Cover Page

Cover Page

Monday, November 12, 2018

291. Along With the Gods: The Two Worlds (Sin gwa Hamkke - Joe wa Beol) (2017)

എലോങ്ങ് വിത് ദി ഗോഡ്‌സ് : ദി ടൂ വേൾഡ്‌സ് (സിൻ ഗ്വാ ഹാംകെ - ജോ വാ ബിയോൾ) (2017)








Language : Korean
Genre : Action | Drama | Fantasy
Director : Kim Yong-Hwa
IMDB: 7.3

AWTG: The Two Worlds Theatrical Trailer


മരണത്തിനപ്പുറം ഒരു സാഹസിക യാത്ര ഉണ്ടെങ്കിലോ? ചിന്തിച്ചു നോക്കേണ്ട ഒരു കാര്യമാണ് അല്ലെ (ഒരു ഫാൻറസി ചിന്താഗതിയിൽ).നല്ല രസകരമാവും, ചിലപ്പോൾ ഭൂമിയിലെ ജീവിതത്തേക്കാൾ സാഹസികവും രസകരമാവാൻ സാധ്യത വളരെ കൂടുതൽ. നമ്മൾ മലയാളികൾക്ക് അത്ര പുതുമയുള്ള സംഭവമല്ല മരണത്തിനു ശേഷമുള്ള ഒരു ജീവിതം, പപ്പൻ പ്രിയപ്പെട്ട പപ്പനും, മാസും, യമഡോംഗയും, ഗോസ്റ്റും ഒക്കെ കണ്ടാസ്വദിച്ചതാണല്ലോ.

കിം ജെ ഹോംഗ് എന്ന ഫയർമാൻ തൻ്റെ അമ്മയെയും സഹോദരനെയും തനിച്ചാക്കി അപ്രതീക്ഷിതമായി മരണപ്പെടുന്നു. മരണാനന്തര ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ മരണത്തിൻറെ മാലാഖമാർ അവനെ കൂട്ടിക്കൊണ്ടു പോകുന്നു. പാരഗൺ എന്ന കാറ്റഗറിയിൽ വരുന്ന കിമിനു 49 ദിവസത്തിൽ ഏഴു വിചാരണ നേരിടേണ്ടി വരുന്നു.  ഈ ഏഴു വിചാരണയും വിജയകരമായി പൂർത്തിയാക്കുവാൻ കഴിഞ്ഞാൽ, കിമ്മിന് പുനർജനിക്കാം. ഗാംഗ് റിം തലവനായിട്ടുള്ള മരണ ദൂതരിൽ ഹെവൻമാക്, ലീ ഡിയോക് ചൂൻ എന്ന രണ്ടു പേർ  കൂടിയുണ്ട്. ഏഴു വിചാരണയ്ക്ക് ചെല്ലുവാൻ വേണ്ടി അവർക്ക് പല അത്യാസന്ന ഘട്ടങ്ങളും പല അപകടകരമായ സ്ഥലങ്ങളും പിൻകടക്കേണ്ടതായുണ്ട്. ഭൂമിയിലെ മനുഷ്യ ജീവിതത്തിൽ യാതൊരു ഇടപെടലുകളും പാടില്ലാത്ത അവർ പക്ഷെ കിമ്മിന് വേണ്ടി ഗാങ് റിം ഭൂമിയിലേക്ക് പോകുന്നു. എന്താണതിന്റെ കാരണം? ഏഴു വിചാരണയിലും കിം വിജയിക്കുമോ?

ജൂ-ഹോ മിൻറെ Singwa Hamgge എന്ന WEBCOMIC സീരീസിനെ ആസ്പദമാക്കി Kim Yong-hwa സംവിധാനം ചെയ്ത ചിത്രമാണ് Along With The Gods : The Two Worlds. പേര് അര്ഥമാക്കുന്ന പോലെ തന്നെ രണ്ടു ലോകങ്ങളിൽ നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. ഒരേ സമയം, ഇഹലോകത്തിലും പരലോകത്തിലും നടക്കുന്ന സംഭവങ്ങൾ ഇഴ ചേർത്തു ചിത്രീകരിച്ചിരിക്കുന്നു. ഹാസ്യവും, ആക്ഷനും, പിന്നെ അല്പം നൊമ്പരവും ഇട  കളർന്നുള്ള തിരക്കഥയ്ക്ക്, വളരെ വേഗതയാർന്ന ആഖ്യാനം നന്നേ കാഴ്ചക്കാരെ രസിപ്പിക്കും. വളരെ മികച്ച ആക്ഷനും, അത് പോലെ തന്നെ മികച്ച ഗ്രാഫിക്‌സും കൊണ്ട് നിറഞ്ഞ ചിത്രം ഒരു മികച്ച എന്റർടൈനർ ആക്കി മാറ്റുന്നു. 

