Cover Page

Cover Page

Sunday, August 30, 2015

78. Thani Oruvan (2015)

തനി ഒരുവൻ (2015)





Language : Tamil

Genre : Action | Romance | Thriller
Director : Mohan Raja
IMDB Rating : 7.9


Thani Oruvan Theatrical Trailer


ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചൂഷണം ചെയ്യപ്പെടുന്ന മേഖലയാണ് ആരോഗ്യവും ചികിത്സയും. നമ്മളറിയാതെ തന്നെ, മരുന്നുകൾ തന്നും, ഇല്ലാത്ത അസുഖത്തിനു ചികിൽസിച്ചും സാധാരണക്കാരായ ജനങ്ങളിൽ നിന്നും പണവും ജീവനും പിടുങ്ങുന്ന മരുന്ന് കമ്പനികളും ആശുപത്രികളും ഡോക്ടറുമാരും ധാരാളമുണ്ട് ഈ നാട്ടിൽ ഗവണ്‍മെന്റും അധികാരികളും കണ്ണടയ്ക്കാറാണ് പതിവ്. വിദേശ മരുന്നുകളുടെ അതി പ്രസരവും എല്ലാം ഈ ചൂഷണത്തിന്റെ ഭാഗവുമാണ്. മുൻപ് പല തവണ, ഇതിന്റെ ചുവടു പറ്റി ഇന്ത്യൻ സിനിമയിൽ ചിത്രം ഇറങ്ങിയിട്ടുണ്ട്. തനി ഒരുവനും അതിൽ നിന്നും വ്യതിചലിക്കുന്നില്ല.


എം രാജ സംവിധാനം ചെയ്യുന്ന തനി ഒരുവൻ മേൽപറഞ്ഞ കാര്യങ്ങൾ തന്നെ അടിസ്ഥാനമാക്കി ചെയ്ത ഒരു ആക്ഷൻ ചിത്രത്തിലുപരി ഓരോ നിമിഷവും ഊർജ്ജിതമായ ക്രൈം ത്രില്ലർ കൂടി ആണ്. ജയം രവി, അരവിന്ദ് സ്വാമി, നയൻതാര, വംശി കൃഷ്ണ, ഗണേഷ് വെങ്കട്ടരാമൻ, നാസർ, ഹരീഷ് ഉത്തമൻ, മലയാളികളായ സൈജു കുറുപ്പ്, രാഹുൽ മാധവ് ഉൾപ്പടെ വൻ താരനിരയുള്ള ഈ ചിത്രം രചിച്ചത് രാജയും ശുഭയും ചേർന്നാണ്.


ഒരു സത്യസന്ധനായ പോലീസുദ്യോസ്ഥനായ മിത്രൻ IPS ജീവിതത്തിൽ ഒരു ലക്‌ഷ്യം മാത്രമേയുള്ളൂ. തനിക്കു ചേർന്ന എതിരാളിയെ കണ്ടു പിടിച്ചു അവനെ കീഴ്പ്പെടുത്തുക. ഒരു അതിമോഹിയായ ശാസ്ത്രജ്ഞനും ഒരു ബിസിനസുകാരനും അതെ സമയം വളരെയധികം രാഷ്ട്രീയ പിന്തുണയുമുള്ള സിധാർഥ്‌ അഭിമന്യുവിനെയാണ് മിത്രൻ തിരഞ്ഞെടുക്കുന്നത്. ഇവർ തമ്മിലുള്ള cat and mouse ഗേം ആണ് ചിത്രം. കഥയധികം വിവരിച്ചു പറയുന്നില്ല. കാരണം, അത് സിനിമ കണ്ടു അനുഭവിച്ചു തന്നറിയണം. ഒരു സീരിയസ് social element കൂടി മോഹൻ രാജ ഈ ചിത്രത്തിലൂടെ പറയാനും ശ്രമിച്ചിട്ടുണ്ട്.

ഞാൻ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമേ അവസാനം വരെയും വില്ലനും നായകനും മത്സരിച്ചഭിനയിക്കുന്നത് കണ്ടിട്ടുള്ളൂ. അതും ചില സമയങ്ങളിൽ വില്ലൻ ഒരു പടി മേലെ നില്ക്കുന്നതും ആയി തോന്നുന്നുണ്ടെങ്കിൽ അത് അരവിന്ദ് സാമി എന്ന ആളുടെ സ്ക്രീൻ പ്രസൻസും പിന്നെ ആശ്ചര്യജനകമായ അഭിനയമാണ്. അക്ഷരാർഥത്തിൽ ഞെട്ടിച്ചു കളഞ്ഞു എന്ന് തന്നെ പറയാം. ഓരോ ഡയലോഗും, അദ്ദേഹത്തിന്റെ ചേഷ്ടകളും ഒക്കെ പ്രേക്ഷകന് അത്രയ്ക്ക് സ്വാധീനം ചെലുത്തുന്നുണ്ട്. ഒരു സീൻ എടുത്തു പറയുകയാണേൽ ആശുപത്രിയിലെ ലിഫ്റ്റ്‌ സീൻ (ആരംഭം സീനിൽ ഏകദേശം ഇതേ മാതിരി ഒരു സീൻ ഉണ്ട്) എന്നിരുന്നാലും, അരവിന്ദ് സാമി ഒരു രക്ഷയുമില്ല.
ജയം രവി, 2009ൽ പുറത്തിറങ്ങിയ പേരാണ്‍മൈ എന്ന ചിത്രത്തിന് ശേഷമാണ് ഇത്രയും ശക്തമായ കഥാപാത്രം ചെയ്യുന്നത്.  മിത്രൻ IPS എന്ന റോളിൽ വില്ലനോട് കട്ടയ്ക്ക് നിന്ന്. കുറേക്കാലം ജയം രവി ചെയ്ത ഈ റോൾ എല്ലാവരുടെയും മനസ്സിൽ തങ്ങി നില്ക്കും. കിടയറ്റ കറയറ്റ പ്രകടനമായിരുന്നു ജയം രവിയുടെത്. അത് റൊമാൻസിലും സീരിയസ് റോളിലും ഒരു പതർച്ചയും കൂടാതെ തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ജയം രവി കഴിഞ്ഞ ചിത്രം വെച്ചു നോക്കുകയാണെങ്കിൽ ഒത്തിരി പക്വത വന്നിരിക്കുന്നു എന്ന് പറയാം.
നയൻതാര ആടാനും പാടാനുമുള്ള വെറുമൊരു നായികയാക്കാതെ ചിത്രത്തിലുടനീളം ഉള്ള ഒരു കഥാപാത്രം രാജ ഇതിൽ കൊടുത്തിട്ടുണ്ട്. അത് വളരെ നല്ല രീതിയിൽ തന്നെ അവർ പ്രതിഫലിപ്പിക്കുകയും ചെയ്തു. മലയാളിയായ രാഹുൽ മാധവിനും (100 DAYS Of Love ഫേം) ഗണേഷ് വെങ്കട്ടരാമാനും വളരെ നല്ല റോളുകളാണ് ചിത്രത്തിൽ നല്കിയിരിക്കുന്നത്, അത് അവർ അവിസ്മരണീയമാക്കുകയും ചെയ്തു. രാഹുലിൻറെ കുറച്ചധികം നല്ല റോൾ എന്ന് കൂടി ചേര്ക്കാം. ഈ സിനിമയിലൂടെ കടന്നു വന്ന എല്ലാ കഥാപാത്രങ്ങളും അവരുടെതായ രീതിയിലും നിർവഹിചിട്ടുമുണ്ട്. അനാവശ്യമായി ഒരു കഥാപാത്രം പോലും ചിത്രത്തിൽ കാണാൻ കഴിയുകയില്ല.  
മോഹൻ രാജാ സാധാരണ റീമേക്കുകളിലൂടിയാണ് പ്രസിദ്ധി  നേടിയെങ്കിലും, ഈ ഒരൊറ്റ ചിത്രം മതി അദ്ധേഹത്തിന്റെ വൈദഗ്ദ്ധ്യം മനസിലാക്കാൻ. ഒരു സീരിയസ് കഥയെ ഒരു 100$% പൈസ വസൂൽ എന്റർറ്റൈനറായി അഭ്രപാളിയിൽ എത്തിച്ചിട്ടുണ്ട്. രാംജിയുടെ ക്യാമറ വർക്കും വളരെയധികം നന്നായിരുന്നു. സംവിധായകൻ എന്ത് മനസ്സിൽ വിചാരിച്ചുവോ, അതങ്ങിനെ ചിലപ്പോള അതുക്കും മേലെ എത്തിച്ചിട്ടുണ്ട് രാംജി. ഒരു കത്തി സീൻ പോലുമില്ലാതെ തന്നെ മാസ് സീനുകൾ (പ്രത്യേകിച്ചും ആക്ഷൻ) കാണാൻ പറ്റി. എനിക്കൊത്തിരി ഇഷ്ടപ്പെട്ട ഒരു സീനുണ്ട് ഈ ചിത്രത്തിൽ, ബൈക്ക് സൈലൻസറിൽ വെള്ളമൊഴിക്കുന്ന സീൻ (രാജാ നിങ്ങളുടെ ആ ഐഡിയ, എവിടുന്നു കിട്ടിയതാണേലും നമിച്ചു)..
ഹിപ് ഹോപ്‌ തമിഴാ ആദി  പൊളിച്ചു. വില്ലൻറെ തീം മ്യൂസിക് ഇത്ര കിടിലൻ ആയിക്കൊണ്ട്‌ വരാൻ ആദിയ്ക്കു കഴിഞ്ഞു. ആദി, സിനിമയുടെ മൂഡ്‌ അങ്ങിനെ തന്നെ നില നിർത്തി. താൻ ഒരു റാപ്പർ മാത്രമല്ല ഒരു മാസ് പടം മൊത്തം ആവാഹിക്കാനുള്ള കഴിവുണ്ടെന്ന്  മനസിലായി.  പാട്ടുകൾ എല്ലാം നന്നായിരുന്നു. അനാവശ്യമായി കുത്തിത്തിരുകിയതായി ഒന്നും തോന്നിയില്ല.

