ് സ്വപ്നം. ഉന്നതകുല ജാതയായ മതിയുമായി പ്രണയത്തില്‍ ആകുന്നു. അവരുടെ പ്രണയം പലര്‍ക്കും തലവേദന സൃഷ്ടിക്കുന്നു.

ശിവ, വളരെയധികം സ്വപ്‌നങ്ങള്‍ ഉള്ള ഒരു ഓട്ടോഡ്രൈവര്‍. സ്വന്തമായി കാബ് ഏജന്‍സി തുടങ്ങി നിരവധി പേരെ രക്ഷിക്കണം എന്ന് ആഗ്രഹമുള്ള അയാള്‍, പടക്ക കട തുടങ്ങാന്‍ വേണ്ടി പലിശക്കാരന്‍ ആയ കൌണ്‍സിലറിനു പണം നല്‍കുന്നു.
നടേശന്‍ എന്ന ഫാര്‍മസിക്കാരന്‍ ഇവര്‍ മൂന്നു പേര്‍ക്കും സഹായമായി എല്ലായ്പോഴും ഉണ്ട്.

ഈ മൂന്നു പേരുടെയും ജീവിതവും സ്വപ്നങ്ങളും മൂന്നു വിത്യസ്ത കാരണങ്ങളാല്‍ തന്നെ തകിടം മറിയുകയും അവര്‍ ആ ഘട്ടത്തില്‍ ഒരുമിച്ചു ചേരുകയും ചെയ്യുന്നു. വീണ്ടും അവര്‍ക്ക് തങ്ങളുടെ സ്വപ്‌നങ്ങള്‍ കരുപ്പിടിക്കാന്‍ കഴിയുമോ? അവര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ കഴിയുമോ?

ആദ്യ ഭാഗമായ സൂപര്‍ ഹിറ്റ്‌ ചിത്രം ഗോലി സോഡായുടെ രണ്ടാം ഭാഗം എന്ന് പറയുമ്പോള്‍ തന്നെ പ്രതീക്ഷ സാധാരണമായി വാനം മുട്ടെ ആയിരിക്കും. എന്നാല്‍ സംവിധായകന്‍ വിജയ്‌ മില്‍ട്ടന്‍ ആ പ്രതീക്ഷകള്‍ക്ക് തീര്‍ത്തും മങ്ങലേല്‍പ്പിക്കാതെ തന്നെ ഗോലി സോഡാ 2 ഒരുക്കിയിരിക്കുന്നു. ഒരേ തീം ആണ് രണ്ടിലും ഉപയോഗിചിരിക്കുന്നതെങ്കിലും, ആദ്യത്തെ സിനിമയില്‍ നായകര്‍ക്ക്  ഒരു പൊതു ശത്രു ആനുണ്ടായിരുന്നെങ്കില്‍, രണ്ടാം ഭാഗത്തില്‍ ഓരോ നായകനും ഓരോ ശത്രു എന്നാ അനുപാതം ആണ് ഉപയോഗിച്ചിരിക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഒരു മള്‍ട്ടിലിനിയര്‍ നറേഷന്‍ ആണ് ഇവിടെ വിജയ്‌ മില്‍ട്ടന്‍ ഉപയോഗിച്ചിരിക്കുന്നത്.

ആഖ്യാനം അസാമാന്യ വേഗത്തില്‍ തന്നെയായിരുന്നു മുന്‍പോട്ടു കുതിച്ചു കൊണ്ടിരുന്നത്. മൂന്നു പേരുടെയും വിത്യസ്ത ജീവിതവും പ്രണയ ജീവിതവും വില്ലന്മാരുടെ ജീവിതവും എല്ലാം അഭ്രപാളിയില്‍ വളരെ വേഗത്തില്‍ മിന്നി മറഞ്ഞു കൊണ്ടേ ഇരുന്നു. ദീപക് നിര്‍വഹിച്ച എഡിറ്റിംഗ് ജോലിക്ക് ഒരു പ്രത്യേക പരാമര്‍ശവും പ്രശംസയും അര്‍ഹിക്കുന്നു. 

അച്ചു രാജാമണി, ആദ്യ ചിത്രം മുതല്‍ക്കു തന്നെ എനിക്കിഷ്ടമുള്ള ഒരു സംഗീത സംവിധായകന്‍. അച്ഛന്‍ രാജാമണി ഒരു കാലത്ത് മലയാള സിനിമയുടെ പശ്ചാത്തല സംഗീതത്തില്‍ നെടുംതൂണ്‍ ആയിരുന്നു. മകന്‍ തമിഴിലെയും എന്ന് പറയേണ്ടി വരും ടെക്നിക്കലി റിച് ആയ പശ്ചാത്തല സംഗീതം. പ്രോഗ്രസീവ് ആയി ഓരോ ഘട്ടത്തിലും മുന്‍പോട്ടു പോകുന്ന സംഗീതത്തില്‍ ഗോലിസോഡ 2വിന്‍റെ തീം മ്യൂസിക് ഉപയോഗിക്കാന്‍ മറന്നില്ല. അത് ശരിക്കും പറഞ്ഞാല്‍ ഒരു പ്രത്യേക ഫീല്‍ തന്നെ സിനിമക്ക് നല്‍കി,

ക്യാമറ കൈകാര്യം ചെയ്തത് സംവിധായകന്‍ തന്നെയാണ്. അദ്ദേഹത്തിന്‍റെ പ്രധാന ആയുധവും അത് തന്നെയാണല്ലോ. നല്ല അസാമാന്യ വര്‍ക്ക് തന്നെയായിരുന്നു അദ്ദേഹം നിര്‍വഹിച്ചത്. പക്ഷെ ആദ്യ പകുതിയില്‍ മികച്ച ആക്ഷന്‍ സീക്വന്‍സുകളും റിയല്‍ ടൈം ആയി തോന്നിയെങ്കിലും, രണ്ടാം പകുതിയില്‍ over the top - unrealistic-superhero ടൈപ് ആക്ഷന്‍ ആയിരുന്നു. അതോഴിവാക്കാം എന്ന് തോന്നിയിരുന്നു.

