Cover Page

Cover Page

Saturday, October 8, 2016

195. Remo (2016)

റെമോ (2016)


Language : Tamil
Genre : Action | Comedy | Drama | Romance
Director : Bakkiyaraj Kannan
IMDB : 8.0

Remo Theatrical Trailer


നിങ്ങൾക്ക് രണ്ടര മണിക്കൂർ ആസ്വദിച്ചു ഒരു സിനിമ കാണണോ? ലോജിക്കുകൾക്കെല്ലാം സ്ഥാനം കൊടുക്കാതെ രണ്ടര മണിക്കൂർ ഇടതടവില്ലാതെ ചിരിക്കാനും രസിക്കുവാനും ആണ് പുതുമുഖമായ ഭാക്കിയരാജ് സംവിധാനം ചെയ്ത ശിവകാർത്തികേയൻ നായകനായ റെമോ.

എസ്.കെ എന്ന് വിളിപ്പേരുള്ള തമിഴ് സിനിമകളിൽ മുന്തിയ നടനായി തിളങ്ങാൻ വേണ്ടി കച്ച കെട്ടിയിറക്കിയ ഒരു അഭ്യസ്തവിദ്യ തീരെയില്ലാത്ത ഒരു യുവാവിന്റെ കഥയാണ് റെമോ. ഒരു ദിവസം ഒരു തെരുവിൽ വെച്ചൊരു പെൺകുട്ടിയെ കാണുന്നു. അന്നേ വരെ ഒരു പെണ്ണിനോട് പ്രണയത്തിന്റെ ഭാഷയിലൂടെ സംസാരിക്കാൻ അറിയാത്തത അവളോട് അവനു അടങ്ങാത്ത പ്രണയം തോന്നി. തന്റെ പ്രേമം അറിയിക്കുവാൻ വേണ്ടി അവളെ കാണാൻ ചെല്ലുമ്പോൾ അവൻ അറിയുന്നു, അവളുടെ കല്യാണം ഒരു ഡോക്ടറുമായി ഉറപ്പിച്ചിരിക്കുന്നു എന്നു. എങ്ങിനെയും അവളുടെ മനസ്സിൽ ഇടം പിടിക്കാനായി റെമോ എന്ന ഒരു നഴ്‌സിന്റെ വേഷം കെട്ടി അവളോട് ചങ്ങാത്തം കൂടുന്നു. അവളുടെ മനസ്സിൽ ആശയക്കുഴപ്പം വരുത്തിത്തീർത്തു മനസ്സിൽ കച്ച കെട്ടിയിറങ്ങുന്നു എസ്കെ. പിന്നീടുള്ള സംഭവങ്ങൾ വളരെ രസകരമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.

ശിവകാർത്തികേയൻ റെമോ ആയും എസ്കെ ആയും വളരെ മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്. മൊത്തത്തിൽ പറഞ്ഞാൽ ഒരു ശിവ ഷോ തന്നെയായിരുന്നു. റെമോയെ കാണാൻ ഒരു പ്രത്യേക അഴക് തന്നെയുണ്ടായിരുന്നു, ഒരു സ്ത്രീയെ പോലെ തന്നെ തോന്നിപ്പിച്ചു (ദിലീപേട്ടൻ മായാമോഹിനി ചെയ്യുന്നതിന് മുൻപ് ഈ ചിത്രം കണ്ടിരുന്നെങ്കിൽ). അത്രയ്ക്ക് കിടിലൻ മേക്കപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നു, കുറച്ചു VFX കൂടിയായപ്പോൾ നല്ല ചേലാരുന്നു റെമോയെ കാണുവാൻ.. എസ്കെ ആയ ശിവ നല്ല സ്മാർട്ട് തന്നെയായിരുന്നു.
കീർത്തി സുരേഷ്, സൗന്ദര്യത്തിലും അഭിനയത്തിലും മികച്ചു നിന്നു. ഓരോ ഫ്രെയിമിലും കീർത്തിയെ കാണാൻ ഒരു പ്രത്യേക ചന്തമായിരുന്നു. മലയാളികളുടെ കൈയിൽ നിന്നും പോയെന്ന തോന്നുന്നത്.
രണ്ടു പേരും നല്ല ചർച്ചയും ഉണ്ടായിരുന്നു.