വാൽകഷ്ണം: ഇതിൽ, ഒരു ക്യാപ്സൂൾ ഐഡിയ കൊറിയൻ ചിത്രത്തിൽ (I saw the devil) നിന്നും ചൂണ്ടിയിട്ടുണ്ട് എങ്കിലും അതൊട്ടും മോശമാക്കാതെ തന്നെ അവതരിപ്പിച്ചത് കൊണ്ട് നമുക്ക് ക്ഷമിക്കാം.

ഏറ്റവും നല്ല ശക്തനായ വില്ലൻമാരിൽ അരവിന്ദ് സാമി തീർച്ചയായും ഇടം നേടും എന്നുള്ളത് ഒരു പരമമായ സത്യം ആണ്. അതെ മാതിരി ജയം രവിയുടെ കരീരിൽ ഇതൊരു നാഴികക്കല്ലാകാനും സാധ്യത ഞാൻ ഒരിക്കലും തള്ളിക്കളയുന്നില്ല (അഭിനയപാടവം മുഴുവൻ കാണിക്കണമെങ്കിൽ ഓഫ് ബീറ്റ് ചിത്രത്തിൽ അഭിനയിക്കണം എന്നില്ല)..

A Must See COP THRILLER

എൻറെ റേറ്റിംഗ്: 8.5 ഓണ്‍ 10  

Wednesday, August 26, 2015

77. Ugramm (2014)

ഉഗ്രം (2014)


Language : Kannada
Genre : Action | Crime
Director : Prashanth Neel
IMDB Rating : 8.3

Ugramm Theatrical Trailer

കാലം ഒരിക്കലും പ്രവചിക്കാൻ പറ്റാത്ത ഒന്നാണ്. അതിൽ നല്ല കാലവും ചീത്ത കാലവും ഉണ്ടാവും, എല്ലാ മനുഷ്യരിലും ഇത് ബാധകമാണ്. ചീത്ത കാലം വരുമ്പോൾ, ഒരിക്കൽ പോലും ഓർമ്മിയ്ക്കാൻ പാടില്ലാത്ത രീതിയിൽ ആയിരിക്കും സംഭവിക്കുക. എന്നാൽ നല്ല കാലം വന്നാലോ, അത് ഒരിക്കലും മറക്കാനാവാത്ത രീതിയിൽ വരും. അതായിരുന്നു ശ്രീമുരളി എന്ന നടൻറെ കരീറും. ആദ്യ ചിത്രം തരക്കേടില്ലാതെ വിജയിച്ചതിനെ തുടർന്ന് 11 വർഷവും 13 പടവും കാത്തിരിക്കേണ്ടി വന്നു ശ്രീമുരളിയ്ക്ക് ഒരു വിജയം നൽകാൻ. ആ വിജയം, ശ്രീമുരളി എന്ന നടൻറെ കരീറിലെ തന്നെ നാഴികക്കല്ലായി മാറി. 2014ലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ഉഗ്രം വളരെയധികം നിരൂപകപ്രശംസ പിടിച്ചു പറ്റിയ ചിത്രം കൂടിയാണ്. ഈ ചിത്രം ശ്രീമുരളിയ്ക്ക് മാത്രമല്ല കന്നഡ സുന്ദരി ഹരിപ്രിയയ്ക്കും വളരെയധികം നാളിനു ശേഷം കിട്ടിയ ബ്രേക്ക് ആണ്.

നിത്യ വളരെക്കാലത്തിനു ശേഷം ഇന്ത്യയിലേക്ക്‌ തന്റെ അമ്മയുടെ കുഴിമാടത്തിൽ മര്യാദ അർപ്പിക്കാൻ വരുമ്പോൾ അവരെ, തക്കം പാര്ത്തിരുന്ന അവളുടെ അച്ഛന്റെ എതിരാളികൾ ചേർന്ന് കടത്തുന്നു. അവിടെ രക്ഷകനായി എത്തുന്നത്, വെറുമൊരു മെക്കാനിക്ക് ആയ അഗസ്ത്യ ആണ്. പിന്നീട്, നിത്യയുടെ സുഹൃത്തായ റിപ്പോർട്ടർ അഗസ്ത്യയോടു പറയുന്നു, അവളെ കുറച്ചു നാൾ അവന്റെ വീട്ടിൽ താമസിച്ചു പരിപാലിക്കണം എന്ന്. എന്നാൽ, വില്ലന്മാർ അവരുടെ താമസ സ്ഥലം അറിയുകയും, നിത്യയെ കൊല്ലാൻ വേണ്ടി ആളെ ഏർപ്പാടാക്കുകയും ചെയ്യുന്നു. എന്നാൽ, അഗസ്ത്യയെ കാണുന്ന വില്ലന്മാർ എല്ലാം തന്നെ പെടിചോടുകയാണ് ചെയ്യുന്നത്. കാരണം മറ്റൊന്നുമല്ല, അഗസ്ത്യയ്ക്ക് ആരും അറിയാത്ത ഒരു പേടിപ്പിക്കുന്ന ഭൂതകാലം ഉണ്ടായിരുന്നു. അതാണ്‌ കഥയെ വ്യത്യസ്തമാക്കുന്നത്. അത് കണ്ടു തന്നെ അറിയണം.

മാസും ക്ലാസും കൂടി ചേർന്ന ഒരു മേക്കിംഗ് ആണ് ഉഗ്രത്തിന്റെ. ആദ്യ പകുതി തരക്കേടില്ലാതെ  പോകുകയും, രണ്ടാം പകുതി ഒരു ഹൈ ഒക്ടേൻ ലെവൽ ഉള്ള ഒരു മാസ് ചിത്രമായി മാറുന്നു. ആദ്യ പകുതി കാണുമ്പോൾ നമ്മൾ അധികം പ്രതീക്ഷിക്കുകയില്ല, ഒരു ഭൂതകാലം ഉണ്ടാവും, ഒരു പ്രതികാര കഥ ഉണ്ടാവും എന്നു നമ്മൾ ചിന്തിക്കും. പക്ഷെ രണ്ടാം പകുതി തുടങ്ങുന്നത് മുതൽ പിന്നെ ഒരു കുറവും പറയാൻ കഴിയില്ല, പ്രത്യേകിച്ചും അഗസ്ത്യയുടെ ഫ്ലാഷ്ബാക്ക്. ഇവിടെ ആണ് സംവിധായകാൻ വേറിട്ട രീതിയിൽ ചിന്തിച്ചത്. ഒരു പ്രതികാര കഥയല്ല, മറിച്ചു ഒരു സുഹൃദ്ബന്ധത്തിന്റെ കഥ പറയുന്നു ഉഗ്രം. ശ്രീമുരളിയുടെ തന്നെ അളിയനായ പ്രശാന്ത് നീലിന്റെ ആദ്യ സംരഭമായ ഉഗ്രം, ഒരിക്കലും കണ്ടു കഴിഞ്ഞാൽ ഒരു പുതുമുഖത്തിന്റെ ചിത്രമാണെന്ന് തോന്നുകയില്ല. വളരെ നന്നായി തന്നെ അദ്ദേഹത്തിന്റെ ജോലി നിറവേറ്റി. കുറിയ്ക്കൊത്ത  ഡയലോഗുകളും കൊണ്ട് സമ്പന്നമാണ് ഈ ചിത്രം.ചിത്രത്തിൻറെ കളർ ടോണ്‍ എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. വയലൻസ് നല്ല അളവിൽ തന്നെ ചിത്രത്തിൽ ഉണ്ട് എന്നതിനാൽ ചിത്രത്തിൻറെ മൂഡ്‌ ന്യായീകരിക്കുന്നുണ്ട്‌. കുറെ അധികം നല്ല ഉപകഥ ചിത്രത്തിലുണ്ടെങ്കിലും, അതിൽ മുഴുവനായി കേന്ദ്രീകരിക്കാതെ മുഖ്യ കഥയിലൂടെ ആണ് ചിത്രം മുന്നേറുന്നത്. അതൊരു പോരായ്മയായി തോന്നി. പുതുമുഖമായ രവി വർമൻറെ ക്യാമറ തകർത്തു. ഒരു ആക്ഷൻ ചിത്രത്തിൻറെ ജീവനാടി കഥയാണെങ്കിൽ പ്രാണവായ ക്യാമറ ആണെന്നുള്ളത്‌ സ്ഥിരീകരിക്കുന്ന രീതിയിലുള്ള വർക്ക്.

