Cover Page

Cover Page

Sunday, September 9, 2018

277. Death Wish (2018)

ഡെത്ത് വിഷ് (2018)



Language : English
Genre : Action | Crime | Drama
Director : Eli Roth
IMDB : 6.4


"നമ്മളുടെ സുരക്ഷയ്ക്ക് എല്ലായ്‌പ്പോഴും പോലീസിനെ ആശ്രയിക്കും. അവിടെയാണ് യഥാര്‍ത്ഥ പ്രശ്നവും. എന്തെങ്കിലും അപകടം അല്ലെങ്കില്‍ കുറ്റകൃത്യം നടന്നതിനു ശേഷമാവും പോലീസ് അവിടെ എത്തുക. കോഴിക്കൂട്ടില്‍ നിന്നും ഇറങ്ങി വരുന്ന ചെന്നായയെ നമ്മള്‍ കുടുക്കാന്‍ നില്‍ക്കുന്നതിനു സമാനമാണ് അത്. ഒരു മനുഷ്യനു അയാളുടേത് എന്തും സംരക്ഷിക്കണമെങ്കില്‍ അയാള്‍ തന്നെ അയാള്‍ക്ക്‌ വേണ്ടി എന്തെങ്കിലും ചെയ്തേ മതിയാകൂ."

എനിക്ക് ഈ അടുത്തു കണ്ട സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരു സംഭാഷണ ശകലം ആണ്. അമ്മായി അച്ഛന്‍ തന്‍റെ മരുമകനോട്‌ പറയുന്നതാണ് സന്ദര്‍ഭം. എലി റൊത് സംവിധാനം ചെയ്ത ഡെത്ത് വിഷ് എന്ന ചിത്രത്തിന്‍റെ വഴിത്തിരിവ് സംഭവിക്കുന്നതും ഈ ഒരു സംഭാഷണ ശകലങ്ങളില്‍ നിന്നുമാണ്. ഒത്തിരി ആലോചിച്ചപ്പോഴും ഒരു ഏതു രാജ്യം എന്നില്ല, എല്ലായിടത്തും നമ്മുടെ സുരക്ഷയ്ക്ക് നമ്മൾ തന്നെ ഉത്തരവാദികൾ ആകുന്നു. കുറ്റകൃത്യം നടക്കുന്നതിനു മുൻപ് അത് പ്രതിരോധിക്കാൻ പൊലീസുകാരെ കൊണ്ട് 99  ശതമാനവും കഴിയുകയില്ല എന്ന നഗ്നമായ സത്യം നമ്മൾ അംഗീകരിച്ചേ മതിയാകൂ.

ഒരു കാലത്തെൻറെ  ഇഷ്ട നടന്മാർ ആയിരുന്നു നിക്കോളാസ് കേജ്‌, ബ്രൂസ് വില്ലിസ് എന്ന ഹോളിവുഡ് നടന്മാർ. അവരുടെ ചിത്രങ്ങൾ അത് ആക്ഷൻ ആകട്ടെ ഡ്രാമ ആകട്ടെ, അവരുടെ പ്രകടനങ്ങൾ കാണാൻ രസമാണ്. പക്ഷെ കഴിഞ്ഞ കുറെ വർഷങ്ങളായി  നല്ല അറുബോറൻ സിനിമകളിൽ തല വെച്ച് കരിയർ നശിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. അങ്ങിനെ ഒരു പ്രതീക്ഷയും ഇല്ലാതെ തന്നെയാണ് ഈ സിനിമ കാണാന്‍ തുടങ്ങിയത്.

ഡോക്ടര്‍ പോള്‍ കേഴ്സി, ഭാര്യ ലൂസി, ഒരേയൊരു മകള്‍ ജോര്‍ദന്‍ അടങ്ങിയ ഷിക്കാഗോ സിറ്റിയിലെ ഒരു സന്തുഷ്ട കുടുമ്പം. പക്ഷെ, ആ രാത്രി ഡോക്ടറിനു എല്ലാം നഷ്ടപ്പെട്ടു. സ്നേഹമയിയായ ഭാര്യയെ എവിടെ നിന്നോ വന്ന മൂന്നു മോഷ്ടാക്കള്‍ നിഷ്കരുണം വധിച്ചിരിക്കുന്നു. ന്യൂ യോര്‍ക്കിലേക്ക് ഉപരി പഠനത്തിനു പോകാന്‍ ത്രില്ലടിച്ചിരുന്ന മകള്‍ ഒന്നും സംസാരിക്കാന്‍ കഴിയാതെ ആശുപത്രിയില്‍ മരണത്തോട് മല്ലിട്ടടിയ്ക്കുന്നു. നിയമങ്ങളും എല്ലാം അനുസരിച്ചിരുന്ന ഒരു നല്ല അമേരിക്കന്‍ പൌരനായ തനിക്കീ ഗതി വന്നതോര്‍ത്ത് ഓരോ നിമിഷവും നീറി നീറി ജീവിക്കുകയാണ്. പോലീസ് അന്യേഷണവും എങ്ങുമെത്തുന്നില്ല. ഒരു തെളിവ് പോലും ഇല്ലാതെ അവര്‍ ആരാണെന്ന് മനസിലാക്കാന്‍ കഴിയാതെ നടുക്കടലില്‍ ഉഴലുന്ന പോലീസിനെ കണ്ടപ്പോള്‍ നിയമം കയ്യിലെടുക്കാന്‍ ഡോക്ടര്‍ തയാറാകുകയാണ്. പ്രതികാരാഗ്നി ഉള്ളില്‍ പടര്‍ന്നു കൊണ്ടേയിരിക്കുന്നു. പക്ഷെ എവിടെ തുടങ്ങും?? എങ്ങിനെ തുടങ്ങും?? എന്നാ ചോദ്യങ്ങള്‍... സമൂഹത്തില്‍ നടക്കുന്ന അനീതികള്‍ തട്ടി കേള്‍ക്കാന്‍ തുടങ്ങുകയാണ് ഡോക്ടര്‍ കേഴ്സി. മാധ്യമങ്ങളില്‍ എല്ലാം അദ്ദേഹത്തിനു ഒരു നായക പരിവേഷം തന്നെ ചാര്‍ത്തി കൊടുക്കുമ്പോള്‍, അദ്ദേഹത്തിനു അതെല്ലാം ഒരു ലഹരിയായി മാറി. അപ്പോഴും ഒരേയൊരു ചിന്ത, തന്‍റെ കുടുംബം ചിന്നഭിന്നമാക്കിയവരെ കണ്ടു പിടിക്കാന്‍ കഴിയുമോ????

Gore Violence സിനിമകള്‍ ആയ ഹോസ്റല്‍ സീരീസ്, ഗ്രീന്‍ ഇന്‍ഫെര്‍ണോ, കാബിന്‍ ഫീവര്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത എലൈ റൊത് ആണ് ഈ ചിത്രത്തിന്‍റെ സംവിധാനം. 1972ഇല്‍ പുറത്തിറങ്ങിയ ഇതേ പേരിലുള്ള ബ്രയന്‍ ഗാര്‍ഫീല്‍ഡിന്‍റെ നോവലിനെ ആസ്പദമാക്കിയിറങ്ങിയ 1974 ചാള്‍സ് ബ്രോസ്നന്‍റെ സിനിമയുടെ റീമേക്ക് ആണ് ഇത്.

പണ്ട് മുതലേ കണ്ടു പഴകിയ പ്രതികാര കഥ തന്നെയാണ് ഡെത്ത് വിഷിന്‍റെയും, പക്ഷെ എലൈ റൊത് എന്ന സംവിധായകന്‍റെ ആഖ്യാനം, ഒരു നിമിഷം പോലും ബോറടിപ്പിക്കുകയില്ല. Its a complete mixture of fast paced narration, Gore Violence, Blood Shed and Action. ആക്ഷനും വയലന്റ്ക്യാ സീനുകളും ഒന്നിനൊന്നു മെച്ചം. ക്യാമറവര്‍ക്ക്, പശ്ചാത്തല സംഗീതം എല്ലാം മികച്ചു നിന്നു. 

മുഖ്യ കഥാപാത്രമായ ഡോക്ടറിനെ അവതരിപ്പിച്ച ബ്രൂസ് വില്ലിസ്, അക്ഷരാര്‍ഥത്തില്‍ മിന്നിച്ചു. ഫുള്‍ ആന്‍ഡ് ഫുള്‍ അദ്ദേഹത്തിന്‍റെ ആട്ടമായിരുന്നു. തെറ്റ് ചെയ്യുന്നവര്‍ എല്ലാം വില്ലന്മാര്‍ ആയതു കൊണ്ട്, എടുത്തു പറയാന്‍ പ്രത്യേകിച്ച് വില്ലന്മാര്‍ ഇല്ലെങ്കിലും, ഉള്ളവര്‍ എല്ലാം വിശ്വാസയോഗ്യമായ പ്രകടനം ആയിരുന്നു. എലിസബത്ത് ഷ്യൂ അല്‍പ നേരം മാത്രം സ്ക്രീനില്‍ ഉണ്ടായിരുന്നുള്ളൂ. ഈ പ്രായത്തിലും അവരേ കാണാന്‍ നല്ല ഭംഗി ഉണ്ടായിരുന്നു. സ്ക്രീന്‍ സ്പേസ് കൂടുതലും ബ്രൂസിനു തന്നെയാരുന്നു. ഡീന്‍ നോറിസ് അവതരിപ്പിച്ച ഡിടക്റ്റീവ് കെവിന്‍ റെയിന്‍സ്, വിന്‍സന്റ്റ് ഡോണ്‍ഫോറിയോ അവതരിപ്പിച്ച സഹോദരനായ ഫ്രാങ്ക് കേഴ്സി, എന്നിവര്‍ക്കാണ് അല്പമെങ്കിലും നേരം കൂടുതല്‍ സ്ക്രീന്‍ സ്പേസ് ലഭിച്ചത്. അഭിനയിച്ച എല്ലാവരും തങ്ങളുടെ റോളുകള്‍ ഭംഗിയായി തന്നെ കൈകാര്യം ചെയ്തു. 


മൊത്തത്തില്‍ പറഞ്ഞാല്‍ ഒരു നല്ല പ്രതികാര കഥയും (ലോജിക്കുകള്‍ ശ്രെദ്ധിക്കേണ്ടതില്ല) കൊണ്ടാണ് ഇത്തവണ എലൈ റൊത് കൊണ്ട് വന്നിരിക്കുന്നത്. ഒരു നിമിഷം പോലും മുഷിക്കാതെ കണ്ടിരിക്കാവുന്ന ഒരു ചിത്രം.

എന്‍റെ റേറ്റിംഗ് 7.2 ഓണ്‍ 10 




Saturday, September 1, 2018

276. Ghilli (2004)

ഗില്ലി (2014)



Language : Tamil
Genre : Action | Comedy | Drama | Romance
Director : Dharani
IMDB : 7.7

Ghilli Theatrical Trailer


This is not a review!!!

