ദി ഷാലോസ് (2016)
Language : English
Genre : Drama | Thriller
Director : Jaume Collet-Serra
IMDB : 6.7
The Shallows Theatrical Trailer
ജൊം കൊള്ളെ സെറ.. അങ്ങിനെ ചിലപ്പോൾ പറഞ്ഞാൽ ഇവിടെ ആർക്കും അറിയാൻ സാധ്യത കുറവായിരിക്കും. എന്നാൽ ഓർഫൻ എന്ന ഒരൊറ്റ ചിത്രം മതി ഇദ്ദേഹത്തിന്റെ പേരു എല്ലാവർക്കും കാലങ്ങളോളം ഓർമ്മ വെയ്ക്കാൻ.. റൺ ഓൾ നൈറ്റ് എന്ന ലിയാം നീസൻ നായകനായ ഹിറ്റ് ചിത്രത്തിനു ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണു ദി ഷാലോസ്.
കില്ലർ ഷാർക്ക് ആസ്പദമാക്കി നിരവധി ചിത്രങ്ങൾ ഹോളിവുഡിൽ പുറത്തിറങ്ങാറുണ്ടു. അതിൽ ഭൂരിഭാഗവും നിലവാരമില്ലാത്ത സി ക്ലാസ് ചിത്രങ്ങളുമാണു. അതിനാൽ പൊതുവെ നല്ല ഒരു പ്രൊഡക്ഷൻ കമ്പനിയിൽ നിന്നും റിലീസ് ആയാൽ ശ്രദ്ധിക്കപ്പെടുകയുള്ളൂ. അതേ സമയം നിലവാരവും നമുക്കു പ്രതീക്ഷിക്കാൻ കഴിയുകയുള്ളൂ.
തന്റെ അമ്മ മരിച്ചതിനു ശേഷം മെഡിക്കൽ വിദ്ധ്യാർത്ഥിനി ആയ നാൻസി തന്റെ ഒഴിവുകാലം ആഘോഷിക്കാനായി മെക്സിക്കൊയിലെ അധികം പ്രസിദ്ധമല്ലാത്ത ഒരു ഒഴിഞ്ഞ ബീച്ചിൽ എത്തുന്നു. മനോഹരമായ ബീച്ചിൽ കുറച്ചു നേരം ജലകേളികൾ അതായതു സർഫിംഗ് നടത്തുക എന്നത് മാത്രമായിരുന്നു ഉദ്ദേശ്യം. അങ്ങിനെ നാൻസി സമുദ്രത്തിലൂടെ നീന്തിത്തുടിക്കുംബോൾ ആണു ഒരു തിമിംഗലം ചത്തതു ശ്രദ്ധയിൽ പെടുന്നതു. അവൾ നീന്തി അതിനടുത്തെത്തുംബൊഴാണു ആ സമുദ്രത്തിൽ താൻ മാത്രമല്ല വേറെ തന്നെ കാത്തു ഒരു വലിയ വിപത്തുമുണ്ടെന്നു മനസിലാകുന്നത്.. അതെ!!! ഭീകരനായ കൊലയാളി സ്രാവ്. ആദ്യത്തെ ആക്രമണത്തിൽ തന്നെ നാൻസിക്കു ആഴത്തിൽ മുറിവേറ്റു. യാതൊരു വിധത്തിലും രക്ഷപെടാൻ കഴിയാതെ അവൾക്കു കൂട്ടായി ഒരു കടൽകാക്കയും മാത്രം.. നാൻസി രക്ഷപെടുമോ ഇല്ലയൊ എന്നതാണു കഥയുടെ മുഴുരൂപം...
അത്യന്തം ആവേശകരമായ രീതിയിലും പ്രേക്ഷകനെ നല്ല രീതിയിൽ തന്നെ ത്രില്ലടിപ്പിക്കാൻ കഴിയുന്നുണ്ടു ചിത്രത്തിനു. ഈ ജോണറിലുള്ള ചിത്രത്തിൽ സ്ഥിരം ഉണ്ടാകാറുള്ള ക്ലീഷേ സീനുകൾ ഉണ്ടെങ്കിലും, അങ്ങിനെ ഒരു സന്ദർഭത്തിൽ കൂടിയും രസച്ചരട് പൊട്ടുന്നില്ല എന്നതു സംവിധായകന്റെ പ്രതിഭ തെളിയിക്കുന്നു. ഫ്ലാവിയൊ ലബിയാനൊയുടെ ക്യാമറാവർക്ക് മികച്ചു നിന്നു. സമുദ്രത്തിലടിയിലെ സീനുകൾ ഒക്കെ കാണാൻ ഒരു പ്രത്യേക ആകർഷണീയതയുണ്ടായിരുന്നു. സാങ്കൽപിക ബീച്ച് ആയ മെക്സിക്കൊയിലെ ദ്വീപായി ചിത്രീകരിച്ചതു ഓസ്‌ട്രെലിയയിലെ ലോർഡ് ഹൊവ് ദ്വീപിലാണു. വളരെയധികം ആകർഷികമായ ഒരു ദ്വീപ് അതു മനോഹരമായി തന്നെ ചിത്രീകരിക്കുകയും ചെയ്തു. മാർക്ക് ബെൽട്രാമിയുടെ പശ്ചാത്തലസംഗീതം സന്ദർഭോചിതമായിരുന്നു. പതിഞ്ഞ താളത്തിലും പിന്നീടു ത്രില്ലിംഗ് ഭാവത്തിലും മാറുന്ന സംഗീതം ചിത്രം ആസ്വദിക്കുന്നതിൽ വളരെയധികം സഹായിച്ചു.
ചിത്രത്തിന്റെ ജീവാത്മാവും പരമാത്മാവുമായ നാൻസി എന്ന കഥാപാത്രം ബ്ലേക് ലൈവ്‌ലി എന്ന സുന്ദരിയുടെ കയ്യിൽ ഭദ്രമായിരുന്നു. ഒന്നര മണിക്കൂർ സമയം സ്വയം ചുമലിലേറ്റിയ അവർ ഒരു പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. വളരെ മികച്ച അഭിനയപ്രകടനം ആണു അവർ കാഴ്ച വെച്ചതു. വേറെ അഭിനേതാക്കൾ അധികം ഇല്ലാത്തതു കൊണ്ടു അതേ പറ്റി എടുത്തു പറയുന്നില്ല..
ട്രെയിലർ കണ്ടു ഇഷ്ടപ്പെട്ടതു കൊണ്ടാണു ഈ ചിത്രം കാണാൻ തീരുമാനിച്ചതു എന്നാൽ മനസ്സിൽ അധികം പ്രതീക്ഷയും വെച്ചില്ല എന്നത് സത്യം. അതു കൊണ്ടാവാം എന്നെ വളരെയധികം രസിപ്പിക്കുകയും ചെയ്തു ദി ഷാലോസ്.
ഈ ഷാർക്ക് ഫൈറ്റിംഗ് സർവ്വൈവൽ ത്രില്ലറിനു ഞാൻ കൊടുക്കുന്നതു 7.4 ഓൺ 10 ആണു..
No comments:
Post a Comment