ശ്രീമുരളി അവിസ്മരണീയമായ ഒരു പ്രകടനം ആണ് കാഴ്ച വെച്ചത്. Angry മാൻ ആയി വിലസി. ഒരു രക്ഷയുമില്ലാത്ത സ്ക്രീൻ പ്രസന്സ് ആണ് ചിത്രത്തിൽ. നോട്ടത്തിലും ഭാവത്തിലും അദ്ധേഹത്തിന്റെ കഥാപാത്രത്തിന്റെ ആഴം പ്രതിഫലിച്ചു.അത് തന്നെയാണ് ഈ ചിത്രത്തിൻറെ വിജയവും. ഹരിപ്രിയ വളരെ നന്നായിട്ടുണ്ട്. വളരെയധികം ഭംഗി ഉണ്ടായിരുന്നു അവരെ കാണാൻ. അഭിനയവും നന്നായിരുന്നു. തിലക് ചെയ്ത ബാല എന്നാ അഗസ്തയയുടെ സുഹൃത്തിന്റെ കഥാപാത്രം ചിത്രത്തിൽ മികച്ചു നിന്ന്. അതുൽ കുൽക്കർണി, അവിനാഷ് എന്നിവരും മോശമാക്കിയില്ല.

രവി ബസ്രൂർ ആണ് സംഗീതം നിർവഹിച്ചത്. ഉഗ്രൻ എന്ന് തന്നെ പറയാം. ഊർജ്ജ്വസ്വലമായ സംഗീതം തന്നെയാണ് രവി ഇതിനു കൊടുത്തിരിക്കുന്നത്. അത് കൂടി എടുത്തു പറയേണ്ടി ഇരിക്കുന്നു.


മാസ് + ക്ലാസ്
എന്തായാലും തെക്കേ ഇന്ത്യയിൽ ഈ ചിത്രത്തിൻറെ ചുവടു പിടിച്ചു ചിലപ്പോൾ ആക്ഷൻ ചിത്രങ്ങൾ വന്നു കൂടായ്കയില്ല.

എൻറെ റേറ്റിംഗ് : 7.4 ഓണ്‍ 10


 


Tuesday, August 25, 2015

76. The Man From U.N.C.L.E. (2015)

ദി മാൻ ഫ്രം അങ്കിൾ (2015)



Language : English
Genre : Action | Adventure | Comedy | Espionage
Director : Guy Ritchie
IMDB Rating : 7.6

The Man From U.N.C.L.E. Theatrical Trailer


ഗയ് റിച്ചീ ആരാണെന്ന് സിനിമാ പ്രേമികൾക്കു പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല എന്നറിയാം. 1998ൽ പുറത്തിറങ്ങിയ ലോക്ക്, സ്റ്റൊക്ക് ആൻഡ്‌ ടൂ സ്മോക്കിംഗ് ബാരൽസ് മുതൽ ഇതാ ഈ വർഷം ഇറങ്ങിയ ദി മാൻ ഫ്രം അങ്കിൾ ശ്രദ്ധിച്ചാൽ മതിയാവും അദ്ദേഹത്തിന്റെ ക്രാഫ്റ്റ്. യഥാക്രമം നർമ്മവും ആക്ഷനും മിശ്രിതം ചെയ്തു ഒരു പ്രേക്ഷകനെ എത്ത്രത്തോളം പിടിച്ചിരുത്താൻ കഴിയുമെന്നു  ഗയ്ക്ക് നന്നായി തന്നെ അറിയാം എന്ന് അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ മനസിലാവും.

1964ലെ ഇതേ പേരിലുള്ള സീരിസിനെ ആസ്പദമാക്കി ഗയ് റിച്ചിയും ലയണൽ വിഗ്രാമും  ചേർന്നെഴുതിയ ഈ ബ്രിട്ടിഷ്-അമേരിക്കൻ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിൽ എത്തിയിരിക്കുന്നത് സൂപ്പർമാനായി പേരെടുത്ത ഹെൻറി കാവിലും ദി ലോണ്‍ റേഞ്ചറിൽ നായകനായ ആർമീ ഹാമറും   പിന്നെ എക്സ് മെഷീനയിലെ അലീഷ്യ വികാണ്ടരും  ആണ്.

ഈ ചിത്രത്തിലെ കഥ 1963ൽ നടക്കുന്നതായാണ് കാണിച്ചിരിക്കുന്നത്. മുൻപ് ഒരു മോഷ്ടാവായിരുന്ന നെപ്പോളിയൻ സോളോ പിന്നീട് സിഐഎ (CIA)  ഏജൻറ് ആയി മാറി ഗാബി എന്ന പെണ്‍കുട്ടിയെ ജെർമനിയിൽ നിന്നും കടത്തുന്നു. ഗാബി നാസി ശാസ്ത്രജ്ഞനായ ഊടോ ടെല്ലറുടെ മകളാണ്. ഊടോ സമ്പന്നമായ നാസി ദമ്പതികൾക്ക് വേണ്ടി ഒരു അണ്വായുധം നിർമ്മിക്കുന്നു എന്നറിയുന്ന അമേരിക്ക, ഗാബിയിലൂടെ ഊടോയുടെ അടുത്തെത്താൻ കഴിയും എന്ന നിഗമനത്തിൽ ആണ് ഗാബിയെ തട്ടിക്കൊണ്ടു പോകുന്നത്. ഈ ആയുധം കയ്യിൽ വെച്ച് കഴിഞ്ഞാൽ അവരായിരുക്കും പിന്നെ ലോകം ഭരിക്കുന്നത്‌ എന്നുറപ്പുള്ളതിനാൽ അന്നത്തെ ശക്തമായ രാജ്യമായ റഷ്യയും അമേരിക്കയുമായി പങ്കാളികളാവുന്നു. റഷ്യൻ ഏജന്റായ ഇല്യ കുറ്യാക്കിനും നെപ്പോളിയൻ സോളോയും ഗാബിയും (നിർബന്ധിതമായി) വേഷം മാറി റോമിലേക്ക് പോകുന്നു. റഷ്യക്കും അമേരിക്കയ്ക്കും , അണ്വായുധം ഉണ്ടാക്കുന്നത്‌ തടയുക മാത്രമല്ല, ആ ഫോർമുല കൈക്കലാക്കണം എന്ന വ്യക്തമായ പ്ലാനും ഉണ്ടായിരുന്നു. അവിടെ അവരെ കാത്തിരുന്നതു പ്രതീക്ഷിക്കാത്ത പലതുമായിരുന്നു.

തികച്ചും പുരാതനമായ കഥ (പുരാതനം എന്നുദ്ദേശിച്ചത് കാലാ കാലങ്ങളായി പറഞ്ഞു വന്ന കഥ എന്നാണു) അത് cliched ആയ ഒരു കഥ അഭ്രപാളിയിൽ എത്തിക്കുന്നത് റിസ്ക്‌ തന്നെയാണ്.  ഇതൊരു പഴയ ബോംബ്‌ കതയാനെന്നരിഞ്ഞിട്ടും ഞാനീ ചിത്രത്തിന് കയറിയത് ഗയ് റിച്ചി എന്നാ ഫാക്ടർ മാത്രമാണ്. അദ്ദേഹം ശരിക്കും നിറഞ്ഞാടി എന്ന് പറയാം. ഇങ്ങനെ ഒരു കഥയെ ഹാസ്യവല്ക്കരിച്ചു ഏതൊരു പ്രേക്ഷകനെയും രസിപ്പിക്കുക തന്നെ ചെയ്തു. കൃത്യമായ ഇടവേളകളിൽ ട്വിസ്റ്റും, ടയലോഗുകളിലെയും പ്രവര്ത്തികളിലെയും താമാഷയും ഒക്കെ കൊണ്ട് ഒരു മേളം തന്നെയായിരുന്നു ചിത്രം. ചിത്രം, ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ നല്ല fast-paced ആയിരുന്നു. ഓരോ കഥാപാത്രങ്ങളും നല്ല അഭിനയം ആണ് കാഴ്ച വെച്ചത്. ഹെൻറി കാവിലും ആർമീ ഹാമറിനും തമാശ വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ അവർ തെളിയിച്ചു. രണ്ടു പേരും നിറഞ്ഞാടി. ആർമീ ഹാമറിന്റെ സ്ക്രീൻ പ്രസന്സ് അപാരം. ഹെൻറി കാവിൽ പക്ഷെ കോമഡിയിൽ ആർമിയെ മാറി കടന്നു. രണ്ടു പേരെയും തകർപ്പൻ ലുക്ക്‌ തന്നെയായിരുന്നു.. എനിക്കൊത്തിരി ഇഷ്ടമായത് അലീഷ്യ വികാണ്ടർ എന്ന നടിയെയാണ്. വളരെ ബബ്ലി ആയി നല്ല രീതിയിൽ തന്നെ കോമഡി കൈകാര്യം ചെയ്തു. വളരെ സുന്ദരിയായി തന്നെ അവരെ കാണിച്ചിട്ടുണ്ട്. മുൻ നായകനായ ബ്രിട്ടിഷ് നടൻ ഹ്യൂ ഗ്രാൻറ് ചെറുതെങ്കിലും എന്നാൽ നല്ല ഒരു വേഷത്തിൽ എത്തുന്നുണ്ട്.