എഞ്ചിനീയറിംഗ്‌ രണ്ടാം വർഷം നാലാം സെമസ്‌റ്റർ പരീക്ഷയുടെ അവധി ദിനങ്ങളിൽ ആണു ഗില്ലിയുടെ റിലീസ്‌. പാട്ടുകൾ എല്ലാം അന്നേ ഹിറ്റും, ഹോസ്റ്റലിന്റെ സ്പീക്കറുകളിൽ എല്ലാ ദിവസവും ചായ സമയത്ത്‌ മുഴങ്ങി കേൾക്കുന്നത്‌ കൊണ്ടും ഹൃദ്യവും കാണാപാഠവും, പോരാത്തതിനു ഇളയദളപതി നായകനായി അഭിനയിക്കുന്ന ചിത്രവും. ഞങ്ങളുടെ പരീക്ഷ ആരംഭിക്കാൻ മൂന്നു ദിവസം ബാക്കിയുള്ളപ്പോൾ ആണു ചിത്രം റിലീസാവുന്നത്‌. ആദ്യ ദിനം തന്നെ കാണണമെന്നു തന്നെ ഞങ്ങൾ സെകണ്ട്‌ ഇയർസ്സ്‌ തീരുമാനിച്ചു രാവിലേ തന്നെ ഹോസ്റ്റൽ വിട്ടിറങ്ങി. കോളജിൽ നിന്നും പത്തു പന്ത്രണ്ട്‌ കിലോമീറ്ററുകൾ ഉണ്ടായിരുന്നു തീയറ്ററിലേക്ക്‌.. ആദ്യ ഷോ 10:30ക്ക്‌. തീയറ്ററിനു മുന്നിൽ ഞങ്ങൾ ഒരു 25 പേർ രാവിലെ ഒൻപത്‌ മണിക്ക്‌ തന്നെ കുറ്റിയടിച്ചു നിൽപാണു..നിമിഷങ്ങൾ കഴിയുമ്പോഴേക്കും ഇരുപത്തിയഞ്ചു അൻപതായി പിന്നെ നൂറായി ആളുകൾ കൂടിക്കോണ്ടേയിരുന്നു. കണക്കെടുക്കാൻ കഴിഞ്ഞില്ല. ഇരട്ട തീയറ്ററുള്ള കോമ്പ്ലക്‌സിനു മുന്നിൽ ഒരു പൂരത്തിനുള്ള ആളായി.. ഇത്തിരി നേരം കഴിഞ്ഞപ്പോൾ രണ്ടു ജീപ്പ്‌ പോലീസും. സമയം പത്തരയായിട്ടും പെട്ടി എത്തിയില്ല... വെയിലിൽ കാത്തു നിന്നിരുന്ന ഞങ്ങളുടെയെല്ലാം ക്ഷമ നശിച്ചു കൊണ്ടേയിരുന്നു. എന്നാലും വിജയുടെ പടം എന്ന ചിന്ത ഞങ്ങളുടെ ഉള്ളിൽ ഉത്തേജനമായിരുന്നു. തമിഴ്‌നാട്ടിലെ ആ പൊള്ളുന്ന വെയിൽ അറിയാല്ലൊ, ആ ചിന്ത അതിനിടയിലും റെഡ്‌ ബുള്ളിന്റെ എഫക്റ്റ്‌ ഉള്ളിൽ നുരഞ്ഞു പൊങ്ങിക്കൊണ്ടേയിരുന്നു. കോമ്പ്ലക്സിന്റെ ഗേറ്റ്‌ ഇതു വരെയും തുറന്നിട്ടില്ല, ടിക്കറ്റും കൊടുത്തു തുടങ്ങിയിട്ടില്ല.. 11:30 ആയി, നോ രക്ഷ. ഫാൻസ്‌ ടീമുകൾ പാലഭിഷേകത്തിനു കൊണ്ടു വന്ന പാൽ മൊത്തം പിരിഞ്ഞു തൈരായി എന്നു തൊന്നുന്നു. ഇന്നിനി പടമുണ്ടാകുമോ എന്നു തന്നെ സംശയമായി. പരൂക്ഷക്ക്‌ നാലക്ഷരം പഠിച്ചു റാങ്ക്‌ വാങ്ങുന്നതിനു പകരം തീയറ്ററിൽ വന്നു കാവലിരിക്കുന്നു.. വീട്ടിലെങ്ങാനും അറിഞ്ഞാൽ.. ഭലേ ഭേഷ്‌..!!!
പെട്ടിയെത്തീ!!! പെട്ടിയെത്തീ..!!! ചെണ്ടമേളം കേട്ട്‌ ഒരുത്തൻ അലറി കൂവി.. ആദ്യമായാണു ഒരു പെട്ടി ഇങ്ങനെ ആനയിച്ചു കൊണ്ടു വരുന്നത്‌ കാണുന്നത്‌.. അപ്പോഴുള്ള ആ എനർജി ശരിക്കും കിടിലൻ തന്നെ. കബഡി വേഷത്തിൽ നിൽക്കുന്ന വിജയുടെ കൂറ്റൻ ഫ്ലക്സിൽ തൈരാണൊ പാലാണൊ കമഴ്തിയതെന്നറിയില്ല.. എന്തോ കമഴ്തി.. വലിയ പൂമാലകൾ ചാർത്തി.. ആകെ ഒരു ഉത്സവത്തിന്റെ മയം..
ചെറിയ ഗേറ്റിലൂടെ പെട്ടി തീയറ്ററുകാർ അകത്തേക്ക്‌ കൊണ്ടു പോയി അഞ്ചു മിനിറ്റിനു ശേഷം ഗേറ്റ്‌ തുറന്നു. അണക്കെട്ടിന്റെ ഷട്ടർ തുറന്നു വിടുമ്പൊൾ വരുന്ന വെള്ളം മാതിരി ഞങ്ങളുൾപ്പടെ തീയറ്ററിനു വെളിയിൽ കാത്തു നിന്ന സിനിമാസ്വാദകർ തീയറ്ററിലേക്ക്‌ ഇരച്ചു കയറി. അന്നു ഓൺലൈൻ ബുക്കിംഗ്‌ ഇല്ലാല്ലൊ.. രണ്ടു പേർക്ക്‌ കഷ്ടിച്ച്‌ നിൽക്കാൻ പോലും കഴിയാത്ത ഇടനാഴിയിൽ നീണ്ട ക്യൂവിൽ നിന്നു വേണം റ്റിക്കറ്റെടുക്കാൻ. 25 പേർക്ക്‌ ഒരുമിച്ചവർ റ്റിക്കറ്റ്‌ കൊടുക്കില്ല. അതു മാത്രവുമല്ല, റ്റിക്കറ്റ്‌ എടുത്ത്‌ ആ നീണ്ട ഇടനാഴിയിലൂടെ നടന്ന് വേണം ഇരിപ്പിടങ്ങളിൽ എത്താൻ. അന്നൊന്നും, ഇന്നുള്ള പോലെ സീറ്റ്‌ നമ്പറുകൾ റ്റിക്കറ്റിൽ എഴുതാറില്ലായിരുന്നു. അതു കൊണ്ടു തന്നെ ആദ്യമെത്തിയാലേ നമുക്കിഷ്ടപ്പെട്ട ഇരിപ്പിടവും കിട്ടുകയുള്ളൂ. ഓട്ടം തന്നെ ഓട്ടം.
അതിനിടയ്ക്ക്‌ പോലീസ്‌ ലാത്തിചാർജ്ജ്‌ തുടങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. തള്ള്‌ കൊണ്ടു ഞങ്ങളും തള്ള്‌ നിയന്ത്രിക്കാൻ പോലീസുകാർ നന്നേ പാടു പെടുന്നുണ്ടായിരുന്നു.. സൈഡിലുള്ള കമ്പികളിൽ ലാത്തി കൊണ്ടടിച്ചു പോലീസ്‌ നല്ല ഭരണിപ്പാട്ട്‌ വിളിച്ചു അടിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണു കമ്പിയിലുള്ള ഒരു അടി തെന്നി മാറി എന്റെ കാൽത്തുടയിൽ വന്നു പതിച്ചത്‌. ഹൗ!!! ആകാശത്തുള്ള എല്ലാ നക്ഷത്രങ്ങളും ഞാൻ ഒറ്റ നിമിഷത്തിൽ എണ്ണി. ശരീരം വേദനിച്ചാൽ എനിക്കും കണ്ണൊന്നും കാണുകയില്ല. അന്നെങ്ങാനും പ്രേമം ഇറങ്ങിയിരുന്നെങ്കിൽ കണ്ണു ചുവക്കണു പാട്ടൊക്കെ ബാക്ക്ഗ്രൗണ്ടിൽ ഇട്ട്‌ ആ പോലീസിനെ തല്ലുന്നത്‌ ഞാൻ സ്വപ്നം കണ്ടേനെ. വേദന കടിച്ചു പിടിച്ചു വീണ്ടും Qവിൽ നിന്നു. ഈ Qവിനൊരു അറുതിയില്ലേ ഭഗവാനേ. വല്ലച്ചാതി റ്റിക്കറ്റെടുത്തു അകത്തു കയറി ഇരുന്നിട്ട്‌ വേണം അടി കിട്ടിയ ഇടത്തിൽ തിരുമ്മാൻ..
അവസാനം തള്ളിപ്പിടിച്ചു ആദ്യം നിൽക്കുന്നവർ 4 പേർ എല്ലാവരുടെയും റ്റിക്കറ്റെടുത്തു കൊണ്ട്‌ മുന്നോട്ടോടി. എല്ലാവരും ഓടിക്കയറി ഫസ്റ്റ്‌ ക്ലാസ്‌ സീറ്റിംഗിൽ കുറച്ചു പിറകിലായി ഞങ്ങൾക്ക്‌ സീറ്റ്‌ കിട്ടി എല്ലാവരും നിലയുറപ്പിച്ചു.. തീയറ്റർ അൽപ സമയം കൊണ്ടു ബാൽക്കണിയും ഫസ്റ്റ്‌ ക്ലാസും സെകണ്ട്‌ ക്ലാസും നിറഞ്ഞു. അൽപ സമയത്തിനുള്ളിൽ സിനിമ തുടങ്ങി.
തീയറ്റർ ഇളകി മറിയുന്ന ആഘോഷത്തിൽ സത്യം പറഞ്ഞാൽ അടി കിട്ടിയ ഭാഗം റബർ പന്തു പോലെ വീർക്കുന്നത്‌ ഞാൻ അറിഞ്ഞിരുന്നില്ല. നല്ല കോമഡിയും കിടിലൻ പാട്ടുകളും കുറച്ചു മാസ്‌ എലമന്റുകളും നിറഞ്ഞ ഫസ്റ്റ്‌ ഹാഫ്‌.ആശിഷ്‌ വിദ്യാർഥിയെ നല്ല ഒരു റോളിൽ കാണാൻ കഴിഞ്ഞു. അദ്ദേഹത്തിന്റെ കോമഡി ഡിപാർട്ട്മെന്റിലുള്ള പങ്കാളിത്തം എടുതു പറയേണ്ടതാണു. വിജയുടെ അമ്മയായി ജാനകി സബേഷും സഹോദരിയായി നാൻസി ജെന്നിഫറും തകർത്തു വാരി. പ്രകാശ്‌രാജിന്റെ ചെല്ലം വിളി പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണു സ്വീകരിച്ചത്‌. എനിക്കു തോന്നുന്നത്‌ അതിനു മുൻപ്‌ ആ കാലഘട്ടത്തിൽ വില്ലന്മാരെ തമിഴർ മുഴുഹൃദയത്തോട്‌ കൂടി സ്വീകരിച്ചത്‌ ധൂളിലെ സൊർണ്ണാക്കയെയും (തെലുങ്കാന ശകുന്തള) അവരുടെ സഹോദരൻ ആദിയെയും (പശുപതി) പിന്നെ സാമിയിലെ പെരുമാൾ പിച്ചെയെയും (കോട്ട ശ്രീനിവാസ റാവു) ആണെന്നു തോന്നുന്നു. വിജയുടെയും പ്രകാശ്‌രാജിന്റെയും ഏറ്റുമുട്ടലിലുണ്ടായ തീ പ്രേക്ഷകർക്ക്‌ പകർന്നു കൊടുത്ത ഊർജ്ജം ഒന്നു വേറെ തന്നെയാരുന്നു. നായികയുടെ കഴുത്തിൽ നായകൻ കത്തി വെച്ചിട്ടുള്ള മാസ്‌ ഡയലോഗും ആ സീനും അന്നത്തെ കാലത്ത്‌ പുതുമ ആയിരുന്നു. ഏറ്റവും മികച തമിഴ്‌ മാസ്‌ സീനുകളുടെ ലിസ്റ്റിൽ ഈ സീൻ ഉണ്ട്‌.
വിദ്യാസാഗറിന്റെ സംഗീതം ആയിരുന്നു മറ്റൊരു ഹൈലൈറ്റ്‌. സൗഹൃദവും പ്രണയവും ഒക്കെ നല്ല രീതിയിൽ സംവിധായകൻ ധരണി ചിത്രത്തിൽ കാണിച്ചിട്ടുണ്ട്‌. ആക്ഷൻ സീൻസും അന്നു വളരെയധികം ഇഷ്ടപ്പെട്ടിരുന്നു.
അന്നു ഒക്കഡു കണ്ടിട്ടില്ല, അതു കൊണ്ടു തന്നെ കഥയെ പറ്റി അത്ര ഗ്രാഹ്യമുണ്ടായിരുന്നില്ല. ഒരു താരതമ്യവും ഇല്ലാതെ തന്നെ തമിഴിലെ എക്കാലത്തെയും മികച്ച മാസ്‌ സിനിമ കണ്ട ചാരിതാർത്ഥ്യത്തോടെ തീയറ്ററിൽ നിന്നും ഇറങ്ങുമ്പോഴാണു എന്റെ നടത്തത്തിനു അൽപം മുടന്തും പിന്നെ വേദനയും ഞാൻ അറിഞ്ഞത്‌.