വില്ലന്മാരായി തില്ലയെ ചെമ്പന്‍ ജോസും, കൌണ്‍സിലറിനെ ശരവണ സുബ്ബയ്യയും പിന്നെ സീമൈരാജ എന്നാ ജാതി തലവന്‍ ആയി ആക്ഷന്‍ മാസ്ടര്‍ സ്റ്റണ്‍ ശിവയും അവതരിപ്പിച്ചു. മൂന്നു പേരില്‍ ചെമ്പന്‍ ജോസും സ്റ്റണ്‍ ശിവയും നല്ല പ്രകടനം ആണ് നടത്തിയതെങ്കിലും ഗോലി സോഡ ആദ്യ ഭാഗത്തില്‍ വില്ലനായി പ്രത്യക്ഷപ്പെട്ട മധുസൂദന റാവു അവതരിപ്പിച്ച നായിടുവുമായിട്ടു താരതമ്യം നടത്താന്‍ കഴിയില്ല. അത്രയ്ക്കും മികച്ചു നിന്ന് നായിഡു എന്ന ആ വില്ലന്‍. ചെമ്പന്‍ ജോസിന്‍റെ തില്ലയ്ക്ക് കൊടുത്ത ശബ്ദം നല്ല അറുബോറായിരുന്നു.
നടേശനെ അവതരിപ്പിച്ച സമുതിരക്കനി മികച്ച പെര്‍ഫോര്‍മന്‍സ് ആണ് കാഴ്ച വെച്ചത്. അദ്ദേഹത്തിനു വേണ്ടി എഴുതിയ കഥാപാത്രം എന്നു തോന്നും. ഗൌതം വാസുദേവ മേനോന്‍റെ ഇന്റ്രോ സീന്‍ നന്നായിരുന്നുവെങ്കിലും, പിന്നീട് ഒട്ടും സ്ക്രീന്‍ സ്പേസ് ലഭിക്കാതെ പോയി. ലുക്ക് ഒക്കെ extraordinary. സംവിധായകന്റെ സഹോദരന്‍ ആയ ഭരത് സീനി മാരനെയും, വിനോത് ശിവയും, ഇസക്കി ഭരത് ഒലിയെയും ഇവരുടെ പ്രണയിനികള്‍ ആയി യഥാക്രമം ഇന്‍ബവല്ലിയെ സുഭിക്ഷയും മതിയെ ക്രിഷ കുറുപ്പും അഭിനയയെ രക്ഷിതയും അവതരിപ്പിച്ചു. എല്ലാവരും തങ്ങളുടെ റോളുകള്‍ മികച്ച രീതിയില്‍ തന്നെ അവതരിപ്പിച്ചു ഇതില്‍ കുറച്ചു പേര്‍ തുടക്കക്കാര്‍ ആയിരുന്നുവെങ്കില്‍ കൂടി അത് ഒരിക്കല്‍ പോലും തോന്നുകയില്ല. രോഹിണി, രേഖ തുടങ്ങിയ വെറ്ററന്‍ നടികള്‍ തങ്ങളുടെ  കഥാപാത്രങ്ങള്‍ ചെറുതെങ്കിലും ഗംഭീരമായി തന്നെ അവതരിപ്പിച്ചു.

മൊത്തത്തില്‍ പറഞ്ഞാല്‍, ഗംഭീര ആദ്യ പകുതിക്ക് ശേഷം അല്പം ഗ്യാസ് പോയ രണ്ടാം പകുതിയും കൊണ്ട് മികച്ച ചിത്രമായി ഗോലി സോഡാ. എന്നാല്‍ ഒരു നിമിഷം പോലും നമ്മുടെ ആസ്വാദന നിലവാരത്തെ ചോദ്യം ചെയ്യുകയുമില്ല.

എന്‍റെ റേറ്റിംഗ് 8.2 ഓണ്‍ 10

വിജയ്‌ മില്‍ട്ടന്‍ എന്‍റെ ഫേവറിറ്റ് സംവിധായകരുടെ ലിസ്റ്റില്‍ എന്തായാലും ഇടം നല്ല രീതിയില്‍ തന്നെ ഉറപ്പിച്ചു. Waiting for his next movie.

Tuesday, September 18, 2018

279. Theevandi (2018)

തീവണ്ടി (2018)



Language : Malayalam
Genre : Comedy | Drama
Director : Fellini TP
IMDB : 7.4


പെണ്ണിൻറെ മണം അറിയുന്നതിന് മുൻപ് തന്നെ അറിഞ്ഞു തുടങ്ങിയതാണ് സിഗരറ്റിൻറെ മണം. ജനിച്ചു വീണപ്പോൾ തന്നെ സിഗരറ്റിൻറെ മണം അറിഞ്ഞു. പിന്നെ, ബുദ്ധി ഉറച്ചിട്ടില്ലാത്ത പ്രായത്തിൽ അമ്മാവൻ വലിച്ചു തീർത്ത സിഗററ്റിലൂടെ എൻ്റെ ചുണ്ടറിഞ്ഞു ആ മണം. ദിവസേന, മാടക്കടയിൽ നിന്നും സിഗരറ്റ് വാങ്ങിക്കാൻ അമ്മാവൻ പറഞ്ഞു വിടുമ്പോൾ എന്നും പറയുമായിരുന്നു ബാക്കിയ്ക്ക് മിട്ടായി വാങ്ങിക്കോളാൻ. അന്നദ്ദേഹം അറിഞ്ഞിട്ടുണ്ടാവില്ല, ഞാൻ വളരുന്തോരം എൻ്റെ ആവശ്യങ്ങൾ മാറി വരുമെന്ന്. +2വിനു പഠിക്കുമ്പോൾ ഔദ്യോഗികമായി തുടങ്ങി. ആദ്യം സ്‌കൂളിലും, പിന്നെ നാട്ടിലും അത് കഴിഞ്ഞു വീട്ടിലും. അന്ന് രാത്രി എന്നെ നാട്ടുകാർ പിടിച്ചത് കൊണ്ട് നാട്ടിൽ എവിടെ നിന്നും വലിക്കാനുള്ള ലൈസൻസും, തീവണ്ടി എന്ന പേരും എനിക്ക് കിട്ടി. എല്ലാവർക്കും ചെല്ലപ്പേർ വിളി കേൾക്കുന്നതിഷ്ടമല്ലെങ്കിൽ, എനിക്കാ വിളി കേൾക്കുമ്പോൾ തന്നെ ഒരു ഉത്സാഹമാണ്, സന്തോഷമാണ്. പെട്ടെന്ന് തന്നെ എൻ്റെ ജീവിതത്തിൻറെ ഓരോ നിമിഷവും ഒരു പുകയാക്കി മാറ്റാൻ ഞാൻ അത്യുത്സാഹം കാട്ടി. ജീവിതത്തിൻറെ ഭാഗം ആയി മാറി. എൻ്റെ ഈ നിർത്താതെ ഉള്ള വലി കാരണം എനിക്കും എൻ്റെ കൂട്ടുകാർക്കും വീട്ടുകാർക്കും പ്രണയിനിക്കും ഉണ്ടാകുന്ന തലവേദന ആണ് ഫെലിനി ടിപി തീവണ്ടി എന്ന ചിത്രത്തിലൂടെ വളരെ രസകരമായി നിങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കുന്നു.

