Cover Page

Cover Page

Thursday, March 24, 2016

138. Batman V. Superman : Dawn Of Justice (2016)

ബാറ്റ്മാൻ v സൂപർമാൻ : ഡോൺ ഓഫ് ജസ്റ്റീസ് (2016)



Language : English
Genre : Action | Adventure | Drama
Director : Zack Snyder
IMDB : 8.2*

Batman V Superman: Dawn of Justice Theatrical Trailer


എൺപതുകളിലും ആദ്യ തൊണ്ണൂറുകളിലും ബോളിവുഡിലും നമ്മുടെ മലയാളത്തിലും ഇറങ്ങുന്ന ചിത്രങ്ങളുടെ രീതി ഒന്ന് തന്നെയായിരുന്നു. രണ്ടു മക്കൾ, ലോകത്തെവിടെയോ പിരിഞ്ഞു താമസിക്കുന്നു. അവർ തമ്മിൽ ആദ്യം അങ്ങോട്ടുമിങ്ങോട്ടും ഉരസുകയും വില്ലൻ അവരെ തമ്മിലടിപ്പിക്കാനുള്ള വഴിയും നോക്കുന്നു. ക്ലൈമാക്സിനും തൊട്ടു മുൻപ് വരെ നല്ല വൈരാഗ്യത്തിൽ ഇരിക്കുന്നവർ, ഒരു ദുർബലമായ കാരണം കൊണ്ട് തങ്ങള് സഹോദരങ്ങൾ ആണെന്ന് മനസിലാക്കുകയും വില്ലനെ തറ പറ്റിയ്ക്കുകയും ചെയ്യുന്നതോടെ സിനിമയ്ക്ക് ശുഭാന്ത്യം. അല്ലെങ്കിൽ ആരെങ്കിലും ഒരാൾ മരിയ്ക്കുകയും ചെയ്യുന്നു. (ചിത്രം കണ്ടു കഴിയുമ്പോൾ നിങ്ങൾക്കെല്ലാവർക്കും ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലാകും. ഒരു ക്ലൂ തരാം.. ."മാർത്ത")
2016ലെ ഏറ്റവും കൂടുതൽ പേർ കാത്തിരുന്ന സൂപർഹ്യൂമൻ ചിത്രങ്ങളിൽ ഒന്ന് കൂടി പുറത്തിറങ്ങി. അതാദ്യ ഷോ തന്നെ കാണണമെന്ന നിർബന്ധമുള്ളതിനാൽ ഒരു കടുത്ത ബാറ്റ്മാൻ ഫാൻ (ക്രിസ്റ്റഫർ നോലൻ ചെയ്തതിനു ശേഷം) ആയ ഞാൻ ഈ ചിത്രത്തിന് കയറിയത്.  അതും എന്റെ വിലപ്പെട്ട ഉറക്കം കളഞ്ഞു അർദ്ധരാത്രിയുടെ ഷോയ്ക്ക് തന്നെ. സാക്ക് സ്നൈടർ എന്ന സംവിധായകനിൽ വിശ്വാസം തീരെ ഉണ്ടായിരുന്നില്ലയെങ്കിലും ഡേവിഡ് എസ്. ഗോയർ (ഡാർക്ക് സിറ്റി, ബാറ്റ്മാൻ ബിഗിൻസ്, ഡാർക്ക് നൈറ്റ്, ഡാവിഞ്ചിസ് ഡീമൻസ്) ക്രിസ് റ്റെരിയൊ (ആർഗൊ) എന്ന എഴുത്തുകാരിലുള്ള വിശ്വാസവും എന്നെ തീയറ്ററിൽ എത്തിച്ചു. പതിവ് പോലെ നല്ല രീതിയൽ തന്നെ ടൈറ്റിൽ കാർഡുകൾ വന്നു.

ബാറ്റ്മാൻറെ കുട്ടിക്കാലം കാണിച്ചുള്ള തുടക്കം. പിന്നീട് മാൻ ഓഫ് സ്റ്റീലിൽ സോഡുമായുള്ള യുദ്ധത്തിലുണ്ടാകുന്ന ബ്രൂസ് വെയിനിന്റെ നഷ്ടങ്ങൾ സൂപർമാനിൽ അദേഹത്തിന് വൈരം  ഉണ്ടാകുന്നു. അവിടെ നിന്നും സൂപർമാനെ എങ്ങിനെയും തകർക്കണം ലക്ഷ്യത്തോടെ മുൻപോട്ടു പോകുന്നു. സൂപർമാനെ എങ്ങിനെയെങ്കിലും തകർക്കണം എന്നാ ലക്ഷ്യവുമായി നടക്കുന്ന ലെക്സ് ലൂതർ എന്ന ബിസിനസുകാരൻ.   അതിനായി ബാറ്റ്മാന്റെ ഉള്ളിലുള്ള പക ഒരു ആയുധമായി  ഉപയോഗിയ്ക്കുന്നു.പിന്നീട് ഇരുട്ടിനെ എങ്ങിനെ സൂപർമാനും ബാട്മാനും കൂടി എങ്ങിനെ ചെറുത്തു തോൽപ്പിക്കുന്നു എന്നതാണ് ചിത്രത്തിൻറെ ശേഷഭാഗം.

ശരിക്കും പറഞ്ഞാഒരു തട്ടിക്കൂട്ടു കഥയിൽ ക്ലിഷേകളുടെ തൃശ്ശൂര് പൂരവും ചേർത്തു വെച്ചാണ് സംവിധായകൻ സാക്ക് സ്നൈടർ വന്നിരിക്കുന്നത്. വളരെ ദുർബലമായ തിരക്കഥയും സംഭാഷണവും ചിത്രത്തിൻറെ മാറ്റ് നന്നായി കുറയ്ക്കുന്നുണ്ട്. നോലൻ ബാറ്റ്മാനിൽ കൊണ്ട് വന്ന ഡാർക്ക് സമ്പ്രദായം പിന്തുടരാൻ ശ്രമിച്ചതിനാലാണ് ഈ ചിത്രത്തിന് സംഭവിച്ച ഏറ്റവും വലിയ പിഴവ്. ചില ആക്ഷൻ സീനുകൾ മികച്ചു നിന്നു എന്നതൊഴിച്ചാൽ ഒരു പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന യാതൊന്നും ഈ ചിത്രത്തിൽ കാണാൻ കഴിഞ്ഞില്ല, നല്ല ലാഗ് അനുഭവപ്പെടുകയും ചെയ്തു. നമ്മളൊരിക്കൽ പോലും കണ്ടിട്ടില്ലാത്ത ബാറ്റ്മാൻറെ രൂപം ഈ ചിത്രത്തിൽ പ്രത്യക്ഷമായി. ക്രൂരനും മൃഗീയമായ പക നിറഞ്ഞ ഒരു ബാറ്റ്മാൻ. അത് ബെൻ ആഫ്ലക് തകർത്ത് വാരി. ഒരു വലിയ അജാനുഭാഹു ആയ ബാറ്റ്മാൻ ആകാൻ ബെൻ ചെറുതോന്നുമല്ലായിരിക്കും കഷ്ടപ്പെട്ടത്. ഹെൻറി കാവിൽ തന്റെ റോളും ഭംഗിയായി അവതരിപ്പിച്ചു. എന്നിരുന്നാലും സ്ക്രീൻ പ്രസൻസിൽ ബെൻ തന്നെ മുൻപൻ. അമി സ്മാർട്ട് ക്ലാർക്ക് കെൻറ് / സൂപർമാൻറെ പ്രേമഭാജനം തരക്കേടില്ലാതെ പ്രകടനം കാഴ്ച വെച്ചു. ജെറെമി അയൺസ് ആൽഫ്രെഡ് പെന്നിവർത് എന്ന ബാറ്റ്മാന്റെ സഹായി എന്ന റോൾ മൈക്കൽ കൈൻ എന്ന അനുഗ്രഹീത നടൻ ചെയ്തു ഫലിപ്പിച്ചതിന്റെ പാതി പോലും എത്താൻ കഴിഞ്ഞില്ല. ഗാൽ ഗടോറ്റ് വണ്ടർ വുമണ്ടെ വേഷം ചെയ്തു.. പക്ഷെ മുങ്ങി പോയ ഈ കപ്പൽ കര കയറ്റാൻ അവരെ കൊണ്ട് കഴിഞ്ഞില്ല എന്നത് സത്യം. ചിത്രത്തിലെ പ്രധാന വില്ലൻ ലെക്സ് ലൂതറിനെ അവതരിപ്പിച്ച ജെസ് ഐസൻബർഗ് തരക്കേടില്ലായിരുന്നു. പല മുഹൂർത്തങ്ങളിലും എനിക്ക് കിംഗ്‌ ഖാനെ (ഷാരൂഖ് ഖാൻ) ഓർമ്മിപ്പിച്ചു (ചിലപ്പോൾ എൻറെ മാത്രം തോന്നലാവാം). സംസാര ശൈലിയും, മുഖത്തെ ഭാവങ്ങളും ഒക്കെ തൊണ്ണൂറുകളിലുള്ള ഷാരൂഖ് ഖാനെ ആണ് എനിക്ക് കാട്ടി തന്നത്. ലോറൻസ് ഫിശബെൻ ഒരു ചെറിയ റോളിൽ പ്രത്യക്ഷപ്പെട്ടുവെങ്കിലും ഒന്നും ചെയ്യാനായി ഉണ്ടായിരുന്നില്ല.