Friday, August 31, 2018

275. Perfetti Desconocidos (Perfect Strangers) (2017)

പെര്‍ഫെറ്റി ഡെസ്കൊണോസിഡോസ് (പെര്‍ഫക്റ്റ് സ്ട്രേഞ്ചര്‍സ് (2017)




Language : Spanish
Genre : Comedy | Drama
Director : Alex de la Iglesia
IMDB : 7.0

Perfetti Desconocidos Theatrical Trailer

രഹസ്യങ്ങളുടെ കലവറ പണ്ടു നമ്മുടെ മനസായിരുന്നു. ടെക്നോളജി പുരോഗമിച്ചപ്പൊൾ മനസിന്റെ സ്ഥാനത്ത്‌ മൊബൈൽ ആയി മാറി. കണ്ണിന്റെ കൃഷ്ണമണി പോലെയാണു എല്ലാവരും ഇന്നു മൊബൈൽ കൊണ്ടു നടക്കുന്നത്‌. സ്വന്തം മൊബൈൽ ഭാര്യക്കൊ, മാതാപിതാക്കൾക്കൊ, പ്രണയിനിക്കൊ കൊടുക്കാൻ ഒരാൾ ഭയക്കുന്നു. അതു പോലെ തിരിച്ചു.

മാഡ്രിഡിലെ ഏഴു പേർ വർഷങ്ങളായി ഇണ പിരിയാത്ത സൗഹൃദത്തിനു ഉടമകളാണു. മൂന്നു ദമ്പതികളും ഒരു ഡിവോഴ്സീയും ഉൾപ്പെട്ട ഏഴു പേർ ഒരു രാത്രി ഡിന്നറിനായി ഒരു ഇവാ-അൽഫോൺസൊ ദമ്പതികളുടെ വീട്ടിൽ ഒത്തു കൂടുന്നു. ആ രാത്രിയ്ക്ക്‌ ഒരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അന്നു ചന്ദ്രഗ്രഹണം ഉണ്ടാവുന്ന ദിവസം കൂടി ആയിരുന്നു.
തീന്മേശയിൽ ഒത്തു കൂടിയിരിക്കുമ്പോഴാണു ബ്ലാങ്കയ്ക്ക്‌‌ ഒരു ആശയം തോന്നുന്നത്‌‌. ഇന്നു രാത്രി എല്ലാവരുടെയും മൊബൈൽ ഫോണുകൾ തീന്മേശയുടെ നടുവിൽ വെയ്ക്കുക. വരുന്ന മെസേജുകൾ, കോളുകൾ എല്ലാം എല്ലാവരുടെയും മുൻപിൽ തന്നെ അവതരിപ്പിക്കണം. ഒരു പ്രൈവസിയും ഉണ്ടാവാൻ പാടില്ലാ എന്നാണു നിയമം. പലർക്കും അതിനോട്‌ യോജിപ്പില്ലായിരുന്നുവെങ്കിലും, അവസാനം എല്ലാവരും ഈ ഗെയിം കളിക്കാൻ സമ്മതിച്ചു. പിന്നീട്‌ എന്തു സംഭവിച്ചു എന്നറിയാൻ ചിത്രം പൂർണ്ണമായും കാണുക.

2016ൽ ഇറ്റലിയിൽ  റിലീസ് ആയ ഇറ്റാലിയന്‍ ചിത്രം Perfetti Sconosciutiയുടെ തന്നെ അതെ നാട്ടില്‍ ഇറങ്ങിയ സ്പാനിഷ് വേര്‍ഷന്‍ ആണ് Perfetti Desconocidos (Perfect Strangers). Lionel Messiയേ പറ്റി Documentary ചെയ്ത  Alex de Iglesia ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സീരിയസ് ആയ വിഷയം വളരെയധികം തന്മയത്വത്തോടു കൂടിയും കോമഡിയുടെ മേമ്പൊടി ചേര്‍ത്തു മികച്ച രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. Fantasy elements ചേര്‍ക്കാന്‍ അദ്ദേഹം മറന്നില്ല. Victor Reyes നിര്‍വഹിച്ച പശ്ചാത്തല സംഗീതം പലപ്പോഴും സിനിമയുടെ ഗതി തന്നെ മാറ്റി, കണ്ടു തുടങ്ങുമ്പോള്‍ ഒരു ഹൊറര്‍ മൂടിലുള്ള ത്രില്ലര്‍ എന്നാ പ്രതീതി നല്‍കുമെങ്കിലും പിന്നീട് അങ്ങോട്ട്‌ കോമഡിയും എന്നാല്‍ അത്യന്തം നിഗൂഡതയും സംഗീതത്തില്‍ നിറഞ്ഞു നിന്നു. ക്യാമറ വര്‍ക്ക്, ഡയലോഗുകള്‍, ചിത്രസംയോജനം, ലൈറ്റിംഗ്, തുടങ്ങിയ വിഭാഗങ്ങളില്‍ മികവു പുലര്‍ത്തി. ഒരു വീട്ടിലെ കഥാപാത്രങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ക്യാമറ ആയിരുന്നു ചിത്രത്തിന്‍റെ സ്വഭാവം അനുസരിച്ച് അത് പോലെ കൈകാര്യം ചെയ്ത Angel Amoros ഒരു പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. 

കൃത്യമായ ഇടവേളകളിലെ ട്വിസ്റ്റുകള്‍ നമ്മെ അതിശയിപ്പിക്കുകയും ചെയ്യും. ഒരിക്കലും പ്രതീക്ഷിക്കാത്ത പലതും അടങ്ങിയ ഒരു ബോക്സ് ആണ് മൊബൈല്‍ എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള ആഖ്യാനം. 

എട്ടു കഥാപാത്രങ്ങള്‍ ആണ് മുഖ്യമായും ചിത്രത്തിലുള്ളത്. Eduard Fernandez, Ernesto Alterio, Juana Acosto, Eduardo Noriega, Belen Rueda, Dafne Fernandez, Pepon Nielto ആണ് അവര്‍. Beatriz Olivares ഒരു ചെറിയ റോളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.  ഏഴു പേരും അവരുടെ അഭിനയത്തില്‍ മികച്ചു നിന്നു. അവര്‍ തന്നെയാണ് സിനിമ മുഴുവനും മുന്‍പോട്ടു കൊണ്ട് പോകുന്നത്. 

ഇത് കണ്ടു കഴിഞ്ഞാല്‍, ഉറപ്പാണ്, നമ്മളില്‍ പലരും മോബൈളിലുള്ള രഹസ്യങ്ങള്‍ കളയാന്‍ ആയി അല്പം സമയം കളയും... എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ഈ ചിത്രം അതിനാല്‍ ഞാന്‍ 7.8 മാര്‍ക്ക് 10ഇല്‍ ഈ ചിത്രത്തിന് നല്‍കും.

ലൌഡ്സ്പീക്കര്‍ എന്നാ പേരില്‍ ഈ ചിത്രത്തിന്‍റെ unofficial Remake കന്നഡ ഭാഷയില്‍ ഇറങ്ങിയിരുന്നു. 

274. Iravukku Aayiram Kangal (2018)

ഇരവുക്കു ആയിരം കൺകൾ (2018)


Language : Tamil
Genre : Action | Mystery | Romance | Thriller
Director : Mu. Maran
IMDB: 7.3


Iravukku Aayiram Kankal Theatrical Trailer




പല തരം  ത്രില്ലറുകള്‍ നമ്മള്‍ മുൻപ് കണ്ടിട്ടുണ്ടാവും. പക്ഷെ നവാഗത സംവിധായകനായ മു. മാരൻ അണിയിച്ചൊരുക്കിയ ചിത്രം ട്വിസ്റ്റുകളുടെ അകമ്പടിയോടു കൂടി വരുന്ന ഒരു ത്രില്ലർ ആണ്, ഈ സിനിമ മനസിലാക്കി കാണണമെങ്കിൽ ഒരു സ്‌കൂൾ കുട്ടിയുടെ ചുറുചുറുക്കോടെ ഓരോ സീനും വീക്ഷിക്കണം. 

കോൾ ടാക്സി ഡ്രൈവർ ഭരതും നഴ്സ് സുശീലയും തമ്മിൽ ഗാഢപ്രണയത്തിലാണ്. സുശീലയുടെ സുഹൃത്തിന്റെ മോശം വീഡിയോ കൈവശം വെച്ചിരിക്കുന്ന ഗണേഷിന്റെ വീട്ടിൽ അത് വീണ്ടെടുക്കാൻ പോകുന്ന ഭരത്‌ ഒരു സ്ത്രീയുടെ കോല ചെയ്യപ്പെട്ട ശരീരം കാണുന്നു. തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങൾ ആണ് ചിത്രത്തിൻറെ ഇതിവൃത്തം.


