Cover Page

Cover Page

Wednesday, November 11, 2015

106. Lukka Chuppi (2015)

ലുക്കാ ചുപ്പി (2015)





Language : Malayalam
Genre : Comedy | Drama
Director: Bash Muhammed
IMDB : 7.0

Lukka Chuppi Theatrical Trailer



പതിനാലു വർഷങ്ങൾക്കു ശേഷം ഒരുമിച്ചു കോളജിൽ പഠിച്ച കുറച്ചു സുഹൃത്തുക്കൾ ഒരു സ്ഥലത്ത് ഒത്തൊരുമിക്കുന്നതാണ് ലുക്കാ ചുപ്പിയുടെ ഇതിവൃത്തം. ലോകത്തിന്റെ പല കോണിൽ നിന്നും, പല ജോലികളും ചെയ്യുന്ന കൂട്ടുകാരുടെ സന്തോഷവും സങ്കടങ്ങളിലൂടെയും ആണ് ലുക്കാച്ചുപ്പി എന്ന ഈ ചെറു ചിത്രം പറഞ്ഞു പോകുന്നത്. 

രഘുറാമിന്റെ ആവശ്യ പ്രകാരം സിദ്ധാർത് തങ്ങളുടെ കൂട്ടുകാരെ സിദ്ധാഥിൻറെ ഒഴിവുകാല വീട്ടിലേക്കു ക്ഷണിക്കുന്നു. അതിൽ ഡോക്റ്റർ ആയ റഫീക്കും ഭാര്യ സുഹറയും സിദ്ധാർഥിൻറെ ഭാര്യ രേവതിയും പിന്നീട് രഘുവിൻറെ ഭാര്യ ആനിയും സിദ്ധാർഥിൻറെ പ്രനയഭാജനം ആയിരുന്ന രാധികയും അവരുടെ കൂട്ടുകാരനായ ബെന്നിയും ഒക്കെ കൂടെ ചേരുന്നു. ഇവരുടെ പഴയകാല ഓർമ്മകൾ (nostalgic memories) അയവിറക്കുന്നതും മദ്യപാനവുമായി മുൻപോട്ടു പോകുന്നു. ഇതിൽ എന്നെ ഏറ്റവും ആകർഷിച്ചതും ഇവരുടെ സംസാരം തന്നെയാണ്, ഒരേ ലൊക്കേഷനിൽ തന്നെയാരുന്നുവെങ്കിലും ഒരു പ്രത്യേക ഫീൽ ഉണ്ടായിരുന്നു അവരുടെ സംഭാഷണം കേൾക്കാൻ. സാദാ മനുഷ്യർ സംസാരിക്കുന്നത് മാതിരിയായിട്ടാണ് തോന്നിയത്. 

ഇംഗ്ലീഷ് സിനിമയിൽ സാധാരണയായി കണ്ടു വരുന്ന ശൈലിയാണ് സംവിധായകനായ ബാഷ് മുഹമദ് ഈ ചിത്രത്തിന് വേണ്ടി അവലംബിച്ചിരിക്കുന്നത്. അത് നല്ല ഒരു ശതമാനം അദ്ദേഹം വിജയിചിട്ടുമുണ്ട്. ഓരോ കഥാപാത്രങ്ങളും ശരിക്കും രെജിസ്ടർ ചെയ്തതും സിനിമയ്ക്ക് സഹായകമായി. അത് അവതരിപ്പിച്ച അസ്മിത സൂദ് ഒഴിച്ച് എല്ലാവരും ന്യായീകരിചിട്ടുമുണ്ട്. സദാ സമയം കള്ളിൽ മുങ്ങിയ രഘുരാമിനെ അവതരിപ്പിച്ച ജയസൂര്യ, ദിനേശ്, മുരളി ഗോപി, ജോജു, മുത്തുമണി, രമ്യ നമ്പീശൻ, ചിന്നു കുരുവിള എന്നിവർ നല്ല പ്രകടനമാണ് കാഴ്ച വെച്ചത്. അതിൽ എടുത്തു പറയേണ്ടത്, ജയസൂര്യ (extraordinary), ജോജു , മുത്തുമണി, ചിന്നു കുരുവിള പിന്നെ സ്ക്രീനിൽ വെറും 5 മിനുട്ട് കൊണ്ട് മനസ്സിൽ ഒരു നൊമ്പരമോ സന്തോഷമോ ഒക്കെ സമ്മാനിച്ച ഇന്ദ്രൻസ് എന്നാ നടനുമാണ്‌. നമ്മുടെ മുൻപിൽ കണ്ടിട്ടുള്ള ചില കഥാപാത്രങ്ങളായാണ് അവരിൽ പലരെയും എനിക്ക് ഫീൽ ചെയ്തത്. അസ്മിത സൂദ് കാഴ്ചയിൽ വളരെയധികം സുന്ദരിയായിരുന്നുവെങ്കിലും അവരുടെ കാസ്റ്റിങ്ങ് ഒരു പോരായ്മയായി ഫീൽ ചെയ്തു. പ്രത്യേകിച്ചും അവരുടെ റോളിന്റെ പ്രാധാന്യം കണക്കിലെടുത്ത്, അതിത്തിരി കല്ലുകടിയായി തോന്നി. 