കൊറിയ സിനിമ ഇൻഡസ്ട്രിയിലെ മുൻ നിര താരങ്ങളിൽ ഭൂരിഭാഗവും അണി നിരന്ന ചിത്രമാണ് ഇത്.  സൂപ്പർസ്റ്റാർ ഹാ ജുങ് വൂ ആണ് പ്രധാന കഥാപാത്രവും മാലാഖമാരുടെ തലവനായ ഗാങ് റിമ്മിനെ അവതരിപ്പിച്ചത്. അദ്ദേഹത്തിൻറെ കാലിബർ വെച്ച് ഈ റോൾ വളരെ അനായാസമായി തന്നെ ചെയ്തു. Cha Tae-Hyun ഫയർമാനായ കിം മാലാഖമാരായ ഹെവൻമാക്, ലീ ഡിയോക് ചൂൻ എന്നിവരെ Ju Ji-Hoon, Kim Hyang-Gi അവതരിപ്പിച്ചു. പതിനെട്ടു വയസു മാത്രമുള്ള പെൺകുട്ടി കിം ഹ്യാങ്-ഗിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. Kim Dong-Wook, Don Kyung-Soo, Jang Gwang, Oh Dal-su, Im Won-hee എന്നിവരെ കൂടാതെ Lee Jung-Jae, Lee Geung-Young, Dong Seok Ma, Kim Min-jong, Kim Ha-Neul എന്ന പ്രഗത്ഭരും മുഖ്യധാരാ കലാകാരന്മാർ കാമിയോ അപ്പിയറൻസിൽ വന്നു. സത്യം പറഞ്ഞാൽ, ഓരോ സമയവും കാസ്റ്റ് കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരുന്നു.

ഒരു fantasy ചിത്രം കാണുന്ന ലാഘവത്തോടെ കണ്ടാൽ നിങ്ങളെ നൂറു ശതമാനം entertain ചെയ്യുകയും കണ്ണുകളിൽ അല്പം ഈറൻ അണിയിക്കുകയും ചെയ്യുന്ന ഒരു മികച്ച ചിത്രമാണ് സിൻ ഗ്വാ ഹാംകെ - ജോ വാ ബിയോൾ

എൻ്റെ റേറ്റിങ് 8.5 ഓൺ 10


2017ൽ  റിലീസായ ഈ ചിത്രം ബോക്സോഫീസിലെ ഏറ്റവും മികച്ച വിജയങ്ങളിൽ കൊറിയയിൽ രണ്ടാം സ്ഥാനത്താണ്. വെറും 18 മില്യൺ യുഎസ്‌ ഡോളറിൽ നിർമിച്ച ഈ ചിത്രം 108 മില്യൺ ഡോളറോളം വാരിക്കൂട്ടിയിട്ടുണ്ട്.

ഈ ചിത്രത്തിൻറെ രണ്ടാം ഭാഗം ഇറങ്ങിയിട്ടുണ്ട്. Along with the Gods: The Last 49 Days എന്നാണാ ചിത്രത്തിൻറെ പേർ. മൂന്നാമത്തെയും നാലാമത്തെയും ഭാഗത്തിന്റെ തയാറെടുപ്പ് അണിയറയിൽ നടക്കുന്നു എന്നാണു അറിയാൻ കഴിഞ്ഞത്.

Wednesday, November 7, 2018

290. Sarkar (2018)

സർക്കാർ (2018)




Language : Tamil
Genre : Action | Crime | Drama
Director : A.R. Murugadoss
IMDB : 8.2


ഒരൊറ്റ വോട്ടു കൊണ്ട് എന്ത് മാറ്റി മറിക്കാനാണ്. ഞാനുൾപ്പെടുന്ന യുവ ജനത കാലാകാലങ്ങളായി സമൂഹത്തോട് ചോദിക്കുന്ന ഒരു ചോദ്യമാണ്. ഞാൻ വോട്ടു ചെയ്തില്ലെങ്കിൽ / വോട്ടു ചെയ്‌താൽ ഇവിടെ എന്ത് സംഭവിക്കാനാണ് എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം ജനങ്ങൾ ഉള്ള നാടാണ് നമ്മുടെ ഇന്ത്യ. അതിപ്പ ഏതു ഇലക്ഷൻ ആയാലും അര മണിക്കൂർ ക്യൂവിൽ പോലും നിൽക്കാൻ തയാറാകാതെ സ്വാർത്ഥത മൂലം തങ്ങളുടെ അവകാശം വരെ ഹനിച്ചു, ഭരണത്തിലേറിയ സർക്കാരിനെ കുറ്റം പറയുന്ന ഒരു വിഭാഗം ജനങ്ങൾ. ഞാനും അതിലുൾപ്പെടുന്നു എന്നതാണ് എൻ്റെ ഏറ്റവും വലിയ സങ്കടം. നമ്മൾ ഒരിക്കൽ പോലും മനസിലാക്കാൻ ശ്രമിക്കുന്നില്ല, നാട്ടിൽ നടക്കുന്ന പോളിംഗ് ശതമാനം തന്നെ കണക്കിലെടുത്താൽ മനസിലാകും നമ്മുടെ സാമൂഹ്യ പ്രതിബദ്ധത. വെറും 75 % മാത്രമാണ് വോട്ടിങ് രേഖപ്പെടുത്തിയത്. ശരിക്കും പറഞ്ഞാൽ, ഈ 25 % ആളുകളുടെ വോട്ടുകൾ ശരിക്കും തിരഞ്ഞെടുപ്പ് ഫലം തന്നെ ഒരു പക്ഷെ മാറി മറിഞ്ഞേനെ. ഒന്നും രണ്ടും സ്ഥാനങ്ങൾ അഞ്ചു ശതമാനം വ്യത്യാസവും, രണ്ടും മൂന്നും സ്ഥാനം 23 ശതമാനം വിത്യാസവുമായിരുന്നു രേഖപ്പെടുത്തിയത്.  ഒരു പക്ഷെ ഈ ഇരുപത്തിയഞ്ചു ശതമാനം ഒരു ഗെയിം ചേഞ്ചർ ആകുമായിരുന്നില്ല. നമ്മൾ പൊതുജനങ്ങൾക്ക് കിട്ടുന്ന ഒരു ദിവസത്തെ രാജകീയ വാഴ്ച അല്ലെങ്കിൽ അധികാരം പിന്നീടുള്ള അഞ്ചു വർഷം അടിമത്തം ആയി മാറ്റുന്നത് നമ്മൾ തന്നെയല്ലേ.. നിങ്ങൾ ഒന്ന് ആലോചിച്ചു നോക്കൂ. നിൻറെ ദാരിദ്ര്യമാണ് എൻ്റെ തുറുപ്പു ചീട്ട് അല്ലെങ്കിൽ എൻ്റെ അധികാരം എന്ന് പറയാതെ പറയുന്ന രാഷ്ട്രീയക്കാർ, നമ്മുടെ ഒരു വോട്ടു ആണെങ്കിലും ആ വോട്ടിനു ശക്തിയുണ്ട് എന്ന് കാണിച്ചു തരുന്നു എ ആർ മുരുകദോസ് സംവിധാനം ചെയ്ത വിജയ് നായകനായ സർക്കാർ.