അരുൾനിധി അവതരിപ്പിച്ച ഭരത് എന്ന കഥാപാത്രം മികവുറ്റ രീതിയിൽ തന്നെ അദ്ദേഹം അഭ്രപാളിയിൽ അവതരിപ്പിച്ചിരിക്കുന്നു. അരുൾനിധിയുടെ സ്ക്രിപ്ട് സെലക്ഷൻ വളരെ മികച്ചത് തന്നെയാണ്, പല സൂപ്പർ സ്റ്റാറുകളും കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. സ്ഥിരം കഥാപാത്രങ്ങളിൽ നിന്നും വ്യതിചലിച്ചുള്ള മഹിമയുടെ സുശീല എന്ന കഥാപാത്രം നന്നായിരുന്നു. അല്പം പ്രകടനം നടത്താനുള്ള കഥാപാത്രം പ്രേക്ഷകർക്ക് നിരാശ സമ്മാനിക്കുന്നില്ല. നെഗറ്റിവ് റോൾ അവതരിപ്പിച്ച അജ്മൽ, പ്രകടനം നോക്കുകയാണെങ്കിൽ നിരാശാജനകമായിരുന്നു. പോരാത്തതിന് മോശം ഡയലക്റ്റും. ആ കഥാപാത്രത്തിന് സംവിധായകൻ കുറച്ചു കൂടി ഡാർക്ക് സീരിയസ് മൂഡ് കൊടുത്തിരുന്നെങ്കിൽ വളരെ നന്നായിരുന്നേനെ എന്നു  തോന്നി. ആനന്ദ് രാജ് താൻ സ്ഥിരം വില്ലൻ കഥാപാത്രങ്ങളിൽ നിന്നും മാറി ഒരു കോമഡി റോൾ ആണ് ചെയ്തിരിക്കുന്നത്. ചില സീനുകളിൽ ഒക്കെ ചിരി നന്നേ പടർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ഛായാ സിംഗ്, ജോൺ വിജയ്, വിദ്യാ പ്രദീപ്, സുജ, ലക്ഷ്മി രാമകൃഷ്ണൻ, ആടുകളം നരേൻ തുടങ്ങി കലാകാരന്മാരുടെ വൻ നിര തന്നെ ചിത്രത്തിൽ അണി നിരക്കുന്നുണ്ട്. ആരും തങ്ങളുടെ കഥാപാത്രങ്ങൾ മോശവുമാക്കിയില്ല.

ആദ്യ ചിത്രം സംവിധാനം ചെയ്യുകയാണെന്ന സങ്കോചം തീരെയില്ലതെയാണ് മാരന്‍ ഈ ചിത്രം അണിയിച്ചോരുക്കിയിരിക്കുന്നത്‌. പക്ഷെ, കഥാപാത്രങ്ങളും അത് പോലെ തന്നെ സബ്-പ്ലോട്ട്സും നിരവധി ആയതിനാല്‍, സിനിമയുടെ തുടക്കം മുതല്‍ ശ്രദ്ധയോടെ തന്നെ കാണണം. തുടക്കം മുതൽ ഉള്ള സീനുകൾ പല ഇടങ്ങളിലും വരുന്ന സീനുകളുമായി ബന്ധം ഉള്ളത് കൊണ്ട് തന്നെ അതീവ ശ്രദ്ധയോടു കൂടി തന്നെ കണ്ടാൽ, ചിത്രം സമ്പൂർണ തൃപ്തി നൽകും. സാം സി എസ്  ആണ് ചിത്രത്തിൻറെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. പാട്ടുകൾ ഒന്നും മോശമല്ലായിരുന്നു. പക്ഷെ പശ്ചാത്തല സംഗീതം ചില ഇടങ്ങളിൽ വളരെ മികച്ചു നിന്നെങ്കിലും പലപ്പോഴും വിക്രം വേദയുടെ  ഹാങ്ങോവറിൽ  നിന്നും മോചിതൻ ആയില്ല എന്ന് തോന്നി. നിശബ്ദത പാലിക്കേണ്ട ഇടങ്ങളിൽ നോയിസി ആയി തോന്നി പലപ്പോഴും പശ്ചാത്തല സംഗീതം. അതല്പം നിയന്ത്രിച്ചിരുന്നെങ്കിൽ, വളരെ മികച്ച ഒരു സംഗീത സംരംഭം ആയി മാറിയേനെ. ലൈറ്റിംഗ്, ക്യാമറവർക്ക് മികച്ചു നിന്നു. എഡിറ്റിംഗ് നന്നായി തന്നെ സാൻ ലോകേഷ് കൈകാര്യം ചെയ്തു.

മൊത്തത്തിൽ പറഞ്ഞാൽ അധികം ലൂപ്പ് ഹോൾസ് ഒന്നുമില്ലാത്ത എന്നാൽ ഒത്തിരി സംശയം ഉള്ളിൽ ജനിപ്പിക്കുന്ന ഒരു മികച്ച മിസ്റ്ററി ത്രില്ലർ.

എൻ്റെ  റേറ്റിങ് 8.3 ഓണ്‍ 10
   

Monday, July 16, 2018

273. Kadaikkutty Singam (2018)

കടൈക്കുട്ടി സിങ്കം (2018)




Language : Tamil
Genre : Action | Comedy | Drama | Family
Director : Pandiraj
IMDB: 

Kadaikkutty Singam Theatrical Trailer


എന്നും വിശ്വാസമുള്ള ഒരു സംവിധായകൻ ആണ് പാണ്ഡിരാജ്. കെ. ഭാഗ്യരാജിന്റെ ഓഫീസ് ബോയ് ആയിരുന്ന അദ്ദേഹം ചേരൻ, തങ്കർ ബച്ചൻ, ചിമ്പു ദേവൻ തുടങ്ങിയ സംവിധായകരുടെ സഹസംവിധായകൻ ആയി നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചു. പക്ഷെ അവർ തിരഞ്ഞെടുത്ത ജോൺറെകളിൽ  നിന്നും വ്യത്യസ്തമായി പല ജോൺറെകളിൽ അദ്ദേഹം ചിത്രങ്ങൾ ചെയ്തു. ആദ്യ സ്വതന്ത്ര സംവിധാന സംരംഭമായ പസങ്കയിൽ നിന്നും തുടങ്ങി ഇങ്ങു കടൈക്കുട്ടി സിങ്കം വരെ വന്നു നിൽക്കുന്നു.

സൂര്യ നിർമ്മിച്ച ചിത്രത്തിൽ കാർത്തി നായകൻ ആയും സായേഷ നായികയായും അഭിനയിച്ചിരിക്കുന്നു. സത്യരാജ്, പ്രിയ ഭവാനി ശങ്കർ, അർത്ഥന ബിനു, സൂരി, ഭാനുപ്രിയ, ജോണ് വിജയ്, ശ്രീമാൻ, മൗനിക തുടങ്ങിയ നീണ്ട ഒരു താരനിര അണി നിരക്കുന്നുണ്ട്. മിക്ക സിനിമകളിൽ ഗുണ്ടയായി അവതരിക്കാറുള്ള ശത്രു ആണ് മുഖ്യ വില്ലൻ. ഡി ഇമ്മൻ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു.

ഗ്രാമവാസികൾ എല്ലാവരും തന്നെ മതിയ്ക്കുന്ന രണസിങ്കത്തിന്‌ ആദ്യ നാല് മക്കളും പെൺകുട്ടികൾ. ഒരു ആൺകുട്ടി വേണം എന്നുള്ള അദ്ദേഹത്തിൻറെ അതിയായ ആഗ്രഹം അദ്ദേഹം ഭാര്യ  വനമാദേവിയുടെ (വിജി ചന്ദ്രശേഖർ) അനുജത്തിയായ പഞ്ചമാദേവിയെ (ഭാനുപ്രിയ) വിവാഹം ചെയ്യുന്നു.പക്ഷെ എന്നിട്ടും അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല.അവിടെയും പെൺകുട്ടി തന്നെ. വനമാദേവി വീണ്ടും ഗർഭിണിയായി, ഒൻപതു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഒരു ആൺകുട്ടി ജനിച്ചു. അവൻ ആണ്  പെരുനാഴി ഗുണസിങ്കം. താൻ ഒരു കൃഷിക്കാരൻ ആണെന്ന് ഊറ്റം കൊള്ളുന്ന സ്നേഹസമ്പന്നനും നല്ലവനുമായ ഗുണസിങ്കത്തിനു രണ്ടു മുറപ്പെണ്ണുങ്ങൾ (പ്രിയ ഭവാനി & അർത്ഥന ബിനു). ഇവർ രണ്ടു പേരും ഗുണയെ തന്നെ കല്യാണം കഴിക്കാനായി കാത്തിരിക്കുന്നു. അങ്ങിനെ ഒരു നാൾ ഗുണ കണ്ണുക്കിനിയൽ (സായേഷ) എന്ന പെൺകുട്ടിയെ കണ്ടു മുട്ടുന്നതിലൂടെ പ്രണയം തുടങ്ങുന്നു. അവളെ കല്യാണം കഴിക്കുകയുള്ളൂ എന്ന് വീട്ടിൽ പറയുന്നതോടെ പ്രശ്നങ്ങൾ തുടങ്ങുന്നു. അതെ സമയം, ഗുണയോടു വൈരം വെച്ച് പുലർത്തുന്ന കൊടിയരസുവുമായുള്ള അസ്വാരസ്യങ്ങൾ കുടുംബത്തിലേക്കും എത്തുന്നു. ഗുണസിങ്കം എങ്ങിനെ ഇതിനെയെല്ലാം നേരിടുന്നു എന്നതാണ് രണ്ടാം പകുതി. ട്രെയിലറിൽ പറയുന്നത് മൊത്തത്തിൽ ഒരു രാമായണവും മഹാഭാരതവും സമ്മാളിക്കണം..

സിനിമയുടെ സെൻറർ പോയിന്റ് ഓഫ് അട്രാക്ഷൻ തന്നെ കാർത്തി ആണ്. നല്ല തലയെടുപ്പുള്ള ഒരു ഒറ്റയാനെ പോലെ മുന്നിൽ നിന്ന് നയിച്ചു. അഭിനയത്തിന്റെ കാര്യത്തിലും അദ്ദേഹം ഒത്തിരി മുൻപോട്ടു വന്നതായി തോന്നി (അസഹനീയമായിരുന്നു കാട്രു വെളിയിടു സിനിമയുമായി താരതമ്യം ചെയ്യുമ്പോൾ). കോമഡിയും, സെന്റിമെൻറ്സും ഒക്കെ വളരെ മികച്ച രീതിയിൽ അഭിനയിച്ചു പ്രതിഫലിപ്പിച്ചു. ക്ളൈമാക്സിലെ പ്രകടനം മികച്ചു നിന്നു.
സത്യരാജ്, രണസിങ്കമായി മികച്ച ഒരു പ്രകടനം കാഴ്ച വെച്ചു. അദ്ദേഹം, കുറെയൊക്കെ typecast ആയി പോകുന്നുണ്ടോ എന്ന് ഒരു സംശയം.
സായേഷ, മോശമല്ല. ഒരു തനി നാടൻ കഥാപാത്രമായി തന്നെ തോന്നി. De-glamorized  റോൾ ആയിരുന്നുവെങ്കിലും സുന്ദരിയായി തോന്നി. അഭിനയവും മോശമല്ല. ഡയലോഗുകളുടെ അർഥം അറിഞ്ഞു വെച്ചുള്ള അഭിനയം ആയിരുന്നുവെന്നു തോന്നി.
സൂരി, പതിവിലും വ്യത്യസ്തമായ കഥാപാത്രം, കോമഡി ടൈമിംഗ് ഒക്കെ കിടു. വളരെയധികം കാലത്തിനു ശേഷമാണ് സൂരിയുടെ കോമഡി കണ്ടിട്ട് ചിരിക്കാൻ തോന്നിയത്..
പല സിനിമകളിലും സൈഡ് ഗുണ്ടയായിട്ടു അഭിനയിച്ച ശത്രുവിൻറെ ആദ്യത്തെ മുഖ്യ ധാരാ വില്ലൻ വേഷമാണെന്നു തോന്നുന്നു ഈ സിനിമയിലെ കോടിയരശു എന്ന കഥാപാത്രം. typical കഥാപാത്രം ആയിരുന്നുവെങ്കിലും മോശമല്ലാത്ത രീതിയിൽ ചെയ്തു.
അർത്ഥന ബിനു, പ്രിയ ഭവാനി ശങ്കർ ഗുണാസിങ്കത്തിൻറെ മുറപ്പെണ്ണ് റോളുകൾ ചെയ്തു. സ്‌ക്രീൻ സ്‌പേസ് ആവശ്യത്തിനുണ്ടായിരുന്നു ഇവർക്ക്. രണ്ടു പേരും മോശമാക്കിയതുമില്ല.
ജോൺ വിജയ്, വിജി ചന്ദ്രശേഖർ, ഭാനുപ്രിയ, മൗനിക, പൊൻവണ്ണൻ, വീരസമർ, തുടങ്ങി നിരവധി പേര് അണി നിരന്നു. വ്യക്തിപരമായി പറഞ്ഞാൽ എല്ലാവക്കും മികച്ചു നിന്നു. പ്രത്യേകിച്ചും സഹോദരിമാരാണ് അഭിനയിച്ചവർ.