ബിനീഷ് ദാമോദരനെ ടോവിനോ തോമസ് തന്റെ സ്വതസിദ്ധമായ ശൈലിയിൽ, നാച്ചുറൽ ആക്റ്റിംഗിലൂടെ തന്നെ ഹൃദ്യമാക്കി. പുകവലിക്കുന്നത് മുതൽ ഓരോ സീനിലും കയ്യടക്കത്തോടെ ഒരു ടോവിനോ ഷോ തന്നെ ആക്കി.
നായികയായ ദേവിയെ അവതരിപ്പിച്ച സംയുക്ത മേനോൻ, തൻ്റെ കഥാപാത്രത്തോട് നീതി പുലർത്തി. ഒരു പുതുമുഖ നടി എന്ന നിലയിൽ വലിയ തെറ്റുകുറ്റങ്ങൾ പറയാൻ സാധിക്കില്ല.
പഴയകാല എവർഗ്രീൻ നടൻ സുധീഷ്, വളരെക്കാലത്തിനു ശേഷം നല്ല ഒരു കഥാപാത്രത്തിൽ കാണാൻ സാധിച്ചു. അത് നന്നായി തന്നെ ചെയ്യുകയും ചെയ്തു,
സുരാജ് വെഞ്ഞാറമ്മൂട്, സ്വഭാവ വേഷങ്ങളിൽ കാണിക്കുന്ന മേന്മ തീവണ്ടിയിലെ കഥാപാത്രത്തിലൂടെ തുടർന്നു പോകുന്നു. സൈജു കുറുപ്പ്, അനീഷ്, തുടങ്ങിയ അഭിനേതാക്കൾ എല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്.

ബിനീഷ് ദാമോദരൻ എന്ന നാട്ടിൻപുറത്തുകാരൻറെ ചെയിൻസ്‌മോക്കിങ് (തീവണ്ടി) ജീവിതത്തിലൂടെ അവതരിപ്പിച്ച ഒരു പൊളിറ്റിക്കൽ സട്ടയർ ആണ് തീവണ്ടി. നന്നായി തന്നെ കേരളം രാഷ്ട്രീയത്തിന്റെ കളിയാക്കുന്നുണ്ട്. ഭൂരിഭാഗം കോമഡി സീനുകളും വർക്ക് ഔട്ട് ആയിട്ടുണ്ട്. പക്ഷെ ചില ഇടത്തു പാളിപ്പോയിട്ടുമുണ്ട്. പ്രണയ രംഗങ്ങൾ ഒന്നും മോശമാക്കിയില്ല. ബിനീഷ്-ദേവി (ടോവിനോ-സംയുക്ത) കോമ്പിനേഷൻ സീനുകൾ നന്നായിരുന്നു.

ആദ്യ പകുതിയിൽ ലഭിച്ച പേസ് രണ്ടാം പകുതിയിൽ ഇല്ലാതെ പോയത് ഒരു നെഗറ്റിവ് ആണ്. രണ്ടാം പകുതിയിൽ ബിനീഷിന്റെ കഥാപാത്രത്തിനുണ്ടാവുന്ന മാനസിക സംഘർഷങ്ങൾ അത്രയ്ക്ക് രെജിസ്റ്റർ ആയോ എന്ന സംശയം ബാക്കി നിൽക്കുന്നു. എൻ്റെ അഭിപ്രായത്തിൽ ഇല്ല എന്ന് തന്നെയാവും ഉത്തരം. എഡിസന്‍ ദ്വീപില്‍ എത്തിയതിനു ശേഷമുള്ള സീനുകള്‍ ഒക്കെ നന്നേ ബോറടിപ്പിച്ചിരുന്നു. എന്നിരുന്നാലും സംവിധായകൻ ഫെലിനി ഒരു ഡോക്യുമെന്ററി ആക്കാതെ ഇടയ്ക്ക് തമാശയുടെ മേമ്പൊടി ചാലിച്ച് അവതരിപ്പിച്ചത് കൊണ്ട് ബോറടിക്കാതെ കാണാനും കഴിഞ്ഞു. ഒരു ഗംഭീര ട്വിസ്റ്റിനു വേണ്ടി എടുത്ത ക്ളൈമാക്സ് സീൻ നല്ലബോർ ആയി പരിണമിച്ചു. പ്രത്യേകിച്ചും, യാഥാര്‍ത്ഥ്യത്തില്‍ നടക്കാന്‍ ഒട്ടും സാധ്യത ഇല്ലാത്തതു ട്വിസ്ടിനു വേണ്ടി അവതരിപ്പിച്ചത് ബോറായി പോയി. എന്നിരുന്നാലും സൈജുവിന്‍റെ ഭാവമാറ്റം അവിടെ തുണയായി.

ഗൌതം ശങ്കര്‍ ചലിപ്പിച്ച ക്യാമറ ആ ഗ്രാമത്തിന്‍റെ വശ്യത നന്നായി ഒപ്പിയെടുത്തു. കഥാപാത്രങ്ങളുടെ കൂടെയുള്ള യാത്രയും വെളിച്ചവും നന്നായി തന്നെ അദ്ദേഹം ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്തു.  എഡിറ്റിംഗ് രണ്ടാം ഭാഗത്ത് അല്പം കൂടി ശ്രദ്ധ പതിപ്പിചിരുന്നെങ്കില്‍ നന്നായേനെ എന്ന് പല തവണ തോന്നിപ്പോയി.

കൈലാസ് മേനോൻ എന്ന പുതുമുഖത്തിൻറെ സംഗീതം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. താ തിന്ന, ജീവാംശുവായി  താനേ എന്ന ഗാനങ്ങളും വിജനതീരമേ (രചനയും, സംഗീതവും ആലാപനവും നിവി വിശ്വലാൽ തന്നെ) എന്ന ഗാനവും മികവ് പുലര്‍ത്തി. ജീവാംശു നല്‍കുന്ന ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല. അത്രയ്ക്ക് മികച്ച സംഗീതവും, ആലാപനവും. പശ്ചാത്തല സംഗീതം ചിത്രത്തിന്‍റെ മൂഡിനു ചേര്‍ന്ന രീതിയില്‍ തന്നെ അവതരിപ്പിചിരിക്കുന്നതും ഒരു പ്ലസ് ആണ്.

