Cover Page

Cover Page

Saturday, January 28, 2017

227. Collide (2016)

കൊളൈഡ് (2016)



Language : English | German
Genre : Action | Crime | Thriller
Director : Eran Creevy
IMDB : 5.7


Collide Theatrical Trailer


ചില സിനിമകൾ ക്രിട്ടിക്കുകൾക്കു തീരെ ഇഷ്ടപ്പെടുകയില്ല, ഐഎംഡിബിയിലും മോശം റേറ്റിങ് ആയിരിക്കും, അത് സാധാരണ നമ്മൾ ഒഴിവാക്കുകയാണ് പതിവ്. ഏറാൻ ക്രീവി സംവിധാനം ചെയ്ത വെൽക്കം റ്റു ദി പഞ്ച് എനിക്കൊരു പരിധി വരെ ഇഷ്ടപ്പെട്ട ചിത്രമാണ്. അതിനു ശേഷം അദ്ദേഹം ഉയർന്നു വരുന്ന താരം നിക്കോളാസ് ഹോൾട്ടിനെ നായകനാക്കി ചെയ്ത ചിത്രമാണ് കൊളൈഡ്. ഇതിഹാസതാരം ആന്തണി ഹോപ്കിൻസ്, ബെൻ കിങ്സ്ലി, കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്റർ ആയ സ്റ്റാർ വാർസ് റോഗിലെ നായിക ഫെലിസിറ്റി ജോൺസ് തുടങ്ങിയ വലിയ പേരുകൾ കൂടി ഈ ചിത്രത്തിലുള്ളത് കൊണ്ട് കാണാമെന്നു തീരുമാനിച്ചു. വെറുതെ ട്രെയിലർ കണ്ടപ്പോഴും മോശമാകില്ല എന്ന് കരുതി. 

കേസി, അല്ലറ ചില്ലറ തരികിട പരിപാടിയുമായി ജർമനിയിൽ  ജീവിക്കുന്ന ഒരു അമേരിക്കൻ പൗരനാണ്. തുർക്കിക്കാരനായ ഗെറാനു വേണ്ടി മയക്കുമരുന്ന് ആളുകളിൽ എത്തിച്ചു കൊടുക്കലാണ് പ്രധാന ജോലി. കൂടെ മത്തയാസമുണ്ട്. ഒരു ക്ലബിൽ വെച്ചു ജർമനിയിലെ അമേരിക്കക്കാരിയായ മെഡിക്കൽ വിദ്യാർത്ഥിജൂലിയറ്റിനെ കാണുകയും ഉള്ളിൽ അനുരാഗം മൊട്ടിടുകയും ചെയ്യുന്നു. ജൂലിയറ്റ് നിർദേശപ്രകാരം ഗെറാനൊത്തുള്ള മയക്കുമരുന്നു കച്ചവടം നിർത്തി ഒരു ചെറിയ ജോലി ചെയ്യുന്നു. പക്ഷെ, വിധി അവരെ വേട്ടയാടിയത് ജൂലിയറ്റിന്റെ കിഡ്‌നിയിലൂടെയാണ്. ചികിത്സക്ക് വേണ്ടി പണമില്ലാതെ വിഷമിക്കുന്ന കെസി, ഗെറാന്റെ നിർദേശപ്രകാരം  ഹാഗൻ എന്ന ജർമ്മൻ ബിസിനസ്/അണ്ടർവേൾഡ് തലവന്റെ മയക്കുമരുന്നു കടത്തുന്ന ലോറി കടത്തുവാൻ മെത്തയാസിന്റെ കൂടെ പദ്ധതിയിടുന്നു. പിന്നീട് സംഭവിക്കുന്നതെല്ലാം കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ പോകുന്നു. 

ഉള്ളത് പറഞ്ഞാൽ, എനിക്ക് ഈ  ചിത്രം ഇഷ്ടായി. കാർ ചേസുകളും ആക്ഷൻ സീനുകൾ കൊണ്ട് സമ്പന്നമാണ് കൊളൈഡ്. കഥയെക്കാളുപരി ആക്ഷൻ സീനുകൾക്കും കാർ ചേസുകൾക്കും തന്നെയാണ് ചിത്രം പ്രാധാന്യം കൊടുത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആ ജോൺറേയോട് നീതി പുലർത്തുന്നുമുണ്ട്. അദ്ദേഹത്തിൻറെ മുൻസിഹ്റിഹരവുമായി തട്ടിച്ചു നോക്കിയാൽ സാങ്കേതികപരമായി അല്പം മുന്നിട്ടു നിൽക്കുന്നുണ്ട് കൊളൈഡ്.  അത്യാവശ്യം വേഗതയാർന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചത് എഡ് വൈൽഡ് ആണ്. നന്നായി തന്നെ അദ്ദേഹത്തിൻറെ ജോലി നിർവഹിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ചിത്രങ്ങൾക്ക് പൊതുവെ സംഗീതം കൊടുക്കാറുള്ള ഇലാൻ ഏഷ്ക്കരി ആണ് ഈ ചിത്രത്തിൻറെ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ത്രസിപ്പിക്കുന്ന സംഗീതം ചിത്രവുമായി നല്ല ചേർച്ചയുമുണ്ടായിരുന്നു. കുറെയധികം സംഭാഷണങ്ങൾ ജർമ്മൻഭാഷയിലുമുണ്ടായിരുന്നും, അതിനെല്ലാം സബ്ടൈറ്റിൽ കൊടുത്തത് കൊണ്ട് മനസിലാക്കാൻ ബുദ്ധിമുട്ടുണ്ടായില്ല.

നിക്കോളാസ് ഹോൾട്ടിന് താങ്ങുന്നതിനും മേലെയായിരുന്നു കെസി എന്ന കഥാപാത്രമെങ്കിലും അദ്ദേഹം സമചിത്തത പാലിച്ചു കൈകാര്യം ചെയ്തു. ജൂലിയറ്റിനെ അവതരിപ്പിച്ച ഫെലിസിറ്റിക്ക് അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബെൻ കിങ്സ്ലി, നല്ല രസമുള്ള ഒരു റോൾ ചെയ്തു. തുർക്കിഷ് ഡ്രഗ് ഏജന്റായ ഗെറാനെ ആണദ്ദേഹം അവതരിപ്പിച്ചത്. ആന്തണി ഹോപ്കിൻസ്, ഒരു ചെറിയ റോൾ കിട്ടിയാൽ തന്നെ അഭിനയിച്ചു തകർക്കും, ആ അഭിപ്രായത്തിനു ഈ പ്രായത്തിലും കോട്ടം തെറ്റിയിട്ടില്ല. ക്രൂരതയുടെ വേറൊരു തലത്തിലൂടെ ആണ് അദ്ദേഹം ഇതിൽ അഭിനയിച്ചു ഫലിപ്പിച്ചത്.

അധികം ഒന്നും പ്രതീക്ഷ വെയ്ക്കാതെയും തലച്ചോറിന് അല്പം വിശ്രമം നൽകിയും  99 മിനുട്ടുള്ള ഈ ചിത്രം നിങ്ങൾ കണ്ടാൽ ഇഷ്ടപ്പെടും എന്നത് തീർച്ച. 

എന്റെ റേറ്റിംഗ് 7.1 ഓൺ  10

Thursday, January 26, 2017

226. Kaabil (2017)

കാബിൽ (2017)



Language : Hindi
Genre : Action | Drama | Romance | Thriller
Director : Sanjay Gupta
IMDB : 

Kaabil Theatrical Trailer


മൊഹഞ്ചദാരോ എന്ന ബോക്സോഫീസ് പരാജയത്തിന് ശേഷം ഹൃത്വിക് റോഷൻ സ്വന്തം പ്രൊഡക്ഷൻ ബാനറായ ഫിലിംക്രാഫ്റ്റ് പ്രൊഡക്ഷനിൽ അച്ഛൻ രാകേഷ് റോഷൻ നിർമ്മിച്ചു സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ആക്ഷൻ ചിത്രമാണ് കാബിൽ.  യാമി ഗൗതം ആണ് ഋതിക്കിന്റെ ജോഡിയായി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. കൂടാതെ രോഹിത് റോയ്, റോണിത് റോയ്,  സുരേഷ് മേനോൻ, നരേന്ദ്ര ജാ, സഹിദൂർ റഹ്‌മാൻ, ഗിരീഷ് കുൽക്കർണി തുടങ്ങിയവർ അഭിനയിചിരിക്കുന്നു. രാജേഷ് റോഷൻ സംഗീതം നിർവഹിച്ചിരിക്കുന്നു. സലിം സുലൈമാൻ എന്ന ഇരട്ട സംഗീത സംവിധായകർ ചിത്രത്തിൻറെ പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.