നമ്മുടെ മൂവീസ്ട്രീറ്റ് മെമ്പർ കൂടിയായ ആൻസൻ പോൾ ആണ് ചിത്രത്തിലെ പ്രധാന വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ആദ്യ പകുതിയിൽ രണ്ടു മൂന്നു ചെറിയ സീനിൽ വരുന്നതല്ലാതെ വേറെ പ്രത്യേകിച്ച് ഡയലോഗുകൾ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷെ നല്ല സ്മാർട്ട് ആയി കാണപ്പെട്ടു. രണ്ടാം പകുതിയിൽ ക്ളൈമാക്സിനോടടുത്തു വന്നു ശരിക്കും ഞെട്ടിച്ചു കളഞ്ഞു. നല്ല തകർപ്പൻ പെർഫോമൻസ്. വില്ലന് ഇപ്പോഴും നായകൻറെ അടി കിട്ടാനാണാല്ലോ വിധി. അദ്ദേഹത്തിന് ചിലപ്പോൾ ഈ റോൾ മുന്പോട്ടുള്ള പാതയിൽ ഒരു മുതൽക്കൂട്ടാകും എന്നു വിശ്വസിക്കുന്നു.

യോഗി ബാബു, മൊട്ട രാജേന്ദ്രൻ, സതീഷ്, പിന്നെ തമിഴ് സിനിമയിലെ സ്ഥിരം അമ്മയായ വിനോദിനി എന്നിവർ ശിവയുടെ കൂടെ തന്നെ കോമഡി ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തു. എല്ലാവരും മികച്ചു നിന്നുവെങ്കിലും എടുത്തു പറയേണ്ടത് യോഗി ബാബു ആണ്. ആൾ അസാധ്യ കൗണ്ടർ ആയിരുന്നു.
സംവിധായാകൻ ആയ കെ.എസ്. രവികുമാർ ഒരു ചെറിയ റോളിൽ വരുന്നുണ്ട്, അദ്ദേഹവും നിരാശനാക്കിയില്ല.

തന്റെ ആദ്യ സിനിമ നല്ല രീതിയിൽ തന്നെ സംവിധാനം ചെയ്തിട്ടുണ്ട് ഭാഗ്യരാജ് കണ്ണൻ. ഒരു നിമിഷം പോലും ലാഗ് അടിപ്പിച്ചില്ല എന്നു മാത്രം അല്ല ശോകസീനിൽ വരെ ഒരു ചെറിയ നർമം കൊണ്ട് വരുന്നുണ്ട് (പണ്ട് മലയാളത്തിൽ വൺ മാൻ ഷോ എന്ന ചിത്രത്തിലും ഇതേ ഒരവസ്ഥ ഉണ്ടായിരുന്നു). പക്ഷെ എറ്റവും വലിയ ഒരു പോരായ്മ ചിത്രത്തിന് എടുത്തു പറയാൻ പറ്റിയ ഒരു കഥ ഇല്ല എന്നതാണ്. മേക്കിങ്ങും കോമഡിയും  പാട്ടുകളും കൊണ്ടൊക്കെ ആ വിടവ് നികത്താൻ  സംവിധായകൻ പരമാവധി ശ്രമിച്ചിട്ടുമുണ്ട്. അതിലദ്ദേഹം വിജയം കണ്ടു എന്ന് വേണം പറയാൻ.

