Ajagajantharam (2021)
അജഗജാന്തരം (2021)
Language: Malayalam
Genre: Action
Director: Tinu Pappachen
IMDB: 8.4
Ajagajantharam Theatrical Trailer
ചില സിനിമകൾ തീയറ്ററിൽ തന്നെ അനുഭവിച്ചാസ്വദിക്കണം എന്ന് പറയാറില്ലേ. അതിനു പറ്റിയ ഒരു ഉദാഹരണം ആണ് ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ക്രിസ്തുമസ് പൂരത്തിന് കൊടിയേറിയ അജഗജാന്തരം.
ഉത്സവപ്പറമ്പിലെ ഒരു രാത്രിയെ കേന്ദ്രീകരിച്ച വളരെ ലഘുവായ കഥാതന്തുവിൽ നിന്നും രണ്ടു മണിക്കൂർ നീണ്ട PURE ADRENALINE RUSH, അങ്ങിനെ തന്നെ വിശേഷിപ്പിക്കേണ്ടി വരും ഈ സിനിമയെ. കിച്ചു ടെല്ലസിന്റെ കഥയ്ക്ക് കിച്ചുവും വിനീത് വിശ്വവും ചേർന്ന് കെട്ടിയുയർത്തിയ തിരക്കഥ. ഓരോ കഥാപാത്രങ്ങൾക്കും എന്തിനു ലൊക്കേഷന് വരെ അവർ തങ്ങളുടെ കഥയിൽ പ്രാധാന്യം കൊടുത്തിട്ടുണ്ട് എന്ന് ഈ ചിത്രം കണ്ടു കഴിയുമ്പോൾ നമുക്ക് മനസിലാവും.
നായകൻ ആയ ആന്റണി വർഗീസ് (പെപെ) അടിമുടി തിളങ്ങി, ആക്ഷൻ, അഭിനയം രണ്ടും വളരെ തന്മയത്വത്തോടെ തന്നെ കൈകാര്യം ചെയ്തു. കിച്ചു ടെല്ലസ്, ഒന്നും പറയണ്ട, അങ്ങേര് സ്‌ക്രീനിൽ വന്നാൽ അങ്ങ് നിറഞ്ഞു നിൽക്കുവാണ്, അത്രയ്ക്കുമുണ്ട് സ്‌ക്രീൻ പ്രസൻസ്. അദ്ദേഹവും ആക്ഷൻ സീകവൻസുകൾ മികവുറ്റ പ്രകടനം കാഴ്ച വെച്ചു. ശരിക്കും എനിക്ക് റൈസിംഗ് സ്റ്റാർ ആയി തോന്നിയത് അർജുൻ അശോകൻ ആണ്. അർജുന്റെ ഭാവങ്ങൾ, ഡയലോഗ് ഡെലിവറി ഒക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. സാബുമോനെ കച്ചംബർ ദാസൻ എന്ന കഥാപാത്രത്തെ ഏൽപ്പിച്ചപ്പോൾ ഒരു മിസ് കാസ്റ്റിങ് എന്ന പോലെയാണ് തോന്നിയത്. പക്ഷെ, എനിക്ക് തെറ്റി. ഡയലോഗ് ഡെലിവറിയും പിന്നീടുള്ള ട്രാൻസ്ഫോർമേഷനുമൊക്കെ സാബുമോൻ തകർത്തു. ജാഫർ ഇടുക്കിയുടെ പ്രസിഡന്റും, ടിറ്റോയുടെ സുരേന്ദ്രനും, ബീറ്റോ ഡേവിസിന്റെ ഹരിയും, വിജിലേഷിന്റെ ഈഡനും, നെയ്‌ശേരി പാർത്ഥൻ എന്ന ആനയും സിനിമ കഴിഞ്ഞാലും മനസീന്നു പോവില്ല. ശരിക്കും പറഞ്ഞാൽ എല്ലാവർക്കും സിനിമയിൽ പൂണ്ടു വിളയാടാൻ സംവിധായകൻ അനുവദിച്ചു കൊടുത്തതിനു കയ്യടി.