രോഹൻ ഭട്നാഗർ അന്ധൻ ആണ്. ഒരു ഡബ്ബിങ് ആർട്ടിസ്റ് ആയിട്ട് ജോലി നോക്കുന്ന രോഹന് സുസ്മിത എന്ന അന്ധയായ പെൺകുട്ടിയുമായി കല്യാണം ആലോചിക്കുകയും ചെയ്യുന്നു. ആദ്യസമാഗമത്തിൽ തന്നെ രണ്ടു പേരും ഇഷ്ടത്തിലാവുകയും തുടർന്ന് കല്യാണം കഴിക്കുകയും ചെയ്യുന്നു. സന്തോഷപൂർവ്വമായ അവരുടെ ജീവിതം അധിക കാലം നീണ്ടു നിന്നില്ല. രാഷ്ട്രീയക്കാരനായ മാധവ് റാവു ഷെല്ലാറിന്റെ അനുജൻ ആയ അമിതും കൂട്ടുകാരൻ വസീമും ചേർന്ന് രോഹൻ ഇല്ലാത്ത തക്കം നോക്കി സുസ്മിതയെ ബലാത്സംഗം ചെയ്യുകയും പിന്നീട് മരിക്കുന്നു. നീതിപീഠം നോക്കുകുത്തിയായി നിൽക്കുന്ന സമൂഹത്തിൽ രോഹൻ തൻറെ ഭാര്യയുടെ മരണത്തിനു കാരണക്കാരായവർക്കെതിരെ പ്രതികാരം ചെയ്യാനിറങ്ങുന്നു. എങ്ങിനെ പ്രതികാരം ചെയ്യുന്നു എന്നതാണ് ചിത്രത്തിൻറെ പൂർണരൂപം.

സിനിമയോളം പഴക്കം ചെന്ന പ്രതികാരത്തിൻറെ കഥയാണ് ഈ ചിത്രവും പറയുന്നത്. കൊറിയൻ ചിത്രം ബ്രോക്കണും നമ്മുടെ യോദ്ധ സിനിമയുടെ ശരിയായ രൂപമുള്ള ബ്ലൈൻഡ് ഫിയോറിയുടെയും കോപ്പി എന്ന് പറയുന്നില്ല, പ്രമേയവും പ്രചോദനവും ഉൾക്കൊണ്ടു തന്നെയാണീ ചിത്രവും ചെയ്തിരിക്കുന്നത്.  അന്താരാഷ്‌ട്ര സിനിമകളിൽ നിന്നും എന്നും പ്രചോദനം ഉൾക്കൊണ്ടു ചെയ്യുന്ന സംവിധായകനാണല്ലോ സഞ്ജയ് ഗുപ്ത. ഇവിടെയും അതിലൊന്നും മാറ്റം വരുന്നില്ല. തരക്കേടില്ലാതെ തന്നെ അദ്ദേഹത്തിൻറെ ജോലി നിർവഹിച്ചിട്ടുണ്ട്. ഇടയ്ക്കു കുറച്ചു ഇഴച്ചിൽ തോന്നിയെങ്കിലും, നല്ല ത്രിൽ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് ചിത്രത്തിലുടനീളം. പ്രത്യേകിച്ച് ഇന്റർവെലിന് തൊട്ടു മുന്നിലുള്ള സീൻ സൃഷ്ടിച്ച ആ എഫക്ട് ഒന്ന് വേറെ തന്നെയാണ്. 

ആദ്യ ഭാഗം ഹൃദ്യമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. രോഹന്റെയും സുവിന്റെയും സന്തോഷത്തിൽ നമ്മളും പങ്കു ചേരുന്ന ഒരു പ്രതീതി ഉണ്ടാക്കിയിട്ടുണ്ട്. ചിലപ്പോൾ വികലാംഗകഥാപാത്രങ്ങളോടുള്ള മനുഷ്യസഹജമായ അനുതാപം ആകാം.  ആദ്യപകുതി പിന്നിടുമ്പോൾ അല്പം സന്തോഷവും സന്താപവും ചിത്രം തരുന്നുണ്ട്. പക്ഷെ രണ്ടാം ഭാഗം തുടങ്ങി ഒരു അഞ്ചു മിനിറ്റിനുള്ളിൽ ഉർവശി റൊട്ടേല നയിക്കുന്ന ഒരു സമൂഹ ഗാനം അല്ല ഐറ്റം ഡാൻസ് ഉണ്ട്. അതെന്തിനാണ് കൂട്ടിച്ചേർത്തത് എന്നുമാത്രം മനസിലാവണില്ല. മഹാ മോശം കൊറിയോഗ്രാഫി തന്നെയായിരുന്നു ആ പാട്ടിന്. അത് ഒരു അനാവശ്യമായിരുന്നു. മറ്റുള്ള ഗാനങ്ങളെല്ലാം സിനിമയുടെ ഒഴുക്കിനൊത്തു പോവുകയും ചെയ്തു. ഇമ്പമുള്ള ഗാനങ്ങളുമായിരുന്നു എന്നത് ശ്രദ്ധേയം. ഹൃതിക്കിന്റെയും യാമിയുടെയും ഡാൻസ്ഫ്ലോറിൽ വെച്ചുള്ള ഗാനം (മോണമോർ) വിശ്വസനീയമായ രീതിയിലും ചിട്ടപ്പെടുത്തി ചിത്രീകരിച്ചു. ഒരു പ്രത്യേക തരാം സന്തോഷം നൽകി, അവരുടെ മുഖ ഭാവങ്ങളിൽ നിന്നും. 
സുദീപ് ചാറ്റര്ജിയും അയനാങ്ക ബോസുമാണ് ക്യാമറ ചലിപ്പിച്ചത്. മികച്ചതൊന്നുമല്ലയെങ്കിലും നന്നായിരുന്നു.   രണ്ടു മൂന്നു ഷോട്സ് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു.  സലിം സുലൈമാൻ മെർച്ചൻറ് നിർവഹിച്ച പശ്ചാത്തല സംഗീതം മികച്ചു നിന്നു. സന്തുലിതാവസ്ഥ പരിപാലിച്ചു കൊണ്ടുള്ള അവരുടെ സംഗീതം ചിത്രത്തിൻറെ പ്രയാണത്തിൽ നല്ല രീതിയിൽ സ്വാധീനിച്ചിട്ടുമുണ്ട്. 
വിഎഫ്എക്സ് വളരെ മോശം എന്നെ പറയേണ്ടൂ. ലോ ബജറ്റ് ചിത്രങ്ങളിൽ കൂടെ ഇതിലും മികച്ച വിഎഫ്എക്സ് ഉണ്ടെന്നിരിക്കെ, കാബിൽ പോലൊരു ബിഗ് ബജറ്റ് ചിത്രത്തിൽ അത് ചെയ്തത് വളരെയധികം മോശം എന്ന് നിസംശയം പറയാം.

ദുർബലമായ കഥയെ താങ്ങി നിർത്തിയത് ഹൃതിക് റോഷൻ എന്ന വ്യക്തി തന്നെയാണ്. മികച്ച സ്‌ക്രീൻപ്രസൻസ് തന്നെ, ഒരു നിമിഷം പോലും മുൻപിൽ നിൽക്കുന്ന ഹൃതിക് എന്ന നടൻ എന്ന് തോന്നുകയില്ല. ഒരു അന്ധൻ ആണ് എന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കുന്ന രീതിയിൽ ഉള്ള പ്രകടനം. ഇമോഷണൽ സീനുകളിൽ മികച്ച കയ്യടക്കത്തോട് കൂടി അവതരിപ്പിച്ചു. യാമിയും ഹൃതിക് നല്ല ഓൺസ്‌ക്രീൻ ജോഡി തന്നെ. യാമി സുന്ദരിയായി കാണപ്പെട്ടുവെങ്കിലും, അമിതമായ മേക്അപ്പ് പോരായിരുന്നു. ആദ്യ പകുതിയിൽ യാമിക്കു സ്‌ക്രീൻ പ്രസൻസ്  ഉണ്ടായിരുന്നുവെങ്കിലും,രണ്ടാം പകുതിയിൽ വളരെയധികം കുറവായിരുന്നു. അവരുടെ അഭിനയം മോശം പറയാൻ പറ്റുകയില്ല.

