മിരുതൻ (2016)
Language : Tamil
Genre : Action | Drama | Horror | Thriller
Director : Shakthi Soundar Rajan
IMDB : 7.6
ദക്ഷിണേന്ത്യയിലെ ആദ്യത്തെ സോമ്പി ചിത്രം എന്ന വിശേഷണത്തിന് സ്വന്തം, അതാണ് മിറുതൻ. സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിന്ന നല്ല അഭിപ്രായങ്ങളൊക്കെ ഉണ്ടായിരുന്നുവെങ്കിലും ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെയാണ് നാണയം, നായ്ക്കൾ ജാഗിരതൈ എന്ന ചിത്രങ്ങൾ സംവിധാനം ചെയ്ത ശക്തി സൌന്ദർ രാജൻറെ ചിത്രം കാണാൻ തീയറ്ററിൽ ചെന്നത്. സ്വാഭാവികമായും പുതിയ ഒരു ചിത്രത്തിനുണ്ടാകുന്ന തിരക്ക് അവിടെ അനുഭവപ്പെട്ടു. പ്രതീക്ഷകൾ ഞാൻ അധികം വെയ്ക്കാഞ്ഞതിനു കാരണങ്ങൾ ഉണ്ട്, അതിലൊന്ന് ഇതൊരു ഇന്ത്യൻ ചിത്രം ആണെന്നുള്ളത് തന്നെയാണ്. വളരെ പരിമിതമായ ബജറ്റിൽ ചെയ്യുന്ന ചിത്രങ്ങൾ ഒരിക്കലും ഹോളിവുഡ് ചിത്രങ്ങളുമായി കിട പിടിയ്ക്കാൻ കഴിയില്ല എന്നതാണ് മുഖ്യ കാരണം.
ഊട്ടിയിലെ ട്രാഫിക് ഡിപ്പാർട്ട്മെൻറിൽ എസ്.ഐ. ആണ് കാർത്തിക്. അയാൾക്ക് സ്വന്തം എന്ന് പറയാൻ വിദ്യ എന്നാ ഒരു അനിയത്തി മാത്രമേ ഉള്ളൂ. ജീവിതകാലം അവൾക്കു തുണയായി ജീവിക്കണം എന്നതാണ് കാർത്തിക്കിന്റെ മനസിലുള്ള ഒരേയൊരു വികാരം. ഒരു പുലർച്ചെ തൻറെ അനിയത്തിയെ കാണാതാകുന്നതോടെയാണ് കഥ വികസിക്കുന്നത്. കാർത്തിക് തൻറെ സുഹൃത്തും ചേർന്ന് വിദ്യ തിരക്കി ഇറങ്ങുന്നു. ഒരു രാസ ദ്രാവകം നിർഗളിച്ചത് മൂലം അന്നാട്ടിലെ മനുഷ്യർ സോംബികളായി മാറുന്നു. ഇതിനെതിരെ ഒരു മരുന്ന് കണ്ടുപിടിയ്ക്കാനായി ഡോക്ടർ രേണുകയും കുറച്ചു ഡോക്ടർമാരും ശ്രമിയ്ക്കുന്നു. എന്നാൽ അവർക്ക് കോയമ്പത്തൂർ ഉള്ള ആശുപത്രിയിൽ എത്തിയെ മതിയാകൂ. അവരെ സഹായിക്കാനായി നായകനായ കാർത്തിക്കും കൂടെ സുഹൃത്തും കൂടി യാത്ര തിരിയ്ക്കുന്നു. കോയമ്പത്തൂരിൽ അവരെ കാത്തിരുന്നത് ഭയാനകമായ അവസ്ഥ ആയിരുന്നു.
പതിവിലും വിപരീതമായി, സാധാരണ മനുഷ്യർ സോമ്പികളാകാനുതകുന്ന കാരണത്തോടെ തുടക്കം. അധികം താമസിപ്പിക്കാതെ തന്നെ കഥാപാത്രവർണ്ണനം സംവിധായകൻ നടത്തിയതിലൂടെ അദ്ദേഹത്തിന്റെ കഴിവ് പ്രകടമാക്കി. പക്ഷെ, പിന്നീടങ്ങോട്ട് ഒരു ലക്കും ലഗാനും ഇല്ലാത്ത പോക്കായിരുന്നു. പറക്കുന്ന സൊംബികൾ, വെറും ട്രാഫിക് പോലീസുകാരന്റെ ആവനാഴിയിലെ തീരാത്ത ഉണ്ടകൾ, അനുസരണയുള്ള സോമ്പികൾ, അടി കൊള്ളാനായിട്ടു ഓരോരുത്തരായി മുൻപോട്ടു വരുന്ന സോമ്പികൾ ഒറ്റ രാത്രി കൊണ്ട് ഇത് വരെ ഇന്ത്യയിൽ വന്നിട്ടില്ലാത്ത രോഗത്തിനു മരുന്ന് കണ്ടുപിടിക്കൽ എന്നിങ്ങനെ പോരായ്മകൾ ധാരാളമായിരുന്നു. ഇത് പോരാഞ്ഞിട്ട്, തമിഴ് സിനിമയിൽ കാലാകാലങ്ങളായി കണ്ടു വരുന്ന ക്ളിഷേകളുടെ ഒളിമ്പിക്സ്.
ഒരു പാതി വെന്ത കഥയിൽ തട്ടിക്കൂട്ടി ഉണ്ടാക്കിയ മാതിരി ആയിട്ടാണ് എനിക്ക് മിറുതൻ തോന്നിയത്. കുറെയധികം ഹോളിവുഡ് സോംബീ ചിത്രങ്ങൾ അദ്ദേഹം ഇതിലേക്ക് മാറ്റിയെടുക്കപ്പെട്ടു. ഉദാഹരണത്തിന്, തുടക്കത്തിലെ രാസദ്രാവകചോർച്ച (ക്രേസീസ്) വാഹനത്തിനു മേലെ നിന്നും സോമ്പികളെ നേരിടുന്നത് (വോക്കിംഗ് ഡെഡ് സീരീസ്), മാൾ സീക്വൻസ് (ഡോൺ ഓഫ് ദി ഡെഡ്) അങ്ങിനെ തുടരുന്നു.
സോമ്പികൾ എന്നത് മനുഷ്യ കുലത്തിനു തന്നെ അന്യം നിൽക്കുന്ന ഒന്നാണെങ്കിലും, കുറച്ചു കൂടി സംവിധായകൻ കൃത്യത പാലിയ്ക്കാമായിരുന്നു. ഈ ചിത്രത്തിലെ ഏറ്റവും വലിയ പോരായ്മയും അദ്ദേഹം തന്നെ, കഥാവിവരണം, സംവിധാനം എന്ന വിഭാഗങ്ങളിൽ അദ്ദേഹം വൻ പരാജയം തന്നെയായിരുന്നു.