കോർപറേറ്റ് കിംഗ്പിൻ ആയ സുന്ദർ രാമസ്വാമി തമിഴ്‌നാട് തിരഞ്ഞെടുപ്പ് സമയം തന്റെ വോട്ടു രേഖപ്പെടുത്താനായി വരുന്നതും അവിടെ തൻ്റെ വോട്ട് മുൻപാരോ കള്ളവോട്ടായി രേഖപ്പെടുത്തുന്നതും, അതിനേറെ തന്റെ പ്രതിഷേധം രേഖപ്പെടുത്തുന്നു. തങ്ങളുടെ വോട്ടു തങ്ങളുടെ മാത്രം സ്വന്തമാണെന്നു മനസിലാക്കുന്ന പൊതുജനം, സുന്ദറിൻറെ വിപ്ലവത്തിന് കൂടെ നിൽക്കുന്നതും അവർ ഒന്നായി പോരാടുന്നതുമാണ് സർക്കാരിന്റെ ഇതിവൃത്തം.

അകീറ, സ്പൈഡർ തുടങ്ങിയ ദുരന്ത ചിത്രങ്ങൾക്ക് ശേഷം AR മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രവും കത്തി, തുപ്പാക്കി എന്ന രണ്ടു ബ്ലോക്ക്ബസ്റ്റർക്കു ശേഷം വിജയുമായി ഉള്ള മൂന്നാം സംരംഭവും ആണ് സർക്കാർ. പതിവ് രീതിയിൽ തുടങ്ങുന്ന ചിത്രം, വളരെ പെട്ടെന്ന് തന്നെ ചിത്രത്തിൻറെ യഥാർത്ഥ ആദർശത്തിലേക്കു കടക്കുന്നു. സർക്കാർ, കത്തി പോലൊരു മാസ് ചിത്രം പ്രതീക്ഷിച്ചു തീയറ്ററിൽ കാണാൻ പോകരുത്. വളരെ മെല്ലെ പോകുന്നു എന്നാൽ സിനിമയുടേതായ മൊമന്റുകൾ ഉള്ള കൃത്യമായ രാഷ്ട്രീയം വിളിച്ചോതുന്ന ഒരു സിനിമയാണ് സർക്കാർ. ആദ്യ പകുതി നന്നായി പോകുകയും, എന്നാൽ ഇടയ്ക്കുള്ള വിജയുടെ അഭിനയം നിരാശാജനകം ആയിരുന്നുവെങ്കിലും മൊത്തത്തിൽ ഒരു വിജയ് ഷോ തന്നെയായിരുന്നു. രണ്ടാം പകുതിയും ഏറെക്കുറെ നന്നായി പോകുകയും, ക്ളൈമാക്സിനു മുൻപ് ഒരു 10 - 15 കൈവിട്ടു പോവുകയും ചെയ്തു. ഒരു പൂർണത തരുന്ന ക്ളൈമാക്സ് അല്ലായിരുന്നു എന്ന് സാരം. മുരുഗദോസ് അല്പം കൂടി തിരക്കഥയിൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ഒരു മികച്ച സിനിമാനുഭവം ആയി മാറിയേനെ. പല കുറി പറഞ്ഞു വെച്ച കാര്യങ്ങൾ ആണെങ്കിൽ കൂടി, സാമൂഹ്യ പ്രതിബദ്ധത ഉള്ള കഥകൾ തിരഞ്ഞെടുക്കുന്നതിൽ മുരുഗദോസ് ഒരു നല്ല ഉദാഹരണമാണ്. ബഹുജനത്തിന്റെ സ്വരം ഒരാളിലൂടെ പറയുക എന്ന ഐഡിയോളജി ആണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. നൈസായിട്ടു ജയലളിതയുടെ മരണം ഇതിൽ ഉപയോഗിച്ചിട്ടുണ്ട് (സിനിമ കണ്ടവർക്ക് കലങ്ങും).

