Cover Page

Cover Page

Saturday, October 8, 2016

194. Mirzya (2016)

മിർസിയ (2016)



Language : Hindi
Genre : Action | Drama | Fantasy | Musical | Romance
Director : Rakesh OmPrakash Mehra
IMDB : 5.7


സ്പോയിലറുകൾ ഉണ്ട്, ക്ഷമിക്കുക..

രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന ഒരു സിനിമാപ്രവർത്തകൻ ആണ്. തന്റെ ആദ്യ ചിത്രമായ രംഗ് ദേ ബസന്തിയിൽ തുടങ്ങിയ ഇഷ്ടം ദില്ലി 6 കണ്ടപ്പോഴും ഭാഗ് മിൽഖാ ഭാഗ് കണ്ടപ്പോഴെല്ലാം അദ്ദേഹത്തിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടി കൂടി വന്നു. പ്രസിദ്ധമായ മിർസാ സാഹിബാൻ പ്രണയകഥയെ ആസ്പദമാക്കി ഇതിഹാസ എഴുത്തുകാരൻ ഗുൽസാറിനൊപ്പം മിർസിയ എന്ന ചിത്രം പുറത്തിറക്കുന്നു കേട്ടപ്പോഴുള്ള ആഹ്ളാദം പറഞ്ഞറിയിക്കുന്നതിനും മേലെ ആയിരുന്നു. ട്രെയിലറും പാട്ടുകളും ആ ആഹ്ളാദത്തിനു ആക്കം കൂട്ടി.

രണ്ടു കഥകളാണ് ചിത്രത്തിൽ ഒരേ സമയം പറഞ്ഞു പോകുന്നത്. മിർസാ സാഹിബാൻ കഥയും (പഴയ കാലഘട്ടം), പിന്നെ ആധുനിക കാലഘട്ടത്തിലെ കരൺ-സുചിത്ര-മിർസ (മോനിഷ) എന്നിവരുടെ പ്രണയകഥയും.
മിർസ-സാഹിബാൻ കഥ ഞാൻ അധികം വിവരിക്കുന്നില്ല.. മോനിഷും സുചിത്രയും കുട്ടിക്കാലം മുതൽക്കു തന്നെ ഒരുമിച്ചു കളിച്ചു വളർന്നവർ ആണ്. സുഹൃദ്ബന്ധത്തിലും മേലെ ആയിരുന്നു അവരുടെ ബന്ധം എന്നൂഹിക്കാം. പക്ഷെ ഒരു പ്രത്യേക കാരണം മൂലം മോനിഷിനു ജയിലിൽ പോകേണ്ടി വരുന്നു അവിടെ രണ്ടു പേരും പിരിയുകയാണ്. അവിടുന്ന് രക്ഷപെട്ടു അവൻ ഒരു കൊല്ലന്മാരുടെ താഴ്വരയിൽ എത്തുന്നു. അവിടെ ഒരു മുസ്‌ലിം കുടുംബം അവനെ ആദിൽ മിർസ എന്ന് പേരിട്ടു വളർത്തുന്നു. അവിടെ രാജകുടുംബത്തിൽ കുതിരക്കാരനായി ജോലിയും ചെയ്യുന്നു. അവിടെ വെച്ച് തന്റെ ബാല്യകാലത്തിൽ നഷ്ടപ്പെട്ടു പോയ സഖിയെ കണ്ടു മുട്ടുന്നു (എന്ന് പറയാൻ കഴിയില്ല) കാരണം മിർസയ്ക്കറിയാം അവളുടെ കല്യാണം രാജകുമാരന് വേണ്ടി ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ് എന്ന്). കൂടാതെ കരണും സുചിത്രയും പ്രണയബദ്ധരുമാണ്.  അവൻ ദൂരെ നിന്നും അവളെ കണ്ടു കൊണ്ടേയിരുന്നു. ഒരു സുപ്രഭാതത്തിൽ അവൾ അറിയുന്നു തനിക്കു നഷ്ടപ്പെട്ടു പോയ ബാല്യകാല സുഹൃത്താണ് തന്റെ മുന്നിൽ നിൽക്കുന്ന ആദിൽ മിർസ എന്ന്. അത്രയും നാളും സ്നേഹിച്ച കിരണിനെ ഒറ്റ നിമിഷം കൊണ്ട് തൂക്കിയെറിഞ്ഞു ആദിലിന്റെ കൂടെ  പോകാൻ അവൾ ആഗ്രഹിക്കുന്നു. പിന്നീട് നടക്കുന്നതെല്ലാം എതൊരു കൊച്ചു കുട്ടിക്കും പ്രവചിക്കാൻ കഴിയുന്നതാണ്.