ബിജിബാലിന്റെ പശ്ചാത്തല സംഗീതം, ഗാനം എല്ലാം മികച്ചതായിരുന്നു. നന്നായിരുന്നു.സംഭാഷണങ്ങൾ മികച്ചതായിരുന്നു (നമ്മൾ കൂട്ടുകാർ വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടുമ്പോൾ എങ്ങിനെയോ അതെ രീതിയിൽ തന്നെയാണ് സംഭാഷണം). 

എന്നിരുന്നാലും, കുറവുകൾ ഏറെയാണ്‌, പ്രത്യേകിച്ച് ക്ലൈമാക്സ്. വളരെ ക്ലീഷെ നിറഞ്ഞു നിൽക്കുന്ന ക്ലൈമാക്സ് ആയി പോയി. കുറെ സാരോപദേശം കൂടി ആയപ്പോ അത് പൂർത്തിയായി. സംവിധായകൻ സിനിമ പ്രീ-ക്ലൈമാക്സ് വരെ മുഷിച്ചിലില്ലാതെ എത്തിചെങ്കിലും, പിന്നീട് എന്ത് ചെയ്യണം എന്ന് കുഴങ്ങി നില്ക്കുന്നതാണ് നമുക്ക് കാണാൻ കഴിയുക. രണ്ടാമത് പറയുകയാണെങ്കിൽ, ഇത് തീയറ്ററിൽ രണ്ടു മണിക്കൂർ കാണാൻ സാധിക്കില്ല എന്നതാണ്. സിനിമ കാണുന്ന ഒരു ഫ്ലോ കിട്ടുകയുമില്ല, എന്നാൽ മുഷിച്ചു പോകുകയും ചെയ്യും. കുറച്ചു കൂടി ട്രിം ചെയ്തിരുന്നെങ്കിലെന്നു  തോന്നിപ്പോയി. അസ്മിത സൂദ് രസം കൊല്ലിയായി പോയി. അഭിനയം മഹാ മോശം എന്നെ പറയേണ്ടൂ. കുറച്ചു ലോജിക്കിന്റെ കുറവുകൾ അനുഭവപ്പെട്ടിരുന്നു. 

കുറച്ചൊക്കെ കുറവുകൾ ഉണ്ടെങ്കിലും സിംഗിൾ ലൊക്കേഷൻ ഡ്രാമ (നൊസ്റ്റാൾജിക്) ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിഷ്ടപ്പെടും.

എന്റെ റേറ്റിംഗ്: 7 ഓണ്‍ 10

Saturday, November 7, 2015

105. Spectre (2015)

സ്പെക്ടർ (2015)




Language : English
Genre : Adventure | Crime | Thriller
Director : Sam Mendes
IMDB : 7.4


Spectre Theatrical Trailer


സ്കൈഫോൾ ലോകത്തിലേക്കും ഏറ്റവും കൂടുതൽ കളക്ഷൻ നേടി റെക്കോർഡ് നേടിയ (ഏകദേശം 1 ബില്ലിയണു മേലെ) ചിത്രത്തിന് ശേഷം സാം മേണ്ടസും ഡാനിയൽ ക്രൈഗും ഒരു പുതിയ ബോണ്ട്‌ ചിത്രവുമായി വരുമ്പോൾ പ്രതീക്ഷകൾ സ്വാഭാവികമായിട്ടു കൂടും. സ്കൈഫോൾ എന്ന ചിത്രവുമായി താരതമ്യം ചെയ്യാൻ കഴിയില്ലയെങ്കിലും 85% എങ്കിലും ന്യായീകരിച്ചിട്ടുണ്ട് ചിത്രം. 

