Cover Page

Cover Page

Friday, December 21, 2018

294. Bumblebee (2018)

ബമ്പിൾബീ (2018)

 


Language: English
Genre: Action | Adventure | Sci-Fi
Director : Travis Knight
IMDB : 7.3

Bumblebee Theatrical Trailer

കോളേജിൽ പഠിക്കുന്ന കാലത്താണ് ട്രാൻസ്‌ഫോർമർ സിനിമയ്ക്ക് പ്രചോദനമായ ഒരു ഓട്ടോബോട്ട് വീഡിയോ മൊബൈലിലൂടെയും ഒക്കെ ഓടിക്കളിച്ചിരുന്നത്. അന്ന് അതൊരു കൗതുകമാകുകയും ആദ്യ ട്രാൻസ്‌ഫോർമർ കണ്ടു ഇഷ്ടപ്പെടുകയും ചെയ്തു. അതിൽ ഒരു ജീവൻ ഉണ്ടായിരുന്നു. പക്ഷെ പിന്നെ മൈക്കൽ ബേ  വിപണനത്തിനായി മാത്രം പടച്ചു വിട്ട കുറെ ചിത്രങ്ങളായി മാറി. അതോടെ ട്രാൻസ്‌ഫോർമർസ്  എന്ന സിനിമ സീരീസിനോടുള്ള ഇഷ്ടം തീരെയില്ലാതായി. ട്രാൻസ്‌ഫോർമർസിൻറെ  പ്രീക്വെൽ അല്ലെങ്കിൽ സ്പിൻ ഓഫ് എന്ന് വിളിക്കാവുന്ന  ബമ്പിൾബീ അണിയറയിൽ തയാറാവുന്നു എന്നറിഞ്ഞപ്പോഴും ട്രെയിലർ റിലീസ് ആയപ്പോഴും ഒട്ടും താത്പര്യം ഉണ്ടായിരുന്നില്ല. അങ്ങിനെ ഇന്നലെ മാളിൽ ഷോപ്പിംഗിനു പോയപ്പോൾ വെറുതെ പ്ളെക്സിന്റെ അടുത്തെത്തിയപ്പോൾ  ബമ്പിൾബീ റിലീസ് ആയിട്ടുണ്ടെന്നറിഞ്ഞത്.ഒട്ടും പ്രതീക്ഷ ഇല്ലാതെ തന്നെ ടിക്കറ്റ് എടുത്തു. 

സൈബര്‍ട്രോണ്‍ Decepticon ആക്രമത്തില്‍ നിന്നും രക്ഷ നേടി ഭൂമിയില്‍ BC127 എന്ന autobot എത്തുന്നു. എന്നാല്‍ BC127നു പിന്നാലെ വന്ന Blitzwing എന്ന Decepticonഉമായി നടന്ന സംഘട്ടനത്തില്‍ BCക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും, അതിന്‍റെ ഓഡിയോ ബോക്സ് നശിപ്പിച്ചു കളയുകയും ചെയ്യുന്നു.  ബോധവും എനര്‍ജിയും നഷ്ടപ്പെട്ടു ഒരു VW Beetle ആയി  മാറി ഒരു ഗാരേജില്‍ പൊടി പിടിച്ചു കിടക്കുന്നു.
പിതാവ് നഷ്ടപ്പെട്ട ചാര്‍ളി എന്നാ കൌമാരക്കാരി ഗാരേജില്‍ നിന്നും ആ ബീറ്റില്‍ കണ്ടെടുക്കുന്നു. വീട്ടില്‍ കൊണ്ട് വന്ന ആ കാര്‍ ഒരു ഓട്ടോബോട്ട് ആയി മാറുകയും, കൊച്ചു കുട്ടിയുടെ സ്വഭാവം കാണിക്കുന്ന അതിനെ അവള്‍ ബമ്പിള്‍ ബീ എന്ന് നാമകരണം ചെയ്യുന്നു. രണ്ടു പേരും ഇണപിരിയാത്ത സുഹൃത്തുകള്‍ ആകാന്‍ അധികം താമസം വന്നില്ല. കൂട്ടുകാര്‍ ആരുമില്ലാത്ത അവള്‍ക്ക് അവന്‍ ഒരു കൂട്ടുകാരന്‍ ആയിരുന്നു. പക്ഷെ, കാര്‍ ഓണ്‍ ആക്കിയ സമയത്ത് പോയ സിഗ്നലില്‍ Decepticons BC127ന്റെ ഉറവിടം കണ്ടെത്തുകയും optimus Prime-ഉം കൂട്ടരും എവിടെയുണ്ടെന്ന് കണ്ടുപിടിച്ചു ഉന്മൂലനം ചെയ്യാനും യാത്ര ഭൂമിയിലേക്ക് യാത്ര തിരിക്കുന്നു. ശേഷം സ്ക്രീനില്‍..


