Cover Page

Cover Page

Sunday, May 20, 2018

269. Sonu Ke Tuty Ki Sweety (2018)

സോനു കെ ടിറ്റു കി സ്വീറ്റി (2018)



Language : Hindi
Genre: Comedy | Romance
Director : Luv Ranjan
IMDB : 7.4

SKTKS Theatrical Trailer


ഒരു ആണിൻറെ അവകാശത്തിനായി അവൻ സ്നേഹിക്കുന്ന പെണ്ണും അവൻ്റെ സുഹൃത്തും തമ്മിൽ യുദ്ധം നടന്നാൽ ആര് ജയിക്കും?? അല്ലെങ്കിൽ സൗഹൃദവും പ്രണയവും തമ്മിൽ യുദ്ധം നടന്നാൽ ആര് ജയിക്കും???

ഈ ചോദ്യത്തിനുള്ള ഒരു ഉത്തരവുമായാണ് ലവ് രഞ്ചൻ തൻ്റെ പുതിയ ചിത്രമായ സോനു കെ ടിറ്റു കി സ്വീറ്റി (SKTKS) എത്തിയിരിക്കുന്നത്. പ്യാർ കി പഞ്ച്നാമാ, പ്യാർ കി പഞ്ചനാമ 2, ആകാശ് വാണി തുടങ്ങിയ വിജയ ചിത്രങ്ങൾക്ക് ശേഷം  ലവ് രഞ്ചൻ തന്നെ കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി സണ്ണി സിംഗ്, കാർത്തിക് ആര്യൻ, നുസ്രത് ബറൂച്ച വേഷമിടുന്നു.

കുട്ടിക്കാലം മുതൽക്കു തന്നെ ഉറ്റസുഹൃത്തുക്കൾ ആണ് സോനുവും ടിറ്റുവും. ഉറ്റസുഹൃത്തുക്കൾക്കുപരി സഹോദരങ്ങളെ പോലെ ആണ് ഇരുവരും. ടിറ്റു ഒരു ലോല ഹൃദയനാണ്. ഓരോ പ്രശ്നത്തിൽ ചെന്ന് ചാടുമ്പോഴും സോനു ആണ് അയാളുടെ രക്ഷയ്ക്കെത്തുന്നത്. സോനു, ടിറ്റുവിൻറെ വീട്ടിൽ തന്നെയാണ് താമസം. ടിറ്റുവിൻറെ കല്യാണം ഒരു ദിവസം പെട്ടെന്ന് ഉറപ്പിക്കുകയും, ഉറപ്പിച്ച പെണ്ണ് നല്ലതല്ല എന്ന ചിന്ത സോനുവിനെ ആകെ വിഷമത്തിലാക്കുന്നു. പല തവണ ടൈറ്റുവിനെയും കുടുംബത്തിന്റെയും കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും അതിലെല്ലാം പരാജയപ്പെടുകയും ചെയ്യുന്നു. സ്വീറ്റിയുമായി ടിറ്റുവിൻറെ കല്യാണം മുടക്കാൻ വേണ്ടി പദ്ധതികൾ പ്ലാൻ ചെയ്യുന്നതും അത് പൊളിക്കാൻ സ്വീറ്റിയുടെ പ്രയത്നങ്ങളും ആണ് ചിത്രത്തിൻറെ ഇതിവൃത്തം.

സ്ത്രീവിരുദ്ധ ചിത്രങ്ങൾ ആയ പയർ കാ പഞ്ച്നാമ ഭാഗം 1 & 2 തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു പ്രശസ്തനായ ലവ് രഞ്ചൻറെ നാലാമത്തെ ഫീച്ചർ ഫിലിമാണ് SKTKS. അദ്ദേഹം തന്നെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നു. അദ്ദേഹത്തിൻറെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു സ്ത്രീ വിരുദ്ധതയ്ക്കു ഇതിൽ കുറവൊന്നുമില്ല. ഏതു പെണ്ണിനേയും ഒരു സംശയത്തിൻ്റെ കണ്ണിലൂടെ നോക്കുന്ന നായകൻ തന്നെ ഉദാഹരണം. പിന്നെ, വില്ലൻ ഒരു സ്ത്രീയും.
140 മിനുട്ടോളം ദൈർഘ്യം ഉള്ള ചിത്രത്തിൻറെ ആദ്യ പകുതി വളരെ രസകരമായും ശീഘ്രഗതിയിൽ പോകുകയും രണ്ടാം പകുതി വലിച്ചു നീട്ടി ആദ്യ പകുതിയുടെ പാതി പോലും വീര്യമില്ലാതെയാവുകയും ചെയ്തു. എന്നാൽ ക്ളൈമാക്‌സും പ്രീ-ക്ളൈമാക്സ് സീനുകളിൽ പഴയ പ്രതാപത്തിൽ എത്തുകയും ചെയ്തു. അനാവശ്യമായി പാട്ടുകൾ കുത്തി നിറച്ചത് ചിത്രത്തിൻറെ ദൈർഘ്യം കൂട്ടാനിടയായി. ചില പാട്ടുകൾ അനവസരത്തിൽ വന്നു കയറിയത് പോലെ തോന്നി.അകീവ് അലിയുടെ കത്രികയ്ക്കു മൂർച്ചയുള്ളതായി തോന്നിയില്ല. ഒരു കോമഡി ചിത്രമെന്ന നിലയ്ക്ക് ആവോളം കോമഡി സീനുകൾ ഉണ്ടായിരുന്നു, അവയെല്ലാം വളരെ മികച്ചു നിൽക്കുകയും, ചിരി പടർത്താൻ ഉതകുന്നതുമായിരുന്നു.

