റോക്ക്സ്റ്റാർ (2011)
Language : Hindi
Genre : Drama | Musical | Romance
Director : Imtiaz Ali
IMDB : 7.6
Rockstar Theatrical Trailer
ഒത്തിരി അധികം വൈകി ആണ് റോക്ക്സ്റ്റാർ എന്ന ഈ സംഗീതവിരുന്നു കാണാൻ കഴിഞ്ഞത്. തീയറ്ററിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന വിഷമം മനസ്സിൽ നിൽക്കെ കൊണ്ട് പറയട്ടെ, ഇതൊരു റഹ്മാൻ-ഇംതിയാസ്-മോഹിത് -രൺബീർ എന്നിവരുടെ കൂട്ടുകെട്ടിൽ പിറന്ന ഒരു കാവ്യം തന്നെയാണ്. ഞാൻ ആദ്യമായി ആണ്, ഒരു പാട്ട് പോലും ഫോർവാർഡ് ചെയ്യാതെ കാണുന്നത്.
ഇതൊരു റോക്ക്സ്റ്റാറിൻറെ കഥയല്ല, മറിച്ചു യുവാവിൻറെ ജീവിതത്തിലൂടെ ഉള്ള ഒരു യാത്രയാണ് അതും സംഗീതത്തിന്റെ അകമ്പടിയോടു കൂടെ. ജനാർദ്ദൻ എന്ന ജോർദൻ എന്ന യുവാവ് സംഗീതത്തിൽ എന്തെങ്കിലും ആകണം, ജിം മോറിസൻ എന്ന റോക്ക്സ്റ്റാറിനെ മനസ്സിൽ ഒരു വിഗ്രഹമായി കൊണ്ട് നടക്കുന്ന നിഷ്കളങ്കനായ ജോർദൻ അദ്ദേഹത്തെ പോലെ തന്നെ പ്രശസ്തിയുടെ പടവുകൾ കയറണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങിനെ കോളജിലെ മെസ്സിൽ ഉള്ള ഖടാന ജനാർദനു നല്ല സംഗീതം ഉണ്ടാക്കാനുള്ള വഴി പറഞ്ഞു കൊടുക്കുന്നു. അതിൽ ഒന്നായിരുന്നു, പ്രനയനൈരാശ്യത്തിൽ ഹൃദയം തകർന്നു പോകുന്ന കലാകാരനിൽ നിന്നും വേദനയുടെ സംഗീതം ഉണ്ടാവും എന്നാ ഉപദേശം. അത് കൈക്കൊണ്ട ജെജെ അങ്ങിനെ ഹീർ എന്ന പെൺകുട്ടിയെ കണ്ടു മുട്ടുന്നു. തുടക്കത്തിൽ തമാശ രൂപേണ കോളേജിൻറെ സൌന്ദര്യധാമമായ ഹീറിനെ പ്രണയാഭ്യർഥന നടത്തുന്ന ജെജെയോട് തന്റെ കല്യാണം ഉറപ്പിചിരിക്കുകയാണെന്നും അതിനു ശേഷം പ്രാഗിലേക്ക് പോകുമെന്നും പറയുന്നു. പിന്നീട് അവർ നല്ല സുഹൃത്തുക്കൾ ആകുന്നു.. ഹീരിൻറെ കല്യാണത്തിനു പങ്കെടുത്തു മടങ്ങി വന്ന ജെജെ തന്റെ സ്വന്തം വീട്ടിൽ നിന്നും പുറത്താക്കപ്പെടുന്നു. വീട് വിട്ടിറങ്ങുന്ന ജെജെ പിന്നീട് നിസാമുദീൻ ദർഗയിൽ എത്തപ്പെടുന്നു. അവിടെ വെച്ച് ജെജെ സംഗീതത്തിനോടു കൂടുതൽ അടുക്കുന്നു. പിന്നീട് ഖടാനയെ ചെന്ന് കാണുകയും, ഒരു മ്യൂസിക് കമ്പനിയിൽ പാടാനുള്ള അവസരം ലഭിക്കുന്നു. പക്ഷെ അതിനു കഴിയാതെ പോകാൻ തുടങ്ങുമ്പോൾ, ദർഗയിൽ വെച്ച് ജെജെയുടെ കഴിവ് തിരിച്ചറിഞ്ഞ ഉസ്താദ് ജമീൽ ഖാൻ മ്യൂസിക് കമ്പനി ഉടമയോട് ജെജെയ്ക്ക് വീണ്ടും അവസരം കൊടുക്കാൻ നിർബന്ധിക്കുന്നു. അതെ സമയം, മ്യൂസിക് കമ്പനിയ്ക്ക് വേണ്ടി പ്രാഗിലെക്കുള്ള ഒരു ട്രിപ്പിൽ ജെജെ പോകുന്നു. അവിടെ ഹീറിനെ കാണണം എന്നുള്ള ഉദ്ദേശ്യമായിരുന്നു ജെജെയ്ക്ക്. അവർ അവിടെ വെച്ച്, തന്നെ പ്രണയബദ്ധരാകുന്നു. പിന്നീട് ജെജെയുടെ ജീവിതത്തിൽ എന്ത് സംഭവിക്കുന്നു എന്നതാണ് ചിത്രത്തിൻറെ കാതൽ.