ഈ ചിത്രത്തിലെ നല്ല കാര്യങ്ങൾ എടുത്തു പറയുകയാണെങ്കിൽ അതിൽ മുൻപിൽ നിൽക്കുന്നത് നായകനായ ജയം രവി തന്നെയാണ്. അനിഘയും തന്റെ കഥാപാത്രം നന്നായി അവതരിപ്പിച്ചു. ജ്യേഷ്ഠൻ-അനുജത്തി കെമിസ്ട്രി നന്നായിരുന്നു. കോമഡി നന്നായിരുന്നു, കാളി വെങ്കട്ട് നല്ല പ്രകടനമായിരുന്നു. ചില നമ്പറുകൾ ഒക്കെ നല്ല ചിരി പകരുന്നതായിരുന്നു. എന്നാൽ ശ്രീമാൻ കോമഡി കാണിയ്ക്കുന്നതിൽ വൻ പരാജയമായി മാറി. ലക്ഷ്മി മേനോൻ സ്ഥിരം നായിക വേഷം. വലുതായി ഒന്നും എടുത്തു പറയാനില്ല. ജൂനിയർ ആർട്ടിസ്റ്റുകളുടെ എടുത്തു പറയേണ്ടത് തന്നെയാണ്.
ഡി ഇമ്മാൻറെ പശ്ചാത്തല സംഗീതം നന്നായിരുന്നു. ഗാനങ്ങളും കുഴപ്പമില്ല.. മുന്നാൽ കാതലി സ്ഥിരം ശൈലി ആണെങ്കിലും, മിറുതാ മിറുതാ എന്നാ ഗാനം നല്ല നിലവാരം പുലർത്തി. പക്ഷെ ചിത്രീകരണം മഹാ ബോറുമായിരുന്നു.
എൻറെ വ്യക്തിപരമായ അഭിപ്രായത്തിൽ ഹിന്ദിയിൽ റിലീസ് ആയ ഗോ ഗോവ ഗോൺ എന്ന സോമ്പി ചിത്രത്തിൻറെ ഏഴയലത്ത് കൂടി ചിത്രത്തിൻറെ നിലവാരം എത്തിയില്ല.
അതിനാൽ ഞാൻ പത്തിൽ ഈ ചിത്രത്തിന് കൊടുക്കുന്നത് 4.5 ആണ്.
നീരജ എന്ന ചിത്രം കാണാമെന്നു ഞാൻ അപ്പോഴേ എൻറെ സുഹൃത്തിനോട് പറഞ്ഞതാണ്. അപ്പോൾ അവൻ പറഞ്ഞത് ഒരു ഫ്ലൈറ്റിനകത്തു മാത്രം നടക്കുന്ന കതയായോണ്ട് ബോറടിയ്ക്കും. ചിത്രം കഴിഞ്ഞപ്പോൾ അവന്റെ വായിൽ നാക്കുണ്ടോ എന്ന് തപ്പി നോക്കണം.
ഡെഡ്പൂൾ (2016)
Language : English
Genre : Action | Comedy | Crime | Mystery
Director : Tim Miller
IMDB : 8.6
എത്രയോ സൂപർ ഹീറോകൾക്ക് ജന്മം നൽകിയിട്ടുള്ള മാർവൽ സ്റ്റുഡിയോസ് തങ്ങളുടെ പതിവ് സൂപർ ഹീറോ ശൈലിയിൽ നിന്നും മാറി നിർമിച്ച ചിത്രമാണ് ഡെഡ്പൂൾ. റ്റീസർ മുതൽ തന്നെ എന്നിൽ പ്രതീക്ഷയുണർത്തിയ ചിത്രം അത് കൊണ്ട് തന്നെ റിലീസ് ദിവസം തന്നെ കാണണം എന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു. അത്യധികം രസകരമായ ഈ വയലൻറ് കോമഡിയിൽ റയൻ റെയ്നോൾഡ്സ് ഡെഡ്പൂളായി വേഷമിടുന്നു.നവാഗതനായ ടിം മില്ലർ ആണ് സംവിധാനം.
വേഡ് വിത്സൺ, അതാണ് നമ്മുടെ നായകൻറെ പേര്. മിലിട്ടറിയിൽ ജോലിയുണ്ടായിരുന്ന വേഡ് അതിൽ നിന്നും വിരമിച്ചു ന്യൂ യോർക്കിൽ ഒരു വാടകയ്ക്ക് ജോലി ചെയ്യുന്നവൻ ആയി ജീവിക്കുന്നു. ഒരു രാത്രി വനീസ എന്ന പെൺകുട്ടിയെ കണ്ടുമുട്ടി പ്രണയത്തിലാകുന്നു. വിവാഹം കഴിയ്ക്കാനുള്ള തയാറെടുപ്പിനിടയിൽ തനിക്കു കാൻസർ ആണെന്ന് മനസിലാക്കുന്ന വേഡ് വിത്സൺ വനീസയെ ഉപേക്ഷിച്ചു തന്റെ അടുത്തു വന്ന ഒരു രഹസ്യസംഘത്തിൻറെ പ്രലോഭനത്തിൽ വഴങ്ങി പോകുന്നു. അവിടെ വെച്ച് വേഡിനു അമാനുഷിക ശക്തി നൽകി അതിലൂടെ കാൻസർ എന്ന രോഗവും ചികിത്സിച്ചു ഭേദമാക്കാം എന്നു പറയുന്നത് കൊണ്ട് അതിനായുള്ള പ്രക്രിയയിൽ ഏർപ്പെടുന്നു. എന്നാൽ, അതിവിരൂപനായി മാറുന്ന വേഡ് തന്നെ ഈ ഒരു കോലത്തിലാക്കിയവരോട് പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിക്കുന്നു.. അതെങ്ങിനെ ചെയ്യുന്നു എന്നതാണ് ഈ ചിത്രത്തിൻറെ ഏറ്റവും വലിയ ഹൈലൈറ്റ്.
വേഡ് വിത്സൺ എന്ന ഡെഡ്പൂൾ ആയി സ്ക്രീനും പ്രേക്ഷകനെയും ഒരു പോലെ കയ്യിലെടുത്ത റയൻ റെയ്നോൾഡ്സ് തന്നെയാണ് താരം. റയൻ തന്റെ one-liner ഡയലോഗുകളും സെൽഫ് ട്രോളുകളും ആക്ഷനും ഒക്കെ കൊണ്ട് വേറെ ലെവലിൽ തന്നെ പോയി.. ശരിക്കും പറഞ്ഞാൽ ഷോ-സ്റ്റീലർ. ഓരോ സീനും റയൻ തകർത്ത് വാരി. ചില ഘട്ടങ്ങളിൽ ഒക്കെ ജിം കാരിയെ ഓർമ്മിപ്പിച്ചു. വനീസയെ അവതരിപ്പിച്ച മൊറീനയും ടോപിന്ദർ എന്ന ഇന്ത്യക്കാരൻ ടാക്സി ഡ്രൈവർ ആയി അഭിനയിച്ച കരൻ സോണിയും സുഹൃത്തായ വീസൽ ആയ ടി.ജെ. മില്ലറും നെഗസോണിക് ആയ ബ്രിന്നയും നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. വില്ലനായി വന്ന എഡ് സ്ക്രീൻ കഴിയുന്നത്ര റയനു മുൻപിൽ പിടിച്ചു നില്ക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം വില്ലനെ നിഷ്പ്രഭമാക്കിക്കളഞ്ഞു എന്ന് തന്നെ പറയാം. ജീന കരാനോ ഏഞ്ചൽ ഡസ്റ്റ് എന്ന അമാനുഷിക കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു.