പാണ്ഡിരാജ് ഇത്തവണ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള ഒരു കുടുംബ കഥയാണ് തിരഞ്ഞെടുത്തത്. അധികം പുതുമയില്ലാത്ത കഥയാണെങ്കിലും, അത് മികച്ച രീതിയിൽ ആഖ്യാനം ചെയ്യാൻ സാധിച്ചു എന്നതാണ് ഇവിടെ സംവിധായകന്റെ വിജയം. കൃഷിക്കാരെയും നമ്മുടെ കൃഷിയെയും പ്രകീർത്തിച്ചു പറയുന്ന കുറച്ചു സീനുകൾ ഉണ്ടെങ്കിലും, അടിസ്ഥാനപരമായി കുടുംബത്തിൽ നടക്കുന്ന അസ്വാര്സ്യങ്ങളും മട്ടിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മികച്ച ഡയലോഗുകളും, സീനുകളും, കോമഡികളും കൊണ്ട് നിറഞ്ഞ ചിത്രം ഒരു തരത്തിലും ബോറടിപ്പിച്ചില്ല. പക്ഷെ, പുരാതന രീതിയിലുള്ള ആക്ഷൻ അല്പം കല്ലുകടിയായി. കുറച്ചധികം social awareness പ്രധാനമായും കൃഷിയെ പറ്റി മെസേജസ് കൊടുക്കാൻ പാണ്ഡിരാജ് ഈ സിനിമയിലൂടെ ശ്രമിച്ചിട്ടുണ്ട്.
ഡി. ഇമ്മാൻറെ സംഗീതം മികച്ചു നിന്നു. പശ്ചാത്തല സംഗീതം സിനിമയുടെ മൂഡനുസരിച്ചു തന്നെ നില നിന്നെങ്കിലും കൃത്യമായ ഇടവേളകളിലെ പാട്ടുകൾ കാതിനിമ്പമുള്ളതായി മാറി. "തണ്ടോരാ കണ്ണാലെ" "സെങ്കതിരെ" "സണ്ടക്കാരി" മൂന്നു പാട്ടുകൾ ഹൃദ്യമായിരുന്നു.
സംവിധായകൻ ആയ വേൽരാജ് ആയിരുന്നു ക്യാമറാമാൻ. തനതായ ഗ്രാമീണത നിറഞ്ഞ ഷോട്ടുകളും, പിന്നെ കാളയോട്ടം ഒക്കെ മികച്ച രീതിയിൽ പകർത്താൻ കഴിഞ്ഞു. 

മൊത്തത്തിൽ പറഞ്ഞാൽ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിക്കാനും കഴിയുന്ന ഒരു നല്ല ഫാമിലി എന്റർറെയിനർ ആണ് കടൈകുട്ടി സിംഗം.

എൻ്റെ റേറ്റിങ് 7.2 ഓൺ 10

തീരാനു ശേഷം കാർത്തിയുടെ മറ്റൊരു ഹിറ്റ് ആകാൻ ഉള്ള സാധ്യത ഇപ്പോഴത്തെ കളക്ഷൻ തെളിയിക്കുന്നു.

Sunday, June 10, 2018

272. Three Steps Above Heaven (Tres metros sobre el cielo) (2010)

ത്രീ സ്റ്റെപ്സ്  എബവ്‌  ഹെവൻ (ട്രെസ്‌ മെട്രോസ് സോബറെ എൽ സിയെലോ) (2010)



Language : Spanish (Spain)
Genre : Action | Drama | Romance
Director : Fernandez Alfred Moline
IMDB : 7.0

Three Steps Above Heaven Theatrical Trailer


​ആലിലയിൽ മയിൽപ്പീലി തണ്ടാലെഴുതപ്പെട്ട ഒരു മനോഹരമായ കവിതയാണു പ്രണയം. ആർക്കും ആരോടുമെപ്പോൾ വേണമെങ്കിലും ഉള്ളിൽ ജനിക്കുന്ന വികാരം, അതാണു പ്രണയം. പ്രണയിക്കുമ്പോൾ, ചുറ്റുമുള്ള ലോകം അവസാനിച്ചു പോയാലും അതൊന്നുമറിയാതെ വീണ്ടും വീണ്ടും പ്രണയിച്ചു കൊണ്ടേയിരിക്കും. ഭാഷയെന്നോ നിറമെന്നോ ധനമെന്നൊ സ്വഭാവമെന്നൊ വിത്യാസമില്ലാതെ പലരും ആ വികാരത്തിൽ അടിമപ്പെട്ടു പോയിട്ടുണ്ടാകും. പ്രണയത്തിനു വേണ്ടി മാതാപിതാക്കളെ  തിരസ്‌കരിക്കുന്നവർ, സൗഹൃദം ത്യജിക്കുന്നവർ, സുഖലോലമായ ജീവിതത്തിൽ നിന്നും ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക്‌ പോകുന്നവർ അങ്ങിനെ പ്രണയത്തിന്റെ അന്ധത ബാധിച്ചു എന്തൊക്കെ കാട്ടിക്കൂട്ടുന്നവരെ നമ്മൾക്കിടയിൽ കാണാൻ കഴിയും.. പ്രണയം പലപ്പോഴും പൈങ്കിളിയാണു, അതങ്ങിനെ ആകണമല്ലോ.. അല്ലെങ്കിൽ പ്രണയത്തിനെങ്ങിനെ നൈർമ്മല്യത കൈ വരും.. ​പറഞ്ഞു പറഞ്ഞു പറയാനുള്ളത് മാറി പോയി, ക്ഷമിക്കുക.

Federico Moccia എഴുതിയ ട്രേസ് മേട്രോസ് സൊബ്രെ എല്‍ സിയെലോ (Three Steps Above Heaven) എന്ന സ്പാനിഷ് നോവലിന്‍റെ ദ്രിശ്യാവിഷ്കാരമാണ് Fernando Gonzales Moline സംവിധാനം ചെയ്ത അതേ പേരിലുള്ള ചിത്രം. 

സ്വഭാവം കൊണ്ടും ജീവിതരീതി കൊണ്ടും രണ്ടു ധ്രുവങ്ങളില്‍ നില്‍ക്കുന്ന Hഉം ബാബിയുടെയും പ്രണയകഥയാണ് TSAH. ഒരു യാഥാസ്ഥിതിക എന്നാല്‍ അല്‍പം ഉയര്‍ന്ന സാമ്പത്തിക സ്ഥിതി ഉള്ള കുടുംബത്തില്‍ ജനിച്ച H എന്ന ഹുഗോ സ്ട്രീറ്റ് റേസിംഗും തല്ലും വഴക്കുമായി മുന്‍പോട്ടു ജീവിതം തള്ളി നീക്കുന്ന സമയത്താണ് സ്കൂളില്‍ പഠിക്കുന്ന സുന്ദരിയായ ബാബിയെ കാണുന്നത്. കണ്ട മാത്രയിലെ Hന്‍റെ ചുറ്റുമുള്ള ലോകം തന്നെ മാറി മറിഞ്ഞു. സമൂഹത്തിലെ ഏറ്റവും ധനികരായ ദമ്പതികളുടെ മകളാണ് ബാബി. ബാബിക്ക് അവളുടെ കൂട്ടുകാരിയായ മറീനയും കുടുംബവും സ്കൂളും മാത്രം ആണ് ഉലകം. ആദ്യം ഹുഗോ ഇഷ്ടമല്ലാത്ത അവള്‍ക്ക് പതിയെ Hഉമായി പ്രണയത്തിലാവുന്നു. ബാബിക്ക് H വേറെ ഒരു ലോകമായിരുന്നു. പ്രണയത്തിന്‍റെ കൊട്ടാരത്തില്‍ അവള്‍ റാണിയായി വിരഹിച്ചു പോന്നു. പക്ഷെ ക്ഷിപ്രകൊപിയായ Hനെ ബാബിയുടെ അമ്മയ്ക്ക് ഇഷ്ടമായിരുന്നില്ല. അവര്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യം തീരെയുണ്ടായിരുന്നില്ല. ബാബിയുടെയും Hന്‍റെയും പ്രണയം സാക്ഷാത്കരിക്കുമോ? അവരുടെ കുടുംബങ്ങള്‍ അംഗീകരിക്കുമോ??

Hന്‍റെയും ബാബിയുടെയും പ്രണയത്തിനു പുറമേ  പോലോയുടെയും മറിയയുടെയും പ്രണയവും ഹൃദ്യമായി ചിത്രീകരിച്ചിരിക്കുന്നു. പ്രണയകഥകള്‍ ആകുമ്പോള്‍ സ്ഥിരം ക്ലീഷേകള്‍ അല്‍പസ്വല്‍പമായി ഉണ്ടെങ്കിലും ചിത്രത്തിന്‍റെ ക്ലൈമാക്സ് വേറൊരു തലത്തില്‍ കൊണ്ടെത്തിക്കുന്നു. ആഖ്യാനശൈലി മികച്ചു നില്‍ക്കുന്ന ചിത്രത്തില്‍ തമാശകളും sentimental സീനുകളും കൊണ്ട് സമ്പുഷ്ടമാണ്. Daniel Aranyo നിര്‍വഹിച്ചിരിക്കുന്ന ക്യാമറ ഓരോ സീനുകളിലും മികച്ചു നിന്നു. Manel Santisteban ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഹൃദ്യമായിരുന്നു. മികച്ച പാട്ടുകളും TSAHനു നല്ല മൈലേജ് നല്‍കിയിട്ടുണ്ട്.

H എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത് സ്പെയിനിന്‍റെ മുന്‍നിര നായകന്മാരില്‍ ഒരാളായ മാര്യോ കസസ് ആണ്.  സ്വതവേ കഥാപാത്രത്തിന്‍റെ സ്ഥായീ ഭാവമായ കലിപ്പ് അവതരിപ്പിക്കുന്നതില്‍ അദ്ദേഹം മികച്ചു നില്‍ക്കുകയും അതേ സമയം പ്രണയത്തിന്‍റെ മയില്‍പീലികളില്‍ അദ്ദേഹത്തിന്‍റെ മുഖത്ത് കൂടെ മിന്നി മറയിക്കാനും സാധിക്കാന്‍ കഴിഞ്ഞതിലാണ് മരിയോ എന്നാ നടന്‍റെ വിജയവും. ബാബിയെ അവതരിപ്പിച്ചത് അതീവ സുന്ദരിയായ മരിയ വല്‍വെര്‍ടെ (Ali & Nino) ആണ്. നിഷ്കളങ്കത നിറഞ്ഞ കൌമാര പെണ്‍കോടിയായി മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. പോളോ ആയി അല്‍വാരോ സര്‍വാന്റസും കടീന ആയി മരീന സലസും മികച്ച പ്രകടനം കാഴ്ച വെച്ചു. നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച കലാകാരന്മാരും കലാകാരികളും അവരവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചു.

പ്രണയമിഷ്ടപ്പെടുന്നവര്‍ക്ക് ഒരു സങ്കോചവും കൂടാതെ തന്നെ ഈ ചിത്രം കാണാം. 

എന്‍റെ റേറ്റിംഗ് 8.7 ഓണ്‍ 10

Saturday, June 2, 2018

271. Only The Brave (2017)

ഒൺലി ദി ബ്രേവ് (2017)



Language : English
Genre : Action | Biography | Drama
Director : Joseph Kosinski
IMDB : 7.7

Only The Brave Theatrical Trailer


അഗ്നി, ലോകത്തിലെ ഏറ്റവും മനോഹരമായതും എന്നാൽ അപകടകാരിയുമായ ഒരു വസ്തു ആണ്. അതിൽ സംശയമില്ല. ഒരു ചെറിയ തീപ്പൊരിയിൽ നിന്നും ഈ ലോകം മുഴുവൻ ദഹിപ്പിക്കാനുള്ള ശക്തിയുണ്ട് അഗ്നിക്ക്. പുരാണങ്ങളിൽ അഗ്നിക്ക് ആത്മാവിനെ ശുദ്ധീകരിക്കാൻ കഴിയുമെന്ന് പറയപ്പെടുന്നു. അത് കൊണ്ട് തന്നെയാണല്ലോ പഞ്ചഭൂതത്തിലെ ഒന്നായി അഗ്നിയെ കണക്കാക്കുന്നത്.

അമേരിക്കയിലെ ഏറ്റവും മാരകമായ ഒരു ദുരന്തമായിരുന്നു യാർണൽ കാട്ടുതീ. പത്തൊൻപതു പേരുടെ ജീവനും വളരെയധികം നാശനഷ്ടങ്ങളും അരിസോണയിലെ യാർണൽ പട്ടണത്തിനു വിതച്ച ഈ പ്രകൃതിക്ഷോഭം അമേരിക്കൻ അഗ്നിദുരന്തങ്ങളിൽ ആറാം സ്ഥാനത്താണ്. 2013 ജൂൺ 28നു ഒരു മിന്നലിനാൽ ഉത്ഭവിച്ച ഈ കാട്ടു തീ പന്ത്രണ്ടു ദിവസത്തോളം നീണ്ടു നിൽക്കുകയും 8400 ഏക്കറോളം കത്തി നശിപ്പിക്കുകയും 664 അമേരിക്കൻ ഡോളറിൻറെ നഷ്ടം വരുത്തി വെയ്ക്കുകയും ചെയ്തു. ഈ അപകടകരമായ കാട്ടു തീയ്ക്കെതിരെ പൊരുതിയ Granite Mountain Hotshots എന്ന അഗ്നിശമനസേനയുടെ യഥാർത്ഥ കഥ പറയുന്നതാണ് ജോസഫ് കോസിൻസ്കി സംവിധാനം ചെയ്ത "ഒൺലി ദി ബ്രേവ്". "No Exit" എന്ന പേരിൽ GQ മാഗസിനിൽ ഷോൺ ഫ്ലിൻ എഴുതിയ ലേഖനത്തെ ആസ്പദമാക്കി കെൻ നോളനും (ബ്ലാക്ക് ഹോക് ഡൌൺ, ട്രാൻസ്ഫോർമേഴ്‌സ്) എറിക് വാറൻ സിംഗറും (അമേരിക്കൻ ഹസിൽ, ദി ഇൻറ്റർനാഷണൽ) ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ജോസഫ് ട്രാപ്പാനീസ്‌ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. ലൈഫ് ഓഫ് പൈ, ഒബ്‌ളീവിയൻ തുടങ്ങിയ സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ക്ളോഡിയോ മിറാൻഡ ആണ് ഒൺലി ദി ബ്രേവിന്റെ ക്യാമറ നിർവഹിച്ചിരിക്കുന്നത്.

Granite Mountain Hotshotsൻറെ കഥ പറയുന്ന ഈ ചിത്രം. അവരുടെ ടീം നിർവഹിച്ചിരുന്നു ചുമതല അത്യന്തം രസകരമോടെയും ചിത്രീകരിച്ചിരിക്കുന്നു. തീ പിടുത്ത സമയത്തിൽ അവർ കാണിക്കുന്ന ഉത്സാഹം, പിന്നെ ടീമംഗങ്ങളുടെ ആ കെട്ടുറപ്പ്, കുടുംബജീവിതം, പ്രശ്നങ്ങൾ എല്ലാം വളരെ മികച്ചതും ഹൃദ്യവുമായ രീതിയിലാണ് കോസിൻസ്കി ചിത്രീകരിച്ചിരിക്കുന്നത്. എറിക് സൂപ് മാർഷ് എന്ന സൂപ്രണ്ട് നയിക്കുന്ന അഗ്നിശമനസേനയുടെ വളർച്ചയുടെ മുന്നേറുന്ന ചിത്രം, യാർണൽ കാട്ടുതീ ശമിപ്പിക്കുവാൻ ഇറങ്ങുന്നതും, ദുരന്ത പര്യവസാനിയായി മാറുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇരുപതു പേരടങ്ങുന്ന ടീമിൽ ഒരേയൊരാൾ ദുരന്തത്തെ അതിജീവിച്ചു, അതും വെറും ഭാഗ്യം കൊണ്ട് മാത്രം.

വളരെ മികച്ച രീതിയിൽ തന്നെയാണ് ചിത്രം ആഖ്യാനിച്ചിരിക്കുന്നതു. ഒരേ പോലെ തന്നെ കുടുംബ ബന്ധങ്ങളിലെ ആഴവും സ്നേഹവും, അത് പോലെ തന്നെ കൂട്ടാളികളുടെ സ്നേഹവും പരിചരണങ്ങളും, ആപത്തിനെതിരെ ഉള്ള പോരാട്ടവുമൊക്കെ മനോഹരമായി വരച്ചു കാട്ടിയിരുന്നു. മികച്ച പശ്ചാത്തല സംഗീതവും അതിനു ആക്കം നൽകി. ക്യാമറവർക്, വിഎഫ്എക്സ് എന്നിവയും മികച്ചു നിന്നു. തീയുടെ രൗദ്രത ശരിക്കും മനസിലാക്കി തരുന്ന ക്യാമറയും, വിഎഫ്എക്‌സും.

ജോഷ് ബ്രോലിൻ എറിക് സൂപ് മാർഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. അദ്ദേഹത്തിൻറെ കയ്യിൽ ആ കഥാപാത്രം തീർത്തും ഭദ്രമായിരുന്നു. മൈൽസ് ടെല്ലർ മുഖ്യ കഥാപാത്രമായ ബ്രെണ്ടൻ എന്ന കഥാപാത്രത്തെ നന്നായി അവതരിപ്പിച്ചു. ജെന്നിഫർ കൊണാലി, ജെയിംസ് ബാഡ്ജ്, ജെഫ് ബ്രിഡ്ജസ്, റ്റയിലർ കിട്ച് തുടങ്ങി പേരറിയാത്ത ഒരു പാട് അഭിനേതാക്കൾ, അഭിനയത്തിലൂടെ ചിത്രം ജീവസുറ്റതാക്കി. ജോഷ് ബ്രോലിൻറെ കഥാപാത്രം, എനിക്ക് പേഴ്സണലായും വളരെയധികം ഇഷ്ടപ്പെട്ട ഒന്ന് കൂടിയാണ്.

തുടക്കത്തിൽ നിങ്ങളെ ഒത്തിരി സന്തോഷിപ്പിക്കുകയും അവസാനം നിങ്ങളെ തീർത്തും സന്താപത്തിലാക്കുകയും ചെയ്യും ഈ ചിത്രം.

എൻ്റെ റേറ്റിങ് 08 ഓൺ 10

നിരൂപക പ്രശംസകൾ ധാരാളം ഏറ്റു വാങ്ങിയ ചിത്രം പക്ഷെ ബോക്സ്ഓഫീസിൽ ഒരു വൻ പരാജയമായി മാറി.

Friday, May 25, 2018

270. The Five (Deo Paibeu) (2013)

ദി ഫൈവ് (ദ്യോ പൈബ്യു) (2013)



Language : Korean
Genre : Action | Drama | Thriller
Director : Jeon Yeon Shik
IMDB : 6.6 


The Five Theatrical Trailer


എന്റെ ജീവിതം എത്ര മനോഹരമായിരുന്നു. സ്നേഹമയനായ ഭർത്താവും അരുമയായ പെൺകുഞ്ഞുമടങ്ങുന്ന ഞങ്ങളുടെ കുടുംബം. കൊച്ചു കൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമുള്ള ഒരു സുന്ദര കുടുംബം. പക്ഷെ, അവൻ എന്തിനാണ് എൻറ്റെ പതിനാലു വയസുള്ള കുഞ്ഞിനേയും ഭർത്താവിനെയും കണ്മുന്നിലിട്ടു തച്ചു കൊന്നത്? ഒരൊറ്റ രാത്രി കൊണ്ട് ആണവൻ എൻ്റെ ജീവിതം തലകീഴായിട്ടു മറിഞ്ഞത്. ഞാനീ ആശുപത്രി കട്ടിലിൽ നിന്നും രക്ഷപ്പെടുമോ, മരണം എന്നെ കാർന്നു തിന്നുമോ എന്നറിയാതെ കിടക്കുന്നു. കണ്മുന്നിൽ അവൻ്റെ മുഖവും ആ ക്രൂരത നിറഞ്ഞ ആ ചിരിയും മാത്രം. 