സിനിമ അറുപതു കാലഘട്ടങ്ങളിൽ നടക്കുന്നതായത് കൊണ്ട് തന്നെ പാളിപ്പോക്കാൻ സാധ്യത ഉള്ള മേഖലകളാണ് സംഗീതം, ക്യാമറ പിന്നെ സെറ്റ്.  അതിൽ, സിനിമയ്ക്ക് പറ്റിയ സംഗീതം ആണ് ദാനിയേൽ പെംബെർട്ടൻ (കൗൻസെലർ, സ്റ്റീവ് ജോബ്സ്) നല്കിയിരിക്കുന്നത്. സിനിമയുടെ മൂഡ്‌ നില നിർത്താൻ സാധിച്ചു പ്രത്യേകിച്ചും പിരിമുറുക്കം ഉണ്ടാക്കുന്ന സീനുകളിൽ. ക്യാമറ വർക്കുകൾ വളരെയധികം നന്നായിരുന്നു, പ്രത്യേകിച്ചും നല്ല ഫ്രേം സെലെക്ഷനും, ടോണ്‍ സെലെക്ഷനും ആയിരുന്നു. പ്രത്യേകിച്ചും, ചേസ് സീനുകൾ ഒക്കെ വളരെ മികച്ച രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. 60 കാലഘട്ടത്തിനെ അനുസ്മരിപ്പിക്കുന്ന സെറ്റ് ആയിരുന്നു. 

തീയറ്റർ വിട്ടിറങ്ങുമ്പോൾ, മനസ്സിൽ ഒരു ആത്മസംതൃപ്തി ഉണ്ടായിരുന്നു എന്നത് ഈ സിനിമ ഉറപ്പിക്കുന്നു.

വാൽക്കഷ്ണം: മിഷൻ ഇമ്പോസിബിൾ എന്ന അതികായൻ  തീയറ്ററിൽ  തകർത്താടുമ്പോൾ ഇറങ്ങിയത്‌ അമേരിക്കയിൽ ഈ ചിത്രത്തിന് നല്ല രീതിയിൽ ദോഷം ചെയ്യും എന്നത് ഇപ്പോഴത്തെ ബോക്സോഫീസ് റിപ്പോർട്ട് വിലയിരുത്തുന്നു. എന്നാൽ ലോകമെമ്പാടും ഉള്ള കളക്ഷൻ മുതൽമുടക്ക് തിരിച്ചു പിടിയ്ക്കാൻ കഴിയും എന്ന് കരുതുന്നു.

എന്റെ റേറ്റിംഗ്: 7.8 ഓണ്‍ 10 

Monday, August 24, 2015

75. Vaasuvum Saravananum Onnaa Padichavanga (V.S.O.P.) (2015)

വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക -വി.എസ്.ഓ.പി (2015)


Language : Tamil
Genre : Comedy
Director : M. Rajesh
IMDB Rating : 6.4

Vaasuvum Saravananum Onna Padichavanga Theatrical Trailer


ഒരിക്കൽ സംവിധായകൻ രാജേഷും ആര്യയും സന്താനവും ഒരുമിച്ചപ്പോൾ "ബോസ് എങ്കിര ഭാസ്കരൻ"  എന്ന ഒരു മുഴുനീള ചിരിമഴയായിരുന്നു പ്രേക്ഷകർക്ക്‌ സമ്മാനിച്ചത്‌. അതേ ടീം വീണ്ടും വരുമ്പോൾ, സാധാരണ പ്രേക്ഷകരുടെ പ്രതീക്ഷ ചിലപ്പോൾ വാനോളമായിരിക്കും. ഡി ഇമ്മൻ ആണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ആര്യയ്ക്കും സന്താനത്തിനും പുറമേ തമന്ന, ഭാനു (മലയാളത്തിലെ മുക്ത), കരുണാകരൻ, വിദ്യുലേഖ എന്നിവരും അഭിനയിക്കുന്നുണ്ട്.

എടുത്തു പറയാനായിട്ട് പ്രത്യേകിച്ച് കഥയൊന്നുമില്ല. വാസുവും ശരവണനും ചെറുപ്പം മുതലേ ഒരുമിച്ചു കളിച്ചു വളർന്നവരാണ്. അവരുടെ ജീവിതത്തിലേക്ക് സ്ത്രീകൾ കടന്നു വരുമ്പോൾ രണ്ടു പേരുടെയും സൌഹൃദത്തിനുണ്ടാകുന്ന മാറ്റങ്ങളാണ് ചിത്രം പറയുന്നത്. അവസാനം കുറച്ചു ഉപദേശവും നൽകി കൊണ്ട് സിനിമ നിർത്തുന്നു. ഇതിനിടയിൽ കഥയുമായി ബന്ധമില്ലാത്ത രീതിയിൽ ഒരു സംബന്ധവുമില്ലാതെ എന്തൊക്കെയോ കാണിചു കൂട്ടുന്നു.  അതെ പഴയ ആ കഥ തന്നെ അതേ പഴയ വീഞ്ഞ് കുപ്പിയിൽ തന്നെ, ഒരു മാറ്റവുമില്ല.

ഈ ചിത്രത്തിന് എടുത്തു പറയാൻ വേണ്ടി, സന്താനം ആര്യയുടെ കോമഡി കോമ്പോ തന്നെയാണ്. ചില ഡയലോഗുകൾ ചിരിക്കാൻ ഉതകുന്നതു തന്നെയാണ്. എന്നാൽ ചില സീനുകൾ എല്ലാം ശരിക്കും ആരോജകം ആണ്, പ്രത്യേകിച്ചും രണ്ടാം പകുതി. എന്നിരുന്നാലും രണ്ടു പേരുടെയും പ്രകടനം കുഴപ്പമില്ല. പക്ഷെ, മിക്ക സീനുകളിലും ഇരുവരിലെ അമിതവിശ്വാസം വിനയാകുന്നത് മാതിരി തോന്നി. തമന്ന ഈ ചിത്രത്തിൽ നല്ല ബബ്ലി ആയി തോന്നി. ആ റോളിൽ അവർ നല്ല comfortable ആയി തന്നെ തോന്നി. എനിക്ക് പൊതുവെ തമന്നയെ ഇഷ്ടമല്ലെങ്കിലും, കല്ലൂരി, പയ്യ, ഊസരവല്ലിയ്ക്കും ശേഷം ഒരു റോളിൽ അവരെ ഇഷ്ടപ്പെടുന്നത് ഇതാദ്യമാണ്. വിദ്യുലേഖ രാമൻ തരക്കേടില്ലാത്ത പ്രകടനം കാഴ്ച വെച്ച്. ഈ ചിത്രത്തിൽ, ഏറ്റവും കൂടുതൽ പുറകോട്ടു വലിച്ചത് എല്ലാവരുടെയും അമിതമായ പ്രകടനമാണ്, നമ്മൾ ഈ over acting എന്ന് പറയില്ലേ. വളരെ മൃദുവായി ചെയ്യാനുള്ളത് കൂടി അമിതമാക്കി ബോറാക്കി എന്ന് പറയാം.

ഡി. ഇമ്മന്റെ ഒരു ഗാനം മാത്രമേ ഇഷ്ടപ്പെട്ടുള്ളൂ. മറ്റുള്ളതെല്ലാം നിലവാരത്തിനോത്തു വന്നില്ല എന്നത് ഉള്ള കാര്യം. ചിലപ്പോൾ മലയാളിയായത് കൊണ്ടാവാം. 

എം. രാജേഷ് സംവിധാനം ചെയ്യുന്ന എല്ലാ ചിത്രങ്ങൾക്കും ഒരേ കഥ തന്നെയാണല്ലോ, ഇതിലും മറിച്ചൊന്നും ഈ ചിത്രത്തിനും ചിന്തിക്കാൻ കഴിയില്ല. വേലയും കൂലിയും ഇല്ലാതെ നടക്കുന്ന ഒരു നായകൻ, അവനൊരു സുഹൃത്ത്‌. ഒരു പെണ്ണിനെ കാണുന്നു, അവളെ വളയ്ക്കാൻ പുറകെ നടക്കുന്നു. അവസാനം വളയ്ക്കുന്നു സുഹൃത്തിന്റെ സഹായത്തോടു കൂടി.  ഇത് തന്നെ, രാജേഷ് എല്ലാ ചിത്രത്തിലും തിരിച്ചും മറിച്ചും ഇടുന്നു.. ക്ലൈമാക്സിൽ വേറെ ഏതേലും നായകനടൻ guest appearance-ഉം നടത്തും.

ഒരു തവണ കണ്ടിരിക്കാം (അതും വീട്ടിലിരുന്നു)
ഈ VSOP കുറച്ചടിച്ചാൽ മതി, മുഴുവനും കുത്തിയിരുന്നടിച്ചാൽ hangover മാറാൻ കുറെ ദിവസം എടുക്കും.

എന്റെ റേറ്റിംഗ് : 5.5 ഓണ്‍ 10 (just for some fun elements, which will make you lol)

Sunday, August 23, 2015

74. The Baytown Outlaws (2012)

ദി ബേടൌണ്‍ ഔട്ട്‌ലോസ് (2012)



Language : English
Genre : Action | Comedy | Drama
Director : Barry Battles
IMDB Rating : 6.3

The Baytown Outlaws Theatrical Trailer


ബാരി ബാറ്റിൽസിൻറെ കന്നി സംരംഭമാണ് ദി ബേടൌണ്‍ ഔട്ട്‌ലോസ്. ഒരു ബി-ഗ്രേഡ് ആക്ഷൻ ചിത്രമായ ദി ബേടൌണ്‍ ഔട്ട്‌ലോസിൽ  ഹോളിവുഡിൽ നിന്നും പ്രസിദ്ധരായ അഭിനേതാക്കളായി ഇവ ലൊംഗൊരിയയും ബില്ലി ബോബ് ത്രോണ്ടനും മാത്രമെയുള്ളൂ. എന്നാൽ അവർക്കീ സിനിമയിൽ അത്ര കണ്ടു പ്രാധാന്യമില്ല താനും. ഇതിൽ നായകന്മാരായി അഭിനയിച്ചവർ പിന്നീട് പ്രസിദ്ധി നേടിയവരാണ്, ഉദാ: ട്രാവിസ് ഫിമ്മൽ - വൈകിങ്ങ്സ് എന്ന സൂപർഹിറ്റ്‌ പരമ്പരയിലെ നായകൻ.