സംഗീതം കൈകാര്യം ചെയ്തത് അനിരുദ്ധ് രവിചന്ദർ. പാട്ടുകൾ സീനുകളുടെ കൂടെ പോയത് കൊണ്ട് കുഴപ്പമില്ലായിരുന്നു. പക്ഷെ കുറെയേറെ പാട്ടുകൾ അരോചകവും ചിത്രത്തിൻറെ നീളം കൂട്ടുകയും ചെയ്തു. ശാന്തമായ സന്ദർഭങ്ങളിൽ നല്ല പശ്ചാത്തല സംഗീതവും മാസ് സീൻ വരുമ്പോൾ ചെവിയുടെ ഡയഫ്രം തകർക്കുന്ന കോലാഹലം ആണ്. തീർത്തും അരോചകം ആയിരുന്നു.
ഇത്രയും ചിത്രങ്ങൾ കഴിഞ്ഞിട്ടും ഇത്ര നോയിസി ആയിട്ട് സംഗീതം കൊടുക്കുന്ന ഒരു സംഗീത സംവിധായകൻ ഇല്ലെന്നു തോന്നുന്നു. ഒരു ശരാശരി നിലവാരം മാത്രമേ പുലർത്തിയുള്ളൂ. ഇതായിരുന്നു ചിത്രത്തിൽ എന്റെ കാഴ്ചപ്പാടിൽ പോരായ്മ തോന്നിയ വിഭാഗം.
ആക്ഷൻ തരക്കേടില്ലായിരുന്നു. പക്ഷെ മാട്രിക്സ് ശൈലിയിലുള്ള ആക്ഷൻ രംഗങ്ങൾ ഒക്കെ ഒഴിവാക്കാം എന്നു തോന്നി.

ആസ്വാദന നിലവാരം വെച്ച് ഞാൻ റെമോ എന്ന ചിത്രത്തിന് കൊടുക്കുന്ന മാർക്ക് 7.6 ഓൺ 10

ഒരു മുഴുനീള കോമഡി ചിത്രമാണ് റെമോ. കൗണ്ടറുകളും ചിരിക്കാൻ ഉതകുന്ന പല സന്ദര്ഭങ്ങളും ചിത്രത്തിൽ ഉടനീളം ഉണ്ട്. നിങ്ങൾ ലോജിക് ഒന്നും മനസ്സിൽ ചിന്തിക്കാതെ കാണുവാണെങ്കിൽ നിങ്ങളെ ഈ ചിത്രം ഒട്ടും നിരാശപ്പെടുത്തുകയില്ല. 

194. Mirzya (2016)

മിർസിയ (2016)



Language : Hindi
Genre : Action | Drama | Fantasy | Musical | Romance
Director : Rakesh OmPrakash Mehra
IMDB : 5.7


സ്പോയിലറുകൾ ഉണ്ട്, ക്ഷമിക്കുക..

രാകേഷ് ഓംപ്രകാശ് മെഹ്‌റ, ഞാൻ ഏറ്റവും അധികം ബഹുമാനിക്കുന്ന ഒരു സിനിമാപ്രവർത്തകൻ ആണ്. തന്റെ ആദ്യ ചിത്രമായ രംഗ് ദേ ബസന്തിയിൽ തുടങ്ങിയ ഇഷ്ടം ദില്ലി 6 കണ്ടപ്പോഴും ഭാഗ് മിൽഖാ ഭാഗ് കണ്ടപ്പോഴെല്ലാം അദ്ദേഹത്തിനോടുള്ള ഇഷ്ടവും ബഹുമാനവും കൂടി കൂടി വന്നു. പ്രസിദ്ധമായ മിർസാ സാഹിബാൻ പ്രണയകഥയെ ആസ്പദമാക്കി ഇതിഹാസ എഴുത്തുകാരൻ ഗുൽസാറിനൊപ്പം മിർസിയ എന്ന ചിത്രം പുറത്തിറക്കുന്നു കേട്ടപ്പോഴുള്ള ആഹ്ളാദം പറഞ്ഞറിയിക്കുന്നതിനും മേലെ ആയിരുന്നു. ട്രെയിലറും പാട്ടുകളും ആ ആഹ്ളാദത്തിനു ആക്കം കൂട്ടി.