രോഹിത് റോയ്, ക്രൂരനായ വില്ലനെ അവതരിപ്പിച്ചുവെങ്കിലും, ചിത്രത്തിൻറെ അവസാനം ഒന്നും ചെയ്യാനില്ലാത്ത ഒരു വില്ലനായി മാറി. റോണിത് റോയും തന്റെ കഥാപാത്രത്തിനെ നീതീകരിച്ച അഭിനയം നടത്തി. നരേന്ദ്ര ജാ ഇൻസ്പെക്ടർ ഛോബെ എന്ന കഥാപാത്രവും ഗിരീഷ് കുൽക്കർണി (ദങ്കലിലെ കോച്) നലവാടെ എന്ന കഥാപാത്രവും കൈകാര്യം ചെയ്തു. ഗിരീഷ് കുൽക്കർണി നല്ല അഭിനയം ആയിരുന്നു. പ്രേക്ഷകർ വെറുക്കാൻ സാധ്യതയുള്ള കഥാപാത്രം.  സുരേഷ് മേനോൻ മോശമല്ലാത്ത ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു.

മൊത്തത്തിൽ പറഞ്ഞാൽ പഴയ വീഞ്ഞ് പഴയ കുപ്പിയിൽ വന്നെങ്കിലും ഹൃതികിന്റെ ലേബൽ കാരണം ഒരു തവണ ഉപയോഗിക്കാവുന്ന വീഞ്ഞാണിത്. (പിന്നെ എല്ലാ പ്രതികാരകഥകളും ഇങ്ങനൊക്കെ തന്നെയല്ലേ എന്ന് ചോദിക്കാം. പക്ഷെ ഇപ്പോഴും ഒരേ മാതിരി കഥ പോയാൽ മടുപ്പുണ്ടാക്കില്ലേ??)

അധികം ഒന്നും പ്രതീക്ഷിക്കാതെ പോയത് കൊണ്ട് എന്നിലെ സിനിമാസ്വാദകനെ ഒരു പരിധി വരെ തൃപ്തിപ്പെടുത്തിയ ഒരു ത്രില്ലർ ആണ് കാബിൽ.

എന്റെ റേറ്റിംഗ് 6.9 ഓൺ 10

ഒരു പുതിയ കഥയും അതിനൊത്ത ട്രീറ്റ്മെന്റും ഉണ്ടായിരുന്നേൽ കിടുക്കാമായിരുന്നു.

Monday, January 23, 2017

225. Trollhunter (Trolljegeren) (2010)

ട്രോൾഹണ്ടർസ്  (ട്രോൾഹെഗരൻ) (2010)




Language : Norwegian
Genre : Drama | Fantasy | Thriller
Director : Andre Ovredal
IMDB : 7.0

Troll Hunters (Trollhegeren) Theatrical Trailer


വ്യത്യസ്തതയെ നമ്മൾ മനുഷ്യർ എപ്പോഴും സ്വാഗതം ചെയ്യാറുണ്ട്. ക്ളോവർഫീൽഡ്, ബ്ലൈർ വിച് പ്രോജക്ട്, പാരാനോർമൽ ആക്ടിവിറ്റി, ക്രോണിക്കിൾ, തുടങ്ങിയ ഫൗണ്ട് ഫൂട്ടേജ് ചിത്രങ്ങളുടെ ചുവടു പറ്റിയാണ് ട്രോൾഹണ്ടർ എന്ന ഈ നോർവീജിയൻ ചിത്രം ആന്ദ്രേ ഓവറെഡാൽ സംവിധാനം ചെയ്തിരിക്കുന്നത്. 

മൂന്നു പേരടങ്ങുന്ന ഒരു കോളേജ് കുട്ടികളുടെ സംഘം ഡോക്യുമെന്ററി ചെയ്യുവാൻ വേണ്ടി ഹാൻസ് എന്ന കരടി വേട്ടക്കാരന്റെ കൂടെ കൂടുന്നതാണ് ഇതിവൃത്തം. അതിൽ അവർ മനസിലാക്കുന്നു നാട്ടുകാരുടെ കല്പനകൾ ഉരുത്തിരിഞ്ഞ ട്രോൾഹണ്ടർ എന്ന ജീവി യാഥാർഥ്യമാണെന്നു. ട്രോൾ ഹണ്ടറിനെയും കെണിയിൽ വീഴ്ത്താൻ ശ്രമിക്കുന്ന ഹാന്സിന്റെ കൂടെയുള്ള അവരുടെ യാത്രകളിൽ പല ബുദ്ധിമുട്ടുകളും അനുഭവിക്കുന്നു. 

നാലു കഥാപാത്രങ്ങളാണ് ചിത്രത്തിൽ പ്രധാനമായും ഉള്ളത്. നോർവീജിയൻ കൊമേഡിയൻ ആയ ഓട്ടോ ജെസ്‌പെർസൺ ആണ് വേട്ടക്കാരനായി അഭിനയിക്കുന്നത്. വളരെ മികച്ചു നിന്ന വേഷമായിരുന്നു അദ്ദേഹത്തിന്റേത്. ഹാൻസ് മോർട്ടൻ, യോഹാന്നാ, തോമസ് ആൽഫ എന്നിവർ കോളേജ് വിദ്യാർത്ഥികളുടെ റോളുകളും ചെയ്തു. മറ്റുള്ളവർ, ഒരു സാധാ ഇന്റർവ്യൂവിനു കാമറയ്ക്കു മുന്നിലെത്തുന്നത് പോലെയുള്ള അഭിനയം കാഴ്ച വെച്ചു. ശരിക്കും അങ്ങിനെ തന്നെയാണ് വേണ്ടതും. കാരണം ഈ ചിത്രം ഒരു ഡോകളുമെന്ററി പോലെ ഹാൻഡ്ഹെൽഡ് ക്യാമറ ഉപയോഗിച്ച് ചെയ്തതാണ്. കഥയാണ് ആവശ്യപ്പെടുന്നതും.

കഥയും തിരക്കഥയും എടുത്തു പറയത്തക്ക ഒന്നല്ലെങ്കിലും, ആഖ്യാനിച്ചിരിക്കുന്ന രീതി മികച്ചുനിന്നു. സംഭാഷണങ്ങൾക്കും നടക്കുന്ന സംഭവങ്ങൾക്കും പ്രാധാന്യം നൽകിയത് കൊണ്ട്, കണ്ടിരിക്കുന്ന പ്രേക്ഷകന് ഇത് ശരിക്കും സംഭവിക്കുന്നതാണോ അല്ലെങ്കിൽ സംഭവിച്ചതാണോ എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നുണ്ട്. ഗ്രാഫിക്സും ക്യാമറവർക്കും മികച്ചു നിന്നു. ഒരു വശത്തു നോർവീജിയൻ സൗന്ദര്യം പകർത്തുകയും മറുവശത്തു കഥാപാത്രങ്ങളുടെ കൂടെ യാത്ര ചെയ്യുകയും ചെയ്ത ക്യാമറാമാൻ ഹാൽവാർഡ് ബ്രെയിൻ തന്റെ കൃത്യനിർവഹണം മികച്ച രീതിയിൽ കാഴ്ച വെച്ചു.

നിരവധി നിരൂപക പ്രശംസ നേടിയ ഈ ചിത്രം ഒരു ബോക്സോഫീസ് വിജയവും ആയിരുന്നു. ഒരു തവണ കണ്ടിരിക്കാനും ആസ്വദിക്കാനും എന്നാൽ ഇത്തിരി മേലെ ത്രിൽ അടിക്കാനും കഴിയും ഈ ചിത്രം.

എൻറെ റേറ്റിംഗ് 7.2 ഓൺ 10

Saturday, January 21, 2017

224. Shreedharante Onnaam Thirumuriv (1987)

ശ്രീധരന്റെ ഒന്നാം തിരുമുറിവ് (1987)



Language : Malayalam
Genre : Comedy | Drama | Family | Romance
Director : Sathyan Anthikkad
IMDB : 6.9

കുടുംബങ്ങളുടെ പ്രിയ സംവിധായകൻ ആയ സത്യൻ അന്തിക്കാട് 1987ൽ കഥയെഴുതി ശ്രീനിവാസൻ തിരക്കഥ തയാറാക്കിയ മമ്മൂട്ടി എന്ന നടൻ നായകനായ ചിത്രമാണ് ശ്രീധരന്റെ ഒന്നാം തിരുമുറിവ്. നീനാ കുറുപ്പ് എന്ന സുന്ദരിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു അത്.
വളരെ മികച്ച ഒരു ചിത്രമെന്ന് മാത്രമേ പറയാൻ പറ്റൂ... നിരവധി മനസ്സിൽ തങ്ങി നിൽക്കുന്ന നാടൻ കോമഡിയും, അല്പം നൊമ്പരവും, പിന്നെബിച്ചു തിരുമല രചിച്ചു ശ്യാമ സംഗീതം പകർന്ന നല്ല പാട്ടുകളും ഈ ചിത്രത്തിൻറെ പ്രത്യേകത ആണ്.