സമയം തികയ്ക്കാൻ പാട്ടുകളുടെ അനാവശ്യ കുത്തിത്തിരുകലുകൾ  രസം കൊല്ലിയായി ഭവിച്ചു. പ്രത്യേകിച്ചും CEO ഇൻ ദി ഹൌസ്, സിംട്ടാൻകാരൻ, OMG പെണ്ണെ, തുടങ്ങിയ ഗാനങ്ങളുടെ ആവശ്യം ഒട്ടും തന്നെ തോന്നിയില്ല. ഈ പാട്ടുകൾ കേൾക്കുവാൻ ഇഷ്ടമായിരുന്നുവെങ്കിലും, ചിത്രത്തിൻറെ കഥാഗതിയ്ക്കു ചേർച്ച തീരെ ഉണ്ടായിരുന്നില്ല. CEO ഇൻ ദി ഹൌസ്, ചിത്രീകരണവും കൊറിയോഗ്രഫിയും നല്ല ബോർ ആയി മാറുകയും ചെയ്തു. വിജയുടെ ഡാൻസിന്റെ എനർജി ലെവൽ കുറവായും, സിങ്ക് ആകാതെ പോവുകയും ചെയ്തു. പാട്ടു ശരാശരിക്കും താഴെ ആയിരുന്നു. ഒരു വിരൽ പുരട്ച്ചി ഗാനം മികവ് പുലർത്തുന്ന ഉപയോഗം ആയിരുന്നു. ഒരു വിപ്ലവത്തിന് തുടക്കം കുറിയ്ക്കുന്ന വരികളുള്ള ഗാനത്തിന്റെ ചിത്രീകരണവും പ്ളേസ്മെന്റും നന്നായിരുന്നു.
പശ്ചാത്തല സംഗീതത്താമെന്നാൽ നായകൻ വരുമ്പോൾ ത്രസിപ്പിക്കുന്ന സംഗീതവും വാദ്യമേളങ്ങളും വേണമെന്ന് നിർബന്ധം പിടിക്കുന്നവരോട് ഒരു വാക്കു. ഒരു സിനിമയുടെ ഒഴുക്കിനു ചേർന്ന രീതിയിൽ സംഗീതം കൊടുത്താലേ, പ്രേക്ഷകന് എന്ന നിലയിൽ കഥയുമായി ഇഴുകി ചേർന്ന് പോകാൻ കഴിയൂ. അവിടെ എആർ റഹ്‌മാൻ എന്ന സംഗീതജ്ഞൻ പൂർണ വിജയമായി എന്നതാണ് എൻ്റെ പക്ഷം. കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായി തന്നെ സംഗീതം നൽകി. പക്ഷെ കല്ലുകടിയായതു ടോപ് ടക്കർ എന്ന പാട്ടിൻറെ തുടർച്ചയായ ഉപയോഗം വളരെയധികം ബോറായി മാറി. നായകന്, പ്രത്യേകമായി അല്ലെങ്കിൽ ഒരു signature ട്യൂൺ കൊടുത്തിരുന്നെങ്കിൽ കുറച്ചു കൂടെ നന്നായിരുന്നേനെ എന്ന് തോന്നി. സംവിധായകൻറെ ചിന്താഗതി കൂടി ഉൾപ്പെടുന്നതാണ് പശ്ചാത്തല സംഗീതം എന്ന് പറയാതെ തന്നെ അറിയാമെന്നു വിശ്വസിക്കുന്നു. പിന്നെ കത്തി സിനിമയിൽ ഉള്ളത് പോലെ രോമാഞ്ച കഞ്ചുകമായ സീനുകളുടെ അഭാവവും പശ്ചാത്തല സംഗീതത്തിലും പ്രതിഫലിക്കുന്നു (ഉദാ: കോയിൻ ഫൈറ്റ്)

ആക്ഷനും ക്യാമറവർക്കും സിനിമയുടെ ഏറ്റവും മികച്ച കാറ്റഗറിയിൽ പെടുത്താവുന്നതാണ്. പല ശൈലികളും പരീക്ഷിച്ചിട്ടുണ്ട് ആക്ഷൻ കൊറിയോഗ്രാഫി.. അതിൽ അനാവശ്യമായി തോന്നിയത് ക്ളൈമാക്സിനു തൊട്ടു മുൻപുള്ള ഫൈറ്റ് ആണ്. പക്ഷെ അവിടെയെല്ലാം മികച്ചു നിന്നതു ഗിരീഷ് ഗംഗാധറിൻറെ ക്യാമറ തന്നെയാണ്. ഫാസ്റ്റ് പേസ്ഡ് ആക്ഷനും, വാൻ ഫൈറ്റ് ആക്ഷനും ഒക്കെ മികവുറ്റ രീതിയിൽ തന്നെ പകർത്തിയെടുത്തു. അത് പോലെ തന്നെ ലൈറ്റിങ്ങിലും നന്നേ ശ്രദ്ധ ചെലുത്തിയിരുന്നു.