രണ്ടു കഥകളാണ് ചിത്രത്തിൽ ഒരേ സമയം പറഞ്ഞു പോകുന്നത്. മിർസാ സാഹിബാൻ കഥയും (പഴയ കാലഘട്ടം), പിന്നെ ആധുനിക കാലഘട്ടത്തിലെ കരൺ-സുചിത്ര-മിർസ (മോനിഷ) എന്നിവരുടെ പ്രണയകഥയും.
മിർസ-സാഹിബാൻ കഥ ഞാൻ അധികം വിവരിക്കുന്നില്ല.. മോനിഷും സുചിത്രയും കുട്ടിക്കാലം മുതൽക്കു തന്നെ ഒരുമിച്ചു കളിച്ചു വളർന്നവർ ആണ്. സുഹൃദ്ബന്ധത്തിലും മേലെ ആയിരുന്നു അവരുടെ ബന്ധം എന്നൂഹിക്കാം. പക്ഷെ ഒരു പ്രത്യേക കാരണം മൂലം മോനിഷിനു ജയിലിൽ പോകേണ്ടി വരുന്നു അവിടെ രണ്ടു പേരും പിരിയുകയാണ്. അവിടുന്ന് രക്ഷപെട്ടു അവൻ ഒരു കൊല്ലന്മാരുടെ താഴ്വരയിൽ എത്തുന്നു. അവിടെ ഒരു മുസ്‌ലിം കുടുംബം അവനെ ആദിൽ മിർസ എന്ന് പേരിട്ടു വളർത്തുന്നു. അവിടെ രാജകുടുംബത്തിൽ കുതിരക്കാരനായി ജോലിയും ചെയ്യുന്നു. അവിടെ വെച്ച് തന്റെ ബാല്യകാലത്തിൽ നഷ്ടപ്പെട്ടു പോയ സഖിയെ കണ്ടു മുട്ടുന്നു (എന്ന് പറയാൻ കഴിയില്ല) കാരണം മിർസയ്ക്കറിയാം അവളുടെ കല്യാണം രാജകുമാരന് വേണ്ടി ഉറപ്പിച്ചു വെച്ചിരിക്കുന്നതാണ് എന്ന്). കൂടാതെ കരണും സുചിത്രയും പ്രണയബദ്ധരുമാണ്.  അവൻ ദൂരെ നിന്നും അവളെ കണ്ടു കൊണ്ടേയിരുന്നു. ഒരു സുപ്രഭാതത്തിൽ അവൾ അറിയുന്നു തനിക്കു നഷ്ടപ്പെട്ടു പോയ ബാല്യകാല സുഹൃത്താണ് തന്റെ മുന്നിൽ നിൽക്കുന്ന ആദിൽ മിർസ എന്ന്. അത്രയും നാളും സ്നേഹിച്ച കിരണിനെ ഒറ്റ നിമിഷം കൊണ്ട് തൂക്കിയെറിഞ്ഞു ആദിലിന്റെ കൂടെ  പോകാൻ അവൾ ആഗ്രഹിക്കുന്നു. പിന്നീട് നടക്കുന്നതെല്ലാം എതൊരു കൊച്ചു കുട്ടിക്കും പ്രവചിക്കാൻ കഴിയുന്നതാണ്.