പഴയ എം (ജൂഡി ഡെഞ്ച്) നിർദേശിച്ച പ്രകാരം മാർക്കോ സിയാറ എന്ന വാടക കൊലയാളിയെ കൊല്ലാൻ വേണ്ടി മെക്സിക്കോയിൽ എത്തുന്നതിൽ ചിത്രം തുടങ്ങുന്നു. കൃത്യനിർവഹണത്തിനിടെ ഒരു വലിയ കെട്ടിടം മുഴുവൻ തകര്ന്നു വീഴുന്നു. ഇത് മൂലം, പുതിയ എം (റാൽഫ് ഫിയെൻസ്) രാജി വെയ്ക്കണം എന്ന ആവശ്യം ബ്രിട്ടിഷ് ഗവണ്മന്റിൽ നിന്നും ഉയരുന്നു. അതിനാൽ 007 തല്ക്കാലത്തേക്ക് ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തുന്നു. അതേ സമയം, എമ്മും (M) സിയും (C) ബ്രിട്ടിഷ് ഇന്റലിജൻസിന്റെ തലപ്പത്ത് ഇരിക്കാനുള്ള അധികാര വടംവലിയിലുമാണ്. മെക്സിക്കോയിൽ നിന്നും സ്പെക്ടർ എന്ന അനധികൃത സംഘടനയുടെ തുമ്പു ലഭിക്കുന്ന 007, അതന്യേഷിച്ചു പോകുന്നു. പിന്നീടുണ്ടാകുന്നതാണ് സിനിമയുടെ ജീവനാടി.

സ്കൈഫോൾ എന്നാ ചിത്രം നിർത്തിയേടത്തു നിന്ന് തന്നെയാണ് ഈ ചിത്രവും മുന്നേറുന്നത്. ബോണ്ടിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങളെല്ലാം ഉൾപ്പെടുത്തി ആണ് ഈ ചിത്രത്തിൻറെ മൂല കഥ. കഴിഞ്ഞ ചിത്രങ്ങളിലെ സംഭവങ്ങളും എല്ലാം കൂട്ടിചേര്ത്ത് അതിനുള്ള ഉത്തരം ഈ ചിത്രം നൽകുന്നു. ചിത്രം കാണാൻ പിടിച്ചിരുത്തുന്ന ഘടകങ്ങൾ : ദാനിയൽ ക്രൈഗ്, ഫാസ്റ്റ് പേസ്ഡ് ആക്ഷൻ, ത്രിൽസ്, പിന്നെ ഇതിന്റെയെല്ലാം മേലെ തോമസ്‌ ന്യൂമാൻറെ പശ്ചാത്തല സംഗീതം, ക്യാമറ. പശ്ചാത്തല സംഗീതം ഒരു രക്ഷയുമില്ല. സീനുകളോട് നല്ല ചേർച്ചയും ഉണ്ട്.

 ബോണ്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട അഭിനേതാവാണ് ദാനിയൽ ക്രൈഗ്, കാരണം ഊർജ്ജ്വസ്വലത, ആക്രമണസ്വഭാവം, ആരെയും കൂസാത്ത ഭാവം എല്ലാം മറ്റുള്ള ബോണ്ടുകളിൽ നിന്നും ക്രൈഗിനെ വ്യത്യസ്തനാക്കുന്നു. പഴയ ബോണ്ട്‌ സ്റ്റൈലും പുതിയതും നല്ല രീതിയിൽ ഈ ചിത്രത്തിൽ മിശ്രണം ചെയ്തിട്ടുണ്ട്.