നാട്ടിൻപുറത്തു ഒരു വർക്ക്ഷോപ്പ് നടത്തുന്ന ശ്രീധരന് ഒരേയൊരു ആഗ്രഹമേയുള്ളൂ.. അധികം പഠിപ്പു ഇല്ലാത്ത തനിക്കു ഒരു അഭ്യസ്തവിദ്യയായ ഒരു പെൺകുട്ടി തന്റെ വധുവാകണം എന്നത്. ആയിടയ്ക്ക് തന്റെ വളരെയധികം പഠിപ്പുള്ള മുറപ്പെണ്ണ് തറവാട്ടറിൽ താമസമാക്കുകയും, ശ്രീധരന് ആ പെൺകുട്ടിയോട് തോന്നുന്ന പ്രണയവുമാണ് ചിത്രത്തിൻറെ ഇതിവൃത്തം.

സ്വതസിദ്ധമായ നർമഭാവങ്ങളുള്ള ഒരു നാട്ടിൻപുറത്തുകാരൻ ശ്രീധരനെ മമ്മൂട്ടി തകർത്തഭിനയിച്ചു. നർമ-പ്രണയ ഭാവങ്ങളൊക്കെ ആ മുഖത്ത് മിന്നി മാഞ്ഞു (ഇന്ന് നമുക്ക് കാണാൻ കഴിയാത്തതും ഇത് തന്നെയാണ്, നർമ്മത്തിന് വേണ്ടി കോമാളി വേഷം കെട്ടുന്ന മമ്മുക്കയെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്). ശ്രീനിവാസൻ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഷെഫ് ബിനോയ് ആയി തകർത്താടി. ഇന്നസെന്റ്, മാമുക്കോയ, ജനാർദ്ദനൻ, ഇടവേള ബാബു, സുകുമാരി, യദുകൃഷ്ണൻ, ശങ്കരാടി തുടങ്ങിയവർ എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രത്തിൽ, നീനാ കുറുപ്പ് തന്റെ ആദ്യ ചിത്രം എന്ന ഒരു കടമ്പ വളരെ എളുപ്പത്തിൽ തന്നെ കടന്നു. സുരേഷ് ഗോപിയുടെ അതിഥി കഥാപാത്രവും മികച്ചു നിന്നു.

എനിക്കേറ്റവും ഇഷ്ടപ്പെട്ട മമ്മൂട്ടി-സത്യൻ അന്തിക്കാട്-ശ്രീനിവാസൻ ചിത്രം കൂടിയാണിത്.

റേറ്റിങ് ഒക്കെ പറയുവാണേൽ ഒരു 08 ഓൺ 10 

ഇവരുടെയെല്ലാം നിഴൽ മാത്രമാണല്ലോ ഇപ്പൊ നമ്മൾ കാണുന്നത് എന്നോർക്കുമ്പോഴാ ഒരേയൊരു വിഷമം


Thursday, January 19, 2017

223. Spectral (2016)

സ്പെക്ട്രൽ (2016)




Language : English
Genre : Action | Sci-Fi | Thriller | Wa
Director : Nic Matheiu
IMDB : 6.4

Spectral Movie Trailer


ചില സിനിമകൾ വലിയ സ്‌ക്രീനിൽ കാണുന്നതിന്റെ അത്ര എഫക്ട് ചെറിയ സ്‌ക്രീൻ അല്ലെങ്കിൽ മൊബൈലിലോ ലാപ്ടോപ്പിലോ കണ്ടാൽ കിട്ടില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് സ്പെക്ട്രൽ. നിക് മത്യു സംവിധാനം ചെയ്ത സ്പെക്ട്രൽ എന്ന ഈ ഫാന്റസി ആക്ഷൻ ചിത്രം തീയറ്ററിൽ റിലീസ് ആവാതെ നേരെ ഓൺലൈൻ സ്ട്രീമിങാലാണെത്തിയത്. 

റഷ്യൻ പ്രവിശ്യയിൽ എവിടെയോ, തമ്പടിച്ചിരുന്ന അമേരിക്കൻ മിലിട്ടറിയിലെ ഒരു സൈനികൻറെ ഒബ്‌സർവേഷൻ കണ്ണടയിൽ അദൃശ്യശക്തിയെ കാണുന്നു. അതെന്താണെന്നു മനസിലാക്കുന്നതിന് ആ ജീവി ആ സൈനികനെ കൊന്നു കളയുന്നു. ദേഹമാസകലം തണുപ്പിനാൽ ഉറഞ്ഞു, ദേഹത്തിനുള്ളിലെ അവയവങ്ങൾ എല്ലാം കരിഞ്ഞ സ്ഥിതിയിലാണ് സൈനികന്റെ മൃതദേഹം കണ്ടെടുക്കുന്നതു. കണ്ണടയിലെ ദൃശ്യങ്ങൾ പരിശോധിക്കുമ്പോൾ ക്യാമ്പിലുള്ള എല്ലാവരിലും സംശയം ജനിക്കുന്നു. അതിനാൽ മിലിട്ടറി മേധാവി ഒർലാൻഡ്, ഒരു അതിബുദ്ധിമാനായ  മാർക്ക് ക്ളൈൻ  എന്ന യുഎസ് ഗവൺമെൻറ് എഞ്ചിനീയറെ വരുത്തുന്നു. അദ്ദേഹത്തിൻറെ കയ്യിലുള്ള ആധുനിക ഉപകരണം കൊണ്ട് അതെന്താണെന്നു കണ്ടുപിടിക്കുന്നു. അവിടുള്ള നാട്ടുകാർ യുദ്ധത്തിൻറെ പ്രേതങ്ങൾ എന്ന് വിളിക്കുന്ന അതിശക്തരായ  ജീവികളുടെ ആക്രമണത്താൽ യുഎസ് സൈനികർ പരാജയപ്പെടുകയും അതിനെ ചെറുക്കാനായി മാർക്ക് ക്ളൈൻറെ സഹായത്തോടു കൂടി ഇറങ്ങിത്തിരിക്കുന്നു. എന്താണതിനു പിന്നിൽ ഉള്ള ഞെട്ടിപ്പിക്കുന്ന രഹസ്യം കണ്ടുപിടിക്കുന്നതോടു കൂടി സിനിമ സമാപിക്കുന്നു. 

നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള ജെയിംസ് ബാഡ്ജ് ഡേൽ ആണ് മാർക്ക് എന്ന മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുറച്ചു കൂടി അഭിനയം മെച്ചപ്പെടണം എന്ന് തോന്നിപ്പോയി, എന്നാലും തന്നാലാവുന്ന വിധം മനോഹരമാക്കാൻ ശ്രമിച്ചു. എമിലി മോർട്ടിമർ നായികയെന്ന തോന്നിപ്പിക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അധികം ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ബ്രൂസ് ഗ്രീൻവുഡ് പ്രാധാന്യമുള്ള ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചു. വേറെ രണ്ടു പ്രധാന കാഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും അവരുടെ പേരുകൾ അറിയില്ലായെങ്കിലും തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ചു.

യുദ്ധപശ്ചാത്തലത്തിലുള്ള ഒരു സയൻസ് ഫിക്ഷൻ കഥ അതിന്റേതായ രീതിയിൽ തന്നെ ആഖ്യാനിച്ചിരിക്കുന്നു. തരക്കേടില്ലാത്ത സംവിധാനം, പക്ഷെ എല്ലാ സിനിമകളിൽ കാണുന്നത് പോലെ അതിന്റേതായ ഉയർച്ച താഴ്ചകളിലൂടെ കടന്നു പോകുകയും, ചില സമയത്തുള്ള നീണ്ട സംഭാഷണ ശകലങ്ങൾ നമ്മളെ അല്പം അലോസരപ്പെടുത്തുകയും ചെയ്യും. എന്നിരുന്നാലും പ്രകീർത്തിക്കേണ്ടത് പ്രകീർത്തിച്ച മതിയാകൂ. ഡയലോഗുകൾ ഒക്കെ ബാലിശമായി തോന്നുകയും ചെയ്തു. വളരെ ചുരുങ്ങിയ ചിലവിലുള്ള ഈ ചിത്രം മികച്ച ഗ്രാഫിക്‌സും, ആക്ഷൻ സീനുകളാലും സമ്പന്നമാണ്.  മാഡ്മാക്സ്, ഡെഡ്പൂൾ തുടങ്ങിയ ചിത്രങ്ങൾക്ക് സംഗീതം നൽകിയ ജങ്കീ എക്സ്എൽ എന്ന വിളിപ്പേരുള്ള ടോം ഹോൾക്കൻബർഗ് ആണ് സംഗീതം നിർവഹിച്ചിട്ടുള്ളത്. ഒരു തരത്തിലും ആ ഡിപ്പാർട്ട്മെന്റിൽ അദ്ദേഹം നിരാശപ്പെടുത്തിയില്ല. 

