Cover Page

Cover Page

Tuesday, December 4, 2018

292. Thadaiyara Thaakka (2012)

തടൈയറ താക്ക (2012)



Language : Tamil
Genre : Action | Drama | Neo-Noir | Thriller
Director : Magizh Thirumeni
IMDB : 7.2

സിനിമ ഇറങ്ങിയത് മുതൽ കാണുവാൻ വേണ്ടി കാത്തിരുന്ന ചിത്രം. ഇറങ്ങിയ സമയത്തു പല കാരണങ്ങൾ കൊണ്ട് കാണുവാൻ കഴിഞ്ഞില്ല,  തീയറ്റർ പ്രിന്റുകൾ പണ്ട് മുതലേ കാണുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ഏകദേശം ആറു വർഷത്തോളം നല്ല പ്രിന്റിനായി കാത്തിരുന്നു. മാഞ്ചവേലിനും  മാലൈ മാല്യയുടെയും വിജയങ്ങൾക്കു ശേഷം അരുൺ കുമാർ അഭിനയിച്ച ചിത്രമാണ് തടൈയറ താക്ക. മുന്തിനം പാർത്തേനെ എന്ന പരാജയ ചിത്രത്തിന് ശേഷം മകിഴ് തിരുമേനി സംവിധാനം ചെയ്ത ഈ ചിത്രം മേക്കിങ് ശൈലി കൊണ്ട് നിയോ നോയിർ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്നതാണ്.

ചെന്നൈയിൽ ഒരു ടാക്സി ട്രാവൽസ് നടത്തിക്കൊണ്ടിരിക്കുന്ന സെൽവയും പ്രിയയും ആയി പ്രണയത്തിലാണ്. മാതാപിതാക്കളുടെ സമ്മതം വാങ്ങി കല്യാണത്തിൻ്റെ  നാൾ നോക്കിയിരിക്കുന്ന സമയത്തു സ്ഥലത്തെ പ്രധാന ദാദ മഹായെ ആരോ തല്ലി മരണശയ്യയിലാക്കുന്നു. മഹായുടെ അനുജൻ കുമാർ സെൽവയെ സംശയിച്ചു ഒറ്റ രാത്രിയിൽ തന്നെ സെൽവയുടെ കനവുകൾ എല്ലാം തല്ലിക്കെടുത്തുന്നു. ഇതിനിടെ മഹാ മരണപ്പെടുകയും സെൽവയെ കൊല്ലണം എന്ന തീരുമാനത്തോടെ കുമാർ വേട്ട ആരംഭിക്കുന്നു. ഇവർ തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് കളികൾ ആണ് പിന്നീട്. ഒടുവിൽ രഹസ്യങ്ങളുടെ ചുരുളഴിയുന്നതും അപ്രതീക്ഷിത ക്ളൈമാക്‌സോട് കൂടി പര്യവസാനിക്കുന്നു.