ടൈറ്റിൽ കാർഡ് മുതൽ വ്യത്യസ്ത പുലർത്തിയ ഡെഡ്പൂൾ ചിത്രം ഒരു സാധാരണ പ്രേക്ഷകൻറെ ഇത് വരെ വന്നിട്ടുള്ള സൂപർഹീറോ ചിത്രങ്ങളിലുള്ള കാഴ്ചപ്പാട് തന്നെ മാറ്റി മറിയ്ക്കുന്ന ഒന്ന് തന്നെയാണ്. 3D എഫക്ടിൽ ഉള്ള ടൈറ്റിൽ കാർഡ് കാണാൻ തന്നെ രസമാണ്. തുടർന്നുള്ള ആക്ഷൻ സീനുകൾ ഈ അടുത്തു കണ്ടതിൽ വെച്ചേറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കാം. ഇത്രയും വയലൻസും അശ്ലീലവാദിയായ ഒരു സൂപർ ഹീറോയെ ആരും ഇത് വരെ കണ്ടിട്ട് കൂടിയുണ്ടാവില്ല. ഈ ചിത്രത്തിൻറെ സംഭാഷണങ്ങൾ രചിച്ച റെറ്റ് റീസും പോൾ വെർനിക്കും അസാമാന്യ പ്രതിഭകൾ തന്നെ, ഇത്ര രസകരമായി അവർ സംഭാഷണം എഴുതിയിരിക്കുന്നു. ഓരോ ഡയലോഗുകൾ ചിരികളുടെ അലകൾ ഉണർത്തുന്നു. ക്യാമറ കൈകാര്യം ചെയ്ത കെൻ സെങും കത്രിക ഉപയോഗിച്ച ജൂലിയൻ ക്ലാർക്കും ഒരു പ്രത്യേക പ്രശംസ അർഹിക്കുന്നു, കാരണം അവരില്ലെങ്കിൽ ഈ ഇടിവെട്ട് പടം ആസ്വാദ്യകരമാവില്ലായിരുന്നു. പശ്ചാത്തല സംഗീതവും വളരെ മികച്ചതായിരുന്നു. ഡി.എം.എക്സ് (DMX) എന്ന റാപ്പറുടെ X Gonna Give It To You ഗാനം തീയറ്ററിൽ ചില്ലറ അലയോന്നുമല്ല തീർത്തത്.
ഒരിക്കലും ഇത് ഒരു സംവിധായകന്റെ പ്രഥമ ചിത്രം എന്നാ ഒരു തോന്നൽ ഒരു പ്രേക്ഷകനും തോന്നിപ്പിക്കാത്ത വിധം തകർത്ത് വാരി. തോർ എന്നാ ചിത്രത്തിൻറെ രണ്ടാമത് യൂനിറ്റ് ഡയറക്ടർ മാത്രമായ ടിം മില്ലർ ഒട്ടും സങ്കോചം ഇല്ലാതെ വളരെ ഭദ്രമായി തന്നെ സംവിധാനം ചെയ്തു. അതിനധേഹത്തെ അനുമോദിച്ചേ മതിയാവൂ..
കണ്ടിട്ടില്ലാത്തവർ കണ്ടേ മതിയാവൂ.. ഈ ന്യൂ ജെൻ സൂപ്പർ ഹീറോ ചിത്രം.
Theatre watch is must.. Don't go for DvD or CAM print you may lose the Hilarious, Action-Packed, Foul Mouth & Gore DEADPOOL..
എൻറെ റേറ്റിംഗ് 9 ഓൺ 10
നാനക്കു പ്രേമതോ (2016)
Language : Telugu
Genre : Action| Drama | Thriller
Director : Sukumar
IMDB : 8.8
സുകുമാർ തെലുങ്ക് ചിത്ര വ്യവസായത്തിൽ ഒരു പ്രത്യേക വ്യക്തിമുദ്ര പതിപ്പിച്ച ഒരു വ്യക്തിയാണ്, അദ്ദേഹത്തിന്റെ ആദ്യ ചിത്രം മുതൽ ഈ അടുത്തു റിലീസായ പുതിയ ചിത്രം നാനകു പ്രേമതോ വരെയുള്ള ചിത്രങ്ങൾ എടുത്താൽ എല്ലാം ഒന്നിനൊന്നു മെച്ചമാണ്. സ്വാഭാവികമായും നമ്മുടെ പ്രതീക്ഷകൾ വളരെ ഉയരത്തിലാകും, എന്നാൽ അദ്ദേഹം നമ്മളെന്ന പ്രേക്ഷകനെ ഒരു രീതിയിൽ പോലും നിരാശപ്പെടുത്തിയില്ല നാനകു പ്രേമതോ എന്ന ചിത്രത്തിലൂടെ. ജൂനിയർ എൻടിആർ നായകനും ജഗപതി ബാബു പ്രതിനായകനായും അഭിനയിച്ച ഈ ചിത്രം ചുരുക്കിപ്പറഞ്ഞാൽ അവരുടേത് തന്നെയാണ്. ദേവി ശ്രീ പ്രസാദ് സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ച ഈ ചിത്രത്തിലെ നായിക സുന്ദരിയായ രാകുൽ പ്രീത് സിംഗാണ്.
ലണ്ടൻ എന്ന മഹാനഗരത്തിൽ അഭിരാം എന്നാ യുവാവ് ജോലി നഷ്ടപ്പെട്ടു പുതിയതായി ഒരു കമ്പനി ആരംഭിക്കുന്നു. കാൻസർ കാരണം മരണം കാത്തു കഴിയുന്ന അഭിരാമിന്റെ അച്ഛനായ സുബ്രമണ്യം തൻറെ മരണശയ്യയിൽ മൂന്നു മക്കളോടായി തന്റെ യഥാർത്ഥ പേര് രമേശ് ചന്ദ്രപ്രസാദ് ആയിരുന്നു എന്ന് പറയുന്നു. ലണ്ടനിലെ അറിയപ്പെടുന്ന ഒരു ബിസിനസുകാരൻ ആയ താൻ കൃഷ്ണമൂർത്തി കൌടില്യ എന്ന ഒരു കൌശലക്കാരൻ ചതിച്ചത് മൂലം മുഴുവൻ സ്വത്തും നഷ്ടപ്പെട്ടു സ്വന്തം വ്യകതിത്വം തന്നെ മാറ്റി ഒരു സാധാരണക്കാരനെ പോലെ ജീവിക്കേണ്ടി വരുന്നു. മരിയ്ക്കുന്നതിന് മുൻപ് കൃഷ്ണമൂർത്തിയുടെ പതനം കാണണം എന്നു തന്റെ മൂന്നു മക്കളോടുമായി പറയുന്നു. അച്ഛന്റെ മരണശയ്യയിലുള്ള ആഗ്രഹം തൻറെ ലക്ഷ്യമായി തീരുമാനിച്ചു അതിനു വേണ്ടിയുള്ള ഒരുക്കങ്ങൾ നടത്തുന്നു. എങ്ങിനെ അത് നടപ്പിലാക്കുന്നു എന്ന് സ്ക്രീനിൽ നമ്മൾ കാത്തിരുന്നു തന്നെ കാണണം.