സിനിമ തുടങ്ങി, ചിത്രത്തിൻറെ ടൈറ്റിൽ കാർഡ് എഴുതുന്നതിൽ കൂടി വ്യത്യസ്തതയോടെ മികവ് പുലർത്തി. പ്രാചീന കാലഘട്ടത്തിലെ ഒരു രണവേദിയാണ് ആദ്യം കാണിക്കുന്നത്. ഉള്ളത് പറയാം, കിടിലൻ ക്യാമറവർക്കും ഗ്രാഫിക്‌സും അതിലേറെ സ്റ്റൈലിഷ് എക്സിക്ക്യൂഷനും. പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതില്ലല്ലോ.. അത്രയ്ക്ക് ആവേശം നൽകും, പെട്ടെന്ന് തന്നെ ആധുനിക കാലഘട്ടം കാണിച്ചു. ആദ്യം കരുതി ഇതൊരു മഗധീരയുടെ വേർഷൻ ആണോ എന്ന്. ഒരു ഇരുപതു മിനുട്ട് കഴിയുന്നതോടെ ചിത്രത്തിൻറെ തുടക്കത്തിൽ കിട്ടിയ ആവേശം പെട്ടെന്ന് തന്നെ കേട്ട് പോയി.. വളരെ അധികം മെല്ലെപ്പോക്കാകുന്നു. ക്ഷമയുടെ നെല്ലിപ്പലക കാണിക്കുന്ന സിനിമയായി മാറാൻ അധികം താമസം വേണ്ടി വന്നില്ല. മിർസ സാഹിബാന്റെ കഥ ഒരു ദൃശ്യ വിരുന്നായി തന്നെ സംവിധായകൻ ഒരുക്കിയിട്ടുണ്ട്. പക്ഷെ ആധുനിക കാലത്തിലെ കഥയ്ക്ക് ഒരു ന്യായീകരണം നൽകാൻ കഥാകൃത്തിനും സംവിധായകനും കഴിഞ്ഞില്ല എന്നത് വിരസമായ ഒരു സിനിമയാക്കി മാറ്റി.  ഒരിക്കൽ പോലും ആധുനിക കാലത്തു ആവിഷ്കരിച്ചിരിക്കുന്ന പ്രണയത്തിനു യാതൊരു വിധ ന്യായീകരണവും അർഹിക്കുന്നില്ല. അത് കണ്ടു കഴിയുമ്പോൾ നിങ്ങൾക്കും മനസിലാവും.

ഹർഷവർധൻ കപൂറിന്റെ അരങ്ങേറ്റം മികച്ചതാണെങ്കിലും, ഒരു ഹിറ്റ് നൽകാൻ കഴിയുമോ എന്ന് സംശയമാണ്. താടിയും മീശയും എടുത്തു കഴിഞ്ഞാൽ ഒരു സ്ത്രീയുടെ മുഖമാണ് ഹർഷയ്ക്ക്. സൈയാമി ഖേർ മോഡേൺ വേഷങ്ങൾ ഭയങ്കര സുന്ദരിയായി തോന്നി പക്ഷെ സാഹിബയായിട്ടു അത്ര പോരായെന്നു തോന്നി. രണ്ടു പേരും പുതുമുഖം ആണ് എന്നത് തോന്നുകയേ ഇല്ല, നല്ല അഭിനയം കാഴ്ച വെച്ചു. അനുജ് ചൗധരി അവതരിപ്പിച്ച കരൺ എന്ന കഥാപാത്രവും നന്നായിരുന്നു.