ഒരു ചിത്രം മുഴുനീളം ഒട്ടും അലോസരം ഇല്ലാതെ കണ്ടിരിക്കണമെങ്കിൽ അതിനു പ്രധാനമായും എന്തെങ്കിലും കാരണം ഉണ്ടാകും. ഇവിടെ, ഇംതിയാസ് അലി എന്ന സംവിധായകനും, രൺബീർ എന്ന നടനും പിന്നെ മാസ്മരിക സംഗീതം നൽകിയ എ.ആർ. റഹ്മാനുമാണ്. സംവിധാനം, നടനം, സംഗീതം..മൂന്നു കാരണങ്ങൾ.
ഈ ചിത്രത്തിലുടനീളം ഇംതിയാസ് അലി എന്ന സംവിധായകൻറെ പ്രതിഭ കാണാൻ കഴിയും. തൻറെ സുഹൃത്തിന്റെ ജീവിതം തന്നെയാണ് അദേഹത്തിന് ഈ കഥ എഴുതാൻ ഉതകി എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞു കണ്ടിരുന്നു. അദ്ദേഹം ജെജെയുടെ സംഭവബഹുലമായ ജീവിത രീതി വളരെ തന്മയത്വത്തോടെയും അതെ സമയം കൃത്യതയോടെയും ആണ് അവതരിപ്പിച്ചിരിക്കുന്നത്. നല്ല തിരക്കഥയും, അതിലുപരി നല്ല ഡയലോഗുകളാൽ സമ്പന്നമാണ് റോക്ക്സ്റ്റാർ. ഓരോ കഥാപാത്രവും നമ്മുടെ മനസ്സിൽ നിറഞ്ഞു നില്ക്കുന്നതായി തോന്നി.
അതിലേറ്റവും മികച്ചു നിന്നത് രൻബീർ കപൂർ തന്നെയാണ്. ഒരു നിമിഷം പോലും, രൻബീർ മുന്നിൽ നിൽക്കുന്നതായി തോന്നിയില്ല, ഒരു സംഗീതജ്ഞൻ നിൽക്കുന്ന മാതിരി തോന്നി. അത്ര കിടയറ്റ പ്രകടനം ആയിരുന്നു രൺബീർ കാഴ്ച വെച്ചത്. ഈ ചിത്രത്തിന് വേണ്ടി നല്ല രീതിയിൽ അദ്ദേഹം തയാറെടുപ്പ് നടത്തിയിട്ടുമുണ്ട്. അത്രയ്ക്ക് കുറ്റമറ്റ പ്രകടനം.
നല്ല താളത്തിൽ ഒഴുകുന്ന നദി തന്നെയായിരുന്നു റഹ്മാൻജിയുടെ സംഗീതം. ഞാൻ ആദ്യമായി ആണ് ഒരു സിനിമയുടെ പാട്ട് ഒരിക്കൽ പോലും ഫാസ്റ്റ് ഫോർവേഡ് ചെയ്യാതെ വീട്ടിലിരുന്നു സിനിമ കാണുന്നത്. പശ്ചാത്തല സംഗീതമാകട്ടെ സിനിമയിലെ പാട്ടാകട്ടെ, ഇത്ര മികവോടെ ചെയ്യാൻ അദേഹത്തിന് മാത്രമേ കഴിയുകയുള്ളൂ എന്ന് വ്യക്തമായി പറയാം.
നർഗീസ് ഫക്രി നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്, ഒരു അമേരിക്കൻ മോഡൽ ആയ അവർ നല്ല രീതിയിൽ അഭിനയിചിട്ടുന്ടെങ്കിൽ അത് പ്രശംസനീയം ആണ്. രൺബീർ കപൂറിൻറെ മുത്തശ്ശനും പഴയ കാല പ്രണയനായകനും സൂപർസ്റ്റാറുമായിരുന്ന ഷമ്മി കപൂർ (മുത്തശ്ശനായ രാജ് കപൂറിന്റെ സഹോദരനാണ്) ഈ ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തു പോകുന്നുണ്ട്. അദ്ദേഹത്തിൻറെ അവസാന ചിത്രവും ആയിരുന്നു ഇത്. അദിതി റാവു, കുമുദ് മിശ്ര, പീയൂഷ് മിശ്ര എന്നിവരും നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്.
സംഗീതസാന്ദ്രമായ ഒരു പ്രണയ കഥ. റോക്ക് സംഗീതം ഇഷ്ടമുള്ളവർക്ക് ധൈര്യമായി കാണാവുന്ന ചിത്രമാണ് റോക്ക്സ്റ്റാർ.
എന്റെ റേറ്റിംഗ് 8.2 ഓൺ 10