തൻറെ മുൻചിത്രങ്ങളിലെ പോലെയേ അല്ല തികച്ചും വ്യത്യസ്തമായ ഒരു ജൂനിയർ എൻ.ടി.ആറിനെ ഈ ചിത്രത്തിൽ നമുക്ക് കാണാൻ സാധിക്കും. തന്റെ നോക്കിലും വാക്കിലും നടപ്പിലും എന്തിനു തൻറെ രീതികളിൽ വരെ വ്യത്യാസം വരുത്തിയിരിക്കുന്നു. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ വളരെ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ച വെച്ചിരിക്കുന്നത്.
ഈ ചിത്രത്തിൻറെ വളരെ മികച്ച ഒരു ഖടകം വില്ലനായി വരുന്നു കൃഷ്ണമൂർത്തിയെ അവതരിപ്പിച്ച ജഗപതിബാബു ആണ്. ഒരാളെയും പോലും കൊല്ലാതെ തന്നെ അദ്ദേഹത്തിന്റെ വില്ലനിസം നിറഞ്ഞു നില്ക്കുന്നു. ഒറ്റ വാക്കിൽ പറഞ്ഞാൽ വിസ്മയിപ്പിച്ചു കളഞ്ഞു. അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച ഒരു റോൾ ആയിരിക്കും ചിലപ്പോൾ ഇത്.
കൃഷ്ണമൂർത്തിയുടെ മകളായ ദിവ്യങ്കയായി അഭിനയിച്ച രാകുൽ പ്രീത് സിംഗിന് ഒരു സ്ഥിരം തെലുങ്ക് പടത്തിൽ ഉള്ള നായികയെക്കാലും ഈ ചിത്രത്തിൽ പ്രാധാന്യം കിട്ടിയിട്ടുണ്ട്. അവരതു മികച്ച രീതിയിൽ തന്നെ അഭ്രപാളിയിൽ എത്തിച്ചു. ഗ്ലാമർ സീനുകളിലും മിന്നിച്ചു.
അഭിരാമിന്റെ അച്ഛനായ സുബ്രമണ്യത്തെ അവതരിപ്പിച്ച രാജേന്ദ്ര പ്രസാദ് നല്ല പോലെ അദ്ദേഹത്തിന്റെ റോൾ കൈകാര്യം ചെയ്തു.
മറ്റുള്ള എല്ലാ അഭിനേതാക്കളും അവരവരുടെ ജോലി ശിരസ്സാവഹിച്ചു.
സംവിധായകനായ സുകുമാറിന്റെ കഥയും തിരക്കഥയും സംവിധാനവും ആണ് ചിത്രത്തിൻറെ ഹൈലൈറ്റ്. സെൻറിമെൻറ്റ്സും റൊമാൻസും ആക്ഷനും വളരെ നല്ല രീതിയിൽ തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ലണ്ടൻ നഗരത്തിൻറെ ഓരോ സീനുകളും അത്യാകർഷകമായി ക്യാൻവാസിൽ പകർത്തിയ വിജയ് ചക്രവർത്തി പ്രത്യേക അഭിനന്ദനം അർഹിക്കുന്നു.ദേവി ശ്രീ പ്രസാദ് നെനോക്കടൈൻ എന്ന ചിത്രത്തിലെ ഫോം അതെ രീതിയിൽ നിലനിർത്തി. സാഹചര്യമനുസരിച്ചും ത്രില്ലർ എഫക്ടും അദ്ദേഹത്തിന്റെ സംഗീതത്തിൽ മികച്ചതാക്കി. ജൂനിയർ എൻ.ടി.ആറിൻറെ ഡാൻസും ഡിഎസ്പിയുടെ പാട്ടുകളും കൊള്ളാമായിരുന്നുവെങ്കിലും പാട്ടുകൾ ഉൾപ്പെടുത്തിയത് കുറയ്ക്കാമായിരുന്നു എന്ന് തോന്നി.
ചിത്രത്തിൻറെ നീളം ഇത്തിരി കുറയ്ക്കുകയായിരുന്നുവെന്നു നല്ലതെന്ന് തോന്നി. വേറൊരു പോരായ്മ താഴെയ്ക്കിടയിലുള്ള ആൾക്കാർക്ക് ഈ ചിത്രം ഇഷ്ടപ്പെടാൻ ഇത്തിരി സാധ്യത കുറവാണ്. ലോജിക്കുകൾ നല്ല രീതിയിൽ ഉപയോഗിച്ചിരിക്കുന്നതും, നായകൻ ചിന്തിക്കുന്ന രീതിയൊക്കെ സാധാരണക്കാരിൽ എത്തിചേരാൻ പ്രയാസം ആണെന്ന് തോന്നി.
എനിക്ക് ഈ ചിത്രം വളരെയധികം ബോധിച്ചത് കൊണ്ട് ഞാൻ കൊടുക്കുന്നതിൽ പത്തിൽ 8 മാർക്ക് ആണ്.
അറ്റാക്ക് ദി ബ്ലോക്ക് (2011)
Language : English
Genre : Action | Adventure | Comedy | Horror | Sci-Fi
Director : Joe Cornish
IMDB : 6.6
2-3 വർഷങ്ങൾക്കു മുൻപ് കണ്ടതാണ്, അന്നേറ്റവും കൂടുതൽ ആസ്വദിച്ച പടമാണ് ജോ കോർണിഷ് സംവിധാനം ചെയ്ത അറ്റാക്ക് ദി ബ്ലോക്ക് എന്ന ബ്രിട്ടിഷ് ചലച്ചിത്രം. കോമഡിയും സൈഫൈയും അൽപം ഹൊററും കലർത്തി നല്ല രീതിയിൽ തയാറാക്കിയ ചിത്രമാണ് ഇത്. തികച്ചും വ്യത്യസ്തം. ബോക്സോഫീസിൽ ഈ ചിത്രം അധികം ചലനമുണ്ടാക്കിയില്ലെങ്കിലും ഒരു കൾട്ട് സിനിമ എന്നാ ലേബൽ നേടിയിട്ടുണ്ട്.
ബ്രിക്സ്റ്റനിൽ തെരുവിൽ കൂടി നടന്നു പോകുകയായിരുന്ന സമന്തയെ ഒരു പറ്റം തെമ്മാടികൾ ആക്രമിക്കുന്നു, എന്നാൽ ഒരു ഉൽക്ക വന്നു പതിക്കുന്നത് മൂലം അവരുടെ ഉദ്ദേശം തടസ്സപ്പെടുന്നു. മോസസ് എന്ന അവരുടെ നേതാവ് വീണത് എന്താണെന്ന് പരിശോധിക്കുമ്പോൾ ഒരു വികൃത ജീവി മോസസിനെ ആക്രമിച്ചു കടന്നു കളയുന്നു. അവർ അതിന്റെ പുറകെ തുരത്തി ആ ജീവിയെ കൊന്നു കളയുന്നു. അവർ ആ ജഡം എടുത്തു കഞ്ചാവ് കച്ചവടക്കാരനായ റോണിൻറെ അടുത്തു പോകുന്നു. റോൺ താമസിക്കുന്നത് ഒരു അമ്പരചുമ്പിയുടെ ഏറ്റവും മുകളിലത്തെ നിലയിലാണ് താമസം. അവിടെ ഉള്ള കഞ്ചാവ് വളർത്തുന്ന മുറിയിൽ ജഡം സൂക്ഷിച്ചു വെയ്ക്കുന്നു. അതേ സമയം, ആകാശത്തു നിന്നും നിരവധി ഉൽക്കകൾ വീണു കൊണ്ടേയിരുന്നു, അതെ ജീവികൾ തന്നെയാണെന്ന് അനുമാനിക്കുന്ന അവർ അതിനോട് മല്ലിടാം എന്ന് തീരുമാനിച്ചു സംഭവം നടന്ന സ്ഥലത്തേക്ക് പോകുന്നു. എന്നാൽ അവരെ കാത്തിരുന്നത് തീരെ പ്രതീക്ഷിക്കാത്ത കാര്യങ്ങളായിരുന്നു.