ഗുൽസാർ എന്ന അനുഗ്രഹീത എഴുത്തുകാരന്റെ തൂലികയിൽ എങ്ങിനെ ഈ ചിത്രത്തിൻറെ കഥ പിറന്നു എന്നാണു എനിക്ക് സംശയം. സംവിധായകൻ ആയ മെഹ്‌റ ചിത്രം ഞാൻ പറഞ്ഞുവല്ലോ പ്രാചീന കാലത്തെ കഥ വളരെ മികച്ച രീതിയിൽ ആവിഷ്കരിച്ചിരിക്കുന്നുവെങ്കിലും പുതിയ കാലത്തെ കഥയ്ക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തിരിക്കുന്നത്. ഒരു സംഗീത സാന്ദ്രമായ പ്രണയകഥയാണെങ്കിലും പലപ്പോഴും ചിത്രത്തിൻറെ വേഗതയെ കഥയും തിരക്കഥയും പുറകോട്ടടിക്കുന്നുണ്ട്. സംഗീതം നന്നായിരുന്നു, രണ്ടു മൂന്നു ഗാനങ്ങൾ മികച്ചു നിന്നു, പക്ഷെ മൊത്തത്തിൽ ശരാശരി നിലവാരം മാത്രമേ പുലർത്തിയുളളൂ. പശ്ചാത്തല സംഗീതം നന്നായിരുന്നു, അവിടെയും ചില സന്ദർഭങ്ങളിൽ ഉള്ളത്, എവിടെയൊക്കെയോ കേട്ടു മറന്ന ഈണങ്ങൾ ഓർമ്മിപ്പിച്ചു.
ഇടയ്ക്കു ഒരു പുലിയെ കാണിക്കുന്നുണ്ട്, അത് ഗ്രാഫിക്സ് ആണോ അതോ ശരിക്കുമുള്ളതാണോ എന്ന് സംശയിച്ചു പോകും. അത്രയ്ക്ക് മികച്ച ഗ്രാഫിക്സ്. യുദ്ധം ഒക്കെ മികച്ചു നിന്നു.

മൊത്തത്തിൽ പറഞ്ഞാൽ ഇടവേളയില്ലാത്ത ഈ സിനിമ കണ്ടു മുഴുമിപ്പിക്കാൻ ഒരു സാധാരണ പ്രേക്ഷകൻ ഇത്തിരി കഷ്ടപ്പെടും എന്നാണു എന്റെ ഒരു വിലയിരുത്തൽ.

ഈ പാളിപ്പോയ പ്രണയകാവ്യത്തിന് ഞാൻ നൽകുന്നതു 04 ഓൺ 10.

വെറും 35 കോടിയിൽ മികച്ച രീതിയിൽ (പ്രാചീന കാലം) കഴിഞ്ഞ രാകേഷ് ഓംപ്രകാശ് മെഹ്‌റയ്‌ക്കു ഒരു ബാഹുബലിയോ ഒക്കെ നിർമ്മിച്ച മുതൽ മുടക്കുണ്ടെങ്കിൽ ഒരു ബ്രഹ്മാണ്ഡ സിനിമ ഒരുക്കാൻ കഴിയും എന്നതിൽ യാതൊരു തർക്കവുമില്ല.
ചിത്രം കാണണം എന്ന് നിർബന്ധമുള്ളവർ ഡിവിഡി ഇറങ്ങുമ്പോൾ കാണുന്നതാവും അഭികാമ്യം.

Tuesday, October 4, 2016

193. Deep Water Horizon (2016)

ഡീപ് വാട്ടർ ഹൊറൈസൺ (2016)



Language : English
Genre : Action | Drama | Thriller
Director : Peter Berg
IMDB : 7.6

Deep Water Horizon Theatrical Trailer




അമേരിക്ക കണ്ട ഏറ്റവും വലിയ ഓയിൽ ദുരന്തം ആണ് ഡീപ് വാട്ടർ ഹൊറൈസൺ ഓയിൽ സ്പിൽ (DeepWater Horizon Oil Spill Disaster). 2010ൽ നടന്ന ഈ സംഭവം അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ വാതക ചോർച്ചയും അത് പോലെ പാരിസ്ഥിതിയിലെ ഏറ്റവും കൂടുതൽ നാശം വിതച്ച ദുരന്തമാണ് മെക്സിക്കൻ ഗൾഫിലെ ഡീപ് വാട്ടർ ഹൊറൈസണിലുണ്ടായതു. 11 പേർ കൊല്ലപ്പെടുകയും 17 പേർക്ക് ഗുരുതരമായി പരിക്കേൽക്കപെടുകയും ചെയ്തു. പണക്കൊതിയന്മാരായ മേലാളന്മാരുടെ അനാസ്ഥ മൂലം ഉണ്ടായ ഈ കൊടിയ വിപത്തിന്റെ നേർ ആഖ്യാനം ആണ് പീറ്റർ ബെർഗ് സംവിധാനം ചെയ്ത ഡീപ് വാട്ടർ ഹൊറൈസൺ എന്ന ചിത്രം.