സിനിമ തുടങ്ങി, ചിത്രത്തിൻറെ ടൈറ്റിൽ കാർഡ് എഴുതുന്നതിൽ കൂടി വ്യത്യസ്തതയോടെ മികവ് പുലർത്തി. പ്രാചീന കാലഘട്ടത്തിലെ ഒരു രണവേദിയാണ് ആദ്യം കാണിക്കുന്നത്. ഉള്ളത് പറയാം, കിടിലൻ ക്യാമറവർക്കും ഗ്രാഫിക്‌സും അതിലേറെ സ്റ്റൈലിഷ് എക്സിക്ക്യൂഷനും. പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതില്ലല്ലോ.. അത്രയ്ക്ക് ആവേശം നൽകും, പെട്ടെന്ന് തന്നെ ആധുനിക കാലഘട്ടം കാണിച്ചു. ആദ്യം കരുതി ഇതൊരു മഗധീരയുടെ വേർഷൻ ആണോ എന്ന്. ഒരു ഇരുപതു മിനുട്ട് കഴിയുന്നതോടെ ചിത്രത്തിൻറെ തുടക്കത്തിൽ കിട്ടിയ ആവേശം പെട്ടെന്ന് തന്നെ കേട്ട് പോയി.. വളരെ അധികം മെല്ലെപ്പോക്കാകുന്നു. ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന സിനിമയായി മാറാൻ അധികം താമസം വേണ്ടി വന്നില്ല. മിർസ സാഹിബാന്റെ കഥ ഒരു ദൃശ്യ വിരുന്നായി തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. പക്ഷെ ആധുനിക കാലത്തിലെ കഥയ്ക്ക് ഒരു ന്യായീകരണം നൽകാൻ കഥാകൃത്തിനും സംവിധായകനും കഴിഞ്ഞില്ല എന്നത് വിരസമായ ഒരു സിനിമയാക്കി മാറ്റി.  ഒരിക്കൽ പോലും ആധുനിക കാലത്തു ആവിഷ്കരിച്ചിരിക്കുന്ന പ്രണയത്തിനു യാതൊരു വിധ ന്യായീകരണവും അർഹിക്കുന്നില്ല. അത് കണ്ടു കഴിയുമ്പോൾ നിങ്ങൾക്കും മനസിലാവും.

ഹർഷവർധൻ കപൂറിന്റെ അരങ്ങേറ്റം മികച്ചതാണെങ്കിലും, ഒരു ഹിറ്റ് നൽകാൻ കഴിയുമോ എന്ന് സംശയമാണ്. താടിയും മീശയും എടുത്തു കഴിഞ്ഞാൽ ഒരു സ്ത്രീയുടെ മുഖമാണ് ഹർഷയ്ക്ക്. സൈയാമി ഖേർ മോഡേൺ വേഷങ്ങൾ ഭയങ്കര സുന്ദരിയായി തോന്നി പക്ഷെ സാഹിബയായിട്ടു അത്ര പോരായെന്നു തോന്നി. രണ്ടു പേരും പുതുമുഖം ആണ് എന്നത് തോന്നുകയേ ഇല്ല, നല്ല അഭിനയം കാഴ്ച വെച്ചു. അനുജ് ചൗധരി അവതരിപ്പിച്ച കരൺ എന്ന കഥാപാത്രവും നന്നായിരുന്നു.

ഗുൽസാർ എന്ന അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ എങ്ങിനെ ഈ ചിത്രത്തിൻറെ കഥ പിറന്നു എന്നാണു എനിക്ക് സംശയം. സംവിധായകൻ ആയ മെഹ്‌റ ചിത്രം ഞാൻ പറഞ്ഞുവല്ലോ പ്രാചീന കാലത്തെ കഥ വളരെ മികച്ച രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നുവെങ്കിലും പുതിയ കാലത്തെ കഥയ്ക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഒരു സംഗീത സാന്ദ്രമായ പ്രണയകഥയാണെങ്കിലും പലപ്പോഴും ചിത്രത്തിൻറെ വേഗതയെ കഥയും തിരക്കഥയും പുറകോട്ടടിക്കുന്നുണ്ട്. സംഗീതം നന്നായിരുന്നു, രണ്ടു മൂന്നു ഗാനങ്ങൾ മികച്ചു നിന്നു, പക്ഷെ മൊത്തത്തിൽ ശരാശരി നിലവാരം മാത്രമേ പുലർത്തിയുളളൂ. പശ്ചാത്തല സംഗീതം നന്നായിരുന്നു, അവിടെയും ചില സന്ദർഭങ്ങളിൽ ഉള്ളത്, എവിടെയൊക്കെയോ കേട്ടു മറന്ന ഈണങ്ങൾ ഓർമ്മിപ്പിച്ചു.
ഇടയ്ക്കു ഒരു പുലിയെ കാണിക്കുന്നുണ്ട്, അത് ഗ്രാഫിക്സ് ആണോ അതോ ശരിക്കുമുള്ളതാണോ എന്ന് സംശയിച്ചു പോകും. അത്രയ്ക്ക് മികച്ച ഗ്രാഫിക്സ്. യുദ്ധം ഒക്കെ മികച്ചു നിന്നു.

മൊത്തത്തിൽ പറഞ്ഞാൽ ഇടവേളയില്ലാത്ത ഈ സിനിമ കണ്ടു മുഴുമിപ്പിക്കാൻ ഒരു സാധാരണ പ്രേക്ഷകൻ ഇത്തിരി കഷ്ടപ്പെടും എന്നാണു എന്റെ ഒരു വിലയിരുത്തൽ.

ഈ പാളിപ്പോയ പ്രണയകാവ്യത്തിന് ഞാൻ നൽകുന്നതു 04 ഓൺ 10.

വെറും 35 കോടിയിൽ മികച്ച രീതിയിൽ (പ്രാചീന കാലം) കഴിഞ്ഞ രാകേഷ് ഓംപ്രകാശ് മെഹ്‌റയ്‌ക്കു ഒരു ബാഹുബലിയോ ഒക്കെ നിർമ്മിച്ച മുതൽ മുടക്കുണ്ടെങ്കിൽ ഒരു ബ്രഹ്മാണ്ഡ സിനിമ ഒരുക്കാൻ കഴിയും എന്നതിൽ യാതൊരു തർക്കവുമില്ല.
ചിത്രം കാണണം എന്ന് നിർബന്ധമുള്ളവർ ഡിവിഡി ഇറങ്ങുമ്പോൾ കാണുന്നതാവും അഭികാമ്യം.

No comments:

Post a Comment