സംവിധാനത്തിലും ആഖ്യാന രീതിയിലും അല്പം കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ  മികച്ച സ്റ്റാർകാസ്റ് ഉണ്ടായിരുന്നെങ്കിൽ ഒരു ചിത്രമായി മാറിയേനെ സ്പെക്ട്രൽ. ടിവിയിൽ മാത്രം ഒതുങ്ങുമായിരുന്നില്ല.

എന്റെ റേറ്റിംഗ് 7.7 ഓൺ 10 

Monday, January 16, 2017

222. The Phone (Deo Pon) (2015)

ദി ഫോൺ (ദിയോ പോൺ) (2015)



Language : Korean
Genre : Action | Fantasy | Mystery | Thriller
Director : Kim Bong-Joo
IMDB : 6.6

The Phone Theatrical Trailer

ജോലിയോടുള്ള ആസക്തി മൂലം കോ ഡോങ് ഹുവിന്റെ കുടുംബ ജീവിതം അലോസരം നിറഞ്ഞതായിരുന്നു. വക്കീലായ  കോ ഡോങ് ഹു, അന്ന് തൻറെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചു പ്രൈവറ്റ് ആയി പ്രാക്ടീസ് ചെയ്യാൻ ഒരുങ്ങുകയാണ്. കുടുംബത്തിന്റെ അസ്ഥിരത ശരിയാക്കാനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനുമായി തന്റെ ഭാര്യയായ ജോയോട് വൈകിട്ട് ഒരുമിച്ചു കഴിക്കാൻ പോകാം എന്ന് വാക്കു നൽകിയ കോ വൈകിട്ട് സഹപ്രവർത്തകർ ഒരുക്കിയ പാർട്ടിയിൽ പങ്കു ചേർന്ന് മദ്യപിച്ചു മദോന്മത്തനാകുന്നു. തന്റെ ഭാര്യയോടൊപ്പം പോകാൻ കഴിയാതെ വരികയും ചെയ്യുന്നു. അന്ന് രാത്രി തന്നെ അദ്ദേഹത്തിൻറെ ഭാര്യയെ ആരോ കൊലപ്പെടുത്തുന്നു.  ഒരു തെളിവ് പോലും ശേഷിക്കാതെ നടത്തിയ കൊലയ്ക്കു ശേഷം കോ ആകെ തകർന്നു പോകുന്നു. ഒരേയൊരു മക്കളുമൊത്ത് ശിഷ്ട ജീവിതം നയിക്കുന്ന കൊയ്‌ക്കു ഒരു വർഷത്തിന് ശേഷം തന്റെ ഭാര്യയുടെ ഫോണിൽ നിന്നും കോൾ വരുന്നു. ഭാര്യ 2014ൽ നിന്നുമാണ് 2015ൽ ഉള്ള തന്നെ വിളിക്കുന്നതെന്ന് മനസിലാക്കുന്ന കോ, ഭാര്യയുടെ ഘാതകനെ കണ്ടു പിടിക്കാനായില്ല ശ്രമം ആരംഭിക്കുകയാണ്.

ഒരു ടൈം ലൂപ്പ് ഫാൻറസി ത്രില്ലർ ജോൺറെയിൽ ഉള്ള ഈ ചിത്രം അതിന്റേതായ രീതിയിൽ കണ്ടാൽ നന്നായി ആസ്വദിക്കാൻ കഴിയും എന്നാണു എന്റെ ഒരു  അനുമാനം. അതായത് ലോജിക്കുകളെ പറ്റി ആലോചിച്ചു തല പുണ്ണാക്കേണ്ട എന്നർത്ഥം. തരക്കേടില്ലാത്ത കഥ, ആഖ്യാനത്തിൽ ഒട്ടും തന്നെ വീഴ്ച വരുത്താതെ തന്നെ സംവിധാനം ചെയ്തിട്ടുണ്ട് സംവിധായകനായ കിം ബോങ്ജൂ. ഇടയ്ക്കിത്തിരി ലാഗ് വരുന്നുണ്ടെങ്കിലും പക്ഷെ പെട്ടെന്ന് തന്നെ വേഗതയേറുകയും ചെയ്യുന്നു. കുറച്ചൊക്കെ ക്ളീഷേകൾ അല്ലെങ്കിൽ പ്രവചിക്കാൻ കഴിയുന്ന സീനുകൾ നിരവധിയുണ്ടെങ്കിലും ആസ്വാദനത്തിനു യാതൊരു കോട്ടവും തട്ടുന്നുമില്ല. പശ്ചാത്തല സംഗീതംമികച്ചു നിന്നുവെന്നു പറയാം, നിശബ്ദതയ്ക്കു നിശബ്ദതയും ത്രിൽ തരുന്ന സമയത്തു അതിനു വേണ്ട സംഗീതവും നൽകി തിരക്കഥയ്ക്ക് മികച്ച പിന്തുണയേകി. ക്യാമറവർക്ക് തരക്കേടില്ലായിരുന്നു.

കൊറിയൻ സിനിമയുടെ ലിയാം നീസൺ എന്ന് വിശേഷിപ്പിക്കുന്ന സോൻ ഹ്യു ജ്യൂ ആണ് നായക കഥാപാത്രമായ കോ ഡോങ് ഹുവിനെ അവതരിപ്പിച്ചത്. തരക്കേടില്ലാത്ത അഭിനയം ആയിരുന്നു അദ്ദേഹത്തിന്. വില്ലനെ അവതരിപ്പിച്ചത് ബേ സ്യുങ്, കുറച്ചു കൂടി രൗദ്ര  വന്നിരുന്നെങ്കിൽ എന്ന് തോന്നിപ്പോയി.  ഉം ജി വൂൻ നായികയെ അവതരിപ്പിച്ചു. മോശമായിരുന്നില്ല പ്രകടനം. മൊത്തത്തിൽ തരക്കേടില്ലായിരുന്നു എല്ലാവരുടെയും പ്രകടനം.

ചില ഹോളിവുഡ് ചിത്രങ്ങളുടെ പകർപ്പുകൾ അവിടിവിടെ കാണാൻ കഴിയുമെങ്കിലും അധികം ഒന്നും ചിന്തിക്കാതെ ആസ്വദിച്ചു കാണാൻ കഴിയുന്ന ഒരു ചിത്രമാണ് ദി ഫോൺ.

എൻറെ റേറ്റിംഗ്7.3 ഓൺ 10

Saturday, January 14, 2017

221. I Am A Hero (2015)

ഐ ആം എ ഹീറോ (2015)



Language : Japanese
Genre : Action | Comedy | Horror | Thriller
Director : Shinsuke Sato
IMDB : 6.9

I Am A Hero Theatrical Trailer



ഞാൻ ഹിഡിയോ സുസുകി. സ്‌കൂളിൽ വെച്ചു മികച്ച മാംഗാ കലാകാരനുള്ള സമ്മാനം ഒക്കെ ലഭിച്ച ഞാൻ എന്റെ ജീവിതത്തിൽ അത്ര കണ്ടു വിജയം നേടാനായില്ല. എന്റെ പേരിൽ ഒരു നായകൻ ഉണ്ടെങ്കിലും എന്റെ ആത്മവിശ്വാസക്കുറവും ഭീരുത്വവും എന്നെ എല്ലാത്തിലും നിന്ന് പിന്നോട്ട് വലിക്കുന്നു. എൻറെ ജോലിയിൽ സംതൃപ്തി തരാത്ത ശമ്പളവും എൻറെ ബന്ധങ്ങൾ പ്രത്യേകിച്ച് എന്റെ കാമുകിയും എന്നെ വെറുക്കുന്നു. എല്ലാവരുടെയും മുൻപിൽ ഒരു പരിഹാസകഥാപാത്രമായി എത്ര നാൾ. എങ്ങിനെയും ജീവിതത്തിൽ വിജയിക്കണം എന്നും ഒരു നായകൻ ആകണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷെ സാധിക്കുന്നില്ല.
അങ്ങിനെ ഒരു നാൾ, എന്തോ അജ്ഞാതകാരണം കൊണ്ട് എന്റെ കാമുകിയും സഹപ്രവർത്തകരും എന്തിനു ഈ നാട്ടിലെ ജനങ്ങൾ മുഴുവൻ ഒരു മൃഗീയമനുഷ്യർ ആകുന്നു. നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലാകണമെങ്കിൽ സോംബികൾ ആകുന്നു. എല്ലാവരിലും നിന്നും രക്ഷപെട്ടോടുന്ന എന്റെ കൈവശം ഒരു ഷോട്ട്ഗൺ മാത്രമേ ഉള്ളു. അത് മാത്രമേ എനിക്ക് രക്ഷയായി ഉള്ളൂ. രക്ഷപെട്ടോടുന്ന സമയം എന്റെ കൂടെ ഹിറോമി എന്ന കൗമാരപ്രായത്തിലുള്ള പെൺകുട്ടിയും കൂടെ കൂടുന്നു. ഇപ്പോൾ അവളുടെ ഉത്തരവാദിത്വവും എന്റെ ചുമലിൽ മാത്രം. ഞങ്ങൾക്ക് ഈ സോംബികളിൽ നിന്നും രക്ഷപ്പെടണമെങ്കിൽ മൗണ്ട് ഫിജിയിൽ എത്തണം, അവിടെ ഈ വൈറസിന് രക്ഷപെടാൻ പറ്റില്ല. എന്റെ യാത്ര തുടങ്ങുകയാണ്. നിങ്ങളും എന്റെ യാത്രയുടെ സാഹസികത അറിയണമെങ്കിൽ ഐ ആം എ ഹീറോ എന്ന ചിത്രം കാണുക.

