തുംഹാരി സുലു (2018)
Language :Hindi
Genre : Comedy | Drama | Family
Director : Suresh Triveni
IMDB : 7.0
Tumhari Sulu Theatrical Trailer
ഹലോ..
നിങ്ങളുടെ രാത്രികൾ ഉറക്കമില്ലാതാക്കാൻ,
നിങ്ങളുടെ സ്വപ്‌നങ്ങൾ അലങ്കരിക്കാൻ,
ഞാൻ സുലു.
ഹൃദയത്തിൻറെ ബട്ടൺ നിങ്ങളുടെ ഫോണിൽ അമർത്തി എന്നോട് സംസാരിക്കൂ..
എന്താ സംസാരിക്കില്ലേ??
ഈ സംഭാഷണം വിദ്യാ ബാലൻ സുലു എന്ന കഥാപാത്രത്തിലൂടെ ഉരുവിടുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക ആകർഷണീയത അനുഭവപ്പെടും. ആ ശബ്ദത്തിലൂടെ പകരുന്ന ഫീൽ, മുഖത്തുള്ള ഭാവം, ശരീര ഭാഷ.. ഓരോ സീനിലും എല്ലാം സമന്വയിപ്പിച്ചു കൊണ്ട് വന്നു വിദ്യാ ബാലൻ. ഒരു മികച്ച നടി തന്നെയാണു എന്നു അരക്കെട്ടുറപ്പിക്കുന്ന പ്രകടനം. സത്യം പറഞ്ഞാൽ വിദ്യാ ബാലൻ ഇതു വരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ എന്നെ വളരെയധികം സ്വാധീനിച്ച ഒരു കഥാപാത്രം കൂടിയായി മാറി.
ഇപ്പോഴും വലിയ വലിയ സ്വപ്‌നങ്ങൾ കാണുന്ന അത് പോലെ ജീവിതത്തിൽ എന്തെങ്കിലും വലിയ കാര്യങ്ങൾ ചെയ്യണം എന്ന് ആഗ്രഹമുള്ള ഒരു മിഡിൽ ക്ലാസ് കുടുംബത്തിലെ വീട്ടമ്മ ആണ് സുലോചന എന്ന സുലു. സ്‌കൂളിൽ പഠിക്കുന്ന മകനും ഒരു തയ്യൽക്കടയിൽ ജോലിയുള്ള ഭർത്താവുമായി സുന്ദരമായി കുടുംബ ജീവിതം നയിക്കുന്നു. ഒരു ദിവസം RJ ആയി മാറുകയും അതിലൂടെ അവരുടെ ജീവിതത്തിലും കുടുംബത്തിലും ഉണ്ടാകുന്ന മാറ്റവുമാണ് സുരേഷ്ത്രിവേണി കഥയെഴുതി സംവിധാനം ചെയ്യുന്ന തുംഹാരി സുലുവിലൂടെ പറയുന്നത്.
സിനിമയുടെ നാഡിയും ജീവസ്വാഹ്വാസവുമാണ് സുലുവായി ജീവിച്ച വിദ്യാ ബാലൻ. ഈ അടുത്തു ഇത്ര CUTE & SMART പ്രകടനം ഒരു സ്ത്രീ കഥാപാത്രത്തിൽ നിന്നും കണ്ടിട്ടില്ല. അത്രയ്ക്ക് മികച്ചു നിൽക്കുന്ന പ്രകടനം. ഇടയ്ക്കിടയിൽ ചോർന്നു പോകുന്ന എനർജി വിദ്യാ ബാലൻ തന്നെ തന്റെ ആകർഷകമായ പ്രകടനത്തിലൂടെ കൈ പിടിച്ചുയർത്തുന്നുണ്ട്. ചില സീനുകളിലെ അവരുടെ പ്രകടനം കാണുമ്പോൾ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുക്കാൻ തോന്നിപ്പോയി.
സുലോചനയുടെ ഭർത്താവ് അശോക് ആയി മാനവ് കൗൾ വേഷമിട്ടു. PERFECT CASTING എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന കഥാപാത്രം. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള മാനവ് തൻ്റെ റോൾ മികച്ചതാക്കി എന്ന് നിസംശയം പറയാം. അത് പോലെ തന്നെ സുലു-അശോക് ദമ്പതികളുടെ മകനായി വേഷമിട്ട അഭിഷേക് ശർമ്മ. വിപ്ലവകാരിയായ കവിയും ഷോ പ്രൊഡ്യൂസറുമായി (പങ്കജ്) വേഷമിട്ട വിജയ് മൗര്യ തകർപ്പൻ പ്രകടനം ആണ് കാഴ്ച വെച്ചത്. പ്രത്യേകിച്ച് സുലുവുമായുള്ള കോംബോ ഒക്കെ വളരെയധികം ചിരി പടർത്തുന്നതായിരുന്നു. നേഹ ധൂപിയ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചു. അധികം വെല്ലുവിളി ആ കഥാപാത്രം കൊടുത്തില്ല എന്നത് കൊണ്ട് തന്നെ മോശമല്ലാത്ത രീതിയിൽ അവർ കൈകാര്യം ചെയുകയും ചെയ്തു. ചെറിയ റോളുകളും മറ്റും അവതരിപ്പിച്ചു കൊണ്ട് നിരവധി കലാകാരന്മാർ ഉണ്ടായിരുന്നു, അവർ തങ്ങൾക്കു കിട്ടിയ കഥാപാത്രങ്ങളെ മികച്ച രീതിയിൽ അവതരിപ്പിച്ചു.