ക്യാമറവർക്ക് ചില ഘട്ടങ്ങളിൽ നന്നായിരുന്നു. പക്ഷെ എന്നെ ഏറ്റവും അധികം നിരാഷനാക്കിയത് ഹാൻസ് സിമ്മർ എന്ന അനുഗ്രഹീത സംഗീത സംവിധായകൻ ആയിരുന്നു. ജങ്കി എക്സെലും (ഡെഡ്പൂൾ, മാഡ് മാക്സ്, ബ്ലാക്ക് മാസ് തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകളുടെ സംഗീതം ഇദ്ദേഹം ആയിരുന്നു) കൂട്ട് ചേർന്ന് ഹാൻസ് സിമ്മർ സംഗീതം ഒരുക്കിയത് നിരാഷാവഹമായിരുന്നു. പലപ്പോഴും ഒരു കോലാഹലം മാതിരി ആയിരുന്നു തോന്നിയത്. ശരിക്കും അസ്വസ്ഥത ഉണ്ടാക്കുന്ന പശ്ചാത്തല സംഗീതം. എന്നാൽ ചില ഇടങ്ങളിൽ നന്നായിരുന്നു എന്നും പറയാം. പക്ഷെ മൊത്തത്തിൽ വളരെ മോശം. 
നോലൻറെ ത്രയത്തിലെ ബാറ്റ്മൊബീൽ എനിക്ക് വളരെയേറെ ഇഷ്ടമാക്കിയ ഒരു വാഹനം ആയിരുന്നു. അവിടെയും ഈ ചിത്രത്തിൽ നിരാശ ആയിരുന്നു ഫലം.

ഒരു മരണ മാസ് ആഗ്രഹിച്ചു കണ്ട ഈ ചിത്രം വളരെ അധികം നിരാശപ്പെടുത്തി. ഇത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. ഡിസി ഭ്രാന്തന്മാർ ഇതിന്റെ പേരും പറഞ്ഞു എന്റെ മേൽ പൊങ്കാലയിടാൻ വരണ്ട.

A loud, overcrowded, noisy movie built on a very narrow thread failed my expectations in every sense.
 
എന്റെ റേറ്റിംഗ് 5.5 ഓൺ 10 (ചില രംഗങ്ങൾ എനിക്ക് വളരെയധികം ഇഷ്ടമായതിനാലും ബെൻ അഫ്ലെകിൻറെ പുതിയ ബാറ്റ്മാൻ അവതാരത്തിനും മാത്രം).

വാൽക്കഷ്ണം : ജസ്റ്റീസ് ലീഗ് വരുന്നുണ്ട്, അതിനുള്ള മരുന്ന് ഈ ചിത്രത്തിൽ ഇട്ടിട്ടുമുണ്ട്. ഇത്രയൊക്കെ നെഗറ്റീവ് ഉണ്ടെങ്കിലും ജസ്റ്റീസ് ലീഗിന് വേണ്ടിയുള്ള വിത്ത്‌ ഡിസി ഇതിൽ പാകിയിട്ടുണ്ട്. കാത്തിരിയ്ക്കാം. ഒരു പ്രകമ്പനം കൊള്ളിക്കുന്ന സിനിമയ്ക്ക് വേണ്ടി.

Tuesday, March 22, 2016

137. Detective K: Secret Of The Lost Island (Joseon Myeongtamjeong: Nobeui Ddal) (2015)

ഡിറ്റക്റ്റീവ് കെ: സീക്രട്ട് ഓഫ് ദി ലോസ്റ്റ്‌ ഐലണ്ട് (2015)



Language : Korean
Genre : Action | Adventure | Comedy | Drama | Thriller
Director : Kim Sok-yun
IMDB : 6.4

Detective K: The Secret Of The Lost Island Trailer


ആദ്യ ഭാഗത്തെ കുറിച്ച് ഞാൻ മുൻപ് പറഞ്ഞാതാനല്ലോ. 2011ൽ റിലീസ് ആയ സീക്രട്ട് ഓഫ് ദി വെർച്വസ് വിഡോയുടെ തുടർച്ചയെന്നോണം ആണ് രണ്ടാം ഭാഗവും തയാറാക്കിയിരിക്കുന്നത്. ആദ്യത്തെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് കെയും കൂട്ടാളിയായ സ്യോ ഫിലും തന്നെയാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. കൂട്ടത്തിൽ ഹിസാകോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു ലീയ്യോൻ ഹീ എന്നാ സുന്ദരിയുമുണ്ട്.

പതിനെട്ടാം നൂറ്റാണ്ടിലാണ് ഈ ചിത്രത്തിൻറെ കഥയും നടക്കുന്നത്. കൊറിയൻ സമ്പദ് വ്യവസ്ഥയുടെ അവിഭാജ്യ ഘടകം ആണ് വെള്ളിക്കട്ടികൾ. എന്നാൽ വ്യാജ വെള്ളിക്കട്ടികൾ നഗരങ്ങളിൽ ധാരാളമായി ഉണ്ടെന്നതിനാൽ സമ്പദ്ഘടനയെ ചോദ്യം ചെയ്തു തുടങ്ങി. ഇത് കണ്ടു പിടിക്കാനായി കെയും സ്യോയും വ്യാജനുൽപാദിപ്പിക്കുന്നവരുടെ സംഘത്തിൽ വേഷപ്രച്ഛന്നരായി കൂടുന്നു. തങ്ങളുടെ രഹസ്യവേഷങ്ങൾ തിരിച്ചറിയുകയും അവരുടെ പദ്ധതികൾ വെളിച്ചത്തിലാവുകയും ചെയ്യുന്നു. എന്നാൽ, ആ സംഘത്തെ പിടികൂടുകയും ചെയ്യുന്നു. പക്ഷെ, അവരുടെ അധികാരത്തിലുള്ള സ്വാധീനത ഉപയോഗിച്ച് പെട്ടെന്ന് തന്നെ പുറത്തു വരികയും ചെയ്യുന്നു.

നാടുകടത്തപ്പെട്ട കെയും സ്യോയും ഒരു ദ്വീപിൽ താമസമാരംഭിക്കുന്നു (കാരണം വെളിവല്ല, ഇവിടെ ലോജിക് നഷ്ടപ്പെടുന്നുണ്ട്). അവിടെ കെ പരീക്ഷണവും ഒക്കെയായി കഴിഞ്ഞു കൂടുകയാണ് (ഒരു ചെറിയ ഡാവിഞ്ചി ഇവിടെ നമുക്ക് ദർശിക്കാൻ കഴിയും). ഒരു ദിവസം, ടെ ഹോ എന്ന ഒരു കൊച്ചു പെൺകുട്ടി കടൽ നീന്തിക്കടന്നു കെയെ കാണാൻ എത്തുന്നു. തൻറെ അനിയത്തിയെ കാണാതായി എന്നും, എങ്ങിനെയും കണ്ടു പിടിയ്ക്കണം എന്നായിരുന്നു അവളുടെ ആവശ്യം. ആ ആവശ്യം തിരസ്കരിക്കുന്ന കെ, അവളെ പറഞ്ഞയക്കുന്നു. ദിവസവും അവൾ അവിടെ വരാൻ തുടങ്ങി, കേയ്ക്കും സ്യോയ്ക്കും വളരെയധികം ഇഷ്ടമായിരുന്നു ആ പെൺകുട്ടിയെ, അവളുടെ ബുദ്ധിശക്തിയും കുലീനതയുമൊക്കെയായിരുന്നു കാരണം.പക്ഷെ, ഒരു ദിവസം അവൾ വരവ് നിന്ന്. അത് ഒരു കാരണം കൊണ്ടാവാം അവർ ആ ദ്വീപിൽ നിന്നും രക്ഷപെട്ടു സ്യോൾ നഗരത്തിൽ എത്തുന്നു. അവിടെ വെച്ച് കുറെയധികം കൊച്ചു പെൺകുട്ടികൾ മരിച്ച നിലയിൽ കടലിൽ കാനപീട്ടതിനെ തുടർന്ന് ശവങ്ങൾ സൂക്ഷിച്ചിരിക്കുന്ന അറയിൽ അവർ അന്യേഷിച്ചു ചെല്ലുന്നു. ആ കുട്ടികളുടെ മരണവും വെള്ളിക്കട്ടികളുടെ നിർമ്മാണവും ആയി എന്തോ സാമ്യമുണ്ടെന്ന് കെ മനസിലാക്കുന്നു. അതെ സമയം, നഗരത്തിലെ ഒരു ജാപ്പനീസ് നർത്തകി ആയ ഹിസാകോയിൽ സംശയവും അതെ സമയം പ്രണയവും തോന്നുന്ന കെ, അവരിലെക്കും അന്വേഷണം വ്യാപിപിക്കുന്നു. ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങളുടെ ചുരുളുകൾ പതിയെ കെ അഴിച്ചു തുടങ്ങുന്നു..