വോട്ടവകാശം നിഷേധിക്കപ്പെടുന്ന ജനങ്ങളിൽ ഒരാളാണ് വിജയ് അവതരിപ്പിക്കുന്ന നായക കഥാപാത്രം. IN AND OUT വിജയ് ഷോ ആണ് ചിത്രം. എന്നാൽ ഫാൻസിനു ഇഷ്ടപ്പെടുമോ എന്നത് ഡൗട്ട് ആണ്, അവർക്കു ജയ് വിളിക്കാൻ ഉതകുന്ന ചുരുക്കം സീനുകൾ മാത്രമേ ഉള്ളൂ എന്നതാണ് പ്രത്യേകത. എന്നിരുന്നാലും വിജയുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്. വിജയുടെ മുൻപുള്ള സിനിമകളിലെ മാനറിസങ്ങൾ പലപ്പോഴായി കടന്നു വരികയും അത് പോലെ ശൈലിയും കടന്നു വരുന്നു എന്നത് ഒരു നെഗറ്റിവ് ആണ്. ഈ I AM WAITING ആവർത്തന വിരസത ഉണ്ടാക്കുന്നുണ്ട്.

നായികാ പദവി കീർത്തി സുരേഷിന് സ്വന്തം. പക്ഷെ ഒട്ടും ആവശ്യമില്ലാത്ത കഥാപാത്രം ആയിരുന്നു കീർത്തി അവതരിപ്പിച്ച നിലാ എന്ന കഥാപാത്രം. ഉള്ളത് വെടിപ്പായിട്ടു ചെയ്തു എന്ന് മാത്രമേ പറയാൻ പറ്റൂ. രണ്ടു മൂന്നു പാട്ടുകൾക്ക് വേണ്ടി മാത്രം ഉള്ള ഒരു നായിക, അതിൽ കൂടുതൽ വിശേഷണം കൊടുക്കാൻ ആഗ്രഹിക്കുന്നില്ല.

വരലക്ഷ്മി ശരത്കുമാർ, ആദ്യ സിനിമ മുതൽക്കു തന്നെ, താൻ അഭിനയത്തിൽ ഒട്ടും പിറകോട്ടല്ല എന്ന് കാണിച്ചു തന്ന നടി. ഒരേ ടൈപ് കഥാപാത്രത്തിൽ തളച്ചിടപ്പെടുകയാണോ എന്ന സംശയം ബാക്കി നിർത്തുന്നു. പക്ഷെ, അവരുടെ സ്‌ക്രീൻ പ്രസൻസും അവതരണവും പ്രശംസനീയം തന്നെ. വിജയുടെ നായകന് പറ്റിയ എതിരാളി.

ഡിഎംകെ പ്രവർത്തകനും (മുൻപ് അണ്ണാഡിഎംകെ പ്രവർത്തകൻ)  മുൻ MLAയുമായ പാലാ കറുപൈയ്യ  ആണ് മസിലാമണി എന്ന വില്ലനായ രാഷ്ട്രീയക്കാരനെ അവതരിപ്പിച്ചത്. അദ്ദേഹം അഭിനയിക്കുന്ന രണ്ടാമത്തെ പടം (മുൻപ് അങ്ങാടി തെരു നിർമിക്കുകയും അഭിനയിക്കുകയും ചെയ്തിരുന്നു). രാഷ്ട്രീയക്കാരൻ ആയതു കൊണ്ടാവും എളുപ്പത്തിൽ ആ റോൾ ചെയ്യാൻ കഴിഞ്ഞു.

രാധാരാവിയുടെ റോളും നന്നായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻറെ മുഖഛായ എനിക്ക് മാത്രമാണോ തോന്നിയത്, അതോ?

യോഗി ബാബു (ഒരാവശ്യവുമില്ലാത്ത കഥാപാത്രം, എന്നാലും അല്പം ചിരി പടർത്താൻ കഴിഞ്ഞു), ലിവിങ്സ്റ്റൺ, ശിവശങ്കർ, തുളസി ശിവമണി, തുടങ്ങി നിരവധി കലാകാരന്മാർ അണി നിരന്നു. മുരുഗദോസ് ഇപ്രാവശ്യം ഡയലോഗ് പറയാൻ നിന്നില്ല, പകരം ഒരു പാട്ടു സീനിൽ സ്‌പെഷ്യൽ ആയി വന്നു.

മൊത്തത്തിൽ പറഞ്ഞാൽ, ഒരു വിജയ് മാസ് മസാല പ്രതീക്ഷിക്കാതെ ഒരു ചിത്രം കാണണമെങ്കിൽ കാണാൻ ഉള്ള ഒരു ചിത്രം. ഒരു തവണ കാണാൻ ഉള്ളതൊക്കെ സിനിമയിലുണ്ട്. കടുത്ത വിജയ് ഫാൻസും കത്തി പോലെ ഉള്ള ഒരു മാസ് മസാല ചിത്രം ആഗ്രഹിക്കുന്നവർക്കും സർക്കാർ ഒരു അപവാദമായേക്കാം.