അത്യാവശ്യം കുറവുകള്‍ ഒക്കെ ഉള്ള ഒരു നല്ല entertainer ആണ്. ചിരിപ്പിക്കുകയും അല്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന ചിത്രം നല്ല ഒരു മെസേജ് കൂടി ചിത്രത്തിലൂടെ ഫലപ്രദമായി പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നുണ്ട്. 

ഒരു പരിധി വരെ എന്നിലെ പ്രേക്ഷകനെ സംതൃപ്തന്‍ ആക്കാന്‍ കഴിഞ്ഞ ചിത്രമായത് കൊണ്ട് ഞാന്‍ 7 on 10 നല്‍കുന്നു.  

Saturday, September 15, 2018

278. A Dirty Carnival (Biyeolhan geori) (2006)

എ ഡേർട്ടി കാർണിവൽ (ബിയൂൾഹാൻ ഗോറി) (2006)



Language : Korean
Genre : Action | Crime | Drama
Director : Yoo Ha
IMDB : 7.4


A Dirty Carnival Theatrical Trailer




135 മിനുട്ടുകൾ കാഴ്ചക്കാരനെ ത്രസിപ്പിച്ചു നിര്‍ത്തുന്ന ഒരു ഗംഭീര മാസ് പടം.യൂ ഹാ സംവിധാനം ചെയ്ത A Dirty Carnival എന്ന ചിത്രത്തെ ഞാൻ അങ്ങിനെ മാത്രമേ വിശേഷിപ്പിക്കൂ. ശ്വാസമടക്കി പിടിച്ചിരുന്നു നായകൻറെ തകർപ്പൻ പ്രകടനങ്ങൾ കൊണ്ടും ഡയലോഗുകൾ കൊണ്ടും ആക്ഷൻ കൊണ്ടും കോരിത്തരിപ്പിക്കുന്ന മുഴുനീള ത്രില്ലര്‍.

കിം ബ്യൂന്‍ഗ് ടൂ എന്ന കൌശലക്കാരനായ റൌഡിയുടെ കഥയാണ് A Dirty Carnival. സാംഗ് ചല്‍ എന്നാ തന്‍റെ ബോസിന് വേണ്ടി പണം പിരിക്കല്‍ ആണ് കിമ്മിന്‍റെ ജോലി. എന്നാല്‍ ഈ ജോലികളിലും അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലും സന്തുഷ്ടന്‍ അല്ലായിരുന്നു കിം. ഉയരങ്ങളിലേക്ക് പറക്കാനുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു അവന്‍റെ മനസ് നിറയെ. കിം തന്‍റെ ആഗ്രഹങ്ങള്‍ സഫലീകരിക്കുമോ? അവനതിനു എന്തെല്ലാം കടമ്പ ചാടികടക്കേണ്ടി വരും??

Once Upon A Time In Highschool എന്ന സൂപര്‍ഹിറ്റ്‌ ചിത്രത്തിന് ശേഷം യൂ ഹാ സംവിധാനം ചെയ്ത ഈ ചിത്രവും വന്‍ വിജയമായിരുന്നു. ഒരു മാസ് ഗാംഗ്സ്റ്റര്‍ മൂവി എന്നാ ലേബല്‍ മാത്രമല്ല, ഒരു നല്ല ഒരു കുടുംബ കഥയും അത് പോലെ ഒരു നല്ല പ്രണകഥയും യൂ ഹാ മനോഹരമായി പറയുന്നു. ഒരു റൌഡിയുടെ മാനസിക സംഘര്‍ഷങ്ങളും ജീവിതം കരുപ്പിടിക്കാനുള്ള കഷ്ടപ്പാടും നന്നായി തന്നെ പറയാന്‍ സാധിച്ചിട്ടുണ്ട്. വഞ്ചന, ചതി, വിശ്വാസം, വിശ്വാസ്യത, കുടുംബം എല്ലാം ഈ കഥയില്‍ കൂടി കടന്നു പോകുന്നുണ്ട്. പ്രവചനത്തിന് അതീതമായി ട്വിസ്ടുകളും നിരവധിയുണ്ട്. ചിത്രത്തിന്‍റെ വേഗത്തിലുള്ള ആഖ്യാനം നമ്മെ ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല.


ആക്ഷന്‍ സീക്വന്‍സ് വേറെ ലെവല്‍ എന്ന് തന്നെ പറയേണ്ടി വരും. രക്തചൊരിച്ചിലിനും കുറവൊന്നുമില്ല. പസ്ചാത്തസംഗീതം എടുത്തു പറയേണ്ട ഒരു വിഭാഗം ആണ്. കുണ്ടോ, ബെര്‍ലിന്‍ ഫയല്‍, ടാക്സി ഡ്രൈവര്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് സംഗീതം നിര്‍വഹിച്ച Jo Yeong-wook ആണ് എ ഡെര്‍ട്ടി കാര്‍ണിവലിന്റെയും സംഗീതം. ക്യാമറവര്‍ക്കും ഗംഭീരം എന്ന് തന്നെ പറയാം. ആക്ഷന്‍ സീനുകള്‍ ഹൃദയവും ത്രില്ലിങ്ങുമാക്കാന്‍ Choi Hyeon-giയുടെ ക്യാമറയ്ക്ക് കഴിഞ്ഞു. എഡിറ്റിംഗ് മികച്ചു നിന്നു. രണ്ടു മണിക്കൂറും ഇരുപത്തി ഒന്ന് മിനുട്ടുകള്‍ ഉള്ള ചിത്രത്തിന് കൃത്യമായി തന്നെ കത്രിക Park Gok-ji & Jeong Jin-heeക്കും കഴിഞ്ഞിട്ടുണ്ട്.