ജസ്റ്റിൻ വർഗീസിന്റെ ബാക്ക്ഗ്രൗണ്ട് സ്കോറും പാട്ടുകളും സിനിമയ്ക്ക് കൊടുക്കുന്ന മൈലേജ് ചില്ലറയല്ല. സിനിമയിലേക്ക് പ്രേക്ഷകനെ കൂടുതൽ അടുപ്പിക്കാൻ സഹായകമാകുന്നുണ്ട്. അത് പോലെ തന്നെ എടുത്തു പറയേണ്ട രണ്ടു പേരാണ് ക്യാമറ ചലിപ്പിച്ച ജിന്റോ ജോർജ്ജും ആക്ഷൻ കൊറിയോഗ്രാഫി ചെയ്ത സുപ്രീം സുന്ദറും. ഇത്രയും വലിയ ആൾക്കൂട്ടത്തിൽ ഉണ്ടാകുന്ന സംഘട്ടനവും അത് പോലെ തന്നെ ആനയെ കേന്ദ്രീകരിച്ചുള്ള ഷോട്ടുകളും ആക്ഷനും രണ്ടു പേരും മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. അത് ഒരു മേജർ ഹൈലൈറ്റ് തന്നെയാണ്. ചിത്ര സംയോജനം ചെയ്ത ഷമീർ അഹമ്മദിനും ഒരു പ്രത്യേക കയ്യടി അർഹിക്കുന്നു. അത്രയ്ക്ക് ക്രിസ്പി ആയിട്ട് ഒരു ലാഗും ഫീൽ ചെയ്യിക്കാതെ തന്നെ ആണ് എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.
MAN OF THE HOUR എന്ന് ഈ സിനിമയുടെ മൊത്തം തന്റെ ചുമലിൽ ഏന്തിയ ടിനു പാപ്പച്ചനു അവകാശപ്പെട്ടത് തന്നെയാണ്. വളരെ മികച്ച രീതിയിൽ കോമഡിയും ആക്ഷനും പെർഫോമൻസും മിക്സ് ചെയ്തു അഭ്രപാളിയിൽ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ തന്നെ അവതരിപ്പിച്ചു കയ്യടി വാങ്ങാനും, സിനിമയിലെ ഉത്സവം അതേ വൈബിൽ തന്നെ തീയറ്ററിലും നിലനിർത്താൻ സാധിച്ചു. ചെറിയ സ്ക്രീനിലും ലാപ്ടോപ്പിലും കണ്ടാലൊന്നും ആ പൂരപ്പറമ്പിലെ അല്ലെങ്കിൽ ഉത്സവപ്പറമ്പിലെ വൈബ് നമ്മിലേക്കെത്തില്ലെന്നു നൂറു ശതമാനം ഉറപ്പാണ്. അത് മാത്രമല്ല അത്രയ്ക്ക് ആൾക്കൂട്ടത്തിനിടയിൽ (ജൂനിയർ ആർട്ടിസ്റ്റുകളാവാം ഭൂരിഭാഗവും) എന്നാൽ കൂടി അത് നിയന്ത്രിച്ചു ഒരു മികച്ച തീയറ്റർ അനുഭവമാക്കുക എന്ന ഹിമാലയൻ ടാസ്ക് നല്ല ഭംഗിയായി തന്നെ നിർവഹിച്ചു.
ടിനു പാപ്പച്ചൻ, ആശാന്റെ ശിഷ്യൻ തന്നെ, ചിലപ്പോൾ ആശാന്റെ മേലെ നാളെ എത്തും എന്നുറപ്പുമാണ്.
മൊത്തത്തിൽ ഈ ക്രിസ്തുമസ് മൂന്നു ചിത്രങ്ങൾ കണ്ടു കഴിഞ്ഞതിൽ എന്റെ അഭിപ്രായത്തിൽ അജഗജാന്തരം ഒരു പണത്തൂക്കം മുന്നിൽ തന്നെയാണ്
And I am sure that AJAGAJANTHARAM WILL give you PURE ADRENALINE RUSH and is visual treat.
09 on 10