കുറച്ചു കൂടി ആക്റ്റീവ് ആയ റാൽഫ് ഫിയെൻസ് അവതരിപ്പിച്ച എം എന്ന കഥാപാത്രം. മോണിക ബെല്ലുച്ചി വളരെ ചുരുങ്ങിയ നേരം മാത്രമേ ചിത്രത്തിൽ ഉണ്ടായിരുന്നുള്ളൂ. നല്ല പ്രായം തോന്നിക്കുന്നുണ്ട് (50 വയസായി എന്നത് മാറ്റി നിർത്തുന്നു). ബെൻ വിഷാവ് (പെർഫ്യൂം ഫേം) നന്നായിട്ടുണ്ടായിരുന്നു. ക്രിസ്റ്റൊഫ് വാട്സ് പ്രധാന വില്ലനായി വന്നുവെങ്കിലും ഒരു എഫക്റ്റ് തോന്നിയില്ല. വില്ലന് ശക്തി പോരായിരുന്നു എന്ന് തോന്നി. WWE സ്റ്റാർ ടേവ് ബാറ്റിസ്റ്റയും വില്ലനായി തരക്കേടില്ലാത്ത കാഴ്ച വെച്ചു. ഇവർക്ക് രണ്ടു പേർക്കും നല്ല തുടക്കം നല്കിയെങ്കിലും, പിന്നീട് ആ ശക്തി കാണാൻ കഴിഞ്ഞില്ല (സ്കൈഫോളിൽ ഹാവിയർ ബദാം തകർത്ത് വാരിയത് വെച്ച് നോക്കുമ്പോൾ സ്പെക്റെറിലെ വില്ലന്മാർ പോരായിരുന്നു). പ്രധാന ബോണ്ട്‌ ഗേളായി വന്ന ലീയ സെയ്ദൊ (ബ്ലൂ ഈസ്‌ ദി വാമസ്റ്റ് കളർ ഫേം) ഭയങ്കര ബോറായി തോന്നി. ഒരു ഊർജ്ജം കാണാൻ കഴിഞ്ഞില്ല. സദാ കരയുന്ന മുഖമായി ആണ് തോന്നിയത്. 

മൊത്തത്തിൽ പറഞ്ഞാൽ, സ്കൈഫോളുമായി താരതമ്യം ചെയ്യാൻ കഴിയില്ലയെങ്കിലും ചിത്രം നിങ്ങളെ ബോറടിപ്പിക്കുകയില്ല.

Bond meets Mission Impossible - അതാണ്‌ സ്പെക്റ്റെർ.

എൻറെ റേറ്റിംഗ് 7.9 ഓണ്‍ 10

  

104. No Mercy (Yongseoneun Eupda) (2010)

നോ മെർസി (യൊങ്ങ്സ്യോന്യൊൻ യൂപ്ഡാ) (2010)



Language : Korean
Genre : Crime | Drama | Mystery | Thriller
Director : Kim Hyeong Jun
IMDB : 7.4


No Mercy Theatrical Trailer


ചില സിനിമകളും അതിലെ കഥാപാത്രങ്ങളും അങ്ങിനെയാണ്, കണ്ടു കഴിഞ്ഞാലും അത് നമ്മുടെ മനസിനെ വേട്ടയാടിക്കൊണ്ടേയിരിക്കും. അത് മാതിരി ഒരു ചിത്രമാണ് കിം ഹ്യൂങ്ങ് ജൂണ്‍ സംവിധാനം ചെയ്ത നോ മെർസി എന്ന കൊറിയൻ ത്രില്ലർ. മനസ്സിൽ ഒരു മായാത്ത മുറിപ്പാട് പോലെ ഇതവശേഷിക്കും. ഓൾഡ്‌ ബോയ്‌ എന്ന ത്രില്ലറിന്റെ ചുവടു പറ്റി തന്നെയുള്ള ഒരു റിവഞ്ച് ത്രില്ലറാണ് ഇത്.