നായകന്‍ ആയി അഭിനയിച്ച ജോ ഇന്‍ സുങ്ങ് നല്ല ഉഷിരന്‍ പ്രകടനം ആണ് ചിത്രത്തിലുടനീളം കാഴ്ച വെച്ചത്. മാസ് സീനുകള്‍ക്കും, റൊമാന്റിക് സീനുകള്‍ക്കും, വികാരപരമായ സീനുകള്‍ക്കും അദ്ദേഹം കയ്യടക്കത്തോടെ തന്നെ ചെയ്തു. കിമ്മിന്റെ സുഹൃത്തായി അഭിനയിച്ച നാംകൂങ്ങ് മിന്‍ മികച്ച ഔട്ട്‌പുട്ട് തന്‍റെ അഭിനയിത്തിലൂടെ കൊടുത്തു. സുന്ദരിയായ ലീ ബോയങ്ങ് ആണ് നായികയായ ഹ്യൂന്‍ ജൂയേ അവതരിപ്പിച്ചത്. അവരുടെ അഭിനയം സൌന്ദര്യം പോലെ തന്നെ മനോഹരമായി ആസ്വദിക്കാന്‍ കഴിയുന്ന ഒന്നായിരുന്നു. മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിച്ചവര്‍ ഒട്ടും തന്നെ മോശമാക്കിയില്ല.

നിരവധി അവാര്‍ഡുകള്‍ സിനിമയ്ക്കും അതെ പോലെ ക്രൂവിനും അഭിനേതാക്കള്‍ക്കും ലഭിച്ചിരുന്നു ആ വര്‍ഷം. മികച്ച ചിത്രം, മികച്ച നായക കഥാപാത്രം, മികച്ച എഡിറ്റിംഗ്, എന്നീ വിഭാഗങ്ങള്‍ക്ക് ആണ് ലഭിച്ചത്. അത് പോലെ നിരവധി നോമിനേഷനുകളും ഈ സിനിമയ്ക്ക് തേടിയെത്തിയിരുന്നു.

മികച്ച അഭിനയമുഹൂര്‍ത്തങ്ങളും മാസ് സീനുകളും നിറഞ്ഞ ഈ ആക്ഷന്‍ ചിത്രം നിങ്ങളെ ഒരു ശതമാനം പോലും നിരാശരാക്കില്ല.

എന്‍റെ റേറ്റിംഗ് : 9.2 ഓണ്‍ 10

Sunday, September 9, 2018

277. Death Wish (2018)

ഡെത്ത് വിഷ് (2018)



Language : English
Genre : Action | Crime | Drama
Director : Eli Roth
IMDB : 6.4


"നമ്മളുടെ സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും പോലീസിനെ ആശ്രയിക്കും. അവിടെയാണ് യഥാര്‍ത്ഥ പ്രശ്നവും. എന്തെങ്കിലും അപകടം അല്ലെങ്കില്‍ കുറ്റകൃത്യം നടന്നതിനു ശേഷമാവും പോലീസ് അവിടെ എത്തുക. കോഴിക്കൂട്ടില്‍ നിന്നും ഇറങ്ങി വരുന്ന ചെന്നായയെ നമ്മള്‍ കുടുക്കാന്‍ നില്‍ക്കുന്നതിനു സമാനമാണ് അത്. ഒരു മനുഷ്യനു അയാളുടേത് എന്തും സംരക്ഷിക്കണമെങ്കില്‍ അയാള്‍ തന്നെ അയാള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാകൂ."

എനിക്ക് ഈ അടുത്തു കണ്ട സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സംഭാഷണ ശകലം ആണ്. അമ്മായി അച്ഛന്‍ തന്‍റെ മരുമകനോട്‌ പറയുന്നതാണ് സന്ദര്‍ഭം. എലി റൊത് സംവിധാനം ചെയ്ത ഡെത്ത് വിഷ് എന്ന ചിത്രത്തിന്‍റെ വഴിത്തിരിവ് സംഭവിക്കുന്നതും ഈ ഒരു സംഭാഷണ ശകലങ്ങളില്‍ നിന്നുമാണ്. ഒത്തിരി ആലോചിച്ചപ്പോഴും ഒരു ഏതു രാജ്യം എന്നില്ല, എല്ലായിടത്തും നമ്മുടെ സുരക്ഷയ്ക്ക് നമ്മൾ തന്നെ ഉത്തരവാദികൾ ആകുന്നു. കുറ്റകൃത്യം നടക്കുന്നതിനു മുൻപ് അത് പ്രതിരോധിക്കാൻ പൊലീസുകാരെ കൊണ്ട് 99  ശതമാനവും കഴിയുകയില്ല എന്ന നഗ്നമായ സത്യം നമ്മൾ അംഗീകരിച്ചേ മതിയാകൂ.

ഒരു കാലത്തെൻറെ  ഇഷ്ട നടന്മാർ ആയിരുന്നു നിക്കോളാസ് കേജ്‌, ബ്രൂസ് വില്ലിസ് എന്ന ഹോളിവുഡ് നടന്മാർ. അവരുടെ ചിത്രങ്ങൾ അത് ആക്ഷൻ ആകട്ടെ ഡ്രാമ ആകട്ടെ, അവരുടെ പ്രകടനങ്ങൾ കാണാൻ രസമാണ്. പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി  നല്ല അറുബോറൻ സിനിമകളിൽ തല വെച്ച് കരിയർ നശിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങിനെ ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെയാണ് ഈ സിനിമ കാണാന്‍ തുടങ്ങിയത്.