പത്തൊൻമ്പതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ ജാപ്പനീസ് കോമിക്കുകളിൽ നിറഞ്ഞു നിന്ന ഒരു വകഭേദം ആണ് മാംഗ. വിശ്വപ്രസിദ്ധമായ ഈ പ്രത്യേക ശൈലിയിലുള്ള അനിമേഷൻ കോമിക്കുകൾ അന്നും ഇന്നും ജാപ്പനീസ് സംസ്കാരത്തിൽ സൃഷ്ടിച്ച തരംഗം ഒന്ന് വേറെ തന്നെയാണ്. കെങ്കോ ഹനസാവാ എന്ന മാംഗാ കലാകാരൻ ജന്മം നൽകിയ ഐ ആം എ ഹീറോ എന്ന മാംഗാ സീരീസിന്റെ സിനിമാപതിപ്പാണ് അതെ പേരിലുള്ള ഈ ചിത്രം.

90 ശതമാനവും ക്ളീഷേകൾ ഒഴിവാക്കിയ ഒരു മനോഹരമായ സോംബി ത്രില്ലർ ആണീ ചിത്രം. അടുത്ത നടക്കാൻ പോകുന്നത് നമുക്ക് പ്രവചിക്കാൻ കഴിയുമെങ്കിലും, കണ്ടിരിക്കുന്ന ഒരു പ്രേക്ഷകനെ ആവേശത്തിന്റെ മുൾമുനയിൽ നിർത്താൻ കഴിയുന്ന സീനുകൾ കൊണ്ട് സമ്പുഷ്ടമാണ് ഐ ആം എ ഹീറോ. ആ ക്രെഡിറ്റ് സംവിധായകനായ സാട്ടോയ്‌ക്ക്‌ തന്നെ സ്വന്തം. മികച്ച രീതിയിൽ തന്നെ സീനുകൾ ആവിഷ്കരിച്ചിട്ടുണ്ട്. ക്യാമറവർക്കും ആക്ഷനും സിജിഐയും മികച്ചു നിൽക്കുന്നു ഈ ചിത്രത്തിൽ. ടെക്ക്നിക്കലി ഒരു ബ്രില്യൻറ് അപ്പ്രോച് മൊത്തത്തിൽ ഉണ്ട്. സിനിമയ്ക്ക് നൂറു ശതമാനം യോജിക്കുന്ന രീതിയിൽ തന്നെ പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുണ്ട് ഈ ചിത്രത്തിൻറെ സംഗീതസംവിധായകനായ നിമ ഫക്രാര.

വികാരങ്ങളും പ്രണയവും നഷ്ടബോധവും ഭയവും ഹൊറർ എലമെന്റുകളും എല്ലാം വ്യക്തമായി തന്നെ കോർത്തിണക്കി ദൃശ്യവൽക്കരിച്ചതിനാൽ ഒരു സമ്പൂർണ ചിത്രം എന്ന് കൂടി പറയാം.

ഹിഡിയോ സുസുകി ആയി വേഷമിടുന്നത് യോ ഐസുമി, കാഥാപാത്രത്തിന്റെ ആവശ്യകത മനസിലാക്കി അദ്ദേഹം മികച്ച രീതിയിൽ അവതരിപ്പിച്ചു. ആക്ഷൻ എന്ന നിലയിൽ അദ്ദേഹത്തിനൊന്നും ചെയ്യാനുണ്ടായിരുന്നില്ലെങ്കിലും ഗൺഫൈറ്റിൽ മികച്ചു നിന്നു. കസമി അരിമുറ,  മസാമി നാഗസാവ മുഖ്യ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അവർ തങ്ങളുടെ നല്ല രീതിയിൽ ചെയ്തു പ്രതിഫലിപ്പിച്ചു. ഈ ചിത്രത്തിൽ എടുത്തു പറയേണ്ട ഒരു ഘടകം എന്നത് സോംബികളെ അവതരിപ്പിച്ച ജൂനിയർ ആർട്ടിസ്റ്റുകൾ ആണ്, ഒരു കുറ്റവും കണ്ടുപിടിക്കാൻ കഴിയില്ല.

സോംബി ചിത്രങ്ങളിലെ  ഒരു നവീന രത്നം ആണ് ഐ ആം എ ഹീറോ.

എൻറെ റേറ്റിംഗ് 8.2 ഓൺ 10

Thursday, January 12, 2017

220. Iris The Movie (Airiseu: deo mubi) (2010)

ഐറിസ് ദി മൂവി (2010)



Language :Korean
Genre : Action | Drama | Espionage |  Thriller
Director :  Yang Yun-ho & Kim Kyun Te
IMDB : 6.2

Iris The Movie Theatrical Trailer


KBS2 എന്ന കൊറിയൻ ചാനലിൽ 2009ൽ സംപ്രേഷണം ചെയ്ത സീരീസ് ആണ് ഐറിസ്. വളരെയധികം നിരൂപകപ്രശംസ പിടിച്ചു പറ്റുകയും ഒരു ഇൻസ്റ്റാൻറ് ഹിറ്റ് ആയി മാറിയ ഈ സീരീസ് ഒരേ സമയം തന്നെ കുറച്ചു സീനുകൾ അധികം ചേർത്തു ഷൂട്ട് ചെയ്തു ഒരു സിനിമയാക്കുകയും ചെയ്തു. തീയറ്ററിൽ റിലീസ് ചെയ്തില്ലെങ്കിലും ടിവിയിലും മറ്റുമായി ടെലികാസ്റ് ചെയ്തിരുന്നു. കൊറിയൻ സിനിമയിലെ അതികായന്മാരായ ലീ ബ്യുങ് ഹുൻ, കിം ടെഹീ, ജുങ് ജൂൺ  ഹോ, കിം സൊ-യൂണ, കിം സ്യുങ് ഹ്യുൻ തുടങ്ങിയവർ ആണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. യാങ് യുങ് ഹോ, കിം ക്യൂടെ എന്ന ഇരട്ട സംവിധായകർ ആണ് ചിത്രം സംവിധാനം ചെയ്തത്.

നോർത്ത് കൊറിയയും സൗത്ത് കൊറിയയും തമ്മിലുള്ള രാഷ്ട്രീയ മിലിട്ടറി പ്രശ്നങ്ങൾ കൊടുമ്പിരി കൊള്ളുന്ന കാലത്തു സൗത്ത് കൊറിയയുടെ നാഷണൽ സെക്യൂരിറ്റി സർവീസ് അവരുടെ സേനയിലുള്ളവർക്കു പ്രത്യേക പരിശീലനം നൽകി വന്നിരുന്നു. ഏതു വിധേനയും തങ്ങളുടെ ലക്‌ഷ്യം സാധിക്കുക എന്നതാണ് അവരുടെ ആപ്തവാക്യം. ചാരന്മാരെ പോലെ തന്നെയാണ് അവർ ജോലി ചെയ്യേണ്ടത്. ഇവിടെ മൂന്നു ചാരന്മാരുടെ കഥയാണ് പറയുന്നത്. കിം ഹ്യുനും, ജിൻ സാ വൂവും, ചോയിയും ഒരുമിച്ചു ജോലി ചെയ്യുന്നു. കിമ്മും ജിന്നും ഒരേ പോലെ തന്നെ ചോയിയെ പ്രണയിക്കുന്നു. എന്നാൽ ചോയിക്കു കിമ്മിനെ ആണിഷ്ടം. ഒരു പ്രത്യേക ദൗത്യത്തിന് വേണ്ടി പോകുന്ന കിം, തന്റെ ലക്‌ഷ്യം നിറവേറ്റുകയും പക്ഷെ അത് മൂലം മുറിവേൽക്കുകയും ചെയ്യുന്നു. തന്നെ രക്ഷിക്കാൻ അയാളുടെ തലവനോട് പറയുകയും പക്ഷെ കിമ്മിനെ വക വരുത്താൻ സാവൂനെ അയാൾ നിയോഗിക്കുന്നു. അവിടെ നിന്നു ചതിയുടെയും വഞ്ചനയുടെയും പ്രണയത്തിന്റെയും ഒരു നീണ്ട കഥ തുടങ്ങുകയാണ്.