ഒരു കാഥാകാരൻ തന്നെ സംവിധായകൻ ആയാലുള്ള ഗുണം ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്. എത്ര വ്യക്തമായി തങ്ങളുടെ മനസ്സിൽ വിരിയുന്ന ഭാവനയെ അഭ്രപാളിയിൽ മനോഹരമായി എത്തിക്കാൻ കഴിയുമെന്നതാണ് അവരുടെ മികച്ച ഗുണം. ഇവിടെ സുരേഷ് ത്രിവേണി രണ്ടു ജോലിയും ഒറ്റയ്ക്ക് ചെയ്തത് കൊണ്ട്, ഒരു ഫീൽ ഗുഡ് ചിത്രം നമുക്ക് ലഭിച്ചു. സംഭാഷണങ്ങൾ നല്ല രീതിയിൽ തന്നെ എഴുതുകയും അത് നിറവേറ്റുകയും ചെയ്തു.
നിരവധി സംഗീതജ്ഞർ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകി.ഗുരു റാന്തവായുടെ ഹിറ്റ് ഗാനം ആയ തു മേരി റാണി "ബൻ ജാ റാണി" ആയി ചിത്രത്തിലുണ്ട്. കേൾക്കാൻ ഇമ്പവും എന്നാൽ അല്പം തമാശ നിറഞ്ഞ ഒരു ഗാനമാണ്, എനിക്ക് ഒത്തിരി ഇഷ്ടപ്പെടുകയും ചെയ്തു. തനിഷ്‌ക് ബഗ്ചി രണ്ടു ഗാനങ്ങളും, ശന്തനു ഘതക്, അമർത്യ രാഹുൽ ഗാനങ്ങൾക്കും സംഗീതം നൽകിയിരിക്കുന്നു. മിസ്റ്റർ ഇന്ത്യയിലെ ഹവാ ഹവാ എന്ന ഗാനത്തിന്റെ റീമിക്സ് വേർഷൻ വളരെ മനോഹരമായി തന്നെ കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. റഫു എന്ന ഗാനവും ഹൃദ്യമാണ്.
കരൺ കുൽക്കർണി ആണ് ചിത്രത്തിൻറെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. തൻ്റെ ജോലി 101 ശതമാനവും അദ്ദേഹം മികച്ച രീതിയിൽ നിർവഹിച്ചിട്ടുണ്ട്. ഒരു ഫാമിലി ഡ്രാമയ്ക്കു പശ്ചാത്തല സംഗീതം ഒരു പ്രേക്ഷകൻറെ മനസ്സിൽ ആഴത്തോളം സ്പര്ശിക്കണം, അങ്ങിനെ സ്പർശിച്ചാൽ ആ സംഗീത സംവിധായകന്റെ വിജയം തന്നെയാണ്. അതിൽ അദ്ദേഹം വിജയിച്ചിട്ടുമുണ്ട്.
സൗരഭ് ഗോസ്വാമിയുടെ ക്യാമറവർക്ക് മികച്ചു നിന്ന് എന്ന് നിസംശയം പറയാൻ കഴിയും. ഇൻഡോർ ആണെങ്കിലും ഔട്ട്ഡോർ ആണെങ്കിലും ലൈറ്റിങ് ഒക്കെ മനോഹരമായി ഒരുക്കി ഒരു മികച്ച ദൃശ്യവിരുന്നൊരുക്കി. ശിവകുമാർ പണിക്കരുടെ കത്രികയും നല്ല പോലെ പണിയെടുത്തു. ഒരു നിമിഷം പോലും നമ്മെ ബോറടിപ്പിക്കാതെ തന്നെ അദ്ദേഹം വെട്ടി ഒട്ടിച്ചു.
മൊത്തത്തിൽ പറഞ്ഞാൽ, വിദ്യാ ബാലൻ എന്ന നടിയുടെ സുരേഷ് ത്രിവേണിയുടെ ഒരു മികച്ച ഫാമിലി ചിത്രമാണ് തുംഹാരി സുലു.
A Feel Good Entertainer that will give you mixed emotions
and you will be smiling even after the movie.
എൻറെ റേറ്റിംഗ് 08 ഓൺ 10
ജ്യോതികയെ വെച്ച് ഈ വർഷം തന്നെ ഈ സിനിമയുടെ റീമേക്ക് വരുന്നു എന്നറിയാൻ കഴിഞ്ഞു. കാട്രിൻ മൊഴി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാധാ മോഹൻ ആണ്. വിദ്ധാർഥ് ജ്യോതികയുടെ ഭർത്താവ് കഥാപത്രം ചെയ്യും. സംഗീതം നൽകുന്നത് എ ആർ റഹ്‌മാന്റെ അനന്തിരവനായ എ.എച്. കാഷിഫ് ആണ്. വിദ്യ അനായാസമായി ചെയ്തു ഫലിപ്പിച്ച ആ കഥാപാത്രം ജ്യോതിക എങ്ങിനെ ചെയ്യും എന്ന് നമുക്ക് കാത്തിരുന്നു കാണാം.