കാങ്ങ് മിൻ ഹോ എന്ന forensic pathologist  വിരമിച്ചു സ്വന്തം മകളോടൊത്തു വിശ്രമകാലം ചെലവിടാൻ പദ്ധതിയിട്ട സമയത്താണ് നദീതീരത്ത്‌ നിന്നും ശരീരത്തിലെ ഭാഗങ്ങൾ മുഴുവൻ വേർപെടുത്തിയ ഒരു പെണ്‍കുട്ടിയുടെ ജഡം ലഭിക്കുന്നത്. അവസാനമായിട്ടു ഒരു ദൗത്യം ഏറ്റെടുക്കുന്നു. ലീ സങ്ങ് ഹോ ആണ് പ്രഥമശ്രിഷ്ട്യാ കൊലപാതകിയെന്ന് സംശയിക്കപ്പെട്ടു അറസ്റ്റിലായത്. എന്നാൽ, പ്രതീക്ഷകൾക്കെതിരായി ലീ കുറ്റം ഒരു തുടക്കക്കാരിയായ ഡിറ്റക്ടീവ് മിന്നിനോട് സമ്മതിക്കുന്നു. കാങ്ങിന്റെ ഒരു ശിക്ഷ്യ കൂടിയായിരുന്നു മിൻ. കാങ്ങിനെ കാണണമെന്ന് നിർബന്ധം പിടിക്കുന്ന ലീയെ ഒരു ദിവസം കാണുകയും, അപ്പോൾ കാങ്ങിൻറെ മകളെ താൻ തട്ടിക്കൊണ്ടു പോയിരിക്കുകയാണെന്നും തെളിവുകൾ വളച്ചൊടിച്ചു തന്നെ കുറ്റവിമുക്തനാക്കണമെന്നു ഇല്ലെങ്കിൽ പെണ്‍കുട്ടിയെ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തുന്നു. ആദ്യം വിസമ്മതിക്കുന്ന കാങ്ങ്, തന്റെ നിസഹായാവസ്ഥ ഓർത്ത്‌ അതിനു മുതിരുന്നു. എന്നാൽ കാങ്ങിനെ കാത്തിരിക്കുന്നത് ഞെട്ടിപ്പിക്കുന്നതും ഭയാനകവുമായ സത്യങ്ങളായിരുന്നു.

ത്രില്ലർ ഗണങ്ങളിലെ ഒരു ഏട് തന്നെയാണീ ചിത്രം. അത് പറയാൻ കാരണങ്ങൾ അനവധിയാണ്. ഒരു സാധാരണ പ്രേക്ഷകനെ പിടിച്ചിരുത്താൻ കഴിയുന്ന ത്രില്ലുകളും, ട്വിസ്ടുകളും കൊണ്ട് സമ്പുഷ്ടമാണ് നോ മെർസി. ഓരോ നിമിഷവും എന്ത് സംഭവിക്കും എന്നും പല പല ചോദ്യങ്ങൾ പ്രേക്ഷകരുടെ മനസിലൂടെ കടന്നു പോകും. ഇതിലാരു നായകൻ, വില്ലൻ എന്ന ചോദ്യവും പ്രേക്ഷകന്റെ മുൻപിൽ നിരത്തുന്നു. എന്നാൽ ഈ സംശയങ്ങൾക്കെല്ലാം ഒരു വ്യക്തമായ ഫിനാലെ (finale) ഒരുക്കിയിരിക്കുന്നു സംവിധായകനും എഴുത്തുകാരനും ആയ കിം ഹ്യൂങ്ങ്. പ്രതികാരവും മാനസിക വിക്ഷൊഭത്തിന്റെയും ഒരു വേലിയേറ്റം തന്നെയാണ് നോ മെർസി. ഈ ചിത്രത്തിൻറെ ജീവാത്മാവും പരമാത്മാവും, ക്ളൈമാക്സ് സീനുകൾ ആണ്. അത്രയ്ക്ക് മനോഹരമാണ് എന്നാൽ നമ്മുടെ മനസിനെ വേട്ടയാടുന്ന തരത്തിലും ആണ് ഒരുക്കിയിരിക്കുന്നത്. അനുഭവിച്ചു തന്നെ അറിയുക.

പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച സോൾ ക്യുങ്ങ് ഗുവും റ്യൂ സ്യൂങ്ങ് ബംമും ഹാൻ ഹ്യെജിന്നും നല്ല കെട്ടുറപ്പുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. വൈകാരിക തലങ്ങൾ എല്ലാം തന്നെ മികവുറ്റതായിരുന്നു. ബിജിഎം, ലൈറ്റിംഗ്, ക്യാമറാവർക്കും അവസാന നിമിഷം വരെ പ്രേക്ഷകൻറെ മനസ് പിടിച്ചിരുത്താൻ സഹായിച്ചു.

Extra Ordinary Psychic Thriller which will haunt you after the movie.

എന്റെ റേറ്റിംഗ് 8.3 ഓണ്‍ 10