ലീ ബ്യുങ്ങിനെ എല്ലാവർക്കും അറിയുമെന്ന് കരുതുന്നു. ഐ സൊ ദി ഡെവിൾ, എ ബിറ്റർസ്വീറ്റ് ലൈഫ് തുടങ്ങി ഹോളിവുഡിലും മികച്ച കഥാപാത്രങ്ങൾ അനശ്വരമാക്കിയ നടൻ ആണ് അദ്ദേഹം. ഈ ചിത്രത്തിലും നമ്മുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല. കിം ടെ ഹി നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. വളരെയധികം സുന്ദരിയായ അവർ തന്റെ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ജുങ് ജൂൺ പ്രാധാന്യമുള്ള റോൾ നന്നായി തന്നെ ചെയ്തു. കിം സൊ-യൂൻ നിഗൂഢത നിറഞ്ഞു നിന്ന കിം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. നിർണായകമായ അവരുടെ കഥാപാത്രം മികച്ച രീതിയിൽ തന്നെ ആടിത്തീർത്തു. നിരവധി കഥാപാത്രങ്ങൾ മിന്നി മറയുന്ന ചിത്രത്തിൽ എല്ലാവരും മോശമല്ലാത്ത അഭിനയം പുറത്തെടുത്തു.

അത്യധികം ഉദ്യോഗജനകമായ ഒരു കൊറിയൻ ആക്ഷൻ espionage ത്രില്ലർ ആണ് സംവിധായകർ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. വളരെയധികം വേഗതയിലുള്ള ആഖ്യാനം അധികം ഒന്നും ചിന്തിക്കാൻ നമ്മെ വിടാതെ മുൻപോട്ടു കുതിച്ചു പോകും. അതിനൊത്ത ചടുല ബാക്ക്ഗ്രൗണ്ട് സ്‌കോർ ഒരു ഹോളിവുഡ് പ്രതീതി നൽകുകയും ചെയ്തു. നിനച്ചിരിക്കാത്ത നേരത്തുള്ള ട്വിസ്റ്റുകളും പ്രതീക്ഷിക്കാത്ത ക്ളൈമാക്‌സും കൊണ്ട് നന്നായി തന്നെ നിൽക്കുന്നു. ക്യാമറയും സംവിധായകരുടെ ചിന്താമണ്ഡലങ്ങൾക്കു അനുസൃതമായി തന്നെ പ്രവർത്തിച്ചിട്ടുണ്ട്. കഥയിൽ കുറച്ചൊക്കെ ന്യൂനതകൾ ഉണ്ടെങ്കിലും (ഇരുപതു എപ്പിസോഡ് ഉള്ള ഒരു സീരിയൽ ആണ് സിനിമാവൽക്കരിച്ചിരിക്കുന്നതു കൊണ്ടാകാം) കണ്ടു കൊണ്ടിരിക്കാൻ കഴിയുന്ന ഒരു ത്രില്ലർ ആണ് ഐറിസ്.

എന്റെ റേറ്റിംഗ് 7.0 ഓൺ 10

Wednesday, January 4, 2017

219. Kattappanayile Ritwik Roshan (2016)

കട്ടപ്പനയിലെ ഋഥ്വിക് റോഷൻ (2016)




Language : Malayalam
Genre : Comedy | Drama
Director : Nadirsha
IMDB :7.6

Kattapanayile Rithvik Roshan Theatrical Trailer


അമർ അക്ബർ  ആന്തണിയ്ക്കു ശേഷം നാദിർഷാ സംവിധാനം ചെയ്ത ചിത്രമാണ് കട്ടപ്പനയിലെ ഋത്വിക് റോഷൻ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ് ചിത്രത്തിൻറെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. നാട്ടിൽ നല്ല രീതിയിൽ കളക്ഷൻ നേടിയത് കൊണ്ടാവും പെട്ടെന്ന് തന്നെ ഇവിടെ ഗൾഫിലും റിലീസ് ആയി.

സിനിമയിൽ ജൂനിയർ ആർട്ടിസ്റ് ആയ കൃഷ്ണൻ എന്ന കിച്ചുവിന്റെ അഭിലാഷങ്ങൾ നർമത്തിൽ പൊതിഞ്ഞു ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്നു. കിച്ചുവായി വേഷമിട്ടത് വിഷ്ണു ഉണ്ണികൃഷ്ണൻ ആണ്. അക്ഷരാർത്ഥത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചു. സംഭാഷണശൈലിയും, നർമ്മങ്ങളും, വൈകാരികപ്രകടങ്ങളിലും വിഷ്ണു മികച്ചു നിന്നുവെന്നു തന്നെ പറയാം. ധർമജൻ ബോൾഗാട്ടിയുടെ ദാസപ്പൻ എന്ന കിച്ചുവിന്റെ സുഹൃത്തും സന്തതസഹചാരിയും മിന്നുന്ന പ്രകടനം തന്നെയാണ് നടത്തിയിരിക്കുന്നത്. തീയറ്റർ ആകെയും ഇളകി മറിയാനുള്ള ഡയലോഗുകൾ അദ്ദേഹത്തിൻറെ കയ്യിൽ സമ്പന്നമായിരുന്നു. സന്തോഷവും സന്താപവും അവതരിപ്പിക്കുന്നതിൽ ധർമജൻ യാതൊരു പിശുക്കും കാട്ടിയില്ല.  നല്ല സംവിധായകരുടെ കയ്യിൽ കിട്ടിയാൽ ധർമജൻ നാളെയുടെ ഒരു വാഗ്ദാനം എന്ന് തന്നെ പറയാം.

സലീം കുമാർ, വളരെക്കാലത്തിനു ശേഷം പണ്ടുള്ള തമാശക്കാരന്റെ മിന്നായം കാണുവാൻ കഴിഞ്ഞു. പഴയ കഥാപാത്രങ്ങൾ ഒക്കെ താരതമ്യം ചെയ്‌താൽ സലിം കുമാർ അത്ര മികച്ചു നിന്നില്ലെങ്കിലും, വളരെ കാലം അദ്ദേഹത്തിനു നഷ്ടപ്പെട്ട ആ നർമം തിരിച്ചു കൊണ്ട് വന്നതിനു നാദിർഷായ്ക്ക് നന്ദി. സിദ്ദിഖ് തന്റെ റോൾ, എപ്പോഴത്തെയും പോലെ തകർത്തഭിനയിച്ചു. ഷാജോൺ, ചെറുതായിരുന്നുവെങ്കിലും മികച്ച അഭിനയപ്രകടനം തന്നെ നടത്തി.

നായികമാരിൽ ഒരാളായി പ്രയാഗ അഭിനയിച്ചു. സുന്ദരിയായി തോന്നിയെങ്കിലും, അഭിനയം ഒരു ഏച്ചുകെട്ടലായി തോന്നി. രണ്ടാമത്തെ നായികയെ അവതരിപ്പിച്ച ലിജോമോൾ നന്നായി തന്നെ അവതരിപ്പിച്ചു എന്നാണു എന്റെ പക്ഷം.

സീമ ജി നായർ, സിജു വിത്സൺ, പ്രദീപ് കോട്ടയം, സ്വാസിക, ജാഫർ ഇടുക്കി തുടങ്ങിയ നിരവധി താരങ്ങൾ കഥാപാത്രങ്ങൾ തിരശീലയിൽ വന്നു പോയിക്കൊണ്ടിരുന്നു. ആരുടേയും അഭിനയം മോശം എന്ന് പറയാൻ കഴിയില്ല.