എന്നെ ഒരു പരിധിക്കു മേലെ തൃപ്തിപ്പെടുത്തിയ ചിത്രവും, കുറച്ചൊക്കെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഘടകവും ഉള്ള ഒരു വിജയ് ചിത്രം. 

എൻ്റെ റേറ്റിങ് 7.0  ഓൺ 10

സ്വന്തം പാർട്ടിയുടെയും എതിർ പാർട്ടിയുടെ മൂല്യങ്ങളും ആദർശങ്ങളും ചോദ്യം ചെയ്യപ്പെടുന്ന ചിത്രം നിർമ്മിക്കാൻ സൺ പിച്ചർസ് കാണിച്ച ആ മനസുണ്ടല്ലോ. അഭിവാദ്യങ്ങൾ. സിനിമയിൽ കൂടുതലും അണ്ണാഡിഎംകെയ്ക്കെതിരെ ആണെന്ന് പറയാതെ പറയുന്നുണ്ട്.

289. Mile 22 (2018)

മൈൽ 22 (2018)



Language : English | Russian | Indonesian
Genre : Action | Drama | Espionage | Thriller
Director : Peter Berg
IMDB : 6.1

ജെയിംസ് സിൽവ നയിക്കുന്ന  ഓവർവാച്  എന്ന അമേരിക്കൻ ബ്ളാക് ഓപ്സ് ടീമിന് ഒരു ദൗത്യം ഏറ്റെടുക്കേണ്ടി വന്നു. റഷ്യക്കാർ ഒളിപ്പിച്ചു വെച്ചിരിക്കുന്ന അതീവ മാരകമായ സ്ഫോടന വസ്തുവായ സീഷ്യം  ഒളിപ്പിച്ചു വെച്ചിരിക്കുന്ന സ്ഥലം കണ്ടു പിടിക്കണം. അത് കണ്ടു പിടിക്കണമെങ്കിൽ ലീ നൂർ എന്ന ഇൻഡോനേഷ്യൻ ചാരനെ അമേരിക്കയിലേക്ക് പലായനം ചെയ്യാൻ അവർ സഹായിക്കണം. എട്ടു മണിക്കൂറിനുള്ളിൽ self destruct ചെയ്യുന്ന ഒരു ഹാർഡ് ഡിസ്കിലാണ് നൂർ വിവരങ്ങൾ എല്ലാം ഒളിപ്പിച്ചു വെച്ചിരിക്കുന്നത്. പലായനം ചെയ്യാൻ സഹായിച്ചാൽ മാത്രമേ നൂർ ആ ഹാർഡ് ഡിസ്ക്കിൻറെ പാസ്വേർഡ് കൊടുക്കുകയുള്ളൂ. ഇരുപത്തിരണ്ടു മൈൽ മാത്രം ദൂരം ഉള്ള എയർസ്ട്രിപ്പിൽ ലീ നൂറിനെ എത്തിക്കണമെങ്കിൽ സിൽവക്കും കൂട്ടാളികൾക്കും ഇന്തോനേഷ്യൻ ഇന്റലിജൻസ് സ്റ്റേറ്റ് ഏജൻസിയുടെ ചാവേറുകളുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെടണം. വെറും കുറച്ചു സമയം മാത്രം തങ്ങളുടെ കയ്യിലും, ഇരുപത്തി രണ്ടു മൈലും മാത്രമാണ് സിൽവയുടെ കൂട്ടരുടെയും മുന്നിലുള്ളത്. അവർ ആ ഉദ്യമം വിജയിക്കുമോ? നൂർ തൻ്റെ  വാക്കു പാലിക്കുമോ? എന്ത് രഹസ്യമായിരിക്കും ആ ഹാർഡ് ഡിസ്‌കിൽ ഒളിപ്പിച്ചു വെച്ചിട്ടുണ്ടാവുക??

Peter Bergഉം Mark Wahlbergഉം ഹോളിവുഡിലെ എന്റെ ഇഷ്ടപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിച്ചിട്ടുള്ള പടങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതാണ്. ആക്ഷൻ ജോൺറെ ആണ് ഇവർ പരീക്ഷിക്കാറുള്ള ചിത്രങ്ങൾ. Lone Survivor, Deepwater Horizon, Patriots Day എന്നീ മൂന്നു ചിത്രങ്ങൾക്ക് ശേഷം നാലാമതായി ഒന്നിക്കുന്ന ചിത്രമാണ് മൈൽ 22. Lea Carpenter, Graham Rolland എന്നിവരുടെ കഥയ്ക്ക് Lea Carpenter തന്നെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. കഥ അത്ര മികച്ചതൊന്നുമല്ലെങ്കിലും നല്ല വേഗതയാർന്ന ആഖ്യാനം ആണ് സംവിധായകൻ പീറ്റർ അവലംബിച്ചിരിക്കുന്നത്. പലയിടത്തും ത്രിൽ നഷ്ടപ്പെട്ടു പോകുന്നതാണ് തോന്നിയെങ്കിലും അതെല്ലാം നല്ല കിടിലൻ ആക്ഷൻ കൊറിയോഗ്രഫിയും ഗൺ കോമ്പാറ്റിലൂടെയും മറി കടക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിൽ വിജയമാകുകയും ചെയ്തു. ആക്ഷൻ ഡിപ്പാർട്ട്മെൻറ് രക്ഷപെടുത്തി എന്ന് പറയാം. എന്നാൽ ക്ളൈമാക്സ് ട്വിസ്റ്റ് വളരെ നന്നായിരുന്നു എന്നും പറയാം. ഒട്ടും പ്രതീക്ഷിക്കാത്ത ക്ളൈമാക്സ് ട്വിസ്റ്റ്.

