Cover Page

Cover Page

Wednesday, July 6, 2016

180. Uriyadi (2016)

ഉറിയടി (2016)



Language : Tamil
Genre : Action | Crime | Drama | Thriller
Director : Vijay Kumar
IMDB : 8.4

Uriyadi Theatrical Trailer


ഓരോ സീനുകളിലും രോമം എഴുന്നേറ്റു നിൽക്കുന്ന അവസ്ഥ.. അടുത്ത നിമിഷം എന്തു സംഭവിക്കും എന്ന അനിശ്ചിതത്വം. ഒരു പുൽത്തകിടി പോലും സിനിമയ്ക്ക് വേണ്ടി അഭിനയിച്ച മുഹൂർത്തം. തകർപ്പൻ പശ്ചാത്തല സംഗീതം. സ്നേഹം, സൗഹൃദം, ക്രോധം, വഞ്ചന, പക എന്നീ മനുഷ്യ വികാരങ്ങളുടെ വേലിയേറ്റം.

ഈ അടുത്ത കാലത്തു ഒട്ടും പ്രതീക്ഷയില്ലാതെ കണ്ടു, മനസു നിറയെ സംതൃപ്തി നിറച്ചു തന്ന ചിത്രമാണ് ഉറിയടി. ഈ ചിത്രത്തിൽ അഭിനയിച്ച ഒരാളെ ഒഴിച്ച് വേറെ ആരെയും ഒരു സിനിമയിലും മുൻപ് കണ്ടിട്ടുമില്ല. എന്നിട്ടും ഉറിയടി, മനസു നിറച്ചിട്ടുണ്ടെങ്കിൽ അതിനു സംവിധായകൻ വിജയകുമാറിന് തന്നെയാണ് ക്രെഡിറ്റ് കൊടുക്കേണ്ടത്.
ബട്ടർഫ്‌ളൈ എഫക്ട് കേട്ടിട്ടുണ്ടാവും, ഒരു ചെറിയ സംഭവത്തിൽ നിന്നും വലിയ സംഭവമായി മാറുന്ന പ്രക്രിയയെ ആണ് ബട്ടർഫ്‌ളൈ എഫക്ട് എന്നു പറയുന്നത്. ഏതാണ്ട് ഇതേ സിദ്ധാന്തത്തെ ചുറ്റിപ്പറ്റി തന്നെയാണ് കഥ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

മൂന്നു കൂട്ടരെ ചുറ്റിപ്പറ്റിയാണ് കഥ മുൻപോട്ടു പോകുന്നത്. എഞ്ചിനീറിങ്ങിനു നാലാം വർഷം പഠിക്കുന്ന അഖിൽ, സുരേഷ്, ക്വാർട്ടർ, ലെനിൻ എന്ന നാലു ഉറ്റസുഹൃത്തുക്കൾ, കള്ളുബിസിനസ് നടത്തുകയും ഇടയ്ക്കു മാത്രം കോളജിൽ പോകുന്ന രാമനാഥൻ പിന്നെ കുശാഗ്രബുദ്ധിയുള്ള രാഷ്ട്രീയക്കാരൻ ആയ കുമാർ. കുമാർ നടത്തുന്ന കള്ളു ഷാപ്പിൽ പതിവുകാരാണ് നാലു കൂട്ടുകാർ. അവിടെ തന്നെ മദ്യം വിതരണം ചെയ്യുന്ന ഇടപാടുകാരന്റെ മകൻ ആണ് രാമനാഥൻ. ഒരു ദിവസം, മദ്യം സേവിച്ചു കൊണ്ടിരിക്കുന്ന സമയത്തുണ്ടാകുന്ന ജാതി മൂലമുള്ള വാക്കു തർക്കത്തിൽ ഉടലെടുക്കുന്ന പ്രശ്നങ്ങളും അതിനെ ചുറ്റിപ്പറ്റിയുമാണ് ചിത്രം മുഴുവനും.