ബ്രിക്ക്, മക്‌ക്വീൻ, ലിങ്കണ്‍ മൂന്നു പേരും സഹോദരങ്ങളാണ്. അലബാമയിലെ ഒരു കൊച്ചു പട്ടണത്തിലെ ഷെരിഫിനു (നഗരാധികാരി) വേണ്ടി അവിടെയുള്ള ക്രിമിനലുകളെയെല്ലാം കൊന്നോടുക്കുകയാണ് അവരുടെ പ്രധാന ജോലി. കാരണം മറ്റൊന്നുമല്ല അവരെ മൂന്നു പേരെയും വളർത്തി വലുതാക്കിയത് ആ ഷെരിഫ് ആയ ഹെൻറി മിലാർട്‌ ആണ്.എന്നാൽ ഇത് പുറത്താർക്കും അറിയില്ല താനും. ക്രിമിനലുകൾ വളരെ കുറവായത് കൊണ്ട് തന്നെ അലബാമയിൽ ഏറ്റവും സമാധാനപരമായ പട്ടണം എന്നറിയപ്പെട്ടു. എന്നാൽ ഈ സമയം ആന്തണി റീസ് എന്ന ഒരു ATF Agent ഈ ക്രിമിനലുകളുടെ മരണങ്ങളിൽ ദുരൂഹത തോന്നി ഇതന്യേഷിക്കാനായി ആ നഗരത്തിൽ എത്തുന്നു. റോബ് എന്ന ഒരു പയ്യനെ രക്ഷിച്ചു കാർലോസ് എന്ന ഒരു മയക്കുമരുന്ന് രാജാവിനെ കൊന്നാൽ 25000 ഡോളറുകൾ പാരിതോഷികം നല്കാമെന്നു സെലെസ്റ്റ് എന്നാ സ്ത്രീ മൂവർ സംഘത്തിനോട് പറയുന്നു. അവർ അത് സസന്തോഷം ഏറ്റെടുത്തു, കാർലോസിനെ വധിക്കാനായി പോകുന്നു. ശേഷം നടക്കുന്ന സംഭവബഹുലമായ കഥ, നേരിട്ട് കണ്ടു തന്നെ മനസിലാക്കണം.

ബാരി ബാറ്റിൽസ് സംവിധാനം ചെയ്ത ഈ ചിത്രം ഒരു നല്ല രസിപ്പിക്കുന്ന ചിത്രം തന്നെയാണ്. ക്വെന്റിൻ റ്റരന്റീനൊ റോബർട്ട്‌ റോഡ്രിഗസ് എന്ന സംവിധായകരുടെ ചിത്രങ്ങളുടെ ചുവടു പിടിച്ചു തന്നെയാണ് ഈ ചിത്രവും. കളർ ടോണ്‍ ഒക്കെ നന്നായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. ബിജിഎം തരക്കേടില്ല. ആക്ഷൻ സീൻസ് നന്നായി തന്നെ ചിത്രീകരിച്ചിട്ടുണ്ട് എങ്കിലും ഒരു പോരായ്മ തോന്നിയിരുന്നു. എല്ലാ നടന്മാരും നന്നായി തന്നെ അഭിനയിച്ചിട്ടുണ്ട്, അത് കൊണ്ട് ബോറടിയ്ക്കാതെ തന്നെ ചിത്രം കണ്ടിരിക്കാം. 

ഒരു സാധാരണ പ്രേക്ഷകന് വെറുതെ കണ്ടിരിക്കാവുന്ന ഒരു നല്ല ആക്ഷൻ ചിത്രമാണിത്

എന്റെ റേറ്റിംഗ് : 7.3 ഓണ്‍ 10
 

Saturday, August 22, 2015

73. Vaalu (2015)

വാലു (2015)


Language : Tamil
Genre : Action | Comedy | Romance
Director : Vijay Chander
IMDB Rating: 6.4


മൂന്നു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ശിമ്പുവിന്റെ ഒരു ചിത്രം വെള്ളിത്തിരയിൽ എത്തുന്നത്. ഈ സിനിമയുടെ ട്രയിലരും റ്റീസരുമെല്ലാം വളരെയധികം പ്രതീക്ഷ തന്നത് കൊണ്ട് തന്നെ ഒരു മാതിരി എല്ലാ പ്രേക്ഷകരും ഈ ചിത്രത്തിൻറെ റിലീസിനായി കാത്തു തന്നെയിരുന്നു എന്നാൽ അതെല്ലാവരിലും എത്തിച്ചേരുമോ എന്ന് നമുക്ക് നോക്കാം.

"ഷാർപ്" പ്രത്യേകിച്ച് ജോലിയും ഒന്നും ചെയ്യാതെ അടിച്ചു പൊളിച്ചു നടക്കുന്ന യുവാവാണ്. ദിനവും കൂട്ടുകാരായ ടയർ, കുട്ടിപ്പയ്യൻ എന്നിവരുമായി മദ്യപിച്ചു സമയം കളയലാണ് പതിവ്. ഒരു ദിവസം പ്രിയയെന്ന പെണ്‍കുട്ടിയെ കണ്ടു പ്രണയത്തിലാകുന്ന ഷാർപ്, പിന്നീട് അവളെ എങ്ങിനെ പാട്ടിലാക്കുന്നു  എന്നതാണ് കഥ.

ആദ്യമേ ഈ ചിത്രത്തിൻറെ പോസിറ്റീവ് കാര്യങ്ങൾ പറയാം. STR ഷോ തന്നെയാണ് ഈ ചിത്രത്തിൻറെ പ്രധാന ആകർഷണം. എല്ലാ സീനിലും ഷാർപ് നിറഞ്ഞു നിന്ന്. രണ്ടാമത് STR-Santhanam കോമഡി കോമ്പോ എല്ലാ രീതിയിലും മികച്ചു നിന്നു. ഓരോ കൌണ്ടർ സീനുകളും ഡയലോഗും പ്രേക്ഷകർക്ക്‌ ചിരി നൽകാൻ ഉതകുന്നതായിരുന്നു. അത് ഒരു പരിധി വരെ ചിത്രത്തിനെ സഹായിചിട്ടുമുണ്ട്. ശിമ്പുവിൻറെ മാസ് ഡയലോഗുകൾ എല്ലാം വളരെ നല്ലതായിരുന്നു.

ഇങ്ങനെ ഒരു മാസ് എന്റെർറ്റൈനെർ സിനിമയിൽ പ്രധാനമായും വേണ്ടത്, പ്രേക്ഷകർക്ക് ഒരു എനർജി ലെവൽ കൊടുക്കുന്ന ബിജിഎം ആണ്, അതിൽ തമൻ ഒട്ടും തന്നെ കുറവ് കാണിച്ചില്ല. തീയറ്ററിൽ കാണുമ്പോൾ ബിജിഎം കൊടുക്കുന്ന ഒരോളം ഒന്ന് വേറെ തന്നെയാണ്. പ്രത്യേകിച്ചും മാസ് സീനുകൾ കാണിക്കുമ്പോൾ. ഫൈറ്റ് സീന്സ് കുറെയധികം ഭാഗങ്ങളിൽ നന്നായി നിന്നു (പറക്കുന്ന സീനുകൾ ഒഴിവാക്കിയാൽ നന്നായിരുന്നു). പാട്ടുകൾ നന്നായിരുന്നു (താറുമാറു, യൂ ആർ മൈ ഡാർലിംഗ്, എങ്കെ നീ പൊറന്തേ, ലവെണ്ട്രാ), അത് നന്നായി തന്നെ ചിത്രീകരിചിട്ടുമുണ്ട്.

ഇനി നെഗറ്റീവ് ഭാഗത്തിലേക്ക് കടക്കാം. ഒരു നല്ല കഥയും അതിനു വേണ്ട തിരക്കഥയും ഇല്ല എന്നതാണ് ഈ ചിത്രത്തിനെ കാര്യമായി ബാധിച്ചിട്ടുള്ളത്. ഒരു പറഞ്ഞു പഴകിച്ച കഥയാണ് വാലിന്റെത്. അവിശ്വസനീയമായ കഥാസന്ദർഭങ്ങൾ ആണ് ചിത്രത്തിലുടനീളം. ഒരു പണിയുമില്ലാതെ നടക്കുന്ന നായകനെ പ്രേമിയ്ക്കാനും ആളുണ്ട് എന്നതാണ് ഈ ചിത്രത്തിൻറെ പോരായ്മ. നായകൻ ഒരു നിമിഷം കൂടി ഉത്തരവാദിത്വം ഉള്ള ആളാണെന്നു തോന്നിപ്പിച്ചിരുന്നില്ല. വെറുതെ തെക്കും വടക്കും നടക്കുക, ഇടയ്ക്കിടെ ഓരോരോ സ്റ്റണ്ട് സീനുകൾ, പുട്ടിനു പീര പോലെ പാട്ടുകൾ. വേറൊരു പ്രധാന പോരായ്മ നല്ലൊരു നായിക ഇല്ലെന്നതാണ്. ഹൻസിക സ്ക്രീനിൽ വരുന്ന ഓരോ നിമിഷവും വെറുപ്പിച്ചു. അവരുടെ അഭിനയം, ഡയലോഗ് ഡെലിവറി, നൃത്തം ഒക്കെ ഭയങ്കര ബോർ തന്നെയായിരുന്നു കാണാൻ. മേലേ പറഞ്ഞത് പോലെ ശിമ്പു മാസ് ഡയലോഗ്  നന്നായിരുന്നുവെങ്കിലും ആളുടെ നെടുനീളൻ ഡയലോഗുകൾ ഒരു പരിധി വരെ കോട്ടുവാ ഇടീപ്പിച്ചു (നന്നേ ബോർ തന്നെയായിരുന്നു). വില്ലനായി വന്ന കന്നഡ നടൻ ആദിത്യ നല്ല ബോർ അഭിനയം തന്നെയായിരുന്നു. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്ത ഒരു വില്ലൻ. തെലുങ്ക് ഹാസ്യ നടൻ ബ്രഹ്മാനന്ദത്തിനും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സംവിധായകനായ വിജയ്‌ ചന്ദർ സംവിധാന മികവു കുറച്ചു കൂടി കാണിചിരുന്നെകിൽ നല്ല ഒരു എന്റെർറ്റൈനെർ സമ്മാനിക്കാൻ കഴിയുമായിരുന്നു. ചിത്രത്തിൻറെ നീളം നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