ചിത്രത്തിൻറെ കഥാതന്തു സ്ഥിരം ഉള്ള അന്യഗ്രഹജീവി ആക്രമണം ആണെങ്കിലും, സിനിമയ്ക്ക് നൽകിയ പ്രതിപാദനരീതിയാണ് ഇവിടെ ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. അതിനു വേണ്ട രീതിയിൽ ഉള്ള കോമഡിയും, ആക്ഷനും ഗ്രാഫിക്സും ഇട കലർത്തി വളരെ മികച്ച രീതിയൽ നിർമ്മിച്ചിരിക്കുന്നു. വളരെ വേഗതയേറിയ ഉപഖ്യാനം ആണ് ചിത്രത്തിൽ അവലംബിച്ചിരിക്കുന്നത് മൂലം ഒരു നിമിഷം പോലും നമ്മളിലെ സാധാരണ പ്രേക്ഷകർക്ക് അലോസരം ഉണ്ടാക്കുന്നില്ല. വളരെ പെട്ടെന്ന് തന്നെ സിനിമയുമായി നമ്മൾ സഞ്ചാരം തുടങ്ങുകയും ചെയ്യും. എല്ലാ കൌമാരപ്രായത്തിലുള്ള കുട്ടികൾ ആണ് അഭിനയിച്ചിരിക്കുന്നത് എന്നിരുന്നാലും വളരെ മികച്ച പ്രകടനമാണ് അവർ കാഴ്ച വെച്ചിരിക്കുന്നത്.
ജോണ് ബോയെഗ (ഇപ്പോൾ സ്റ്റാർ വാർസ് എന്നാ ചിത്രത്തിലെ നായകൻ) ആണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബ്രിട്ടിഷ് കോമഡി ചിത്രങ്ങളിലെ സ്ഥിരം ചേരുവ ആയ നിക്ക് ഫ്രോസ്റ്റ് നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ജോഡി വിറ്റെക്കർ ആണ് ചിത്രത്തിലെ ആകെ ഉള്ള മുഖ്യ സ്ത്രീ സാന്നിധ്യം.
നിങ്ങൾ ഒരു ബുദ്ധിജീവി അല്ലായെങ്കിൽ തീർച്ചയായും ഒരു തവണ കാണാൻ ശ്രമിക്കാവുന്നതാണ്. നിരാശപ്പെടില്ല.
എൻറെ റേറ്റിംഗ് 8 ഓൺ 10
ദി ഫൈനസ്റ്റ് ഹൗർസ് (2016)
Language : English
Genre : Action | Drama | History
Director : Craig Gillespie
IMDB : 7.1
ക്രേഗ് ഗില്ലസ്പി എനിക്കിഷ്ടപ്പെട്ട ഒരു സംവിധായകൻ ആണ്. അദ്ദേഹത്തിന്റെ മില്ലിയൻ ഡോളർ ആം ഫ്രൈറ്റ് നൈറ്റ് ഒക്കെ ഇഷ്ടപ്പെട്ട ചിത്രങ്ങളില ഒന്നാണ്. അദ്ദേഹവും വാൾട്ട് ഡിസ്നിയും ഒരുമിച്ചു ചേർന്ന് ഒരു ചരിത്രപ്രധാനമായ ഒരു അപകടകഥയെ ആസ്പദമാക്കി ചെയ്ത ചിത്രമാണ് ദി ഫൈനസ്റ്റ് ഹൗർസ്. മൈക്കിൾ ജെ. റ്റൗഗിയാസും കേസി ഷേർമാനും ചേർന്ന് രചിച്ച The Finest Hours: The True Story of the U.S. Coast Guard's Most Daring Sea Rescue എന്ന പുസ്തകത്തെ ആസ്പദമാക്കി എറിക് ജോൺസനും സ്കോട്ട് സിൽവറും പോൾ ടാമസേയും ഒരുമിച്ചു ചേർന്ന് തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്. ക്രിസ് പൈൻ, എറിക് ബാന, കേസി അഫ്ലക്, ബെൻ ഫൊസ്റ്റർ എന്നാ നിരവധി പരിചിത മുഖങ്ങൾ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
1952ൽ മസാച്ചുസെറ്റ്സ് പട്ടണത്തിലെ ചതാം എന്ന ഒരു തീരദേശത്തെ ചുങ്കകാവൽക്കാരൻ (coast -guard) ആണ് ബേർണി. ബേർണി മിരിയം എന്ന പെൺകുട്ടിയുമായി സ്നേഹത്തിലാകുന്നു. മിരിയം ഏപ്രിൽ 16നു തന്നെ വിവാഹം കഴിക്കണം എന്ന് ബേർണിയോട് ആവശ്യപ്പെടുന്നു. പക്ഷെ, തങ്ങളുടെ നിയമം അനുസരിച്ച് തങ്ങളുടെ മേലധികാരിയുടെ അനുമതി ഉണ്ടെങ്കിൽ മാത്രമേ അവിടുത്തെ കാവൽക്കാർക്കു കല്യാണം കഴിക്കാൻ സാധിക്കുകയുള്ളൂ. അതിനാൽ, ബേർണി തന്റെ മേലധികാരിയോടു അടുത്തു അതെ പറ്റി സംസാരിക്കുവാൻ ചെല്ലുമ്പോൾ തങ്ങളുടെ തീരത്ത് നിന്നും 10 മൈൽ അകലെ ഒരു എണ്ണവാഹിനി കപ്പൽ തകരുകയും, ആ കപ്പലിലുള്ള ജീവനക്കാരെ രക്ഷിക്കുക എന്ന ദൗത്യം ഏൽപ്പിക്കുന്നു. പ്രക്ശോപിതമായ കടലിലൂടെ അവർ നാല് പേർ പ്രയാണം തുടങ്ങുന്നു. വെറും 12 പേർക്ക് മാത്രം യാത്ര ചെയ്യാൻ കഴിയുന്ന ബോട്ടിൽ 32 പേരെ രക്ഷിക്കണം എന്നാ ദൌത്യമാണ് അവർ ഏറ്റെടുക്കുന്നത്. ശേഷം സ്ക്രീനിൽ.