ട്രാന്‍സ്ഫോര്‍മര്‍ സീരീസുകളില്‍ നിന്നും അപേക്ഷിച്ച്  ചാര്‍ളിയുടെയും ബമ്പിള്‍ബീ സുഹൃദ്ബന്ധത്തിനെയും സ്നേഹത്തിന്‍റെയും കഥയാണ് പറയുന്നത്. മികച്ച ഇമോഷണല്‍ എലമന്റുകള്‍ ചിത്രത്തില്‍ നിരവധി ആണ്. Christina Hodson എഴുതിയ കഥയ്ക്ക് മികച്ച രീതിയില്‍ ചലച്ചിത്രഭാഷ്യം കൊടുക്കാന്‍ കഴിഞ്ഞിട്ടുണ്ട് സംവിധായകന്‍ ആയ Travis Knightനു. നല്ല വേഗതയുള്ള കഥാഖ്യാനത്തിനും വൈകാരികതയും ആക്ഷനും കോമഡിയും എല്ലാം ഒരു തുള്ളി അളവ് പോലും കൂടാതെ മികച്ച രീതിയില്‍ തന്നെ മിശ്രണം ചെയ്യാന്‍ കഴിഞ്ഞിട്ടുമുണ്ട്. Enrique Chediak നിര്‍വഹിച്ച ക്യാമറയും Paul Rubellന്‍റെ എഡിറ്റിങ്ങും എടുത്തു പറയേണ്ട ഒന്നാണ്.  Dario Marianelli ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഇവരുടെ സംഭാവന മറക്കാന്‍ കഴിയുന്നതല്ല. എണ്‍പതുകളിലെ Retro സ്വഭാവവും എല്ലാം തനതായ രീതിയില്‍ തന്നെ നിലനിര്‍ത്തിയിരുന്നു. കണ്ണിനും കാതിനും സുഖം പകരുന്ന ഒന്ന് തന്നെയായിരുന്നു. അത് പോലെ ബമ്പിള്‍ബീയുടെ 1967 VW Beetleന്‍റെ ക്ലാസിക് ലുക്കായിരുന്നു മറ്റൊരു സവിശേഷത. 

Hailee Steinfieldന്‍റെ കഥാപാത്രമായ ചാര്‍ളി മികച്ച നിലവാരം പുലര്‍ത്തുകയും ആ റോളില്‍ അവര്‍ ശരിക്കും തിളങ്ങുകയും ചെയ്തു. എല്ലാ വികാരങ്ങളും അവരുടെ മുഖത്തൂടെയും ഭാവത്തിലൂടെയും മിന്നി മറഞ്ഞു. മൊത്തത്തില്‍ ഒരു Hailee Steinfield ഷോ തന്നെയാരുന്നു.  WWE സൂപര്‍ സ്റ്റാര്‍ ജോണ്‍ സീന ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു, അദ്ദേഹവും മോശമെന്ന് പറയാനാവില്ല. Jorge Lendebord Jr. മെമോ എന്ന മുഖ്യ കഥാപാത്രത്തെ നല്ല രീതിയില്‍ തന്നെ അവതരിപ്പിച്ചു. Bumblebeeയെ ഏവരും ഇഷ്ടപ്പെടുന്ന രീതിയില്‍ തന്നെയാണ് അണിയിച്ചോരുക്കിയിരിക്കുന്നത്. വളരെ കുറുമ്പനായ സ്നേഹ സമ്പന്നനായ ഒരു കൊച്ചു കുട്ടിയുടെ സ്വഭാവം ഉള്ള ഒരു ഓട്ടോബോട്ട്. സ്ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രഭാവമുള്ള ഒരു ഓട്ടോബോട്ട്. 