സംവിധായകൻ കിം നിർത്തിയേടത്തു തന്നെ തുടങ്ങി. കോമഡിയും, ആക്ഷനും, കുറച്ചു അധികം വൈകാരികതയും പിന്നെ അല്പം ഫാൻറസിയും ഇട കലർത്തി നല്ല ഒരു ആസ്വാദ്യകരവും വേഗതയാർന്ന ചിത്രമാണ് സമ്മാനിച്ചത്‌. ആർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ചിത്രം നിർമ്മിച്ചത് കൊണ്ട് ഒരു രീതിയിൽ ബോറടിക്കാതെ ആസ്വദിച്ചു തന്നെ കണ്ടിരിക്കാം. ഗ്രാഫിക്സ് ഒക്കെ നല്ല രീതിയിൽ സമന്വയിപ്പിച്ചിട്ടുണ്ട്. ആദ്യത്തേതിലെ പോലെ തന്നെ ഈ ചിത്രത്തിലെ പശ്ചാത്തല സംഗീതം വളരെയധികം മികച്ചു നിൽക്കുന്നു. പ്രത്യേകിച്ച് സെൻറിമെൻറൽ സീനുകളിൽ, ആ വിഷാദം നമ്മുടെ ഉള്ളിലേക്കും കടന്നു വരും. പ്രത്യേകിച്ച് ഡെഹോയുടെ മരണം. ആ കുട്ടി അത്രയ്ക്ക് മികച്ച രീതിയിൽ അഭിനയിച്ചു. പ്രധാനമായും ആ കുട്ടിയുടെ അഭാവം നമ്മളിൽ ഒരു ആഘാതം സൃഷ്ടിക്കും. പ്രധാന കഥാപാത്രങ്ങൾ ആയ കിം മ്യുങ്ങ് മിന്നും ഓ ഡാൽ സ്യോവും മികച്ച പ്രകടനം കാഴ്ച വെച്ചു. ലീ ചെ യൂൻ എന്ന കൊച്ചു മിടുക്കി വളരെ ചെറിയ ഒരു റോൾ ആയിരുന്നുവെങ്കിലും അസാമാന്യ പ്രതിഭ തന്നെയെന്നു തെളിയിച്ചു. ലീ യോൻ ഹീ നായികാപ്രാധാന്യമുള്ള തന്റെ കഥാപാത്രം അവിസ്മരണീയമാക്കി. ഈ കൊറിയൻ പെൺകുട്ടികളുടെ മൊഞ്ചിൻറെ ഒരു ഉദാഹരണം കൂടി ആണവർ.

ഒന്നാം ഭാഗത്തെക്കാളും എന്നെ കൂടുതൽ രസിപ്പിച്ച ചിത്രം എന്ന നിലയ്ക്ക് ഞാൻ ഈ ചിത്രത്തിൽ 8.2 കൊടുക്കുന്നു (കുറെഏറെ ലോജിക്കുകളും, കഥകളുടെ കണ്ണികൾ വിട്ടു പോവുകയും ചെയ്തത് കൊണ്ട് മുഴുവനും കൊടുക്കുന്നില്ല).

ഒരു ഭാഗത്തിന് കൂടി മരുന്നിട്ടിട്ടാണ് കിം ഈ ചിത്രം അവസാനിപ്പിച്ചത്. ആകാംഷയോടെ ഡിറ്റക്റ്റീവ് കെയുടെ പുതിയൊരു സാഹസത്തിനായി കാത്തിരിക്കുന്നു.

Monday, March 21, 2016

136. The Good Dinosaur (2015)

ദി ഗുഡ് ദിനോസർ (2015)




Language : English
Genre : Animation | Adventure | Comedy | Family
Director : Peter Sohn
IMDB : 6.8


The Good Dinosaur Theatrical Trailer



നിരവധി അനിമേഷൻ ഹിറ്റ്‌ സിനിമകളുടെ (ഫൈണ്ടിംഗ് നീമോ, ദി ഇൻക്രെഡിബിൾസ്, വോൾ ഈ, അപ്) പിന്നണിയിൽ പ്രവർത്തിച്ച ഒരു കലാകാരൻ ആണ് പീറ്റർ സോൻ. ഒരു മികച്ച അനിമേറ്റർ, സ്റ്റോറിബോർഡ് റൈറ്റർ എന്ന് പേരെടുത്ത അദ്ദേഹം  സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ദി ഗുഡ് ദിനോസർ. പിക്സാർ അനിമേഷൻ സ്റ്റുഡിയോസ് ആണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.ഇൻസൈഡ് ഔട്ട്‌ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ ഈ ചിത്രവും മികച്ച ഒരു വിജയം കണ്ടെത്തി.

ദിനോസറുകളുടെ ഉന്മൂലനത്തിനു കാരണമായ ഉൽക്ക ഭൂമിയിൽ പതിക്കാതെ ദിനോസറുകൾ എന്ന ജീവജാലങ്ങൾ ഭൂമിയിൽ വിഹരിക്കുന്നത് തുടർന്ന് കൊണ്ടേയിരുന്നു. പ്രാചീന കാലത്ത് മനുഷ്യർ എങ്ങിനെ ജീവിച്ചിരുന്നുവോ അതെ മാതിരി തന്നെ അവരും ഭൂമിയിൽ വാണു. ഈ ചിത്രത്തിൻറെ കഥ ഭീരുവായ ആർക്കോ എന്ന കുഞ്ഞു ദിനോസറിനെ ചുറ്റിപ്പറ്റി ഉള്ളതാണ്. 
കൃഷിക്കാരായ ഹെൻറിയ്ക്കും ഇടയ്ക്കും മൂന്നു മക്കൾ - ലിബി, ബക് പിന്നെ നമ്മുടെ സിനിമയിലെ നായകനായ ആർക്കോ. ലിബിയും ബക്കും പെട്ടെന്ന് തന്നെ ദൈനംദിന ജീവിതത്തിലേക്ക് അനുസൃതമായി ജീവിക്കാൻ തുടങ്ങിയെങ്കിലും ഇളയവനും ഭീരുവായ ആർക്കൊയ്ക്ക് അതിനു കഴിയാതെ വന്നു. ജീവിതം എങ്ങിനെഎന്ന് മനസിലാക്കി കൊടുക്കാൻ ആർക്കൊയെയും കൂട്ടി അച്ഛൻ ഹെൻറി ഒരു  യാത്ര പോകുന്നതിനിടയിൽ മരണപ്പെടുന്നു. വീട്ടിലേക്കുള്ള വഴി അറിയാതെ ഉഴലി നിന്ന ആർക്കൊയ്ക്കു കൂട്ടായി ഒരു മനുഷ്യക്കുട്ടി വരുന്നു. പിന്നീട് അവരുടെ സാഹസികമായ യാത്രയാണ് ചിത്രം പറയുന്നത്.

വളരെ നല്ല ഒരു കഥാതന്തു ചിത്രത്തിനുണ്ടായിരുന്നുവെങ്കിലും സ്ഥിരം അനിമേഷൻ ചിത്രങ്ങളിൽ കണ്ടു വരുന്ന കഥാഗതി ചിത്രത്തെ മടുപ്പുള്ള ഒരു സാധാരണ ചിത്രമായി മാറ്റി. എന്നാൽ ചില സീനുകൾ നമുക്ക് ചിരി പകരുകയും ചിലത് നമ്മുടെ ഹൃദയത്തിൽ തൊടാൻ കഴിയുന്ന രീതിയിലും ചെയ്തിട്ടുണ്ട്. മികച്ച രീതിയിലുള്ള പ്രകൃതി ദ്രിശ്യങ്ങൾ കണ്ണിനു കുളിർമ ഏകുന്ന തരത്തിലായിരുന്നു. അനിമേഷൻ ചെയ്തിരിക്കുന്നത് വളരെ നന്നായിരുന്നു. പിക്സാർ അല്ലെ, അവർ എന്തായാലും ആ കാര്യത്തിൽ നിരാശപ്പെടുത്തിയില്ല.. പശ്ചാത്തല സംഗീതം തരക്കേടില്ലായിരുന്നു. ആർക്കൊയെയും ആ കുട്ടിയേയും നമുക്ക് വല്ലാതങ്ങ് ഇഷ്ടപ്പെടും

ചെറിയൊരു കഥ തരക്കേടില്ലാത്ത രീതിയിൽ പറഞ്ഞിരിക്കുന്നു. ഇനി ഈ ചിത്രം കണ്ടില്ലെങ്കിലും വലുതായി ഒന്നും സംഭവിക്കാൻ പോകുന്നില്ല.

എന്റെ റേറ്റിംഗ് 5.3 ഓൺ 10

Sunday, March 20, 2016

135. Detective K: Secret of the Virtuous Widow (Joseon Myeongtamjeong: Gakshituku Ggotui Bimil) (2011)

ഡിറ്റക്റ്റീവ് കെ: സീക്രട്ട് ഓഫ് ദി വെർച്ച്വസ് വിഡോ (2011)




Language : Korean
Genre : Action | Adventure | Comedy | Mystery | Thriller
Director : Kim Sok-yun
IMDB : 6.4


Detective K: Secret of the Virtuous Widow Theatrical Trailer



കൊറിയക്കാരുടെ ഷെർലക്ക് ഹോംസ് എന്ന് ഡിറ്റക്റ്റീവ് കെ എന്നാ കഥാപാത്രത്തെ നമുക്ക് വിശേഷിപ്പിയ്ക്കാം. ഷെർലക് ഹോംസ് കൃത്യതയും ബുദ്ധിശക്തിയും മിസ്റ്റർ ബീനിൻറെ അബദ്ധങ്ങളും പേടിയും ഒത്തു ചേർന്ന ഒരു കഥാപാത്രത്തെ ആണ്  എഴുത്തുകാരനായ കിം ടാക്വാൻ സൃഷ്ടിച്ചിരിക്കുന്നത്‌. അത് കൊണ്ട് തന്നെ ഒരു കുറ്റാന്യേഷണ ചിത്രത്തെക്കാളുപരി ഒരു സാധാരണ പ്രേക്ഷകന് ആസ്വദിക്കാൻ കഴിയുന്നു. 