ഡോക്ടര്‍ പോള്‍ കേഴ്സി, ഭാര്യ ലൂസി, ഒരേയൊരു മകള്‍ ജോര്‍ദന്‍ അടങ്ങിയ ഷിക്കാഗോ സിറ്റിയിലെ ഒരു സന്തുഷ്ട കുടുമ്പം. പക്ഷെ, ആ രാത്രി ഡോക്ടറിനു എല്ലാം നഷ്ടപ്പെട്ടു. സ്നേഹമയിയായ ഭാര്യയെ എവിടെ നിന്നോ വന്ന മൂന്നു മോഷ്ടാക്കള്‍ നിഷ്കരുണം വധിച്ചിരിക്കുന്നു. ന്യൂ യോര്‍ക്കിലേക്ക് ഉപരി പഠനത്തിനു പോകാന്‍ ത്രില്ലടിച്ചിരുന്ന മകള്‍ ഒന്നും സംസാരിക്കാന്‍ കഴിയാതെ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടടിയ്ക്കുന്നു. നിയമങ്ങളും എല്ലാം അനുസരിച്ചിരുന്ന ഒരു നല്ല അമേരിക്കന്‍ പൌരനായ തനിക്കീ ഗതി വന്നതോര്‍ത്ത് ഓരോ നിമിഷവും നീറി നീറി ജീവിക്കുകയാണ്. പോലീസ് അന്യേഷണവും എങ്ങുമെത്തുന്നില്ല. ഒരു തെളിവ് പോലും ഇല്ലാതെ അവര്‍ ആരാണെന്ന് മനസിലാക്കാന്‍ കഴിയാതെ നടുക്കടലില്‍ ഉഴലുന്ന പോലീസിനെ കണ്ടപ്പോള്‍ നിയമം കയ്യിലെടുക്കാന്‍ ഡോക്ടര്‍ തയാറാകുകയാണ്. പ്രതികാരാഗ്നി ഉള്ളില്‍ പടര്‍ന്നു കൊണ്ടേയിരിക്കുന്നു. പക്ഷെ എവിടെ തുടങ്ങും?? എങ്ങിനെ തുടങ്ങും?? എന്നാ ചോദ്യങ്ങള്‍... സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ തട്ടി കേള്‍ക്കാന്‍ തുടങ്ങുകയാണ് ഡോക്ടര്‍ കേഴ്സി. മാധ്യമങ്ങളില്‍ എല്ലാം അദ്ദേഹത്തിനു ഒരു നായക പരിവേഷം തന്നെ ചാര്‍ത്തി കൊടുക്കുമ്പോള്‍, അദ്ദേഹത്തിനു അതെല്ലാം ഒരു ലഹരിയായി മാറി. അപ്പോഴും ഒരേയൊരു ചിന്ത, തന്‍റെ കുടുംബം ചിന്നഭിന്നമാക്കിയവരെ കണ്ടു പിടിക്കാന്‍ കഴിയുമോ????

Gore Violence സിനിമകള്‍ ആയ ഹോസ്റല്‍ സീരീസ്, ഗ്രീന്‍ ഇന്‍ഫെര്‍ണോ, കാബിന്‍ ഫീവര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എലൈ റൊത് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. 1972ഇല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ബ്രയന്‍ ഗാര്‍ഫീല്‍ഡിന്‍റെ നോവലിനെ ആസ്പദമാക്കിയിറങ്ങിയ 1974 ചാള്‍സ് ബ്രോസ്നന്‍റെ സിനിമയുടെ റീമേക്ക് ആണ് ഇത്.

പണ്ട് മുതലേ കണ്ടു പഴകിയ പ്രതികാര കഥ തന്നെയാണ് ഡെത്ത് വിഷിന്‍റെയും, പക്ഷെ എലൈ റൊത് എന്ന സംവിധായകന്‍റെ ആഖ്യാനം, ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല. Its a complete mixture of fast paced narration, Gore Violence, Blood Shed and Action. ആക്ഷനും വയലന്റ്ക്യാ സീനുകളും ഒന്നിനൊന്നു മെച്ചം. ക്യാമറവര്‍ക്ക്, പശ്ചാത്തല സംഗീതം എല്ലാം മികച്ചു നിന്നു. 

മുഖ്യ കഥാപാത്രമായ ഡോക്ടറിനെ അവതരിപ്പിച്ച ബ്രൂസ് വില്ലിസ്, അക്ഷരാര്‍ഥത്തില്‍ മിന്നിച്ചു. ഫുള്‍ ആന്‍ഡ് ഫുള്‍ അദ്ദേഹത്തിന്‍റെ ആട്ടമായിരുന്നു. തെറ്റ് ചെയ്യുന്നവര്‍ എല്ലാം വില്ലന്മാര്‍ ആയതു കൊണ്ട്, എടുത്തു പറയാന്‍ പ്രത്യേകിച്ച് വില്ലന്മാര്‍ ഇല്ലെങ്കിലും, ഉള്ളവര്‍ എല്ലാം വിശ്വാസയോഗ്യമായ പ്രകടനം ആയിരുന്നു. എലിസബത്ത് ഷ്യൂ അല്‍പ നേരം മാത്രം സ്ക്രീനില്‍ ഉണ്ടായിരുന്നുള്ളൂ. ഈ പ്രായത്തിലും അവരേ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു. സ്ക്രീന്‍ സ്പേസ് കൂടുതലും ബ്രൂസിനു തന്നെയാരുന്നു. ഡീന്‍ നോറിസ് അവതരിപ്പിച്ച ഡിടക്റ്റീവ് കെവിന്‍ റെയിന്‍സ്, വിന്‍സന്റ്റ് ഡോണ്‍ഫോറിയോ അവതരിപ്പിച്ച സഹോദരനായ ഫ്രാങ്ക് കേഴ്സി, എന്നിവര്‍ക്കാണ് അല്പമെങ്കിലും നേരം കൂടുതല്‍ സ്ക്രീന്‍ സ്പേസ് ലഭിച്ചത്. അഭിനയിച്ച എല്ലാവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി തന്നെ കൈകാര്യം ചെയ്തു. 


മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു നല്ല പ്രതികാര കഥയും (ലോജിക്കുകള്‍ ശ്രെദ്ധിക്കേണ്ടതില്ല) കൊണ്ടാണ് ഇത്തവണ എലൈ റൊത് കൊണ്ട് വന്നിരിക്കുന്നത്. ഒരു നിമിഷം പോലും മുഷിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10 




Saturday, September 1, 2018

276. Ghilli (2004)

ഗില്ലി (2014)



Language : Tamil
Genre : Action | Comedy | Drama | Romance
Director : Dharani
IMDB : 7.7

Ghilli Theatrical Trailer


This is not a review!!!