ബാക്ക്ഗ്രൗണ്ട് സ്‌കോർ ജെഫ് റൂസോ ആണ് നിർവഹിച്ചിരിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലറിന് വേണ്ട ചേരുവകൾ എല്ലാം തന്നെയുണ്ടായിരുന്നു. ഷേക്കി ക്യാം ആയിരുന്നു ചേസിംഗ് രംഗങ്ങളിൽ Jacques Jouffret ഉപയോഗിച്ചത്. ആക്ഷൻ ഒക്കെ നന്നായി തന്നെ ഷൂട്ട് ചെയ്തു. പ്രത്യേകിച്ചും Iko Uwaisൻറെ  മാർഷ്യൽ ആർട്ട് ആക്ഷൻ രംഗങ്ങളിൽ ക്യാമറവർക്ക് മികച്ചു തന്നെ നിന്നു. എഡിറ്റിങ് നിർവഹിച്ചത് Colby Parker Jr. & Melissa Lawson Cheung ആണ്. അവരുടെ എഡിറ്റിങ് പ്രശംസനീയമാണ്, കാരണം അത്രയ്ക്ക് സ്പീഡ് കഥാഖ്യാനത്തിനുണ്ടാക്കിയത് എഡിറ്റിംഗിലെ മികവ് തന്നെയാണല്ലോ.

മാർക് വാൾബെർഗ്, തൻ്റെ സ്വതസിദ്ധമായ ശൈലിയിൽ തന്നെ പ്രകടനം കാഴ്ച വെച്ചു. അദ്ദേഹത്തിൻറെ DEPARTED സിനിമയിലെ മോഡൽ അഭിനയമായിരുന്നു. ഡയലോഗ് ഡെലിവറി ഒക്കെ സൂപ്പർ. ഇന്തോനീഷ്യൻ സൂപ്പർ സ്റ്റാർ ഇക്കോ ഉവൈസ്, നായക തുല്യമായ കഥാപാത്രത്തെ അവതരിപ്പിച്ചു. നല്ല സ്‌ക്രീൻ പ്രശ്നസും അത് പോലെ തന്നെ മികവുറ്റ ആക്ഷൻ അദ്ദേഹം കാഴ്ച വെച്ചു. ജോൺ മാൽക്കോവിച് സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ഡയലോഗ് ഡെലിവറിയിൽ വ്യത്യസ്തത പുലർത്തുന്ന അദ്ദേഹം ഉള്ള കഥാപാത്രത്തെ നന്നായി തന്നെ അവതരിപ്പിച്ചു. റോണ്ട റൂസി, ലോറെൻ കോഹെൻ തുടങ്ങിയ താരങ്ങളും അണി നിര ക്കുന്നു.

മൊത്തത്തിൽ ലോജിക്കും ഒന്നും നോക്കാതെ ഒരു ഫാസ്റ്റ് പേസ്‌ഡ്‌  ആക്ഷൻ സിനിമ കാണണമെങ്കിൽ മൈൽ 22  ധൈര്യമായി കണ്ടോളൂ.

എന്റെ റേറ്റിങ് 6.9 ഓൺ 10



Sunday, November 4, 2018

288. A Conspiracy of Faith (Flaskepost fra P) (2016)

എ കോൺസ്പിറസി ഓഫ് ഫെയ്ത് (ഫ്‌ളാസ്‌കെപോസ്റ്റ് ഫ്ര പി) (2016)



Language : Danish
Genre : Crime | Drama | Mystery | Thriller
Director : Hans Peter Moland
IMDB: 7.0


Department Q - Danish / Scandinavian ത്രില്ലറുകളുടെ ആസ്വാദകർക്ക്  വളരെ പരിചിതമായ ഒരു പദം ആണ്. The Keeper of Lost Causes (2013) & The Absent One (2014) എന്ന അന്വേഷണങ്ങൾക്ക് ശേഷം വരുന്ന മൂന്നാമത്തെ ചിത്രമാണ് A Conspiracy Of Faith.

കാലിക്കുപ്പിയിലെ സന്ദേശം കരയ്ക്കടുക്കുന്നതോടെയാണ് സിനിമയുടെ തുടക്കം. എട്ടു വര്ഷം മുൻപ് ഏതോ ഒരു കുട്ടി, തടങ്കലിൽ നിന്നും രക്ഷയ്ക്കായി അപേക്ഷിച്ച ആ കത്ത് ആസാദിനും കാളിനും ലഭിക്കുന്നത്. റോസിൻറെ സഹായത്തോടെ അന്വേഷണം തുടങ്ങിയ അവർ അഴിക്കാൻ തുടങ്ങിയത് പലരും അറിയാത്ത രഹസ്യങ്ങളുടെ ചുരുളുകൾ ആയിരുന്നു. 

