കർദെസിം ബെനിം (2016)
Language : Turkish
Genre : Comedy | Drama | Romance
Director : Mert Baykal
IMDB : 6.2
Kardesim Benim Theatrical Trailer
അല്ലെങ്കിലും മനുഷ്യൻ അങ്ങിനെയാണു... പ്രശസ്തിയുടെ കൊടുമുടി കയറിക്കഴിഞ്ഞാൽ പിന്നെ ബന്ധങ്ങൾക്കും സൗഹൃദത്തിനും ഒക്കെ ചിലർ ചിലപ്പോൾ വിലകൾ കൊടുക്കാറെയില്ല. പ്രശസ്തരായ രണ്ടു സഹോദരന്മാരുടെ കഥ പറയുകയാണു മെർട്ട് ബേയ്കാൽ കർദ്ദെസിം ബെനിം എന്ന തുർക്കിഷ് ചിത്രത്തിലൂടെ. സഫർ കുലുങ്ക് ആണു കഥ എഴുതിയിരിക്കുന്നതു. മുറാദ് ബോസ്, ബുറാക് ഒസിവിറ്റ് നായകന്മാരായും അസ്ലി എൻവർ നായികയായും അഭിനയിച്ചിരിക്കുന്നു.
ഒസാനും ഹകാനും തങ്ങളുടെ അച്ചൻ മരിച്ചതറിഞ്ഞു സംസ്കാരത്തിനു എത്തിയതാണു. വളരെക്കാലമായി രണ്ടു പേരും തമ്മിൽ ആശയവിനിമയം ഉണ്ടായിരുന്നുമില്ല പോരാത്തതിനു രണ്ടു പേർക്കും നേരിൽ കാണുന്നതു കൂടി ഇഷ്ടവുമല്ലായിരുന്നു. അവിടെ വെച്ചു അച്ചൻ മരിക്കുന്നതിനു മുൻപു തങ്ങൾക്കു വിൽപത്രത്തിനു പകരം ഒരു വീഡിയോ റെക്കൊർഡ് ചെയ്തു വെച്ചിട്ടുണ്ടെന്നും അതു രണ്ടു പേരും ഒരുമിച്ചു തന്നെ കാണണം എന്നുമായിരുന്നു അദ്ധേഹത്തിന്റെ നിബന്ധന. അങ്ങിനെ രണ്ടു പേരുംകൂടി കാണാൻ തുടങ്ങി. അവരുടെ വീടു ഒരു പച്ചക്കറി വിൽപ്പനക്കാരനു അഞ്ചു വർഷം മുൻപു വിൽക്കുകയും അതു പോരാതെ അയാൾക്ക് ധാരാളം കടം കൊടുതു തീർക്കുകയും വേണം എന്നു ഇളയ മകൻ ആയ ഒസാനോടു പറയുന്നു. മൂത്ത മകനായ ഹകാനു അവശേഷിക്കുന്ന ഒരു പഴയ കാറും കൊടുക്കുന്നു എന്നാൽ താക്കോൽ ഒസാനും കൊടുക്കുന്നു. എന്നിട്ട് അവരോട് തന്റെ അന്ത്യാഭിലാഷം പറയുന്നു. ആ കാറിൽ രണ്ടു പേരും ഒരുമിച്ചു ഉർലയെന്ന സ്ഥലത്തു പോയി ഒരു കല്യാണത്തിനു വേണ്ടി പാടണം എന്നായിരുന്നു. അവർ യാത്ര ആരംഭിക്കുന്നു, കൂടെ സെയ്നെപ് എന്ന പത്രക്കാരിയും... അവരുടെ ആ യാത്ര പല മാറ്റങ്ങൾക്കുള്ള തുടക്കവുമായിരുന്നു.
വളരെ ലളിതമായ കഥ അതിലും ലളിതമായി തന്നെയാണു സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 120 മിനുട്ട് നീളമുള്ള ചിത്രം ഒരു ഘട്ടത്തിൽ പോലും നമ്മളെ മടുപ്പിക്കുന്നില്ല, മിക്ക സീനുകളും ക്ലീഷെകൾ നിറഞ്ഞതായതായിരുന്നുവെങ്കിലും ആസ്വാദ്യകരമായി തന്നെ ചിത്രീകരിച്ചു. പശ്ചാത്തല സംഗീതം മികച്ചതല്ലായിരുന്നുവെങ്കിലും ചിത്രത്തിന്റെ രൂപഘടനയോട് യോജിച്ചു തന്നെ നിന്നു. തുർക്കിയുടെ പ്രകൃതി സൗന്ദര്യം നന്നായി തന്നെ ക്യാമറയിൽ പകർത്താൻ കഴിഞ്ഞിട്ടുണ്ട് ചിത്രത്തിന്റെ ക്യാമറാമാനു. തമാശയും പ്രണയവും വിഷാദവും തുടങ്ങിയ വികാരങ്ങൾ എല്ലാം ഈ ചിത്രത്തിൽ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നു മാത്രമല്ല അതു വൃത്തിയായി തന്നെ ചെയ്തിട്ടുമുണ്ട്.
നായകന്മാരായി അഭിനയിച്ച മുറാദ്, ബുറാക് എന്നിവർ കാഴ്ചയിൽ സുമുഖന്മാരും നല്ല അഭിനയവുമായിരുന്നു. എല്ലാ വികാരങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ടു. സുന്ദരിയായ അസ്‌ലി എൻവർ വിശ്വാസയോഗ്യമായ പ്രകടനം കാഴ്ച വെച്ചു. മറ്റുള്ള അഭിനേതാക്കൾ അവരവരുടെ ഭാഗം നന്നായി ചെയ്തു.
ക്ലീഷേകൾ ഉണ്ടെങ്കിലും വിരസമാകാത്ത ഒരു ഫീൽ ഗൂഡ് ചിത്രം ആണു കർദേസിം ബെനിം.
എന്റെ റേറ്റിംഗ് 7 ഓൺ 10
"ഇൻസെന്റീസ്" എന്ന കനേഡിയൻ ചിത്രത്തിന്റെ കഥയുമായി നല്ല രീതിയിൽ സാമ്യം തോന്നുന്നുവെങ്കിലും രണ്ടു ചിത്രവും കൈകാര്യം ചെയ്തിരിക്കുന്ന രീതി നല്ല വിത്യാസമുള്ളതാണു.
No comments:
Post a Comment