ന്യൂ യോർക്ക് ടൈംസിൽ വന്ന ഒരു ആർട്ടിക്കിളിനും ഓയിൽ സ്പിൽ ദുരന്തത്തിനും ആധാരമാക്കിയാണ് സംവിധായകനായ പീറ്റർ ബർഗും എഴുത്തുകാരായ മാത്യു സാൻഡും മാത്യു മൈക്കൽ കാർണാഹാനും ഈ സിനിമ തയാറാക്കിയിരിക്കുന്നത്. കേന്ദ്രകഥാപാത്രങ്ങളായ ചീഫ് ഇലക്ട്രിക്കൽ ടെക്‌നീഷ്യനായ മൈക്ക് വില്യംസിന്റെയും ഓപ്പറേഷൻ മാനേജരായ ജിമ്മി ഹാരലിൻറെയും റിഗ് ജോലിക്കാരി ആൻഡ്രിയ ഫ്‌ളേറ്റാസിൻറെയും കണ്ണിലൂടെ ആണ് ചിത്രത്തിൻറെ കഥ പറഞ്ഞു പോകുന്നത്. യഥാർത്ഥ ജീവിതത്തിലെ നായകനായ മൈക് വില്യംസ് ആണ് പ്രധാന കഥാപാത്രം. ബിപി (ബ്രിട്ടീഷ് പെട്രോളിയം) ജോലിക്കാരനായ ഡൊണാൾഡ് വിഡ്രിൻ എടുക്കുന്ന ഒരു തെറ്റായ തീരുമാനം മൂലം ഉണ്ടാകുന്ന സ്ഫോടനം ആണ് കൈകാര്യം ചെയ്തിരിക്കുന്ന കാതലായ വിഷയം.

ദുരന്തചിത്രങ്ങൾ ചിത്രീകരിക്കാൻ ഹോളിവുഡിന്റത്രയും വേറെ ഒരു ഇന്ഡസ്ട്രിക്കും കഴിയില്ല എന്ന് അടിവരായിട്ടിരിക്കുന്ന ചിത്രം. അത്ര ഹൃദ്യവും അതെ പോലെ ഫലപ്രദമായ ഒരു ആഖ്യാനം ആയിരുന്നു. ആദ്യ മുപ്പതു മിനുട്ട് ഓരോ കഥാപാത്രങ്ങളെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതു കൂടാതെ തന്നെ റിഗ്ഗിൽ സംഭവിക്കുന്ന പല കാര്യങ്ങളും ഉൾപ്പെടുത്തിയത് കൊണ്ട് കാണുന്ന പ്രേക്ഷകന് യാതൊരു മുഷിപ്പും തോന്നുകയില്ല.. മറിച്ചു, എല്ലാ കഥാപാത്രങ്ങളെയും പറ്റി ശരിക്കും അറിയാനും കഴിഞ്ഞു. ഇവരാരും, ഒരു പേപ്പറിലോ പേനയിലോ എഴുതിയുണ്ടാക്കിയ കഥാപാത്രങ്ങളല്ലല്ലോ.. അത് കൊണ്ട് തന്നെ അതിന്റേതായ ആകാംഷയും ഉണ്ടായിരുന്നു. പക്ഷെ കൂടുതൽ ആഴത്തിൽ ഇറങ്ങിക്കിച്ചെന്നില്ല എന്നത് ഒരു പോരായ്മയായി തോന്നി.