1793ലെ ജോസിയോൻ രാജാവായ ജ്യൊങ്ങ്ജോ, തന്റെ രാജ്യത്ത് നടക്കുന്ന കൊലപാതകപരമ്പര അന്യേഷിക്കാനായി ഡിറ്റക്റ്റീവ് കെയെ രഹസ്യമായി നിയോഗിക്കുന്നു. നഗരത്തിലെ ഗവർണറെ ചോദ്യം ചെയ്യാനായി ജയിലിലേക്ക് പോകുന്ന കെ, അയാളെ മരിച്ച നിലയിൽ അവിടെ കണ്ടെത്തുന്നു. പക്ഷെ, കെയെ ഗവർണറുടെ ഘാതകൻ എന്ന് മുദ്ര കുത്തപ്പെട്ട് ജയിലിലടയ്ക്കുന്നു. ശുനകപ്രിയനായ സ്യോ ഫിൽ കെയെ ജയിലിൽ നിന്നും രക്ഷപെടുത്തുന്നു. ഈ കാരണം കൊണ്ട് ജ്യോങ്ങ്ജോ രാജാവ് കെയെ പദവിയിൽ നിന്നും താഴ്ത്തി  ജ്യോക്സോങ്ങിൽ ലീ എന്ന വനിതാ ആത്മഹത്യ ചെയ്തതിനെ പറ്റി അന്യേഷിക്കാൻ പറയുന്നു. സ്യോ ഫിലും കെയും കൂടി തങ്ങളുടെ സാഹസികത ഉള്ള യാത്ര ആരംഭിക്കുകയും പിന്നീട് അതിനെ ചുറ്റിപ്പറ്റി നടക്കുന്നതുമാണ് ചിത്രം നമുക്ക് കാണിച്ചു തരുന്നത്.

ഡിറ്റക്റ്റീവ് കെ ആയി അഭിനയിച്ച കിം മ്യുങ്ങ് മിൻ ആണ് ചിത്രത്തിൻറെ യതാർത്ഥ ആകർഷണം. അദ്ദേഹത്തിന്റെ മുഖഭാവങ്ങളും സന്ദർഭത്തിനനുയോചിതമായുള്ള സംഭാഷണവും, ആകഷനും എല്ലാം വളരെ രസകരമാണ്. സഹായിയായ സ്യോ ഫിലായി അഭിനയിച്ച ഓ ഡാൽ സൂ മികച്ച പിന്തുണയും നൽകി. രണ്ടു പേരുടെയും കോമ്പോ സീനുകൾ ചിരി ഉളവാക്കുന്നതായിരുന്നു. സുന്ദരിയായ ഹാൻജി മിൻ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നു. അവർ അത് നല്ല പോലെ ഫലപ്രദമായി തന്നെ ചെയ്തു. ഇടയിൽ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും അവരവരുടെ മുദ്ര പതിപ്പിച്ചു കടന്നു പോകുകയും ചെയ്തു 

സംവിധായകനായ കിം സോക് യുൻ, വളരെ മികച്ച രീതിയിൽ തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. യാതൊരു രീതിയിലും ഒരു പ്രേക്ഷകനെ ബോറടിപ്പിക്കാതെ തന്നെ ചിത്രം മുൻപോട്ടു കൊണ്ട് പോയി. പല ആധുനിക ഉപകരണങ്ങളും പ്രാചീന രീതിയിൽ തന്നെ അവതരിപ്പിച്ചത് നന്നായി എന്ന് പറയാം. ലോജിക്കുകളെ ചോദ്യം ചെയ്യുന്ന പലതും ചിത്രത്തിൽ ഉണ്ടെങ്കിലും നമുക്കത് പാടെ അവഗണിയ്ക്കാം.  എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു ഘടകം, ഈ ചിത്രത്തിൻറെ പശ്ചാത്തല സംഗീതം ആയിരുന്നു. നല്ല ത്രസിപ്പിക്കുന്ന സംഗീതം ആയിരുന്നു കിം ഹാൻജോയും യ്യോം ഗിയൂപും നല്കിയത്. ക്യാമറവർക്കും ഗ്രാഫിക്സ് വളരെ മികച്ചു നിന്നു.

മൊത്തത്തിൽ പറഞ്ഞാൽ ഒരു രസകരമായ സിനിമാനുഭവം.

എന്റെ റേറ്റിംഗ് 7.3 ഓൺ 10

134. This Means War (2012)

ദിസ്‌ മീൻസ് വാർ (2012)




Language : English
Genre : Action | Adventure | Comedy | Romance
Director : McG
IMDB : 6.4

This Means War Theatrical Trailer


എംസിജി എന്ന സംവിധായകനെ പറ്റി ചിലരൊക്കെയെങ്കിലും കേട്ടിട്ടുണ്ടാവും. കേട്ടിട്ടില്ലാത്തവർക്കായി എംസിജിയെ പറ്റി രണ്ടു വാക്ക്. ചാർളീസ് എഞ്ചൽസ്, വി ആർ മാർഷൽ, ടെർമിനേറ്റർ സാൽവേഷൻ, ത്രീ ഡെയ്സ് ടോ കിൽ, ടിവി പരമ്പരകളിൽ ശ്രദ്ധേയമായ സൂപർനാച്ചുറൽ സീരീസ്, ചക്ക് എന്നിവയവുടെ സംവിധാനം ഇദ്ദേഹം ആണ് നിർവഹിച്ചത്. അദ്ദേഹം സംവിധാനം ചെയ്തു ടോം ഹാർഡി, ക്രിസ് പൈൻ, റീസ് വിതർസ്പൂൺ എന്നിവർ ഒരുമിച്ചഭിനയിച്ച ഒരു ത്രികോണ ആക്ഷൻ കോമഡി പ്രണയകഥയാണ് ദിസ്‌ മീൻസ് വാർ. 

സിഐഎ (CIA) ഫീൽഡ് ഏജൻടുമാർ ആണ് ഫൊസ്റ്ററും (ക്രിസ് പൈൻ) ടക്കും (ടോം ഹാർഡി) ഒരുമിച്ചു ജോലി ചെയ്യുന്ന പങ്കാളികൾ മാത്രമല്ല അവർ ഇണപിരിയാത്ത സുഹൃത്തുക്കളുമാണ്. അങ്ങിനെ അവരുടെ ഒരു ഉദ്യമം പൂർത്തീകരിച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരെയും അമേരിക്കയിലേക്ക് അവരുടെ ബോസ് തിരിച്ചു കൊണ്ട് വന്നു ഓഫീസ് ജോലി നൽകുന്നു. അവരുടെ സൌഹൃദം ചോദ്യം ചെയ്യപ്പെടുന്നത്,  ലോറൻ സ്കോട്ട് (റീസ്) എന്ന പെൺകുട്ടിയെ കണ്ടു മുട്ടി ഇരുവരും ഒരേ സമയം പ്രണയത്തിലാകുമ്പോഴാണ്. പിന്നീട് ലോറൻറെ ഹൃദയം കീഴടക്കാൻ വേണ്ടിയുള്ള വടംവലിയാണ് ചിത്രത്തിലുടനീളം കാണാനുള്ളത്.

ക്രിസ് പൈൻ, ടോം ഹാർഡി രണ്ടു പേർക്കും വഴങ്ങാത്ത ഒരു കൃത്യം അതായത് കോമഡി ആണ് ഈ ചിത്രത്തിൽ ഏറ്റെടുത്തിരിക്കുന്നതെങ്കിലും, അവർ അത് നല്ല രീതിയിൽ തന്നെ അഭിനയിപ്പിച്ചു ഫലിപ്പിച്ചു. ചിരിക്കാൻ വക നൽകുന്ന പലതും ചിത്രത്തിലുടനീളം ഉണ്ട്. രണ്ടു പേരുടെയും കഥാപാത്രങ്ങൾ തമ്മിൽ വലിയ അന്തരം ഉണ്ട്. ക്രിസ് ഒരു സ്ത്രീലമ്പടൻ ആണെങ്കിൽ ടക്ക് ഒരു മര്യാദക്കാരൻ ആണ്. ചിലപ്പോഴൊക്കെ നമ്മുടെ മലയാളം ചിത്രമായ കിന്നാരവും ഹരികൃഷ്ണൻസും ഹിന്ദിയിലെ ദീവാന മസ്താനയും ഒക്കെ ഓർമ്മപ്പെടുത്തും. റീസ് അങ്ങേയറ്റം സുന്ദരിയായി തോന്നി, അഭിനയത്തിലും മികച്ചു നിന്നു. 