മൊത്തത്തിൽ പറഞ്ഞാൽ ശിമ്പു-സന്താനം കൊമടിയ്ക്ക് വേണ്ടി മാത്രം കാണാൻ പറ്റുന്ന പടം.

എന്റെ റേറ്റിംഗ്: 5.5 ഓണ്‍ 10

Thursday, August 20, 2015

72. S/o Satyamurthy (2015)

സണ്‍ ഓഫ് സത്യമൂർത്തി (2015)

 

Language : Telugu
Genre : Comedy | Drama
Director : Trivikram Srinivas
IMDB Rating : 6.5

S/o Satyamurthy Theatrical Trailer


ത്രിവിക്രം ശ്രീനിവാസ് അല്ലു അർജുനുമായുള്ള കൂട്ടുകെട്ടിൽ പിറന്ന രണ്ടാമത്തെ ചിത്രമാണ് ഇത്. ഇതിനു മുൻപ് അവർ ഒരുമിച്ചപ്പോൾ ജൂലായി എന്ന ഹിറ്റ് ചിത്രമാണ് എല്ലാവർക്കും സമ്മാനിച്ചത്‌.

ബിസിനസ് ടൈക്കൂണ്‍ ആയ സത്യമൂർത്തിയുടെ രണ്ടാമത്തെ മകനാണ് വിരാജ്. ഒരു രാജകുമാരനെ പോലെ ജീവിച്ച വിരാജിൻറെ ജീവിതം തലകീഴായി മറിയുന്നത്, അച്ഛൻ മരിക്കുമ്പോഴാണ്.300 കോടിയുടെ കടം എല്ലാവർക്കും പകുത്തു കൊടുക്കുമ്പോഴേക്കും വിരാജിനും മരണ ശേഷം സമനില തെറ്റിയ ചേട്ടനും കുടുംബവും പിന്നെ അമ്മയുമായി കൊട്ടാരം പോലുള്ള വീട്ടിൽ നിന്നും തന്നെ ഇറങ്ങേണ്ടി വന്നു. കുടുംബം നോക്കാനായി വിരാജ് സുഹൃത്തിന്റെ Event Management കമ്പനിയിൽ ജോലിയിൽ പ്രവേശിക്കുന്നു. തൻറെ മണ്‍മറഞ്ഞു പോയ അച്ഛനെ പറ്റി ആരും തെറ്റ് പറയുന്നതോ കുറ്റം പറയുന്നതോ വിരാജിനു ഇഷ്ടമല്ല.. എല്ലാവരെയും കൊണ്ട് നല്ലത് പറയിക്കാൻ വേണ്ടി മാത്രം ഏതറ്റവും പോകാനും വിരാജിനു മടിയില്ല.. ഒരു കല്യാണസമയത്ത് വെച്ച് സുബ്ബലക്ഷ്മി എന്ന സമീറയെ വിരാജ് കണ്ടുമുട്ടുന്നു, അവർ തമ്മിൽ പ്രണയലോലുപരാകുന്നു. പെണ്ണ് ചോദിക്കാൻ വേണ്ടി സമീറയുടെ അച്ഛനെ കാണുമ്പോഴാണ് വിരാജിനു മനസിലാകുന്നു അയാള് തന്റെ അച്ചന്റെ സുഹൃത്താണെന്നും. അയാൾ കല്യാണത്തിനു സമ്മതിക്കുന്നുമില്ല. സദാസമയം പണം പണം എന്നാ ചിന്തയോടെ നടക്കുന്ന പൈടയ്ക്ക് (സമീറയുടെ അച്ഛൻ) സത്യമൂർത്തി ഒരു സ്ഥലം വിറ്റിരുന്നു എന്നും ഇപ്പോൾ വേറെ ഒരാൾ അനധികൃതമായി കൈവശം വെച്ചിരിക്കുകയാണെന്നും പറയുന്നു. അത് കൊണ്ട് സത്യമൂർത്തി ഒരു ചതിയനാനെന്നും പറയുന്നു. ഇതിൽ മനസ് നൊന്ത വിരാജ്, ആ സ്ഥലം ഒരു മാസത്തിനുള്ളിൽ പൈടയ്ക്കു വീണ്ടെടുത്തു നൽകുമെന്നും, അങ്ങിനെ വീണ്ടെടുത്തു നൽകിയാൽ തന്റെ മകളെ വിരാജിനു കല്യാണം കഴിച്ചു കൊടുക്കുമെന്നു പൈടയും പറയുന്നു. 
ആ സ്ഥലം വീണ്ടെടുക്കാൻ വേണ്ടി റെഡ്ഡി യാർപട്ടി എന്ന സ്ഥലത്തേക്ക് പോകുകയാണ്. പൈടയുടെ സ്ഥലം കൈവശപ്പെടുത്തി വെച്ചിരിക്കുന്ന ദേവരാജ നായിഡുവിൻറെ കയ്യിൽ നിന്നും തിരിചെടുത്തു സമീറയെ സ്വന്തമാക്കാൻ.

എന്നാൽ അവിടെ കാത്തിരുന്നത്, വിരാജ് മനസ്സിൽ പോലും വിചാരിക്കാത്ത ഒന്നായിരുന്നു. ആ സ്ഥലം എങ്ങിനെ വിരാജ് തിരിച്ചെടുക്കും? സമീറയെ സ്വന്തമാക്കാൻ കഴിയുമോ? എന്നുള്ള ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്ന ശേഷഭാഗം.

സിനിമ വലിയ മെച്ചമോന്നുമില്ലെങ്കിലും തരക്കേടില്ലാതെ കണ്ടിരിക്കാം എന്ന് മാത്രമേ ഉള്ളൂ.. ത്രിവിക്രം ശ്രീനിവാസ് എന്നാ സംവിധായകന്റെ പഴയ ചിത്രങ്ങളുമായി തട്ടിച്ചു നോക്കിയാൽ ശരാശരി നിലവാരത്തിനു അടുത്തു മാത്രമേ നില്ക്കുന്നുള്ളൂ.. ചില ഇടങ്ങളിൽ നന്നായി, എന്നാൽ കുറച്ചു ഇടങ്ങളിൽ നമ്മുടെ ക്ഷമയെ പരീക്ഷിക്കുക തന്നെ ചെയ്യും. 

അല്ലു അർജുൻ വളരെ നന്നായിരുന്നു, സെന്റിമെന്റൽ സീനുകളിലും  കോമഡി സീനുകളിലും, ആക്ഷനും നന്നായി തന്നെ ചെയ്തു. പാട്ടുകളിലും തന്റെ തനതായ ശൈലി തന്നെയാണ് അദ്ദേഹം ഉപയോഗിച്ചത്. പക്ഷെ, ആളുടെ ആദ്യ പകുതിയിലുള്ള ഹെയർസ്റ്റൈൽ സാമാന്യം ബോര് തന്നെയായിരുന്നു. സമന്ത നല്ല സുന്ദരിയായി തന്നെ കാണപ്പെട്ടു, അൽപം bubbly ആയി അവർ നന്നായി തന്നെ ചെയ്തു. പ്രകാശ് രാജ് അല്പം നെരമേയുള്ളാ യിരുന്നെങ്കിലും തരക്കെടില്ലാരുന്നു. എടുത്തു പറയേണ്ടത് "ഉപേന്ദ്ര" എന്ന കന്നഡ സൂപർസ്റ്റാർ ആണ്. ആളുടെ കഴിവിനനുസരിച്ചുള്ള റോൾ അല്ലായിരുന്നു ഇതെങ്കിലും, ഒരു സ്ക്രീൻ പ്രസന്സ് ഉണ്ടായിരുന്നു. ഒരു മാച്ചോ സ്റ്റൈൽ ഉണ്ടായിരുന്നു. സ്നേഹ ചെറുതാണെങ്കിലും മോശമായിരുന്നില്ല. നിത്യ മേനോൻ ഒരു അപ്രധാന റോളിൽ ആണ് ഈ ചിത്രത്തിൽ വന്നത്. കാണാൻ നല്ലതാണെങ്കിലും ഒരേ രീതിയിൽ ഉള്ള ഡയലോഗ് ഡെലിവറി പ്രേക്ഷകരിൽ ആലോസരമുണ്ടാക്കുന്നതിലുള്ള പങ്കു ചെറുതല്ല. 