രണ്ടു വർഷം കഴിഞ്ഞു ഗോ യുനാ എന്ന ഞാൻ മരണത്തിൽ നിന്നും രക്ഷപെട്ടിട്ടു, അത്രയും നാൾ കോമയിൽ ആയിരുന്നു. പക്ഷെ അരഭാഗത്തു നിന്നും താഴോട്ടു തളർന്ന എനിക്ക് വീൽ ചെയർ മാത്രം ശരണം. എനിക്ക് പ്രതികാരം ചെയ്യാൻ വേണ്ടി മാത്രമാവും ദൈവം എന്‍റെ ജീവിതം ബാക്കി വെച്ചത്. പ്രതികാരം ആണ് എൻ്റെ ശ്വാസവും രക്തവും ഹൃദയമിടിപ്പും. ഇനി എനിക്ക് ചെയ്യാൻ കഴിയുന്നതൊന്നു മാത്രം. എൻ്റെ അവയവങ്ങൾ അതിൻ്റെ ആവശ്യക്കാർക്ക് കൊടുക്കുക, പകരം അവർ എനിക്ക് വേണ്ടി ഒന്ന് ചെയ്യേണ്ടി വരും. സമൂഹത്തിലെ പല കഴിവുകൾ ഉള്ള നാല് പേർ, . അതിനായി മുന്നിട്ടു വന്നത് ഒരു ഡോക്ടർ, ഒരു മുൻ ഗാങ്സ്റ്റർ, ഒരു പോലീസ് ഓഫീസർ പിന്നെ ഒരു എഞ്ചിനീയറും. അവരെ വെച്ച് അവനെ കണ്ടു പിടിക്കണം, അവനെ പിടികൂടണം. പ്രതികാരം എന്ന കർമം തീർന്നു കഴിഞ്ഞാൽ എൻ്റെ അവയങ്ങൾ അവർക്കു മാത്രം. ഞങ്ങൾ അഞ്ചു പേർ അവനു വേണ്ടി ... 

Jeon Yeon Shikൻറെ തന്നെ WEBTOON ആയ The 5ive Heartsനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമാണ് Deo Paibeu (The Five). വളരെ ചടുലമായ തിരക്കഥയിൽ, ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിരവധി ഉള്ള ഒരു സിനിമയാണ് ദി ഫൈവ്. ഡാർക്ക് മൂഡിലാണ് ചിത്രം നമ്മളെ മുന്നോട്ടു കൊണ്ട് പോകുന്നത്. സിനിമയുടെ ആദ്യ ഭാഗത്തുള്ള സന്തോഷകരമായ നിമിഷങ്ങളൊഴിച്ചാൽ പിന്നെ ചിത്രം യാത്ര ചെയ്യുന്നത് ഒരു ഇരുണ്ട പ്രതികാരത്തിന്റെ ചുവയും കൊലപാതകത്തിന്റെ മണവുമുള്ള സന്ദർഭങ്ങളിലൂടെ ആണ്. ക്യാമറവർക്ക്, കഥാഖ്യാനം, തുടങ്ങിയവയിൽ മുന്നിട്ടു നിന്ന ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും വേഗത നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.

നായികക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ, കട്ടയ്ക്കു നിൽക്കുന്ന ഒരു വില്ലനുമുണ്ട്. രണ്ടു പേർക്കും അത് പോലെ തന്നെ മറ്റു നാല് കഥാപാത്രങ്ങൾക്കും മികച്ച റോളുകൾ ആണ് നൽകിയിരിക്കുന്നത്. നായികയായി കിം സൂനാ തകർത്തഭിനയിച്ചിട്ടുണ്ട്. ട്രെയിൻ റ്റു ബസാണ് ഫെയിം ഡോങ് സുഖ് മാ, ഷിൻ ജുങ്, ജുങ് ഇൻ-ജി, തുടങ്ങിയവർ സുപ്രധാന റോളുകൾ ചെയ്തിട്ടുണ്ട്. അവരൊക്കെ തകർപ്പൻ പ്രകടനം തന്നെയാണ് നടത്തിയത്. സുന്ദരനായ ഓൺ ജൂ വാൻ ആണ് വില്ലനെ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കത തുളുമ്പുന്ന മുഖം കൊണ്ട് ഇത്ര കൊടൂരമായ കൊലപാതകങ്ങളും ദുഷ്ടപ്രവർത്തികൾ ചെയ്യുന്നതും, അതെ മുഖത്ത് ഒരു ക്രൂരൻറെ ചേഷ്ടകളും ഒക്കെ കൊണ്ട് വന്ന ഓൺജൂവിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.

മൊത്തത്തിൽ പറഞ്ഞാൽ ഒരു കിടിലൻ റിവഞ്ച് ത്രില്ലർ. 

എൻ്റെ റേറ്റിങ് 08 ഓൺ 10

Sunday, May 20, 2018

269. Sonu Ke Tuty Ki Sweety (2018)

സോനു കെ ടിറ്റു കി സ്വീറ്റി (2018)



Language : Hindi
Genre: Comedy | Romance
Director : Luv Ranjan
IMDB : 7.4

SKTKS Theatrical Trailer


ഒരു ആണിൻറെ അവകാശത്തിനായി അവൻ സ്നേഹിക്കുന്ന പെണ്ണും അവൻ്റെ സുഹൃത്തും തമ്മിൽ യുദ്ധം നടന്നാൽ ആര് ജയിക്കും?? അല്ലെങ്കിൽ സൗഹൃദവും പ്രണയവും തമ്മിൽ യുദ്ധം നടന്നാൽ ആര് ജയിക്കും???

ഈ ചോദ്യത്തിനുള്ള ഒരു ഉത്തരവുമായാണ് ലവ് രഞ്ചൻ തൻ്റെ പുതിയ ചിത്രമായ സോനു കെ ടിറ്റു കി സ്വീറ്റി (SKTKS) എത്തിയിരിക്കുന്നത്. പ്യാർ കി പഞ്ച്നാമാ, പ്യാർ കി പഞ്ചനാമ 2, ആകാശ് വാണി തുടങ്ങിയ വിജയ ചിത്രങ്ങൾക്ക് ശേഷം  ലവ് രഞ്ചൻ തന്നെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി സണ്ണി സിംഗ്, കാർത്തിക് ആര്യൻ, നുസ്രത് ബറൂച്ച വേഷമിടുന്നു.

കുട്ടിക്കാലം മുതൽക്കു തന്നെ ഉറ്റസുഹൃത്തുക്കൾ ആണ് സോനുവും ടിറ്റുവും. ഉറ്റസുഹൃത്തുക്കൾക്കുപരി സഹോദരങ്ങളെ പോലെ ആണ് ഇരുവരും. ടിറ്റു ഒരു ലോല ഹൃദയനാണ്. ഓരോ പ്രശ്നത്തിൽ ചെന്ന് ചാടുമ്പോഴും സോനു ആണ് അയാളുടെ രക്ഷയ്ക്കെത്തുന്നത്. സോനു, ടിറ്റുവിൻറെ വീട്ടിൽ തന്നെയാണ് താമസം. ടിറ്റുവിൻറെ കല്യാണം ഒരു ദിവസം പെട്ടെന്ന് ഉറപ്പിക്കുകയും, ഉറപ്പിച്ച പെണ്ണ് നല്ലതല്ല എന്ന ചിന്ത സോനുവിനെ ആകെ വിഷമത്തിലാക്കുന്നു. പല തവണ ടൈറ്റുവിനെയും കുടുംബത്തിന്റെയും കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്യുന്നു. സ്വീറ്റിയുമായി ടിറ്റുവിൻറെ കല്യാണം മുടക്കാൻ വേണ്ടി പദ്ധതികൾ പ്ലാൻ ചെയ്യുന്നതും അത് പൊളിക്കാൻ സ്വീറ്റിയുടെ പ്രയത്നങ്ങളും ആണ് ചിത്രത്തിൻറെ ഇതിവൃത്തം.

സ്ത്രീവിരുദ്ധ ചിത്രങ്ങൾ ആയ പയർ കാ പഞ്ച്നാമ ഭാഗം 1 & 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു പ്രശസ്തനായ ലവ് രഞ്ചൻറെ നാലാമത്തെ ഫീച്ചർ ഫിലിമാണ് SKTKS. അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നു. അദ്ദേഹത്തിൻറെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു സ്ത്രീ വിരുദ്ധതയ്ക്കു ഇതിൽ കുറവൊന്നുമില്ല. ഏതു പെണ്ണിനേയും ഒരു സംശയത്തിൻ്റെ കണ്ണിലൂടെ നോക്കുന്ന നായകൻ തന്നെ ഉദാഹരണം. പിന്നെ, വില്ലൻ ഒരു സ്ത്രീയും.
140 മിനുട്ടോളം ദൈർഘ്യം ഉള്ള ചിത്രത്തിൻറെ ആദ്യ പകുതി വളരെ രസകരമായും ശീഘ്രഗതിയിൽ പോകുകയും രണ്ടാം പകുതി വലിച്ചു നീട്ടി ആദ്യ പകുതിയുടെ പാതി പോലും വീര്യമില്ലാതെയാവുകയും ചെയ്തു. എന്നാൽ ക്ളൈമാക്‌സും പ്രീ-ക്ളൈമാക്സ് സീനുകളിൽ പഴയ പ്രതാപത്തിൽ എത്തുകയും ചെയ്തു. അനാവശ്യമായി പാട്ടുകൾ കുത്തി നിറച്ചത് ചിത്രത്തിൻറെ ദൈർഘ്യം കൂട്ടാനിടയായി. ചില പാട്ടുകൾ അനവസരത്തിൽ വന്നു കയറിയത് പോലെ തോന്നി.അകീവ് അലിയുടെ കത്രികയ്ക്കു മൂർച്ചയുള്ളതായി തോന്നിയില്ല. ഒരു കോമഡി ചിത്രമെന്ന നിലയ്ക്ക് ആവോളം കോമഡി സീനുകൾ ഉണ്ടായിരുന്നു, അവയെല്ലാം വളരെ മികച്ചു നിൽക്കുകയും, ചിരി പടർത്താൻ ഉതകുന്നതുമായിരുന്നു.

ടിറ്റുവായി സണ്ണി സിങ്ങും സോണുവായി കാർത്തിക് ആര്യനും സ്വീറ്റിയായി നുശ്രത് ബറൂച്ചയും അഭിനയിച്ചു. ഇതിൽ മിക്ക സീനുകളുടെയും SHOWSTEALER ആയതു കാർത്തിക് ആര്യൻ ആയിരുന്നു. അദ്ദേഹത്തിൻറെ സ്‌ക്രീൻ പ്രസൻസും കോമിക് ടൈമിങ്ങും മികച്ചതായിരുന്നു (പ്യാർ കി പഞ്ച്നാമ കണ്ടവർക്ക് മനസിലാവും കാർത്തിക്കിന്റെ കഴിവ്). സിനിമയുടെ ജീവനാഡിയും കാർത്തിക് തന്നെയായിരുന്നു. നുശ്രത്, സണ്ണി സിംഗ്, ഇഷിതാ രാജ് എന്നിവർ തങ്ങളാൽ കഴിയുന്നത് സിനിമയ്ക്ക് വേണ്ടി നൽകി. ഏറ്റവും വിത്യസ്ത റോളിൽ വന്നത് അലോക് നാഥ് ആയിരുന്നു. അലോക് നാഥ് - വീരേന്ദ്ര സക്‌സേന കൊമ്പോയുടെ കോമഡി മികച്ചു നിന്നു.