ഒരു സംഭവകഥയെ അതിന്റെ കാര്യഗൌരവം കണക്കിലെടുത്ത്, ക്രൈഗ് ഗില്ലസ്പി ഈ ചിത്രം അനിയിചോരുക്കിയിട്ടുണ്ട്. സ്ക്രീൻപ്ലേ മികവുറ്റതാക്കിയത് കൊണ്ട് തന്നെ ഒരു പ്രേക്ഷകനെ പിടിച്ചിരുത്താനും കഴിയുന്നുണ്ട്. പശ്ചാത്തല സംഗീതം വേറിട്ട് നിന്നിരുന്നുവെങ്കിലും മിക്സിംഗ് വളരെ മോശം എന്നെ പറയേണ്ടൂ. ഡയലോഗുകൾക്ക് വ്യക്തത തീരെ ഇലായിരുന്നു. അത് ചിത്രത്തിൻറെ ചില ഘട്ടങ്ങളിൽ പിന്നോക്കം വലിയ്ക്കുന്നുണ്ട്. പ്രണയരംഗങ്ങൾക്ക് പ്രസക്തി ഉണ്ടായിരുന്നു അത് നന്നാക്കുകയും ചെയ്തു സംവിധായകൻ. ഗ്രാഫിക്സ് വളരെ മികച്ച ക്രൂ തന്നെയായിരുന്നു എന്ന് തിരശീലയിൽ നിന്നും തന്നെ മനസിലാക്കാം. കടലിൽ ഉള്ള സീനുകളും അവരുടെ യാത്രകളും, കപ്പലിലുള്ള സീനുകളും ശ്രദ്ധേയം തന്നെയാണ്. പാതി മാത്രമുള്ള കപ്പൽ കൊണ്ടുള്ള പ്രയാണം അതിലെ ജോലിക്കാർ എങ്ങിനെ അഭിമുഖീകരിക്കുന്നു എന്നത് കാണേണ്ട കാഴ്ച തന്നെയാണ്. അധികം വലിച്ചു നീട്ടാതെ മിതമായരീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുമുണ്ട്. അവസാന ക്രെഡിറ്റുകളിൽ അൻപതുകളിൽ എടുത്ത ചിത്രങ്ങൾ ഒക്കെ കാണിക്കുന്നതും ചിത്രത്തിന് മിഴിവ് കൂട്ടുന്നു.
മുഖ്യ കഥാപാത്രമായ ക്രിസ് പൈൻ വളരെ നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. അദ്ദേഹം എല്ലാ രീതിയിലും ഒരു മുതിർന്ന നടൻറെ സ്വാഭാവിക പ്രകടനം ആണ് നടത്തിയത്. ബെൻ ആഫ്ലക്കിന്റെ സഹോദരനും ഹോളിവുഡിലെ നല്ല ഒരു നടനെന്നും വിശേഷിപ്പിക്കുന്ന കേസി ആഫ്ലക്ക് കപ്പലിന്റെ കപ്പിത്താൻ എന്നാ കഥാപാത്രം അനായാസേന ചെയ്തു. അവസാന നിമിഷങ്ങളിൽ റ്റൈറ്റാനിക്കിലെ കപ്പിത്താനെ അദ്ദേഹം ഓർമ്മിപ്പിച്ചു. എറിക് ബാന ചെറുതെങ്കിലും നല്ല ഒരു റോൾ കൈകാര്യം ചെയ്തു. ബെന് ഫൊസ്റ്റർ ക്രിസ് പൈനിന്റെ സഹചാരി എന്ന റോളും പ്രശംസനാവഹം ആയിരുന്നു. നായകനായ ക്രിസിന്റെ പ്രേമഭാജനം എന്ന റോളിൽ ബൊർജിയ സീരിസിലൂടെ പ്രശസ്തയായ ഹോളിഡെ ഗ്രഞ്ചെർ നന്നായി ചെയ്തു. വികാരവതിയായി തന്റെ പ്രണയത്തെ കാത്തു നില്ക്കുന്ന സീനുകളിൽ വളരെ നന്നായിരുന്നു. ചെറു റോളുകൾ ചെയ്ത കലാകാരന്മാർ നന്നായിരുന്നു.
കഥാപാത്രവികസനത്തിന് ഇത്തിരി സമയം എടുത്തു, സൌണ്ട് മിക്സിങ്ങിലെ പോരായ്മകൾ ഒഴിച്ച് നിർത്തിയാൽ ഒരു തവണ യാതൊരു മടിയുമില്ലാതെ ആസ്വദിക്കാൻ പറ്റിയ ഒരു പരമാർത്ഥ ത്രില്ലർ.
എൻറെ റേറ്റിംഗ് 7.1 ഓൺ 10
ഈട്ടി (2015)
Language : Tamil
Genre : Action | Comedy | Drama | Sports
Director : Raviarasu
IMDB : 6.7
രവി അരസു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തു അഥർവയും ശ്രീദിവ്യയും ഒരുമിച്ചഭിനയിച്ച ഈട്ടി എന്നാ ചിത്രം ആകസ്മികമായാണ് കാണാൻ സാധിച്ചത്. ജിവി പ്രകാശ് കുമാറിന്റെ സംഗീതവും നല്ല ആക്ഷൻ രംഗങ്ങളും ഉള്ള ഒരു നല്ല കൊച്ചു ചിത്രമാണ് ഈട്ടി
Glanzmann's thrombasthenia എന്ന വിരളമായ ഒരു രോഗത്തിനടിമയാണ് പുകഴേന്തി സുബ്രമണ്യം. ചെറിയ ഒരു മുറിവിൽ പോലും നിർത്താതെ ചോര ഒഴുകുന്ന രോഗമാണ് Glanzmann's Thrombasthenia. പക്ഷെ, കായികമേഖലയിൽ പ്രാവീണ്യം നേടിയിട്ടുള്ള ചെന്നൈയിൽ നടക്കുന്ന നാഷണൽ മീറ്റിൽ മത്സരിക്കാൻ തയാറെടുക്കുകയാണ്. അതിനിടയിൽ ഒരു ഫോൺ കോളിലൂടെ പരിചയപ്പെട്ട ഗായത്രി എന്ന പെൺകുട്ടിയുമായി പ്രണയത്തിലുമാകുന്നു. ചെന്നൈയിൽ എത്തിയ പുകഴേന്തി, ഗായത്രിയെ കാണാൻ പോകുന്ന വഴിയില ആകസ്മികമായി വില്ലന്മാരുമായി സംഘട്ടനത്തിലേർപ്പെടുന്നു. തന്റെ ശരീരത്തിൽ ഒരു പോറൽ പോലും എല്ക്കാതിരിക്കാൻ വേണ്ടിയുള്ള സംഘട്ടനത്തിൽ വില്ലന്മാർ അപ്പടെയും നിലം പരിശാക്കുന്നു. സ്ഥലത്തെ പ്രധാന കള്ളനോട്ടടി സംഘത്തിന്റെ നോട്ടപ്പുള്ളിയാകുന്ന പുകഴേന്തി, പിന്നീടെങ്ങിനെ അവരിൽ നിന്നും രക്ഷപെടും, നാഷണൽ ചാമ്പ്യൻഷിപ്പിൽ വിജയിക്കുമോ എന്നുള്ളതാണ് കഥയിൽ പിന്നീട്.