വിഷ്ണു ഉണ്ണികൃഷ്ണൻ-ബിബിൻ ജോർജ് കൂട്ടുകെട്ടിന്റെ തിരക്കഥയും നാദിർഷായുടെ സംവിധാനവും തന്നെയാണ് ഈ ചിത്രത്തിൻറെ മികച്ചതായി നിൽക്കുന്നത്. നാദിർഷാ എന്ന സംവിധായകൻ, അമർ അക്ബർ ആന്റണിയിൽ നിന്നും ഒത്തിരി ദൂരം മുൻപോട്ടു വന്നിരിക്കുന്നു എന്ന് ഈ സിനിമ കണ്ടാൽ നിസംശയം പറയാൻ കഴിയും. ഓരോ ചെറിയ ഡീറ്റെയിലിങ് വരെ അദ്ദേഹം മികച്ച രീതിയിൽ ചെയ്തിട്ടുണ്ട്. ഓരോ നിമിഷവും ഇടവിടാതെ കൗണ്ടറുകളും തമാശകളും വന്നു കൊണ്ടിരുന്നത് തന്നെ ചിത്രത്തിൻറെ ആസ്വാദനതലത്തെ ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. പശ്ചാത്തല സംഗീതം നിർവഹിച്ച ബിജിബാൽ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്. ശാംദത്ത് നിർവഹിച്ച ഛായാഗ്രാഹണം നന്നായിരുന്നു. കട്ടപ്പനയുടെ സൗന്ദര്യം ഒന്നും ഒപ്പിയെടുക്കാനുള്ള സമയം സ്ക്രിപ്ട് കൊടുത്തില്ലായെന്നു തോന്നുന്നു, പ്രകൃതി സൗന്ദര്യത്തേക്കാളുപരി, കഥയ്ക്കനുയോജ്യമായി കഥാപാത്രങ്ങളുടെ കൂടെ തന്നെ ക്യാമറ ചലിപ്പിക്കാൻ കഴിഞ്ഞു. നാദിർഷായുടെ സംഗീതം മോശമല്ലായിരുന്നു, തീയറ്ററിൽ കാണുമ്പോൾ ഒരോളം ഉണ്ടാക്കാൻ കഴിഞ്ഞു.


മൊത്തത്തിൽ പറഞ്ഞാൽ, ഒട്ടും മുഷിപ്പിക്കാതെയുള്ള എന്നാൽ നല്ല തമാശയും (ദ്വയാർത്ഥ പ്രയോഗങ്ങൾ ഇല്ല എന്നാണു എന്റെ തോന്നൽ) അല്പം കണ്ണ് നനയിക്കുന്ന സങ്കടങ്ങളൊക്കെ നിറഞ്ഞ ഒരു മികച്ച എന്റർറ്റെയിനർ തന്നെയാണ് കട്ടപ്പനയിലെ ഹൃഥ്വിക് റോഷൻ.


എന്റെ റേറ്റിംഗ് 8 ഓൺ 10

Sunday, January 1, 2017

218. Phantom Detective (Tamjeong Honggildong: Sarajin Maeu) (2015)

ഫാന്റം ഡിറ്റക്ടീവ് (റ്റാംജ്യോങ് ഹൊങ്കിൽഡോങ്: സാരാജിൻ മ്യു) (2015)



Language : Korean
Genre ; Action 
Director : Sung-hee Jo
IMDB : 6.7

Phantom Detective Theatrical Trailer


ഞാൻ ഹോംഗ് ഡിൽയോങ്, ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ആണ്. ഹ്വങ്ങിനൊപ്പം ഒരു ഡിറ്റക്ടീവ് ഏജൻസി നടത്തുന്നു. സമൂഹത്തിലെ ക്രിമിനലുകളെ കുടുക്കി ശുദ്ധീകരിക്കുന്ന പ്രഥമ ദൗത്യം. ഞാൻ അല്പം വ്യത്യസ്തനാണ്, വൈകൃതയാണ് എന്നെ ചിലപ്പോൾ മാറ്റി നിർത്തുന്നത്. എന്റെ ഓർമ്മശക്തിയും കൃത്യതയുമാണ്  എന്റെ കൈമുതൽ. എന്നാൽ ഞാൻ ഇപ്പോൾ എന്റെ അമ്മയെ കൊന്ന കിം ബിയൂങ് ഡ്യൂക്ക് എന്ന അയാളെ അന്വേഷിച്ചിറങ്ങിയിരിക്കുകയാണ്. കണ്ടു കഴിഞ്ഞാൽ കൊല്ലണം, അത്രയ്ക്ക് എന്നിലെ പ്രതികാരം ദാഹിക്കുന്നുണ്ട്. പക്ഷെ, ഞാൻ അവിടെ എത്തുന്നതിനു മുൻപ് തന്നെ ആരോ അയാളെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കൂടെ എനിക്ക് കിട്ടിയത് അയാളുടെ രണ്ടു പേരക്കിടാങ്ങളെ.. അയാൾ അങ്ങിനെ മരിച്ചാൽ പോരാ..  എന്റെ കൈ കൊണ്ട് തന്നെ മരിക്കണം. പക്ഷെ, ഇവർ കുട്ടികൾ. എന്റെ കൂടെ തന്നെ അങ്ങ് കൂടി. എന്തായാലും ഞാൻ ആരംഭിക്കുകയാണ് അയാളുടെ തിരോധാനത്തിന് പിന്നിലുള്ള രഹസ്യം. 

ജോ സുങ്ഹീ തന്നെ എഴുതി സംവിധാനം ചെയ്ത ഒരു ആക്ഷൻ ചിത്രമാണ് ഫാന്റം ഡിറ്റക്ടീവ്. വളരെ വ്യത്യസ്തമായ കഥയും അതിനു ചേർന്ന രീതിയിലുള്ള ആഖ്യാനവും ആണ് ചിത്രത്തിൻറെ സവിശേഷത. വയലൻസ് കൂടുതലുള്ള ഒരു ആക്ഷൻ ചിത്രമാണെങ്കിലും സസ്പെൻസും സരസമായ നർമവും  ഇടകലർത്തിയാണ് ചിത്രം മുൻപോട്ടു പോകുന്നത്. തകർപ്പൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നവുമാണ്, ഡയലോഗുകൾ ഒക്കെ മികച്ചു നിന്നു. ചിത്രത്തിൻറെ നായക കഥാപാത്രത്തിൻറെ ആംഗിളിൽ കൂടിയാണ് ചിത്രത്തിൻറെ ആഖ്യാനം. നായകൻറെ ചിന്തകളും ധർമസങ്കടവുമെല്ലാം അതിലുൾപ്പെടും. ക്യാമറ മികച്ചു നിന്നു. കൂടുതൽ സമയവും രാത്രിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ഫിൽറ്ററുകൾ ഉപയോഗിച്ചിരിക്കുന്നതും വ്യത്യസ്തം. സംഗീതം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. പശ്ചാത്തല സംഗീതം എവിടെയൊക്കെ ആവശ്യപ്പെടുന്നുണ്ടോ അവിടെയെല്ലാം മികച്ച രീതിയിൽ അവതരിപ്പിച്ചു. എവിടെ നിശബ്ദത ആവശ്യപ്പെടുന്നുവോ അവിടെ നിശബ്ദത ഉപയോഗിച്ചിരിക്കുന്നു.

ലീ ജെ ഹൂൻ ആണ് നായക കഥാപാത്രമായ ഹോംഗ് ഡിൽയോങ്ങിനെ അവതരിപ്പിച്ചത്. മികച്ച അഭിനയം തന്നെ കാഴ്ച വെച്ചു. അല്പം എക്സൻട്രിക് എന്നാൽ സാരസാനുമായ കഥാപാത്രം അയാളുടെ കയ്യിൽ ഭദ്രമായിരുന്നു. രണ്ടു കുട്ടികളെ അവതരിപ്പിച്ച റോ യോങ്, കിം ഹാ ന  എന്നിവർ നമ്മുടെ മനം കവരും. തുടക്കത്തിൽ നമ്മൾ നായകൻറെ കൂടെ സഞ്ചരിക്കുമ്പോൾ ഇവരോട്  തോന്നുമെങ്കിലും പിന്നീട് ഇഷ്ടം കൂടി  ചെയ്യും. കിം സുങ് വില്ലൻ വേഷത്തെ അവതരിപ്പിച്ചു. ഡയലോഗുകളിലുപരി ആക്ഷനും മുഖത്തെ ഭാവങ്ങൾക്കുമായിരുന്നു കൂടുതൽ പ്രാധാന്യം. നിരവധി കഥാപാത്രങ്ങൾ വന്നു പോവുകയും അവർക്കു ജീവൻ നൽകിയ  അഭിനേതാക്കൾ തങ്ങളുടെ ജോലി ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തു.

ആസ്വദിച്ചു കാണുവാൻ കഴിയുന്ന ഒരു ആക്ഷൻ മിസ്റ്ററി ആണ് ഫാന്റം ഡിറ്റക്ടീവ്. 

എൻറെ റേറ്റിംഗ് 7.8 ഓണ്‍ 10