ദേവി ശ്രീ പ്രസാദിന്റെ സംഗീതം തരക്കേടില്ല എന്നെ പറയാൻ പറ്റുകയുള്ളൂ. വിശ്വൽസ് അത്രയ്ക്കങ്ങോട്ടെത്തിയില്ല..


ത്രിവിക്രം ശ്രീനിവാസ് ഒരു നല്ല സംവിധായകനാണ്. വളരെ അധികം ഹിറ്റുകളും നല്ല പ്രണയകഥകളും കുടുംബകഥകളും രചിച്ചിട്ടുള്ള ആളാണ്‌. പക്ഷെ അദ്ധേഹത്തിന്റെ പുതിയ ചിത്രമായ സണ്‍ ഓഫ് സത്യമൂർത്തി എന്ന ചിത്രം ന്യായീകരിച്ചിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.

എൻറെ റേറ്റിംഗ്: 5.1 ഓണ്‍ 10

Tuesday, August 18, 2015

71. Deliver Us From Evil (2014)

ഡെലിവർ അസ് ഫ്രം ഈവിൾ (2014)


Language : English
Genre : Horror | Thriller
Director : Scott Derrickson
IMDB Rating : 6.2


Deliver Us From Evil Theatrical Trailer


വലിയ പ്രതീക്ഷ ഒന്നും തന്നെയില്ലാണ്ടാണ് ഞാൻ കാണാൻ തുടങ്ങിയത്. ആദ്യത്തെ പത്തു മിനിറ്റ് കഴിഞ്ഞപ്പോ തന്നെ ചിത്രം എന്നെ ശെരിക്കും ആശ്ച്ചര്യപ്പെടുത്തി. പിന്നെ എന്നെ സിനിമയിലേക്ക് ആകർഷിപ്പിചു. ചിത്രത്തിൻറെ ഡാർക്ക്‌ കളർ ടോണ്‍, പിന്നെ മഴയെന്ന ബാക്ക് ഗ്രൌണ്ട് തീം, നനുത്തതും ആയ ബീജിഎം കറുത്തിരുണ്ട ഇടനാഴികൾ എല്ലാം നമക്കുള്ളിൽ ഒരേ സമയം ഉത്കണ്ഠയും ഭീതിയും ജനിപ്പിക്കുന്നവയാണ്.

കഥാസാരം: സിറ്റിയിൽ ചില അനിഷ്ട സംഭവങ്ങൾ നടക്കുമ്പോൾ അതന്യേഷിക്കാനെത്തുന്ന പോലീസുദ്യോഗസ്ഥനാണ് കഥാനായകൻ. പിന്നീട് അദ്ദേഹം മനസിലാക്കുന്നു ഇതിനു പിന്നിൽ മനുഷ്യനുമപ്പുറമായ എന്തോ ശക്തിയുണ്ടെന്ന്. ഒരു പുരൊഹിതനുമായി ചേർന്ന് ആ രഹസ്യങ്ങളുടെ ചുരുളുകൾ അഴിയ്ക്കുന്നു.

നായകനായി എറിക് ബാനയും പുരോഹിതനായി എഡ്ഗർ റാമിറെസും നല്ല അഭിനയമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഒലീവിയ മുൻ നായികയെന്നതിലുപരി വലിയ റോൾ ഇല്ലെങ്കിലും അവരുടെ ജോലി അവർ ഭംഗിയാക്കി. മറ്റു അഭിനേതാക്കളും നല്ല പ്രകടനം തന്നെയാണ് നടത്തിയത്.
ചിത്രത്തിലെ പല സീനുകളും നമ്മുടെ ഉള്ളിൽ ഭീതിയുളവാക്കുന്നതാണെങ്കിലും കുറെ സീന്സ് നമ്മളെ തീർത്തും  ഞെട്ടിപ്പിക്കുന്നതാണ്. ജമ്പിങ്ങ് സീനുകളാണ് കൂടുതലും. അത് നല്ല രീതിയിൽ തന്നെ സ്ക്രീനിൽ കാണിക്കാൻ കഴിഞ്ഞിട്ടുമുണ്ട്.

സംവിധായകാൻ തകര്ത്തിട്ടുണ്ട്. സിനിസ്റ്റെരും എക്സോര്സിസവും ഒക്കെ ചെയ്ത സ്കോട്ട് ഇതിൽ നമ്മുടെ പ്രതീക്ഷ തെറ്റിക്കുന്നില്ല എന്ന് തന്നെ വേണം പറയാൻ.

ഹൊറർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ഒരു കൈ നോക്കാവുന്നതാണ്.

എൻറെ റേറ്റിംഗ് 7.1 ഓണ്‍ 10

70. The Secret In Their Eyes (El secreto de sus ojos) (2009)

ദി സീക്രട്ട് ഇൻ ദേർ ഐസ് (എൽ സീക്രട്ടോ ടെ സുസ് ഒജോസ്) (2009)


Language : Spanish (Argentinian)
Genre : Crime | Drama | Mystery | Thriller
Director : Juan Jose Campanella
IMDB Rating : 8.3


"മിഴികൾ" ആത്മാവിലേക്കുള്ള ജാലകം എന്നും മനസിന്റെ ജാലകം എന്നും പറയാറുണ്ട്. കണ്ണുകൾക്ക്‌ എപ്പോഴും ആയിരം കഥകൾ പറയാനുണ്ടാവും. മിഴികളിലൂടെ കാലങ്ങളായി, എന്തിനു മനുഷ്യർ  കൂടി ആശയവിനിമയം നടത്താറുണ്ട്‌. കമിതാക്കൾ പ്രണയസന്ദേശം കൈമാറാറുണ്ട്, കുറ്റവാളികൾ  അവരുടെ കുറ്റങ്ങൾ എത്ര ഒളിച്ചാലും അത് കണ്ണിൽ കൂടി അറിയാം എന്നും പറയാറുണ്ട്‌. ഈ ഒരു വിഷയത്തെ ആസ്പധമാക്കിയായിരിക്കാം എഡ്വാർടോ സാക്കെരിയുടെ തന്നെ നോവലായ La pregunta de sus ojos (The Question in Their Eyes) എന്ന നോവൽ എഴുതിയിട്ടുണ്ടാവുക. ഈ നോവലിൻറെ ചുവടു പിടിച്ചു ഹ്വാൻ ഹോസെ കാമ്പനല്ല സംവിധാനം ചെയ്തു നിരവധി നിരൂപക പ്രശംസ പിടിച്ചു പറ്റിയ ഒരു അർജന്റീനിയൻ ക്രൈം ത്രില്ലർ ആണ് ദി സീക്രട്ട് ഇൻ ദേർ ഐസ്. അർജന്റീനിയൻ സൂപർ സ്റ്റാർ ആയ റിക്കാർഡോ ഡാരിൻ ആണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സംവിധായകനും നോവലിസ്റ്റുമാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചത്. 

പോലീസിൽ നിന്നും വിരമിച്ച  വിശ്രമജീവിതം ബെഞ്ചമിൻ എസ്പോസിടോ ഒരു നോവൽ എഴുതാം എന്ന് കരുതുന്നു. തന്റെ ഔദ്യോഗിക ജീവിതത്തിലെ ലില്ലോനോ കൊലാട്ടോ എന്ന സുന്ദരിയായ യുവതിയെ മാനഭംഗപ്പെടുത്തി കൊന്ന ഒരു കേസ് അദ്ധേഹത്തെ വേട്ടയാടിക്കൊണ്ടേയിരുന്നു. അതിനാലായിരിക്കാം അദ്ദേഹം ആ കേസ് തന്നെ തന്റെ നോവലിനായി തിരഞ്ഞെടുത്തത്.ഒരു ശരിയായ തുടക്കം കിട്ടാത്തത് കൊണ്ട്, അദ്ദേഹം താൻ സർവീസിൽ ഇരുന്ന കാലത്തെ സൂപർവൈസർ (ഇപ്പോൾ ജഡ്ജ്) ഇരേനെ കാണുന്നു. അവർ ആ കേസ് അനൗദ്യൊകിമായി (നോവലിന് വേണ്ടി) അന്യേഷിക്കാൻ വേണ്ട സൌകര്യങ്ങൾ ചെയ്തു തരാം എന്ന് പറയുന്നു. അവിടെ നിന്നും അദ്ദേഹം ആ പൂർണതയിലെത്താത്ത കേസിന് ഒരു വിരാമമിടാനായി അന്വേഷണം ആരംഭിക്കുകയാണ്. ആ അന്യേഷണത്തിനോടുവിൽ ബെഞ്ചമിൻ മനസിലാക്കിയത് പല ഞെട്ടിപ്പിക്കുന്ന സത്യങ്ങളായിരുന്നു.

വളരെ നല്ല ഒരു വിശ്വസനീയമായ കഥയാണ് ഈ ചിത്രത്തിൻറെ മുതൽക്കൂട്ട്. അത് വളരെ നല്ല രീതിയിൽ തന്നെ അഭ്രപാളിയിൽ എത്തിച്ചിട്ടുമുണ്ട് സംവിധായകാൻ. ഒരേ സമയം തന്നെ രണ്ടു കാലഘട്ടങ്ങൾ ആണ് ഈ ചിത്രം പറഞ്ഞു പോകുമ്പോൾ കാണിക്കുന്നത്. അതും വിശ്വസനീയമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്, കഥാപാത്രങ്ങളുടെ വയസും അവരുടെ ശരീരഘടനയും, പിന്നെ ലൊക്കേഷൻ, രണ്ടു കാലഘട്ടം തമ്മിൽ വരുത്തുന്ന മാറ്റങ്ങൾ ഒക്കെ   ഒരു നല്ല സിനിമാസ്വാദകൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ, അതിലൊന്നും തന്നെ തെറ്റുകൾ കണ്ടു പിടിയ്ക്കാൻ ഇത്തിരി ബുദ്ധിമുട്ട് തന്നെയാണ്. അത് ഒരു കറയറ്റ പരിശ്രമത്തിന്റെ ഫലമാണ് എന്ന് നിസംശയം പറയാം.