നിങ്ങളുടെ ഉള്ളില്‍ ഇപ്പോഴും ഒരു കുട്ടി ഉറങ്ങിക്കിടക്കുന്നുവെങ്കില്‍, അതിനെ പെട്ടെന്ന് തന്നെ ഉണര്‍ത്തി ഈ ചിത്രം കാണുക. ഇഷ്ടപ്പെടും ഈ ബമ്പിള്‍ബീയെ.

എന്‍റെ റേറ്റിംഗ് 8.3 ഓണ്‍ 10

Tuesday, December 18, 2018

293. Tag (2018)

ടാഗ് (2018)



Language : English
Genre : Comedy
Director : Rob McKittrick
IMDB : 6.6


Tag Theatrical Trailer



കുട്ടിക്കാലം, ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ സുവർണ കാലഘട്ടമായിരിക്കും. എന്തെല്ലാം കളികൾ കുട്ടിക്കാലത്തു കളിചിട്ടുണ്ടാവും. അതെല്ലാം ഇന്ന് നമ്മൾ ഓർത്ത് ഇപ്പോഴും മധുരം നുണയുന്നുമുണ്ടാവും. കഞ്ഞീം കറീം മുതൽ കള്ളനും പോലീസും പോലെ എന്തെല്ലാം കളികൾ. എന്നാൽ ഈ കളികളൊന്നും തന്നെ പിൽക്കാലത്തു കളിക്കാനും കഴിയില്ല എന്ന സങ്കടം എല്ലാവരെയും അലട്ടുന്നുണ്ടാവും. എന്നാൽ അമേരിക്കയിൽ ഒരു പറ്റം സുഹൃത്തുക്കൾ "ടാഗ്(TAG)" എന്നകുട്ടിക്കാലത്തെ  കളി 23  വർഷമായി ഫെബ്രുവരി എന്ന മാസം കളിച്ചു പോന്നു. അവരിന്നും  തുടരുന്നുണ്ടത്രെ. "The Wall Street Journal" എന്ന അമേരിക്കൻ ദിനപത്രത്തിൽ റസൽ ആഡംസ് എഴുതിയ  23 വർഷത്തോളം ആയി ടാഗ് ഗെയിം കളിക്കുന്ന  നാല് കൂട്ടുകാരുടെ കഥയെ ആസ്പദമാക്കി Rob McKittrickഉം  Mark Steilanഉം എഴുതി ജെഫ് ടോംസിക് എന്ന നവാഗത സംവിധായകൻ സംവിധാനം ചെയ്ത ചിത്രമാണ് ടാഗ്.