ഒരു ഡ്രില്ലിങ് റിഗ്ഗിൽ എന്താണ് സാധാരണ നടക്കുന്നതെന്ന് ചിത്രത്തിൽ കാണിക്കാതെ പെട്ടെന്ന് തന്നെ സ്ഫോടനം എങ്ങിനെ ഉണ്ടാകുന്നു എന്ന് വളരെ വ്യക്തമായി തന്നെ കാണിക്കുന്നു. ഗ്രാഫിക്സ് വളരെയധികം മികച്ചു നിന്നു. എങ്ങിനെയാണ് റിഗ്ഗിലെ പൊട്ടിത്തെറി ഉണ്ടാകുന്നതെന്ന് ഒരു ചെറിയ ഉദാഹരണം ചിത്രത്തിൻറെ തുടക്കത്തിൽ കാണിച്ചു തരുന്നുണ്ട്. അത് സംവിധായകന്റെ ആ ബുദ്ധിയെ ഞാൻ പ്രശംസിക്കുന്നു. ഒരു സിംബോളിക് അപ്പ്രോച്..

സ്ഫോടനം നടന്നു കഴിയുമ്പോൾ ഒരു ഡ്രാമ മോഡിൽ പോകുന്ന ചിത്രം വളരെ പെട്ടെന്ന് തന്നെ ടോപ് ഗിയറിൽ എത്തുന്നു. പിന്നീട് ഞരമ്പ് വരെ തണുത്തു പോകുന്ന ത്രില്ലിംഗ് അനുഭവമാണ് ചിത്രം നൽകുന്നത്. ഒരു യഥാർത്ഥ സംഭവം മുൻപിൽ കാണുന്ന പ്രതീതിയോടു ചിത്രം നമ്മുടെ മുൻപിൽ അവതരിക്കപ്പെടുന്നു. ഒന്രിഖ് ഷെഡിയാക് ചലിപ്പിച്ച ക്യാമറ മികച്ചതായിരുന്നു. ഒരേ പോലെ എരിയൽ ഷോട്ടുകളും  ഗ്രൗണ്ട് ഷോട്ടുകളും ക്ളോസപ്പ് ഷോട്ടുകളും നല്ല രീതിയിൽ മിശ്രണം ചെയ്തിരിക്കുന്നു. ശബ്ദമിശ്രണവും മികച്ചു നിന്നു. ഹാൻസ് സിമ്മറിന്റെ കൂടെ സംഗീതം കൈകാര്യം ചെയ്തിട്ടുള്ള സ്റ്റീവ് ജെബ്ലോസ്കി ആണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിനൊരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നുണ്ട്.

മാർക് വാൾബെർഗ്, കർട്ട് റസൽ, ജിയാ റോഡ്രിഗസ്, ധില്ലൻ ഓ ബ്രിയാൻ, കേറ്റ് ഹഡ്സൻ, ജോൺ മാൽക്കോവിച് തുടങ്ങിയ ഒരു നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്. എല്ലാവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പ്രത്യേകിച്ച് മാർക്, കർട്ട് റസൽ, ധില്ലൻ എന്നിവർ. വില്ലൻ കഥാപാത്രം എന്ന് വിശേഷിപ്പിക്കാവുന്ന ഡൊണാൾഡിനെ അവതരിപ്പിച്ചത് ജോൺ.

ചുരുക്കത്തിൽ പറഞ്ഞാൽ ദുരന്തം പ്രമേയം ആയി എടുത്ത ഒരു കിടിലൻ ത്രില്ലർ.. തീയറ്ററിൽ നിന്നും കണ്ടാൽ ശരിക്കും എഫക്ടീവ് ആയ ഒരു ഫാസ്റ് പേസ്ഡ് ത്രില്ലർ.

എൻറെ റേറ്റിങ് 08.70 ഓൺ 10

എൻഡ് ക്രെഡിറ്റുകളിൽ ശരിക്കുമുള്ള ആളുകളുടെ ഫോട്ടോകൾ കാണിച്ചപ്പോൾ ഒരു വല്ലാത്ത രോമാഞ്ചം ഉണ്ടായി. ഒറ്റ ചോദ്യം മനസ്സിൽ കൂടി മിന്നി മറഞ്ഞു. ഒരു മനുഷ്യന് ഇത്രയും ധീരത ഉണ്ടാവുമോ???