ചിത്രത്തിൻറെ പേര് പോലെ തന്നെയാണ് ഈ സിനിമയിലെ ചില/കുറച്ചധികം സീനുകൾ എന്ന് പറയാം. അതിൽ കണ്ണുകൾ എന്നാ നമ്മുടെ അവയവത്തിന്റെ പ്രസക്തി കാണിച്ചു തരുന്നുണ്ട്. കണ്ണുകൾ കൊണ്ട് ആശയവിനിമയം നടത്തുന്നത് നമുക്ക് കാണാൻ കഴിയും. നായകൻ ജോലി ചെയ്യുന്ന സമയത്ത്, ഒരു നിമിഷം അതെ പറ്റി പറയാതെ തന്നെ നായകനും നായികയ്ക്കും മനസിലാവുന്നു. വർഷങ്ങൾക്കു ശേഷം നായകന് നായികയെ കാണുമ്പോൾ, അവരുടെ കണ്ണിൽ ഇപ്പോഴും മറക്കാത്ത ആ പ്രണയം മനസിലാക്കുന്നത്‌, കുറ്റവാളിയെ ചോദ്യം ചെയ്യുമ്പോൾ കണ്ണിൽ നോക്കിതന്നെ നായിക കൊലപാതകിയെ കണ്ടു പിടിക്കുന്നത്‌, കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഭര്ത്താവിന്റെ  നിഷ്ക്കളങ്കതയോക്കെ സിനിമയിലെന്ന പോലെ പ്രേക്ഷകരെയും മനസിലാക്കിപ്പിക്കുന്നു. ആ ഫീൽ പ്രേക്ഷകരിലെക്കെത്തിച്ചതിന്റെ പ്രധാന പങ്കു വഹിച്ചത് കഥയുടെ സന്ദർഭവും പിന്നെ അഭിനേതാക്കളുടെ അഭിനയ ചാരുതയും ആണ് എന്ന് ഒറ്റ വാക്കിൽ പറയാം. നായകനായ റിക്കാർഡോ ടെറിൻ വാക്കുകളില്ല പറയാൻ, അത്രയ്ക്ക് മനോഹരമായ പ്രകടനമാണ് ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ രണ്ടു കാലഘട്ടവും വളരെ തന്മയത്തോടെ തന്നെ അവതരിപ്പിച്ചു.പക്ഷെ എനിക്ക് ഡാരിനെക്കാൾ കൂടുതൽ ഇഷ്ടപ്പെട്ടത് ഗ്വില്ലെർമോ ഫ്രാഞ്ചെല്ല അവതരിപ്പിച്ച പാബ്ലോ സണ്ടോവൽ എന്നാ കഥാപാത്രമാണ്. നായകനൊപ്പം അവസാനം വരെയും നില്ക്കുന്ന ഒരു മദ്യപാനിയായ സുഹൃത്തും അസിസ്റ്റന്റും. അദ്ദേഹം വളരെ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. സോലെനോദ് അവതരിപ്പിച്ച ഇരേനെ എന്ന നായിക സമാനമായ കഥാപാത്രവും ഹൃദ്യമായിരുന്നു. എല്ലാ അഭിനേതാക്കളും അവരവരുടെ നല്ല അഭിനയപ്രകടനമാണ് കാഴ്ച വെച്ചത്. ടോപ്‌ ക്ലാസ്. 

പക്ഷെ ചിത്രത്തിൻറെ പോരായ്മയായി എനിക്ക് തോന്നിയത്, ചില സമയമെല്ലാം നല്ല ഇഴച്ചിൽ അനുഭവപ്പെട്ടു. കുറച്ചു കൂടി തിരക്കഥ റ്റൈറ്റ്‌ ആക്കാമായിരുന്നു എന്ന് തോന്നിപ്പോയി. നല്ല തകർപ്പൻ ക്യാമറ വർക്കും പശ്ചാത്തല സംഗീതവും. ചിത്രത്തിൻറെ മൊത്ത ഫീലും ചിത്രം കാണുന്ന ഏതൊരു പ്രേക്ഷകനെയും സ്വാധീനിക്കുന്ന രീതിയിലാണ് ഇതിലെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്‌.

Must Watch in this genre laced with brilliant performances.

എൻറെ റേറ്റിംഗ് : 8.0 ഓണ്‍ 10 



Saturday, August 15, 2015

69. Lucy (2014)

 ലൂസി (2014)

 Lucy Theatrical Trailer

Language : English | Korean
Genre : Action | Sci-Fi | Thriller
Director : Luc Besson
IMDB Rating : 6.4

അങ്ങിനെ ലൂസി എന്നാ മഹത്തായ ഒരു സൃഷ്ടി കണ്ടു. ഞാൻ ഒരിക്കലും ലൈ ബെസ്സനെന്ന ഒരു സംവിധായകനിൽ നിന്നും ഇങ്ങനെയൊരു മഹാകാവ്യം പ്രതീക്ഷിച്ചില്ല.. അന്യായ വെറുപ്പിക്കലായിപ്പോയി.. ഞാൻ തീയറ്ററിൽ പോയി കാണണമെന്ന് കരുതിയ പടമാണ്.. പിന്നീട് ആ പ്ലാൻ ഉപേക്ഷിച്ചത് എന്ത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു.

ലൂസി തയിവാനിൽ പഠിക്കുന്ന ഒരു പെണ്‍കുട്ടി ആണ്. ഒരു ദിവസം അബദ്ധത്തിൽ ജാങ്ങ് (ഐ സീ ദി ഡെവിൾ ഫെയിം - ചോയി മിൻ സിക്ക്) എന്നാ ഡ്രഗ് മാഫിയ തലവന്റെ ഗാങ്ങിൽ അകപ്പെടുന്നു. അവിടെ വെച്ച് സി പി എച് 4 എന്ന അതിഭയങ്കരമായ ഡ്രഗ് പാക്കറ്റ് ലൂസിയുടെ അടിവയറ്റിനുള്ളിൽ തയ്ച്ചു വെയ്ക്കുന്നു. ഇത് കൊണ്ട് യൂറോപ്പിൽ കൊണ്ട് പോകുകയാണ് ലക്‌ഷ്യം. പക്ഷെ, ഒരു ഗുണ്ട അവളുടെ വയറ്റിൽ തോഴിക്കുമ്പോൾ ഈ പാക്കറ്റ് പൊട്ടുകയും, അതിലെ ഡ്രഗ് മുഴുവൻ അവളുടെ ശരീരത്തിൽ പടരുകയും, പിന്നീട് അവൾക്കു പല കഴിവുകളും ലഭിക്കുന്നു. പിന്നീട് ഞാൻ ഒന്നും പറയുന്നില്ല.. പിന്നെ ഫുൾ യുക്തിയ്ക്ക് നിരക്കാത്ത കാര്യങ്ങളാണ് നടക്കുന്നത്.. എങ്ങിനെ പറയണം എന്നൊന്നും അറിയില്ല.. ഇങ്ങനെയൊക്കെ ഉണ്ടോ എന്ന് വരെ ചിന്തിച്ചു പോകും.

ലൂസിയായി അഭിനയിച്ച സ്കാർലറ്റിനു അത്ര കണ്ടു ചെയ്യാൻ വേണ്ടി ഒന്നുമില്ല എന്നിരുന്നാലും തരക്കേടില്ലാതെ ചെയ്തു... അതെ മാതിരി മോർഗൻ ഫ്രീമാനും ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല. ചോയി മിൻ സുക്കിനെ എന്ന അനുഗ്രഹീത നടൻ ഈ സിനിമയിൽ  വസ്തു ആയി എന്ന രീതിയിൽ പറയാം.

ഗ്രാഫിക്സ് എന്ന നിലയ്ക്ക് കുറച്ചു മെച്ചമായിരുന്നു. ഒരു കാർ ചേസ് നന്നായി ചിത്രീകരിച്ചിട്ടുണ്ട്..
 
ഇത് കണ്ടു കഴിഞ്ഞതിനു ശേഷം, എന്റെ മനസ്സില് കുറച്ചു സംശയങ്ങൾ ഉദിച്ചു.. ഇതൊരു ആക്ഷൻ പടമാണോ??? ഇതൊരു സൈഫൈ പടമാണോ?? ഇതൊരു ട്രാമയാണോ?? ശെരിക്കും പറഞ്ഞാൽ ഒന്നുമങ്ങോട്ടു പറയാൻ പറ്റില്ല.. എന്തൊക്കെയോ സംഭവിക്കുന്നു..

40 മില്യണ്‍ ബജറ്റിൽ പുറത്തിറങ്ങിയ ഈ ചിത്രം ലോകമെമ്പാടും 450 മില്ല്യണോളം കളക്റ്റ് ചെയ്തത്രേ.. എന്നാലും എന്റെ ബാബ്വേട്ട....

എന്റെ റേറ്റിംഗ് : 3.0/10