Department Q സീരീസ് പൊതുവെ ഡാർക്ക് ഇൻവസ്റ്റിഗേഷൻ ത്രില്ലറുകൾ ആണെങ്കിലും ഈ ചിത്രം പ്രമേയപരമായും കഥാഖ്യാന ശൈലിയിലും  കുറച്ചു കൂടി ഡാർക്ക് മോഡിലാണ് നീങ്ങുന്നത്. വളരെയധികം സങ്കീർണമായ ഒരു കഥ, അതിവിദഗ്ദ്ധമായിതന്നെ ആഖ്യാനിച്ചിരിക്കുന്നു. ക്രിസ്തീയ മത അന്ധ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഒരു കൊലയാളിയും, അയാളെ അന്വേഷിക്കുന്ന നിരീശ്വരവാദിയായ കാളിന്റെയും ഇസ്‌ലാം മത വിശ്വാസിയായ ആസാദിന്റെയും വിശ്വാസത്തെയും ഒരു ഘട്ടത്തിൽ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. Carl Valdemar Jussi Henry Adler-Olsen എഴുതിയ നോവലിനെ ആസ്പദമാക്കി നിക്കോലാജ് ആർസൽ തിരക്കഥ രചിച്ച ചിത്രം സംവിധാനം ചെയ്തത് ഹാൻസ് പീറ്റർ മോളാണ്ട് (കറാഫിറ്റിഡിഓട്ടൻ - https://goo.gl/kFq7Yf). ഒരു ഘട്ടത്തിൽ പോലും ത്രിൽ നഷ്ടപ്പെടാതെ തന്നെ രണ്ടു പേരും അണിയിച്ചൊരുക്കിയിരിക്കുന്നു. ഇതിൽ, കത്രിക ഒരു മാരകായുധം ആക്കുന്നതെന്നു വളരെ കൃത്യമായി തന്നെ കാണിച്ചിരിക്കുന്നു. ഹോ..!!!

സംഗീതം, ഛായാഗ്രാഹണം, എഡിറ്റിങ് എന്നീ മൂന്നു നിലയിലും പ്രവർത്തിച്ച  Nicklas Schmidt, John Andreas Andersen, Olivier Bugge Coutte
Nicolaj Monberg എന്നിവർ മികവ് പുലർത്തി. പലപ്പോഴുംനിക്കോളാസ് ഷ്മിറ്റിൻറെ സംഗീതം കുറച്ചു കൂടി ഹൊറർ വരുത്താൻ കഴിഞ്ഞു. അത് പോലെ തന്നെ ജോണിൻറെ  ക്യാമറ, ചേസ്  രംഗങ്ങളിലും ഡാർക്ക് രംഗങ്ങളിലും മനോഹരമായി പകർത്താൻ കഴിഞ്ഞു.


മുഖ്യ കഥാപാത്രമായ കാൾ മോർക്കിനെ അവതരിപ്പിച്ചത് കഴിഞ്ഞു രണ്ടു സിനിമകളിലും കാൾ  ആയി വന്ന നിക്കോളായി ലീ കാസ് (Nikolaj Lie Kaas) ആണ്. കാളിൻറെ സന്തത സഹചാരിയായ ആസാദിനെ അവതരിപ്പിച്ചത് ഫാരിസ് ഫാരിസ് (Fares Fares) ആണ്. രണ്ടു പേരുടെയും പ്രകടനം എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്. ആ രണ്ടു കഥാപാത്രങ്ങളിലും ശരിക്കും പറഞ്ഞാൽ മറ്റൊരു നടനെ ചിലപ്പോൾ സങ്കൽപ്പിക്കാൻ കഴിയുകയില്ല. സീരിയൽ കില്ലർ ആയി വേഷമിട്ടത് നോർവീജിയൻ നടൻ ആയ Pål Sverre Valheim Hagen ആണ്. വല്ലാത്തൊരു വില്ലൻ തന്നെ. സുമുഖനായ അദ്ദേഹത്തിൽ നിന്നും ഇത്രയും ക്രൂരതയുള്ള ഒരു സീരിയൽ കില്ലാറിൻറെ  ഭാവത്തിലേക്കുള്ള ദൂരം വളരെ ഈസിയായിട്ടു തന്നെ അദ്ദേഹം സഞ്ചരിക്കുന്നു. ഈ മൂന്നു പേരിൽ ആണ് കേന്ദ്രീകരിച്ചു സിനിമ മുൻപോട്ടു പോകുന്നുവെങ്കിലും നിരവധി കഥാപാത്രങ്ങൾ വന്നും പോയിക്കൊണ്ടുമിരിക്കുന്നു. അവരെ അവതരിപ്പിച്ചവർ ആരും തന്നെ മോശമാക്കിയില്ല.

Department Q ഇത്തവണയും മോശമാക്കിയില്ല. Scandinavian Thrillers ഇഷ്ടമുള്ള സുഹൃത്തുക്കൾ ഒരിക്കലും മിസ് ചെയ്യാൻ പാടില്ലാത്ത ചിത്രം.

എൻ്റെ റേറ്റിങ് 8.2 on 10