നവാഗതനായ രവിയരശു സംവിധാനത്തിൽ അല്പം വ്യത്യസ്തത കൊണ്ട് വരാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും, വിവരണത്തിൽ (narration) ഒരു വേഗം കണ്ടെത്താൻ കഴിഞ്ഞില്ല എന്നുള്ളതാണ് ഒരു പോരായ്മ. കഥ അല്പം പുതുമ ഉണ്ടെങ്കിലും, ഈ പോരായ്മ കഥയിൽ ഉടനീളം നമുക്കനുഭവപ്പെടും. ആക്ഷൻ സീനുകൾ എല്ലാം നന്നായിട്ടുണ്ട്. ക്യാമറ ഡിപ്പാർട്ട്മെൻറ് കൈകാര്യം ചെയ്ത ശരവണൻ അഭിമന്യു നല്ല രീതിയിൽ ഗ്രാഫിക്സും ഷോട്ട്സും തന്നെ സമന്വയിപ്പിച്ചിട്ടുണ്ട്. ജിവി പ്രകാശ് കുമാറിൻറെ പശ്ചാത്തല സംഗീതം ചിത്രത്തിന് വളരെ കുറച്ചൊന്നുമല്ല ഗുണം ചെയ്തത്. പാട്ടുകൾ നല്ലതായിരുന്നാലും, കൂടുതലും ചിത്രത്തിൽ വരുന്നതിനാൽ ആസ്വാദനരീതിയിലെ ചെറിയ രീതിയിൽ കുറവ് വരുത്തി. അച്ഛൻ-മകൻ , ഗുരു-ശിഷ്യൻ, ഗായത്രി-പുകഴേന്തി ബന്ധം നല്ല അവതരണത്തിലൂടെ മികവു പുലർത്തി. കോമഡി തരക്കെടില്ലായിരുന്നുവെങ്കിലും, കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.
അഥർവ മികച്ച പ്രകടനം കാഴ്ച വെച്ചു (ഞാൻ ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ഒരു ചിത്രം കാണുന്നത്). ആക്ഷൻ സീനുകളും റണ്ണിംഗ് മികവു പുലർത്തി. വളരെ അധികം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തം. അഭിനയവും നല്ലതാണ്, കുറച്ചു കൂടി കിണഞ്ഞു പരിശ്രമിക്കുകയാണെങ്കിൽ തന്റേതായ ഇരിപ്പിടം കോളിവുടിൽ ഉണ്ടാക്കാൻ അദേഹത്തിന് കഴിയും. ശ്രീദിവ്യ, പതിവ് പോലെ തന്നെ വളരെ സുന്ദരിയായിരിക്കുന്നു, അഭിനയവും മോശമല്ല, തരക്കേടില്ലാത്ത റോൾ ആണ് ആ കുട്ടിയ്ക്ക് ഈ ചിത്രത്തിൽ ഉള്ളത്. കോച്ചായി അഭിനയിച്ച ആടുകളം നരൻ, ശ്രീദിവ്യയുടെ സഹോദരൻ ആയി അഭിനയിച്ച തിരുകുമുരൻ, അഥർവയുടെ അച്ഛനായി അഭിനയിച്ച ജയപ്രകാശ്( ചെറിയ റോൾ ആണ്) വില്ലന്മാരായി വന്ന അവരുടെ പേര് അറിയില്ല (രണ്ടു പേരും) വളരെ നല്ല പ്രകടനം തന്നെ കാഴ്ച വെച്ച്.
എനിക്ക് ചിത്രം ഇഷ്ടപ്പെട്ടു, ഒരു തവണ ധൈര്യമായി കാണാൻ പറ്റുന്ന ഒരു കൊച്ചു ചിത്രം.
എന്റെ റേറ്റിംഗ് 7.5 ഓൺ 10
ബ്ലാക്ക് മാസ് (2015)
Language : English
Genre : Crime | Biography | Drama | Thriller
Director : Scott Cooper
IMDB : 7.1
52 വയസുള്ള ജോണി ഡെപ് അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ള റോളുകൾ ധാരാളം. അതില് ചേർത്തു വെയ്ക്കാൻ പറ്റിയ അവിസ്മരണീയ പ്രകടനം ആണ് ബ്ലാക്ക് മാസിലെ ജേംസ് വൈറ്റി ബൾജർ എന്ന കഥാപാത്രം. ഡിക്ക് ലെർ ഗെറാർട് എന്നിവർ ഒരുമിചെഴുതിയ Black Mass: The True Story of an Unholy Alliance Between the FBI and the Irish Mob എന്ന പുസ്തകത്തെ ആസ്പദമാക്കി സ്കോട്ട് കൂപ്പർ സംവിധാനം ചെയ്ത ഈ ബയോഗ്രഫി വളരെയധികം നിരൂപക പ്രശംസ പിടിച്ചു പറ്റുകയും അതോടൊപ്പം ഒരു ബോക്സോഫീസ് വിജയവും ആയിരുന്നു. ഏവർക്കും ജോണി ഡെപ്പ് എന്ന നടന്റെ പ്രകടനം തന്നെയായിരുന്നു പറയാനുണ്ടായിരുന്നത്.
എഴുപതുകളുടെ അവസാനവും ആദ്യ എൺപതുകളിലെ അമേരിക്കയിലെ ബോസ്റ്റൺ അടക്കി വാണിരുന്ന ഒരു ക്രിമിനൽ ആയിരുന്നു ജെയിംസ് വൈറ്റി ബൾജർ. ഭാര്യയും ഒരു ചെറിയ കുട്ടിയുമുള്ള വൈറ്റിയ്ക്ക് കൂട്ടായി അയാൾക്ക് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത സ്റ്റീഫൻ ഫ്ലമ്മി, കെവിൻ വീക്സ്, വാടകകൊലയാളി ആയ ജോണി മാർട്ടൊരാനൊ എന്നിവരും ഉണ്ടായിരുന്നു. പക്ഷെ വൈറ്റിയ്ക്ക് ഒരു എതിരാളി ഉണ്ടായിരുന്നത് ആൻഗ്വിലോ സഹോദരന്മാർ ആയിരുന്നു. അവരെ ഉന്മൂലനം ചെയ്യാൻ തൻറെ കളിക്കൂട്ടുകാരനായ FBI എജൻറ്റ് ജോൺ കൊണലിയെ കൂട്ട് പിടിയ്ക്കുന്നു. ജോണിന് FBIയിൽ പേരെടുക്കാൻ ആൻഗ്വിലോ സഹോദരന്മാരെ കീഴടക്കുക എന്നതും അനിവാര്യമായിരുന്നു. അതിനായി വൈറ്റി ഒരു informant (ചാരൻ) ആകുന്നു. വൈറ്റി ശരിക്കും ജോണിൻറെയും FBIയുടെയും സഹായം ശരിക്കും മുതലെടുക്കുകയായിരുന്നു. അവിടെ മുതൽ ജെയിംസ് വൈറ്റി ബർഗ്ലർ അറസ്റ്റിലാകുന്നത് വരെയാണ് സിനിമ ചെയ്തിരിക്കുന്നത്.