എഞ്ചിനീയറിംഗ്‌ രണ്ടാം വർഷം നാലാം സെമസ്‌റ്റർ പരീക്ഷയുടെ അവധി ദിനങ്ങളിൽ ആണു ഗില്ലിയുടെ റിലീസ്‌. പാട്ടുകൾ എല്ലാം അന്നേ ഹിറ്റും, ഹോസ്റ്റലിന്റെ സ്പീക്കറുകളിൽ എല്ലാ ദിവസവും ചായ സമയത്ത്‌ മുഴങ്ങി കേൾക്കുന്നത്‌ കൊണ്ടും ഹൃദ്യവും കാണാപാഠവും, പോരാത്തതിനു ഇളയദളപതി നായകനായി അഭിനയിക്കുന്ന ചിത്രവും. ഞങ്ങളുടെ പരീക്ഷ ആരംഭിക്കാൻ മൂന്നു ദിവസം ബാക്കിയുള്ളപ്പോൾ ആണു ചിത്രം റിലീസാവുന്നത്‌. ആദ്യ ദിനം തന്നെ കാണണമെന്നു തന്നെ ഞങ്ങൾ സെകണ്ട്‌ ഇയർസ്സ്‌ തീരുമാനിച്ചു രാവിലേ തന്നെ ഹോസ്റ്റൽ വിട്ടിറങ്ങി. കോളജിൽ നിന്നും പത്തു പന്ത്രണ്ട്‌ കിലോമീറ്ററുകൾ ഉണ്ടായിരുന്നു തീയറ്ററിലേക്ക്‌.. ആദ്യ ഷോ 10:30ക്ക്‌. തീയറ്ററിനു മുന്നിൽ ഞങ്ങൾ ഒരു 25 പേർ രാവിലെ ഒൻപത്‌ മണിക്ക്‌ തന്നെ കുറ്റിയടിച്ചു നിൽപാണു..നിമിഷങ്ങൾ കഴിയുമ്പോഴേക്കും ഇരുപത്തിയഞ്ചു അൻപതായി പിന്നെ നൂറായി ആളുകൾ കൂടിക്കോണ്ടേയിരുന്നു. കണക്കെടുക്കാൻ കഴിഞ്ഞില്ല. ഇരട്ട തീയറ്ററുള്ള കോമ്പ്ലക്‌സിനു മുന്നിൽ ഒരു പൂരത്തിനുള്ള ആളായി.. ഇത്തിരി നേരം കഴിഞ്ഞപ്പോൾ രണ്ടു ജീപ്പ്‌ പോലീസും. സമയം പത്തരയായിട്ടും പെട്ടി എത്തിയില്ല... വെയിലിൽ കാത്തു നിന്നിരുന്ന ഞങ്ങളുടെയെല്ലാം ക്ഷമ നശിച്ചു കൊണ്ടേയിരുന്നു. എന്നാലും വിജയുടെ പടം എന്ന ചിന്ത ഞങ്ങളുടെ ഉള്ളിൽ ഉത്തേജനമായിരുന്നു. തമിഴ്‌നാട്ടിലെ ആ പൊള്ളുന്ന വെയിൽ അറിയാല്ലൊ, ആ ചിന്ത അതിനിടയിലും റെഡ്‌ ബുള്ളിന്റെ എഫക്റ്റ്‌ ഉള്ളിൽ നുരഞ്ഞു പൊങ്ങിക്കൊണ്ടേയിരുന്നു. കോമ്പ്ലക്സിന്റെ ഗേറ്റ്‌ ഇതു വരെയും തുറന്നിട്ടില്ല, ടിക്കറ്റും കൊടുത്തു തുടങ്ങിയിട്ടില്ല.. 11:30 ആയി, നോ രക്ഷ. ഫാൻസ്‌ ടീമുകൾ പാലഭിഷേകത്തിനു കൊണ്ടു വന്ന പാൽ മൊത്തം പിരിഞ്ഞു തൈരായി എന്നു തൊന്നുന്നു. ഇന്നിനി പടമുണ്ടാകുമോ എന്നു തന്നെ സംശയമായി. പരൂക്ഷക്ക്‌ നാലക്ഷരം പഠിച്ചു റാങ്ക്‌ വാങ്ങുന്നതിനു പകരം തീയറ്ററിൽ വന്നു കാവലിരിക്കുന്നു.. വീട്ടിലെങ്ങാനും അറിഞ്ഞാൽ.. ഭലേ ഭേഷ്‌..!!!
പെട്ടിയെത്തീ!!! പെട്ടിയെത്തീ..!!! ചെണ്ടമേളം കേട്ട്‌ ഒരുത്തൻ അലറി കൂവി.. ആദ്യമായാണു ഒരു പെട്ടി ഇങ്ങനെ ആനയിച്ചു കൊണ്ടു വരുന്നത്‌ കാണുന്നത്‌.. അപ്പോഴുള്ള ആ എനർജി ശരിക്കും കിടിലൻ തന്നെ. കബഡി വേഷത്തിൽ നിൽക്കുന്ന വിജയുടെ കൂറ്റൻ ഫ്ലക്സിൽ തൈരാണൊ പാലാണൊ കമഴ്തിയതെന്നറിയില്ല.. എന്തോ കമഴ്തി.. വലിയ പൂമാലകൾ ചാർത്തി.. ആകെ ഒരു ഉത്സവത്തിന്റെ മയം..
ചെറിയ ഗേറ്റിലൂടെ പെട്ടി തീയറ്ററുകാർ അകത്തേക്ക്‌ കൊണ്ടു പോയി അഞ്ചു മിനിറ്റിനു ശേഷം ഗേറ്റ്‌ തുറന്നു. അണക്കെട്ടിന്റെ ഷട്ടർ തുറന്നു വിടുമ്പൊൾ വരുന്ന വെള്ളം മാതിരി ഞങ്ങളുൾപ്പടെ തീയറ്ററിനു വെളിയിൽ കാത്തു നിന്ന സിനിമാസ്വാദകർ തീയറ്ററിലേക്ക്‌ ഇരച്ചു കയറി. അന്നു ഓൺലൈൻ ബുക്കിംഗ്‌ ഇല്ലാല്ലൊ.. രണ്ടു പേർക്ക്‌ കഷ്ടിച്ച്‌ നിൽക്കാൻ പോലും കഴിയാത്ത ഇടനാഴിയിൽ നീണ്ട ക്യൂവിൽ നിന്നു വേണം റ്റിക്കറ്റെടുക്കാൻ. 25 പേർക്ക്‌ ഒരുമിച്ചവർ റ്റിക്കറ്റ്‌ കൊടുക്കില്ല. അതു മാത്രവുമല്ല, റ്റിക്കറ്റ്‌ എടുത്ത്‌ ആ നീണ്ട ഇടനാഴിയിലൂടെ നടന്ന് വേണം ഇരിപ്പിടങ്ങളിൽ എത്താൻ. അന്നൊന്നും, ഇന്നുള്ള പോലെ സീറ്റ്‌ നമ്പറുകൾ റ്റിക്കറ്റിൽ എഴുതാറില്ലായിരുന്നു. അതു കൊണ്ടു തന്നെ ആദ്യമെത്തിയാലേ നമുക്കിഷ്ടപ്പെട്ട ഇരിപ്പിടവും കിട്ടുകയുള്ളൂ. ഓട്ടം തന്നെ ഓട്ടം.