എംസിജിയുടെ ഈ കോമഡി ചിത്രത്തിന് നിറയെ വിമർശനങ്ങൾ ലഭിച്ച ചിത്രം ആണെങ്കിലും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു. ചിലപ്പോൾ ഞാൻ ഒരു എന്റെർറ്റൈനെർ എന്നാ രീതിയിൽ മാത്രമേ ചിത്രത്തെ സമീപിച്ചിട്ടുള്ളത് കൊണ്ടാവാം. എന്നിരുന്നാലും, കുറെയധികം ലോജിക്കില്ലായ്മ നമുക്ക് തോന്നും. പക്ഷെ ഒരു സാധാരണ പടം എന്നാ രീതിയിൽ കണ്ടാൽ നമുക്ക് 97 മിനുട്ടുകൾ രസകരമായി തോന്നുകയും ചെയ്യും. ക്യാമറ, പശ്ചാത്തലസംഗീതവും നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. വലിയ കഥ ഒന്നും അവകാശപ്പെടാനില്ല ചിത്രത്തിന്, എന്നാൽ എംസിജി ഒരു പ്രേക്ഷകനെ വിനോദിപ്പിക്കുന്നതിൽ ശ്രദ്ധ അങ്ങേയറ്റം ചെലുത്തിയിട്ടുണ്ട്. 

ക്രിടിക്സ് തഴഞ്ഞ ചിത്രമാണെങ്കിലും ഇതൊരു ബോക്സോഫീസ് വിജയമായിരുന്നു ദിസ്‌ മീൻസ് വാർ എന്ന ഈ ചിത്രം.

Rest your brains while watching this action comedy flick.

ഞാൻ കൊടുക്കുന്ന മാർക്ക് 7.2 ഓൺ 10 ആണ്.

Saturday, March 19, 2016

133. Jil Jung Juk (2016)

ജിൽ ജങ്ങ് ജക്ക് (2016)


Language : Tamil
Genre : Action | Comedy | Crime
Director : Deeraj Vaidy
IMDB : 7.1

Jil Jung Juk Theatrical Trailer


തമിഴിലെ പുതിയൊരു പരീക്ഷണ ചിത്രം. ധീരജ് വൈദിയും മോഹൻ രാമകൃഷ്ണനും ഒരുമിച്ചു എഴുതിയ കഥ ധീരജ് തന്നെ സംവിധാനം നിർവഹിച്ചിരിക്കുന്നു. സിദ്ധാർത് ആണ് നിർമിച്ചിരിക്കുന്നത്. വിശാൽ ചന്ദ്രശേഖർ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചിരിക്കുന്നു. നായികമാരില്ലാത്ത ഈ ചിത്രത്തിൽ സിദ്ധാർത്, സനന്ത് റെഡ്ഡി, അവിനാശ് രഘുദേവൻ, രാധാ രവി,  അമരെന്ദ്രൻ, നാസർ തുടങ്ങിയ നീണ്ട നിര തന്നെ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു. ജാസ്മിൻ ഭാസിൻ (വാനം ഫെയിം, ആകെയുള്ള ഒരു സ്ത്രീ വേഷം) ഒരു കാമിയൊ റോളിൽ പ്രത്യക്ഷപ്പെടുന്നു.

2020ൽ നടക്കുന്ന കഥയിൽ, നാഞ്ചിൽ ശിവജി എന്നാ ജിൽ (സിദ്ധാർത്), ജംഗുലിംഗം എന്നാ ജങ്ങ് (അവിനാഷ്), ജാഗ്വർ ജഗൻ (സനന്ത്) എന്ന ജക്ക് ഇവരാണ് ചിത്രത്തിൻറെ മുഖ്യ കഥാപാത്രങ്ങൾ. മൂന്നു പേരും ദേവനായകം എന്ന അധോലോകനായകന് വേണ്ടി കൊക്കൈൻ ഒരു വിൻറെജ്‌ കാറിൽ (കാറ് തന്നെയാണ് ചരക്കു)  കടത്തുവാൻ ശ്രമിയ്ക്കുന്നു. റോളെക്സ് റാവുത്തർ എന്ന വേറൊരു ഡോണുമായി പകയുളള ദേവനായകം, അയാളിൽ നിന്നും പോലീസിൽ നിന്നും രക്ഷപെടാനായി ആണ് അധോലോകാവുമായി യാതൊരു പരിചയമില്ലാത്ത മൂവരെയും ഉപയോഗിക്കുന്നത്. അവർ കാറും കൊണ്ട് ആന്ധ്ര ബോർഡറിലേക്കുള്ള യാത്രയും അതിനിടയിൽ സംഭവിക്കുന്ന രസകരമായ മുഹൂർത്തങ്ങളുമാണ് കഥയുടെ ഇതിവൃത്തം.

സിനിമയിൽ അഭിനയിച്ചിരിക്കുന്ന എല്ലാവരും തകർത്ത് വാരി എന്ന് തന്നെ പറയാം. പ്രത്യേകിച്ച് സിദ്ധാർത്, തന്റെ ചേഷ്ടകളും ഡയലോഗ് ഡെലിവറിയുമായി മികച്ചു നിന്നു. സനന്ത്, അവിനാശ് സിദ്ധാർത്തിനു വേണ്ടത്ത്ര പിന്തുണ നൽകുകയും ചെയ്തു. വളരെക്കാലത്തിനു ശേഷമാണ് രാധാ രവിയെ ഞാൻ ഒരു സിനിമയിൽ കാണുന്നത്. അദ്ദേഹത്തിന്റെ റൌഡി റാവുത്തർ എന്നാ കഥാപാത്രം രസകരം ആയിരുന്നു (അത്രയ്ക്ക് കോമഡി ആ കഥാപാത്രത്തിൽ ഇല്ലെങ്കിലും). നാസർ, ബാലാജി എന്നിവർ ചെറിയതാണെങ്കിലും ചെയ്തത് അത്രയും ഗംഭീരം. ഭഗവതി പെരുമാൾ, നഗമാസി തമിഴനല്ല എങ്കിലും പുള്ളിയുടെ റോൾ തകർത്തു, സായി ധീന, അമരേന്ദ്രൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങൾ ഭംഗിയായി ചെയ്തു.

ഗയ് റിച്ചി, ഖ്വേന്റിൻ ടരന്റീനോ എന്നിവരുടെ ചിത്രങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടു തന്നെയാവണം സംവിധായകൻ ആയ ധീരജ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അത് കൊണ്ട് തന്നെ, വയലൻസും, ഡാർക്ക് കോമഡിയും, ഒക്കെ വളരെ നല്ല രീതിയിൽ മിക്സ് ചെയ്തിരിക്കുന്നു. ഒരു രീതിയിലും പ്രേക്ഷകനെ ബോറടിപ്പിക്കുകയില്ലെന്നു മാത്രമല്ല ഓരോ നിമിഷവും ബോറടിപ്പിക്കുന്ന ഡയലോഗുകളും അത്യന്തം രസകരമായ സീനുകളും കൊണ്ട് നിറഞ്ഞു നിൽക്കുന്നു ജിൽ ജങ്ങ് ജക്ക്. ഡയലോഗുകൾ ഇല്ലാത്ത സീനുകളും രസകരമുലവാക്കുന്നതായിരുന്നു. അതിനു ധീരജിനും മോഹനും പ്രത്യേക പ്രോത്സാഹനം നല്കുന്നു. വിശാൽ ചന്ദ്രശേഖറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയ്ക്ക് ഒരു മുതൽക്കൂട്ട് തന്നെയാണ്. പുതുമുഖ ക്യാമറമാനായ ശ്രേയസ് കൃഷണ തന്റെ ജോലി ഭംഗിയാക്കി തന്നെ ചെയ്തു. ഒരു വെസ്റ്റേൺ സിനിമയ്ക്ക് വേണ്ട രീതിയിൽ തന്നെ ലൈറ്റിങ്ങും ക്യാമറയും അദ്ദേഹം ക്രമീകരിച്ചു. സിനിമയുടെ ജീവൻ, മേൽപ്പറഞ്ഞ ആളുകൾ തന്നെയാണെന്ന് യാതൊരു സംശയവും കൂടാതെ തന്നെ പറയാൻ കഴിയും.

രണ്ടാം പകുതിയുടെ നീളം അല്പം കുറചിരുന്നുവെങ്കിൽ കുറച്ചു കൂടി ആസ്വാദ്യകരമായേനെ എന്നൊരു തോന്നൽ.
 
ഗയ് റിച്ചി തരം ബ്ലാക്ക് ആക്ഷൻ കോമഡി നിങ്ങൾ ആസ്വദിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്കിത് വളരെയേറെ ഇഷ്ടപ്പെടും. ചിത്രം ബോക്സോഫീസിൽ ഒരു പരാജയം ആയിരുന്നുവെങ്കിലും, ഭാവിയിൽ ഒരു കൾട്ട് ആകാനുള്ള സാധ്യത ഞാൻ തള്ളിക്കളയുന്നില്ല.

എന്റെ റേറ്റിംഗ് : 8.3 ഓൺ 10

വാൽക്കഷ്ണം : മലയാളത്തിൽ ഇറങ്ങിയ ഡബിൾ ബാരൽ ഒരു തരത്തിൽ പോലും ഈ ചിത്രവുമായി താരതമ്യപ്പെടുത്തുവാൻ കഴിയില്ല. ഒരു പരീക്ഷണ ചിത്രം ആയിരുന്നുവെങ്കിലും, ഒരു തരത്തിൽ പോലും സഹിയ്ക്കാൻ കഴിയുമായിരുന്നില്ല ഡബിൾ ബാരൽ.
 