ഒൻപതാം വയസു മുതൽ ഹോഗി, ജെറി, ബോബ്, ചിലി എന്ന നാല് സുഹൃത്തുക്കൾ  തുടങ്ങിയ കളിയാണ് ടാഗ്. 1983ൽ സ്‌കൂളിൽ പഠിക്കുമ്പോൾ കളിച്ചു തുടങ്ങിയത് ഇങ്ങു 2018ആം വര്ഷമായപ്പോഴും പൂർവാധികം ശക്തിയോടെ നില കൊള്ളുന്നു. എല്ലാ വർഷങ്ങളിലും മെയ് മാസത്തിൽ കളിയാക്കുന്ന ടാഗിൽ, അവസാനം ആരെയാണോ തൊടുന്നത് അവരായിരിക്കും അടുത്ത സീസൺ വരെയും "IT" എന്ന് വിളിക്കപ്പെടുക. 2018 ആയി, ഈ വർഷത്തെ സീസൺ ആരംഭിച്ചു.കഴിഞ്ഞ വർഷം IT ആയി മാറിയ ഹോഗി ഇത്തവണ എങ്ങിനെയെങ്കിലും ഇത് വരെ ഒരിക്കൽ പോലും IT ആക്കാൻ കഴിയാതെ പോയ അതീവ സൂത്രശാലിയും കായികക്ഷമത കൂടുതലുള്ള ജെറിയെ എങ്ങിനെയെങ്കിലും ഒരിക്കലെങ്കിലും IT ആക്കി മാറ്റാൻ ഹോഗിയും കൂട്ടുകാരും പദ്ധതി തയാറാക്കുകയും ചെയ്യുന്നു. ഒരു വലിയ ഇൻഷുറൻസ് കമ്പനിയുടെ CEO ആയ ബോബിനെ ഇന്റർവ്യൂ ചെയ്യാനെത്തുന്ന WALL-STREET JOURNAL റിപ്പോർട്ടർ ആയ റെബേക്കയും കൂടെ ചേരുന്നു. ഇവരുടെ ഈ അതിസാഹസികമായ കളി തമാശയുടെ മേമ്പൊടി ചേർത്തു അവതരിപ്പിച്ചിരിക്കുന്നു.

ഇങ്ങനെ ഒരു ത്രെഡ് തന്നെ ഏതൊരു മനുഷ്യനും ആശ്ചര്യം നൽകുന്ന ഒന്നാണ്. അതും നടന്ന സംഭവങ്ങളെ ആസ്പദമാക്കി അല്പം വിപുലമാക്കി അവതരിപ്പിച്ച ചിത്രമാണ് ടാഗ്. ആദ്യ ചിത്രം തന്നെ മനോഹരമായ ഒരു കോമഡി ആക്കി മാറ്റി സംവിധായകൻ. ചിരിക്കാൻ വക നൽകുന്നുണ്ട് ചിത്രം. വേഗതയാർന്ന ആഖ്യാനമായിരുന്നു ചിത്രത്തിൻറെ മറ്റൊരു പ്രത്യേകത. ആക്ഷൻ സീനുകളൊക്കെ നന്നായിരുന്നു. ഇത്തരം ചിത്രങ്ങളിൽ ക്യാമറ വർക്ക് ഒന്നും അത്ര പ്രാധാന്യം അർഹിക്കുന്നില്ലായെങ്കിലും, ഒരു രാത്രിയിൽ നടക്കുന്ന സംഭവത്തെ നന്നായിട്ടു തന്നെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. പശ്ചാത്തല സംഗീതവും രസകരമായിരുന്നു.

ജെറമി റെന്നർ, ജോൺ ഹാം, എഡ് ഹെൽമസ്, അനബെല്ല വാലിസ്‌, ഇസ്‌ലാ ഫിഷർ, ജേക്ക് ജോൺസൻ തുടങ്ങിയ ഹോളിവുഡിലെ പ്രമുഖർ ആണ് ചിത്രത്തിൽ അണി നിരന്നത്. കോമഡി പാരമ്പര്യമുള്ള മറ്റുള്ളവരെ അപേക്ഷിച്ചു ജോൺ ഹാം, ജെറമി റെന്നർ എന്നിവർ കോമഡി ചെയ്യുന്നതിൽ വിജയിച്ചു.എഡ് ഹെൽമസ്, ഇസ്ലാ, ജേക് എന്നിവരും നന്നായിരുന്നു.

ഉള്ളു പൊള്ളയാണെങ്കിലും ആസ്വദിച്ചു ചിരിക്കാൻ ഉള്ള വക നൽകുന്ന ഒരു കുഞ്ഞു ചിത്രം.

