ദി ഫൈവ് (ദ്യോ പൈബ്യു) (2013)
Language : Korean
Genre : Action | Drama | Thriller
Director : Jeon Yeon Shik
IMDB : 6.6
The Five Theatrical Trailer
എന്റെ ജീവിതം എത്ര മനോഹരമായിരുന്നു. സ്നേഹമയനായ ഭർത്താവും അരുമയായ പെൺകുഞ്ഞുമടങ്ങുന്ന ഞങ്ങളുടെ കുടുംബം. കൊച്ചു കൊച്ചു പിണക്കങ്ങളും അതിലേറെ ഇണക്കങ്ങളുമുള്ള ഒരു സുന്ദര കുടുംബം. പക്ഷെ, അവൻ എന്തിനാണ് എൻറ്റെ പതിനാലു വയസുള്ള കുഞ്ഞിനേയും ഭർത്താവിനെയും കണ്മുന്നിലിട്ടു തച്ചു കൊന്നത്? ഒരൊറ്റ രാത്രി കൊണ്ട് ആണവൻ എൻ്റെ ജീവിതം തലകീഴായിട്ടു മറിഞ്ഞത്. ഞാനീ ആശുപത്രി കട്ടിലിൽ നിന്നും രക്ഷപ്പെടുമോ, മരണം എന്നെ കാർന്നു തിന്നുമോ എന്നറിയാതെ കിടക്കുന്നു. കണ്മുന്നിൽ അവൻ്റെ മുഖവും ആ ക്രൂരത നിറഞ്ഞ ആ ചിരിയും മാത്രം.
രണ്ടു വർഷം കഴിഞ്ഞു ഗോ യുനാ എന്ന ഞാൻ മരണത്തിൽ നിന്നും രക്ഷപെട്ടിട്ടു, അത്രയും നാൾ കോമയിൽ ആയിരുന്നു. പക്ഷെ അരഭാഗത്തു നിന്നും താഴോട്ടു തളർന്ന എനിക്ക് വീൽ ചെയർ മാത്രം ശരണം. എനിക്ക് പ്രതികാരം ചെയ്യാൻ വേണ്ടി മാത്രമാവും ദൈവം എന്‍റെ ജീവിതം ബാക്കി വെച്ചത്. പ്രതികാരം ആണ് എൻ്റെ ശ്വാസവും രക്തവും ഹൃദയമിടിപ്പും. ഇനി എനിക്ക് ചെയ്യാൻ കഴിയുന്നതൊന്നു മാത്രം. എൻ്റെ അവയവങ്ങൾ അതിൻ്റെ ആവശ്യക്കാർക്ക് കൊടുക്കുക, പകരം അവർ എനിക്ക് വേണ്ടി ഒന്ന് ചെയ്യേണ്ടി വരും. സമൂഹത്തിലെ പല കഴിവുകൾ ഉള്ള നാല് പേർ, . അതിനായി മുന്നിട്ടു വന്നത് ഒരു ഡോക്ടർ, ഒരു മുൻ ഗാങ്സ്റ്റർ, ഒരു പോലീസ് ഓഫീസർ പിന്നെ ഒരു എഞ്ചിനീയറും. അവരെ വെച്ച് അവനെ കണ്ടു പിടിക്കണം, അവനെ പിടികൂടണം. പ്രതികാരം എന്ന കർമം തീർന്നു കഴിഞ്ഞാൽ എൻ്റെ അവയങ്ങൾ അവർക്കു മാത്രം. ഞങ്ങൾ അഞ്ചു പേർ അവനു വേണ്ടി ...
Jeon Yeon Shikൻറെ തന്നെ WEBTOON ആയ The 5ive Heartsനെ ആസ്പദമാക്കി അദ്ദേഹം തന്നെ സംവിധാനം ചെയ്ത ചിത്രമാണ് Deo Paibeu (The Five). വളരെ ചടുലമായ തിരക്കഥയിൽ, ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങൾ നിരവധി ഉള്ള ഒരു സിനിമയാണ് ദി ഫൈവ്. ഡാർക്ക് മൂഡിലാണ് ചിത്രം നമ്മളെ മുന്നോട്ടു കൊണ്ട് പോകുന്നത്. സിനിമയുടെ ആദ്യ ഭാഗത്തുള്ള സന്തോഷകരമായ നിമിഷങ്ങളൊഴിച്ചാൽ പിന്നെ ചിത്രം യാത്ര ചെയ്യുന്നത് ഒരു ഇരുണ്ട പ്രതികാരത്തിന്റെ ചുവയും കൊലപാതകത്തിന്റെ മണവുമുള്ള സന്ദർഭങ്ങളിലൂടെ ആണ്. ക്യാമറവർക്ക്, കഥാഖ്യാനം, തുടങ്ങിയവയിൽ മുന്നിട്ടു നിന്ന ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും വേഗത നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്.
നായികക്ക് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ, കട്ടയ്ക്കു നിൽക്കുന്ന ഒരു വില്ലനുമുണ്ട്. രണ്ടു പേർക്കും അത് പോലെ തന്നെ മറ്റു നാല് കഥാപാത്രങ്ങൾക്കും മികച്ച റോളുകൾ ആണ് നൽകിയിരിക്കുന്നത്. നായികയായി കിം സൂനാ തകർത്തഭിനയിച്ചിട്ടുണ്ട്. ട്രെയിൻ റ്റു ബസാണ് ഫെയിം ഡോങ് സുഖ് മാ, ഷിൻ ജുങ്, ജുങ് ഇൻ-ജി, തുടങ്ങിയവർ സുപ്രധാന റോളുകൾ ചെയ്തിട്ടുണ്ട്. അവരൊക്കെ തകർപ്പൻ പ്രകടനം തന്നെയാണ് നടത്തിയത്. സുന്ദരനായ ഓൺ ജൂ വാൻ ആണ് വില്ലനെ അവതരിപ്പിച്ചിരിക്കുന്നത്. നിഷ്കളങ്കത തുളുമ്പുന്ന മുഖം കൊണ്ട് ഇത്ര കൊടൂരമായ കൊലപാതകങ്ങളും ദുഷ്ടപ്രവർത്തികൾ ചെയ്യുന്നതും, അതെ മുഖത്ത് ഒരു ക്രൂരൻറെ ചേഷ്ടകളും ഒക്കെ കൊണ്ട് വന്ന ഓൺജൂവിന്റെ പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്.
മൊത്തത്തിൽ പറഞ്ഞാൽ ഒരു കിടിലൻ റിവഞ്ച് ത്രില്ലർ.
എൻ്റെ റേറ്റിങ് 08 ഓൺ 10
No comments:
Post a Comment