Wednesday, March 16, 2016

132. True Romance (1993)

ട്രൂ റൊമാൻസ് (1993)




Language : English
Genre :Action | Comedy | Drama | Romance
Director : Tony Scott
IMDB : 8.0

True Romance Theatrical Trailer


ട്രൂ റൊമാൻസ് - ഖ്വെൻറ്റിൻ ടാറൻടീനോ എഴുതി അന്തരിച്ചു പോയ ടോണി സ്കോട്ട് സംവിധാനം ചെയ്തു വൻ താരനിരയോടു കൂടി 1993ൽ റിലീസ് ചെയ്ത ചിത്രം. റിലീസ് സമയം പരാജയം ആയിരുന്ന ചിത്രം ഹോം വീഡിയോ റിലീസ് ആയതു കൂടി കൾട്ട് സ്റ്റാറ്റസ് കിട്ടിയ ചലച്ചിത്രം. ക്രിസ്റ്റ്യൻ സ്ലേറ്റർ നായകനും പെട്രീഷ്യ ആർഖ്വെറ്റ് നായികയുമായ ചിത്രത്തിൽ ബ്രാഡ് പിറ്റ്, വാൽ കിൽമർ, ക്രിസ്റ്റഫർ വോക്കെൻ, ഗാരി ഓൾഡ്‌മാൻ, സാമുവൽ ജാക്സൻ തുടങ്ങിയ നിരവധി പ്രമുഖർ അഭിനയിച്ചിരിക്കുന്നു. ഹാൻസ് സിമ്മർ സംഗീതം നിർവഹിച്ചിരിക്കുന്നു.

കോമിക് ഭ്രാന്തനായ ക്ലാരൻസ്, അലബാമ എന്ന വേശ്യയുമായി പ്രണയത്തിലാകുന്നു. അവർ കല്യാണം കഴിക്കുന്നു. അലബാമയെ കൂട്ടിക്കൊടുക്കുന്ന ഡ്രെക്സലൈൻ ക്ലാരൻസ് കൊന്നതിനു ശേഷം അവിടെ ഉണ്ടായിരുന്ന കൊക്കൈൻ നിറച്ച ബാഗുമായി അലബാമയും ക്ലാരൻസും കൂടി ലോസ് ആഞ്ചലെസിലേക്ക് സ്ഥലം വിടുന്നു. കൊക്കൈൻ നഷ്ടമായെന്നറിഞ്ഞു അതിന്റെ ഉടമസ്ഥനായ ഡോൺ വെൻസെൻസൊയും കൂട്ടരും അവരെ അന്യേഷിച്ചു അവരുടെ പുറകെ പോകുന്നു. കൊക്കൈൻ വിൽക്കാൻ ആ ദമ്പതികൾ ശ്രമിക്കുന്നു - എന്നാൽ അത് തിരിച്ചെടുക്കാൻ ഡോണും സംഘവും. പിന്നീടുള്ളത് ഡോണും ക്ലാരൻസ്-അലബാമയും തമ്മിലുള്ള എലിയും പൂച്ചയും കളിയാണ്.

ചിത്രത്തിൻറെ എടുത്തു പറയേണ്ട ഒരു കാര്യം ഖ്വെൻറ്റിൻ ടാറൻടീനോയുടെ എഴുത്തും ഡയലോഗുകളുമാണ്. ഡയലോഗുകൾ ഒന്നും ഒരു രക്ഷയുമില്ല. "തകർപ്പൻ" തന്നെ. ടോണി സ്കോട്ടിൻറെ സംവിധാനവും മികച്ചു നിൽക്കുകയും നല്ല വേഗതയുള്ളതുമായിരുന്നു, അത് കൊണ്ട് ഒരു നിമിഷം പോലും ബോറടിച്ചിരിക്കേണ്ടി വരില്ല. ടോണി സ്കോട്ടിന്റെ അഭാവം ഇപ്പോൾ ശരിക്കും മനസിലാക്കുന്നു. അദ്ദേഹത്തിന്റെ മികച്ച ഒരു സംവിധാന സംരംഭം തന്നെയാണിതെന്ന് യാതൊരു തർക്കവുമില്ല.

ഡാർക്ക് ഹ്യൂമർ അല്ലെങ്കിൽ ബ്ലാക്ക് കോമഡി അതിന്റെ ഉന്നതത്തിൽ തന്നെയാണ് ഈ ചിത്രത്തിൽ, അത് പോലെ തന്നെ വയലൻസും രക്തച്ചൊരിച്ചിലും കൂടുതൽ ആണ് താനും. പശ്ചാത്തല സംഗീതം അത്ര മികച്ചതല്ല എങ്കിലും നിലവാരം പുലർത്തി.

എല്ലാ നടീനടന്മാരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയായി കൈകാര്യം ചെയ്തു. പ്രത്യേകിച്ച് എടുത്തു പറയാനായി ക്രിസ്റ്റഫർ വോക്കൻ, ഡെന്നിസ് ഹോപ്പർ, ക്രിസ്റ്റിയൻ സ്ലേറ്റർ, പട്രീഷ്യ എല്ലാവരും മികച്ചു നിന്നു. ഇവർ  പോരാതെ അതിഥി താരങ്ങൾ ആയി വരിവരിയായി നിറയെ അഭിനേതാക്കൾ ചിത്രത്തിൽ വന്നു പോകുന്നുണ്ട്, അവരെല്ലാം നല്ല രീതിയിൽ തന്നെ സിനിമയ്ക്ക് വേണ്ട രീതിയിൽ പ്രകടനം കാഴ്ച വെച്ചു.

ഞാൻ ശരിക്കും ആസ്വദിച്ചു കണ്ട ഒരു ചിത്രമാണ് ട്രൂ റൊമാൻസ്. റോമാൻസിനെക്കാൾ കൂടുതൽ വയലൻസ് ആണ് എങ്കിലും ഇതൊന്നു കണ്ടറിയേണ്ട അനുഭവം തന്നെയാണ്.

എന്റെ റേറ്റിംഗ് 9 ഓൺ 10

Tuesday, March 15, 2016

131. The Intern (2015)

ദി ഇൻടേൺ (2015)




Language : English
Genre : Comedy | Drama
Director : Nancy Meyers
IMDB : 7.2

The Intern Theatrical Trailer

 റോബർട്ട് ഡി നീറോയും ആൻ ഹതാവെയും മുഖ്യ കഥാപാത്രങ്ങളായി ഒരുമിച്ചഭിനയിക്കുന്ന ദി ഇൻടേൺ 2015ൽ റിലീസ് ആയ ചിത്രങ്ങളിൽ ഗംഭീര വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ്. വാട്ട് വുമൺ വാണ്ട്‌ എന്ന ഹിറ്റ്‌ മെൽ ഗിബ്സൻ ചിത്രം സംവിധാനം ചെയ്ത നാൻസി മെയെർസ് ആണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. 

ഫോൺബുക്ക് നിർമ്മിച്ചിരുന്ന കമ്പനിയിൽ നിന്നും വിരമിച്ചു സുഖജീവിതം നയിക്കുന്ന ഒരു എഴുപതുകാരനായ വിഭാര്യനാണ് ബെൻ വിറ്റെകർ (റോബർട്ട്). അങ്ങിനെയിരിക്കെ, നഗരത്തിലെ ഒരു ഇന്റർനെറ്റ്‌ ഫാഷൻ കമ്പനിയിലേക്ക് വയസായ ട്രെയിനികളെ ആവശ്യമുണ്ട് എന്ന് പരസ്യം കാണുന്നു. വിശ്രമ ജീവിതത്തിൽ അൽപം മടുപ്പ് തോന്നിയിരുന്ന ബെൻ അതിനു അപേക്ഷിക്കുകയും അവിടേക്ക് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. വളരെ വേഗത്തിൽ തന്നെ വളർച്ചയുള്ള ആ കമ്പനിയുടെ സിഇഓ ജൂൾസ് ഓസ്റ്റിൻറെ കൂടെ പ്രവർത്തിക്കാൻ ബെന്നിനെ ചുമതലപ്പെടുത്തുന്നു.  ആ ഓഫീസിലെ എല്ലാവർക്കും ബെന്നിൻറെ സ്വഭാവം കൊണ്ടും ജോലിയിലുള്ള മിടുക്ക് കൊണ്ടും ഇഷ്ടമാവുന്നു. എന്നാൽ ബെന്നിൽ തുടക്കത്തിൽ അതൃപ്തി ഉണ്ടായിരുന്ന ജൂൾസ് അദ്ദേഹത്തെ പതിയെ പതിയെ ഇഷ്ടപ്പെടുവാൻ തുടങ്ങി. ജൂൾസ് വളരെയധികം ജീവിതത്തിൽ മാനസികമായും ജോലി സംബന്ധമായും ബുദ്ധിമുട്ടനുഭവപ്പെടുന്നു എന്ന് മനസിലാക്കുന്ന ബെൻ അവരുടെ വിഷമതകൾ തരണം ചെയ്യാൻ സഹായിക്കുന്നു. അതെ സമയം, ബെന്നിന് ഫിയോണ എന്ന തെറാപ്പിസ്റ്റുമായി അടുപ്പവുമാവുന്നു. അങ്ങിനെ ശുഭമായി തീരുകയും ചെയ്യുന്നു.

ഒരു ഫീൽ ഗുഡ് ചിത്രമാണിത്. അധികം ഒന്നും കൊട്ടിഘോഷിക്കപ്പെടാൻ ഒന്നുമില്ലെങ്കിലും നമ്മുടെ മനസിന്‌ തൃപ്തി നല്കുകയും ചെയുന്നു ഈ ചിത്രം. ചില സന്ദർഭങ്ങളിൽ കണ്ണ് നനയിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് കൊണ്ട് ഒരു തരത്തിൽ പോലും നമ്മുടെ മനസ് നിറയാതെ പോകുകയുമില്ല. ചെറിയ നല്ല ഒരു കഥ, നല്ല സംഭാഷണങ്ങൾ, നല്ല സംവിധാനം കൊണ്ട് മികച്ചു നിൽക്കുന്നു ദി ഇൻടേൺ.