സംവിധായകൻ ആയ സ്കോട്ട് അക്ഷരാർഥത്തിൽ മിന്നിച്ചു കളഞ്ഞു. ഒരു തീവ്രമായ മാഫിയ പശ്ചാത്തലത്തിൽ ഒരു മികച്ച ഡ്രാമ അതും എല്ലാം കലർത്തി നല്ല കിടയറ്റ ചിത്രം തന്നെ കാഴ്ച വെച്ചു. ഏതു തരാം പ്രേക്ഷകനെയും ആകർഷിക്കാവുന്ന തരത്തിൽ നല്ല തീവ്രത തിരക്കഥയ്ക്ക് കൊടുത്തിട്ടുണ്ട്. പശ്ചാത്തല സംഗീതം അത്ര സംഭവം അല്ലെങ്കിലും, സന്ദർഭോചിതമായി. ഈ ചിത്രത്തിൻറെ ഏറ്റവും വലിയ പ്രത്യേകത അഭിനേതാക്കളുടെ തിരഞ്ഞെടുപ്പ് തന്നെയാണ്. ഞാൻ ചിത്രത്തിന് ശേഷം, ഓരോ കഥാപാത്രത്തിനെയും ഗൂഗിളിൽ തിരഞ്ഞു, അതിൽ അഭിനയിചിരിക്കുന്നവർ എല്ലാവരും ജീവിച്ചിരിക്കുന്നവർ/ മരിച്ചവർ (ബ്ലാക്ക് മാസ് മൂലകഥാപാത്രങ്ങൾ) ആയിട്ടും നല്ല സാദ്രിശ്യം ഉണ്ടെന്നുള്ളതാണ്.
ജോണി ഡെപ്പ് തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. ഓരോ കാലഘട്ടത്തിലുള്ള വൈറ്റിനെ അവതരിപ്പിച്ച ജോണി വളരെ അധികം നല്ല പ്രകടനം ആണ് കാഴ്ച വെച്ചത്. ജോയൽ എട്ഗാർടൻ, ബെനെടിക്റ്റ് കുംബെർബറ്റ്ച്, കൊറേ സ്റോൾ എന്നിവര് വളരെ മികച്ച അഭിനയം തന്നെയായിരുന്നു. അഭിനയിക്കുക ആണെന്ന് തോന്നുകയില്ല. കെവിൻ ബെക്കൻ ചെറുതെങ്കിലും മുഖ്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. സുന്ദരിയായ ദകൊറ്റ ജോൺസൻ ഡെപ്പിന്റെ ഭാര്യാ കഥാപാത്രത്തെ അവതരിപ്പിച്ചു. ചെറുതെങ്കിലും നല്ല ഒരു റോൾ തന്നെയായിരുന്നു. ദകോറ്റയുടെ റോൾ ചെറുതായി പോയി എന്ന് മാത്രമേ വിഷമം ഉണ്ടായിരുന്നുള്ളൂ.
എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടത് കൊണ്ട് ഞാൻ കൊടുക്കുന്ന മാർക്ക് 8.2 ഓൺ 10 ആണ്.
അസാസിനേഷൻ (അംസാൽ) (2015)
Language : Korean
Genre : Action | Drama | History | War
Director : Choi Dong-Hoon
IMDB : 7.2
2015ലെ ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു നിരവധി പ്രമുഖ നേതാക്കൾ അണി നിരന്ന അസാസിനേഷ, കൊറിയൻ ഭാഷയിൽ അംസാൽ. 2012ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ തീവ്സ് (ടോടെക്ദ്യുൾ) സംവിധാനം ചെയ്ത ചൊയി ഡോങ്ങ് ഹൂൻ ആണ് ഈ ചിത്രത്തിൻറെ സംവിധാനം. കൊറിയൻ സൂപർസ്റ്റാറുകൾ ആയ ഹാ ജുങ്ങ് വൂ, ലീ ജങ്ങ് ജെ, ചൊ ജിൻ വൂങ്ങ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നായികയായി സുന്ദരിയായ ജുൻ ഹി ജ്യൂനും കൂടെയുണ്ട്.
മുപ്പതുകളിൽ ജപ്പാൻ അധിനിവേശ കൊറിയയിൽ നടക്കുന്ന സംഭവങ്ങൾ ആണ് അസാസിനേഷൻറെ ഇതിവൃത്തം. കൊറിയൻ പ്രതിരോധ സംഘത്തിനു ഗ്യൊങ്ങ്സ്യോങ്ങിലുള്ള കവഗച്ചി എന്ന ജാപ്പനീസ് ഗവർണറെയും അയാളുടെ കൂട്ടാളി അല്ലെങ്കിൽ ജപ്പാൻകാർക്ക് ഫണ്ട് ചെയ്യുന്ന പ്രമുഖ കൊറിയൻ വ്യവസായിയെയും വധിക്കാൻ നിർദേശം ലഭിക്കുന്നു. ഇതിനായി യ്യൊം സിക്ക് ജയിലിൽ വെവ്വേറെ കുറ്റങ്ങൾക്ക് തടവ് ശിക്ഷ അനുഭവിക്കുന്ന മൂന്നു പേരെ തിരഞ്ഞെടുക്കുന്നു. അതെ സമയം, അവരെ വധിയ്ക്കാനായി ഹവായി പിസ്റ്റൾ എന്നാ വാടകക്കൊലയാളിയെയും ഏൽപ്പിക്കുന്നു. ഇതിൽ ആര് ആരെ വധിയ്ക്കും എന്നതിനും അവരുടെ ഉദ്യമം വിജയിക്കുമോ എന്നതിൻറെ ഉത്തരമാണ് ഈ ഉദ്യോഗജനകമായ ഈ ചിത്രം പറയുന്നത്.
ഒരു പഴയ കാലഘട്ടത്തിലാണ് കഥ പറഞ്ഞു പോകുന്നതെങ്കിലും നല്ല മികവുറ്റ നിർമ്മാണം തന്നെയാണ് ചിത്രത്തിനുള്ളത്. ഒരു നിമിഷം പോലും ബോറടിപ്പിക്കുന്നില്ല എന്നാൽ ഓരോ പ്രേക്ഷകനെയും ആവേശത്തിന്റെയും ജിജ്ഞാസയുടെയും മുൾമുനയിൽ നിർത്തുന്നു. സംവിധായകന്റെ മികവു ഇവിടെ എടുത്തു പറയാം. അദ്ദേഹത്തിന്റെ മേകിംഗ് അക്ഷരാർഥത്തിൽ മികച്ചു നിൽക്കുന്നു. കോമഡിയും, സസ്പൻസും, ആക്ഷനും ഇടകലർത്തിയാണ് ചെയ്തിരിക്കുന്നത്. അദ്ധേഹത്തിന്റെ മുൻപ് പുറത്തു വന്നിരുന്ന തീവ്സ് കണ്ടവർക്ക് ശരിക്കും മനസിലാകും, ദൊങ്ങ്-ഹൂൻറെ പ്രതിഭ. ക്ലൈമാക്സിനോടനുബന്ധിച്ചുള്ള gunfight ഒക്കെ വളരെ അച്ചടക്കത്തോടെയും മാത്രമല്ല നല്ല നിലവാരവും പുലർത്തി പശ്ചാത്തലസംഗീതവും ഗംഭീരം.
ഹാ ജൂങ്ങ് വൂ ബിഗ് ഗൺ എന്ന വാടകക്കൊലയാളിയായി തകർത്തു. അദ്ദേഹത്തിന്റെ സഹായിയായി ചോയി ട്യോക് മൂണും മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. നായികയായ ജുൻ, ചൊ ജിൻ വൂങ്ങ്, വില്ലനായ ലീ എന്നിവർ എല്ലാം തകർത്ത് വാരി.
മൊത്തത്തിൽ പറഞ്ഞാൽ, കൊറിയൻ ചിത്രാരാധാകാർക്ക് ആഘോഷിക്കാൻ വേണ്ടി ഒരു ചിത്രം.
എന്റെ റേറ്റിംഗ് 9 ഓൺ 10