എൻ്റെ റേറ്റിങ് 6.7 ഓൺ 10

Tuesday, December 4, 2018

292. Thadaiyara Thaakka (2012)

തടൈയറ താക്ക (2012)



Language : Tamil
Genre : Action | Drama | Neo-Noir | Thriller
Director : Magizh Thirumeni
IMDB : 7.2

സിനിമ ഇറങ്ങിയത് മുതൽ കാണുവാൻ വേണ്ടി കാത്തിരുന്ന ചിത്രം. ഇറങ്ങിയ സമയത്തു പല കാരണങ്ങൾ കൊണ്ട് കാണുവാൻ കഴിഞ്ഞില്ല,  തീയറ്റർ പ്രിന്റുകൾ പണ്ട് മുതലേ കാണുന്നത് ഇഷ്ടമല്ലാത്തത് കൊണ്ട് ഏകദേശം ആറു വർഷത്തോളം നല്ല പ്രിന്റിനായി കാത്തിരുന്നു. മാഞ്ചവേലിനും  മാലൈ മാല്യയുടെയും വിജയങ്ങൾക്കു ശേഷം അരുൺ കുമാർ അഭിനയിച്ച ചിത്രമാണ് തടൈയറ താക്ക. മുന്തിനം പാർത്തേനെ എന്ന പരാജയ ചിത്രത്തിന് ശേഷം മകിഴ് തിരുമേനി സംവിധാനം ചെയ്ത ഈ ചിത്രം മേക്കിങ് ശൈലി കൊണ്ട് നിയോ നോയിർ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുത്താവുന്നതാണ്.

ചെന്നൈയിൽ ഒരു ടാക്സി ട്രാവൽസ് നടത്തിക്കൊണ്ടിരിക്കുന്ന സെൽവയും പ്രിയയും ആയി പ്രണയത്തിലാണ്. മാതാപിതാക്കളുടെ സമ്മതം വാങ്ങി കല്യാണത്തിൻ്റെ  നാൾ നോക്കിയിരിക്കുന്ന സമയത്തു സ്ഥലത്തെ പ്രധാന ദാദ മഹായെ ആരോ തല്ലി മരണശയ്യയിലാക്കുന്നു. മഹായുടെ അനുജൻ കുമാർ സെൽവയെ സംശയിച്ചു ഒറ്റ രാത്രിയിൽ തന്നെ സെൽവയുടെ കനവുകൾ എല്ലാം തല്ലിക്കെടുത്തുന്നു. ഇതിനിടെ മഹാ മരണപ്പെടുകയും സെൽവയെ കൊല്ലണം എന്ന തീരുമാനത്തോടെ കുമാർ വേട്ട ആരംഭിക്കുന്നു. ഇവർ തമ്മിലുള്ള ക്യാറ്റ് ആൻഡ് മൗസ് കളികൾ ആണ് പിന്നീട്. ഒടുവിൽ രഹസ്യങ്ങളുടെ ചുരുളഴിയുന്നതും അപ്രതീക്ഷിത ക്ളൈമാക്‌സോട് കൂടി പര്യവസാനിക്കുന്നു.