എന്നും ഞാൻ റോബർട്ട് ഡി നീരോയുടെ ആരാധകനായിരുന്നു ഞാൻ. വിഷമതയുള്ള പല കഥാപാത്രങ്ങളും അദ്ദേഹം വളരെ അനായാസത്തോട് കൂടിയാണ് അഭിനയിച്ചു ഫലിപ്പിക്കുന്നത്. ഈ ചിത്രത്തിലെ കഥാപാത്രം അദ്ദേഹത്തിന് ഒരിക്കലും ഒരു വെല്ലുവിളി ഉയർത്തുന്നില്ല. എങ്കിൽ കൂടിയും അദ്ദേഹം വളരെ തന്മയത്വത്തോടെ തന്നെ ബെൻ വിറ്റെകർ എന്നാ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നു. ആൻ ഹതാവെ സുന്ദരിയായും എന്നാൽ അവരുടെ അഭിനയം അതിലും മികച്ചു നിന്നു. ബെന്നിൻറെ മധ്യവയസ്കയായ പ്രേമഭാജനം ആയി വന്ന റെനെ റുസ്സോ നല്ല പ്രകടനം കാഴ്ച വെച്ചു. എന്നിരുന്നാലും ഈ ചിത്രം ബെന്നിനെയും ജൂൾസിനെയും ചുറ്റിപ്പറ്റി ആയതു കൊണ്ട് മറ്റു കഥാപാത്രങ്ങൾ അവരുടെ ഭാഗം ഭംഗിയായി പോയ്ക്കൊണ്ടെയിരുന്നു .

നല്ല ഒരു കുടുംബ ചിത്രമാണ് ദി ഇൻടേൺ, യാതൊരു മടിയും കൂടാതെ തന്നെ കാണാം. കണ്ടു കഴിഞ്ഞാലും നമ്മുടെ മനസിന്‌ ഒരു പ്രത്യേക അനുഭൂതി തരുമെന്നതുറപ്പ്.

എന്റെ റേറ്റിംഗ് 7 ഓൺ 10

130. Phantom (2015)

ഫാൻറം (2015)



Language : Hindi
Genre : Action | Espionage | Thriller
Director : Kabir Khan
IMDB : 5.6

Phantom Theatrical Trailer


നവംബർ 26
ഓരോ ഭാരതീയനും മറക്കാൻ ആഗ്രഹിക്കുന്ന ഒരു ദിവസം. വെറും പത്തു ഭീകരർ മുംബൈയിൽ അതിക്രമിച്ചു കയറി 164 നിരപരാധികളെ വധിക്കുകയും 308 പേരെ ഗുരുതരമായി പരുക്കെല്പ്പിക്കുകയും ചെയ്ത ദിവസം. ഓരോ ഭാരതീയനും ഒരു നിമിഷം മനസ്സിൽ ആഗ്രഹിചിട്ടുണ്ടാകും ലഷ്കർ ഈ തോയ്ബ എന്ന ഭീകരസംഘടനയെ ഉന്മൂലനം ചെയ്യണം എന്നുള്ളത്. ഈ ഒരു ചിന്തയിൽ നിന്നാകാം കബീർ ഖാൻ ഫാൻറം എന്ന ചിത്രത്തിനു ജനനം നൽകിയത്.
  കബീർ ഖാൻ, ഈ പേര് കേട്ടിട്ടില്ലാത്തവരായി ഹിന്ദി സിനിമാ പ്രേമികൾ കുറവായിരിക്കും. ബജ്രംഗി ഭായിജാൻ എന്ന സൽമാൻ ഖാൻറെ വ്യത്യസ്തമായ ചിത്രം സംവിധാനം ചെയ്തു ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ മനം കവർന്ന സംവിധായകൻ. അദ്ദേഹം ആ ചിത്രത്തിന് ശേഷം സൈഫ് അലി ഖാനെയും കത്രീന കൈഫിനെയും നായകനും നായികയും ആക്കി സംവിധാനം ചെയ്തു 2015ൽ പുറത്തിറങ്ങിയ ഒരു സ്പൈ ത്രില്ലർ, അതാണ്‌ ഫാൻറം.

ഹുസൈൻ സൈദി എഴുതിയ മുംബൈ അവഞ്ചെർസ് എന്ന പുസ്തകത്തെ ആസ്പദമാക്കി പെർവേസ് ഷെയ്ഖും കബീർ ഖാനും ഒരുമിച്ചു കഥയും തിരക്കഥയും രചിച്ച ഈ ചിത്രം നിർമ്മിച്ചത്‌   പ്രിതം ചക്രബർത്തി ഗാനങ്ങൾക്ക് ഈണവും ജൂലിയസ് പാക്കിയം (ഏക്‌ ഥാ ടൈഗർ, ധൂം 3, ബജ്രംഗി ഭായിജാൻ ഫെയിം) പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നു. പാൻ സിംഗ് ടോമാർ, ഏക്‌ ഥാ ടൈഗർ തുടങ്ങി നിരവധി ചിത്രങ്ങളുടെ ക്യാമറ ചലിപ്പിച്ചിട്ടുള്ള  അസീം മിശ്ര ആണ് ഈ ചിത്രത്തിന്റെയും ക്യാമറ കൈകാര്യം ചെയ്തിട്ടുള്ളത്.

നവംബർ 26നു നടന്ന അത്യാഹിതത്തിനു പ്രതികാരം എന്നോണം ഭാരതത്തിന്റെ ഇൻറലിജൻസ് ഏജൻസിയേ റോയിലെ (RAW) ചില ഉന്നതോദ്യോസ്ഥഒരു പദ്ധതി തയാറാക്കുന്നു. മുംബൈ ആക്രമണത്തിന്റെ ലഷ്കർ ഇ തൊയ്ബയുടെ സൂത്രധാരന്മാരെ വധിയ്ക്കാൻ വേണ്ടി അയക്കണം, എന്നാൽ അത് ഒരു വധമായി പുറംലോകം അറിയാനും പാടില്ല, ഒരു ആക്സിഡന്റ്റ് ആയി മാത്രം തോന്നണം എന്നുള്ള നിലപാടിൽ  തങ്ങളിൽ ഒരാളെ നിയോഗിക്കാം എന്ന തീരുമാനം എടുക്കുന്നു. അതിനായി അവർ ഡാനിയൽ ഖാൻ എന്ന ഒരു മുൻ സൈനികനെ നിയോഗിക്കുന്നു. പിന്നീടുള്ളത് കണ്ടു തന്നെ അറിയണം.

വളരെ വ്യത്യസ്തമായ പ്രമേയം, അത് തനതായ രീതിയിൽ തന്നെ കബീർ  ഖാൻ  അവതരിപ്പിച്ചിരിക്കുന്നു.  അദ്ദേഹത്തിന്റെ മുൻകാല ചിത്രങ്ങളിലെ പ്രമേയമായ ഇന്ത്യ-പാക്‌ ബന്ധവും പ്രശ്നങ്ങളും തന്നെയാണ് ഇവിടെയും  ഉപയോഗിച്ചിരിക്കുന്നത്. ചടുലമായ ആക്ഷനും തിരക്കഥയും സംഭാഷണങ്ങളും പോരാത്തത്തിനു നല്ല ഗംഭീരം ട്വിസ്റ്റുകളും കൂടി ചേർന്ന ഒരു രസികൻ ചിത്രം. കിടിലൻ ഫ്രേമുകൾ തന്നെയായിരുന്നു അസീം മിശ്ര ഈ ചിത്രത്തിലും ഒരുക്കിയിരുന്നത്. യുക്തിയ്ക്ക് നിരക്കാത്തതായി ഈ ചിത്രത്തിൽ എനിക്കൊന്നും തോന്നിയില്ല എന്നത് തന്നെ അണിയറക്കാർ എത്ര കൃത്യമായി തയാറെടുത്തിരുന്നു എന്ന് നമുക്ക് മനസിലാക്കാൻ കഴിയും. പശ്ചാത്തലസംഗീതം ചിത്രത്തിൻറെ ത്രില്ലിംഗ് ലവൽ കൂട്ടി എന്ന് നിസംശയം പറയാം. 

സൈഫ് അലി ഖാൻ തന്റെ നായക കഥാപാത്രം വളരെ മികവോടെയും ഗംഭീരമായും ചെയ്തു. കത്രീന കൈഫ്‌ നായകന് നല്ല പിന്തുണയായി ചിത്രത്തിൽ ഉടനീളം  ഉണ്ടായിരുന്നു. എല്ലാ കഥാപാത്രങ്ങളെയും ചിത്രത്തിൽ എല്ലാ നടന്മാരും നന്നായി തന്നെ അവതരിപ്പിച്ചു. 