മകിഴ് തിരുമേനിയുടെ മുൻ ചിത്രം കണ്ടിട്ടില്ലായെങ്കിലും ഈ ഒരൊറ്റ സിനിമ തന്നെ മതി, അദ്ദേഹത്തിൻ്റെ  കാലിബർ അളക്കുവാൻ. തുടക്കം മുതൽ തന്നെ സിനിമയുടെ ജോൺറെയ്ക്ക് നീതി പുലർത്തിക്കൊണ്ടുള്ള ആഖ്യാനം. നായകൻ്റെ സ്വഭാവം, പ്രണയം, സുഹൃത്തുക്കളോട് കൂടിയുള്ള ജീവിതം, എല്ലാം നന്നായി തന്നെ മിക്സ് ചെയ്തിട്ടുണ്ട്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ വളരെ മികച്ച രീതിയിൽ കോർത്തിണക്കി വേഗതയാർന്ന ആഖ്യാനം പുലർത്തിയിരുന്നു. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ച അനൽ അരശ് നല്ല ഒരു കയ്യടി അർഹിക്കുന്നുണ്ട്. ഒട്ടും ഓവർ ആക്കാതെ കഴിവതും വിശ്വാസ യോഗ്യമായ ആക്ഷൻ ആയിരുന്നു അദ്ദേഹം നിർവഹിച്ചത്. ആക്ഷനിൽ യാതൊരു കൊമ്പ്രോമൈസിനും തയാറാകാത്ത അരുൺ വിജയ്, അത് മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. എം. സുകുമാർ ആണ് ക്യാമറ ചലിപ്പിച്ചത്, ഭൂരിഭാഗം സീനുകളും രാത്രിയിൽ ആയതു കൊണ്ട് തന്നെ സുകുമാറിന് ക്യാമറ നല്ല വെല്ലുവിളി ഉയർത്തി.എന്നിരുന്നാലും അദ്ദേഹം തന്റെ ഭാഗം മികച്ചതാക്കി. SS തമൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. ഒരു മാസ് മസാല ചിത്രത്തിന് വേണ്ട സംഗീതം അദ്ദേഹം ഫലപ്രദമായി തന്നെ നിർവഹിച്ചു.പാട്ടുകൾക്ക് അത്ര കണ്ടു പ്രാധാന്യം ഇല്ലായെങ്കിലും കേളാമലേ എന്ന ഗാനം ഹൃദ്യമായിരുന്നു.

അരുൺ വിജയ് എന്ന നടനു ഒരു സ്റ്റാർ എന്ന ലേബൽ ഉണ്ടാക്കി കൊടുത്ത ചിത്രമാണ് തടൈയറ താക്ക. സിനിമയിലുടനീളം അരുൺ വിജയ് എന്ന നടൻറെ charisma, attittude നമുക്ക് കാണാൻ സാധിക്കും. ഓരോ സീനിലും ഉള്ള സ്‌ക്രീൻ പ്രസൻസ് പ്രത്യേകിച്ചും ആക്ഷൻ സീനുകളിൽ ഉള്ള ഗാംഭീര്യം ഒക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അരുണിൻറെ ജോഡിയായി മംമ്ത മോഹൻദാസ് എടുത്തു പറയേണ്ട പ്രകടനം കാഴ്ച വെച്ചു. രണ്ടു പേരും നല്ല ജോഡിയായി തോന്നി. ഇന്നത്തെ തെലുങ്കിലെ സൂപ്പർ നായിക രാകുൽ പ്രീത് സിംഗിൻറെ ആദ്യ തമിഴ് ചിത്രമാണ് തടൈയറ താക്ക, ഒരു ചെറിയ റോൾ അവതരിപ്പിച്ചിട്ടുണ്ട്. വംശികൃഷ്ണ പ്രധാന വില്ലനെയും മഹാ ഗാന്ധി അരുൾദോസ് മറ്റു രണ്ടു വില്ലന്മാരെയും അവതരിപ്പിച്ചു.. മൂന്നു പേരും വില്ലൻ എന്ന ലേബലിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കാണാൻ സാധിച്ചെങ്കിലും, എന്റെ പ്രതീക്ഷകൾക്ക് നിറം മങ്ങലേൽപ്പിച്ചില്ല ഈ ചിത്രം.

റേറ്റിങ് 08 ഓൺ 10

അരുൺ വിജയ് - മകിഴ് തിരുമേനി കൂട്ടുകെട്ടിൽ ഉടൻ തന്നെ പുറത്തിറങ്ങുന്ന ചിത്രമായ തടത്തിന്  വേണ്ടി ഇപ്പോഴേ കാത്തിരിക്കുന്നു. ട്രെയിലർ റിലീസിന് മികച്ച പ്രതികരണം ഇത് വരെ നേടാൻ കഴിഞ്ഞിട്ടുണ്ട്.

No comments:

Post a Comment