മകിഴ് തിരുമേനിയുടെ മുൻ ചിത്രം കണ്ടിട്ടില്ലായെങ്കിലും ഈ ഒരൊറ്റ സിനിമ തന്നെ മതി, അദ്ദേഹത്തിൻ്റെ  കാലിബർ അളക്കുവാൻ. തുടക്കം മുതൽ തന്നെ സിനിമയുടെ ജോൺറെയ്ക്ക് നീതി പുലർത്തിക്കൊണ്ടുള്ള ആഖ്യാനം. നായകൻ്റെ സ്വഭാവം, പ്രണയം, സുഹൃത്തുക്കളോട് കൂടിയുള്ള ജീവിതം, എല്ലാം നന്നായി തന്നെ മിക്സ് ചെയ്തിട്ടുണ്ട്. ഒരു രാത്രിയിൽ നടക്കുന്ന സംഭവങ്ങളെ വളരെ മികച്ച രീതിയിൽ കോർത്തിണക്കി വേഗതയാർന്ന ആഖ്യാനം പുലർത്തിയിരുന്നു. ആക്ഷൻ കൊറിയോഗ്രാഫി നിർവഹിച്ച അനൽ അരശ് നല്ല ഒരു കയ്യടി അർഹിക്കുന്നുണ്ട്. ഒട്ടും ഓവർ ആക്കാതെ കഴിവതും വിശ്വാസ യോഗ്യമായ ആക്ഷൻ ആയിരുന്നു അദ്ദേഹം നിർവഹിച്ചത്. ആക്ഷനിൽ യാതൊരു കൊമ്പ്രോമൈസിനും തയാറാകാത്ത അരുൺ വിജയ്, അത് മികവുറ്റ രീതിയിൽ അവതരിപ്പിക്കുകയും ചെയ്തു. എം. സുകുമാർ ആണ് ക്യാമറ ചലിപ്പിച്ചത്, ഭൂരിഭാഗം സീനുകളും രാത്രിയിൽ ആയതു കൊണ്ട് തന്നെ സുകുമാറിന് ക്യാമറ നല്ല വെല്ലുവിളി ഉയർത്തി.എന്നിരുന്നാലും അദ്ദേഹം തന്റെ ഭാഗം മികച്ചതാക്കി. SS തമൻ ആണ് ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചത്. ഒരു മാസ് മസാല ചിത്രത്തിന് വേണ്ട സംഗീതം അദ്ദേഹം ഫലപ്രദമായി തന്നെ നിർവഹിച്ചു.പാട്ടുകൾക്ക് അത്ര കണ്ടു പ്രാധാന്യം ഇല്ലായെങ്കിലും കേളാമലേ എന്ന ഗാനം ഹൃദ്യമായിരുന്നു.

അരുൺ വിജയ് എന്ന നടനു ഒരു സ്റ്റാർ എന്ന ലേബൽ ഉണ്ടാക്കി കൊടുത്ത ചിത്രമാണ് തടൈയറ താക്ക. സിനിമയിലുടനീളം അരുൺ വിജയ് എന്ന നടൻറെ charisma, attittude നമുക്ക് കാണാൻ സാധിക്കും. ഓരോ സീനിലും ഉള്ള സ്‌ക്രീൻ പ്രസൻസ് പ്രത്യേകിച്ചും ആക്ഷൻ സീനുകളിൽ ഉള്ള ഗാംഭീര്യം ഒക്കെ എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. അരുണിൻറെ ജോഡിയായി മംമ്ത മോഹൻദാസ് എടുത്തു പറയേണ്ട പ്രകടനം കാഴ്ച വെച്ചു. രണ്ടു പേരും നല്ല ജോഡിയായി തോന്നി. ഇന്നത്തെ തെലുങ്കിലെ സൂപ്പർ നായിക രാകുൽ പ്രീത് സിംഗിൻറെ ആദ്യ തമിഴ് ചിത്രമാണ് തടൈയറ താക്ക, ഒരു ചെറിയ റോൾ അവതരിപ്പിച്ചിട്ടുണ്ട്. വംശികൃഷ്ണ പ്രധാന വില്ലനെയും മഹാ ഗാന്ധി അരുൾദോസ് മറ്റു രണ്ടു വില്ലന്മാരെയും അവതരിപ്പിച്ചു.. മൂന്നു പേരും വില്ലൻ എന്ന ലേബലിൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

വളരെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് കാണാൻ സാധിച്ചെങ്കിലും, എന്റെ പ്രതീക്ഷകൾക്ക് നിറം മങ്ങലേൽപ്പിച്ചില്ല ഈ ചിത്രം.

റേറ്റിങ് 08 ഓൺ 10

അരുൺ വിജയ് - മകിഴ് തിരുമേനി കൂട്ടുകെട്ടിൽ ഉടൻ തന്നെ പുറത്തിറങ്ങുന്ന ചിത്രമായ തടത്തിന്  വേണ്ടി ഇപ്പോഴേ കാത്തിരിക്കുന്നു. ട്രെയിലർ റിലീസിന് മികച്ച പ്രതികരണം ഇത് വരെ നേടാൻ കഴിഞ്ഞിട്ടുണ്ട്.