ടിറ്റുവായി സണ്ണി സിങ്ങും സോണുവായി കാർത്തിക് ആര്യനും സ്വീറ്റിയായി നുശ്രത് ബറൂച്ചയും അഭിനയിച്ചു. ഇതിൽ മിക്ക സീനുകളുടെയും SHOWSTEALER ആയതു കാർത്തിക് ആര്യൻ ആയിരുന്നു. അദ്ദേഹത്തിൻറെ സ്‌ക്രീൻ പ്രസൻസും കോമിക് ടൈമിങ്ങും മികച്ചതായിരുന്നു (പ്യാർ കി പഞ്ച്നാമ കണ്ടവർക്ക് മനസിലാവും കാർത്തിക്കിന്റെ കഴിവ്). സിനിമയുടെ ജീവനാഡിയും കാർത്തിക് തന്നെയായിരുന്നു. നുശ്രത്, സണ്ണി സിംഗ്, ഇഷിതാ രാജ് എന്നിവർ തങ്ങളാൽ കഴിയുന്നത് സിനിമയ്ക്ക് വേണ്ടി നൽകി. ഏറ്റവും വിത്യസ്ത റോളിൽ വന്നത് അലോക് നാഥ് ആയിരുന്നു. അലോക് നാഥ് - വീരേന്ദ്ര സക്‌സേന കൊമ്പോയുടെ കോമഡി മികച്ചു നിന്നു.

മൊത്തത്തിൽ എട്ടു ഗാനങ്ങളുളള ചിത്രത്തിൽ കേൾക്കാൻ രസമുള്ളതാണെങ്കിലും തുടരെ തുടരെ സിനിമയിൽ ഉൾപ്പെടുത്തിയതിനാൽ അല്പം അലോസരം അനുഭവപ്പെട്ടു. പക്ഷെ രസകരമായ ഒരു കാര്യം എന്താണെന്ന് വെച്ചാൽ, ഈ എട്ടു ഗാനങ്ങളും മറ്റുള്ള ഭാഷകളിൽ നിന്നും പാട്ടുകളിൽ നിന്നും വീണ്ടും സൃഷ്ടിച്ചെടുത്തതാണ്. ഏഴു സംഗീത സംവിധായകർ പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. വളരെ കാലത്തിനു ശേഷം യോ യോ ഹണി സിംഗിന്റെ രണ്ടു ഹിറ്റ് ഗാനങ്ങളും, റോചക് കോഹ്ലി, അമാൽ മാലിക്, ഗുരു രാന്ധവ. സാക്ക് നൈറ്റ്, സൗരഭ്-വൈഭവ്, രജത് നാഗ്പാൽ എന്നിവരാണ് ആ സംഗീത സംവിധായകർ. ഹിതേഷ്-സോണിക്ക് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നു. സിനിമയുടെ സ്വഭാവത്തിനനുസരിച്ചുള്ള സംഗീതം ആയിരുന്നു നൽകിയത്.

മൊത്തത്തിൽ ROMANCE VS BROMANCE genre ചിത്രം. ചിരിച്ചുല്ലസിക്കാൻ പറ്റിയ ഒരു ചിത്രമാണ്.

എൻ്റെ റേറ്റിങ് 7.3 ഓൺ 10


വെറും മുപ്പതു കോടി മുതല്മുടക്കിലിറങ്ങിയ ചിത്രം  ബോളിവുഡിലെ ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ആയിരുന്നു. 160 കോടിയോളം ആണ് മൊത്തം തീയട്രിക്കൽ റണ്ണിൽ നിന്നും കളക്ട് ചെയ്തത്. 

No comments:

Post a Comment