സംവിധായകൻ തന്നെയാണ് നായകന്മാരിൽ ഒരാളായി എത്തുന്നത്. വിജയകുമാർ അവതരിപ്പിച്ച ലെനിൻ വിജയ് നല്ല കയ്യടി വാങ്ങാൻ ഉതകുന്ന ഒന്നാണ്. ഓരോ സീനിലും വിജയകുമാർ മാത്രമല്ല ബാക്കിയുള്ള മൂന്നു കൂട്ടുകാരും തകർത്തു (പേരുകൾ അറിയില്ലാത്തതു കൊണ്ടു എഴുതുന്നില്ല). മൈം ഗോപി അവതരിപ്പിച്ച കുമാർ എന്ന രാഷ്ട്രീയക്കാരൻ വളരെ മികച്ച ഒരു വില്ലൻ വേഷം ആയിരുന്നു. അതു തന്മയത്വത്തോട് കൂടി തന്നെ അദ്ദേഹം ചെയ്തു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളിൽ നിന്നും അവരുടെ പരമാവധി കഴിവുകളും പുറത്തെടുപ്പിച്ചു വിജയകുമാറിലെ സംവിധായകൻ. ഈ സിനിമ നടക്കുന്നത് ഒരു പഴയ കാലഘട്ടത്തിലാണ് (വർഷം ചിത്രത്തിൽ പറയുന്നില്ലായെങ്കിലും ഊഹിച്ചെടുക്കാൻ സാധിച്ചു), മൊബൈലുകളും ഒന്നു ഇല്ലാതിരുന്ന കാലത്ത്, അതു സിമ്പോളിക്കായി കാണിച്ചു തന്നു വിജയകുമാർ.

രോമം എഴുന്നേറ്റു നിൽക്കുന്ന മാസ് സീനുകളും, ആശ്ചര്യത്താൽ വായ പൊളിക്കുന്ന സന്ദര്ഭങ്ങളും നിരവധിയാണ് ചിത്രത്തിൽ. കഥയും തിരക്കഥയും എന്നു വേണ്ട ആക്ഷൻ സീനുകളിൽ വരെ ഒരു ഒറിജിനാലിറ്റി തോന്നിപ്പിച്ചു. അതു തന്നെയാണ് ചിത്രത്തിന്റെ വിജയവും. വയലൻസ് അതിഘോരമാണ് എന്നാൽ ആസ്വദിക്കാനും കഴിയും. മസാല കോഫീ ബാൻഡിൻറെ പശ്ചാത്തല സംഗീതവും ഗാനങ്ങളും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. കാന്താ ഞാനും പോരാം എന്ന മലയാളം പാട്ടു, തമിഴിൽ ആസ്വദിക്കതക്ക രീതിയിൽ അവർ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാട്ടുകളെല്ലാം, സീനായി ഇടകലർന്നു വന്നത് കൊണ്ടു ഒരു രസം കൊല്ലിയാകുന്നുമില്ല. ഓരോ സീനും മനസിൽ വെയ്ക്കാൻ അതിന്റെ പശ്ചാത്തല സംഗീതവും നല്ല ഒരു പങ്കു വഹിച്ചിട്ടുണ്ട്. ക്ളൈമാക്‌സും, പ്രീ-ഇടവേള സീനുകളും നിങ്ങളെ ശരിക്കും അന്ധാളിപ്പിക്കും എന്നു ഞാൻ ഉറപ്പു പറയുന്നു. അതു മാത്രമല്ല.. പടം മൊത്തത്തിൽ കിടുക്കി.

തമിഴ്നാട്ടിൽ ഏറ്റവും എളുപ്പത്തിൽ ആളുകളെ തമ്മിലടിപ്പിക്കാൻ പോകുന്ന ഒരു വിഷയം ആണ് ജാതി. ജാതി പ്രശ്നം ഉണ്ടാകുമ്പോൾ അതു മുതലെടുക്കാൻ രാഷ്ട്രീയപാർട്ടികളും ഒക്കെ ശ്രമിക്കുന്നുണ്ട് അതിനെതിരെ ഉള്ള  ഒരു തുറന്ന ഘോഷണം തന്നെ ആണ് ഈ സിനിമ. 

I would rather say this movie is a one of a gem..

എന്റെ റേറ്റിങ് 9.0 ഓൺ 10

ഞാൻ തമിഴ്നാട്ടിലെ ഒരു കോളജിലാണ് എന്റെ എഞ്ചിനീറിങ് പഠിച്ചത്. അവിടെ പല സമയത്തായി നടന്ന പല കാര്യങ്ങളും എനിക്കീ ചിത്രത്തിലൂടെ കാണാൻ സാധിച്ചത് മൂലം, പഴയ കാലത്തേക്കൊരു ഓർമ്മപുതുക്കൽ കൂടിയായിരുന്നു ഇതു. വിജയകുമാറിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുന്നു.

No comments:

Post a Comment