സ്റ്റാർ വാല്യൂ തീരെയില്ലാത്ത സേഫ് അലി ഖാൻ ഈ ചിത്രത്തിൽ നായകനായത്  കുറച്ചൊന്നുമല്ല ബോക്സോഫീസിൽ  ബാധിച്ചത്. വളരെ നല്ല ഒരു ആക്ഷൻ ത്രില്ലർ ബോക്സോഫീസിൽ പരാചയം രുചിച്ചു. ഇപ്പോഴത്തെ മാർകറ്റ്‌ അനുസരിച്ചു ഏതെങ്കിലും സൂപർസ്റ്റാറിനെ നായകനായി അഭിനയിപ്പിചിരുന്നുവെങ്കിൽ ഈ ചിത്രം ബ്ളോക്ക്ബസ്റ്റർ ആയേനെ. ഇപ്പോഴും സേഫ് തൻറെ റോൾ  തന്നെയാ അഭിനയിച്ചത്.

എൻറെ റേറ്റിംഗ് 7.8 ഓൺ 10

Sunday, March 13, 2016

129. Kanithan (2016)

കണിതൻ (2016)



Language : Tamil
Genre : Action | Suspense | Thriller
Director: T.N. Santhosh

IMDB : 6.9


Kanithan Theatrical Trailer


കണിതൻ എന്ന ചിത്രത്തിൻറെ പേര് സൂചിപ്പിക്കുന്നത് പോലെ ഇത് കണക്കു കൂട്ടലുകളുടെ കഥയാണ്. നായകനും വില്ലനും തമ്മിലുള്ള കണക്കുകൂട്ടൽ ആണ് സിനിമയുടെ ഇതിവൃത്തം. കാക്ക കാക്ക, തുപ്പാക്കി, സച്ചിൻ, തോട്ടി ജയ എന്ന് തുടങ്ങി അനേകം ചിത്രങ്ങൾ നിർമ്മിച്ച കലൈപ്പുലി എസ്. താണു ആണ് ഈ ചിത്രത്തിൻറെയും നിർമ്മാണം.ഇപ്പോൾ കബാലിയും തെറിയും നിർമ്മിച്ച്‌ കൊണ്ടും ഇരിക്കുന്നു.

ഗൗതം എഞ്ചിനീയറിംഗ് ഡിഗ്രീ തീർത്ത്‌ ബിബിസിയിലെ റിപ്പോർട്ടർ ആകണമെന്ന ലക്ഷ്യവുമായി സ്ഥലത്തെ ഒരു ലോക്കൽ ചാനലിൽ റിപ്പോർട്ടർ ആയി ജോലി ചെയ്യുന്നു. തങ്ങളുടെ കമ്പനിയിലെ എംഡിയുടെ മകളായ അനുവുമായി പ്രണയത്തിലുമാണ്. അങ്ങിനെ ബിബിസിയിലെ ഇന്റർവ്യൂ കഴിഞ്ഞു ഒരു ദിവസം, ഗൗതമിനെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോകുന്നു. കള്ള ഡിഗ്രി സർട്ടിഫിക്കറ്റ് തയാറാക്കി ബാങ്കുകളെ കബളിപ്പിച്ചു കാശ് തട്ടിയെടുത്തു എന്നതായിരുന്നു ആരോപണം.ജാമ്യത്തിൽ ഇറങ്ങുന്ന ഗൗതം തന്റെ അച്ഛന്റെ കൂട്ടുകാരനായ പോലീസ് കോൺസ്റ്റബിളും കൂട്ടുകാരുമായി ചേർന്ന് ഈ കള്ളക്കേസിനു പിറകിൽ പ്രവർത്തിചിരിക്കുന്നവരെ കണ്ടു പിടിയ്ക്കാനായുള്ള അന്വേഷണം തുടങ്ങുന്നു. തുടർന്ന് വില്ലനും നായകനുമായുള്ള ബുദ്ധിയുടെ കളികളാണ് നമുക്ക് കാണാൻ കഴിയുന്നത്‌.

പടം തുടങ്ങി ആദ്യ അരമണിക്കൂർ ഒരു സാദാ പ്രേക്ഷകൻറെ ക്ഷമ പരീക്ഷിക്കുന്ന ഒന്നായി തോന്നുകയും പിന്നീട് ചിത്രത്തിൻറെ ഗിയർ മാറ്റുകയും  ചെയ്തു സംവിധായകൻ. ചില സീനുകൾ ഒക്കെ നല്ല നിലവാരം പുലർത്തിയിട്ടുണ്ട്. വില്ലനും നായകനും തമ്മിലുള്ള ബുദ്ധി കൊണ്ടുള്ള പോരാട്ടം ചിലതൊക്കെ അവിശ്വസനീയം ആയിരുന്നുവെങ്കിലും നിലവാരം ഉണ്ടായിരുന്നു. ആക്ഷൻ രംഗങ്ങൾ തരക്കെടില്ലാരുന്നു, സ്ഥിരം ഫോർമാറ്റ് തന്നെയായിരുന്നു. ഗാനങ്ങൾ ഒന്നും തന്നെ അവസരത്തിനൊത്തുയർന്നില്ല എന്ന് മാത്രമല്ല സന്ദർഭോചിതവും അല്ലായിരുന്നു. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ അനാവശ്യമായ കുറച്ചു സീനുകളും ഒരു പാട്ടും വെറുപ്പുളവാക്കുന്ന തരത്തിലായിരുന്നു (ആ സീൻ, ഒരു പരസ്യത്തിന്റെ തീം അടിച്ചു മാറ്റി തന്നെ) ശിവമണി അറിയാവുന്ന ജോലി (ഡ്രമ്മർ) ചെയ്യുന്നതാണ് നല്ലതെന്ന് തോന്നി. പശ്ചാത്തല സംഗീതം തീരെ നിലവാരം പുലർത്തിയുമില്ല. കാസ്റ്റിങ്ങ് വളരെ മികച്ചു നിന്നു. പക്ഷെ, സ്ഥിരം ശൈലിയിലുള്ള കഥാപാത്രങ്ങൾ (ദേഷ്യക്കാരനും സ്നേഹവുമുള്ള അച്ഛൻ, മകന് ഇപ്പോഴും താങ്ങായിട്ടുള്ള അമ്മ, കൂട്ടുകാരൻ, അതിനിടെ കണ്ടു മുട്ടുന്ന നായിക ഒക്കെ ഇപ്പോൾ ശരിക്കും ബോറായി തുടങ്ങിയിരിക്കുന്നു).

നല്ല ഒരു പ്രമേയം ആയിരുന്നു സംവിധായകൻ കൊണ്ട് വന്നത്, ഇത് വരെ ആരും പറഞ്ഞിട്ടില്ലാത്ത ഒരു നിജാവസ്ഥ പക്ഷെ അദ്ദേഹത്തിന്റെ തന്റെ അവതരണത്തിൻറെ കുഴപ്പം കാരണം ചിത്രം ഒരു വെറും സാധാരണ ചിത്രത്തിലെക്കൊതുങ്ങിപ്പോയി. ഒരു നല്ല ത്രില്ലർ രീതിയിൽ തന്നെ അവതരിപ്പിച്ചിരുന്നുവെങ്കിൽ ചിത്രം വളരെ അധികം ആകാംഷയോട് കാണാൻ കഴിയുമായിരുന്നു. പക്ഷെ സ്ഥിരം തമിഴ്-തെലുങ്ക്‌ ഫോർമാറ്റിൽ ചെയ്തത് മൂലം ഒരു നല്ല ത്രില്ലർ നിലവാരം ഉണ്ടായിരുന്നില്ല.

അഥ ചുരുങ്ങിയ കാലം കൊണ്ട് തൻറെ കഴിവ് തെളിയിച്ചതാണ്, അദ്ദേഹത്തിന്റെ ചിത്രം തിരഞ്ഞെടുക്കുന്ന കഴിവും പ്രശംസനീയമാണ്. ഈ ചിത്രം തനിക്കു കിട്ടിയ ജോലി അദ്ദേഹം ശരിക്കും ഭംഗിയാക്കി. കോട്ടയംകാരിയായ കാതറീൻ ത്രീസ ആണ് നായിക. ശരിക്കും പറഞ്ഞാൽ ഒരു അപ്സരസ്, ശരിക്കും മനം മയക്കി കളഞ്ഞു ഈ ചിത്രത്തിലൂടെ അവർ. പക്ഷെ, അവർക്ക് ചെയ്യാൻ ഒന്നും ഈ ചിത്രത്തിൽ ഉണ്ടായിരുന്നില്ല എന്നത് വളരെ ശോചനീയമായ അവസ്ഥ. സ്ഥിരം നായികമാരെ പോലെ തന്നെ പാട്ടിൽ മാത്രമായി ഒതുങ്ങി. മോഡലായ തരു അറോറ തൻറെ വില്ലൻ വേഷം ഭംഗിയാക്കി. കരുണാകരൻ, ആടുകളം നരൻ, ഭാഗ്യരാജ് തങ്ങളുടെ വേഷം നന്നായി തന്നെ ചെയ്തു. 

മൊത്തത്തിൽ പറഞ്ഞാൽ വളരെ മികച്ച രീതിയിൽ അഭ്രപാളിയിൽ എത്തിക്കേണ്ട പ്രമേയം സംവിധായകന്റെ പിടിപ്പുകേട് മൂലം ഒരു തവണ തരക്കേടില്ലാതെ കാണാവുന്ന ചിത്രം (ബോറിംഗ് ആകുന്ന നിരവധി ഖടകങ്ങൾ ഒഴിവാക്കി കണ്ടാ മാത്രം) ആയി മാറി.
 
എന്റെ റേറ്റിംഗ് 6.7 ഓൺ 10