മൊത്തത്തിൽ എട്ടു ഗാനങ്ങളുളള ചിത്രത്തിൽ കേൾക്കാൻ രസമുള്ളതാണെങ്കിലും തുടരെ തുടരെ സിനിമയിൽ ഉൾപ്പെടുത്തിയതിനാൽ അല്പം അലോസരം അനുഭവപ്പെട്ടു. പക്ഷെ രസകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ഈ എട്ടു ഗാനങ്ങളും മറ്റുള്ള ഭാഷകളിൽ നിന്നും പാട്ടുകളിൽ നിന്നും വീണ്ടും സൃഷ്ടിച്ചെടുത്തതാണ്. ഏഴു സംഗീത സംവിധായകർ പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വളരെ കാലത്തിനു ശേഷം യോ യോ ഹണി സിംഗിന്റെ രണ്ടു ഹിറ്റ് ഗാനങ്ങളും, റോചക് കോഹ്ലി, അമാൽ മാലിക്, ഗുരു രാന്ധവ. സാക്ക് നൈറ്റ്, സൗരഭ്-വൈഭവ്, രജത് നാഗ്പാൽ എന്നിവരാണ് ആ സംഗീത സംവിധായകർ. ഹിതേഷ്-സോണിക്ക് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു. സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള സംഗീതം ആയിരുന്നു നൽകിയത്.

മൊത്തത്തിൽ ROMANCE VS BROMANCE genre ചിത്രം. ചിരിച്ചുല്ലസിക്കാൻ പറ്റിയ ഒരു ചിത്രമാണ്.

എൻ്റെ റേറ്റിങ് 7.3 ഓൺ 10


വെറും മുപ്പതു കോടി മുതല്മുടക്കിലിറങ്ങിയ ചിത്രം  ബോളിവുഡിലെ ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. 160 കോടിയോളം ആണ് മൊത്തം തീയട്രിക്കൽ റണ്ണിൽ നിന്നും കളക്ട് ചെയ്തത്. 

Thursday, May 17, 2018

268. DeadPool 2 (2018)

​ഡെഡ്പൂൾ 2 (2018)



Language : English
Genre: Action | Adventure | Fantasy
Director : David Leitch
IMDB : 8.5

Deadpool 2 Theatrical Trailer


എങ്ങിനെ തുടങ്ങണമെന്ന് അറിയില്ല. 2 വർഷം മുൻപ്‌ എന്ന മാർവൽ കൊമിക്സിന്റെ ഡെഡ്‌പൂൾ തീയറ്ററിൽ കാണുവാൻ കയറുമ്പോൾ ഒരു തരിമ്പും പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷെ, കണ്ടിറങ്ങിയപ്പോൾ സൂപർഹീറൊ ചിത്രങ്ങളിലെ ഇഷ്ടപ്പെട്ട കഥാപാത്രവും സിനിമയുമായി മാറി. 2 വർഷത്തിനു ശേഷം ഡെഡ്പൂൾ 2 കാണുവാൻ കയറിയപ്പോൾ പ്രതീക്ഷ വാനോളം.

ഭാവിയിൽ നിന്നും വന്ന കേബിൾ എന്ന വില്ലനിൽ നിന്നും ഫയർഫിസ്റ്റ് / റസൽ കോളിൻസ് എന്ന മ്യൂട്ടന്റിനെ രക്ഷിക്കാൻ ഡെഡ്-പൂൾ  X-FORCE എന്ന ടീം  ഉണ്ടാക്കുന്നതും, അവർ അതിനു നടത്തുന്ന ശ്രമവുമാണ് സിനിമയുടെ ഇതിവൃത്തം.

007നെ ട്രോളി കൊണ്ട് തുടക്കം. ടൈറ്റിൽ കാർഡ് എഴുതി കാണിക്കുന്നതൊക്കെ 007 സ്റ്റൈലിലാണ്, പക്ഷെ അതെല്ലാം ക്രൂഡ് ഹ്യൂമറിലൂടെയെന്നു മാത്രം. ഹോക് ഐ മുതൽ ഗ്രീൻ ലാന്റേൺ കാഥാപാത്രങ്ങളെയും ഇൻറ്റർസ്റ്റെല്ലാർ സീനുകളെയും ഡിസി കോമിക്ക്‌സിനെയും കണക്കിന് കളിയാക്കുന്നുണ്ട് ഡെഡ് പൂൾ (ഡിസി ഫാൻസ്‌ സ്വല്പം അകലം പാലിക്കുന്നത് നന്നായിരിക്കും, കാരണം നിങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണിത്). ഒന്നാം ഭാഗം പോലെ തന്നെ One_Liner കോമഡികൾ കൊണ്ട് നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് രണ്ടാം ഭാഗവും. ഓരോ സീനുകളും നിങ്ങൾക്ക് ചിരിക്കാൻ ഉള്ള വക നല്കുമെന്നതിൽ തർക്കമില്ല. ഒന്നിനെ അപേക്ഷിച്ചു രക്തചൊരിച്ചിൽ വളരെയധികം കൂടുതൽ തന്നെയാണ് ഇതിൽ അത് പോലെ തന്നെ ആക്ഷനും. വിഷ്വൽ ഇഫക്ടുകൾ ഒക്കെ കിടിലം തന്നെ (ഞാൻ 2D വേർഷൻ ആണ് കണ്ടത്. 3D ട്രീറ്റ് ആകാൻ സാധ്യതയുണ്ട്). ആക്ഷൻ സീനുകൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചത്. ഡെഡ് പൂൾ സ്പെഷ്യാലിറ്റി ആണല്ലോ ആക്ഷനിടയിലുള്ള തമാശകൾ. അതിതിൽ വേണ്ടുവോളമുണ്ട്. ഒട്ടും പ്രതീക്ഷിക്കാത്ത ചിരി പടർത്തുന്ന നിരവധി സീനുകൾ കൊണ്ട് സമ്പന്നമാണ് ഡെഡ് പൂൾ 2 . ഒരു ചിരിപ്പൂരം തന്നെയാണ്.

റയൻ റെയ്നോൾഡ്സ് തികച്ചും ഒരു show stealer തന്നെയാണ്. അദ്ദേഹത്തിൻറെ ആക്ഷനും ഡയലോഗ് ഡെലിവറിയും ഒക്കെ മികച്ചു നിന്നു. സ്‌ക്രീൻപ്രസൻസ് അപാരം തന്നെയാണ്.
ഡോമിനോ ആണ് ഡെഡ്പൂൾ 2ലെ പുതുമുഖ സൂപ്പർ ഹീറോ (ഹീറോയിൻ).സാസീ ബീറ്റ്‌സ് ആണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. സ്വപ്നസമാനമായ തുടക്കം ആണ് സാസിക്ക് ഈ സിനിമയിൽ കിട്ടിയിരിക്കുന്നത്. "ഭാഗ്യം" ആണ് സൂപ്പർ ഹീറോ കഴിവ്.
ജോഷ് ബ്രോലിൻറെ കേബിൾ കിടുവാരുന്നു. പരുക്കനെന്നു തുടക്കത്തിൽ തോന്നിപ്പിക്കുകയും പിന്നീട് മാടപ്രാവിന്റെ മനസുള്ള ഒരു വില്ലനായി മാറുകയും ചെയ്യുന്ന കേബിൾ, ജോഷ് ബ്രോലിൻറെ  കയ്യിൽ ഭദ്രമായിരുന്നു.
ആദ്യ ഭാഗത്തിൽ നിന്നുമുള്ള നേഗാ സോണിക്ക്, കൊളോസസ്സ്, കാർ ഡ്രൈവർ ഡോപീന്ദർ, ഡെഡ് പോളിന്റെ അന്ധയായ റൂംമേറ്റ് ബ്ലൈൻഡ് ആൽ, സുഹൃത്തായ വീസൽ, ഗേൾഫ്രണ്ട് ആയ വനേസ എന്നിവരും ഈ ചിത്രത്തിലുണ്ട്. ജുഗർനോട്ട് ആണ് പുതിയതായി അവതരിപ്പിച്ച വില്ലൻ കഥാപാത്രം. ബ്രാഡ് പിറ്റിൻറെ സ്‌പെഷ്യൽ കാമിയോ തീയറ്റർ നല്ല രീതിയിൽ ചിരി പടർത്തിയിരുന്നു.

സാധാരണ സൂപ്പർ ഹീറോ പടത്തിൻറെ പാറ്റേൺ അല്ല എന്നതാണ് ഈ ചിത്രത്തിൻറെ വിജയം. അത് എക്സിക്യൂട് ചെയ്തിരിക്കുന്ന രീതിയും മികച്ചത്. അറ്റോമിക് ബ്ലോണ്ട് എന്ന സ്മാഷ് ഹിറ്റിലൂടെ മുഖ്യധാരാ സംവിധായകൻ ആയി മാറിയ ഡേവിഡ് ലെച് ആണ് സംവിധാനം. തന്റെ ജോലി വെടിപ്പായിട്ടു തന്നെ ചെയ്തിട്ടുണ്ടെന്നു സിനിമ കാണുമ്പോൾ മനസിലാകും. അത് ക്രെഡിറ്റിൽ പറയുന്നുണ്ട്.
Directed by " the man who killed john wick's dog in John Wick" കൃത്യമായി ഓർമ്മയില്ല. ഇങ്ങനെയാണെന്നു തോന്നുന്നു എഴുതിയിരിക്കുന്നത്.

ബാക്ക്ഗ്രൗണ്ട് സ്‌കോറോക്കെ ചിത്രത്തിന് ചേർന്ന രീതിയിൽ തന്നെയാരുന്നു. അത് പോലെ തന്നെ പാട്ടുകളും. എൺപതുകളിലെ ഹിറ്റ് ഗാനവുമായ A-HAയുടെ TAKE ON ME വേറൊരു രീതിയിൽ അവതരിപ്പിച്ചത് ഹൃദ്യമായിരുന്നു.അത് പോലെ തന്നെ അഡെലിൻറെ സ്കൈഫോൾ പാട്ടിനെ ഓർമ്മിപ്പിക്കുന്ന ടൈറ്റിൽ സോങ് (ടൈറ്റിൽ ക്രെഡിറ്റ് സീക്വൻസും സ്‌കൈഫോളിനെ അനുസ്മരിപ്പിക്കും, തീരാ ചിരി സമ്മാനിക്കുന്ന ഒന്നാണ്). നാല് പോസ്റ്റ് ക്രെഡിറ്റ് സീനുകൾ ചിത്രത്തിലുണ്ട്. അതിനു ശേഷം എൻഡ് ക്രെഡിറ് സീനിൽ വരുന്ന "You Can't Stop This ****" കോറസ് ഒക്കെ കിടു രസാണ്, പ്രത്യേകിച്ച് വരികൾ. ടൈലർ ബേറ്റ്‌സ് ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്.

മൊത്തത്തിൽ പറഞ്ഞാൽ ഒരു റയാൻ റെയ്നോൾഡ്സ് ഷോ, സോറി. ഡെഡ്പൂൾ ഷോ.. ആണ് ഈ ചിത്രം. തൃശൂർ പൂരത്തിന്റെ വെടിക്കെട്ടിന് തിരി കൊളുത്തിയ രണ്ടു മണിക്കൂർ നേരത്തേക്ക് നീളും.

Welcome to the World of DIRTY,  BLOODY, FUNNY, FOUL MOUTHED ANTI-HERO with SUPER POWERS that will tickle your bone for sure and a laugh riot with bloods and gore violence

My Rating 08.3 0n 10

ആദ്യ ഭാഗം ബ്ലോക്ക്ബസ്റ്റർ ആയതു ചക്ക വീണു മുയല് ചത്തതല്ല എന്ന് തെളിയിക്കുന്ന രണ്ടാം ഭാഗം. ഇനിയും വരട്ടെ.. ഇനിയും വരട്ടെ.