അതിനിടയ്ക്ക്‌ പോലീസ്‌ ലാത്തിചാർജ്ജ്‌ തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. തള്ള്‌ കൊണ്ടു ഞങ്ങളും തള്ള്‌ നിയന്ത്രിക്കാൻ പോലീസുകാർ നന്നേ പാടു പെടുന്നുണ്ടായിരുന്നു.. സൈഡിലുള്ള കമ്പികളിൽ ലാത്തി കൊണ്ടടിച്ചു പോലീസ്‌ നല്ല ഭരണിപ്പാട്ട്‌ വിളിച്ചു അടിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണു കമ്പിയിലുള്ള ഒരു അടി തെന്നി മാറി എന്റെ കാൽത്തുടയിൽ വന്നു പതിച്ചത്‌. ഹൗ!!! ആകാശത്തുള്ള എല്ലാ നക്ഷത്രങ്ങളും ഞാൻ ഒറ്റ നിമിഷത്തിൽ എണ്ണി. ശരീരം വേദനിച്ചാൽ എനിക്കും കണ്ണൊന്നും കാണുകയില്ല. അന്നെങ്ങാനും പ്രേമം ഇറങ്ങിയിരുന്നെങ്കിൽ കണ്ണു ചുവക്കണു പാട്ടൊക്കെ ബാക്ക്ഗ്രൗണ്ടിൽ ഇട്ട്‌ ആ പോലീസിനെ തല്ലുന്നത്‌ ഞാൻ സ്വപ്നം കണ്ടേനെ. വേദന കടിച്ചു പിടിച്ചു വീണ്ടും Qവിൽ നിന്നു. ഈ Qവിനൊരു അറുതിയില്ലേ ഭഗവാനേ. വല്ലച്ചാതി റ്റിക്കറ്റെടുത്തു അകത്തു കയറി ഇരുന്നിട്ട്‌ വേണം അടി കിട്ടിയ ഇടത്തിൽ തിരുമ്മാൻ..
അവസാനം തള്ളിപ്പിടിച്ചു ആദ്യം നിൽക്കുന്നവർ 4 പേർ എല്ലാവരുടെയും റ്റിക്കറ്റെടുത്തു കൊണ്ട്‌ മുന്നോട്ടോടി. എല്ലാവരും ഓടിക്കയറി ഫസ്റ്റ്‌ ക്ലാസ്‌ സീറ്റിംഗിൽ കുറച്ചു പിറകിലായി ഞങ്ങൾക്ക്‌ സീറ്റ്‌ കിട്ടി എല്ലാവരും നിലയുറപ്പിച്ചു.. തീയറ്റർ അൽപ സമയം കൊണ്ടു ബാൽക്കണിയും ഫസ്റ്റ്‌ ക്ലാസും സെകണ്ട്‌ ക്ലാസും നിറഞ്ഞു. അൽപ സമയത്തിനുള്ളിൽ സിനിമ തുടങ്ങി.
തീയറ്റർ ഇളകി മറിയുന്ന ആഘോഷത്തിൽ സത്യം പറഞ്ഞാൽ അടി കിട്ടിയ ഭാഗം റബർ പന്തു പോലെ വീർക്കുന്നത്‌ ഞാൻ അറിഞ്ഞിരുന്നില്ല. നല്ല കോമഡിയും കിടിലൻ പാട്ടുകളും കുറച്ചു മാസ്‌ എലമന്റുകളും നിറഞ്ഞ ഫസ്റ്റ്‌ ഹാഫ്‌.ആശിഷ്‌ വിദ്യാർഥിയെ നല്ല ഒരു റോളിൽ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ കോമഡി ഡിപാർട്ട്മെന്റിലുള്ള പങ്കാളിത്തം എടുതു പറയേണ്ടതാണു. വിജയുടെ അമ്മയായി ജാനകി സബേഷും സഹോദരിയായി നാൻസി ജെന്നിഫറും തകർത്തു വാരി. പ്രകാശ്‌രാജിന്റെ ചെല്ലം വിളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണു സ്വീകരിച്ചത്‌. എനിക്കു തോന്നുന്നത്‌ അതിനു മുൻപ്‌ ആ കാലഘട്ടത്തിൽ വില്ലന്മാരെ തമിഴർ മുഴുഹൃദയത്തോട്‌ കൂടി സ്വീകരിച്ചത്‌ ധൂളിലെ സൊർണ്ണാക്കയെയും (തെലുങ്കാന ശകുന്തള) അവരുടെ സഹോദരൻ ആദിയെയും (പശുപതി) പിന്നെ സാമിയിലെ പെരുമാൾ പിച്ചെയെയും (കോട്ട ശ്രീനിവാസ റാവു) ആണെന്നു തോന്നുന്നു. വിജയുടെയും പ്രകാശ്‌രാജിന്റെയും ഏറ്റുമുട്ടലിലുണ്ടായ തീ പ്രേക്ഷകർക്ക്‌ പകർന്നു കൊടുത്ത ഊർജ്ജം ഒന്നു വേറെ തന്നെയാരുന്നു. നായികയുടെ കഴുത്തിൽ നായകൻ കത്തി വെച്ചിട്ടുള്ള മാസ്‌ ഡയലോഗും ആ സീനും അന്നത്തെ കാലത്ത്‌ പുതുമ ആയിരുന്നു. ഏറ്റവും മികച തമിഴ്‌ മാസ്‌ സീനുകളുടെ ലിസ്റ്റിൽ ഈ സീൻ ഉണ്ട്‌.
വിദ്യാസാഗറിന്റെ സംഗീതം ആയിരുന്നു മറ്റൊരു ഹൈലൈറ്റ്‌. സൗഹൃദവും പ്രണയവും ഒക്കെ നല്ല രീതിയിൽ സംവിധായകൻ ധരണി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്‌. ആക്ഷൻ സീൻസും അന്നു വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.
അന്നു ഒക്കഡു കണ്ടിട്ടില്ല, അതു കൊണ്ടു തന്നെ കഥയെ പറ്റി അത്ര ഗ്രാഹ്യമുണ്ടായിരുന്നില്ല. ഒരു താരതമ്യവും ഇല്ലാതെ തന്നെ തമിഴിലെ എക്കാലത്തെയും മികച്ച മാസ്‌ സിനിമ കണ്ട ചാരിതാർത്ഥ്യത്തോടെ തീയറ്ററിൽ നിന്നും ഇറങ്ങുമ്പോഴാണു എന്റെ നടത്തത്തിനു അൽപം മുടന്തും പിന്നെ വേദനയും ഞാൻ അറിഞ്ഞത്‌.